2016 നവംബർ 25, വെള്ളിയാഴ്‌ച

വയനാനുഭവം.. ഇന്നത്തെ അഥിതി അതീതശക്തി.

...മടവൂരിലെ പഞ്ചായത്ത്‌ വക വായനശാലയായ നവോദയാ വായനശാലയിലെ പുസ്തകങ്ങൾക്കിടയിലാണു  Kp Nirmalkumar  എന്ന പേർ ആദ്യം കാണുന്നത്‌.. ഞാൻ ജനിച്ചവർഷം കേരളസാഹിത്യ അക്കാഡമി പുരസ്കാരം ലഭിച്ച "ജലം" എന്ന കഥാസമാഹാരം.. എന്റെ കൗമാരവായനയിൽ നിറഞ്ഞുനിന്നിരുന്ന ബാറ്റൻബോസിനേയും കോട്ടയം പുഷ്പനാഥിനേയും മുട്ടത്തുവർക്കിയേയുമെല്ലാം പടിയിറക്കിവിട്ടത്‌ ഈ "ജലവും" പിന്നെ എം ടിയും ഓ വി വിജയനും സേതുവും സി.രാധാകൃഷ്ണനുമൊക്കെയാണു..
കാലം ഒരുപാട്‌ കഴിഞ്ഞു..പിന്നീട്‌ പുസ്തകം വായന  കുറഞ്ഞു.. അത്യാവശ്യം പത്രങ്ങളും വാരികകളുമായി ചുരുങ്ങി..നിയോഗം പോലെ ഗൾഫിൽ എത്തിയതിനുശേഷം പുസ്തകവായനക്ക്‌ കുറച്ചുസമയം കണ്ടെത്താൻ കഴിഞ്ഞു.. കൂടുതൽ പുസ്തകങ്ങൾ വാങ്ങാനും വായിക്കാനും തുടങ്ങി.. അക്കൂട്ടത്തിൽ വാങ്ങിയ "മാതൃഭൂമി ആഴ്ച്ചപ്പതിപ്പ്‌ കഥകൾ 2012" ൽ വീണ്ടും കെ.പി.നിർമ്മൽകുമാറിനെ വായിച്ചു.. "പുളിങ്കൊമ്പത്തെ പോതി"..!  ഖസാക്കിലെ രവിയുടെ നമ്മൾ അറിയാത്ത ഒരു അധ്യായം.. ഖസാക്കിന്റെ ആ പുനർവായന ഇഷ്ടായി..
2014 ലെ അവധിക്കാലത്താണു "ഇന്നത്തെ അതിഥി അതീതശക്തി" വാങ്ങുന്നതും വായിക്കുന്നതും.. എന്നാൽ അന്നൊരു കുറിപ്പ്‌ എഴുതാൻ പറ്റിയില്ല.. ഇപ്പോൾ, "കെ.പി.നിർമ്മൽകുമാറിന്റെ തിരെഞ്ഞെടുത്ത കഥകൾ"  വായിക്കുന്നതിനിടയിൽ ഒരിക്കൽക്കൂടി "അതീതശക്തിയെ" വായിച്ചു..
മഹാഭാരതത്തിന്റെ  Universal Applicability വളരെ വലുതാണു.. 'അഹം ബ്രഹ്മോസ്മി' എന്ന പ്രയോഗത്തെ സബ്ജക്റ്റീവായും ഒബ്ജക്റ്റീവായും മനസ്സിലാക്കാം.. ഇവിടെ ഈ രണ്ടു രീതിയിലും മഹാഭാരതത്തെ പുനർവ്വായിക്കുകയാണു ശ്രീ നിർമ്മൽകുമാർ.. മഹാഭാരതകഥകളെ അധികരിച്ച്‌ അനേകം പുസ്തകങ്ങൾ എഴുതപ്പെട്ടിട്ടുണ്ട്‌.. ഇതിൽ,മലയാളികൾക്ക്‌ ഏറെ പരിചയമുള്ളവ, 'രണ്ടാമൂഴവും', 'യയാതി'യും 'ഇനി ഞാൻ ഉറങ്ങട്ടെ'യുമൊക്കെയാവാം.. എന്നാൽ, ഇവയിലെല്ലാം ഒരു 'പൗരാണികത' ദർശ്ശിക്കാനാവും.. എന്നാൽ, "ഇന്നത്തെ അതിഥി അതീതശക്തി" ഇത്തരം 'പൗരാണികമണം' പേറുന്നില്ല..
ഇന്ന്,നമ്മുടെ ബോധാ- അബോധങ്ങളേയും ചിന്തയേയും പ്രതികരണങ്ങളേയുമെല്ലാം സ്വാധീനിക്കുന്ന ശക്തിയാണു മാധ്യമങ്ങൾ..അതുകൊണ്ടുതന്നെ,ഒരു കൊട്ടാരം ലേഖികയുടെ കാഴ്ചപ്പാടിലൂടെ,അഥവാ അവർക്കൊപ്പമാണു വായനക്കാരനെ കൂട്ടുന്നത്‌.. രചനാരീതിയിലും,കഥാപത്രങ്ങളുടെ സംഭാഷണരീതിയിലുമെല്ലാം ഒരു ആധുനികത ഇതിൽ നിറഞ്ഞുനിൽക്കുന്നു.. കൗരവരും പാണ്ഢവരുമൊക്കെ ഒരു ആധുനിക രാജ്യത്തിന്റേയോ, കൂട്ടുകുടുംബത്തിന്റേയോ പ്രതിരൂപങ്ങളായി മാറുന്നു.. കുടിപ്പകയും കിടമത്സങ്ങളും അധികാരദുർവ്വിനിയോഗവും ഒക്കെ നിറയുന്ന പരുക്കൻ ജീവിതയാദാർത്ഥ്യങ്ങളിലൂടെ കടന്നുപോകുന്ന നോവലിന്റെ അധ്യായങ്ങൾ വായനക്കാരനെ അൽപവും മുഷിപ്പിക്കുന്നില്ല.. ചെറിയ അധ്യായങ്ങളാണു..
മറ്റൊരു രീതിയിൽ പറഞ്ഞാൽ ഈ നോവൽ കൗരവരുടേയും പാണ്ട്ഢവരുടേയും മറ്റ്‌ പ്രധാന മഹാഭാരതകഥാപത്രങ്ങളുടേയും ഒരു psychoanalysis  ആണു..! ഒരു മനുഷ്യജന്മത്തിന്റെ ആദിമധ്യാന്തങ്ങളിലെ എല്ലാ അവസ്ഥകളേയും,തികച്ചും വ്യത്യസ്തമായ രചനാരീതിയിലൂടെ കാട്ടിത്തരുകയാണു ഈ നോവൽ..
മറ്റ്‌ സമകാലീന രചനകൾ പലതും കൊട്ടിഘോഷിക്കപ്പെട്ടപോലെ ഈ നോവൽ വായിക്കപ്പെട്ടോ എന്ന് സംശയിക്കുന്നു.. ഇത്‌ ഒരു എളുപ്പവായനക്കുള്ള രചനയല്ല.. തികച്ചും ഒരു 'മെന്റൽ എക്സർസ്സൈസ്‌' അനിവാര്യമാണു..ആ മാനസ്സികവ്യായാമത്തിലൂടെ വായനക്കാരൻ എത്തുന്നത്‌ ഒരു പുതിയ ലോകത്തേക്കാണു.. ഇന്നത്തെ, മാധ്യമങ്ങൾ ഭരിക്കുന്ന ലോകത്തെ, പുതിയ ഗാന്ധാരവും ഹസ്തിനപുരിയുമെല്ലാം ഉൾപ്പെടുന്ന ഒരു  കാഴ്ച്ചയിലേക്ക്‌.. പ്രകൃതിനിയമത്തിനു കീഴ്പ്പെടുന്ന മനുഷ്യാവസ്ഥകളിലേക്ക്‌..!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ