മടവൂർ
22/04/2020
പ്രിയപ്പെട്ട നിനക്കായി...
ഞാനറിയാതെയെങ്കിലും വിഷാദത്തിന്റെ കാർമേഘങ്ങൾ വീണ്ടും ഒഴുകിയെത്തുന്നു.. രാവിലെമുതൽ, ഉച്ചവരെ നാലഞ്ചുപേർ വിളിച്ചിരുന്നു.. എല്ലാം ഡിപ്രഷൻ തന്നെ വിഷയം.. ഒപ്പം, കോവിഡ് നൽകുന്ന ആകുലതയും അതിലേറെ, നാളെയെക്കുറിച്ചുള്ള ആശങ്കയും..
ആ ആശങ്കകളുമായി നിനക്ക് ഒരു റൊമാന്റിക് കത്ത് എഴുതാൻ, എന്തുകൊണ്ടോ, എനിക്ക് ആവുന്നില്ല.. എങ്കിലും ഞാൻ ശ്രമിച്ചു..
ഒടുവിൽ ഞാൻ വീടിനു പുറത്തേക്ക് നോക്കുമ്പോൾ, മനുഷ്യൻ ഒഴികെ കിളികളും തുമ്പികളും മറ്റ് ജീവജാലങ്ങളെല്ലാം ആഘോഷത്തിലാണ്.. ഇമ്പമുള്ള കുയിൽനാദവും.. അങ്ങനെ ഇന്നലെ മഴകഴിഞ്ഞു തെളിഞ്ഞ അന്തരീക്ഷം എന്തുകൊണ്ടും ആഹ്ലാദഭരിതമാണ്.. ആ ആഹ്ലാദം, ഞാനറിയാതെ എന്നിലേക്കും പതിയെ ഒഴുകി കേറി.. ഡാ.. അതുകൊണ്ടാണ്, എനിക്ക് ഇന്ന് നിനക്കായി എഴുതാനുള്ള മൂഡ് ഉണ്ടായത്..
ഡാ.. നിനക്ക് ഓർമ്മയുണ്ടോ? ഇന്ന് ഭൗമദിനമാണ്.. കൊറോനാക്കാലത്തെ ഭൗമദിനം..
എല്ലാർക്കും അറിവുള്ളതുപോലെ, കൊറോണ,
ഭീകരമാണ്..
ഭീകരനാണ്..
ആധിയാണ്..
വ്യാധിയാണ്..
എങ്കിലും, എനിക്ക് ഇന്ന് അതൊരു തിരിച്ചറിവാണ്.. എന്തെന്നില്ലാതെ, എന്തിനെന്നില്ലാതെ തിരക്കുപിടിച്ച് ഓടിക്കൊണ്ടിരുന്ന നമ്മുടെയൊക്കെ ജീവിതത്തിൽ, ആ ഓട്ടത്തിനു ഒരു അർധവിരാമം നൽകി, ജീവിതത്തിന്റെ അർത്ഥമറിയാൻ, നമ്മിലേക്കും നമ്മൾ നിൽക്കുന്ന മണ്ണിലേക്കും നോക്കാനുള്ള ഒരു അവസരമായി ഇതിനെ കാണാം..
ഒരുവേള, അതുകൊണ്ടുതന്നെ ഈ ഭൗമദിനം അർത്ഥവത്താവുന്നു..
ഡാ... നീ പിപ്പലാന്ത്രി എന്ന രാജസ്ഥാൻ ഗ്രാമത്തെക്കുറിച്ചു കേട്ടിട്ടുണ്ടോ?
ഇനിവരും തലമുറയെക്കുറിച്ച് ചിന്തിക്കാതെ, സ്വാർത്ഥലാഭത്തിനായി വസുധയെ ചൂഷണം ചെയ്യുമ്പോഴും, ചില ഒറ്റപ്പെട്ട പ്രതീക്ഷകളായ് ബാക്കിനിൽക്കുന്നത് പിപ്പലാന്ത്രി പോലുള്ള ഗ്രാമങ്ങളും, ഒറ്റമരങ്ങളും നീർച്ചാലുകളുമൊക്കെയണ്.
ഒരു കുഞ്ഞുജീവനും ജനിക്കാൻ ആഗ്രഹിച്ച് ജനിക്കുന്നതല്ല.. നമ്മൾ അഥിതികളായി നമ്മുടെ ജീവിതത്തിലേക്ക് വിളിച്ചുവരുത്തുന്നതാണ്.. അതുകൊണ്ടുതന്നെ, അതിഥികളെപ്പോലെതന്നെ, സ്നേഹത്തോടെ ആ കുഞ്ഞുങ്ങളെ സംരക്ഷിക്കണം..
പെണ്‍കുഞ്ഞുങ്ങള്‍ പിറക്കുമ്പോള്‍, ആ പിറവിയെ പിപ്പലാന്ത്രിക്കാരെപ്പോലെ ആഘോഷിക്കുന്നവർ വിരളമാണ്.. കുഞ്ഞിന്റെ അച്ഛനമ്മമാര്‍ക്കൊപ്പം പ്രകൃതിയ്ക്കും അതൊരു ആഘോഷമാണ്.. കാരണം, ഓരോ പെണ്കുഞ്ഞുങ്ങൾ ജനിക്കുമ്പോഴും, അവർ നൂറ്റിപതിനൊന്നു മരങ്ങൾ നടും.. അത് അവിടുത്തെ ഗ്രാമവാസികൾ ഉണ്ടാക്കിയ നിയമമാണ്.. ഇപ്പോൾ ലക്ഷക്കണക്കിന് വൃക്ഷങ്ങൾ കൊണ്ട് സമൃദ്ധമാണ് ആ ഗ്രാമം.. ഫലവൃക്ഷങ്ങളും ഔഷധചെടികളുമൊക്കെയായി, ഒരു വരുമാനം കൂടി അവർക്ക് ലഭിക്കുന്നു.. എന്ത് സുന്ദരവും സുഭഗവുമായ ആചാരം..!
ഋതുക്കൽ മാറുന്നതിനനുസരിച്ച്, മരങ്ങൾ ഇലപൊഴിക്കും, വീണ്ടും തളിർത്ത് പൂവും കായും വരും, മഞ്ഞിൽ മറയും, മഴയിൽ കുളിക്കും, വെയിലിൽ വാടും... അങ്ങനെയങ്ങനെ..
ഒരു ഋതുവിൽ കാണുന്നത് മാത്രമല്ലല്ലോ ആ മരം..
ഋതുഭേദങ്ങൾക്കൊപ്പം തളരാതെ നിൽക്കുമ്പോഴാണ്, ആ മരം "മര"മായി നിൽക്കുന്നത്.. അതുകൊണ്ടുതന്നെ, പെണ്കുട്ടികളുടെ,
സ്ത്രീത്വത്തിന്റെ,
മാതൃത്വത്തിന്റെ, ഏറ്റവും ആഹ്ലാദകാരമായ ആഘോഷം.. ഭൂഹൃദയത്തെ തരളിതമാക്കൻ ഇതിൽകൂടുതൽ എന്താണ്, പിപ്പലാന്ത്രിക്കാർ ചെയ്യേണ്ടത്?
ഡാ.. ആഗോളതാപനം കൂടുന്നു.. അന്റാർട്ടിക്കയിലെ മഞ്ഞുരുകലിന്റെ വേഗം കൂടുന്നു.. ഭൂമിയുടെ ഋതുതാളം തെറ്റുന്നു..
Netflix ൽ ഒരു ഡോക്യൂമെന്ററി സീരീസ് ഉണ്ട്.. Our Planet.. ഡേവിഡ് ആറ്റൻബറോ വിവരണം നൽകുന്ന, മൂന്നു വർഷങ്ങളോളം എടുത്ത്, ആയിരത്തിലേറെ crew members ഷൂട്ട് ചെയ്ത ആ സീരീസ് ഒന്ന് കാണാൻ പറ്റിയാൽ നീ കാണണം.. നമ്മുടെ ഭൂമിയുടെ ഇന്നത്തെ അവസ്‌ഥ എന്തെന്ന് മനസ്സിലാവും.. കൊറോണയെക്കാൾ ഭീകരമാണ് കാലാവസ്ഥാവ്യതിയാനങ്ങൾ... അതുകൊണ്ടുതന്നെ, പിപ്പലാന്ത്രിക്കാർ ചെയ്യുന്നതുപോലെ ഭൂമിയ്ക്ക് വേണ്ടി, മറ്റ് ജീവികൾക്കുവേണ്ടി നമ്മുക്ക് പറ്റുന്ന നന്മകൾ ചെയ്യാം..
" ഉർവ്വിയെപ്പുഷ്പിപ്പിയ്ക്കും കലപോൽ
നമുക്കത്ര നിർവൃതികരം സർഗ്ഗവ്യാപാരമുണ്ടോ മന്നിൽ.." എന്ന് വൈലോപ്പിള്ളി എഴുതിയത് ഓർക്കുന്നോ..?
അതേടാ.. മണ്ണിലെ കൃഷിപോലെ ആഹ്ലാദം നൽകുന്ന മറ്റ് എന്തുണ്ട്? സത്യത്തിൽ, ഈ കോവിഡ് 19 നമ്മളെയൊക്കെ വീണ്ടും കൃഷി ചെയ്യാനും, പ്രകൃതിയ്ക്കൊപ്പം നിൽക്കാനും ഓർമ്മിപ്പിക്കുകയല്ലേ? എനിക്ക് നേരിൽ അറിയാവുന്ന ഒരുപാട് സ്നേഹിതർ, ഈ ലോക്ഡൗൻ സമയം സ്വന്തം മണ്ണിലും ടെറസ്സിലുമൊക്കെ രാസവളരഹിത കൃഷിചെയ്യാനായി ഉപയോഗിക്കുകയാണ്.. നമ്മൾ പ്രകൃതിയ്ക്ക് വേണ്ടി ചെയ്യുന്ന ഓരോ ചെറിയ നന്മകളും, ഈ ഭൂമിയുടെ, ജീവന്റെ നിലനിൽപ്പിനു കൂടുതൽ ശക്തിപകരും..
ആ സിനിമാപ്പാട്ടിൽ പറയുമ്പോലെ, "ഈ വർണ്ണസുരഭിയാം ഭൂമിയില്ലല്ലാതെ കാമുകഹൃദയങ്ങളുണ്ടോ? "
ഉണ്ടാവുമായിരിക്കാം.. എങ്കിലും, നമ്മളെപ്പോലെ ഉണ്ടാവില്ല... അല്ലേ? ഉണ്ടാവില്ല തന്നെ...
അപ്പോൾ,
"ഇനിയും മരിക്കാത്തഭൂമി, നിനക്ക് ആസന്നമൃതിയുണ്ടാവില്ല" എന്ന് വിശ്വസിച്ചുകൊണ്ട്,
നിർത്തട്ടെ...
എന്ന്....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ