2017 ഡിസംബർ 29, വെള്ളിയാഴ്‌ച

Blade Runner 2049- Review

Sicario (2015), Arrival (2016)  തുടങ്ങിയ സിനിമകളിലൂടെ അന്താരാഷ്ട്ര പ്രശസ്തിയിലേക്കുയർന്ന ഫ്രഞ്ച്‌ കനേഡിയൻ സംവിധായകനായ  Denis Villeneuve, ഒപ്പം Sicario യുടെ ഛായാഗ്രഹണത്തിനുൾപ്പെടെ 13 തവണ Best Cinematography യ്ക്കുള്ള ഓസ്കാർ അവാർഡിനു നോമിനേഷൻ കിട്ടിയിട്ടും ഇതുവരേയും ആ അംഗീകാരം ലഭിക്കാതെപോയ DP,  Roger Deakins CBE, ASC, BSC..
ഇവർക്കൊപ്പം കഴിഞ്ഞ വർഷത്തെ ഓസ്കാർ അവാർഡുകൾ വാരിക്കൂട്ടിയ 'La La Land' ലെ നായകകഥാപാത്രത്തെ അവിസ്മരണീയമാക്കിയ Ryan Gosling ഉം, 1982 ലെ "Blade Runner" ൽ അസാമാന്യപ്രകടനം കാഴ്ച്ചവച്ച Harrison Ford..!  ഇത്രയൊക്കെ മതി "Blade Runner 2049" എന്ന സിനിമയെ വ്യത്യസ്തമാക്കാൻ. ഒരു 'neo-noir science fiction film' എന്നതിനപ്പുറം വളരെയേറെ വൈകാരിക നിമിഷങ്ങൾ നിറഞ്ഞതാണു "Blade Runner 2049".

ഭാവിയിൽ 'ലോകം വാഴാൻ' പോകുന്ന 'Replicants' (bioengineered humans) ന്റേയും Artificial intelligence ന്റേയും തലങ്ങളിലൂടെ കടന്നുപോകുന്ന സിനിമയിൽ, 'Wallace Corporation' നിർമ്മിച്ച്‌ അടിമപ്പണിയെടുപ്പിക്കുന്ന Replicants ൽ നിന്നും, കഴിവുകൊണ്ട്‌ ഉയർന്നുവന്ന്  LAPD യിൽ  (Los Angeles Police Department) 'Blade Runner' ആയി ( അനുസരണയില്ലാത്തതും ആവശ്യമില്ലാത്തതും കാലം കഴിഞ്ഞതുമായ Replicants നെ ഇല്ലായ്മ ചെയ്യുന്ന ആൾ) പ്രവർത്തിക്കുന്ന K യും ( Ryan Gosling, as K) അയാളുടെ 'holographic girlfriend'  ആയ  Joi (Ana de Armas as Joi)..  K വകവരുത്തുന്ന rogue replicant Sapper Morton (Dave Bautista as Sapper Morton).. തുടർന്ന് Sapper Morton ന്റെ ഫാമിൽ കാണുന്ന അസ്ഥികൂടങ്ങളിൽനിന്നും കണ്ടെത്തുന്ന ഒരു പഴയ  replicant ന്റെ അവശിഷ്ടങ്ങൾ, DNA പരിശോധനയിൽ, പ്രസവത്തോടെ മരിച്ചുപോയ ഒരു female replicant ന്റെ അസ്ഥികളാണെന്നു  മനസ്സിലാക്കുന്നു.
(ആ  female replicant ന്റെ പേർ Rachael എന്നാണെന്നുള്ളത്‌ സിനിമയുടെ രണ്ടാം പകുതിയിലാണു പറയുന്നത്‌..)
Rachael ന്റെ കുഞ്ഞിനെ കണ്ടെത്താനും കൊല്ലാനുമുള്ള ശ്രമങ്ങൾ.. അതിന്റെ തുടർച്ചയിൽ K
(K യ്ക്ക്‌ അയാളുടെ ഗേൾഫ്രൻഡ്‌ ഇതിനോടകം ഒരു പേരിടുന്നു -Joe)  Wallace Corporation ന്റെ headquarters ൽ എത്തുകയും, തന്റെ കയ്യിൽ കിട്ടിയ അവശിഷ്ടങ്ങൾ Rachael ന്റേതാണെന്ന് തിരിച്ചറിയുന്നതിനോടൊപ്പം, മുപ്പത്‌ വർഷങ്ങൾക്കുമുമ്പുള്ള Blade Runner ആയിരുന്ന Rick Deckard ഉം (Harrison Ford as Rick Deckard) Rachael ഉം തമ്മിൽ അടുപ്പത്തിലായിരുന്നു എന്ന് മനസ്സിലാക്കുകയും, Rachael ന്റെ കുട്ടിയേക്കുറിച്ച്‌ അറിയാൻ  Deckard ന്റെ സങ്കേതത്തിൽ എത്തുകയും ചെയ്യുന്നു. ഇതിനിടയിൽ, Wallace Corporation CEO, Niander Wallace, (Jared Leto as Niander Wallace),
പുതിയ replicant  പരീക്ഷണങ്ങൾക്കായി Rachael ന്റെ അവശിഷ്ടങ്ങൾ തന്റെ സഹായിയായ Luv (Sylvia Hoeks as Luv) നേക്കൊണ്ട്‌ എടുപ്പിക്കുകയും, തുടർന്ന്
Luv, K യെ പിന്തുടർന്ന് Deckard ന്റെ സങ്കേതത്തിൽ എത്തുകയും ചെയ്യുമ്പോൾ സിനിമ മറ്റൊരു തലത്തിലേക്ക്‌ വളരുന്നു.. അവിടുന്ന്, സിനിമ നന്മ-തിന്മ വേർതിരിവുകളിലേക്ക്‌ മാറുന്നു. അങ്ങനെ, വളരെ സങ്കീർണ്ണവും അതിലേറെ വൈകാരികവുമായ അവസ്ഥകളിലൂടെ പുരോഗമിക്കുന്ന കഥ, ഒരു ആന്റിക്ലൈമാക്സിലൂടെ, Rick Deckard  തന്റെ മകളെ - ആ കുട്ടിയെ- കണ്ടുമുട്ടുന്നതിലൂടെ അവസാനിക്കുന്നു..

രണ്ടരമണിക്കൂറിലേറെ ദൈഘ്യമുള്ള സിനിമയിൽ, ഇവിടെ ഞാൻ കുറിയ്ക്കാത്ത കഥാഗതികൾ ഉണ്ട്‌.
ഈ കുറിപ്പിന്റെ തുടക്കത്തിൽ സൂചിപ്പിച്ചതുപോലെ, Roger Deakins ന്റെ ഛായാഗ്രഹണമാണു "Blade Runner 2049" ന്റെ ഹൈലൈറ്റ്‌. 2018ൽ ഓസ്കാർ അവാർഡുകൾ പ്രഖ്യാപിക്കുമ്പോൾ, "പതിനാലാം തവണ"  നോമിനേഷൻ നേടി, അത്‌  Oscar പുരസ്കാരമായി Roger Alexander Deakins ഏറ്റുവാങ്ങുന്ന കാഴ്ച്ച കാണാൻ കഴിയും എന്ന് പ്രതീക്ഷിക്കുന്നു. Deakins നു വെല്ലുവിളിയുയർത്തുന്നത്‌ Christopher Nolen ന്റെ Dunkirk ന്റെ DP യായ Dutch-Swedish Cinematographer, Hoyte van Hoytema ആയിരിക്കും..

(Alongwith Best Cinematography, "Blade Runner 2049" may get Academy Award Nominations for other  categories like, Best Adapted Screenplay, Best Film Editing, Best Sound Editing, Best Sound Mixing, Best Visual Effects and Best Production Design..!)

ഒരു സൂഫിക്കഥ

വെറുതേയിരുന്നപ്പോൾ ഒരു സൂഫിക്കഥ ഓർത്തുപോയി.. പറയട്ടെ..

ഒരിക്കൽ, ഒരിടത്ത്‌ ഒരു യുവാവ്‌ തന്റെ സംശയങ്ങൾക്കുള്ള ഉത്തരം നൽകാൻ കഴിവുള്ള സമർത്ഥനായ ഒരു ഗുരുവിനെ തേടുകയായിരുന്നു.. അയ്യാൾ ഗ്രാമങ്ങളിൽനിന്നും ഗ്രാമങ്ങളിലേക്കു യാത്രചെയ്യുന്നതിനിടയിൽ, ഒരു ഗ്രാമത്തിൽ വച്ച്‌ വൃദ്ധനായ ഒരു യാത്രികനെ കണ്ടു.. ആ മനുഷ്യനോട്‌ തന്റെ യാത്രയേക്കുറിച്ച്‌ പറഞ്ഞു.. "ഒരു ഗ്രാമത്തിൽ, ഒരു മരച്ചോട്ടിൽ വച്ച്‌ അയ്യാൾ ഗുരുവിനെ കണ്ടെത്തും" എന്ന് വിശ്വസിക്കുന്നതായും  യുവാവ്‌ പറഞ്ഞു.. ലോകം മുഴുവൻ യാത്ര ചെയ്ത വൃദ്ധനു 'അങ്ങനെ ആരെയെങ്കിലും അറിയുമോ' എന്നും ആരാഞ്ഞു.. വൃദ്ധൻ, ലോകത്തിന്റെ പല ഭാഗങ്ങളിലെ ചില വിലാസങ്ങൾ അയ്യാൾക്ക്‌ നൽകി, യാത്രയാക്കി..
വൃദ്ധൻ നൽകിയ വിലാസവുമായി, ലോകം മുഴുവൻ ആ യുവാവ്‌ യാത്ര ചെയ്തു.. മുപ്പതുവർഷങ്ങൾ അലഞ്ഞിട്ടും ആരെയും കണ്ടെത്താനാവാതെ അയ്യാൾ ഏറെ ക്ഷീണിതനായി തിരികെ വന്നു.. ഇപ്പോൾ അയ്യാൾ വാർദ്ധക്ക്യത്തിലേക്ക്‌ കടക്കാൻ തുടങ്ങിയിരുന്നു..
മടക്കയാത്രയിൽ അയ്യാൾ വീണ്ടും ആ ഗ്രമത്തിലെത്തി.. വർഷങ്ങൾക്കുമുൻപ്‌ വിലാസം നൽകി യാത്രയയച്ച വൃദ്ധനെ കണ്ട സ്ഥലത്ത്‌, ഒരു മരച്ചുവട്ടിൽ വളരെ വയസ്സായ ഒരു മനുഷ്യൻ ഇരിക്കുന്നു.. വളരെ ആഹ്ലാദത്തോടെ അയ്യാൾ ആ മരച്ചുവട്ടിലേക്ക്‌ ഓടിവന്നു.. മരച്ചുവട്ടിൽ, പണ്ടു തനിക്ക്‌ വഴി പറഞ്ഞുതന്ന അതേ മനുഷ്യൻ..! കുറേക്കൂടി വയസായിട്ടുണ്ട്‌..

"..ഞാൻ തേടിക്കൊണ്ടിരുന്ന ഗുരു അങ്ങാണു എന്ന് എന്തുകൊണ്ട്‌ എന്നോട്‌ അന്ന് പറഞ്ഞില്ല.. എങ്കിൽ ഞാൻ ഇത്രയും അലയണമായിരുന്നോ..?"

"..അന്ന് അത്‌ ഉൾക്കൊള്ളാനുള്ള  പക്വത നിനക്കില്ലായിരുന്നു.. നിനക്ക്‌ എന്നെ കാണാനോ അറിയാനോ കഴിയുമായിരുന്നില്ല.. നീ അന്ധനായിരുന്നു.. നീ എന്നിലേക്കെത്താൻ  ഒരുപാട്‌ യാത്രചെയ്യേണ്ടതുണ്ട്‌ എന്നറിഞ്ഞതുകൊണ്ടാണു, ഇല്ലാത്ത വിലാസങ്ങൾ നൽകി നിന്നെ യാത്ര ചെയ്യിപ്പിച്ചത്‌.. ഒരുനാൾ, തുറന്നു പിടിച്ച കണ്ണുകളും മനസ്സുമായി നീ വരുമെന്ന് എനിക്ക്‌ അറിയാമായിരുന്നു.. നീ യാത്രയായപ്പോൾ മുതൽ, നീ തിരികെ വരുന്നതും കാത്ത്‌, മറ്റ്‌ എങ്ങും പോകാതെ കഴിഞ്ഞ മുപ്പതുവർഷങ്ങളായി ഞാൻ ഈ മരച്ചുവട്ടിൽ തന്നെയുണ്ട്‌.. അന്ന് എന്നെ മാത്രമല്ല, ഈ മരത്തെപ്പോലും നിനക്ക്‌ കാണാൻ കഴിയുമായിരുന്നില്ല..!!"

Yes...അന്നും എന്നും ആ മരവും ആ ഗുരുവും അവിടെത്തന്നെയുണ്ട്‌.. "കാഴ്ച്ച" വേണം എന്നു മാത്രം..!
ഈ കഥ എന്തിനു ഇപ്പോൾ ഓർത്തു എന്ന് ചോദിച്ചാൽ,  എനിക്കും അറിയില്ല.. കാരണം എനിക്കും കാഴ്ച്ചയും ഓർമ്മയുമൊന്നുമില്ല..!!

2017 ഡിസംബർ 28, വ്യാഴാഴ്‌ച

കപ്പപ്പഴവും, ഞാനും പിന്നെ എന്റെ പ്രണയവും..a December memory..


ഇന്ന് ഞാൻ ലുലുവിൽ പോയത്‌ ചില അത്യാവശ്യസാധങ്ങൾക്കൊപ്പം കപ്പപ്പഴം കൂടി വാങ്ങാനായിരുന്നു.. ആ ചൊവപ്പുള്ള വാഴപ്പഴത്തെ, ഞങ്ങൾ, മടവൂരുകാർ കപ്പപ്പഴം എന്നാ പറയുന്നേ.. ഇനി  നിങ്ങളുടെ നാട്ടിൽ എന്നതായാലും അങ്ങനെയാവട്ടെ.. എന്താന്നറിയില്ല.. ഇന്നലെ വീണ്ടും, ഒരു മയിൽപ്പീലിയും പുതുവത്സരാശംസാകാർഡും പിന്നെ ഒരു വലിയ പൊതി കപ്പപ്പഴവും ഓർമ്മയിൽ വന്നു..
ഡിഗ്രി രണ്ടാം വർഷമായപ്പോൾ, ഡിസംബർ മാസത്തിൽ മഞ്ഞപ്പിത്തം പിടിപെട്ട്‌ ഒരു മാസത്തോളം വീട്ടിൽ കിടപ്പായിരുന്നു.. കൂടെ പഠിക്കുന്ന സ്നേഹിതർ ആൺ -പെൺ വ്യത്യാസമില്ലാതെ വീട്ടിൽ വന്നുപോയി.. അമ്മ അവർക്കൊക്കെ ഭക്ഷണമുണ്ടാക്കികൊടുത്തും, അച്ഛൻ അവരെയൊക്കെ തിരികെ ബസ്‌ കയറ്റിവിട്ടും.. അങ്ങനെയങ്ങനെ..!  അതിനിടയിൽ ഒരു ദിവസം രണ്ടു പെൺകുട്ടികൾ മാത്രം വീട്ടിൽ വന്നു.. ആറ്റിങ്ങൽ നിന്നും മടവൂരിലേക്ക്‌ കുറച്ച്‌ ദൂരമുണ്ട്‌.. എനിക്കും അവർക്കും ഒരുപോലെ നെഞ്ചിടിപ്പു കൂടി.. അച്ഛൻ വീട്ടിൽ ഇല്ലായിരുന്ന സമയം.. അതിൽ ഒരാൾ അമ്മയോട്‌ സംസാരിച്ചുകൊണ്ട്‌ അടുക്കളയിൽ.. മറ്റേ ആൾ, മൗനം പേറികൊണ്ട്‌, ഈറൻ കണ്ണുകളുമായി എന്നരികിൽ..!!

"മഞ്ഞപ്പിത്തം കുറയാൻ കപ്പപ്പഴം നല്ലതാണെന്ന്" പറഞ്ഞ്, അവൾ ഒരു വലിയ പൊതി എന്റെ തലയ്ക്കലെ മേശമേൽ വച്ചു.. പിന്നെ "ഇതെന്റെ ഹൃദയമാണെന്ന്" പറഞ്ഞു ഒരു കവറും തന്നു..!  അമ്പരന്നു നിന്നുപോയ എനിക്ക്‌ ശ്വാസം തിരികെ കിട്ടിയത്‌,  അമ്മ ആ കുട്ടിയെ ആഹാരം കഴിക്കാൻ വിളിച്ചപ്പോഴാണു.. സത്യത്തിൽ "ഇത്‌ ഇത്രയ്ക്കും കടുക്കുമെന്ന്" ഞാനും കരുതിയില്ല..
ഈ സംഭവത്തിനും ഒരുവർഷം മുൻപ്‌, ഒരു ദിവസം രാവിലെ ക്ലാസിലേക്ക്‌ ഞാനും കൂട്ടുകാരും നടന്നുപോകുമ്പോൾ, എതിരേ വന്ന പ്രിഡിഗ്രി പെൺകുട്ടികളിൽ ഒരാൾ എന്നെ നോക്കിയതും, ഞാൻ കണ്ണിറുക്കി കാണിച്ചതും, പിന്നീട്‌ വഴിയിൽ കണ്ടപ്പോൾ "കണ്ണിനു അസുഖമുണ്ടെങ്കിൽ ഡോക്റ്ററെ കാണണ"മെന്നു പറഞ്ഞു ആ കുട്ടിയും കൂട്ടുകാരും കടന്നുപോയതും, പിന്നീട്‌ ആ കുട്ടി കടന്നുപോകുമ്പോഴെല്ലാം "ഉണ്ണീ നിന്റെ കണ്ണു പോകുന്നു" എന്ന് കൂട്ടുകാർ പറയാൻ തുടങ്ങിയതും, പിന്നീട്‌ ഡിഗ്രിയ്ക്ക്‌ ഇംഗ്ലീഷ്‌ സാഹിത്യം തന്നെ മെയിൻ ആക്കി ആ കുട്ടി അവിടേക്കുതന്നെ പഠിക്കാൻ വന്നതും എല്ലാം ഒരു നിമിഷം  മനസ്സിലൂടെ മിന്നിമറഞ്ഞു..!

'കളി കാര്യമായെന്ന് എന്നെ ഓർമ്മിപ്പിച്ച' ആ കപ്പപ്പഴം മറ്റാർക്കും കൊടുക്കാതെ ഞാൻ തന്നെ കഴിച്ചു എന്നത്‌ ചരിത്രം.. എന്തിനേറേ.. പിന്നീട്‌ ആ മയിപ്പീലിയിതളുകൾ ഞാനും പുസ്തകത്താളിൽ വച്ചു.. ആകാശം കാണിക്കാതെ..!!

ഡിഗ്രി ഇംഗ്ലീഷ്‌ ബാച്ചിന്റെ സെന്റ്‌ ഓഫ്‌ ദിവസം.. ആ കുട്ടിയുടെ കൂട്ടുകാരി അറിയിച്ചതനുസരിച്ച്‌, ഞാൻ ഒരു ക്ലാസ്സ്‌ റൂമിൽ കാത്തിരുന്നു.. എനിക്ക്‌ അഭിമുഖമായി അവൾ വന്നിരുന്നു.. നിശബ്ദത കുടിച്ച്‌ മടുത്തപ്പോൾ, എന്നോട്‌ ഒരു ചോദ്യം..
"എന്ത്‌ തീരുമാനിച്ചു? ഞാൻ എന്തുവേണം?"

Silence.. then,
"..ഇനി എനിക്ക്‌ എക്സാം.. അതുകഴിഞ്ഞ്‌ എം എ ക്ക്‌ പോകണം.. ജേർണലിസം പഠിക്കണംന്നുണ്ട്‌.."

"അതേ.. എനിക്ക്‌ ധൃതിയില്ല.. ചേച്ചിയുടെ കല്ല്യാണം കഴിഞ്ഞു.. ഒരു മോനുണ്ട്‌.. പിന്നെ ഒരു ചേട്ടനും ഞാനും.." ഒരു മൗനത്തിനു ശേഷം അവൾ തുടർന്നു,  ".. ഞാൻ കാത്തിരിക്കാം... എങ്കിലും എത്ര നാൾ?"

ഞാൻ ഒരുപാട്‌ ചിന്തിച്ചു.. എം എ യും, പിന്നെ ജേർണലിസവുമൊക്കെ പഠിച്ച്‌ ഒരു ജോലികിട്ടാൻ ഇനിയും അഞ്ചുവർഷം മിനിമം വേണം..
"...ഉം.. ഫൈവ്‌ ഈയേർസ്സ്‌.."
"..യാ.. ഫൈവ്‌ ഈയേർസ്സ്‌.. അതിനിടയിൽ ഞാനും ഒരു ജോലി കണ്ടെത്താം.." അവൾ ഒരു നിശ്വാസത്തോടെ പറഞ്ഞു..

പിന്നീട്‌ ഈ പറഞ്ഞതൊക്കെ പഠിക്കുന്നതിനിടയിൽ പാരലൽ കോളജിലേക്കും.. അഞ്ചുവർഷങ്ങൾക്കിടയിൽ എന്റെ ജീവിതം ഒരുപാട്‌ മാറി.

അഞ്ചു വർഷങ്ങൾ കഴിഞ്ഞു.. ഒരു വൈകുന്നേരം രണ്ട്‌ സ്നേഹിതർ വീട്ടിൽ വന്നു.. അവർ ഈ കഥകൾക്കൊപ്പം നിന്നവരായിരുന്നു.. കൂട്ടത്തിൽ, സി ആർ പിയിൽ നിന്നും ലീവിനുവന്ന സ്നേഹിതൻ ഒരു 'ഓൾഡ്‌ മൊങ്ക്‌ 'റമ്മുമായി എത്തി.. അവർ മൂവരും എന്നെ, തൊടിയിലെ തോട്ടുവക്കിലെ തെങ്ങിൻത്തോപ്പിൽ കൊണ്ടുപോയി..
"...നിനക്ക്‌ അവളെ വിധിച്ചിട്ടില്ലെടാ.. നീ ഇതൊന്ന് പിടിപ്പിച്ചേ.. അവൾ പോയെങ്കിൽ വേറെ ആളുവരും.."  ഒരു പെഗ്‌ റം നീട്ടിക്കൊണ്ട്‌ സി ആർ പി പറഞ്ഞു..
  but എനിക്ക്‌ ഒന്നും മനസ്സിലായില്ല..
"നിങ്ങൾ ആരുടെ കാര്യമാ പറയുന്നത്‌..?"
"..ഡാ.. നാളെ നിന്റെ കണ്ണിന്റെ കല്യാണമാ.. ഒരു ഗൾഫുകാരൻ..!"

ഒരു തുള്ളി വെള്ളം തൊടാതെ റം ഒറ്റവലിക്കു മോന്തുന്നതിനിടയിൽ, ഒരു ഞെട്ടലോടെ ഞാൻ ഓർത്തു.. അവൾ പറഞ്ഞ വാക്കു പാലിച്ചു.. അഞ്ചുവർഷം കാത്തിരുന്നു..!
ഞാനോ...?

2017 നവംബർ 25, ശനിയാഴ്‌ച

ചിദംബരരഹസ്യം

വലിയ കസർത്തുകൾ ഒന്നുമില്ലാത്ത ലളിതമായ ഭാഷ.. അതിലും, സന്ദർഭത്തിനു അനുയോജ്യമായ പദങ്ങൾ.. ആ വാക്കുകൾക്കു താങ്ങാനാവുന്ന വികാരങ്ങൾ.. ചിന്തകൾ..!
മറ്റൊരു രീതിയിൽ പറഞ്ഞാൽ, രാഹുൽ ദ്രാവിഡ്‌ ക്രീസിൽ നിൽക്കുന്നപോലെ.. ബഹളങ്ങൾ ഇല്ല.. പക്വമായ പ്രകടനം.. ഒടുവിൽ, ദ്രാവിഡ്‌ സെഞ്ച്വറി തികയ്ക്കുമ്പോഴാണു, "അയ്യോ ഇയ്യാൾ എങ്ങനെ?" ആ ഒരു സമാധാനവും ശാന്തതയുമാണു  ഇ. സന്തോഷ്‌കുമാറിന്റെ ആഖ്യാനത്തിൽ ഞാൻ കാണുന്നത്‌.. വായനക്കാർക്ക്‌ ദുർഗ്രാഹ്യമായ ബിംബങ്ങളോ സങ്കീർണ്ണമായ വാചകങ്ങളോ ഇല്ലാതെ, വായനയ്ക്കുശേഷവും ഒരു നിഴൽ പോലെ പിന്തുടരുന്ന കഥാപാത്രങ്ങളും മുഹൂർത്തങ്ങളും..! ഇതൊക്കെ തന്നെയാണു "ചിദംബരരഹസ്യം" എന്ന 128 പേജുകൾ മാത്രം വലിപ്പമുള്ള, എന്നാൽ മൂന്ന് നോവലുകൾ അടങ്ങുന്ന, പുസ്തകത്തെ വ്യത്യസ്തമാക്കുന്നത്‌.. ഒപ്പം വായനക്കാരനെ "അനുഭവിക്കാൻ" വേണ്ടിയുള്ള നോവലുകളല്ല, മറിച്ച്‌ വായന ഒരു സുഖമുള്ള അനുഭവമായി മാറ്റുന്ന ജീവിതമുഹൂർത്തങ്ങളാണു ചിദംബരരഹസ്യം, മറ്റൊരു വേനൽ, മുസോളിയം എന്നീ ചെറു നോവലുകൾ.

ചിദംബരരഹസ്യം എന്ന നോവൽ -സജീവനുമാത്രം അറിയുന്ന ഒരു രഹസ്യം, ലീന അറിയാതെയറിഞ്ഞെങ്കിലും ഒരു രഹസ്യമായിത്തന്നെ നിൽക്കുന്നു.. തിരുവനന്തപുരത്തേക്കെന്ന് പറഞ്ഞ്‌ വീട്ടിൽ നിന്നും യാത്രയാകുന്ന ഭർത്താവിന്റെ "വഴിതെറ്റിപ്പോയ യാത്രയിലുണ്ടാകുന്ന അപകടം" ബാക്കിവയ്ക്കുന്ന ചിന്തകളിലൂടെ നോവൽ അവസാനിക്കുമ്പോൾ, അറിയാതെയെങ്കിലും ഒരു ദീർ ഘനിശ്വാസം വായനക്കാരനിൽ ബാക്കിയാവും..
ചില "വഴിമാറിയുള്ള യാത്രകൾ" അപകടത്തിലേയ്ക്കാണെന്ന് മാത്രമല്ല, അതൊരുതരം "ബ്രയിൻ ഡെത്തു"കൂടിയാണു.. ഭാര്യാഭർത്തൃബന്ധത്തിന്റെ പല ആംഗിളുകളിൽ നിന്നും വായിക്കുമ്പോഴാണു ചിദംബരരഹസ്യം ആസ്വാദ്യമാകുന്നത്‌.. ഉദാഹരണമായി, തിരുവനന്തപുരത്തേക്കാണെന്ന് പറഞ്ഞു യാത്രതിരിക്കുന്ന സജീവൻ, തന്റെ ജൂനിയർ അഡ്വക്കേറ്റായ യുവതിയുമായി മൂന്നാറിലേക്ക്‌ യാത്രപോകുന്നു, വഴിയിൽ അപകടമുണ്ടാകുന്നു, ഒടുവിൽ സജീവന്റെ നില ഗുരുതരമാകുന്നു, അയ്യാൾക്ക്‌ ബ്രയിൻ ഡെത്ത്‌ സംഭവിക്കുന്നു.. ആശുപത്രിയിൽ എത്തുന്ന ലീന സജീവന്റെ ദൈന്യമായ അവസ്ഥയാണു കാണുന്നത്‌.. ഇതേ കാഴ്ച്ചയെ, "ഭാര്യയോട്‌ കള്ളം പറഞ്ഞ്‌ യാത്രയായി, ഒടുവിൽ അപകടത്തിൽപ്പെട്ട്‌, പിടിക്കപ്പെട്ട്‌, ഭാര്യക്കുമുൻപിൽ, ഒന്നുരിയാടാനുള്ള ചിന്താശേഷിപോലും നശിച്ച്‌, മസ്തിഷ്ക്കമരണം പോലെ തകർന്നുനിൽക്കുന്ന ഒരു ഭർത്താവിന്റെ ചിത്രമായി മാറ്റിവായിക്കുമ്പോൾ", മറ്റൊരു ജീവിതാവസ്ഥയിലേക്ക്‌  നോവൽ നമ്മളെ എത്തിക്കുന്നു..

ചിദംബരരഹസ്യത്തിൽ, അപകടത്തിൽ സജീവനോടൊപ്പമുണ്ടായിരുന്ന പെൺകുട്ടിയെ ആശ്വസിപ്പിക്കുന്ന ഭാഗത്ത്‌, ലീന ആ കുട്ടിയോട്‌ പറയുന്ന വാക്കുകളും, തുടർന്നുള്ള ആത്മഗതവും മതി, പുസ്തകത്തിന്റെ കവർച്ചിത്രത്തിൽ കാണുമ്പോലെ,  മനുഷ്യജീവിതത്തിന്റെ നിസ്സഹായാവസ്ഥകൾ അറിയാൻ..

'ലീന ചിരിച്ചു.. സാരമില്ല,അതോർത്ത്‌ ഇനി നീ വിഷമിക്കേണ്ട. അത്‌ എന്റെ മാത്രം പ്രശ്നമാണു. പിന്നെ, നിനക്കു ഭാഗ്യമുണ്ട്‌ എന്ന് കരുതിക്കോളൂ. ഒരപകടത്തെ അതിജീവിച്ചില്ലേ?

എന്നാൽ രണ്ടു പേർ, അതേ അപകടത്തെ അതിജീവിക്കുന്നതിനായി രണ്ടുവിധത്തിൽ പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. സജീവൻ ജീവൻ കൊണ്ട്‌,താൻ ജീവിതം കൊണ്ടും..!'

ഇതുപോലെയാണു മറ്റൊരു വേനലും മുസോളിയവും..
ജീവൻ കൊണ്ടും ജീവിതം കൊണ്ടും "ഈ ജീവിതത്തിൽ" പിടിച്ചുനിൽക്കാൻ വെമ്പുന്ന മനുഷ്യർ..!

മറ്റൊരു വേനലിൽ 'ബി' എന്ന നഗരത്തിലേക്ക്‌ വരുന്ന സുനന്ദയും രഘുവും, സീതയും, മുസോളിയത്തിലെ കഥപറയുന്ന 'ഞാനും' അനിതയും ജെന്നിയും സോണിയുമെല്ലാം ഓരോ ജീവിതാവസ്ഥകളുടെ പ്രതിരൂപങ്ങളാണു.. ഓരോ ലോകങ്ങളാണു..
അനാഥരാണു.. കഥകാരൻ പറയുമ്പോലെ, "ആളുകൾ വിചാരിക്കുന്നതുപോലെ ചെറിയ കുട്ടികൾ മാത്രമല്ല അനാഥരായി വളരുന്നത്‌.. ജീവിതത്തിന്റെ പ്രത്യേകഘട്ടങ്ങളിൽ വച്ച്‌ മുതിർന്ന മനുഷ്യരും അങ്ങനെ അനാഥരാവുന്നുണ്ട്‌.. മറ്റാരും കൂട്ടിനില്ലാതെ, ഒരു പക്ഷേ, ചുറ്റുമുള്ള മറ്റാർക്കും ആശ്വസിപ്പിക്കാനോ, കൈപിടിച്ച്‌ നടത്താനോ കഴിയാതെ..!"

മുസോളിയത്തിൽ നീതുമോൾ അവസാനമായി വരച്ച ചിത്രം -ജെന്നിയും സോണിയും പിന്നെ നീതുമോളും- ഇപ്പോഴും മനസ്സിൽനിന്നും മായുന്നില്ല..!

ഈ മൂന്നു നോവലുകളിലേയും ഓരോ കഥാപാത്രങ്ങളിലേക്കും ഒറ്റയ്ക്ക്‌ സഞ്ചരിക്കുകയും, അവരെയെല്ലാം മന:ശാസ്ത്രപരമായി അപഗ്രഥിക്കുകയും ചെയ്താൽ, എത്ര കൃത്യതയോടെയാണു ശ്രീ ഇ.സന്തോഷ്‌കുമാർ ആ പാത്രരചനകൾ നടത്തിയിരിക്കുന്നത്‌ എന്ന് മനസ്സിലാവും..

പിൻകുറിപ്പ്‌- ലളിതമെങ്കിലും ആഴമുള്ളൊരു വായനാനുഭവമാണു ചിദംബരരഹസ്യം എനിക്ക്‌ നൽകിയത്‌.. എന്റെ ആസ്വാദനം വ്യക്തിപരമാണു.. എന്റെ മാത്രം സമീപനമാണു.. നിങ്ങളുടെ വായന മറ്റൊരു രീതിയിലാവട്ടെ..!

ഡി സി ബുക്സ്‌, 2014 നവമ്പറിൽ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ വില 100 രൂപയാണു..!

ഇന്നത്തെ അതിഥി അതീതശക്തി

...മടവൂരിലെ പഞ്ചായത്ത്‌ വക വായനശാലയായ നവോദയാ വായനശാലയിലെ പുസ്തകങ്ങൾക്കിടയിലാണു  Kp Nirmalkumar  എന്ന പേർ ആദ്യം കാണുന്നത്‌.. ഞാൻ ജനിച്ചവർഷം കേരളസാഹിത്യ അക്കാഡമി പുരസ്കാരം ലഭിച്ച "ജലം" എന്ന കഥാസമാഹാരം.. എന്റെ കൗമാരവായനയിൽ നിറഞ്ഞുനിന്നിരുന്ന ബാറ്റൻബോസിനേയും കോട്ടയം പുഷ്പനാഥിനേയും മുട്ടത്തുവർക്കിയേയുമെല്ലാം പടിയിറക്കിവിട്ടത്‌ ഈ "ജലവും" പിന്നെ എം ടിയും ഓ വി വിജയനും സേതുവും സി.രാധാകൃഷ്ണനുമൊക്കെയാണു..
കാലം ഒരുപാട്‌ കഴിഞ്ഞു..പിന്നീട്‌ പുസ്തകം വായന  കുറഞ്ഞു.. അത്യാവശ്യം പത്രങ്ങളും വാരികകളുമായി ചുരുങ്ങി..നിയോഗം പോലെ ഗൾഫിൽ എത്തിയതിനുശേഷം പുസ്തകവായനക്ക്‌ കുറച്ചുസമയം കണ്ടെത്താൻ കഴിഞ്ഞു.. കൂടുതൽ പുസ്തകങ്ങൾ വാങ്ങാനും വായിക്കാനും തുടങ്ങി.. അക്കൂട്ടത്തിൽ വാങ്ങിയ "മാതൃഭൂമി ആഴ്ച്ചപ്പതിപ്പ്‌ കഥകൾ 2012" ൽ വീണ്ടും കെ.പി.നിർമ്മൽകുമാറിനെ വായിച്ചു.. "പുളിങ്കൊമ്പത്തെ പോതി"..!  ഖസാക്കിലെ രവിയുടെ നമ്മൾ അറിയാത്ത ഒരു അധ്യായം.. ഖസാക്കിന്റെ ആ പുനർവായന ഇഷ്ടായി..
2014 ലെ അവധിക്കാലത്താണു "ഇന്നത്തെ അതിഥി അതീതശക്തി" വാങ്ങുന്നതും വായിക്കുന്നതും.. എന്നാൽ അന്നൊരു കുറിപ്പ്‌ എഴുതാൻ പറ്റിയില്ല.. ഇപ്പോൾ, "കെ.പി.നിർമ്മൽകുമാറിന്റെ തിരെഞ്ഞെടുത്ത കഥകൾ"  വായിക്കുന്നതിനിടയിൽ ഒരിക്കൽക്കൂടി "അതീതശക്തിയെ" വായിച്ചു..
മഹാഭാരതത്തിന്റെ  Universal Applicability വളരെ വലുതാണു.. 'അഹം ബ്രഹ്മോസ്മി' എന്ന പ്രയോഗത്തെ സബ്ജക്റ്റീവായും ഒബ്ജക്റ്റീവായും മനസ്സിലാക്കാം.. ഇവിടെ ഈ രണ്ടു രീതിയിലും മഹാഭാരതത്തെ പുനർവ്വായിക്കുകയാണു ശ്രീ നിർമ്മൽകുമാർ.. മഹാഭാരതകഥകളെ അധികരിച്ച്‌ അനേകം പുസ്തകങ്ങൾ എഴുതപ്പെട്ടിട്ടുണ്ട്‌.. ഇതിൽ,മലയാളികൾക്ക്‌ ഏറെ പരിചയമുള്ളവ, 'രണ്ടാമൂഴവും', 'യയാതി'യും 'ഇനി ഞാൻ ഉറങ്ങട്ടെ'യുമൊക്കെയാവാം.. എന്നാൽ, ഇവയിലെല്ലാം ഒരു 'പൗരാണികത' ദർശ്ശിക്കാനാവും.. എന്നാൽ, "ഇന്നത്തെ അതിഥി അതീതശക്തി" ഇത്തരം 'പൗരാണികമണം' പേറുന്നില്ല..
ഇന്ന്, നമ്മുടെ ബോധാ- അബോധങ്ങളേയും ചിന്തയേയും പ്രതികരണങ്ങളേയുമെല്ലാം സ്വാധീനിക്കുന്ന ശക്തിയാണു മാധ്യമങ്ങൾ.. അതുകൊണ്ടുതന്നെ, ഒരു കൊട്ടാരം ലേഖികയുടെ കാഴ്ചപ്പാടിലൂടെ, അഥവാ അവർക്കൊപ്പമാണു വായനക്കാരനെ കൂട്ടുന്നത്‌.. രചനാരീതിയിലും,കഥാപത്രങ്ങളുടെ സംഭാഷണരീതിയിലുമെല്ലാം ഒരു ആധുനികത ഇതിൽ നിറഞ്ഞുനിൽക്കുന്നു.. കൗരവരും പാണ്ഢവരുമൊക്കെ ഒരു ആധുനിക രാജ്യത്തിന്റേയോ, കൂട്ടുകുടുംബത്തിന്റേയോ പ്രതിരൂപങ്ങളായി മാറുന്നു.. കുടിപ്പകയും കിടമത്സങ്ങളും അധികാരദുർവ്വിനിയോഗവും ഒക്കെ നിറയുന്ന പരുക്കൻ ജീവിതയാദാർത്ഥ്യങ്ങളിലൂടെ കടന്നുപോകുന്ന നോവലിന്റെ അധ്യായങ്ങൾ വായനക്കാരനെ അൽപവും മുഷിപ്പിക്കുന്നില്ല.. ചെറിയ അധ്യായങ്ങളാണു..
മറ്റൊരു രീതിയിൽ പറഞ്ഞാൽ ഈ നോവൽ കൗരവരുടേയും പാണ്ട്ഢവരുടേയും മറ്റ്‌ പ്രധാന മഹാഭാരതകഥാപത്രങ്ങളുടേയും ഒരു psychoanalysis  ആണു..! ഒരു മനുഷ്യജന്മത്തിന്റെ ആദിമധ്യാന്തങ്ങളിലെ എല്ലാ അവസ്ഥകളേയും,തികച്ചും വ്യത്യസ്തമായ രചനാരീതിയിലൂടെ കാട്ടിത്തരുകയാണു ഈ നോവൽ..
മറ്റ്‌ സമകാലീന രചനകൾ പലതും കൊട്ടിഘോഷിക്കപ്പെട്ടപോലെ ഈ നോവൽ വായിക്കപ്പെട്ടോ എന്ന് സംശയിക്കുന്നു.. ഇത്‌ ഒരു എളുപ്പവായനക്കുള്ള രചനയല്ല.. തികച്ചും ഒരു 'മെന്റൽ എക്സർസ്സൈസ്‌' അനിവാര്യമാണു..ആ മാനസ്സികവ്യായാമത്തിലൂടെ വായനക്കാരൻ എത്തുന്നത്‌ ഒരു പുതിയ ലോകത്തേക്കാണു.. ഇന്നത്തെ, മാധ്യമങ്ങൾ ഭരിക്കുന്ന ലോകത്തെ, പുതിയ ഗാന്ധാരവും ഹസ്തിനപുരിയുമെല്ലാം ഉൾപ്പെടുന്ന ഒരു  കാഴ്ച്ചയിലേക്ക്‌.. പ്രകൃതിനിയമത്തിനു കീഴ്പ്പെടുന്ന മനുഷ്യാവസ്ഥകളിലേക്ക്‌..!


കമ്പിറാന്തലിന്റെ വെളിച്ചം

കമ്പിറാന്തലിന്റെ വെളിച്ചം..

ഭാവനയുടെ ഹിമാലയം ഉരുകിയൊഴുകുന്ന അക്ഷരഗംഗയല്ല..സ്വയം തിർത്ത അക്ഷരഭിത്തികൾക്കുള്ളിലിരുന്ന്, ജീവിതത്തെ കാൽപനികമായി പകർത്തുന്നതുമല്ല.. മറിച്ച്‌,പിറന്ന മണ്ണിന്റെ മണവും നനവുമുള്ള, നാടൻ ജീവിതത്തിന്റെ താളവും നിറവും നിറയുന്ന കുറിപ്പുകൾ.. ആധുനികോത്തരരചനാരീതിയുടെ പരിസരങ്ങളിൽനിന്നും മാറി, സാധാരണക്കാരന്റെ കണ്ണിൽ നിറയുന്ന കാഴ്ച്ചകളുമായി,നമ്മുടെ നാട്ടിടവഴികളിലൂടെയുള്ള ഒരു യാത്ര.. കരിവന്നൂർപ്പുഴയ്ക്കപ്പുറവും ഇപ്പുറവുമായി തെളിയുന്ന രണ്ട്‌ ലോകങ്ങൾ..എന്നാൽ ഈ രണ്ടു ലോകങ്ങളേയും നമ്മുടെ കുട്ടേട്ടൻ കാണുന്നത്‌ ഒരേ കണ്ണുകൊണ്ട്‌..! സാധാരണക്കാരിലും സാധാരണക്കാരനായുള്ള കാഴ്ച്ച..
"ഡേവിസ്സിന്റെ തുണിക്കടയിൽ" തുടങ്ങി, "കമ്പിറാന്തലിന്റെ വെളിച്ചത്തിൽ" അവസാനിക്കുന്ന മുപ്പത്‌ ലേഖനങ്ങളും വായിച്ചുകഴിയുമ്പോൾ,  നമ്മുടെ ഉള്ളിലും വെളിച്ചം നിറയുന്നു..വായനക്കാരനെ ചിന്തിപ്പിച്ചും ചിരിപ്പിച്ചും, ചെറുതായി നൊമ്പരപ്പെടുത്തിയും,ആരുമറിയാതെ സ്വയം വേദനിച്ചും, നമ്മുടെ ഓർമ്മക്കടലിലേക്ക്‌ ഊളിയിടുന്ന വാക്കുകൾ..
വാക്ക്‌ വിറ്റ്‌ വിശപ്പടക്കിയവർക്കും വിശപ്പിനുമുകളിൽ വാക്കുകൾ തീർത്തവർക്കും, അറിയിച്ചിട്ടും അറിയാതെ പോയവർക്കും അപ്പുറമുള്ള ഒരു വരമ്പിലൂടെയാണു 'അഷ്ടമൂർത്തി' എന്ന എഴുത്തുകാരന്റെ യാത്ര എന്ന് എനിക്ക്‌ തോന്നിയിട്ടുണ്ട്‌.. നടവരമ്പിന്റെ ഇരുവശങ്ങളിലായി തരിശ്ശായി കിടന്ന പാടത്ത്‌,കഥയുടേയും ലേഖനങ്ങളുടേയും നൂറുമേനി വിളയിച്ച തനി നാട്ടിൻപുറത്തുകാരൻ.. ഇന്ന്,ഇപ്പോൾ 'കഥയ്ക്കും അനുഭവക്കുറിപ്പുകൾക്കും'  ഇടയിലുള്ള നടവരമ്പു ഇല്ലാതാവുന്ന കാഴ്ച്ചയാണു 'കമ്പിറാന്തലിന്റെ വെളിച്ചത്തിൽ' കാണുന്നത്‌..കവിതപോലൊഴുകുന്ന നാട്ടുഭാഷ.. മകരമഞ്ഞുറയുന്ന പുൽക്കൊടിത്തുമ്പിലെ സൂര്യനെപ്പോലെ സുന്ദരം..!!

രണ്ടുവർഷം മുൻപ്‌,ഞങ്ങൾ സകുടുംബം കുട്ടേട്ടന്റെ വീട്ടിൽ പോയിരുന്നു.. ദോഹയിൽ,ഞങ്ങളുടെ താമസസ്ഥലത്ത്‌ കുട്ടേട്ടൻ വന്നിട്ടുണ്ടെങ്കിലും,രണ്ടു കുടുംബങ്ങളും ഒരുമിച്ച്‌ കാണുന്നത്‌ അന്നായിരുന്നു.. അതിനുമുൻപ്‌ ഞാനും മോനും കുട്ടേട്ടന്റെ വീട്ടിൽ അന്തിയുറങ്ങിയിട്ടുണ്ട്‌.. ഏതാണ്ട്‌,ഒരു പതിനൊന്ന് മണിയോടെ കുട്ടേട്ടന്റെ വീട്ടിലെത്തി.. ചേട്ടനും ചേച്ചിയും മാത്രം..അദ്ദേഹം ഉടുപ്പോ ബനിയനോ ധരിച്ചിരുന്നില്ല.. സ്വന്തം മക്കളോ അനന്തരവരോ വീട്ടിൽ വരുമ്പോൾ എങ്ങനയോ.. അങ്ങനെ..! കുശലം പറഞ്ഞു.. നാട്ടുമാങ്ങയും കൂട്ടി സദ്യ കഴിച്ചു..മോൻ കുറച്ച്‌ ചിത്രങ്ങൾ എടുക്കാൻ തുടങ്ങി..ഉടുപ്പില്ലാതെ തന്നെ കുട്ടേട്ടൻ പോസ്‌ ചെയ്തു..
(ഇനി എന്റെ കാര്യം..ഉടുപ്പിടാതെ, കുടുംബത്തോടൊപ്പം സൊറ പറഞ്ഞിരിക്കുമ്പോൾ, ആരേലും വന്ന് കോളിംഗ്‌ ബെല്ലടിച്ചാൽ, "ഇപ്പോ തുറക്കേണ്ട..ഞാൻ ഉടുപ്പിട്ടിട്ട്‌ വരട്ടെ",എന്ന് പറഞ്ഞ്‌ മുറിയിൽ പോയി ഉടുപ്പുമിട്ട്‌,ഒരു ചിരിയും ഫിറ്റ്‌ ചെയ്ത്‌ വരും..!! )
ഇതാണു അഷ്ടമൂർത്തി എന്ന എഴുത്തുകാരനെ മറ്റുള്ളവരിൽനിന്നും വ്യത്യസ്തനാക്കുന്നത്‌.. താൻ എങ്ങനെയോ..അങ്ങനെ..വച്ചുകെട്ടുകളൊ ജാഡകളൊയില്ലാത്ത ഒരു സാധാരണ മനുഷ്യൻ.. എപ്പോഴും ഒരു സാധാരണക്കാരനായിരിക്കുക എന്നത്‌ ദുഷ്കരമാണു..എന്നാൽ കുട്ടേട്ടൻ എപ്പോഴും അങ്ങനെതന്നെ..വാക്കിലും നോക്കിലും പ്രവർത്തിയിലും എഴുത്തിലുമെല്ലാം.. കാരണം അദ്ദേഹത്തിന്റെ കാലും മനസ്സും, പിറന്ന മണ്ണിലും ജീവിതപരിസരങ്ങളിലും വേരോടിനിൽക്കുന്നു.. ആ ഉറപ്പാണു, ഊർജ്ജമാണു അഷ്ടമൂർത്തിയെ വ്യത്യസ്തനാക്കുന്നത്‌..!!!

2017 ഫെബ്രുവരി 13, തിങ്കളാഴ്‌ച

Film Review- LION

അമ്മയും അനുജത്തിയും ജേഷ്ഠനുമൊക്കെയുള്ള കുടുംബത്തിൽനിന്നും, കൽക്കട്ട എന്ന മഹാനഗരത്തിലേക്കും, അവിടുന്നു ദത്തെടുക്കപ്പെട്ട്‌ ആസ്ത്രേലിയയിൽ എത്തുകയും, അവിടെ ആസ്ത്രേലിയൻ അച്ഛനമ്മമാരുടെ സ്നേഹവാത്സല്യങ്ങൾ നുകരുമ്പോഴും, അകലെ ഇന്ത്യയിലെ വിദൂരഗ്രാമത്തിൽ തന്നെ ഓർത്ത്‌ കേഴുന്ന അമ്മയുടെ മുഖം ഓർത്തുവയ്ക്കുകയും, ഒടുവിൽ "ഗൂഗിൾ എർത്തിന്റെ" സഹായത്താൽ തന്റെ നാട്‌ കണ്ടെത്തി, പെറ്റമ്മയെ കാണാൻ എത്തുന്ന "Saroo Brierley " യുടെ യദാർത്ഥജീവിതകഥയാണു  Garth Davis ന്റെ ആദ്യ ചിത്രമായ LION ന്റെ പ്രമേയം..
(based on the non-fiction book "A Long Way Home" by Saroo Brierley with Larry Buttrose)

"Ginestlay" എന്ന സ്ഥലനാമം മാത്രം ഓർമ്മയുള്ള  Saroo വിന്റെ, "അറിയാതെയുള്ള" ട്രയിൻ യാത്രയും, ട്രെയിനിൽനിന്നും രക്ഷപ്പെടാനുള്ള പരിശ്രമവും, ഒടുവിൽ 1600 കിലോമീറ്ററുകൾക്കകലെ കൽക്കട്ടയിൽ എത്തുന്നതും, അവിടേക്ക്‌ "വലിച്ചെറിയപ്പെട്ട" അഞ്ചുവയസ്സുകാരന്റെ കഷ്ടപ്പാടുകളും, അതിനെ നേരിടുന്ന Saroo വിന്റെ മനോധൈര്യവുമെല്ലാം  Sunny Pawar ( as Young Saroo ) എന്ന കുട്ടിയിൽ ഭദ്രമായിരിക്കുന്നു.. Sunny Pawar  ന്റെ ഗംഭീര പ്രകടനം.. Saroo ന്റെ ചെറുപ്പകാലം മുതലാണു, ("Slumdog Millionaire" ലൂടെ ശ്രദ്ധേയനായ)  Dev Patel (as Saroo Brierley) സ്ക്രീനിൽ എത്തുന്നതെങ്കിലും, Saroo എന്ന കഥാപാത്രത്തെ ഓർക്കുമ്പോൾ Sunny Pawar നെയാണു ഓർക്കുക..

സിനിമയുടെ പകുതിയിലേറെയും ഇന്ത്യയിലും, ബാക്കി ആസ്ത്രേലിയയിലുമായാണു സംഭവിക്കുന്നത്‌.. ഈ രണ്ട്‌ അവസ്ഥകളേയും നന്നായി അവതരിപ്പിക്കാൻ സംവിധായകനും ക്യാമറാമാനും( Greig Fraser) സാധിച്ചിട്ടുണ്ട്‌.. 2017 ലെ അക്കാഡമി അവാർഡുകളിൽ "Lion"ന്  കിട്ടിയ 'ഏഴ്‌ നോമിനേഷനുകളിൽ' ഒന്ന് ഛായാഗ്രഹണമാണു.. അതുപോലെ തന്നെയാണു എഡിറ്റിംഗും (Alexandre de Franceschi ) പശ്ചാത്തലസംഗീതവും
(Hauschka and Dustin O'Halloran).. ഓരോ സീക്വൻസും മാറുന്നതിന്റെ  'film/shot transition' വളരെ താളാത്മകമായിട്ടുണ്ട്‌..!!

തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രങ്ങളിലൊന്നാണു  LION..

Oscar nominations at the 89th Academy Awards, including,
Best Picture,
Best Supporting Actor ( Dev Patel),
Best Supporting Actress ( Nicole Kidman)
Best Adapted Screenplay(Luke Davies),
Best Cinematography (Greig Fraser) and
Best Original Score (Hauschka and Dustin O'Halloran)

2017 ഫെബ്രുവരി 5, ഞായറാഴ്‌ച

Film Review- Silence.

"Taxi Driver"(1976 ),The Aviator(2004), The Departed (2006) തുടങ്ങിയ ചിത്രങ്ങളിലൂടെ തന്റെ പ്രതിഭ തെളിയിക്കുകയും, ഒപ്പം Oscar Award,  Palme d'Or, Cannes Film Festival Best Director Award, Silver Lion, Grammy Award, Emmys, Golden Globes, BAFTAs, and DGA Awards ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നൽകി സിനിമാലോകം ആദരിക്കുകയും ചെയ്ത 'Martin Scorsese' ന്റെ  പുതിയ ചിത്രം ,"Silence", അതിന്റെ ഇതിവൃത്തത്തിന്റെ ചരിത്ര പശ്ചാത്തലത്തേക്കാൾ, 'സിനിമാറ്റോഗ്രഫി'യുടെ മേന്മകൊണ്ട്‌ ഏറെ ശ്രദ്ധിക്കപ്പെടുന്ന ചിത്രമാണു.. 2017 ലെ അക്കാഡമി അവാർഡുകളിൽ, Best Cinematography ക്ക്‌ നാമനിർദ്ദേശം ചെയ്യപ്പെട്ട "Silence" ന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്‌  Rodrigo Prieto ആണു.. ( Cinematographer of the noted films like, Babel, 21 Grams, The Wolf of the Wall Street, etc..)

പതിനേഴാം നൂറ്റാണ്ടിൽ മതപരിവർത്തന പ്രവർത്തനവുമായി ജപ്പാനിലെ Nagasaki യിൽ എത്തുകയും, തുടർന്ന് ബുദ്ധിസ്റ്റുകളുടെ പീഢനം സഹിയ്ക്കാനാവാതെ കൃസ്തുമതത്തെ തള്ളിപ്പറയാൻ നിർബന്ധിതനായ  Father Cristóvão Ferreira ( Liam Neeson)  എന്ന പോർച്ചുഗീസ്‌ വൈദികനെ തേടി (Jesuit priest) അദ്ദേഹത്തിന്റെ ശിഷ്യന്മാരായ Sebastião Rodrigues ന്റേയും ( Andrew Garfield), Francisco Garupe യുടേയും (Adam Driver) വരവും, തുടർന്ന്  'ബുദ്ധമതമേൽക്കോയ്മക്കുമുൻപിൽ' അവർ അനുഭവിക്കുന്ന കഷ്ടപ്പാടുകളുമാണു ചിത്രത്തിന്റെ ഇതിവൃത്തം..

Mel Gibson ന്റെ  Hacksaw Ridge ലെ  നായകകഥാപാത്രമായ Desmond Doss നെ അവതരിപ്പിച്ച  Andrew Garfield, "Silence" ലെ Fathers Sebastião Rodrigues നെ നന്നായി അവതരിപ്പിച്ചിട്ടുണ്ട്‌..
ഈ അടുത്തകാലത്ത്‌  Myanmar ലെ  Rohingyas Muslims നോട്‌ ചെയ്ത ക്രൂരതപോലെ, കൃസ്തുമതവിശ്വാസികളെ "കയുത്തറുത്തും, പച്ചയ്ക്ക്‌ ചുട്ടെരിച്ചുമൊക്കെ" ഇല്ലാതാക്കിയിരുന്ന നാഗസാക്കിയുടെ മുഖം അനാവരണം ചെയ്യുന്ന   Shūsaku Endō യുടെ 'Silence'  എന്ന കൃതിയെ അവലംബിച്ചാണു ഈ സിനിമ നിർമ്മിച്ചിരിക്കുന്നത്‌.. തീർച്ചയായും കണ്ടിരിക്കേണ്ട, ഒരു ചിത്രമാണു "Silence". മനോഹരമായ ഫ്രയിമുകളും കോമ്പോസിഷനും ചെയ്യുക എന്നതിലുപരി, കഥയ്ക്കും കഥാപാത്രങ്ങൾക്കും, കഥയുടെ കാലത്തിനും താളത്തിനും ഒപ്പം സഞ്ചരിക്കുക എന്നതാണു നല്ല സിനിമാറ്റോഗ്രഫി..!
Yes..Rodrigo Prieto proves it..!