2016 ഡിസംബർ 7, ബുധനാഴ്‌ച

വായനാനുഭവം-വിറകുമരം- Gireeshkumar Sreelakam

...കഴിഞ്ഞ വ്യാഴാഴ്ച്ച രാത്രിയിൽ, വളരെ യാദൃശ്ചികമായിട്ടാണു ശ്രീ.ഗിരീഷ്കുമർ ശ്രീലകത്തെ ( Gireeshkumar Sreelakam) കാണുന്നതും,അദ്ദേഹം തന്റെ ആദ്യ കവിതാസമാഹാരമായ "വിറകുമര"ത്തിന്റെ ഒരു കോപ്പി കൈയ്യൊപ്പിട്ട്‌ തന്നതും..
ഇതിനുമുൻപ്‌ ഫേസ്‌ ബുക്ക്‌ പോസ്റ്റായിട്ട്‌ അദ്ദേഹത്തിന്റെ ചില കവിതകൾ വായിച്ചിട്ടുണ്ട്‌ എങ്കിലും അദ്ദേഹത്തിന്റെ 70 കവിതകൾ ഒരു സമാഹാരത്തിലൂടെ വായിക്കാൻ കഴിഞ്ഞത്‌ നല്ലൊരു അനുഭവമായി.. നാട്ടിലെ എഴുത്തുകാരെന്നും,പ്രവാസി എഴുത്തുകാരെന്നുമുള്ള ഒരു അതിരു ഇല്ലാതാവുന്ന ഈ കാലത്ത്‌, പഠനവിധേയമാക്കേണ്ട കുറച്ച്‌ കവിതകൾകൂടി ഉൾപ്പെടുന്നതാണു ഈ പുസ്തകം.. "നേരിൽ" തുടങ്ങി "പൊരിക്കവിതകളിൽ" അവസാനിക്കുന്ന ഈ പുസ്തകത്തിനു ശ്രീ. പി.എൻ. ഗോപീകൃഷ്ണൻ എഴുതിയ അവതാരികയ്ക്ക്‌ നൽകിയിരിക്കുന്ന "മരത്തിന്റെ ജന്മപദാവലികൾ" എന്ന തലക്കെട്ടുമുതൽ അങ്ങോട്ടുള്ള ഓരോ വായനയും ഓരോ ജീവിതാവസ്ഥകളുടെ നേർക്ക്‌ പിടിക്കുന്ന കണ്ണാടികളാണു..
"പ്രാക്ക്‌" എന്ന കവിതയിൽ,
"മുട്ടപൊട്ടിക്കുമ്പോൾ കേട്ടത്‌
രക്ഷപെട്ടതിന്റെ ഘോഷമല്ല
കോന്നിട്ടും തിന്നിട്ടും വെറിതീരാത്തവർക്കുള്ള ചുട്ടുപൊള്ളുന്ന പ്രാക്കാണു..!",
എന്ന് എഴുതുന്ന ഗിരീഷ്‌, "കാടുകയറുമ്പോൾ" എന്ന കവിതയിൽ
"ഒടുവിലൊരുനാൾ കാടിറങ്ങുമ്പോൾ
നാടിന്റെ തിരിച്ചറിവുകളിൽപെട്ട്‌
അവന്റെ മനസ്സുമാത്രമെന്തേ
കാടുകയറുന്നു;
കശാപ്പുശാലകളിലേക്കും തീൻ മേശകളിലേക്കും !"
എന്ന് ആകുലപ്പെടുന്നു..

ഒരിക്കൽ, 'വൃത്തത്തിനുള്ളിൽ താളം ചവിട്ടിക്കളിച്ചിരുന്ന കവിത,വൃത്തത്തിനു പുറത്തിറങ്ങി, ഒടുവിൽ ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി ഉത്തരാധുനികതയുടെ ഉത്തരത്തിൽ തൂങ്ങിച്ചാകുന്ന' കാലത്ത്‌ തെല്ലൊരു ആശ്വാസമാണു ഇത്തരത്തിലുള്ള കാവ്യചിന്തകൾ..!!

ഒരു കെമിക്കൽ എഞ്ചീനിയറായ ഗിരീഷിനു കവിതയുടെ കെമിസ്ട്രി നന്നായി വശമുണ്ടെന്നാണു ഈ സമാഹാരത്തിലെ ഓരോ കവിതയും സൂചിപ്പിക്കുന്നത്‌..
ഖത്തർ പെട്രോളിയത്തിലെ ഉദ്ദ്യോഗസ്ഥനായ ഈ പെരുമ്പാവൂർക്കാരനു,കവിതയുടെ വഴിയിലൂടെ ഇനിയും ഏറെ സഞ്ചരിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു..

പ്രസാധകർ- യെസ്‌ പ്രസ്‌ ബുക്സ്‌
വില 100 രൂപ.

2016 നവംബർ 25, വെള്ളിയാഴ്‌ച

വയനാനുഭവം.. ഇന്നത്തെ അഥിതി അതീതശക്തി.

...മടവൂരിലെ പഞ്ചായത്ത്‌ വക വായനശാലയായ നവോദയാ വായനശാലയിലെ പുസ്തകങ്ങൾക്കിടയിലാണു  Kp Nirmalkumar  എന്ന പേർ ആദ്യം കാണുന്നത്‌.. ഞാൻ ജനിച്ചവർഷം കേരളസാഹിത്യ അക്കാഡമി പുരസ്കാരം ലഭിച്ച "ജലം" എന്ന കഥാസമാഹാരം.. എന്റെ കൗമാരവായനയിൽ നിറഞ്ഞുനിന്നിരുന്ന ബാറ്റൻബോസിനേയും കോട്ടയം പുഷ്പനാഥിനേയും മുട്ടത്തുവർക്കിയേയുമെല്ലാം പടിയിറക്കിവിട്ടത്‌ ഈ "ജലവും" പിന്നെ എം ടിയും ഓ വി വിജയനും സേതുവും സി.രാധാകൃഷ്ണനുമൊക്കെയാണു..
കാലം ഒരുപാട്‌ കഴിഞ്ഞു..പിന്നീട്‌ പുസ്തകം വായന  കുറഞ്ഞു.. അത്യാവശ്യം പത്രങ്ങളും വാരികകളുമായി ചുരുങ്ങി..നിയോഗം പോലെ ഗൾഫിൽ എത്തിയതിനുശേഷം പുസ്തകവായനക്ക്‌ കുറച്ചുസമയം കണ്ടെത്താൻ കഴിഞ്ഞു.. കൂടുതൽ പുസ്തകങ്ങൾ വാങ്ങാനും വായിക്കാനും തുടങ്ങി.. അക്കൂട്ടത്തിൽ വാങ്ങിയ "മാതൃഭൂമി ആഴ്ച്ചപ്പതിപ്പ്‌ കഥകൾ 2012" ൽ വീണ്ടും കെ.പി.നിർമ്മൽകുമാറിനെ വായിച്ചു.. "പുളിങ്കൊമ്പത്തെ പോതി"..!  ഖസാക്കിലെ രവിയുടെ നമ്മൾ അറിയാത്ത ഒരു അധ്യായം.. ഖസാക്കിന്റെ ആ പുനർവായന ഇഷ്ടായി..
2014 ലെ അവധിക്കാലത്താണു "ഇന്നത്തെ അതിഥി അതീതശക്തി" വാങ്ങുന്നതും വായിക്കുന്നതും.. എന്നാൽ അന്നൊരു കുറിപ്പ്‌ എഴുതാൻ പറ്റിയില്ല.. ഇപ്പോൾ, "കെ.പി.നിർമ്മൽകുമാറിന്റെ തിരെഞ്ഞെടുത്ത കഥകൾ"  വായിക്കുന്നതിനിടയിൽ ഒരിക്കൽക്കൂടി "അതീതശക്തിയെ" വായിച്ചു..
മഹാഭാരതത്തിന്റെ  Universal Applicability വളരെ വലുതാണു.. 'അഹം ബ്രഹ്മോസ്മി' എന്ന പ്രയോഗത്തെ സബ്ജക്റ്റീവായും ഒബ്ജക്റ്റീവായും മനസ്സിലാക്കാം.. ഇവിടെ ഈ രണ്ടു രീതിയിലും മഹാഭാരതത്തെ പുനർവ്വായിക്കുകയാണു ശ്രീ നിർമ്മൽകുമാർ.. മഹാഭാരതകഥകളെ അധികരിച്ച്‌ അനേകം പുസ്തകങ്ങൾ എഴുതപ്പെട്ടിട്ടുണ്ട്‌.. ഇതിൽ,മലയാളികൾക്ക്‌ ഏറെ പരിചയമുള്ളവ, 'രണ്ടാമൂഴവും', 'യയാതി'യും 'ഇനി ഞാൻ ഉറങ്ങട്ടെ'യുമൊക്കെയാവാം.. എന്നാൽ, ഇവയിലെല്ലാം ഒരു 'പൗരാണികത' ദർശ്ശിക്കാനാവും.. എന്നാൽ, "ഇന്നത്തെ അതിഥി അതീതശക്തി" ഇത്തരം 'പൗരാണികമണം' പേറുന്നില്ല..
ഇന്ന്,നമ്മുടെ ബോധാ- അബോധങ്ങളേയും ചിന്തയേയും പ്രതികരണങ്ങളേയുമെല്ലാം സ്വാധീനിക്കുന്ന ശക്തിയാണു മാധ്യമങ്ങൾ..അതുകൊണ്ടുതന്നെ,ഒരു കൊട്ടാരം ലേഖികയുടെ കാഴ്ചപ്പാടിലൂടെ,അഥവാ അവർക്കൊപ്പമാണു വായനക്കാരനെ കൂട്ടുന്നത്‌.. രചനാരീതിയിലും,കഥാപത്രങ്ങളുടെ സംഭാഷണരീതിയിലുമെല്ലാം ഒരു ആധുനികത ഇതിൽ നിറഞ്ഞുനിൽക്കുന്നു.. കൗരവരും പാണ്ഢവരുമൊക്കെ ഒരു ആധുനിക രാജ്യത്തിന്റേയോ, കൂട്ടുകുടുംബത്തിന്റേയോ പ്രതിരൂപങ്ങളായി മാറുന്നു.. കുടിപ്പകയും കിടമത്സങ്ങളും അധികാരദുർവ്വിനിയോഗവും ഒക്കെ നിറയുന്ന പരുക്കൻ ജീവിതയാദാർത്ഥ്യങ്ങളിലൂടെ കടന്നുപോകുന്ന നോവലിന്റെ അധ്യായങ്ങൾ വായനക്കാരനെ അൽപവും മുഷിപ്പിക്കുന്നില്ല.. ചെറിയ അധ്യായങ്ങളാണു..
മറ്റൊരു രീതിയിൽ പറഞ്ഞാൽ ഈ നോവൽ കൗരവരുടേയും പാണ്ട്ഢവരുടേയും മറ്റ്‌ പ്രധാന മഹാഭാരതകഥാപത്രങ്ങളുടേയും ഒരു psychoanalysis  ആണു..! ഒരു മനുഷ്യജന്മത്തിന്റെ ആദിമധ്യാന്തങ്ങളിലെ എല്ലാ അവസ്ഥകളേയും,തികച്ചും വ്യത്യസ്തമായ രചനാരീതിയിലൂടെ കാട്ടിത്തരുകയാണു ഈ നോവൽ..
മറ്റ്‌ സമകാലീന രചനകൾ പലതും കൊട്ടിഘോഷിക്കപ്പെട്ടപോലെ ഈ നോവൽ വായിക്കപ്പെട്ടോ എന്ന് സംശയിക്കുന്നു.. ഇത്‌ ഒരു എളുപ്പവായനക്കുള്ള രചനയല്ല.. തികച്ചും ഒരു 'മെന്റൽ എക്സർസ്സൈസ്‌' അനിവാര്യമാണു..ആ മാനസ്സികവ്യായാമത്തിലൂടെ വായനക്കാരൻ എത്തുന്നത്‌ ഒരു പുതിയ ലോകത്തേക്കാണു.. ഇന്നത്തെ, മാധ്യമങ്ങൾ ഭരിക്കുന്ന ലോകത്തെ, പുതിയ ഗാന്ധാരവും ഹസ്തിനപുരിയുമെല്ലാം ഉൾപ്പെടുന്ന ഒരു  കാഴ്ച്ചയിലേക്ക്‌.. പ്രകൃതിനിയമത്തിനു കീഴ്പ്പെടുന്ന മനുഷ്യാവസ്ഥകളിലേക്ക്‌..!

വായനാനുഭവം- കമ്പിറാന്തലിന്റെ വെളിച്ചം.

കമ്പിറാന്തലിന്റെ വെളിച്ചം..

ഭാവനയുടെ ഹിമാലയം ഉരുകിയൊഴുകുന്ന അക്ഷരഗംഗയല്ല..സ്വയം തിർത്ത അക്ഷരഭിത്തികൾക്കുള്ളിലിരുന്ന്, ജീവിതത്തെ കാൽപനികമായി പകർത്തുന്നതുമല്ല.. മറിച്ച്‌,പിറന്ന മണ്ണിന്റെ മണവും നനവുമുള്ള, നാടൻ ജീവിതത്തിന്റെ താളവും നിറവും നിറയുന്ന കുറിപ്പുകൾ.. ആധുനികോത്തരരചനാരീതിയുടെ പരിസരങ്ങളിൽനിന്നും മാറി, സാധാരണക്കാരന്റെ കണ്ണിൽ നിറയുന്ന കാഴ്ച്ചകളുമായി,നമ്മുടെ നാട്ടിടവഴികളിലൂടെയുള്ള ഒരു യാത്ര.. കരിവന്നൂർപ്പുഴയ്ക്കപ്പുറവും ഇപ്പുറവുമായി തെളിയുന്ന രണ്ട്‌ ലോകങ്ങൾ..എന്നാൽ ഈ രണ്ടു ലോകങ്ങളേയും നമ്മുടെ കുട്ടേട്ടൻ കാണുന്നത്‌ ഒരേ കണ്ണുകൊണ്ട്‌..! സാധാരണക്കാരിലും സാധാരണക്കാരനായുള്ള കാഴ്ച്ച..
"ഡേവിസ്സിന്റെ തുണിക്കടയിൽ" തുടങ്ങി, "കമ്പിറാന്തലിന്റെ വെളിച്ചത്തിൽ" അവസാനിക്കുന്ന മുപ്പത്‌ ലേഖനങ്ങളും വായിച്ചുകഴിയുമ്പോൾ,  നമ്മുടെ ഉള്ളിലും വെളിച്ചം നിറയുന്നു..വായനക്കാരനെ ചിന്തിപ്പിച്ചും ചിരിപ്പിച്ചും, ചെറുതായി നൊമ്പരപ്പെടുത്തിയും,ആരുമറിയാതെ സ്വയം വേദനിച്ചും, നമ്മുടെ ഓർമ്മക്കടലിലേക്ക്‌ ഊളിയിടുന്ന വാക്കുകൾ..
വാക്ക്‌ വിറ്റ്‌ വിശപ്പടക്കിയവർക്കും വിശപ്പിനുമുകളിൽ വാക്കുകൾ തീർത്തവർക്കും, അറിയിച്ചിട്ടും അറിയാതെ പോയവർക്കും അപ്പുറമുള്ള ഒരു വരമ്പിലൂടെയാണു 'അഷ്ടമൂർത്തി' എന്ന എഴുത്തുകാരന്റെ യാത്ര എന്ന് എനിക്ക്‌ തോന്നിയിട്ടുണ്ട്‌.. നടവരമ്പിന്റെ ഇരുവശങ്ങളിലായി തരിശ്ശായി കിടന്ന പാടത്ത്‌,കഥയുടേയും ലേഖനങ്ങളുടേയും നൂറുമേനി വിളയിച്ച തനി നാട്ടിൻപുറത്തുകാരൻ.. ഇന്ന്,ഇപ്പോൾ 'കഥയ്ക്കും അനുഭവക്കുറിപ്പുകൾക്കും'  ഇടയിലുള്ള നടവരമ്പു ഇല്ലാതാവുന്ന കാഴ്ച്ചയാണു 'കമ്പിറാന്തലിന്റെ വെളിച്ചത്തിൽ' കാണുന്നത്‌..കവിതപോലൊഴുകുന്ന നാട്ടുഭാഷ.. മകരമഞ്ഞുറയുന്ന പുൽക്കൊടിത്തുമ്പിലെ സൂര്യനെപ്പോലെ സുന്ദരം..!!

രണ്ടുവർഷം മുൻപ്‌,ഞങ്ങൾ സകുടുംബം കുട്ടേട്ടന്റെ വീട്ടിൽ പോയിരുന്നു.. ദോഹയിൽ,ഞങ്ങളുടെ താമസസ്ഥലത്ത്‌ കുട്ടേട്ടൻ വന്നിട്ടുണ്ടെങ്കിലും,രണ്ടു കുടുംബങ്ങളും ഒരുമിച്ച്‌ കാണുന്നത്‌ അന്നായിരുന്നു.. അതിനുമുൻപ്‌ ഞാനും മോനും കുട്ടേട്ടന്റെ വീട്ടിൽ അന്തിയുറങ്ങിയിട്ടുണ്ട്‌.. ഏതാണ്ട്‌,ഒരു പതിനൊന്ന് മണിയോടെ കുട്ടേട്ടന്റെ വീട്ടിലെത്തി.. ചേട്ടനും ചേച്ചിയും മാത്രം..അദ്ദേഹം ഉടുപ്പോ ബനിയനോ ധരിച്ചിരുന്നില്ല.. സ്വന്തം മക്കളോ അനന്തരവരോ വീട്ടിൽ വരുമ്പോൾ എങ്ങനയോ.. അങ്ങനെ..! കുശലം പറഞ്ഞു.. നാട്ടുമാങ്ങയും കൂട്ടി സദ്യ കഴിച്ചു..മോൻ കുറച്ച്‌ ചിത്രങ്ങൾ എടുക്കാൻ തുടങ്ങി..ഉടുപ്പില്ലാതെ തന്നെ കുട്ടേട്ടൻ പോസ്‌ ചെയ്തു..
(ഇനി എന്റെ കാര്യം..ഉടുപ്പിടാതെ, കുടുംബത്തോടൊപ്പം സൊറ പറഞ്ഞിരിക്കുമ്പോൾ, ആരേലും വന്ന് കോളിംഗ്‌ ബെല്ലടിച്ചാൽ, "ഇപ്പോ തുറക്കേണ്ട..ഞാൻ ഉടുപ്പിട്ടിട്ട്‌ വരട്ടെ",എന്ന് പറഞ്ഞ്‌ മുറിയിൽ പോയി ഉടുപ്പുമിട്ട്‌,ഒരു ചിരിയും ഫിറ്റ്‌ ചെയ്ത്‌ വരും..!! )
ഇതാണു അഷ്ടമൂർത്തി എന്ന എഴുത്തുകാരനെ മറ്റുള്ളവരിൽനിന്നും വ്യത്യസ്തനാക്കുന്നത്‌.. താൻ എങ്ങനെയോ..അങ്ങനെ..വച്ചുകെട്ടുകളൊ ജാഡകളൊയില്ലാത്ത ഒരു സാധാരണ മനുഷ്യൻ.. എപ്പോഴും ഒരു സാധാരണക്കാരനായിരിക്കുക എന്നത്‌ ദുഷ്കരമാണു..എന്നാൽ കുട്ടേട്ടൻ എപ്പോഴും അങ്ങനെതന്നെ..വാക്കിലും നോക്കിലും പ്രവർത്തിയിലും എഴുത്തിലുമെല്ലാം.. കാരണം അദ്ദേഹത്തിന്റെ കാലും മനസ്സും, പിറന്ന മണ്ണിലും ജീവിതപരിസരങ്ങളിലും വേരോടിനിൽക്കുന്നു.. ആ ഉറപ്പാണു, ഊർജ്ജമാണു അഷ്ടമൂർത്തിയെ വ്യത്യസ്തനാക്കുന്നത്‌..!!!

2016 ഒക്‌ടോബർ 9, ഞായറാഴ്‌ച

ലോക മാനസ്സികാരോഗ്യ ദിനം 2016


October 10..World Mental Health Day..

ഈ വർഷത്തെ സ്ലോഗൻ Psychological and Mental Health first aid  എന്നതാണു.. നാലുപേരിൽ,ഒരാൾക്ക്‌ എന്ന കണക്കിൽ എന്തെങ്കിലും രീതിയിലുള്ള മനസ്സികാരോഗ്യപ്രശ്നം നിലനിൽക്കുന്നുവെന്ന് പഠനങ്ങൾ പറയുമ്പോൾ തന്നെ,ഈ വിഷയത്തിന്റെ ഗൗരവം മനസ്സിലാകുമല്ലോ.. നമ്മുടെ ശരീരഭാഗങ്ങൾക്ക്‌ ഒടിവോ ചതവോ മറ്റ്‌ അസുഖങ്ങളോ വന്നാൽ,അതിനേക്കുറിച്ച്‌ വേണ്ടപ്പെട്ടവരോട്‌  പറയുകയും   വേഗം ചികിത്സിക്കുകയും ചെയ്യും..എന്നാൽ മനോരോഗങ്ങളുടെ കാര്യത്തിൽ ഇപ്പോഴും ഒരു "രഹസ്യസ്വഭാവം" നിലനിർത്തുന്നുവെന്നതുകൊണ്ടുതന്നെ,പലരും ചികിത്സിക്കപ്പെടാതെയോ മനസ്സിലാക്കപ്പെടാതെയോ പോകുന്നു..തക്ക സമയത്തുള്ള ചികിത്സ, റിഹാബിലിറ്റേഷൻ, മറ്റ്‌ സൈക്കോത്തെറാപ്പികൾ എന്നിവയിലൂടെ മിക്കവാറും മനോരോഗവും ഒഴിവാക്കി "സാധാരണ ജീവിതം" നയിക്കാനുള്ള അവസരങ്ങളുണ്ടായിട്ടും, പലരും ഇത്തരം അവസ്ഥകളെ പേടിയോടേയും "ഇനിയെല്ലാം അവസാനിച്ചു" എന്ന രീതിയിലുമാണു നോക്കിക്കാണുന്നത്‌..ഈ അവസ്ഥക്ക്‌ മാറ്റം വരണം..അതിനു,മാനസ്സിക വിഷമങ്ങൾ അനുഭവിക്കുന്നവരെ,അവരുടെ ഭാഗത്തുനിന്ന് മനസ്സിലാക്കാനുള്ള ഒരു മാനസ്സികാവസ്ഥ കൂടെയുള്ളവർക്കുണ്ടാകണം..
ഓരോ മനസ്സികാവസ്ഥയിലും പ്രകടിപ്പിക്കപ്പെടുന്ന സ്വഭാവമനുസരിച്ച്‌,അത്തരക്കാരെ മനസ്സിലാക്കാനുള്ള സൈക്ക്യാട്രിക്‌- സൈക്കോളൊജിക്കൽ രീതികൾ വ്യത്യസ്ഥമാണെങ്കിലും, Love and understanding  എന്ന മർഗ്ഗങ്ങളിലൂടെ അവരെ സാന്ത്വനിപ്പിക്കാനാവും..
2014 ലെ ലോക മാനസ്സികാരോഗ്യദിനത്തിൽ  എഴുതിയ ഒരു കുറിപ്പ്‌ ഇതിനോടൊപ്പം ചേർക്കുന്നു..

...ഇന്ന് ഒക്ടോബർ പത്ത്...ലോക മാനസ്സികാരോഗ്യദിനം..!
മനസ്സിന്റെ ബോധവീണകമ്പിപൊട്ടിയ,ബോധതന്മാത്രകൾ ഗതിമാറി സഞ്ചരിക്കുന്ന അനേകരെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തൽ..ഒരു ചിന്തയുടെ താളംതെറ്റലിനപ്പുറവും ജീവിതം എന്താണെന്നറിയുന്ന, കൂനകൂടുന്ന ഭൗതിക നേട്ടങ്ങളും കീർത്തിയുമെല്ലാം കേവലമാണെന്നുമുള്ള തിരിച്ചറിവ്...!
മോന്റെ ന്യൂറൊ ചികിത്സയുടെ ഭാഗമായിട്ടാണ് ബംഗലൂരുവിലെ നിംഹാൻസിൽ(NIMHANS) എത്തുന്നത്..അവിടുത്തെ പത്ത് ദിനങ്ങളും ഒരു നോവായിത്തന്നെ തുടരുന്നു..വൃത്തിയുള്ള ആശുപത്രി സമുച്ചയം..സാധാരണ സർക്കാർ ആശുപത്രികളിൽ കാണുന്ന പരിമിതികളോ,പരാതികളോ ഇല്ലാത്ത അന്തരീക്ഷം..‘മൈൻഡ്,ബ്രെയിൻ,ന്യൂറൊ ആക്സിസ്’എന്ന രീതിയിൽ ഏഷ്യയിലെതന്നെ ഏറ്റവും വലിയ ആശുപത്രിയും പരിശീലനകേന്ദ്രവും.. രാവിലെ നാലരമണിമുതൽതന്നെ ഓപിയിലേക്കുള്ള സന്ദർശകരുടെ നിര തുടങ്ങും..ഇവിടെ രോഗികളല്ല..സന്ദർശകരാണ്..!എട്ടുമണിമുതൽ മൂന്നുമണിവരെയാണ് സാധാരണ സമയമെങ്കിലും,ഏഴുമണിക്കുമുൻപേ ഡോക്ടന്മാർ എത്താറുണ്ട്.. വൈകുന്നേരം 5-6 മണിവരെ അവരുണ്ടാവും..!! വലിപ്പചെറുപ്പങ്ങൾ ഇല്ലാതെ,എല്ലാവർക്കും തുല്ല്യ പ്രാധാന്യം നല്കി,എല്ലവരേയും ക്ഷമയോടും സ്നേഹത്തോടും കേൾക്കുന്ന ഒരു സംസകാരം..!
വളരെ ചെറിയ കുഞ്ഞുങ്ങൾ മുതൽ,ജീവിതത്തിന്റെ അസ്തമയസൂര്യനെ കാണാൻ തുടങ്ങിയവർവരെയുള്ള,നിരവധി മാനസ്സിക പ്രശ്നങ്ങൾ അലട്ടുന്നവർ..ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും എത്തുന്നവർ..പട്ടിണിക്കോലങ്ങൽ...കണ്ണിന്റെ ഉറവ വറ്റിയവർ..ഒരു ശ്രൂതി മാറ്റം മുതൽ തന്ത്രികൾ തുരുമ്പിച്ചവർ വരെ..ജന്മങ്ങളുടെ പാപം പേറുന്നവർ..മനോരോഗത്തെ പാപമായും ഭാരമായും കാണുന്നവർ...നിശ്വാസമായി മാറുന്ന പിതൃത്വങ്ങൽ..സ്നേഹമായി നെഞ്ഞോട് ചേർക്കുന്ന അമ്മമാർ..!ഇതിനിടയിൽ ബോധവും അബോധവുമൊന്നും തിരിച്ചറിയാത്ത കുറെ ‘നിഷ്കളങ്ക’മനസ്സുകൾ...! മാനസ്സികാരോഗ്യവിഭാഗത്തിലെ ഓപിയുടെ ഇടനാഴിയിലൂടെ നടക്കുമ്പോൾ മനസ്സ് വല്ലാതെ പതറി പോവുന്നു..!ഒരുപാട് വേദനിപ്പിക്കുന്ന കാഴ്ച്ചകൾ..
ഏതാണ്ട് അഞ്ചു വയസ്സുള്ള ആൺകുട്ടി..വടക്കെ ഇൻഡ്യൻ..വല്ലാതെ അലറിവിളിക്കുന്ന കുട്ടിയെ അതിലും ക്രൂരമായി മർദ്ദിച്ച് ശാന്തനാക്കാൻ ശ്രമിക്കുന്ന അച്ഛൻ..ആ അച്ഛനെ തട്ടിമാറ്റി,ആ കുഞ്ഞിനെ നെഞ്ചോട് ചേർത്ത് തുരുതുരെ ഉമ്മവച്ച് ആശ്വസിപ്പിക്കുന്ന അമ്മ..!ബലക്ഷയം വന്ന അസ്ഥികൂടത്തിൽ,ഒരു തൊലിയുടെ ആവരണം മാത്രമുള്ള ആ അമ്മയുടെ വാതസല്യം കണ്ണു നനച്ചു..!അതുപോലെ എത്രയെത്ര നീറ്റലുകൾ...!.അംഗവൈകല്യം ഒപ്പം ബഹളവും ഉള്ള മോനെ,വൃദ്ധയായ അമ്മ ഒറ്റയ്ക്ക് രണ്ടാം നിലയിൽ കൊണ്ടുവരുന്നു..ഞാനും മോനും അവരെ സഹായിച്ചു..മറ്റാരും കൂട്ടിനില്ലേ എന്ന ആരാഞ്ഞപ്പോൾ അവർ കരഞ്ഞില്ല..“ദൈവമുണ്ടല്ലോ..ആ ശക്തി നിങ്ങളായും വരും..”!! ‘നാല്പ്പതുവയസ്സുള്ള’ മകന്റെ ചികിത്സക്കായി,മഹാരാഷ്ട്രയിൽനിന്നും ബംഗലൂരുവിലേക്ക് താമസം മാറിയ ഒരു കുടുംബം..ഇരട്ടകുട്ടികൾ..ഒരാൾ  എം.ബി.യെ കഴിഞ്ഞ് ഡൾഹിയിൽ ജോലി..മറ്റെയാൾ മനോരോഗി..അച്ഛൻ ആശുപത്രിയുടെ കാർപാർക്കിങ്ങ് വരെ മാത്രം വരും..അച്ഛനിഷ്ടം ഡെൾഹിയിലെ മോനെ മാത്രം..! “ഞാൻ നൊന്തു പെറ്റതല്ലേ...എനിക്കിവനെ ഉപേക്ഷിക്കാൻ പറ്റുമോ..?” അവരുടെ കണ്ണു നനഞ്ഞു..“എന്റെ കാലം വരെ ഞാൻ നോക്കും..ആരൊക്കെ ഉപേക്ഷിച്ചാലും...! എന്റെ കണ്ണടഞ്ഞാൽ...!” എന്റെ മോൻ എന്റെ കൈയിൽ മുറുകെപിടിച്ചു..അവന്റെ കണ്ണു നിറഞ്ഞിരുന്നു...! എത്രയെത്ര നോവുകൾ..മുറിവുകൾ..നീറ്റലുകൾ..!!
  മനോരോഗം ഒരു രോഗമല്ല..ഒരു അവസ്ഥയാണ്..ആർക്കും എപ്പോഴും സംഭവിക്കാവുന്നത്..അതിലേക്ക് എത്തിക്കുന്ന ഒരുപാട് കാരണങ്ങളെ,‘ സൈക്കോളൊജിക്കൽ, ബയോളൊജിക്കൽ,സോഷ്യൽ’ എന്നിങ്ങനെ തരംതിരിച്ച് അപഗ്രഥിക്കാം..പല കാരണങ്ങൾ കണ്ടെത്താം..നിഗമനങ്ങളിൽ എത്താം..!മറ്റു ശാരീരിക രോഗാവസ്ഥകളെല്ലാം കണ്ടെത്താനുള്ള ആധുനിക സാങ്കേതിക വിദ്യകളുണ്ട്..അതിനനുസരിച്ച് മരുന്നും നിർണ്ണയിക്കാം...എന്നാൽ മാനസ്സികാരോഗ്യം ഉപകരണങ്ങൾ ഉപയോഗിച്ച് കണ്ടെത്തി ചികിത്സിക്കാൻ പറ്റുന്നതല്ല..!അവിടെ, അളവുകോലുകൾ പരാചയപ്പെടുന്നു..! അതിനെ അളക്കാൻ മനസ്സെന്ന ഉപകരണത്തിലൂടെ മാത്രമേ സാധിക്കൂ..അതെ,അവരെ മനസ്സിലാക്കാനുള്ള മനസ്സുവേണം..!!പിന്നെ ഔഷധം..! അതും നമ്മളിൽതന്നെയുണ്ട്..ഉപയോഗിക്കണം എന്നു മാത്രം..അളവില്ലാതെ...കലർപ്പില്ലാതെ..!സ്നേഹം..!അത്..അതുമാത്രമാണ് മാസസ്സികാരോഗ്യം നിലനിർത്താനുള്ള ഒരേ ഒരു ഔഷധം...!!