...മടവൂരിലെ പഞ്ചായത്ത് വക വായനശാലയായ നവോദയാ വായനശാലയിലെ പുസ്തകങ്ങൾക്കിടയിലാണു Kp Nirmalkumar എന്ന പേർ ആദ്യം കാണുന്നത്.. ഞാൻ ജനിച്ചവർഷം കേരളസാഹിത്യ അക്കാഡമി പുരസ്കാരം ലഭിച്ച "ജലം" എന്ന കഥാസമാഹാരം.. എന്റെ കൗമാരവായനയിൽ നിറഞ്ഞുനിന്നിരുന്ന ബാറ്റൻബോസിനേയും കോട്ടയം പുഷ്പനാഥിനേയും മുട്ടത്തുവർക്കിയേയുമെല്ലാം പടിയിറക്കിവിട്ടത് ഈ "ജലവും" പിന്നെ എം ടിയും ഓ വി വിജയനും സേതുവും സി.രാധാകൃഷ്ണനുമൊക്കെയാണു..
കാലം ഒരുപാട് കഴിഞ്ഞു..പിന്നീട് പുസ്തകം വായന കുറഞ്ഞു.. അത്യാവശ്യം പത്രങ്ങളും വാരികകളുമായി ചുരുങ്ങി..നിയോഗം പോലെ ഗൾഫിൽ എത്തിയതിനുശേഷം പുസ്തകവായനക്ക് കുറച്ചുസമയം കണ്ടെത്താൻ കഴിഞ്ഞു.. കൂടുതൽ പുസ്തകങ്ങൾ വാങ്ങാനും വായിക്കാനും തുടങ്ങി.. അക്കൂട്ടത്തിൽ വാങ്ങിയ "മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് കഥകൾ 2012" ൽ വീണ്ടും കെ.പി.നിർമ്മൽകുമാറിനെ വായിച്ചു.. "പുളിങ്കൊമ്പത്തെ പോതി"..! ഖസാക്കിലെ രവിയുടെ നമ്മൾ അറിയാത്ത ഒരു അധ്യായം.. ഖസാക്കിന്റെ ആ പുനർവായന ഇഷ്ടായി..
2014 ലെ അവധിക്കാലത്താണു "ഇന്നത്തെ അതിഥി അതീതശക്തി" വാങ്ങുന്നതും വായിക്കുന്നതും.. എന്നാൽ അന്നൊരു കുറിപ്പ് എഴുതാൻ പറ്റിയില്ല.. ഇപ്പോൾ, "കെ.പി.നിർമ്മൽകുമാറിന്റെ തിരെഞ്ഞെടുത്ത കഥകൾ" വായിക്കുന്നതിനിടയിൽ ഒരിക്കൽക്കൂടി "അതീതശക്തിയെ" വായിച്ചു..
മഹാഭാരതത്തിന്റെ Universal Applicability വളരെ വലുതാണു.. 'അഹം ബ്രഹ്മോസ്മി' എന്ന പ്രയോഗത്തെ സബ്ജക്റ്റീവായും ഒബ്ജക്റ്റീവായും മനസ്സിലാക്കാം.. ഇവിടെ ഈ രണ്ടു രീതിയിലും മഹാഭാരതത്തെ പുനർവ്വായിക്കുകയാണു ശ്രീ നിർമ്മൽകുമാർ.. മഹാഭാരതകഥകളെ അധികരിച്ച് അനേകം പുസ്തകങ്ങൾ എഴുതപ്പെട്ടിട്ടുണ്ട്.. ഇതിൽ,മലയാളികൾക്ക് ഏറെ പരിചയമുള്ളവ, 'രണ്ടാമൂഴവും', 'യയാതി'യും 'ഇനി ഞാൻ ഉറങ്ങട്ടെ'യുമൊക്കെയാവാം.. എന്നാൽ, ഇവയിലെല്ലാം ഒരു 'പൗരാണികത' ദർശ്ശിക്കാനാവും.. എന്നാൽ, "ഇന്നത്തെ അതിഥി അതീതശക്തി" ഇത്തരം 'പൗരാണികമണം' പേറുന്നില്ല..
ഇന്ന്,നമ്മുടെ ബോധാ- അബോധങ്ങളേയും ചിന്തയേയും പ്രതികരണങ്ങളേയുമെല്ലാം സ്വാധീനിക്കുന്ന ശക്തിയാണു മാധ്യമങ്ങൾ..അതുകൊണ്ടുതന്നെ,ഒരു കൊട്ടാരം ലേഖികയുടെ കാഴ്ചപ്പാടിലൂടെ,അഥവാ അവർക്കൊപ്പമാണു വായനക്കാരനെ കൂട്ടുന്നത്.. രചനാരീതിയിലും,കഥാപത്രങ്ങളുടെ സംഭാഷണരീതിയിലുമെല്ലാം ഒരു ആധുനികത ഇതിൽ നിറഞ്ഞുനിൽക്കുന്നു.. കൗരവരും പാണ്ഢവരുമൊക്കെ ഒരു ആധുനിക രാജ്യത്തിന്റേയോ, കൂട്ടുകുടുംബത്തിന്റേയോ പ്രതിരൂപങ്ങളായി മാറുന്നു.. കുടിപ്പകയും കിടമത്സങ്ങളും അധികാരദുർവ്വിനിയോഗവും ഒക്കെ നിറയുന്ന പരുക്കൻ ജീവിതയാദാർത്ഥ്യങ്ങളിലൂടെ കടന്നുപോകുന്ന നോവലിന്റെ അധ്യായങ്ങൾ വായനക്കാരനെ അൽപവും മുഷിപ്പിക്കുന്നില്ല.. ചെറിയ അധ്യായങ്ങളാണു..
മറ്റൊരു രീതിയിൽ പറഞ്ഞാൽ ഈ നോവൽ കൗരവരുടേയും പാണ്ട്ഢവരുടേയും മറ്റ് പ്രധാന മഹാഭാരതകഥാപത്രങ്ങളുടേയും ഒരു psychoanalysis ആണു..! ഒരു മനുഷ്യജന്മത്തിന്റെ ആദിമധ്യാന്തങ്ങളിലെ എല്ലാ അവസ്ഥകളേയും,തികച്ചും വ്യത്യസ്തമായ രചനാരീതിയിലൂടെ കാട്ടിത്തരുകയാണു ഈ നോവൽ..
മറ്റ് സമകാലീന രചനകൾ പലതും കൊട്ടിഘോഷിക്കപ്പെട്ടപോലെ ഈ നോവൽ വായിക്കപ്പെട്ടോ എന്ന് സംശയിക്കുന്നു.. ഇത് ഒരു എളുപ്പവായനക്കുള്ള രചനയല്ല.. തികച്ചും ഒരു 'മെന്റൽ എക്സർസ്സൈസ്' അനിവാര്യമാണു..ആ മാനസ്സികവ്യായാമത്തിലൂടെ വായനക്കാരൻ എത്തുന്നത് ഒരു പുതിയ ലോകത്തേക്കാണു.. ഇന്നത്തെ, മാധ്യമങ്ങൾ ഭരിക്കുന്ന ലോകത്തെ, പുതിയ ഗാന്ധാരവും ഹസ്തിനപുരിയുമെല്ലാം ഉൾപ്പെടുന്ന ഒരു കാഴ്ച്ചയിലേക്ക്.. പ്രകൃതിനിയമത്തിനു കീഴ്പ്പെടുന്ന മനുഷ്യാവസ്ഥകളിലേക്ക്..!
2016 നവംബർ 25, വെള്ളിയാഴ്‌ച
വയനാനുഭവം.. ഇന്നത്തെ അഥിതി അതീതശക്തി.
വായനാനുഭവം- കമ്പിറാന്തലിന്റെ വെളിച്ചം.
കമ്പിറാന്തലിന്റെ വെളിച്ചം..
ഭാവനയുടെ ഹിമാലയം ഉരുകിയൊഴുകുന്ന അക്ഷരഗംഗയല്ല..സ്വയം തിർത്ത അക്ഷരഭിത്തികൾക്കുള്ളിലിരുന്ന്, ജീവിതത്തെ കാൽപനികമായി പകർത്തുന്നതുമല്ല.. മറിച്ച്,പിറന്ന മണ്ണിന്റെ മണവും നനവുമുള്ള, നാടൻ ജീവിതത്തിന്റെ താളവും നിറവും നിറയുന്ന കുറിപ്പുകൾ.. ആധുനികോത്തരരചനാരീതിയുടെ പരിസരങ്ങളിൽനിന്നും മാറി, സാധാരണക്കാരന്റെ കണ്ണിൽ നിറയുന്ന കാഴ്ച്ചകളുമായി,നമ്മുടെ നാട്ടിടവഴികളിലൂടെയുള്ള ഒരു യാത്ര.. കരിവന്നൂർപ്പുഴയ്ക്കപ്പുറവും ഇപ്പുറവുമായി തെളിയുന്ന രണ്ട് ലോകങ്ങൾ..എന്നാൽ ഈ രണ്ടു ലോകങ്ങളേയും നമ്മുടെ കുട്ടേട്ടൻ കാണുന്നത് ഒരേ കണ്ണുകൊണ്ട്..! സാധാരണക്കാരിലും സാധാരണക്കാരനായുള്ള കാഴ്ച്ച..
"ഡേവിസ്സിന്റെ തുണിക്കടയിൽ" തുടങ്ങി, "കമ്പിറാന്തലിന്റെ വെളിച്ചത്തിൽ" അവസാനിക്കുന്ന മുപ്പത് ലേഖനങ്ങളും വായിച്ചുകഴിയുമ്പോൾ, നമ്മുടെ ഉള്ളിലും വെളിച്ചം നിറയുന്നു..വായനക്കാരനെ ചിന്തിപ്പിച്ചും ചിരിപ്പിച്ചും, ചെറുതായി നൊമ്പരപ്പെടുത്തിയും,ആരുമറിയാതെ സ്വയം വേദനിച്ചും, നമ്മുടെ ഓർമ്മക്കടലിലേക്ക് ഊളിയിടുന്ന വാക്കുകൾ..
വാക്ക് വിറ്റ് വിശപ്പടക്കിയവർക്കും വിശപ്പിനുമുകളിൽ വാക്കുകൾ തീർത്തവർക്കും, അറിയിച്ചിട്ടും അറിയാതെ പോയവർക്കും അപ്പുറമുള്ള ഒരു വരമ്പിലൂടെയാണു 'അഷ്ടമൂർത്തി' എന്ന എഴുത്തുകാരന്റെ യാത്ര എന്ന് എനിക്ക് തോന്നിയിട്ടുണ്ട്.. നടവരമ്പിന്റെ ഇരുവശങ്ങളിലായി തരിശ്ശായി കിടന്ന പാടത്ത്,കഥയുടേയും ലേഖനങ്ങളുടേയും നൂറുമേനി വിളയിച്ച തനി നാട്ടിൻപുറത്തുകാരൻ.. ഇന്ന്,ഇപ്പോൾ 'കഥയ്ക്കും അനുഭവക്കുറിപ്പുകൾക്കും' ഇടയിലുള്ള നടവരമ്പു ഇല്ലാതാവുന്ന കാഴ്ച്ചയാണു 'കമ്പിറാന്തലിന്റെ വെളിച്ചത്തിൽ' കാണുന്നത്..കവിതപോലൊഴുകുന്ന നാട്ടുഭാഷ.. മകരമഞ്ഞുറയുന്ന പുൽക്കൊടിത്തുമ്പിലെ സൂര്യനെപ്പോലെ സുന്ദരം..!!
രണ്ടുവർഷം മുൻപ്,ഞങ്ങൾ സകുടുംബം കുട്ടേട്ടന്റെ വീട്ടിൽ പോയിരുന്നു.. ദോഹയിൽ,ഞങ്ങളുടെ താമസസ്ഥലത്ത് കുട്ടേട്ടൻ വന്നിട്ടുണ്ടെങ്കിലും,രണ്ടു കുടുംബങ്ങളും ഒരുമിച്ച് കാണുന്നത് അന്നായിരുന്നു.. അതിനുമുൻപ് ഞാനും മോനും കുട്ടേട്ടന്റെ വീട്ടിൽ അന്തിയുറങ്ങിയിട്ടുണ്ട്.. ഏതാണ്ട്,ഒരു പതിനൊന്ന് മണിയോടെ കുട്ടേട്ടന്റെ വീട്ടിലെത്തി.. ചേട്ടനും ചേച്ചിയും മാത്രം..അദ്ദേഹം ഉടുപ്പോ ബനിയനോ ധരിച്ചിരുന്നില്ല.. സ്വന്തം മക്കളോ അനന്തരവരോ വീട്ടിൽ വരുമ്പോൾ എങ്ങനയോ.. അങ്ങനെ..! കുശലം പറഞ്ഞു.. നാട്ടുമാങ്ങയും കൂട്ടി സദ്യ കഴിച്ചു..മോൻ കുറച്ച് ചിത്രങ്ങൾ എടുക്കാൻ തുടങ്ങി..ഉടുപ്പില്ലാതെ തന്നെ കുട്ടേട്ടൻ പോസ് ചെയ്തു..
(ഇനി എന്റെ കാര്യം..ഉടുപ്പിടാതെ, കുടുംബത്തോടൊപ്പം സൊറ പറഞ്ഞിരിക്കുമ്പോൾ, ആരേലും വന്ന് കോളിംഗ് ബെല്ലടിച്ചാൽ, "ഇപ്പോ തുറക്കേണ്ട..ഞാൻ ഉടുപ്പിട്ടിട്ട് വരട്ടെ",എന്ന് പറഞ്ഞ് മുറിയിൽ പോയി ഉടുപ്പുമിട്ട്,ഒരു ചിരിയും ഫിറ്റ് ചെയ്ത് വരും..!! )
ഇതാണു അഷ്ടമൂർത്തി എന്ന എഴുത്തുകാരനെ മറ്റുള്ളവരിൽനിന്നും വ്യത്യസ്തനാക്കുന്നത്.. താൻ എങ്ങനെയോ..അങ്ങനെ..വച്ചുകെട്ടുകളൊ ജാഡകളൊയില്ലാത്ത ഒരു സാധാരണ മനുഷ്യൻ.. എപ്പോഴും ഒരു സാധാരണക്കാരനായിരിക്കുക എന്നത് ദുഷ്കരമാണു..എന്നാൽ കുട്ടേട്ടൻ എപ്പോഴും അങ്ങനെതന്നെ..വാക്കിലും നോക്കിലും പ്രവർത്തിയിലും എഴുത്തിലുമെല്ലാം.. കാരണം അദ്ദേഹത്തിന്റെ കാലും മനസ്സും, പിറന്ന മണ്ണിലും ജീവിതപരിസരങ്ങളിലും വേരോടിനിൽക്കുന്നു.. ആ ഉറപ്പാണു, ഊർജ്ജമാണു അഷ്ടമൂർത്തിയെ വ്യത്യസ്തനാക്കുന്നത്..!!!