2013 ഒക്‌ടോബർ 6, ഞായറാഴ്‌ച
മറുപുറം... ഇരുണ്ട ഭൂഖണ്ടത്തിലെ വെള്ളിവെളിച്ചം.. കല ജീവിതമാണെന്നും, എന്നാൽ ജീവിതം കലയല്ല എന്നുമുള്ള ചിന്തയ്ക്ക് ഏറെ മാറ്റം സംഭവിയ്ക്കുന്ന കാലത്തിലൂടെയാണ് നമ്മൾ കടന്നുപോവുന്നത്.പലപ്പോഴും സിനിമപോലുള്ള കലാരൂപാങ്ങൾ പറയുന്ന കഥയേയും സന്ദർഭങ്ങളേയും വെല്ലുന്ന രീതിയിലുള്ള സംഭവങ്ങളും കാഴ്ച്ചകളുമാണ് നിത്യേന കാണുന്നത്.ഒരുപക്ഷേ ഈ പ്രകടനങ്ങൾക്ക് ഇഷ്ട-താര ചിത്രങ്ങൾ ഒരു കാരണമാവാം.സിനിമയെന്ന ജനകീയ കലയ്ക്ക് കാരണക്കാരായ തോമസ് ആൾവ എഡിസനും ലൂമിയർ സഹോദരന്മാരും സ്വപ്നം കണ്ടതിനുമപ്പുറത്തേയ്ക്ക്,ഒരു ജനതയുടെ വികാരമായി ഈ കലാരൂപം വളർന്നു...‘ഒരു ഭാവിയുമില്ലാത്ത കണ്ടുപിടുത്തമാണ് സിനിമയെന്നുള്ള ലൂയി ലൂമിയറുടെ വാക്കുകളെ തിരുത്തിക്കൊണ്ട്,നിത്യേന മാറുന്ന സങ്കേതിക വിദ്യയുടെ മാറ്റങ്ങൾ ഉൾക്കൊണ്ട്,കാഴ്ച്ചയുടെ പുതിയ തലങ്ങളിലേക്ക് സിനിമ നമ്മളെ കൂട്ടിക്കൊണ്ട്പോവുന്നു.. 1913,മേയ് മാസം മൂന്നാം തീയതി,നാല്പത് മിനിറ്റ് ദൈർഘ്യമുള്ള “രാജാ ഹരിചന്ദ്ര” നിശബ്ദമായി പറഞ്ഞത്,അഭ്രപാളിയിലെ വരും നാളുകളിലെ വിസ്മയത്തെക്കുറിച്ചാണ്..വെള്ളിവെളിച്ചത്തിൽ തെളിയുന്ന സ്വപ്നങ്ങളെക്കുറിച്ച്..!! പല വർണ്ണങ്ങളിൽ, ഇന്ത്യൻ സിനിമയുടെ നൂറാം വർഷം ആഘോഷിക്കുന്ന നമ്മുക്ക് അഭിമാനിയ്ക്കാൻ ഏറെയുണ്ട്. ചലച്ചിത്രഭൂപടത്തിൽ സ്വന്തം ഇടം കണ്ടെത്തിയ പ്രതിഭാശാലികൾ..സത്യജിത് റായിയും,മൃണാൾസെന്നും,അടൂർ ഗോപാലകൃഷ്ണനും, അരവിന്ദനും,ഷാജി കരുണും,ഗിരീഷ് കർണ്ണാടും,ഋഥ്വിക്ക് ഘട്ടക്കും തുടങ്ങി,ഇന്ത്യൻ സിനിമയുടെ കലാമൂല്യത്തെ ലോകത്തിന് കാട്ടിക്കൊടുത്തവർ ഏറെയാണ്... സിനിമയുടെ നിലനില്പ്പ് കലാമൂല്യത്തിൽ മാത്രം ഒതുങ്ങുന്നില്ല.അതിനും മുകളിൽ, കച്ചവടമൂല്യമുണ്ട്..നിലനില്പ്പിനുള്ള ധനസമാഹരണം..!!ഇവിടെ സിനിമ ഭൂഖണ്ടങ്ങൾക്കപ്പുറത്തേക്ക് കടൽനീന്തിയെത്തുന്നു.ആംഗലേയ ഭാഷാചിത്രങ്ങൾക്ക് ലോകരാജ്യങ്ങളിൽ കച്ചവട സാധ്യത കൂടുതലാണ്.അത്രയുമില്ലെങ്കിലും,ഹിന്ദി സിനിമകളുടെ സ്വീകാര്യതയും കുറവല്ല. മാധ്യമപ്രവർത്തനം-അതു ഏതു രൂപത്തിലായാലും- വ്യത്യസ്ത അനുഭവങ്ങളുടെ ഒരു കലവറയാണ് മുന്നിൽ തുറന്നു വയ്ക്കുന്നത്..പ്രവാസജീവിതം, വ്യതസ്ത ജീവിതങ്ങളുടെ ഒരു നേർക്കാഴ്ച്ചയും..‘ദാരിദ്ര്യ’മെന്ന പദത്തിന്റെ പര്യായമെന്തെന്ന് ചോദിച്ചാൽ പറയാവുന്ന വാക്കുകളാണ് സൊമാലിയയും,എത്വോപ്പിയയും,എറിത്രിയയും സുഡാനുമൊക്കെ...!!എന്നാൽ,ഹിന്ദി സിനിമയ്ക്ക് മുമ്പിൽ ദാരിദ്ര്യം വഴിമാറുകയാണ്...കുറച്ചുനാൾമുൻപ്,ഒരു വെള്ളിയാഴ്ച്ച ദിവസം ഉച്ചകഴിഞ്ഞ്,ഖത്തറിന്റെ വടക്കേത്തലയ്ക്കൽ,ധക്കീറയിൽ ഒരു ന്യൂസ് കവറേജിന് പോകണമായിരുന്നു..കുറച്ചുനേരത്തേ റ്റിവിയിലെത്തി ക്യാമറയെല്ലാം തയ്യാറാക്കി..വീണ്ടും അരമണിക്കൂറോളം ബാക്കിയുണ്ട് ഡ്രൈവർ എത്താൻ..ഉച്ച ഭക്ഷണത്തിന്റെ ആലസ്യത്തിൽ ഉറങ്ങിയ ഞാൻ ഉണർന്നത് മനോഹരമായ ഒരു ഹിന്ദി പാട്ട് കേട്ടുകൊണ്ടാണ്..!!കണ്ണുതുറന്നപ്പോൾ കണ്ടത്,“കറുത്തവാവിലെ ചന്ദ്രക്കലപോലെ” ചിരിച്ചുകൊണ്ട് നില്ക്കുന്ന സൊമാലിയൻ ഡ്രൈവറെയാണ്..!! ധർമ്മേന്ദ്രയുടേയും ഹേമ മാലിനിയുടേയും,അവരുടെ മക്കളുടേയും ആരാധകൻ..!! ആ യാത്രയിലുടനീളം സിനിമയായിരുന്നു ചർച്ചാവിഷയം..മൊഹാദിഷുവിലെ തീയേറ്ററിൽ വരുന്ന എല്ലാ ഹിന്ദി സിനിമകളും വിടാതെ കാണുന്നവരിൽ ഒരാൾ..സിനീമ മാത്രമല്ല,അതിലെ അഭിനേതാക്കളെക്കുറിച്ചുള്ള വിലയിരുത്തൽ,ആ സിനിമകൾ കാണാൻ പോയ കഥകൾ..!!.എല്ലാം ഒരു സിനിമകാണുന്ന രസത്തോടെ കേട്ടിരുന്നു..!! ഇതിന് സമാനമായ അനുഭവമാണ് കഴിഞ്ഞ ദിവസമുണ്ടായതും..കഥാപാത്രം സുഡാനിലെ കാർട്ടും സ്വദേശി..സ്കൂളിൽ പോലും പോവാതെ,ഷോലെയും,ആക്രോശും,സൂരജുമൊക്കെ കണ്ട് ഇന്ത്യൻ സിനിമയെ നെഞ്ചേറ്റി നടക്കുന്ന,അമിതാബ് ബച്ചന്റെ ആരാധകൻ..!! “ദേവദാസിലെ” ദിലീപ്കുമാറിന്റെ അഭിനയം കണ്ട് കണ്ണു നിറഞ്ഞുപോയ സുഹൃത്തിന് പറയാനുള്ളത് ഹിന്ദി സിനിമയിലെ കഥകളെകുറിച്ചാണ്..ജീവിതത്തോട് അടുത്തുനില്ക്കുന്ന കഥകൾ..!!നല്ല പാട്ടുകളും നൃത്തവും..കൊടുത്ത പൈസ മുതലാവുമത്രേ..ഇംഗ്ലീഷ് സിനിമകളേക്കാൾ സുഡാനിലും മറ്റ് ആഫ്രിക്കൻ രാജ്യങ്ങളിലും ഏറെ പ്രീയം നമ്മുടെ ബോളിവുഡ് മസാലയാണെന്നറിഞ്ഞപ്പോൾ വല്ലാത്തൊരു കുളിരായിരുന്നു...ഒരു പക്ഷേ ഈ ‘കുളിരു’തന്നെയാവാം ഇരുണ്ട ഭൂഖണ്ടത്തെ ഹിന്ദി സിനിമയിലേക്ക് ഏറെ അടുപ്പിക്കുന്നത്...!!! ---------ഉണ്ണി മടവൂർ---------------------------------------------------
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)