2012 മേയ് 16, ബുധനാഴ്‌ച

ദിശയറിയാതെ

ദിശയറിയാതെ.... ----------------------------- ....ഒരു ഇടവേളയെന്നോണം നാട്ടിൽ പോയി തിരികെയെത്തുമ്പോൾ വല്ലാത്ത ഭയം തൊന്നുന്നു..... നാടിനെക്കുറിച്ച്....നാളയെക്കുറിച്ച്....!!! രാഷ്ട്രീയ വൈരങ്ങളുടേയും വ്യക്തിപരമായ പ്രശ്നങ്ങളുടേയുമെല്ലാം അവസാനം പൈശാചികമായ ഉന്മൂലനത്തിലാണ്..സഹപാഠിയാൽ കൊലചെയ്യപ്പെട്ട ആലപ്പുഴയിലെ വിദ്യാർത്ഥിയും രാഷ്ട്രീയവൈരത്തിൽ തുടങ്ങി മറ്റൊരു ജനദ്രോഹിക്ക് വോട്ടായിമറിയുന്ന ചന്ദ്രശേഖറിന്റെ കൊലപാതകവുമെല്ലാം ഉന്മൂലനചിന്തയുടെ തുടർക്കഥകൾ മാത്രം. ഇന്നു മാധ്യമങ്ങളുടെ എണ്ണം കൂടിയതും,അവയുടെ ബ്രേക്കിങ്ങ് ന്യൂസിനായുള്ള നെട്ടോട്ടവും, ഇതിനെയെല്ലാം പൊസ്റ്റ്മോർട്ടം ചെയ്ത് നമ്മുടെ മുന്നിൽ എത്തിക്കുന്നു എന്നു മാത്രം.. പിഞ്ചുകുട്ടികൾക്ക് മുന്നിൽ,രാഷ്ട്രീയ പകപോക്കലിൽ പിടഞ്ഞുവീണ മാഷും,കാപാലികർ തകർത്തെറിഞ്ഞ കാലുമായി കഴിയുന്ന പെൺകുട്ടിയുമെല്ലാം നമ്മുടെ മന:സാക്ഷിയെ നോവിച്ച് കടന്നുപോയവരാണ്..മാധ്യമങ്ങളുടെ ബഹളത്തിനുമപ്പുറം ആയുസ്സ് ഇവയ്ക്കൊന്നും ഇല്ലായിരുന്നു....തെരുവിൽ പൊലിയുന്ന ജീവനിൽനിന്നും രക്തസാക്ഷികൾ ജനിക്കുന്നു...പാർട്ടി ഓഫീസ്സുകളിലും പൊതുനിരത്തുകളിലും അവരെ ചില്ലിട്ടു വയ്ക്കുന്നു...വില്ക്കുന്നു....ആ ഓർമ്മമൊട്ടുകൾ വോട്ടായി വിരിയുന്നു....ഖദറിനുള്ളിലെ രാക്ഷസഹൃദയങ്ങൾ നിറയുന്നു!!! ആണ്ട്തോറും,കരിഞ്ഞ മുറിപ്പാടിൽ കുത്തുന്ന പോലെ ഒരു ഒർമക്കുറിപ്പിൽ എല്ലാം തീരും...തീരം വിട്ട തിരപോലെ നമ്മൾ വീണ്ടും നമ്മിലേക്ക് ചുരുങ്ങും...മറ്റൊരു ആഘാതത്തിൽ വീണ്ടും ഉണരുന്നതുവരെ..!!! ഇതൊരു വിഷമവൃത്തമായി,നിഴൾനാടാകമായി തുടരുന്നു...! ഇതിന്റെയെല്ലാം പ്രായോചകർ കാണാമറയത്തിരുന്നു ഊറിച്ചിരിക്കുന്നു..!!! നാടിന്റെ മുക്കിലും മൂലയിലും നിറയുന്ന മദ്യശാലകളും,മദ്യവില്പ്പന കേന്ദ്രങ്ങളും സൃഷ്ടിക്കുന്ന ഭീകരത മറ്റൊന്നാണ്..ഉന്നതർക്കുപോലും ബന്ധമുള്ള ക്വൊട്ടേഷൻ സംഘങ്ങളും അക്രമിപ്പടകളും ഇവിടന്നു തുടങ്ങുന്നു.ശരീര അവയവങ്ങൾക്കും ജീവനും പ്രത്യേകം വിലയിട്ട് ക്വൊട്ടേഷനുകൾ..!!!ശരീരത്ത് തട്ടി കടന്നുപോകുന്ന ആളിനെ തിരിഞ്ഞു നോക്കിയാല്പ്പോലും അംഗവൈകല്യം ഏറ്റുവാങ്ങേണ്ടിവരുന്ന ഒരു കാലത്തിലൂടെയാണ് നമ്മൾ കടന്നുപോവുന്നത്...!!കൊടുക്കുന്നത് കുറഞ്ഞുപോയാൽ,ഈർഷ്യയോടെ നോക്കുന്ന യാചകരുടെ കാലമാണ്...അവർക്കും,ഒരുവേള,സ്വന്തമായി ക്വൊട്ടേഷൻ സംഘങ്ങൾ ഉണ്ടായിരിക്കാം...കുട്ടികളും ബന്ധുക്കളും വീടിനു പുറത്തുപോയാൽ തിരിച്ചുവരുന്നതുവരെ വല്ല്ലാത്ത നെഞ്ഞിടിപ്പോടെ കാത്തിരിക്കേണ്ട അവസ്ഥ!!! ഈയൊരു അവസ്ഥയിലേക്ക് നാടിനെ തള്ളിവിട്ടതാരാണ്??നമ്മൾ തന്നെയല്ലേ?? തകരുന്ന ബന്ധങ്ങളും, തളർത്തുന്ന വാക്കുകളും,നമ്മിലേക്ക്തന്നെയുള്ള ഉൾവലിയലും,പരസ്പരവിശ്വാസമില്ലായ്മയും, ഈർഷ്യെയും,പകയും,ചതിയുമെല്ലാം രൂപപ്പെടുത്തുന്നത് വികലമായ,എല്ലാറ്റിനോടും വെറുപ്പുള്ള ഒരു വ്യക്തിയെയാണ്...അതിലൂടെ ഒരു സമൂഹത്തെയാണ്...അവിഹിതബന്ധങ്ങളേയും അനാഥകുട്ടികളേയും കൊണ്ട് പൊറുതിമുട്ടിയ റ്റിവി സീരിയലുകളും ,പ്രായോചകർ നിയന്ത്രിക്കുന്ന വാർത്തകളും,ചൂതാട്ടങ്ങളുടെ വിസ്മയക്കാഴ്ച്ചകളുമെല്ലാം നമ്മളെ നയിക്കുന്നത് എങ്ങോട്ടാണ്?? ഫേസ് ബുക്കിലെ പോസ്റ്റിന് ലൈക്കു കുറഞ്ഞതിന്റെ പേരിൽ എല്ലാവരോടും പിണങ്ങി പട്ടിണി കിടക്കുന്ന ഒരു തലമുറയിലെ ഈ മാലിന്യങ്ങൾ എവിടെ സംസ്ക്കരിക്കും??? (വാല്ക്കഷണം-വൈകീട്ട് ‘രണ്ടെണ്ണം അടിച്ചാൽ’ മാറുന്ന ആകുലതയേ എനിക്കുള്ളൂ എന്നു മനസ്സിലാക്കിത്തന്ന പ്രിയ സുഹൃത്തിന് നന്ദി..!!!ഒപ്പം,വോട്ടിടൽ എന്നതു,‘നമ്മളെ അടിമയാക്കി ഭരിക്കാൻ ഒരു യജമാനനെ തെരെഞ്ഞെടുക്കുന്ന അടിമത്വമാണെന്നുള്ള’ അറിവിനും..!!) -----ഉണ്ണി മടവൂർ----

2012 ഏപ്രിൽ 5, വ്യാഴാഴ്‌ച

കഥ- വിശ്വാസം

കഥ..

വിശ്വാസം..
---------------------------------------------
ഐ സി യൂണിറ്റിന് പുറത്ത് കാത്തിരിക്കാൻ തുടങ്ങിയിട്ട് മണിക്കൂറുകളായെങ്ങിലും,സുദർശൻ ക്ഷീണിതനല്ലായിരുന്നു...ഭയചകിതനായിരുന്നു..ഓരോ തവണ വാതിൽ തുറന്ന് നഴ്സ്മാർ പുറത്തേക്ക് വരുമ്പോഴും അയാളുടെ ഹൃദയതാളം ഏറിയിരുന്നു.
ബെഞ്ചിൽ നിന്ന് എഴുന്നേല്ക്കും മുൻപ് തന്നെ ‘ഒന്നും പറയാറായിട്ടില്ല’ എന്നു പറഞ്ഞ് നഴ്സുമാരും ഡോക്റ്റർമാരും ധൃതിയിൽ കടന്നുപോകും..തന്നെപ്പോലെ ആയിരങ്ങളുടെ വേദന കണ്ട് മന:സാക്ഷി മരവിച്ച,എണ്ണക്കറ പിടിച്ച ഭിത്തികൾ...മൂളിപ്പാട്ടുമായി വയറുനിറച്ച് കടന്നുപോകുന്ന കൊതുക്....മുകളിൽ,പെൻഷൻ പ്രായം കഴിഞ്ഞിട്ടും സ്വയം പഴിച്ച് പുലമ്പിക്കറങ്ങുന്ന പങ്ക...!!!
ഒന്നും വേണ്ടിയിരുന്നുല്ല എന്ന് ഇപ്പോൾ ചിന്തിച്ചിട്ട് കാര്യമില്ല എന്നറിയാം...! എങ്കിലും...
“സുമേഷിന്റെ ബന്ധുക്കളാരെങ്കിലും ഉണ്ടോ..?”, കയ്യിൽ നീട്ടിപ്പിടിച്ച ഒരു കടലാസുമായി വാതിൽ പാതി തുറന്ന്,മാലാഖയുടെ വേഷമിട്ട നഴ്സ് തല നീട്ടി..
“എന്താ സിസ്റ്റർ?...ഞാനുണ്ട്..”,പാതിയഴിഞ്ഞ മുണ്ട് മടക്കിയുടുത്ത് അയാൾ ഓടിയെത്തി.
“മോനെങ്ങനുണ്ട് സിസ്റ്റർ?..എനിക്കവനെ ഒന്നു കാണാൻ....?”
“ഇപ്പോൾ ആരെയും അകത്തേക്ക് വിടില്ല..ഒന്നും പറായാറായിട്ടില്ല..” ആ കണ്ണുകളിലെ നിസ്സംഗത അയാളെ ചൊടിപ്പിച്ചില്ല....
“..ങാ...പെട്ടെന്ന് ഈ മരുന്നു വാങ്ങണം..വേഗം..”
മരുന്ന് കുറിപ്പ് വാങ്ങി തിരികെ നടക്കുമ്പോൾ കണ്ണുകളിൽ നോവിന്റെ കരിമേഘം ഉരുണ്ട് കൂടുന്നുണ്ടായിരുന്നു..
“ ഹലോ..നാലഞ്ച് കുപ്പി ബ്ളഡ് കൂടി വേണ്ടിവരും...ഞരമ്പ് മുറിച്ചതല്ലേ..?” വീണ്ടും മാലാഖ തല പുറത്തേക്കിട്ടു, “ബി നെഗറ്റീവ്...ഡോക്റ്റർ ഉച്ചയുറക്കം കഴിഞ്ഞു വരുമ്പോഴേക്കും ആളെ റെഡിയാക്കിക്കോളൂ...”

കണ്ണിലൂറിക്കൂടിയ നോവ് ഒന്നിനു പുറകിൽ മറ്റൊന്നായി കൊഴിയാൻ തുടങ്ങി...!
മെഡിക്കൽ കോളജിന് മുന്നിൽ വൈകുന്നേരം സന്ദർശകരുടെ തിരക്ക് ഏറുകയാണ്...വേണ്ടപ്പെട്ടവരെ ഒന്നു കാണാൻ...ആശ്വസിപ്പിക്കാൻ...കൂട്ടിരിപ്പുകാരും..സ്വന്തക്കാരും..!! തിരക്കിനടയിൽ അന്നത്തെ അന്നത്തിന്റെ വക കണ്ടെത്തുന്ന കൂട്ടിക്കൊടുപ്പുകാരും,പോക്കറ്റടിക്കാരും,ഒരുപാട് വലഞ്ഞവരും,വളഞ്ഞവരും,പലരും വളച്ചവരും...!!
.....പ്രളയം...!!!
സന്ദർശകർക്കുള്ള പ്രവേശനകവാടാത്തിലൂടെ പുറത്തേക്ക് ഇറങ്ങുവാനോ അകത്തേക്ക് കയറാനോ കഴിയാത്ത അവസ്ഥ..കവാടത്തിൽ മീശ പിരിച്ച് നില്ക്കുന്ന കാവല്ക്കാരൻ,വല്ലാതെ പ്രകോപിതനായിരുന്നു..ഈ ആതുരാലയം തന്റെ മാത്രം സംരക്ഷണയിലാണെന്നുള്ള ഗർവ്വിൽ അയ്യാൾ വിരിഞ്ഞ് നിന്നു...!!
പ്രധാന കവാടത്തിനു പുറത്ത് പടർന്ന് പന്തലിച്ച മരങ്ങളിൽ കൂടണയുന്ന പക്ഷികളുടെ ബഹളവും,നിരത്തിലെ യാത്രക്കാരുടെ തിക്കും തിരക്കും സുദർശൻ അറിഞ്ഞില്ല..
‘മോന് എന്തെങ്കിലും ആവശ്യം വന്നാൽ കൂടെ ആരുമില്ലല്ലോ’.....എങ്കിലും രമണീ കൂടെയുണ്ടായിരുന്നെങ്ങിൽ എന്ന് അയാൾ ആഗ്രഹിച്ചില്ല..!

സുമേഷിന് നാല് വയസ്സുള്ളപ്പോഴാണ്,തന്നിൽ സ്വഭാവദൂഷ്യം ആരോപിച്ച അവളെ പടിയിറക്കിയത്.. കഴിഞ്ഞ പത്തു വർഷവും രമണിയെക്കുറിച്ച് അയാൾക്ക് നൊമ്പരമുണ്ടായിട്ടില്ല...മോൻ കൂടെയില്ലാത്തൊരു യാത്രയിലെ അപകടത്തിൽ അമ്മ മരിച്ചു എന്ന കള്ളം ഇന്നലെവരേയും സുമേഷ് വിശ്വസിച്ചിരുന്നു..! വ്യക്തമായി പറഞ്ഞാൽ,മാനസികരോഗാശുപത്രിയിൽ നിന്നും തിരികെ കൂട്ടാൻ ആളില്ലാതെ,ആശയറ്റവരുടെ കഥ കഴിഞ്ഞ ദിവസം ടി വിയിൽ കാണൂന്നതുവരെ...!! നെഞ്ചിൽ നുരയുന്ന സ്നേഹവുമായി,വർഷങ്ങളായി, ഓർമ്മത്തമ്പുരു പൊട്ടിയവർക്കിടയിൽ രമണി കാത്തിരിക്കുന്ന ചിത്രം കാണുന്നതുവരെ...!!!

സുദർശൻ വല്ലാതെ വിയർക്കുന്നുണ്ടായിരുന്നു...സംശയത്തിന്റെ വേരുകൾ വിശ്വാസത്തിൽ ആഴ്ന്നിറങ്ങി,ഇലക്ട്രിക് ഷോക്കിന്റെ വിറയലിലേക്കും മരവിപ്പിലേക്കും അവളെ തള്ളിവിടുമ്പോൾ ഉണ്ടായതിനേക്കാൾ ഭയം അയാളിൽ കൂട് വച്ചു...!
“എവിടെ നോക്കിയാടോ നടക്കണത്?..വീട്ടിൽ പറഞ്ഞിട്ടാണോ വന്നത്?”..മുൻപിൽ ചവിട്ടി നിർത്തിയ ഓട്ടോക്കാരന്റെ രോഷം അടങ്ങിയില്ല..“നോക്കും വാക്കുമില്ലാതെ ഓരോന്നു കുറ്റീം പറിച്ച് പോന്നോളും.”!
തെരുവ് കച്ചവടക്കാരും,അവർക്കിടയിലൂടെ ഊളിയിട്ട് നീങ്ങുന്ന ഓട്ടോകളും ആനവണ്ടിയും മറ്റും കൈയ്യേറിയ പാത മുറിച്ച് കടക്കുക ദുഷ്ക്കരമായിരുന്നു...
ചിന്തയുടെ കടന്നലുകൾ ചുറ്റിലും മൂളിപ്പറന്നു..ഇരമ്പൽ തനിക്കുമേൽ കൊടുംവേദനയായി...ചുറ്റിലും ഇരുട്ട് മൂടി...വേദന ഇരുട്ടിൽ ലയിച്ച് ഇല്ലാതായത് അയാൾക്ക് അറിയാൻ കഴിഞ്ഞില്ല...!!!

(കേരള കൗമുദി ആഴ്ച്ചപ്പതിപ്പിൽ പ്രസിധീകരിച്ച കഥ)
---------ഉണ്ണി മടവൂർ---------------------------------------------

2012 ഫെബ്രുവരി 28, ചൊവ്വാഴ്ച

കഥ- ഒരു ധനുമാസരാത്രിയിൽ


   കഥ...
 
  ഒരു ധനുമാസരാത്രിയിൽ....
  --------------------------------------

 “.....നിനക്കറിയില്ല ഞാൻ അനിഭവിക്കുന്ന വേദന...! മടുത്തു....!”
ഞാൻ നീട്ടിയ സോഡ ഇടതു കൈകൊണ്ട് തട്ടിമാറ്റി,ഡ്രൈ ആയിട്ട് മൂന്നാമത്തെ പെഗ്ഗ് ബ്രാൻഡി              കഴിക്കുമ്പോൾ ,സന്തോഷ് വികാരാധീനനായി...
“ഒരു ഡൈവോഴ്സിനെക്കുറിച്ച് ഒത്തിരി തവണ ചിന്തിച്ചതാണ്..രണ്ട് കുട്ടികൾ ആയിപ്പോയില്ലെ.? അവരെന്തു പിഴച്ചു..?”
വീണ്ടും ഗ്ളാസ്സ് നീട്ടിയപ്പോൾ എനിക്കു തടയാതിരിക്കാൻ കഴിഞ്ഞില്ല.
സന്തോഷിന്റെ ശരീരവും മനസ്സും നിയന്ത്രണം വിടുന്നത് ഞാനറിഞ്ഞു..മുകളിൽ, സർവശക്തിയുമെടുത്ത് കറങ്ങുന്ന ഫാനിന് അകറ്റാൻ കഴിയുന്നതിനുമപ്പുറം അയ്യാൾ ക്ഷീണിതനായിരുന്നു..
“...നിനക്കറിയോ..?.ഞാൻ നന്നായിട്ട് ഉറങ്ങിയിട്ട് നാളുകളായി..! എന്റെ മക്കളെ ലാളിച്ചിട്ട്.....നല്ല ഭക്ഷണം കഴിച്ചിട്ട്...!! നോ..ഐ കെനോട്ട്....! എനിക്കിനി പറ്റില്ലടാ....! ബിൽസൈക്കിന്റെ നായയെ പോലുള്ള ജീവിതം...!”
സന്തോഷിന്റെ ശബ്ദം വിറയ്ക്കുന്നുണ്ടായിരുന്നു...കുഴയുന്ന നാവിനെ,അവശേഷിക്കുന്ന ബോധത്തിൽ അയ്യാൾ വീണ്ടും ചലിപ്പിച്ചു...
“...ആത്മഹത്യ ചെയ്യാനും സ്വാതന്ത്ര്യമില്ല...അതു ജീവിച്ചിരിക്കുന്നവർക്ക് നാണക്കേടും വേദനയുമാവും...! അസുഖം വന്നു മരിച്ചാൽ വിധിയെന്നു കൂട്ടും....! എന്തൊരു ലോകം..!“ ...കണ്ണിൽ ഊറിക്കൂടിയ     നോവിനെ  തുടച്ചുമാറ്റി,ഒരു കവിൾ വെള്ളം കുടിച്ചു..”..നീ അവിടെയെങ്ങാനും ഒരു ജോലി നോക്ക്..ഞാൻ വരാം..ഐ വാന്റ് പീസ്...എനിക്കു സമാധാനം വേണം.....എനിക്കു......“ സന്തോഷിന്റെ ശബ്ദം നേർത്ത് ഫാനിന്റെ ശബ്ദത്തിൽ ലയിച്ചുപോയി...പിന്നിലെ വെറും നിലത്ത്,മുറിച്ചിട്ട തടിക്കഷണം പോലെ അയ്യാൾ    വീഴുന്നത് ഞാനറിഞ്ഞു....
  സന്തോഷിന്റെ ഞരമ്പുകളിൽ മദ്യലഹരി അധികാരം സ്ഥാപിച്ചു.അപ്പോഴും അയ്യാൾ ചുണ്ടുകൾ ചലിപ്പിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു.ലക്ഷ്യമില്ലാതെ,മുറിയിൽ പറന്നുനടന്ന ഈച്ച അയാളുടെ കവിളിൽ    വിശ്രമിക്കാനിരുന്നു. പാതിചാരിയ വാതിലിനിടയിലൂടെ കാറ്റ് തന്റെ തണുത്ത കൈകൾ മുറിയിലേക്ക്         നീട്ടി.
ഫാനിന്റെ മുരൾച്ചക്കും മീതെ സന്തോഷിന്റെ കൂർക്കംവലി കേൾക്കാൻ തുടങ്ങി.ബോധത്തിന്റെ വർത്തമാനത്തിൽ നിന്നും ഭൂതകാലത്തിന്റെ ഇരുണ്ട ഇടനാഴിയിലൂടെ,അയാൾ സഞ്ചരിക്കാൻ തുടങ്ങി...
  ഞാൻ സന്തോഷിനെ ആദ്യമായി കാണുന്നത് എട്ടാം ക്ളാസ്സിൽ  പഠിക്കുമ്പോഴാണ്..വേനല്ക്കിനാവുകൾക്കിടയിൽ, അവധിക്കാല ക്ലാസ്സിന്,പാരലൽ കോളജിൽ....കൊഴുത്ത` ഉരുണ്ട്,പൂവൻപഴം പോലെ,കനത്ത തുടകളിൽ         ഇറുകിക്കിടക്കുന്ന ട്രൌസറിട്ട തടിയനെ എല്ലാവരും ശ്രദ്ധിച്ചിരുന്നു...പ്രത്യേകിച്ചും,പ്രിഡിഗ്രി    തോറ്റിട്ട് ‘രണ്ടാമൂഴത്തിന്’ വന്നിരുന്ന ‘ചേട്ടന്മാർ’...!
 പാരലൽ കോളജിന്റെ ഓലക്കീറുകൊണ്ട് വേർതിരിച്ച ക്ലാസ്സ്മുറിയുടെ ഇപ്പൂറത്തിരുന്ന്,അടുത്ത ക്ലാസ്സിലെ പിൻബെഞ്ചിലിരിക്കുന്ന സന്തോഷിന്റെ തുടയിലേക്ക്,‘ചെറ്റക്കിടയിലൂടെ’ കൈയ്യിട്ട് തടവുന്നത് ചേട്ടന്മാർക്ക് രസമായിരുന്നു...ഒരു പെൺകുട്ടിയെപ്പോലെ അവൻ നാണിക്കുന്നത്,ക്ലാസ്സിലിരുന്നു ഞങ്ങളും ഏറുകണ്ണിട്ട് നോക്കിയിരുന്നു.....!!
 സ്കൂളിലെ കണക്ക് മാഷിന്റെ മകന്,പക്ഷെ കണക്കും കെമിസ്ട്രിയും ഇഷ്ടമില്ലായിരുന്നു...മറ്റു വിഷയങ്ങളിൽ കേമനായിരുന്നു..
ഒരു കുഞ്ഞിനെപ്പോലെ,എല്ലാം മറന്ന് ഉറങ്ങുന്ന സന്തോഷിന്റെ തുടയിലെ മുണ്ട്     മാറിക്കിടന്നിരുന്നു..പണ്ട്,‘ചേട്ടന്മാരെ പോലെ’, അടുത്തിരുന്ന ആ  കൂട്ടുകാരനോട് കാണിച്ച ‘വികൃതിക്ക്’, ഗോവിന്ദൻ മാസ്റ്റർ തന്ന സമ്മാനം ഇന്നും വേദനയോടെ ഓർക്കുന്നു..ഇപ്പോൾ അയ്യാളുടെ മുണ്ട് പിടിച്ചിടുമ്പോൾ,എനിക്ക് വല്ലാത്ത കുറ്റബോധം ഉണ്ടായിരുന്നു..!!!
അങ്ങനെ,വികൃതികൾ കാണിച്ചും,തല്ലിയും തല്ലുകൊണ്ടും പത്താം ക്ളാസ്സിൽ,ഞങ്ങൾ ,മറ്റു പലരേയും പോലെ വിട പറഞ്ഞു..പഴുക്കാത്ത കശുമാങ്ങയുടെ കറപോലുള്ള കൗമാരം..!!
സൗഹൃദത്തിന് കാലം നിശ്ചയിച്ച ഇടവേള ബിരുദകാലം വരെ ദൈർഘ്യമേറിയതായിരുന്നു..പത്താം  തരത്തിൽ സ്കൂളിലെ രണ്ടാമനായി വിജയിച്ച സന്തോഷ്,കൊല്ലത്ത് ഏതോ കോളജിൽ ഫസ്റ്റ് ഗ്രൂപ്പിന്  പഠിച്ചു. എന്റെ മാർക്കിന് തേർഡ് ഗ്രൂപ്പിനപ്പുറം വിലയില്ലായിരുന്നു...
സന്തോഷ് പഠിച്ച സയൻസും,ഞാൻ പഠിച്ച ചരിത്രവും ,ഒടുവിൽ ഞങ്ങളെ എത്തിച്ചത് ഇംഗ്ലീഷ് സാഹിത്യം പഠിപ്പിക്കുന്ന പാരലൽ കോളജിലായിരുന്നു..
ഋതുക്കൾ,ആ തടിയനെ വല്ലാതെ മാറ്റിയിരുന്നു..കൗമാരത്തിനും യൗവനത്തിനുമിടയിൽ മാറ്റങ്ങൾ അനുഗ്രഹിക്കപ്പെട്ട സന്തോഷ്,ഏതു പെൺകുട്ടിയും നോക്കിനില്ക്കുന്ന കോളജ് കുമാരനായി..നന്നായി കവിത    ചൊല്ലിയും പാട്ടുപാടിയും പെൺകുട്ടികളെ വീഴ്ത്തുന്ന അവനോട് വല്ലാത്ത അസൂയയായിരുന്നു...
ക്ളാസ്സിലെ നീണ്ട മൂടിക്കാരിയായിരുന്ന രേണുകയോട് സന്തോഷിനുണ്ടായിരുന്ന ‘അടുപ്പം’ കോളജിൽ പാട്ടായിരുന്നു..എട്ട് മണീക്കു മുൻപേ ബസ്സ്റ്റാന്റിൽ കാത്തുനിന്നു,രേണുകയ്ക്ക് ‘എസ്കോർട്ട്’     പോകുന്ന സന്തോഷ് ഒരു സ്ഥിരം കാഴ്ച്ചയായിരുന്നു..!!
ഷെല്ലിയുടേയും കീറ്റ്സിന്റേയും ബ്രൗണിങ്ങിന്റേയും കാല്പനികതകളിൽ ഞാൻ അവനെ കണ്ടു..റോമിയോയും ജൂലിയറ്റും അവരിലേക്ക് ഇറങ്ങിവന്നു..ബർനാഡ്ഷായും ഇബ്സനും ബേക്കനുമൊക്കെ ക്ളാസ്സുകളിൽ മാറുന്നത് അവരറിഞ്ഞിരുന്നില്ല...!!
 ബിരുദാനന്തരം,പത്രപ്രവർത്തനം പഠിച്ച്  ഇന്ദ്രപ്രസ്ഥത്തിൽ എത്തി,വർഷങ്ങൾക്കുശേഷം    നാട്ടിലെത്തുമ്പോൾ,ഒരു സ്വകാര്യ സ്കൂളിൽ വലിയ തുക കൊടുത്ത് സന്തോഷ് ജോലിക്ക് കയറിയതും,അതിലും പണവും       ജോലിയുമുള്ള പെണ്ണിനെ വിവാഹം കഴിച്ചതും,പി.എസ്.സി ടെസ്റ്റിലൂടെ രേണുക ഏതോ സർക്കാരാപ്പീസിന്റെ മൂലയിൽ ഇരുപ്പുറപ്പിച്ചതും,രണ്ടു വർഷത്തിൽ ഒന്നു എന്ന കണക്കിൽ അവൾ പ്രസവിക്കാൻ തുടങ്ങിയതും,ഇപ്പോൾ മൂന്നു കുട്ടികളെക്കൊണ്ട് തൃപ്തിയടഞ്ഞതുമൊക്കെ അറിഞ്ഞു....!!
കൂട്ടത്തിൽ,ദോഷം പറയരുതല്ലോ! ബംഗാളി ജീവിതം വായിച്ചറിഞ്ഞ എനിക്ക് ഒരു ബംഗാളിപെണ്ണിനെ തന്നെ കൂട്ടിന് കിട്ടി...!
....വീ ആർ നോട്ട് മേരീഡ്....ബട്ട് ലിവിങ്ങ് റ്റുഗദർ...!! ഹാപ്പിലി....പ്രാരാബ്ധങ്ങളില്ലാതെ....!!!
ഒരു കല്ക്കട്ട ടാബ്ളോയിഡിന്റെ ഡൾഹി എഡിഷനിലായിരുന്ന അരുന്ധതിസെന്നിനെ കണ്ടതു തികച്ചും       യാദൃശ്ചികമായിട്ടായിരുന്നു..സെയിം വേവ് ലെങ്ങ്ത്...! പക്ഷെ അവൾ വിവാഹത്തിനു തയ്യാറല്ലായിരുന്നു...അവളുടെ വാക്കിൽ അതൊരു അടിമത്തമാണ്...ബോത് മെന്റൽ ആന്റ് ഫിസിക്കൽ..!! “സോ ലെറ്റ്‘സ് ലിവ് റ്റുഗദർ..വീ ലൗ ഈച് അദർ...ബട്ട് ആസ് ടു ഇന്റിവിജുവൽസ്...!”,ഞാനും സമ്മതിച്ചു...!!
തറവാട്ടിൽ എത്തുമ്പോഴെല്ലാം അമ്മ ’വിശേഷം‘ തിരക്കാറുണ്ട്...ഒരു ദീഘനിശ്വാസത്തിൽ എല്ലാം ഒതുക്കും..എന്റെ കുഴപ്പമാണ്..മരുന്നു കഴിക്കുന്നുണ്ട്...വീണ്ടും പ്രതീക്ഷയോടെ ആറ്റുകാലമ്മയ്ക്ക് നേർച്ചകൾ നേരും..!
ദില്ലിയിലെ പത്രപ്രവർത്തനം മടുത്താണ് ഒരു ഈവന്റ് മാനേജ്മെന്റ് കമ്പനിയിൽ ചേർന്നത്..ഇപ്പോൾ അവരുടെ ദുബായ് ഓഫീസിന്റെ മേധാവി. അരുന്ധതി ദില്ലിയിലാണ്..ഷീ ഹാസ് മെനി കമിറ്റ്മെന്റ്സ്‌ ദെയർ..!         ബട്ട്  സ്റ്റിൽ വി ലിവ് റ്റുഗദർ....ഷുവർ..വി ലിവ് റ്റുഗദർ ആസ് ലോങ്ങ് ആസ് ദെയർ ഈസ് ഫോൺ ആന്റ് ഇന്റെർനെറ്റ്...!!
നാട്ടിൽ വരുമ്പോൾ താമസിക്കാൻ ഒരു സുഹൃത്ത് തരപ്പെടുത്തിയതാണ് ഈ ഫുൾഫർണിഷ്ഡ് ഫ്ലാറ്റ്..

“......സോറീടാ..ഞാൻ നിന്നെ വല്ലാതെ ബുദ്ധിമുട്ടിച്ചല്ലേ?...സോറീ...”..പിന്നിൽ സന്തോഷിന്റെ വാക്കുകൾ കേട്ട് ഞാൻ ഞെട്ടിയുണർന്നു.ചിന്തകളിൽ അപ്രതീക്ഷിത പവർകട്ട് പോലെ. വല്ലാതെ വൈകിയെന്ന് അറിഞ്ഞത് അപ്പോഴാണ്..വൈകുന്നേരം നാലു മണിക്കു “കൂടൽ” തുടങ്ങിയതാണ്...ഇപ്പോൾ പന്ത്രണ്ട് മണി കഴിഞ്ഞിരിക്കുന്നു...!!
“ഐ സ്ലെപ്റ്റ്  വെൽ...കുറച്ചു നാളിനു ശേഷം നന്നായി ഉറങ്ങി...താങ്ക്സ് എ ലോട്ട്...!”
സന്തോഷിന്റെ വാക്കുകളിൽ ആശ്വാസവും ആത്മാർഥതയും നിറഞ്ഞിരുന്നു..എങ്കിലും,ശരീരത്തെ നിലക്കു നിർത്താൻ അയാളുടെ കാലുകൽ നന്നേ ക്ളേശിച്ചിരുന്നു..പ്രേയസിയെ പിരിയാൻ കഴിയാത്ത  കാമുകനെപ്പോലെ ലഹരി അപ്പോഴും അവനിൽ നിറഞ്ഞുനിന്നു...
അപ്പൂപ്പന്ത്താടിപോലെ ആടിക്കളിക്കുന്ന സന്തോഷിനെ താങ്ങിപ്പിടിച്ച്,ബാല്ക്കണിയിലെ കസേരയിൽ ഇരുത്തി..കുപ്പിയിൽ പകുതിമാത്രം അവശേഷിച്ചിരുന്ന വെള്ളം ആർത്തിയോടെ കുടിക്കുന്നത് കണ്ടപ്പോൾ അയാളുടെ വിശപ്പും ദാഹവും ഞാനറിഞ്ഞു..
“നമ്മുക്ക് എന്തെങ്കിലും കഴിക്കണ്ടേ..? ഇവിടെ നമ്മൾ കഴിച്ചതിന്റെ ബാക്കി ‘ടച്ചിങ്ങ്സേ’ ഉള്ളൂ...അടുക്കളയിൽ കുറച്ചു ബ്രെഡും ജാമും ഉണ്ടാവും...”
അതൊന്നും അമ്ളമേറിയ വയറിന് പോരെന്നു എനിക്കറിയാമായിരുന്നു..“നമ്മുക്ക് പുറത്തുപോയി ആഹാരം കഴിക്കാം..ഏതെങ്കിലും തട്ടുകട ഉണ്ടാവും..” എനിക്കും വിശപ്പ് സഹിക്കാനായില്ല..
“...കുറച്ചിരുന്നിട്ട് പോവാം...ഓ കെ..?”, സന്തോഷ് വീണ്ടും വെള്ളം തിരയുന്നുണ്ടായിരുന്നു.
 ഞങ്ങൾക്കു പുറമേ,ആ പാതിരാവിൽ ശബ്ദമുണ്ടാക്കാൻ ധൈര്യം കാണിച്ചത് ചീവീടുകളും,ഞങ്ങളെപ്പോലെ വിശന്ന്,ഞങ്ങളെ ചുറ്റിപ്പറന്ന കൊതുകുകളും,പിന്നെ,തെരുവിന്റെ അറ്റത്തുള്ള വീട്ടിലെ വളർത്തുനായയുമായിരുന്നു..
ഉറക്കം തുങ്ങുന്ന തെരുവുവിളക്കുകൾ ഇരുട്ടിനോട് നന്നേ മത്സരിക്കുന്നുണ്ടായിരുന്നു..വോൾട്ടേജ്  ക്ഷാമം അവയെ വല്ലാതെ ക്ഷീണിപ്പിച്ചിരുന്നു.
അധിക രക്തസമ്മർദം,സന്തോഷിന്റെ നെറ്റിയിലെ ഞരമ്പുകളുടെ കനം കൂട്ടിയിരുന്നു.ഇടയ്ക്കിടെ കോട്ടുവായിട്ട്,കണ്ണുതിരുമ്മി,തന്റെ സ്വകാര്യതയിലേക്ക് എന്നേയും കൂട്ടി...
ഭരണപക്ഷത്തെ ശക്തനായ ഒരു എം എൽ എയുടെ സഹോദരീപുത്രിയെ,തങ്ങളുടെ മരുമകളാക്കാൻ സന്തോഷിന്റെ മാതാപിതാക്കൾ വളരെ യത്നിച്ചു..സന്തോഷിന്റെ ശരീരത്തിനേയും മനസ്സിനേയും സ്വർണ്ണവും പണവും കൊണ്ട് തുലാഭാരം നടത്തി..നഗരത്തിലെ മനോഹരമായ വീടും വിദേശനിർമ്മിത കാറും അയാളുടെ ‘സൗഭാഗ്യത്തിനു’ മോടി കൂട്ടി..!
സൗഭാഗ്യത്തിന്റെ നീലിമയിൽ,വെളുത്ത മേഘങ്ങൾക്കു പിന്നിൽ മറഞ്ഞിരുന്ന കരിമേഘങ്ങളെ അയാളറിഞ്ഞില്ല. ജീവിതത്തിന്റെ വഴുക്കുന്ന പടിയിലാണ് തന്റെ കാല് എന്നറിയാൻ അധികനാൾ വേണ്ടിവന്നില്ല..പുഞ്ചിരി അവളുടെ മുഖത്തിന് അന്ന്യമായിരുന്നു.പദപ്രയോഗങ്ങളുടെ മിതത്വവും മൃദുത്വവും അവൾക്കറിയുമായിരുന്നില്ല..ഓടാത്ത വാച്ചിലെ സൂചിപോലെ ജീവിതം..!!
ജീവിതത്തിന്റെ നെയ്യ് വിളക്കിൽ കരിന്തിരി എരിയുന്നത് അയാൾ നോക്കിനിന്നു..ബന്ധങ്ങളുടേയും സൗഹൃദങ്ങളുടേയും പച്ചിലകൾ ഓരോന്നായി കൊഴിഞ്ഞു വീണു..!
ബാല്ക്കണിയിലെ വിളക്കിനു മുന്നിൽ മൂടല്മഞ്ഞുപോലെ പുകചുരുളുകൾ പൊതിഞ്ഞു നിന്നു..ഒന്നരമണിക്കൂർകൊണ്ട് ഒരു പായ്ക്ക്റ്റ് സിഗരറ്റ്..! എനിക്കു എന്തോ,വിദേശ സിഗരറ്റിനോട് കമ്പമില്ലായിരുന്നു..‘ഗോൾഡ് ഫ്ളേക്ക് കിംഗ് സൈസിന്റെ’ രുചി എനിക്കിഷ്ട്ടമായിരുന്നു..
മാല്ബറോയുടെ അടുത്ത പായ്ക്കറ്റും അയാൾ ആവശ്യപ്പെട്ടു..
“..ഒരിക്കൽ എഴുതിയാൽ തിരുത്തി എഴുതാനാവാത്ത കവിത....തിരികെ കറങ്ങാത്ത ഘടികാരസൂചിപോലെ...!”,കത്താത്ത സിഗരറ്റ് ലൈറ്റർ വലിച്ചെറിഞ്ഞ്,തീപ്പെട്ടിത്തിരി ഉരച്ചുകൊണ്ടു അയാൾ പറഞ്ഞു...“ഐ ലോസ്റ്റ് ടെൻ ഈയേർസ് ഓഫ് മൈ ലൈഫ്...ജീവിതത്തിന്റെ തിരികെ കിട്ടാത്ത പത്തു വർഷം...!” പുകച്ചുരുളുകൾക്കൊപ്പം വാക്കുകൾ പുറത്തേക്ക് വന്നു...
നഗരത്തിലെ പ്രശസ്തമായ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പഠിക്കുന്ന രാഹുലും വിനയനുമാണ് സന്തോഷിനെ ജീവിതത്തിലേക്ക് തിരിച്ചു വിളിക്കുന്നത്...ഇടയ്ക്ക് എപ്പോഴോ വന്നുപോയ വേനല്മഴയിൽ മുളപൊട്ടിയ വിത്തുകൾ...!!!
ഇന്നു രണ്ടുമുറികളിൽ അന്തിയുറങ്ങുന്ന അച്ഛനമ്മമാർ മക്കളുടെ ശീലമായിക്കഴിഞ്ഞു...!!
വിശപ്പ് ആമാശയ ഭിത്തിയെ കാർന്ന് തിന്നാൻ തുടങ്ങി..ഒന്നോ രണ്ടോ മണിക്കൂറുകൾകൂടി കഴിഞ്ഞാൽ പ്രഭാതസവാരിക്ക് ആൾക്കാർ ഇറങ്ങും...പത്രവണ്ടിയും പാൽ വണ്ടിയും നിരത്തിലിറങ്ങും...
ഫ്ളാറ്റിൽ നിന്നു പുറത്തിറങ്ങുമ്പോൾ,അകലെ കാലൻ കോഴി കൂവുന്നുണ്ടായിരുന്നു..അടുത്ത വീടുകളിലെവിടയോ വാതിലുകൾ ഞെരങ്ങി തുറക്കുകയും അടയുകയും ചെയ്തിരുന്നു...പെയ്തൊയിഞ്ഞ ആകാശത്തിന്റെ നീലിമ സന്തോഷിൽ നിറയുന്നതായി തോന്നി..!
മഞ്ഞുപെയ്ത ആ ധനുമാസരാവിൽ ഞങ്ങൾ നടന്നു....തങ്ങളേക്കാൾ ദു:ഖിതനെ കണ്ടാൽ തിരികെവരാം എന്നു തീരുമാച്ച് യാത്ര തുടങ്ങിയ,അറബിക്കഥയിലെ സുൽത്താൻ ഷെഹരിയാറിനേയും സഹോദരനേയും പോലെ...!!!

-----------------ഉണ്ണി മടവൂർ---------(2011 ഏപ്രിലിൽ പ്രസിധീകരിച്ച കഥ)----------------------------------------------







 






2012 ജനുവരി 17, ചൊവ്വാഴ്ച

ഒരു റിപ്പബ്ലിക്‌ ചിന്ത


  ഒരു റിപ്പബ്ലിക് ചിന്ത...
     ------------------------------------

    ലോകം മാറ്റത്തിന്റെ പാതയിലാണ്.ഇന്നലെവരേയും ഉണ്ടായിരുന്ന ലോകക്രമവും വ്യവസ്ഥിതികളും   ഇന്നു മാറ്റത്തിന് വിധേയമാവുന്നു.നാളെ അത് മറ്റൊരു പരിവർത്തനത്തിന് പാത്രമാവുന്നു.ഇതൊരു നിഴൽനാടകം പോലെ,ചക്രം പോലെ തുടരുന്നു..
     2011 കടന്നുപോയത് മാറുന്ന ലോകഭൂപടത്തിന്റെ പുതിയ ചരിത്രം കുറിച്ചുകൊണ്ടാണ്. സാമാന്യജനത്തിന് ഭരണവ്യവസ്ഥകളൊടും,അതു കൈയ്യാളുന്നവരോടുമുള്ള ഈർഷ്യയും വിദ്വേഷവും  സുനാമിത്തിരമാലകളായി ആഞ്ഞടിച്ച്,അധികാരസ്ഥാനങ്ങൾ ഒലിച്ചുപോയ കാഴ്ച്ച നമ്മൾ കണ്ടു.പണ്ട്, ചെക്കൊസ്ലോവാക്ക്യയിലെ വിപ്ളവത്തെ “പ്രാഗ്” വസന്തമെന്നു വാഴ്ത്തിയ ബൗദ്ധികസമൂഹവും മാധ്യമങ്ങളും,ഇതിന്   “മുല്ലപ്പൂവ്” വിപ്ലവമെന്നും അറബ് വസന്തമെന്നുമൊക്കെ വിളിപ്പേരുകളിട്ടു. ഇവിടങ്ങളിലൊന്നും,വയലാർ  പാടിയതുപോലെ,സാംസ്കാരിക അശ്വമേധത്തിന്റെ കുതിരക്കുളമ്പടികളല്ല നമ്മൾ കേട്ടത്. മറിച്ച്,സ്വാതന്ത്ര്യമാണ്‌ ജീവനും അമൃതും എന്നുള്ള ചിന്തയാണ്‌.. ആംഗലേയ കവി പി.ബി.ഷെല്ലി പാടിയതു പോലെ,സ്വാതന്ത്ര്യബോധത്തിന്റെ വിത്തുകൾ ശിശീരത്തിന്റെ കരിയിലപ്പുതപ്പിനുള്ളിൽ മയങ്ങിക്കിടന്ന്,ഒടുവിൽ അനിവാര്യമായ ഘട്ടത്തിൽ മുളപൊട്ടി ഒരു വസന്തമായി മാറുകയായിരുന്നു. ഒരുവേള സാമൂഹിക സുരക്ഷയില്ലായ്മയും രാഷ്ട്രീയ അരക്ഷിതത്വവും നിലനില്ക്കുന്നുവെങ്കിലും,മുറിപ്പാടുകളിൽനിന്നും ചോര    പൊടിയുന്നുവെങ്കിലും,ഒരു ജനത സ്വാതത്ര്യം എന്ന വാക്കിന്റെ അർത്ഥമറിയാൻ തുടങ്ങിയിരിക്കുന്നു..!

     കഴിഞ്ഞ അറുപത്തിരണ്ട് വർഷത്തോളമായി,ജനാധിപത്യപരമാധികാര റിപ്പബ്ലിക്കായ നമ്മുടെ        മാതൃരാജ്യം സ്വാതന്ത്ര്യം എന്ന വാക്കിന് പുതിയ അർത്ഥങ്ങൾ രചിക്കുകയാണോ എന്നു സംശയിച്ചുപോകുന്നു.1947 ആഗസ്ത് 15ന് സ്വതന്ത്രയായിട്ടും,പിന്നീട് 894 ദിവസങ്ങൾകൂടി വേണ്ടിവന്നു,ഭാരതത്തിന് ഒരു   സ്വതന്ത്രപരമാധികാര ജനാധിപത്യ റിപ്പബ്ലിക്കാവാൻ. അതുവരേയും 1935 ലെ ബ്രിട്ടന്റെ ‘കൊളോണിയൽ ഗവേന്മെന്റ് ഓഫ് ഇന്ത്യ ആക്റ്റ്’ പ്രകാരം  ജോർജ് ആറാമന്റെ നിഴലിൽതന്നെയായിരുന്നു നമ്മൾ.1950 ജനുവരി 26 ന്, ഭാരതത്തെ ഒരു സ്വന്തമായ ഭരണഘടനയുള്ള റിപ്പബ്ലിക്കായി മാറ്റുമ്പോൾ,നമ്മുടെ      രാഷ്ട്രശില്പ്പികൾക്കും ഭരണാധിപന്മാർക്കും ഒരു സ്വപ്നമുണ്ടായിരുന്നു..രാമരാജ്യം സ്വപനംകണ്ട രാഷ്ട്രപിതാവിന്റെ   പാതയിലൂടെ മുന്നോട്ടുള്ള യാത്ര. ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളീലാണെന്നും അതിനെ    ഉണർത്തേണ്ടതും ഉയർത്തേണ്ടതും നാടിന്റെ ആവശ്യമാണെന്നുമുള്ള നേരറിവ്..!നമ്മുടെ രാഷ്ട്രശില്പ്പികൾ,ലോകത്തിലെ ഏറ്റവും നീളംകൂടിയ ഭരണഘടനയുടെ ശില്പ്പികൾ,സ്വപ്നംകണ്ട പുരോഗതിയും രാഷ്ട്രനിർമ്മാണവും എത്രത്തോളം ഫലപ്രദമായെന്ന് തിരിഞ്ഞുനോക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

    ഭാരതം പോലെ പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഒരു രാജ്യത്തിന്  അറുപത്തിരണ്ട് വർഷങ്ങൾ വളരെ  കൂടുതലാണ്. രണ്ടാംലോകമഹായുദ്ധം നാശം വിതച്ച ജപ്പാൻ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തികശക്തികളിൽ ഒന്നായി കഴിഞ്ഞു.സുനാമിത്തിരമാലകളിൽനിന്നും തലയുയർത്തിത്തുടങ്ങി.അപ്പോഴും നമ്മൾ ദിശാബോധമില്ലാത്ത,അഥവാ രാഷ്ട്രീയബന്ധനം മുറുകിയ ഭരണകൂടങ്ങൾക്കൊപ്പം ഇഴഞ്ഞു നീങ്ങുന്നു..! അഴിമതിയും സ്വജനപക്ഷപാതവും ഇല്ലാത്ത രാജ്യങ്ങൾ ചുരുക്കമാണ്.എങ്കിലും പൊതുസ്വത്ത് കൊള്ളയടിച്ചിട്ട് നിയമത്തെ വെല്ലുവിളിച്ച് ജനങ്ങളെ നിസ്സാരന്മാരായികണ്ട്,അധികാരക്കൊതിയിൽ തിമിർക്കുന്ന ഒരു രാഷ്ട്രീയ സംസ്കാരം മറ്റൊരിടത്തും ഉണ്ടെന്നു കരുതുന്നില്ല.അഴിമതിയിൽ വെട്ടിച്ച കോടികളേക്കാൾ തുക അതു തെളിയിക്കൻ ചെലവഴിക്കുന്ന ഒരു നിയമവ്യവസ്ഥിതിയിൽ,ഒരു അണ്ണാ ഹസാരേക്കോ ഗോപീകൃഷണനോ ഒന്നും ചെയ്യാൻ ആവുന്നില്ല എന്നതാണ് ദയനീയം..!
   
    ഭരണഘടന അനുശാസിക്കുന്ന സ്വാതന്ത്ര്യം,സ്വജനപക്ഷപാതമായും അതിരുകടന്ന    മാധ്യമസ്വാതന്ത്ര്യമായും രാഷ്ട്രീയ വ്യക്തിപൂജകളായും മാറുകയാണ്.ആദ്യം  രാജ്യബോധവും പിന്നീട് വ്യക്തിയും എന്ന തലത്തിൽനിന്ന്,ആദ്യം സ്വന്തം കാര്യം.. പിന്നീട് മതി ദേശസ്നേഹം എന്ന സങ്കുചിതമായ അവസ്ഥയിലേക്ക് നമ്മുടെ രാഷ്ട്രീയ സംസ്കാരം അധ്:പതിച്ചുപോയി..!രാജപരമ്പരകളുടെ പിന്തുടർച്ചപോലെ,  രാഷ്ട്രീയവും ജന്മാവകാശമായി..വംശപരമ്പരയായി..! സ്വാതന്ത്ര്യം ജന്മാവകാശമാണ് എന്നത് മാറ്റി ‘മന്ത്രിപദം   എന്റെ ജന്മാവകാശമാണെന്നു പറയുന്ന സ്ഥിതിയിലേക്കണ് നമ്മൾ യാത്ര ചെയ്യുന്നത്...! ആദർശവിഗ്രഹങ്ങളായി കണ്ടതൊക്കെയും പൊയ്മുഖങ്ങളാണെന്നുള്ള തിരിച്ചറിവ് ഒരു തരം രാഷ്ട്രീയ നിസ്സംഗതയിലേക്കാണ് ജനത്തെ നയിക്കുന്നത്..എന്നിട്ടും ഇന്ത്യ വളരുകയാണ്..!!
   
 “നിഴൾ ചുള്ളിയൂന്നി ചരിത്രത്തിലെങ്ങോ നടക്കുന്ന” മഹാത്മാവിനെപോലെ ’എന്റെ ജീവിതമാണ് എന്റെ    സന്ദേശം‘ എന്നു പറയാൻ ആർജവമുള്ള ഒരു നേതൃത്വം ഉണ്ടാവും എന്ന സ്വപ്നവുമായി നമ്മുക്ക് ഈ   റിപബ്ലിക്ക് ദിനം ആഘോഷിക്കാം....

---------------ഉണ്ണി മടവൂർ---------------------------

2012 ജനുവരി 9, തിങ്കളാഴ്‌ച

കഥ-മഴയുടെ വിന്യാസങ്ങൾ





          കഥ..

         ‘മഴയുടെ വിന്യാസങ്ങൾ’
         ----------------------------

 കസ്റ്റംസ് പരിശോധന കഴിഞ്ഞ് എയർപോർട്ടിന്‌ പുറത്തേക്ക് ഇറങ്ങുമ്പോൾ,രമേശൻ ആകെ ക്ഷീണിതനായിരുന്നു.ഒരു തയ്യ​‍ാറെടുപ്പുമില്ലാതെയുള്ള യത്രയെന്നു മാത്രമല്ല,അമ്മയെ അവസാനമായി ഒന്നു കാണാൻ കഴിഞ്ഞില്ലല്ലോ എന്ന ചിന്തയും അയ്യാളെ ആകെ അലട്ടിയിരുന്നു. സുഖമില്ലന്നും,അസുഖം കൂടുതലായെന്നും ഒക്കെ വിവരങ്ങൾ കിട്ടിയിട്ടും ജോലിത്തിരക്കിൽ എല്ലാം മാറ്റിവച്ചു...
  കഴിഞ്ഞ രാത്രിയിൽ,അമ്മയുടെ മരണത്തെ,അത്യാസന്നനിലയെന്ന് മാത്രം പറഞ്ഞ്,യാത്രാ രേഖകൾ ശരിയാക്കി യാത്രയാക്കുകയായിരുന്നു റൂം മേറ്റ് ഷെരീഫ്. മരുഭൂമിയിലെ ഋതുഭേദങ്ങളിൽ മഴ അന്യമായിരുന്നില്ല.വ്യാഴവട്ടം കാത്തിരുന്ന്,നീലക്കുറിഞ്ഞിപോലെ മഴ പെയ്ത കാലം കഴിഞ്ഞു.മലബാറികൾ ഏറെയുള്ളതുകൊണ്ടാവാം,ഗൾഫിന്റെ ആകാശത്തും മഴമേഘം എത്തിനോക്കുന്നത്..! മണ്ണിന്റെ ദാഹം തീർക്കാതെ കടന്നുപോയ വേനല്മഴയുടെ തിരുശേഷിപ്പുകൾ തെറിപ്പിച്ച് എയർപ്പോർട്ടിന്‌ മുന്നിൽ കാർ നിർത്തുമ്പോൾ,കണ്ണൂർക്കാരനായ ഷെരീഫിന്‌ നിയന്ത്രണം വിട്ടിരുന്നു...മനാമയിൽ നിന്നും തിരുവനന്തപുരത്തേക്ക് ഏറിയാൽ അഞ്ചു മണിക്കൂർ വിമാനയാത്ര...‘എന്തായാലും നാട്ടിലെത്തുമ്പോൾ അറിയില്ലേ?..
  ഇടവപ്പാതിയുടെ കാളിമ അനന്തപുരിയുടെ ആകാശത്തെയും കീഴടക്കിയിരുന്നു..ഒറ്റപ്പനയുടെ മുകളിൽ പേടിപ്പെടൂത്തുന്ന യക്ഷിയെപ്പോലെ,കാറ്റ് ചൂളം വിളിക്കുന്നുണ്ടായിരുന്നു..യുദ്ധം ജയിച്ച സൈനികനെപ്പോലെ,ആർത്ത്വിളിച്ച് കാറ്റ് യാത്ര തുടർന്നൂ...!!
  ഒരു ബ്രീഫ്കേയ്സെ ഉള്ളുവെങ്കിലും,വല്ലാത്ത കനം..ഇനിയും നേരം വെളുത്തിട്ടില്ല.അയ്യാൾ വച്ചിലേക്ക് നോക്കി-മൂന്ന് മണി..വാച്ചിന്‌ ഗൾഫിലെ സമയമാണെന്നും,അതിലും രണ്ടര മണിക്കൂർ മുന്നിലേക്ക് പോകണമെന്നും രമേശിന്‌ ഓർക്കാൻ കഴിഞ്ഞില്ല..അല്ലെങ്കിലും എന്തു ഓർക്കാനാ??പതിനഞ്ചുവർഷം മുൻപ്, നിറങ്ങളുടെ ലോകത്ത് നിന്നു മരുഭൂമിയിലേക്ക് വന്നത് മനസ്സിൽ മഴവില്ല് തീർക്കുവാനായിരുന്നില്ല..നൂറ്‌ ദിനാർ ശമ്പളത്തിന്‌,അറബിപ്പഴമ വിളിച്ചോതുന്ന ചിത്രങ്ങളുടെ മിനുക്ക്പണി ചെയ്തിരുന്ന കാലം..!!പഴയ സൂക്കിലെ ചെറിയ മുറിയുടെ നാലു ചുമരുകൾക്കുള്ളിൽ തളച്ചിട്ട ഭാവന..വ്യാഴാഴ്ചകളിലും വെള്ളിയാഴ്ച്ചകളിലും സൂക്കിൽ വരുന്നവരുടെ ‘ക്യാരിക്കേച്ചർ’ വരച്ച് കൊടുത്താൽ കിട്ടുന്ന ചെറിയ ടിപ്പ് പോലും ചെലവാക്കിയിരുന്നില്ല...തനിക്കുവെണ്ടിമാത്രം മിടിച്ചിരുന്ന അമ്മക്ക് മരുന്നും ഭക്ഷണവും മുടങ്ങാൻ പാടില്ല..നല്ലവരായ കൂട്ടുകാരുടെ സഹായത്താൽ ഇപ്പോൾ ഭേദപ്പെട്ട ജോലിയിലെത്തി...ഒരു പരസ്യകമ്പനിയിലെ ഗ്രാഫിക് ഡിസൈനർ...സംതൃപ്തിക്ക് വേണ്ടിയായിരുന്നില്ല കൂടുമാറ്റം..കൂടുതൽ പണം കിട്ടിയാൽ അമ്മയുടെ ഓപ്പറേഷൻ കഴിഞ്ഞ്,അമ്മയ്ക്ക് കൂട്ടിനായി ഒരാളേയും കണ്ടെത്താം..!
   ഒരു ദീർഘനിശ്വാസത്തോടെ രമേശൻ പുറത്തിറങ്ങി..മകനേയും,ഭർത്താവിനേയും,അച്ചനേയും സഹോദരനേയുമൊക്കെ തെരയുന്ന കണ്ണുകളെ അയ്യാൾ കണ്ടില്ല...!!
   മഴ നന്നായി കനക്കുന്നുണ്ട്..അരണ്ട വെളിച്ചം വന്നു തുടങ്ങി..കരിമേഘങ്ങൾക്ക് പിന്നിൽ ഒളിച്ചുകളിക്കാൻ കിഴക്ക് ഒരുങ്ങുന്നു..രണ്ട് നാൾ മുൻപ് വിളിച്ചപ്പോഴും ഇടവപ്പാതിയുടെ കാര്യം അമ്മ പറഞ്ഞിരുന്നു..നീയോൺ ബൾബുകൾക്ക് മുന്നിൽ ചിതറുന്ന മഴത്തുള്ളിയുടെ തിളക്കം അയ്യാളറിഞ്ഞില്ല...കോരിച്ചൊരിയുന്ന മഴയും ഇടിയുമൊക്കെ മനസ്സിലാണ്...!!!
  കൊല്ലത്തേക്ക് രണ്ടര-മൂന്നുമണിക്കൂർ യാത്രയുണ്ട്..അതു പെരുമഴയത്ത് ആയാലോ? പ്രീപെയ്ഡ് ടാക്സിക്ക്വേണ്ടി മഴയത്ത്തന്നെ നിന്നു..അയാൾക്കറിയുവാൻ കഴിഞ്ഞില്ലങ്കിലും,മഴയ്ക്ക് നല്ല കുളിർമ്മയുണ്ട്...!!!
   “കഴിഞ്ഞ രാത്രി തുടങ്ങി,നിർത്തിലാതെ പെയ്യ്‌വൊ...ഒന്നിനും സമ്മതിക്കില്ല...ഈ നശിച്ച മഴ..!!”..ആവി പാറുന്ന കട്ടൻ ചായ നീട്ടിക്കൊണ്ട് തട്ടുകടക്കാരൻ പറഞ്ഞത് രമേശൻ ശ്രദ്ധിച്ചില്ല...
  ‘കെ.എൽ.01 എ 3210’-അയ്യാൾ ടാക്സി നമ്പർ പരതുകയായിരുന്നു..ഒരു കവിൾ കുടിച്ച്,ചായ തട്ടിൽ വച്ച്,അയ്യാൾ കാറിലേക്ക് നടന്നു..മഴത്തുള്ളികൾ തലതല്ലിചാവുന്ന ചില്ലുകൾക്കുള്ളിലെ കാഴ്ച്ച അവ്യക്തമായിരുന്നു...!!
   ഗ്ളാസിൽ മുട്ടുന്ന ശബ്ദം കേട്ട്,ഡ്രൈവർ ഗ്ലാസ്സ്‌ അല്പം താഴ്ത്തി..വാർദ്ധക്ക്യത്തിലെ ജരാനരകൾക്ക്മുകളിൽ ഇടവപ്പാതിയും തണുപ്പും അയ്യാളെ നിർവിഹാരനാക്കിയിരുന്നു...‘ഈ വെളുപ്പാംകാലത്ത് എന്തിനാ ശല്യം ചെയ്യുന്നത്’ എന്ന നോട്ടം...
 “എവിടേയ്ക്കാ..?”താത്പര്യമില്ലാത്ത ചോദ്യത്തിന്‌ ഉറക്കപ്പിച്ചിന്റെ അകമ്പടിയും..
  “കൊല്ലം....പെട്ടെന്ന് പോണം...” രമേശൻ അക്ഷമനായി.
  “മഴയത്ത് ഇത്രയും ലോങ്ങ് പറ്റില്ല...വേറെ വണ്ടി നോക്ക്...”,അയ്യാൾ ഗ്ലാസ്സടച്ചു..ഇതിനിടയിൽ സീറ്റിൽ വീണ മഴത്തുള്ളികൾ അയ്യാളെ അസ്വസ്തനാക്കി..ഒരു ഓ.ഹെന്റി കഥാപാത്രത്തെപ്പോലെ അയ്യാൾ ചുരുണ്ട്കൂടിയിരുന്നു...
രമേശൻ കൂപ്പൻ നോക്കി..കെ.എൽ.01എ.3210..വീണ്ടും ഗ്ലാസ്സിൽ ആഞ്ഞ് മുട്ടി..
“തന്നോടല്ലേ പറഞ്ഞത് പറ്റില്ലാന്ന്....വെളുപ്പാൻ കാലത്ത് എവിടുന്നേലും വന്നോളും....മനുഷ്യനെ ശല്യം ചയ്യാൻ..”..അയ്യാൾ നഷ്ടപ്പെട്ട ഉറക്കത്തിൽ പല്ലിറുമ്മി..“ഉം..എന്തു പണ്ടാരോമാട്ടെ...കേറ്...മനുഷ്യന്റെ ഒറക്കോം പോയി...”...
 പിന്നിലെ ഡോർ തുറന്ന് രമേശൻ കാറിൽ കയറുമ്പോൾ,ഡ്രൈവർ കീശയിൽനിന്ന് ബീഡിയെടുത്ത് കത്തിച്ചു..പിൻസീറ്റിൽ നനഞ്ഞ് വിറയ്ക്കുന്ന യാത്രക്കാരനെ നോക്കി,തിരിഞ്ഞ് വണ്ടി സ്റ്റാർട്ടാക്കി,നിവർന്നിരുന്ന് ബീഡി വലിച്ചു...അത്രയും വേഗത്തിൽ ചുമയും..!!!
“ പെട്ടെന്നു പോകണം....എത്രയും വേഗം വീട്ടിലെത്തണം..”,രമേശന്റെ വാക്കുകൾക്ക് അപേക്ഷയുടെ സ്വരമായിരുന്നു..!
“ങും...ശ്രമിക്കാം..”
  റോഡിലെ നീന്തല്കുളങ്ങളിൽ പാതിമുങ്ങി,കുഴികളെല്ലാം തന്റേതാണെന്ന അഹങ്കാരത്തോടെ കാർ മുന്നോട്ട് നീങ്ങി..
  “നന്നായി നനഞ്ഞല്ലേ?..നല്ല തണുപ്പുണ്ടോ?..ഒന്നു വലിക്കുന്നോ?..”കാർ നഗരത്തിന്റെ പ്രധാനവീഥി കടക്കുമ്പോൾ,ഡ്രൈവർ നിശബ്ദത ഭഞ്ജിച്ചു..
“താങ്ക്സ്..”
  മാല്ബറോയും,ഡൻഹില്ലുമൊക്കെ ശീലമായ ചുണ്ടിന് ബീഡി അപരിചിതമായിരുന്നു..പുകയ്ക്കായി ആഞ്ഞ് വലിക്കുമ്പോൾ രമേശൻ കിതയ്ക്കുന്നുണ്ടായിരുന്നു..
 “എവിടുന്നാ..?”,കോട്ടുവായിട്ട്,ഇടംകൈകൊണ്ട് മുഖം തിരുമ്മി,ഡ്രൈവർ ചോദിച്ചു.
 “മനാമ..ബഹറീൻ..”കരകരപ്പുള്ള വൈപ്പർ ചലിക്കുന്നതിനിടയിലൂടെ,റോഡിൽ നോക്കി രമേശൻ പാറഞ്ഞു...“..മഴ വല്ലാണ്ട് കനക്കുന്നു...എട്ടരക്ക്മുൻപ് അവിടെത്തില്ലേ?”.
  “ഇപ്പോഴെത്രയായി..?”
 “നാലെകാല്”..രമേശന്റെ നിശ്വാസം മഴയിലലിഞ്ഞുപോയി..
“എന്താടോ...? തന്റെ വാച്ച് ഓടില്ലേ?...നേരം വെളുത്തിട്ടും നാലെകാലെ ആയോളോ?”!!
“ഓ..സോറി...! വാച്ചിൽ ഇപ്പോഴും അവിടുത്തെ സമയമാണ്...രണ്ടരമണിക്കൂർ പിന്നിൽ..!”വാച്ചിൽ സമയം തിരിച്ചുവയ്ക്കേ രമേശൻ തെറ്റ് സമ്മതിച്ചു..
“മഴ ഇന്നൊന്നും നില്ക്കുന്ന ലക്ഷണമില്ല...”,ഗ്ലാസ്സ് താഴ്ത്തി,ബീഡിക്കുറ്റി പുറത്തേയ്ക്ക് ഇടുമ്പോൾ ഡ്രൈവർക്ക് വല്ലാത്ത അസ്സഹനീയത തോന്നി..

“പേരെന്താണ്?”,മഴയത്ത് ഡ്രൈവർ ഉറങ്ങിപ്പോയാലോ എന്നു കരുതിയാവും,രമേശൻ ഓരോന്ന് ചോദിക്കാൻ തുടങ്ങി..
“പരമേശ്വരൻ..”,ഗീയർ മാറ്റി,റോഡിലെ കുഴി ചവിട്ടിയിറക്കി,അശ്രദ്ധമായ മറുപടി..ഓരോ കുഴി ഇറങ്ങുമ്പോഴും,ഉള്ളിലെ റീയർവ്യു  ഗ്ലാസ്സിൽ തൂക്കിയിട്ടിരിക്കുന്ന പഴകിയ  മഞ്ഞ ചരട് തുള്ളിക്കളിക്കുന്നുണ്ടായിരുന്നു..അയ്യാളോളം പ്രായം തോന്നിച്ച ചരടിന്റെ നിറം നന്നേ മങ്ങിയിരുന്നു..!!
  വഴിയോരക്കാഴ്ച്ചകൾ അതിവേഗം പിന്നിലേക്ക് ഓടിമറഞ്ഞു..ഇടയ്ക്കിടയ്ക്ക് മുഷ്ക്ക്കാട്ടി ആനവണ്ടികൾ കടന്നുപോയി..
 മഴയുടെ ആവേശം തെല്ല് കെട്ടടങ്ങി.അമ്മായിയമ്മപ്പോരിന്റെ കലപിലയോടെ പെയ്യുന്ന മഴയ്ക്ക് ഇടയിൽ വന്നുപോകുന്ന വെയിലിന്‌ പ്രണയത്തിന്റെ സുഖമുണ്ടായിരുന്നു..
“കൊല്ലത്ത് എവിടേയ്ക്കാ?”.പിന്നിൽ ഹോൺ മുഴക്കിവന്ന ബസ്സിന്‌ വഴിമാറവേ അയ്യാൾ തിരക്കി.പാതിയുറക്കത്തിൽനിന്ന് രമേശൻ ഞെട്ടിയുണർന്ന​‍ൂ..പുറത്ത് കാഴ്ച്ചകൾ വ്യക്തമായി..ആറ്റിങ്ങൾ കഴിഞ്ഞിരിക്കുന്നു..ദേശീയപാത,മഴയത്ത് വളരെ അപകടകാരിയാണ്‌..‘നിറകട്ടകളുമായി’റോഡ് ഭരിച്ചിരുന്ന ഗതകാലസ്മരണയിൽ,മൊട്ട ടയറുകൾ നനഞ്ഞ റോഡിനെ പഴിച്ച് ക്ലേശീച്ച് ഉരുണ്ടു..
“..കൊല്ലം കഴിഞ്ഞ് പോണം...കാവനാട്”..റിയർ വ്യൂ ഗ്ലാസ്സിലൂടെ യാത്രക്കാരന്റെ ചുണ്ടനക്കം അയ്യാൾ ശ്രദ്ധിച്ചു..
“കാവനാട്ട്.?”..
“താന്നിവിളവീട്...”,ചോദ്യം മുഴുമിപ്പിക്കും മുൻപേ രമേശന്റെ മറുപടി..
  ഗ്ളാസ്സ് താഴ്ത്തി,കടുവയിൽ പള്ളിയിൽ നാണയം എറിഞ്ഞു...
“..കല്ലമ്പലത്തിൽ ഒന്നു നിർത്താം...ഡീസലടിക്കണം...ഒരു കട്ടൻ ചായയും...”
  ദേശീയപാതയിലെ കുഴികൾ രമേശന്റെ മയക്കം കെടുത്തികൊണ്ടിരുന്നു..തലേനാളത്തെ ഉറക്കമില്ലായ്മയും യാത്രാക്ഷീണവും അയ്യാളെ മയക്കത്തിലേക്ക്തന്നെ തിരിച്ചു വിളിച്ചു..

  ഓർമ്മവച്ചനാൾ മുതൽ കാണുന്നതാണ് അമ്മയുടെ ംലാനമുഖം..തറവാടിന്  പേരുദോഷം വരുത്തിയ പെണ്ണിന് വീടിന്റെ പിന്നാമ്പുറത്തായിരുന്നു സ്ഥാനം..വീട്ടിൽ നിന്നു പടിയിറക്കാൻ,എന്തോ,അമ്മാവന്മാർക്ക് ആയില്ല.!!
അടുക്കളയിലെ കരിപിടിച്ച ഭിത്തിക്കുള്ളിലെ ലോകം..!അച്ഛനെക്കുറിച്ച് ചോദിക്കുമ്പോയെല്ലം അമ്മയുടെ കണ്ണ് നിറയുമായിരുന്നു.ഇപ്പോൾ നാല്പ്പതിന്റെ വക്കിലെത്തി..ഇതുവരേയും അച്ഛനെ കാണണം എന്നു തോന്നിയിട്ടില്ല...അത്രയ്ക്ക് ക്രൂരതയാണ്‌ അയ്യാൾ അമ്മയോട് കാട്ടിയത്...!!!

താന്നിവിളയിലെ പെൺകുട്ടിക്ക്നേരെ ആരും വരുകപോലും ഇല്ലാതിരുന്ന കാലം..പത്താംതരം  കഴിഞ്ഞപ്പോൾ അമ്മാവന്മാരും ആങ്ങളമാരും ശ്യാമളാദേവിക്ക് വിവാഹാലോചന തുടങ്ങി..
 ശ്യാമള ജനിച്ച് ഒരാണ്ട് കഴിഞ്ഞപ്പോൾ അച്ഛൻ മരിച്ചു..നാലാം വയസ്സിൽ അമ്മയും പോയി..പിന്നീടെല്ലാം അമ്മാവന്മാരും മൂത്ത രണ്ട് ആങ്ങളമാരുമായിരുന്നു.
 തുലാവർഷം കനത്ത് തുടങ്ങിയിരുന്നു.മഴയായാലും ശ്യാമള അമ്പലത്തിൽ പോക്ക് മുടക്കാറില്ല.തൊടിയിലെ കല്ല്പാകിയ വഴിയിലൂടെ,വയൽ വരമ്പും കടന്ന് അക്കരെ കൃഷ്ണന്റെ അമ്പലം...കണ്ണനെ നിത്യവും കണ്ടില്ലെകിൽ അവൾക്ക് ഉറക്കം വരില്ലന്നാണ്‌ അമ്മായി പറയുന്നത്...
“മഴ തോർന്നിട്ട് പോയാ മതി കുട്ടീ..”
“അപ്പോഴേക്കും ദീപാരാധന കഴിഞ്ഞിട്ടുണ്ടാവും...”,ശ്യമളയുടെ വാക്കുകൾക്ക് തെല്ല് പരിഭവമുണ്ടായിരുന്നു.എങ്കിലും അമ്മായി പറയുന്നത് അനുസരിക്കാതിരിയ്ക്കൻ ആവില്ല..!!നാലു വയസ്സുമുതൽ വളർത്തിയതല്ലേ?
  അമ്മായിയുടെ സ്ഥലം നെന്മ​‍ാറയിലാണ്..പാലക്കാട്ടിന്ന് കൊല്ലത്തേയ്ക്ക് ചേക്കേറിയിട്ടും ഭാഷ മാറിയിട്ടില്ല..അമ്മായി ‘കുട്ടീ’ എന്നു വിളിക്കുന്നത് കേൾക്കാൻ തന്നെ നല്ല രസാ..!!അമ്മായിയുടെ തറാവാടും ശ്യാമളക്ക് ഒത്തിരി ഇഷ്ടമായിരുന്നു...ചൂളം വിളിക്കുന്ന കാറ്റും,ഒറ്റപ്പെട്ട പനകളും,കൊയ്തൊഴിഞ്ഞ പാടവും മലകളും.....തനിക്ക് കല്ല്യാണം പാലക്കാട്ടീന്ന് മതിയെന്ന് പറയണമെന്ന് തൊന്നിയിട്ടുണ്ട്...പക്ഷെ,അവിടത്തെ എരുമകളും,എരുമപ്പാലും!!എന്തോ ഇഷ്ടമല്ല...വല്ലാത്ത മനം പുരട്ടലാണ്..!!!!
  മഴയുടെ ശക്തി മെല്ലെ നേർത്തു.അങ്കം വെട്ടി ക്ഷീണിച്ച ഭടന്മാരെപ്പോലെ മഴമേഘങ്ങൾ തളർന്നിരുന്നു..
“നേരം സന്ധ്യയായി...വേഗം വരണം...ആ കുട കൂടി എടുത്തൊളു കുട്ടീ...”
ഒതുക്കുകല്ലുകൾ ചവിട്ടി തൊടിയിലേക്ക് ഇറങ്ങിയ ശ്യാമള ഒന്നും കേട്ടില്ല.പാവാട കണംകാൽ വരെ ഉയർത്തി,വയൽ വരമ്പിലൂടെ ഓടി...
  കുളികഴിഞ്ഞ ചൊറിത്തവളകൾ വയലിലേക്ക് ചാടി,അവൾക്ക് വഴി മാറിക്കൊടുത്തു..നനഞ്ഞത് മതിയാവാഞ്ഞിട്ടാവാം,തവളകൾ മഴയ്ക്ക് വേണ്ടി മുറവിളി കൂട്ടിക്കൊണ്ടിരുന്നു..!ചീവീടുകൾ അവയോട് മത്സരിച്ചു.വരമ്പിനടിയിലെ തോട്ടിൽ പരല്മീനുകൾ നീന്തി തുടിച്ചു...തോട്ട്വക്കിലെ തൊട്ടാവാടി അവൾക്ക്മുമ്പിൽ കൈകൂപ്പിനിന്നു....!!
ദീപാരാധനക്ക് മുൻപേ നടയിലെത്തണം..ഓടിക്കിതച്ച് നടയിലെത്തിയപ്പോഴേക്കും മണി മുഴങ്ങി തുടങ്ങി..തണുത്തിട്ടാവാം,കണ്ണന്‌ തെളിച്ചം പോരാ..ദീപാരാധന കഴിഞ്ഞ്,തിരുമേനി തിർത്ഥം പകരുമ്പോൾ ശ്യാമള പിന്നിലേക്ക് മാറി... ഉണ്ണിനമ്പൂതിരിയുടെ കക്ഷത്തിന്റെ ‘മണം’ ചന്ദനത്തേയും തോല്പ്പിക്കുന്നതായിരുന്നു..!
 കണ്ണനെ തൊഴുതു തിരിയുമ്പോൾ മഴയുടെ രണ്ടാമൂഴം..നേർത്ത വയൽ വരമ്പിലൂടെ മഴയത്ത് നടക്കുക ക്ലേശം...ചാറ്റല്മഴയിൽ,വീടിന്‌ പിന്നിലെത്തുന്ന ഒറ്റയടിപ്പാതയിലൂടെ അവൾ നടന്നു..മഴക്ക് ശക്തി കൂടി,നടക്കാൻ കഴിയാത്തവിധം..തെരുവ് വിളക്കുകൾ സ്വപ്നത്തില്പോലും കണ്ടിട്ടില്ലാത്ത നടപ്പാത.പോവുന്ന വഴിക്കാണ്‌ ഉഷയുടെ വീട്...പത്താംതരം വരെ ഒരുമിച്ച്,ഒരേ ബഞ്ചിൽ ഇരുന്ന് പടിച്ച കൂട്ടുകാരി..
 മുറ്റത്ത് കയറുമ്പോൾ,അവിടം ഇലകളുടെ ശവപ്പറമ്പുപോലെ തോന്നി.കരിഞ്ഞതും,ജീവിച്ച് കൊതിതീരാത്തതുമായ ഇലകൾ..!അവയ്ക്ക് മുകളിൽ മഴത്തുള്ളി നൃത്തം വച്ചു.മാവിന്റെ എഴുന്നു നില്ക്കുന്ന വേരിനു മുന്നിൽ മണ്ണ് ഉപേക്ഷിച്ച് വെള്ളം ഒലിച്ചു പോകുന്നു...സിമന്റ് പൂശിയിട്ടില്ലാത്ത അടിസ്ഥാനത്തിന്റെ കല്ലുകൾക്കിടയിൽനിന്നു കറുത്ത ചോനനുറുമ്പുകൾ കൂട്ടത്തോടെ പുറത്തേക്ക് വരുന്നുണ്ടായിരുന്നു..ഭിത്തിക്കരികിൽ ശവംത​‍ീനിയുറുമ്പുകൾ ജാഥ നടത്തുന്നുണ്ടായിരുന്നു...
  ഓലമേഞ്ഞ,നനഞ്ഞൊലിച്ച വീടിന്റെ അഴിക്കതകിൽ തട്ടുമ്പോൾ,ശ്യാമള ആകെ വിറക്കുന്നുണ്ടായിരുന്നു..
“ആരാ അത്..?” അകത്തുനിന്നുള്ള പുരുഷശബ്ദം അവളെ തെല്ല് അമ്പരപ്പിച്ചു..കൈയ്യിൽ,ഞെക്കിപ്പിടിച്ച ടോർച്ചുമായി ഉമ്മറത്തേക്ക് വന്ന ആളിനെ അവൾ പെട്ടെന്ന് തിരിച്ചറിഞ്ഞില്ല...
“ആരാ?...അകത്തേക്ക് വരൂ..”അഴിയുടെ കൊണ്ടയിളക്കിക്കൊണ്ട് അയ്യാൾ പറഞ്ഞു..“വല്ലാതെ നനഞ്ഞിരിക്കുന്നല്ലോ?”
മുഖത്തേക്ക് വന്ന പ്രകാശം അവൾ വലംകൈകൊണ്ട് തടഞ്ഞു..
“..ഉഷയും അമ്മയുമൊക്കെ?”
“അവർ ഗുരുവയൂര്‌ പോയിരിക്കയാണ്....ഞാൻ ഉഷയുടെ ചെറിയച്ഛനാണ്‌...”,അവൾ ചോദ്യം മുഴുമിക്കും മുൻപേ അയ്യാൾ പറഞ്ഞു..“വല്ലാതെ തണുക്കുന്നുണ്ടാവും...ല്ലേ?..കേറിയിരുന്നോള്ളൂ...മഴ തീർന്നിട്ട് ഇറങ്ങാം...”
 ബലിഷ്ടമല്ലായിരുന്ന അയാളുടെ കൈയിലേയും നെൻഞ്ചിലേയും രോമങ്ങൾ എഴുന്നേറ്റ്നിന്നു..നന്നായി വെട്ടി നിർത്തിയ മേല്മീശക്ക്താഴെ,ചുണ്ടുകൾ കറുത്ത് തുടങ്ങിയിരുന്നു..വരാന്തയിൽ നിറഞ്ഞ ബീഡിയുടെ ഗന്ധം അവളെ അസ്വസ്ഥയാക്കി...വീട്ടിൽ ആരും ബീഡി വലിക്കാറില്ല...അമ്മാവന്,എന്തൊ ഒരു പുളിച്ച മണം ഉണ്ടാവും...അതു എപ്പോഴും ഇല്ല..അതു കള്ളിന്റെ മണമാണെന്ന്,പിന്നീട് അമ്മായി പറഞ്ഞാണ് അറിഞ്ഞത്..ചിലപ്പോഴൊക്കെ ചെറിയേട്ടനും ആ മണം കൊണ്ട് വന്നിരുന്നു..!!
  “...ഞാൻ അങ്ങു തെക്കാണ്..പ്രത്യേകിച്ച് പണിയൊന്നുമില്ല....ചെറുതായി കഥയെഴുതും....”അയാളുടെ  ശബ്ദം പെട്ടെന്ന് വന്ന ഇടിനാദത്തിൽ ലയിച്ചുപോയി....!
മുട്ടത്തു വർക്കിക്കപ്പുറം മറ്റൊരു കഥാകാരനെകുറിച്ച് അവൾക്കറിയില്ലായിരുന്നു..‘വെളുത്ത കത്രിനയും’,‘ഒരു കുടയും കുഞ്ഞുപെങ്ങളു’മൊക്കെ,ഉഷയുടെ ചേട്ടൻ വായനശാലയിൽ നിന്നെടുത്ത്,ഉഷ സ്കൂളിൽ കൊണ്ട്വന്ന് വായിച്ചിട്ടുണ്ട്...ഉഷ സ്കൂളിൽ കൊണ്ട്വരുന്ന പുസ്തകങ്ങളുടെ കൂട്ടത്തിൽ ചില ‘കൈയ്യെഴുത്ത്’,കഥകളുമുണ്ടായിരുന്നു...ആ അക്ഷരങ്ങളിലൂടെ താനറിഞ്ഞ ഉഷയുടെ ചെറിയച്ചന്റെ മുഖം ഒരു മിന്നലിൽ അവൾ കണ്ടു...

“തണുപ്പുണ്ടങ്കിൽ ഞാൻ ചായയുണ്ടാക്കാം..”,അയ്യാളിലെ ആതിഥേയൻ ഉണർന്നു...
“വേണ്ട...ഞാനെടുക്കാം...”
കരിപുരണ്ട അടുക്കളയിലേക്ക് നടക്കുമ്പോൾ ദാവണിക്കുള്ളിലെ നനഞ്ഞ കൗമാരം അയ്യാളെ നോക്കി കൊഞ്ഞനം കുത്തി...!!അടുപ്പിലെ മഞ്ഞവെളിച്ചത്തിൽ അവൾ ജ്വലിച്ച് നിന്നു...ചായപ്പാത്രത്തിലെ വെള്ളം തിളച്ച് വറ്റിക്കഴിഞ്ഞു....മുറ്റത്തെ ചേമ്പിലകളിൽ മഴത്തുള്ളികൾ ഓർമകൾ അവശേഷിപ്പിക്കാതെ മണ്ണിലുരുണ്ട് വീണു....മരച്ചില്ലകൾ തകർത്താടിയ കാറ്റിന്‌ ശക്തി കുറഞ്ഞു..കണ്ണിമാങ്ങ സ്വപ്നം കണ്ട മാമ്പൂവുകൾ കൊഴിഞ്ഞു വീണു..!!!
നേരം വൈകി..ദാവണി ചുറ്റി വീട്ടിലെത്തുമ്പോൾ ആങ്ങളമാരും അമ്മാവനും വരാന്തയിൽ നില്പ്പുണ്ട്...
“ഒന്നും പറയണ്ട..പാവം! നന്നായി നനഞ്ഞിട്ടുണ്ട്..” അമ്മായിയുടെ വക്കാലത്ത് മുറ്റത്ത് എത്തുമ്പോൾ അവൾ കേട്ടു...
“ഒരു കുട കൂടി എടുക്കാതയാ നടയിൽ പോണത്.? നനഞ്ഞ് എന്തെങ്കിലും അസുഖം വന്നാൽ എന്താ ചെയ്യാ?..കൊച്ചു കുഞ്ഞൊന്നുമല്ലല്ലോ?..” അമ്മാവന്റെ വാക്കുകൾക്ക് അർഹതയുടെ സ്വരമുണ്ടായിരുന്നു...
“ഈ അമ്മായിയാ അവളെ ലാളിച്ച് ചീത്തയക്കുന്നത്..”,ഏട്ടൻ രോഷം പൂണ്ടു,“എത്രയും വേഗം ഒരാളെ കണ്ടെത്തി കെട്ടിച്ച് വിടണം..”
പുറത്ത് മഴ തകർക്കുന്നു..ഇടയ്ക്കിടയ്ക്ക് ജനൽ വാതിലിൽ മിന്നൽ മുട്ടിവിളിക്കുന്നുണ്ടായിരുന്നു..പായയുടെ മണമടിച്ചാൽ ഉറങ്ങുന്ന പെണ്ണാണെന്നാണ് ശ്യാമളായെക്കുറിച്ച് ഏട്ടൻ പറയുക..ഏറെ വൈകിയിട്ടും ഉറക്കം വരുന്നില്ല..!സംഭവിച്ചത് അമ്മായിയോട് പറഞ്ഞാലോ എന്ന് പലവുരു ചിന്തിച്ചു..അതിണ്ടാക്കുന്ന പ്രത്യാഘാതം ഓർത്തപ്പോൾ വല്ലാതെ പേടിച്ചു...ശരീരമാകെ ഒരു വിറയൽ..ഉഛ്വാസവായുവുന് ചൂടേറിയത്പോലെ...ഉള്ളിലും...!
ഭിത്തിയിൽ പതുങ്ങിയിരുന്ന പല്ലി,മുന്നില്പ്പെട്ട ഈയലിന്നേരെ നാക്ക് നീട്ടി...അടുക്കളകോലായിയിൽ പ്രണയപരവശനായി,കുന്തൻപൂച്ച തണുപ്പകറ്റാനാവാതെ മുരണ്ടു....

തുലാവർഷം തന്റെ വേഷം തകർത്താടി തിരിച്ചുപോയി...നന്നായി വിളർത്ത്,ആഹാരത്തോട് താത്പര്യമില്ലാത്ത ശ്യാമളയെ അമ്മായി ശ്രദ്ധിക്കാതിരുന്നില്ല...
“നിനക്ക് എന്താ പറ്റീത് കുട്ടീ..?..ഇപ്പോൾ എന്താ കണ്ണനെ കാണേണ്ടേ..? നടയിൽ പൊയിട്ട് കുറച്ച് ദിവസമായല്ലോ!!!”
മുഖത്തെ നിർവികാരതയായിരുന്നു മറുപടി...ഇന്നല്ലെങ്കിൽ നാളെ അവർ അറിയും..!!നെഞ്ചിൽ ഉരുണ്ട് കൂടിയ മേഘങ്ങൾ പെയ്തൊഴിഞ്ഞു...!!അമ്മായി ആകെ തകർന്നുപോയി...ആകാശഗോളങ്ങൾ ഒരുമിച്ച് തനിക്ക് മുകളിൽ വീഴുമ്പോലെ തോന്നി...അമ്മാവനോ ഏട്ടന്മാരോ ഇതറിഞ്ഞാൽ ഉണ്ടാകുന്ന എന്തും സഹിയ്ക്കാൻ തന്നെ  അവൾ തീരുമാനിച്ചു..അടിവയറ്റിലെ ചലനം അവളെ അസ്വസ്ഥയാക്കി...!!!!!!
കുടുമ്പത്തിന് മാനക്കേടുണ്ടാക്കിയ പെണ്ണിന് പിന്നാമ്പുറത്തായി സ്ഥാനം..!!പിന്നീട്,അമ്മാവൻ മരിക്കുംവരേയും ശ്യാമള പുറംകാഴ്ച്ചകൾ അറിഞ്ഞിരുന്നില്ല..!!!

  പെട്ടെന്നുള്ള ബ്രേക്കിന്റെ ശക്തിയിൽ രമേശൻ ഞെട്ടിയുണർന്നു..ചിന്നക്കട കഴിഞ്ഞു...ഒൻപതുമണിയായി...റോഡിൽ നല്ല തിരക്കാ...റോഡിന് മധ്യേ മുദ്രകൾ കാണിച്ച് തടസ്സം ചെയ്യുന്ന ട്രാഫിക് പോലീസിനോട് നീരസം തോന്നി...
കണ്ണു തിരുമ്മി ഒരു നിമിഷം വീണ്ടും ചിന്താമഗ്നനായി...ഇന്നലെ മനാമയിൽനിന്നും തിരിക്കുമ്പോഴും മഴയുണ്ടായിരുന്നു..മരുഭൂവിൽ ഋതുഭേദങ്ങൾ അറിയിക്കുന്ന അമ്ളമഴ!!മനസ്സിൽ മേഘം ഉരുണ്ട്കൂടി...ഈ മണ്ണിൽ തനിക്ക് അവശേഷിക്കുന്ന ഒരേ ഒരു രക്തബന്ധം...അതു കൂടി പൊലിഞ്ഞു...!!അമ്മയെ നോക്കാൻ വേണ്ടിതന്നെയാണ് ഇപ്പോഴും അവിവാഹിതനായി കഴിയുന്നത്....പലപ്പോഴും അമ്മ നിർബന്ധിച്ചിരുന്നു..തനിക്കുവേണ്ടി സഹിച്ച നോവിന് ഈ ജന്മംകൊണ്ട് പകരം നല്കണം..!!എല്ലാം ഒരു ദീർഘനിശ്വാസത്തിലൊതുക്കി...!!!
  തറവാടിന്റെ മുറ്റത്ത് കാർ നിർത്തിയപ്പോൾ നെഞ്ചിന്റെ ഗതിവേഗം കൂടുന്നുണ്ടായിരുന്നു....കാറിന്റെ ഡോർ തുറന്ന് നേരെ ഓടുകയായിരുന്നു..!മരണത്തിലും അമ്മ സുന്ദരിയാണ്..അമ്മയെ നെഞ്ചോട് ചേർത്ത് വിതുമ്പി...!!
“ഇനി എടുക്കാം...ഇന്നലെ മരിച്ചതല്ലേ..!!അധികം സമയം വയ്ക്കണ്ടാ..”കരപ്രമാണിമാർ ശബ്ദമുയർത്തി,“മോൻ വന്നല്ലോ..? കർമ്മങ്ങളിലേക്ക് കടക്കാം”
  വായ്ക്കരിയിട്ട്,ചിതയിലേക്ക് എടുക്കുമ്പോൾ അമ്മയുടെ കാല്ക്കൽ പരമേശ്വരനെ രമേശൻ ശ്രദ്ധിച്ചിരുന്നില്ല...ഭൗതികബന്ധം മുറിക്കുന്ന നൂല്ബന്ധനത്തിൽ അവൻ അയാളെ കണ്ടു..നൂലിന്റെ മറ്റേത്തലയ്ക്കൽ അയ്യാൾ നിർവികാരനായി നിന്നു..!!!
  ചിത നനയാതെ കെട്ടിയ ഓലപ്പന്തലിനുള്ളിലൂടെ വെള്ളം ഒലിച്ചിറങ്ങി...പട്ടടക്ക് ചുറ്റും ചെളി കെട്ടാൻ തുടങ്ങി..പച്ചമാവിൻ വിറകിനുള്ളിൽ തൊണ്ടും ചിരട്ടയും ഉണക്കച്ചാണകവും തീ ഏറ്റുവാങ്ങുവാൻ തയ്യാറായി..അനങ്ങാകാതെ,തണുപ്പിൽ കാറ്റ് വിറങ്ങലിച്ചു നിന്നു..
 ചിതയ്ക്ക് തീ കൊളുത്തി..പഞ്ചഭൂതങ്ങൾ അമ്മയെ പങ്കിട്ടെടുക്കുന്നത് സഹിയ്ക്കാനാവാതെ രമേശൻ വീടിന്റെ വരാന്തയിൽ കയറി..വരാന്തയുടെ മൂലയിൽ തന്റെ ബ്രീഫ്കേയ്സും,അതിനുമുകളിൽ ഒരു പഴയ ചരടും അയ്യാളെ കാത്തിരിപ്പുണ്ടായിരുന്നു..!!ചരടിൽ ഒരുതുള്ളി കണ്ണീരിന്റെ നനവ്  അയാളറിഞ്ഞു..!!
 പിന്നിലെ മൺപാതയിലേക്ക് എത്തിയപ്പോഴേക്കും,കാർ പോയ്ക്കഴിഞ്ഞിരുന്നു...!!ചക്രപ്പാടുകളിൽ വെള്ളം നിറയുന്നുണ്ടായിരുന്നു!! അപ്പോഴും മഴ പെയ്യുകയായിരുന്നു..!!!

---------------------------------------------ഉണ്ണീ മടവൂർ------------------------------------------