2012 ഫെബ്രുവരി 28, ചൊവ്വാഴ്ച

കഥ- ഒരു ധനുമാസരാത്രിയിൽ


   കഥ...
 
  ഒരു ധനുമാസരാത്രിയിൽ....
  --------------------------------------

 “.....നിനക്കറിയില്ല ഞാൻ അനിഭവിക്കുന്ന വേദന...! മടുത്തു....!”
ഞാൻ നീട്ടിയ സോഡ ഇടതു കൈകൊണ്ട് തട്ടിമാറ്റി,ഡ്രൈ ആയിട്ട് മൂന്നാമത്തെ പെഗ്ഗ് ബ്രാൻഡി              കഴിക്കുമ്പോൾ ,സന്തോഷ് വികാരാധീനനായി...
“ഒരു ഡൈവോഴ്സിനെക്കുറിച്ച് ഒത്തിരി തവണ ചിന്തിച്ചതാണ്..രണ്ട് കുട്ടികൾ ആയിപ്പോയില്ലെ.? അവരെന്തു പിഴച്ചു..?”
വീണ്ടും ഗ്ളാസ്സ് നീട്ടിയപ്പോൾ എനിക്കു തടയാതിരിക്കാൻ കഴിഞ്ഞില്ല.
സന്തോഷിന്റെ ശരീരവും മനസ്സും നിയന്ത്രണം വിടുന്നത് ഞാനറിഞ്ഞു..മുകളിൽ, സർവശക്തിയുമെടുത്ത് കറങ്ങുന്ന ഫാനിന് അകറ്റാൻ കഴിയുന്നതിനുമപ്പുറം അയ്യാൾ ക്ഷീണിതനായിരുന്നു..
“...നിനക്കറിയോ..?.ഞാൻ നന്നായിട്ട് ഉറങ്ങിയിട്ട് നാളുകളായി..! എന്റെ മക്കളെ ലാളിച്ചിട്ട്.....നല്ല ഭക്ഷണം കഴിച്ചിട്ട്...!! നോ..ഐ കെനോട്ട്....! എനിക്കിനി പറ്റില്ലടാ....! ബിൽസൈക്കിന്റെ നായയെ പോലുള്ള ജീവിതം...!”
സന്തോഷിന്റെ ശബ്ദം വിറയ്ക്കുന്നുണ്ടായിരുന്നു...കുഴയുന്ന നാവിനെ,അവശേഷിക്കുന്ന ബോധത്തിൽ അയ്യാൾ വീണ്ടും ചലിപ്പിച്ചു...
“...ആത്മഹത്യ ചെയ്യാനും സ്വാതന്ത്ര്യമില്ല...അതു ജീവിച്ചിരിക്കുന്നവർക്ക് നാണക്കേടും വേദനയുമാവും...! അസുഖം വന്നു മരിച്ചാൽ വിധിയെന്നു കൂട്ടും....! എന്തൊരു ലോകം..!“ ...കണ്ണിൽ ഊറിക്കൂടിയ     നോവിനെ  തുടച്ചുമാറ്റി,ഒരു കവിൾ വെള്ളം കുടിച്ചു..”..നീ അവിടെയെങ്ങാനും ഒരു ജോലി നോക്ക്..ഞാൻ വരാം..ഐ വാന്റ് പീസ്...എനിക്കു സമാധാനം വേണം.....എനിക്കു......“ സന്തോഷിന്റെ ശബ്ദം നേർത്ത് ഫാനിന്റെ ശബ്ദത്തിൽ ലയിച്ചുപോയി...പിന്നിലെ വെറും നിലത്ത്,മുറിച്ചിട്ട തടിക്കഷണം പോലെ അയ്യാൾ    വീഴുന്നത് ഞാനറിഞ്ഞു....
  സന്തോഷിന്റെ ഞരമ്പുകളിൽ മദ്യലഹരി അധികാരം സ്ഥാപിച്ചു.അപ്പോഴും അയ്യാൾ ചുണ്ടുകൾ ചലിപ്പിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു.ലക്ഷ്യമില്ലാതെ,മുറിയിൽ പറന്നുനടന്ന ഈച്ച അയാളുടെ കവിളിൽ    വിശ്രമിക്കാനിരുന്നു. പാതിചാരിയ വാതിലിനിടയിലൂടെ കാറ്റ് തന്റെ തണുത്ത കൈകൾ മുറിയിലേക്ക്         നീട്ടി.
ഫാനിന്റെ മുരൾച്ചക്കും മീതെ സന്തോഷിന്റെ കൂർക്കംവലി കേൾക്കാൻ തുടങ്ങി.ബോധത്തിന്റെ വർത്തമാനത്തിൽ നിന്നും ഭൂതകാലത്തിന്റെ ഇരുണ്ട ഇടനാഴിയിലൂടെ,അയാൾ സഞ്ചരിക്കാൻ തുടങ്ങി...
  ഞാൻ സന്തോഷിനെ ആദ്യമായി കാണുന്നത് എട്ടാം ക്ളാസ്സിൽ  പഠിക്കുമ്പോഴാണ്..വേനല്ക്കിനാവുകൾക്കിടയിൽ, അവധിക്കാല ക്ലാസ്സിന്,പാരലൽ കോളജിൽ....കൊഴുത്ത` ഉരുണ്ട്,പൂവൻപഴം പോലെ,കനത്ത തുടകളിൽ         ഇറുകിക്കിടക്കുന്ന ട്രൌസറിട്ട തടിയനെ എല്ലാവരും ശ്രദ്ധിച്ചിരുന്നു...പ്രത്യേകിച്ചും,പ്രിഡിഗ്രി    തോറ്റിട്ട് ‘രണ്ടാമൂഴത്തിന്’ വന്നിരുന്ന ‘ചേട്ടന്മാർ’...!
 പാരലൽ കോളജിന്റെ ഓലക്കീറുകൊണ്ട് വേർതിരിച്ച ക്ലാസ്സ്മുറിയുടെ ഇപ്പൂറത്തിരുന്ന്,അടുത്ത ക്ലാസ്സിലെ പിൻബെഞ്ചിലിരിക്കുന്ന സന്തോഷിന്റെ തുടയിലേക്ക്,‘ചെറ്റക്കിടയിലൂടെ’ കൈയ്യിട്ട് തടവുന്നത് ചേട്ടന്മാർക്ക് രസമായിരുന്നു...ഒരു പെൺകുട്ടിയെപ്പോലെ അവൻ നാണിക്കുന്നത്,ക്ലാസ്സിലിരുന്നു ഞങ്ങളും ഏറുകണ്ണിട്ട് നോക്കിയിരുന്നു.....!!
 സ്കൂളിലെ കണക്ക് മാഷിന്റെ മകന്,പക്ഷെ കണക്കും കെമിസ്ട്രിയും ഇഷ്ടമില്ലായിരുന്നു...മറ്റു വിഷയങ്ങളിൽ കേമനായിരുന്നു..
ഒരു കുഞ്ഞിനെപ്പോലെ,എല്ലാം മറന്ന് ഉറങ്ങുന്ന സന്തോഷിന്റെ തുടയിലെ മുണ്ട്     മാറിക്കിടന്നിരുന്നു..പണ്ട്,‘ചേട്ടന്മാരെ പോലെ’, അടുത്തിരുന്ന ആ  കൂട്ടുകാരനോട് കാണിച്ച ‘വികൃതിക്ക്’, ഗോവിന്ദൻ മാസ്റ്റർ തന്ന സമ്മാനം ഇന്നും വേദനയോടെ ഓർക്കുന്നു..ഇപ്പോൾ അയ്യാളുടെ മുണ്ട് പിടിച്ചിടുമ്പോൾ,എനിക്ക് വല്ലാത്ത കുറ്റബോധം ഉണ്ടായിരുന്നു..!!!
അങ്ങനെ,വികൃതികൾ കാണിച്ചും,തല്ലിയും തല്ലുകൊണ്ടും പത്താം ക്ളാസ്സിൽ,ഞങ്ങൾ ,മറ്റു പലരേയും പോലെ വിട പറഞ്ഞു..പഴുക്കാത്ത കശുമാങ്ങയുടെ കറപോലുള്ള കൗമാരം..!!
സൗഹൃദത്തിന് കാലം നിശ്ചയിച്ച ഇടവേള ബിരുദകാലം വരെ ദൈർഘ്യമേറിയതായിരുന്നു..പത്താം  തരത്തിൽ സ്കൂളിലെ രണ്ടാമനായി വിജയിച്ച സന്തോഷ്,കൊല്ലത്ത് ഏതോ കോളജിൽ ഫസ്റ്റ് ഗ്രൂപ്പിന്  പഠിച്ചു. എന്റെ മാർക്കിന് തേർഡ് ഗ്രൂപ്പിനപ്പുറം വിലയില്ലായിരുന്നു...
സന്തോഷ് പഠിച്ച സയൻസും,ഞാൻ പഠിച്ച ചരിത്രവും ,ഒടുവിൽ ഞങ്ങളെ എത്തിച്ചത് ഇംഗ്ലീഷ് സാഹിത്യം പഠിപ്പിക്കുന്ന പാരലൽ കോളജിലായിരുന്നു..
ഋതുക്കൾ,ആ തടിയനെ വല്ലാതെ മാറ്റിയിരുന്നു..കൗമാരത്തിനും യൗവനത്തിനുമിടയിൽ മാറ്റങ്ങൾ അനുഗ്രഹിക്കപ്പെട്ട സന്തോഷ്,ഏതു പെൺകുട്ടിയും നോക്കിനില്ക്കുന്ന കോളജ് കുമാരനായി..നന്നായി കവിത    ചൊല്ലിയും പാട്ടുപാടിയും പെൺകുട്ടികളെ വീഴ്ത്തുന്ന അവനോട് വല്ലാത്ത അസൂയയായിരുന്നു...
ക്ളാസ്സിലെ നീണ്ട മൂടിക്കാരിയായിരുന്ന രേണുകയോട് സന്തോഷിനുണ്ടായിരുന്ന ‘അടുപ്പം’ കോളജിൽ പാട്ടായിരുന്നു..എട്ട് മണീക്കു മുൻപേ ബസ്സ്റ്റാന്റിൽ കാത്തുനിന്നു,രേണുകയ്ക്ക് ‘എസ്കോർട്ട്’     പോകുന്ന സന്തോഷ് ഒരു സ്ഥിരം കാഴ്ച്ചയായിരുന്നു..!!
ഷെല്ലിയുടേയും കീറ്റ്സിന്റേയും ബ്രൗണിങ്ങിന്റേയും കാല്പനികതകളിൽ ഞാൻ അവനെ കണ്ടു..റോമിയോയും ജൂലിയറ്റും അവരിലേക്ക് ഇറങ്ങിവന്നു..ബർനാഡ്ഷായും ഇബ്സനും ബേക്കനുമൊക്കെ ക്ളാസ്സുകളിൽ മാറുന്നത് അവരറിഞ്ഞിരുന്നില്ല...!!
 ബിരുദാനന്തരം,പത്രപ്രവർത്തനം പഠിച്ച്  ഇന്ദ്രപ്രസ്ഥത്തിൽ എത്തി,വർഷങ്ങൾക്കുശേഷം    നാട്ടിലെത്തുമ്പോൾ,ഒരു സ്വകാര്യ സ്കൂളിൽ വലിയ തുക കൊടുത്ത് സന്തോഷ് ജോലിക്ക് കയറിയതും,അതിലും പണവും       ജോലിയുമുള്ള പെണ്ണിനെ വിവാഹം കഴിച്ചതും,പി.എസ്.സി ടെസ്റ്റിലൂടെ രേണുക ഏതോ സർക്കാരാപ്പീസിന്റെ മൂലയിൽ ഇരുപ്പുറപ്പിച്ചതും,രണ്ടു വർഷത്തിൽ ഒന്നു എന്ന കണക്കിൽ അവൾ പ്രസവിക്കാൻ തുടങ്ങിയതും,ഇപ്പോൾ മൂന്നു കുട്ടികളെക്കൊണ്ട് തൃപ്തിയടഞ്ഞതുമൊക്കെ അറിഞ്ഞു....!!
കൂട്ടത്തിൽ,ദോഷം പറയരുതല്ലോ! ബംഗാളി ജീവിതം വായിച്ചറിഞ്ഞ എനിക്ക് ഒരു ബംഗാളിപെണ്ണിനെ തന്നെ കൂട്ടിന് കിട്ടി...!
....വീ ആർ നോട്ട് മേരീഡ്....ബട്ട് ലിവിങ്ങ് റ്റുഗദർ...!! ഹാപ്പിലി....പ്രാരാബ്ധങ്ങളില്ലാതെ....!!!
ഒരു കല്ക്കട്ട ടാബ്ളോയിഡിന്റെ ഡൾഹി എഡിഷനിലായിരുന്ന അരുന്ധതിസെന്നിനെ കണ്ടതു തികച്ചും       യാദൃശ്ചികമായിട്ടായിരുന്നു..സെയിം വേവ് ലെങ്ങ്ത്...! പക്ഷെ അവൾ വിവാഹത്തിനു തയ്യാറല്ലായിരുന്നു...അവളുടെ വാക്കിൽ അതൊരു അടിമത്തമാണ്...ബോത് മെന്റൽ ആന്റ് ഫിസിക്കൽ..!! “സോ ലെറ്റ്‘സ് ലിവ് റ്റുഗദർ..വീ ലൗ ഈച് അദർ...ബട്ട് ആസ് ടു ഇന്റിവിജുവൽസ്...!”,ഞാനും സമ്മതിച്ചു...!!
തറവാട്ടിൽ എത്തുമ്പോഴെല്ലാം അമ്മ ’വിശേഷം‘ തിരക്കാറുണ്ട്...ഒരു ദീഘനിശ്വാസത്തിൽ എല്ലാം ഒതുക്കും..എന്റെ കുഴപ്പമാണ്..മരുന്നു കഴിക്കുന്നുണ്ട്...വീണ്ടും പ്രതീക്ഷയോടെ ആറ്റുകാലമ്മയ്ക്ക് നേർച്ചകൾ നേരും..!
ദില്ലിയിലെ പത്രപ്രവർത്തനം മടുത്താണ് ഒരു ഈവന്റ് മാനേജ്മെന്റ് കമ്പനിയിൽ ചേർന്നത്..ഇപ്പോൾ അവരുടെ ദുബായ് ഓഫീസിന്റെ മേധാവി. അരുന്ധതി ദില്ലിയിലാണ്..ഷീ ഹാസ് മെനി കമിറ്റ്മെന്റ്സ്‌ ദെയർ..!         ബട്ട്  സ്റ്റിൽ വി ലിവ് റ്റുഗദർ....ഷുവർ..വി ലിവ് റ്റുഗദർ ആസ് ലോങ്ങ് ആസ് ദെയർ ഈസ് ഫോൺ ആന്റ് ഇന്റെർനെറ്റ്...!!
നാട്ടിൽ വരുമ്പോൾ താമസിക്കാൻ ഒരു സുഹൃത്ത് തരപ്പെടുത്തിയതാണ് ഈ ഫുൾഫർണിഷ്ഡ് ഫ്ലാറ്റ്..

“......സോറീടാ..ഞാൻ നിന്നെ വല്ലാതെ ബുദ്ധിമുട്ടിച്ചല്ലേ?...സോറീ...”..പിന്നിൽ സന്തോഷിന്റെ വാക്കുകൾ കേട്ട് ഞാൻ ഞെട്ടിയുണർന്നു.ചിന്തകളിൽ അപ്രതീക്ഷിത പവർകട്ട് പോലെ. വല്ലാതെ വൈകിയെന്ന് അറിഞ്ഞത് അപ്പോഴാണ്..വൈകുന്നേരം നാലു മണിക്കു “കൂടൽ” തുടങ്ങിയതാണ്...ഇപ്പോൾ പന്ത്രണ്ട് മണി കഴിഞ്ഞിരിക്കുന്നു...!!
“ഐ സ്ലെപ്റ്റ്  വെൽ...കുറച്ചു നാളിനു ശേഷം നന്നായി ഉറങ്ങി...താങ്ക്സ് എ ലോട്ട്...!”
സന്തോഷിന്റെ വാക്കുകളിൽ ആശ്വാസവും ആത്മാർഥതയും നിറഞ്ഞിരുന്നു..എങ്കിലും,ശരീരത്തെ നിലക്കു നിർത്താൻ അയാളുടെ കാലുകൽ നന്നേ ക്ളേശിച്ചിരുന്നു..പ്രേയസിയെ പിരിയാൻ കഴിയാത്ത  കാമുകനെപ്പോലെ ലഹരി അപ്പോഴും അവനിൽ നിറഞ്ഞുനിന്നു...
അപ്പൂപ്പന്ത്താടിപോലെ ആടിക്കളിക്കുന്ന സന്തോഷിനെ താങ്ങിപ്പിടിച്ച്,ബാല്ക്കണിയിലെ കസേരയിൽ ഇരുത്തി..കുപ്പിയിൽ പകുതിമാത്രം അവശേഷിച്ചിരുന്ന വെള്ളം ആർത്തിയോടെ കുടിക്കുന്നത് കണ്ടപ്പോൾ അയാളുടെ വിശപ്പും ദാഹവും ഞാനറിഞ്ഞു..
“നമ്മുക്ക് എന്തെങ്കിലും കഴിക്കണ്ടേ..? ഇവിടെ നമ്മൾ കഴിച്ചതിന്റെ ബാക്കി ‘ടച്ചിങ്ങ്സേ’ ഉള്ളൂ...അടുക്കളയിൽ കുറച്ചു ബ്രെഡും ജാമും ഉണ്ടാവും...”
അതൊന്നും അമ്ളമേറിയ വയറിന് പോരെന്നു എനിക്കറിയാമായിരുന്നു..“നമ്മുക്ക് പുറത്തുപോയി ആഹാരം കഴിക്കാം..ഏതെങ്കിലും തട്ടുകട ഉണ്ടാവും..” എനിക്കും വിശപ്പ് സഹിക്കാനായില്ല..
“...കുറച്ചിരുന്നിട്ട് പോവാം...ഓ കെ..?”, സന്തോഷ് വീണ്ടും വെള്ളം തിരയുന്നുണ്ടായിരുന്നു.
 ഞങ്ങൾക്കു പുറമേ,ആ പാതിരാവിൽ ശബ്ദമുണ്ടാക്കാൻ ധൈര്യം കാണിച്ചത് ചീവീടുകളും,ഞങ്ങളെപ്പോലെ വിശന്ന്,ഞങ്ങളെ ചുറ്റിപ്പറന്ന കൊതുകുകളും,പിന്നെ,തെരുവിന്റെ അറ്റത്തുള്ള വീട്ടിലെ വളർത്തുനായയുമായിരുന്നു..
ഉറക്കം തുങ്ങുന്ന തെരുവുവിളക്കുകൾ ഇരുട്ടിനോട് നന്നേ മത്സരിക്കുന്നുണ്ടായിരുന്നു..വോൾട്ടേജ്  ക്ഷാമം അവയെ വല്ലാതെ ക്ഷീണിപ്പിച്ചിരുന്നു.
അധിക രക്തസമ്മർദം,സന്തോഷിന്റെ നെറ്റിയിലെ ഞരമ്പുകളുടെ കനം കൂട്ടിയിരുന്നു.ഇടയ്ക്കിടെ കോട്ടുവായിട്ട്,കണ്ണുതിരുമ്മി,തന്റെ സ്വകാര്യതയിലേക്ക് എന്നേയും കൂട്ടി...
ഭരണപക്ഷത്തെ ശക്തനായ ഒരു എം എൽ എയുടെ സഹോദരീപുത്രിയെ,തങ്ങളുടെ മരുമകളാക്കാൻ സന്തോഷിന്റെ മാതാപിതാക്കൾ വളരെ യത്നിച്ചു..സന്തോഷിന്റെ ശരീരത്തിനേയും മനസ്സിനേയും സ്വർണ്ണവും പണവും കൊണ്ട് തുലാഭാരം നടത്തി..നഗരത്തിലെ മനോഹരമായ വീടും വിദേശനിർമ്മിത കാറും അയാളുടെ ‘സൗഭാഗ്യത്തിനു’ മോടി കൂട്ടി..!
സൗഭാഗ്യത്തിന്റെ നീലിമയിൽ,വെളുത്ത മേഘങ്ങൾക്കു പിന്നിൽ മറഞ്ഞിരുന്ന കരിമേഘങ്ങളെ അയാളറിഞ്ഞില്ല. ജീവിതത്തിന്റെ വഴുക്കുന്ന പടിയിലാണ് തന്റെ കാല് എന്നറിയാൻ അധികനാൾ വേണ്ടിവന്നില്ല..പുഞ്ചിരി അവളുടെ മുഖത്തിന് അന്ന്യമായിരുന്നു.പദപ്രയോഗങ്ങളുടെ മിതത്വവും മൃദുത്വവും അവൾക്കറിയുമായിരുന്നില്ല..ഓടാത്ത വാച്ചിലെ സൂചിപോലെ ജീവിതം..!!
ജീവിതത്തിന്റെ നെയ്യ് വിളക്കിൽ കരിന്തിരി എരിയുന്നത് അയാൾ നോക്കിനിന്നു..ബന്ധങ്ങളുടേയും സൗഹൃദങ്ങളുടേയും പച്ചിലകൾ ഓരോന്നായി കൊഴിഞ്ഞു വീണു..!
ബാല്ക്കണിയിലെ വിളക്കിനു മുന്നിൽ മൂടല്മഞ്ഞുപോലെ പുകചുരുളുകൾ പൊതിഞ്ഞു നിന്നു..ഒന്നരമണിക്കൂർകൊണ്ട് ഒരു പായ്ക്ക്റ്റ് സിഗരറ്റ്..! എനിക്കു എന്തോ,വിദേശ സിഗരറ്റിനോട് കമ്പമില്ലായിരുന്നു..‘ഗോൾഡ് ഫ്ളേക്ക് കിംഗ് സൈസിന്റെ’ രുചി എനിക്കിഷ്ട്ടമായിരുന്നു..
മാല്ബറോയുടെ അടുത്ത പായ്ക്കറ്റും അയാൾ ആവശ്യപ്പെട്ടു..
“..ഒരിക്കൽ എഴുതിയാൽ തിരുത്തി എഴുതാനാവാത്ത കവിത....തിരികെ കറങ്ങാത്ത ഘടികാരസൂചിപോലെ...!”,കത്താത്ത സിഗരറ്റ് ലൈറ്റർ വലിച്ചെറിഞ്ഞ്,തീപ്പെട്ടിത്തിരി ഉരച്ചുകൊണ്ടു അയാൾ പറഞ്ഞു...“ഐ ലോസ്റ്റ് ടെൻ ഈയേർസ് ഓഫ് മൈ ലൈഫ്...ജീവിതത്തിന്റെ തിരികെ കിട്ടാത്ത പത്തു വർഷം...!” പുകച്ചുരുളുകൾക്കൊപ്പം വാക്കുകൾ പുറത്തേക്ക് വന്നു...
നഗരത്തിലെ പ്രശസ്തമായ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പഠിക്കുന്ന രാഹുലും വിനയനുമാണ് സന്തോഷിനെ ജീവിതത്തിലേക്ക് തിരിച്ചു വിളിക്കുന്നത്...ഇടയ്ക്ക് എപ്പോഴോ വന്നുപോയ വേനല്മഴയിൽ മുളപൊട്ടിയ വിത്തുകൾ...!!!
ഇന്നു രണ്ടുമുറികളിൽ അന്തിയുറങ്ങുന്ന അച്ഛനമ്മമാർ മക്കളുടെ ശീലമായിക്കഴിഞ്ഞു...!!
വിശപ്പ് ആമാശയ ഭിത്തിയെ കാർന്ന് തിന്നാൻ തുടങ്ങി..ഒന്നോ രണ്ടോ മണിക്കൂറുകൾകൂടി കഴിഞ്ഞാൽ പ്രഭാതസവാരിക്ക് ആൾക്കാർ ഇറങ്ങും...പത്രവണ്ടിയും പാൽ വണ്ടിയും നിരത്തിലിറങ്ങും...
ഫ്ളാറ്റിൽ നിന്നു പുറത്തിറങ്ങുമ്പോൾ,അകലെ കാലൻ കോഴി കൂവുന്നുണ്ടായിരുന്നു..അടുത്ത വീടുകളിലെവിടയോ വാതിലുകൾ ഞെരങ്ങി തുറക്കുകയും അടയുകയും ചെയ്തിരുന്നു...പെയ്തൊയിഞ്ഞ ആകാശത്തിന്റെ നീലിമ സന്തോഷിൽ നിറയുന്നതായി തോന്നി..!
മഞ്ഞുപെയ്ത ആ ധനുമാസരാവിൽ ഞങ്ങൾ നടന്നു....തങ്ങളേക്കാൾ ദു:ഖിതനെ കണ്ടാൽ തിരികെവരാം എന്നു തീരുമാച്ച് യാത്ര തുടങ്ങിയ,അറബിക്കഥയിലെ സുൽത്താൻ ഷെഹരിയാറിനേയും സഹോദരനേയും പോലെ...!!!

-----------------ഉണ്ണി മടവൂർ---------(2011 ഏപ്രിലിൽ പ്രസിധീകരിച്ച കഥ)----------------------------------------------