2013 ഡിസംബർ 20, വെള്ളിയാഴ്‌ച

മുനയുള്ള മൗനങ്ങൾ

മറുപുറം.

     മുനയുള്ള മൗനങ്ങൾ...


         ആശയവിനിമയ രംഗത്തും,വാർത്താവിതരണ രംഗത്തുമെല്ലാം ദൈനംദിനം മാറുന്ന സാങ്കേതികവിദ്യക്കൊയ്പ്പം നമ്മൾ സഞ്ചരിക്കുകയാണ്. ആശയ സംവേദനത്തിനുള്ള മാർഗ്ഗമായാണ് ഭാഷയെ വിവക്ഷിക്കുന്നത്. എല്ലാ ജനതയ്ക്കും അവരുടേതായ ഭാഷയും തനതായ പ്രയോഗരീതികളും ഉണ്ട്. ഭാഷയെന്നത് അക്ഷരമാലകളും പദപ്രയോഗങ്ങളൂം ഉൾക്കൊള്ളുന്ന, വെറും ആശയങ്ങൾ വഹിക്കുന്നതിനുള്ള ‘മാധ്യമങ്ങൾ’ മാത്രമല്ല. അതിനുമപ്പുറം,വികാരങ്ങളും വിചാരങ്ങളുമെല്ലാം  പ്രകടിപ്പിക്കാനും,അതിനെ മറ്റുള്ളവരിലേക്ക് എത്തിക്കുന്നതിനും ഉതകുന്ന ഏതൊരു രീതിയും ഇതിൽ പെടും. ഇവിടെ,ഭാഷയുടെ ഉല്പ്പത്തി-പരിണാമങ്ങളെക്കുറിച്ചുള്ള ഒരു ചർച്ചയല്ല.സമുദ്രം പോലെ വിശാലമായ,ആഴമേറിയ  ഒരു വിഷയം ഒരു പംക്തിയിൽ നില്ക്കില്ല എന്നും അറിയാം.എങ്കിലും ചില നേർക്കാഴ്ച്ചകൾ നല്കിയ അനുഭവം പങ്കിടുന്നു എന്നുമാത്രം.


 “തന്നതില്ലപരനുള്ളുകാട്ടുവാ-
 നൊന്നുമേനരനുപായമീശ്വരൻ
ഇന്നു ഭാഷയതപൂർണ്ണമിങ്ങഹോ !
വന്നുപോം  പിഴയുമർഥശങ്കയാൽ !!!”
(‘നളിനി’-കുമാരനാശാൻ)

ആശയവിനിമയങ്ങൾ റ്റെസ്റ്റ് മെസേജുകളും ഈമെയിലുകളുമായും,സംഭാഷണങ്ങൾ ഫോൺ വിളീകളായും,വികാരവിചാരങ്ങൾ സോഷ്യൽ മീഡിയകളിലെ സ്റ്റാറ്റസുകളായും മാറുന്ന കാലത്ത്, കുമാരനാശാന്റെ ഈ വരികൾക്ക് ഏറെ പ്രസക്തിയുണ്ട്. തന്റെ ഉള്ളിലെ വികാരത്തെ അതേ രീതിയിൽ  ഉൾക്കൊള്ളാനും മറ്റുള്ളവരിലേക്ക് എത്തിക്കാനും കഴിയുന്ന വാക്കുകളുടെ അപര്യാപ്തത കവി തിരിച്ചറിയുന്നു. പലപ്പോഴും   ഭാഷയുടെ സാങ്കേതികത ആശയവിനിമയത്തിന് തടസ്സമാവുന്നില്ല എന്നതാണ് സത്യം. അത്തരമൊരു ‘സംവേദന’ അനുഭവമായിരുന്നു,ഖത്തറിന്റെ ദേശീയദിനത്തോട് അനുബന്ധിച്ച് അരങ്ങേറിയ ബധിര-മൂക കലാസന്ധ്യ നല്കിയത്..

ഖത്തറിനു പുറമേ,ഒമാൻ,ബഹറീൻ,ട്യുണീഷ്യ,സൗദി അറേബ്യ,സിറിയ,ഈജിപ്ത് ,തുടങ്ങിയ രാജ്യങ്ങളിൽ നിന്നും എത്തിയ ബധിര-മൂക കലാകാരന്മാർ അവതരിപ്പിച്ച സ്കിറ്റുകൾക്ക്,പിന്നണിയിൽ ഏർപ്പെടുത്തിയിരുന്ന ‘ഭൗതിക’ഭാഷാന്തരം അനാവശ്യമായിരുന്നു. അംഗചലനങ്ങളും,അനുനിമിഷം മാറുന്ന മുഖഭാവങ്ങളും അക്ഷരരൂപത്തിൽ പിറവിയെടുക്കാൻ കഴിയുന്നതിനുമപ്പുറമായിരുന്നു...! കഠിനാധ്വാനിയായ ഒരച്ഛനും അലസന്മാരായ മൂന്നു ആണ്മക്കളും,അവരുടെ ജീവിതത്തിലെ വഴിത്തിരിവുകളുമെല്ലാം ‘മൗനമെന്ന’ ഭാഷയിലൂടെ മനോഹരമായി അവതരിപ്പിച്ചു.ഒടുവിൽ സ്വന്തം പാർപ്പിടം പോലും നഷ്ടമായി,പാർക്ക് ബെഞ്ചിൽ മഴ നനഞ്ഞു തണുത്ത് വിറങ്ങലിച്ചിരിക്കുന്ന അച്ഛന്റേയും മക്കളുടേയും ചിത്രം  വരച്ചുകാട്ടിയതും മൗനത്തിലൂടെയായിരുന്നു,ഒരു സംഗീതത്തിന്റേയും പശ്ചാത്തലമില്ലാതെ...!!!  വൈകാരിക നിമിഷങ്ങളോടും,നർമ്മമുഹൂർത്തങ്ങളോടും അതേ അളവിൽ തന്നെയാണ് പ്രേക്ഷകരും പ്രതികരിച്ചത്.പ്രേക്ഷകരിൽ,ചില മാധ്യമപ്രവർത്തകരും,ഒന്നുരണ്ടു സംഘാടകരും ഒഴിച്ചാൽ മറ്റുള്ളവരെല്ലാം ബധിര-മൂക വിഭാഗങ്ങളിൽ ഉള്ളവരായിരുന്നു. കലാപരിപാടികൾക്കൊടുവിൽ,സംഘാടകരുടെ അംഗീകാരങ്ങൾ ഏറ്റുവാങ്ങുമ്പോഴും,ആലിംഗനങ്ങൾകൊണ്ടുള്ള അനുമോദനങ്ങൾ പങ്കിടൂമ്പോഴും അവരുടെ കണ്ണൂകളിൽ  ജ്വലിച്ച സൂര്യനു വല്ലാത്ത സുഖമായിരുന്നു....സ്നേഹത്തിന്റെ,ആത്മാർഥയുടെ..എല്ലാറ്റിനുമുപരി,അവർ പരസ്പരം മനസ്സിലാക്കുന്നു...ഭൗതിക ഭാഷാപ്രയോഗങ്ങൾക്കുമപ്പുറമാണ് ഹൃദയത്തിന്റെ ഭാഷ എന്ന സന്ദേശം അവർ പറയാതെ പറഞ്ഞു...!!

കലാസന്ധ്യ കഴിഞ്ഞ്, സൂക്ക് വാക്കിഫിന്റെ തിരക്കിലേക്ക് സ്വയം വലിച്ചെറിയപ്പെട്ടപ്പോഴും തിളങ്ങുന്നകണ്ണുകളൂള്ള മൗനങ്ങൾ എന്നെ വലംവയ്ക്കുന്നാണ്ടായിരുന്നു...! ഒപ്പം,പൊള്ളുന്ന ചോദ്യങ്ങളും..സൃഷ്ടിയുടെ ‘വൈകല്യങ്ങൾ’ ഒന്നുമില്ലാത്ത നീയെന്തിനു വ്യാകുലപ്പെടുന്നു? ഭാഷയും പ്രയോഗങ്ങളും വഴങ്ങുന്ന നിന്നിൽ എന്തുകൊണ്ടാണ് ഇത്രയും ആകുലതയും ആശങ്കയും നിറയുന്നത്??

തിരക്കുള്ള ഇടനാഴിലൂടെ നടക്കുമ്പോൾ ഉള്ളീലിരുന്നു ആരോ പറഞ്ഞു..“നീ പറയുന്നതും കേൾക്കുന്നതുമെല്ലാം പൊള്ളയായ വാക്കുകളാണ്..മൗനത്തിലും കണ്ണുകളിലും നിറയുന്ന ആത്മാവിനെ ഉൾക്കൊള്ളാൻ എന്തുകൊണ്ടോ നിന്റെ വാക്കുകൾക്കാവുന്നില്ല....!!!“

----------------ഉണ്ണീ മടവൂർ--------------------------------------------------------





 





2013 നവംബർ 23, ശനിയാഴ്‌ച

കഥ- മരണത്തിന്റെ മണം


    മരണത്തിന്റെ മണം..

.....കൊടമ്പുളിയിട്ടുവച്ച മീൻ കറിയും കൂട്ടി ഉച്ചയൂണും കഴിച്ച്,വരാന്തയുടെ അരികിൽനിന്നു പുറത്തേക്ക് കൈ കഴുകി ഒഴിക്കുമ്പോഴാണ്,അയലത്തെ സീതയുടെ പഴകിയ വീട് വൈശാഖൻ വീണ്ടും ശ്രദ്ധിച്ചത്...വേലിപ്പത്തലുകൾക്കിടയിലൂടെ കണ്ട വീടിന്റെ മേല്ക്കൂരയിലെ ഓലയെല്ലാം ചെതുമ്പിച്ച് ചിതലരിച്ചു തുടങ്ങിയിരുന്നു....കാലം മറന്നുവച്ച പാഥേയം....!!
 “അവിടെ ആരുമില്ല...സാവിത്രിയമ്മ കൗസല്യയുടെ കൂടെയാണ്...ഇപ്പോ ഇതുപോലത്തെ ഓലവീടൊക്കെ ആർക്കു വേണം..!”..തന്റെ അന്വേഷണം തുടങ്ങും മുൻപേ തന്നെ പിന്നിൽ അമ്മയുടെ ശബ്ദം കേട്ടു അയ്യാൾ ഞെട്ടിത്തിരിഞ്ഞു..
വയസ്സായി ഒരു ഗുണോം ഇല്ലാതായാൽ എല്ലാരുടേയും ഗതി ഇതു തന്നെ...” തറയിൽ വീണ വറ്റ് തുടച്ചുകൊണ്ട്,  ആത്മഗതമായി പറയുന്നത് അയ്യാൾ കേട്ടു..
ഒരു ദീർഘനിശ്വാസത്തിൽ എല്ലാം ഒതുക്കി,വരാന്തയുടെ അരഭിത്തിയിൽ ഇരിക്കുമ്പോൾ അമ്മയുടെ  അവസ്ഥയും അയ്യാൾ ഓർത്തുപോയി...മക്കൾ നാലുപേരുണ്ടായിട്ടും അമ്മ എന്നും ഒറ്റയ്ക്കാണ്...നഗരങ്ങളുടെ ഊഷരതയിൽ പണിപ്പെട്ട് വേരുറപ്പിച്ച തങ്ങളും തമ്മിൽ കാണുന്നതു വല്ലാപ്പോഴും ഓണത്തിനോ അച്ഛന്റെ ആണ്ടിനോ മാത്രം...!
ഊണു കഴിഞ്ഞാൽ ഉച്ചയുറക്കം പതിവില്ല..എങ്കിലും വല്ലാതെ ക്ഷീണം തോന്നിയിരുന്നു. വിവാഹശേഷം ഭാര്യയും, പിന്നിട് കുട്ടിയുമില്ലാതെ തറവാട്ടിൽ വന്നിട്ടില്ല..വർഷങ്ങൾക്കുശേഷമാണ് അമ്മയെ കാണാൻ ഒറ്റയ്ക്ക് വരുന്നത്..അമ്മയെ കാണാനെന്നു മാത്രം പറയാനും വയ്യ..ആത്മാവ് വറ്റിയ നഗരത്തിൽ നിന്നൊരു ഒളിച്ചോട്ടം..!
ഊണു കഴിഞ്ഞാൽ ഒന്നു മയങ്ങണം..നടുവേദനയും മുട്ടുവേദനയും കലശലായിരിക്കുന്നു..ങും..വയസ്സായില്ലേ..?”
പണ്ടെന്നോ വെളുപ്പായിരുന്ന ചുണ്ണാമ്പ്,നിറവും സ്വഭാവവും മാറി ഉണങ്ങിപ്പിടിച്ച വെറ്റിലപ്പാത്രം തുറന്നുകൊണ്ട് അമ്മ പറഞ്ഞു..“അപ്പോ നീയില്ലാതെ അവളും കുട്ടീം..?..എങ്ങനാ അവിടെ...?”
..ഞാനില്ലാതായാലും അവർ ജീവിക്കണ്ടേ..?”..ഇഷ്ടമില്ലാത്ത കാര്യം കേട്ട പോലെ പെട്ടെന്നു തിരിഞ്ഞു..
നിന്നോട് തർക്കിക്കാൻ ഞാനില്ല..അച്ഛന്റെ അതേ സ്വഭാവം..” വെറ്റിലയും  അടയ്ക്കയും ചേർത്ത് ചതച്ച്,പല്ല് അന്യം നിന്നു തുടങ്ങിയ വായിലേക്ക് വയ്ക്കേ അമ്മ പരിഭവിച്ചു..
 വെറ്റിലച്ചെല്ലം വരാന്തയിൽ വച്ച്,തുപ്പൽ കോളാമ്പിയുമായി പടിഞ്ഞാറെ മുറിയുടെ കരയുന്ന വാതിൽ തുറന്ന് അകത്തേക്ക് കയറുന്ന അമ്മയെ വാർധക്യം കീഴടക്കുന്നത് അയാളറിഞ്ഞു...!

 പണ്ട് മുറ്റം വലുതായിരുന്നു.മുറ്റത്തിന്റെ അതിരനപ്പുറത്ത് ഒത്തിരി ചെടികളും നെല്ലിമരവും ഉണ്ടായിരുന്നു..സ്കൂളിൽ പഠിക്കുമ്പോൾ,വൈശാഖൻ കട്ടെടുത്ത് കൊണ്ടുവന്ന അരളിച്ചെടിയും അരണമരവുമൊക്കെ വീടിനേക്കാൾ മുകളിൽ എത്തിനില്ക്കുന്നു..
  ഇന്നു പഴയ ചെടികളുടെ ഫോസിലുകൾക്കുമുകളിൽ തൊട്ടാവാടിയും ചൊറിയണവുമൊക്കെ തഴച്ചുവളരുന്നു..മേധാവിത്വം കൈയ്യാളുന്നു..പായലുപിടിച്ച വരമ്പ് നഷ്ടപ്പെട്ട മുറ്റത്തിനു പുറത്ത് ഇന്നു അവശേഷിക്കുന്നത്,തനിക്ക് ‘നൊമ്പരപ്പഴം സമ്മാനിച്ച നെല്ലിമരം മാത്രമാണ്...!
ജീവിതത്തിന്റെ ദുരിതപർവ്വം താണ്ടുന്നതിനിടയിൽ എപ്പോഴോ ആ നൊമ്പരപ്പഴവും ഓർമ്മയായി...!
  ഓർമ്മയുടെ തിരയെ തിരികെ വിട്ട്,ഒരു ദീർഘനിശ്വാസത്തോടെ ,വൈശാഖൻ വരാന്തയുടെ അരഭിത്തിയിൽനിന്നെഴുന്നേറ്റ് മുറ്റത്തേക്കിറങ്ങി..ചരൽ  ഇളകിക്കിടക്കുന്ന മുറ്റത്തിനും പാദത്തിനുമിടയിൽ ഒരു വിദ്യുത്പ്രവാഹം രൂപംകൊണ്ടു..
 അച്ഛനുള്ളപ്പോൾ ഒരിക്കലും മുറ്റത്ത് ഇത്രയും പുല്ലും പാഴ്ച്ചെടികളും ഉണ്ടാവില്ല..ഒരു പാഴ്ച്ചെടി മുളപൊട്ടിയാൽ,ഉടനെ പിഴുതെറിയും..ഉപയോഗമില്ലാത്ത ഒന്നും വളർത്തേണ്ട എന്നാണു പ്രമാണം..പിഴുതു തെങ്ങിന്റെ ചോട്ടിലിട്ടാൽ അതിനു വളമാവും...!! ഈ സിദ്ധാന്തം തന്നെയാണ് തന്നോടും കാട്ടിയത്..!
 ഒരു മേടപ്പത്തിനു,വിശാഖം നാളിൽ ജനിച്ചതുകൊണ്ടാണ് നക്ഷത്രഗുണമുള്ള പേരു വീണത്. മൂന്നു പെൺകുട്ടികൾക്കുശേഷം കിട്ടിയ ആൺകുട്ടിയായതുകൊണ്ടാവാം,അമ്മയ്ക്ക് സ്നേഹം കൂടുതലായിരുന്നു.
 സാവിത്രിയയമ്മയുടെ ഇളയമകൾ സീതയും  വൈശാഖനും ഒരുമിച്ചായിരുന്നു സതിച്ചേച്ചിയുടെ  ‘കുടിപ്പള്ളീക്കൂടത്തിൽ അക്ഷരം പഠിക്കാൻ പോയിരുന്നത്..
 വെളിച്ചെണ്ണ തേച്ച്,മുടി ചീകിയൊതുക്കി രണ്ടായി പിന്നിയിട്ട്,കൈതപ്പൂവും തിരുകി കരിമഷിയും എഴുതി,മുഖത്ത് എണ്ണമെഴുക്കുമായി,സീത വൈശാഖന്റെ പിന്നിൽ,നടവരമ്പിലൂടെ മെല്ലെ നടക്കും..വയലിനക്കരെ തോട്ടിലെ പരല്മീനിനോട് കളിച്ചും,കല്ലെടുതുമ്പിയെക്കൊണ്ട് കല്ലെടുപ്പിച്ചും,മഷിത്തണ്ട് നുള്ളിയും ,കൈതച്ചെടികൾക്കിടയിലുള്ള നടവഴിയിലൂടെ ‘കുടിപ്പള്ളിക്കൂടത്തിൽ എത്തുമ്പോൾ പത്തുമണി കഴിയും..!! അപ്പോഴേക്കും സതിച്ചേച്ചി ഉച്ചക്കഞ്ഞിയൊക്കെവച്ച്, കുട്ടികളേയും കാത്തിരിക്കും..
 സതിച്ചേച്ചിയുടെ അമ്മ കശുവണ്ടിത്തൊഴിലാളിയായിരുന്നു.ചേച്ചിയുടെ  ചെറുപ്രായത്തിലേ അച്ഛൻ മരിച്ചുപോയി..ഒരു ഇടവപ്പാതിയിൽ കറണ്ട് കമ്പി പൊട്ടിവീണു ഷോക്കേറ്റാണത്രേ അയ്യാൾ മരിച്ചത്..കറവക്കാരൻ സഹദേവൻ രാവിലെ മുകളിലെ വീട്ടിൽ പശുവിനെ കറക്കാൻ പോയപ്പോഴാണ്,വയലിൽ ചത്തുമലച്ച് കിടക്കുന്ന ഭാസ്ക്കരനെ കണ്ടത്..! നാട്ടിൽ കൂടുതൽ പഠിച്ചിട്ടുള്ളത് സതിച്ചേച്ചിയായിരുന്നു...പ്രീഡിഗ്രി..! അച്ഛൻ മരിച്ചപ്പോൾ പഠിത്തം നിർത്തി.അല്ലായിരുന്നുവെങ്കിൽ,പഠിച്ച് വലിയ ഡോക്ടറാകുമായിരുന്നെന്ന് അമ്മ ഒരിക്കൽ സാവിത്രിയമ്മയോട് പറയുന്നത്  വൈശാഖൻ കേട്ടിരുന്നു....!!
വക്കുപൊട്ടിയ സ്ലേറ്റിൽ അക്ഷരം എഴുതാൻ പഠിപ്പിച്ചിട്ട്,ചേച്ചി പിന്നിലെ അടുക്കളച്ചായ്പ്പിലേക്ക് മറയും..ചിലപ്പോഴൊക്കെ പാത്രം തട്ടുന്ന ശബ്ദം കേൾക്കുമ്പോൾ,ചേച്ചി ഉറക്കെ വിളിച്ച് പൂച്ചയെ ഓടിക്കും..ആ നശിച്ച പൂച്ചയ്ക്കുണ്ടായിരുന്ന ബീഡിയുടെ മണം തിരിച്ചറിയാൻ ഒത്തിരിക്കാലം കഴിയേണ്ടി വന്നു..!!
 മിക്കപ്പൊഴും വന്നുപോയിരുന്ന ‘പൂച്ച ഒരുനാൾ ചേച്ചിയേയും കൊണ്ടുപോയി..! അതോടെ ‘കുടിപ്പള്ളിക്കൂടം പൂട്ടി..!!

ഗവണ്മെന്റ് എൽ.പി.സ്കൂളിൽ ചേർന്നതിൽ പിന്നെ വൈശാഖന് സ്കൂളിൽ പോവാൻ ഒരുപാട് ഇഷ്ടമായിരുന്നു. സീതയോടും രവിയോടും കലഹിച്ച്,മത്സരിച്ച് സ്കൂളിൽ പോവുംവഴി വട്ടയില എടുക്കാൻ മറക്കാറില്ല.ഇലയില്ലെങ്കിൽ ഉപ്പുമാവ് കിട്ടില്ല...വറുത്തിട്ട കടുകിനേയും വണ്ടിനേയും തിരിച്ചറിയാൻ കഴിഞ്ഞില്ലെങ്കിലും അവന്‌ ഉപ്പുമാവ് ഇഷ്ടമായിരുന്നു..!
 ആഴ്ച്ചചന്തയിൽ കുരുമുളക് വിറ്റിട്ട് വരുമ്പോഴാണ്,അച്ഛൻ നെല്ലിത്തൈയ്യ് വാങ്ങിയത്..മുറ്റത്തിനു പുറത്ത് തെക്കേമൂലയിൽ വളരാൻ തുടങ്ങിയ നെല്ലിക്ക് വെള്ളമൊഴിക്കുന്നതു വൈശാഖന്റെ ദിനചര്യയായി..
ദേ...രണ്ടു നെല്ലിക്കായേയുള്ളൂ..ആരും പറിക്കരുത്..” നെല്ലി കന്നികായ്ച്ചപ്പോൾ കല്പന വന്നു..പക്ഷേ സീതയെന്ന കളിക്കൂട്ടുകാരിക്ക് മുൻപിൽ അവന്റെ ക്ഷമ നശിച്ചു..അങ്ങനെ അവനും ആ ‘ വിലക്കപ്പെട്ട കനി അടർത്തിയെടുത്തു..!പാകമാകാത്ത നെല്ലിക്കായുടെ കയ്പ്പ് മാറും മുൻപേ ചന്തിയിൽ ചോര പൊടിഞ്ഞു..ഒടുവിൽ വ്രണമായി..ചലം ഒലിച്ചു...ഉണങ്ങി...കരിഞ്ഞു..!!
 അകലെ അമ്മയുടെ തറവാട്ടിൽ അമ്മാമ്മ മാത്രമായപ്പോൾ,വൈശാഖനെ കൂട്ടിനു വിട്ടു..പുതിയ സ്ഥലം ഇഷ്ടമായില്ലെങ്കിലും അച്ഛനെ പേടിച്ച് അമ്മാമ്മയോടൊപ്പം കൂടി..പത്താം ക്ലാസുവരേയും അവിടുത്തെ സ്കൂളിൽ പഠിച്ചു..കൊടമ്പുളിയിട്ടുവച്ച മീൻ കറിയും പഴംചോറും അവനുവേണ്ടി അമ്മാമ്മ മാറ്റിവയ്ക്കുമായിരുന്നു..
 അമ്മാമ്മയ്ക്ക് അക്ഷരമറിയില്ലായിരുന്നെങ്കിലും ഒത്തിരി കഥകളറിയാമായിരുന്നു..കുചേലൻ കൃഷ്ണനെ കാണാൻ പോയതും,നാട്ടിലെ എസ്.ഐ.കടുവാ കുട്ടൻപിള്ളയെക്കുറിച്ച് പാട്ടു പുസ്തകമിറങ്ങിയതും,രാത്രിയിൽ ആത്മാവ് വെള്ളം കുടിക്കാൻ പോയി കുടത്തിൽ പെട്ടുപോയതും,പിന്നീട് ശവദാഹത്തിനുമുൻപേ തിരിച്ചു വന്നതും,വയലിനക്കരെ കാവിനടുത്ത് മാടനെ കണ്ടതും ..ഒക്കെ...!!

 അയ്യാൾ മുറ്റത്തിനു പുറത്തേക്കിറങ്ങി.ഒതുക്കുകല്ലുകൾ പാകിയ ചവിട്ടുപടികൾ കരിയിലകൊണ്ട് മൂടിയിരുന്നു..ദ്രവിച്ച് പൊടിഞ്ഞ കരിയിലകൾക്കിടയിൽനിന്നും അണലിയുടെ ഗന്ധം അയാളറിഞ്ഞു...തൊടിയിലേക്കിറങ്ങാൻ വല്ലാതെ ഭയം തോന്നി..
ഒരിക്കൽ സ്വർണ്ണം പൂശിയ നെല്ക്കതിരുകൾ നിറഞ്ഞിരുന്ന പാടത്ത് കളകൾ മാത്രം...അച്ഛനുള്ളാപ്പോൾ അയ്യപ്പന്റെ കാളകളെക്കൊണ്ടായിരുന്നു നിലം ഉഴുതിരുന്നത്..മരമടിക്കുമ്പോൾ കാളകളുടെ പിന്നിൽ ഓടുന്നതും ചെളിയിൽ വീഴുന്നതും ഹരമായിരുന്നു...
..നായരൂട്ടി...സൂശിക്കണം..തൊടിലേക്ക് എറങ്ങുമ്പോ ശ്രത്തിക്കണം...” പിന്നിൽ പണ്ട് കേട്ടുമറന്ന ശബ്ദം..തേങ്ങയിടാൻ വരുന്ന മണിയൻ..“ അവിടേക്കെ കാടും കരീലേയുമാണ്...അണലീം പയുതാരേമൊണ്ട്...നായരൂട്ടി ചെരുപ്പിടാതെ എറങ്ങണ്ട...എന്തേരെന്ന് വച്ചാ ഞാനെടുത്ത് തരാം...”
താഴേക്കു വച്ച കാൽ തിരിച്ചെടുത്തു..അപ്പൊഴേക്കും  ശവംതീനിയുറുമ്പുകൾ അയാളെ ആക്രമിക്കാൻ തുടങ്ങിയിരുന്നു...കാൽ ചൊറിഞ്ഞുകൊണ്ട് മുറ്റത്തേക്ക് കയറി..
നായരൂട്ടി വന്നന്ന് അറിഞ്ഞിട്ട് വന്നതാ..എന്താ വിശേശം..?” ചോരവറ്റിയ കണ്ണുകളൂം ,തടിച്ച് വെള്ളപ്പാണ്ട് വന്ന ചുണ്ടുകളും,പുകയിലക്കറപിടിച്ച,അവശേഷിക്കുന്ന പല്ലുകളും കാട്ടി മണിയൻ ചിരിക്കാൻ ശ്രമിച്ചു..
അമ്മ മയങ്ങയാണ്...വിളിക്കണോ..?”
വേണ്ട..നായരൂട്ടിയെ കണ്ടിട്ട് കൊറച്ച് നാളായില്ലേ..? ഒന്നു കാണാൻ തോന്നി...”
 മണിയൻ  തേങ്ങയിടുമ്പോൾ,കുട്ടിയായിരുന്ന വൈശാഖന്‌ ഒരു ഇളനീർ  പതിവായിരുന്നു..ആദ്യത്തെ തെങ്ങിൽനിന്നു ഇറങ്ങിയാലുടൻ,വലിയ കൊടുവാൾ കൊണ്ട്  കരിക്കിന്റെ ചുവടുവെട്ടി കൊടുത്തിട്ടേ മറ്റു തെങ്ങിലേക്ക് പോവൂ...
അയാൾ നീട്ടിയ നൂറുരൂപ നോട്ട് വാങ്ങുമ്പോൾ മണിയന്റെ കണ്ണു നിറഞ്ഞിരുന്നു..ഇപ്പോൾ തെങ്ങുകയറാനുള്ള കെല്പ്പില്ല..മക്കളാരും കൂടെയില്ല..പഞ്ചായത്തിൽനിന്നും കിട്ടിയ ‘ലക്ഷം വീട്ടിൽ മണിയനും ഭാര്യയും മത്സരിച്ചു ചുമച്ചു ജീവിക്കുന്നു...!!

  മുറ്റത്തെ കൃഷ്ണതുളസിയുടെ ഇലപറിച്ച് കശക്കി,വർഷങ്ങളായി അതിരുകാക്കുന്ന വേലിപ്പത്തലുകൾക്കിടയിലൂടെ അയലത്തെ മുറ്റത്തേക്ക് കയറുമ്പോൾ,തിണ്ണയിൽ ഉറങ്ങിയിരുന്ന പൂച്ച മുരണ്ട് എണീറ്റു....പ്ലാവിൻ കൊമ്പിലിരുന്ന ബലിക്കാക്ക ഉറക്കെ കരഞ്ഞുകൊണ്ട് പറന്നുപോയി...വീടിനു സംരക്ഷണവലയം തീർത്തിരുന്ന ചിലന്തിവലകൾ ഭേദിച്ച് തിണ്ണയിലേക്ക് കയറുമ്പോൾ,അവിടം ദ്രവിച്ച് പൊടിഞ്ഞുവീണ ഓലയും ,പൂച്ചയുടേയും നായയുടേയും രോമങ്ങളും കൊണ്ട് നിറഞ്ഞിരുന്നു...!
വരാന്തയുടെ മൂല പ്രസവമുറിയാക്കിയ പട്ടി,അതിക്രമിച്ച് കയറിയവനോടുള്ള രോഷം കാണിച്ചു..ചോർന്നൊലിച്ചു,യൗവനം നഷ്ടപ്പെട്ട മൺഭിത്തി മേല്ക്കൂരയെ താങ്ങിനിർത്താൻ ഏറെ ക്ലേശിക്കുന്നുണ്ട്..ഇടിഞ്ഞുവീഴാൻ തുടങ്ങിയ മൂലയിൽ കഴുക്കോലിനെ താങ്ങിനിർത്തിയിരുന്ന മുളയിൽ വണ്ടുകൾ കൂടുവച്ചിരുന്നു..പണ്ട് തങ്ങളുടെ പൂർവ്വികരെ തീപ്പെട്ടിക്കൂട്ടിലിട്ട്  ‘റേഡിയോ ’കളിച്ചതിന്റെ പ്രതികാരമെന്നോണം,ഒരു വണ്ട് അയാളുടെ ചെവിക്കരികിൽ ഉറക്കെ മൂളിപ്പറന്നു..
 സീതയ്ക്കായി വിരിഞ്ഞ പൂക്കളും,അവളെ മോഹിപ്പിച്ച തുമ്പിയുമെല്ലാം ഇപ്പോഴും അവിടെ പറന്നുനടക്കുന്നു. അവിടുത്തെ കാറ്റിന് അവളുടെ ചൂരും ചൊരുക്കുമായിരുന്നു...ചെമ്പകപ്പൂവിന്റെ മണം...!!

 അമ്മാമ്മയോടൊപ്പം പോയതില്പിന്നെ, വേനലവധിക്കും ഓണത്തിനും  മാത്രമാണ് വൈശാഖൻ വീട്ടിൽ വന്നിരുന്നത്..ഓരോ വരവിലും അവൾക്ക് മഞ്ചാടിമണികൾ കൊണ്ടുക്കൊടുത്തിരുന്നു..അമ്മാമ്മ കാണാതെ പറങ്ങിയണ്ടി പെറുക്കി വിറ്റുകിട്ടുന്ന പൈസയ്ക്ക് അവൾക്കായി മിഠായിയും വാങ്ങും...!!
 ഹൈസ്കൂളിൽ പഠിക്കുമ്പോഴുള്ള വേനലവധിക്ക് വീട്ടിൽ വന്നപ്പോൾ,അമ്മ സീതയെ കാണാൻ വിട്ടിരുന്നില്ല.അതിരുതർക്കം വേലിപ്പത്തലിനോളം വളർന്നിരുന്നു..അമ്മ കാണാതെ, അതിരിനപ്പുറത്തെ പത്തലിനിടയിലൂടെ സീതയെ തിരഞ്ഞു..വീടിന്റെ തിണ്ണയിൽ ,സാവിത്രയമ്മയും തോട്ടിനക്കരെ വീട്ടിലെ മണ്ണാത്തിയും ,മറ്റു രണ്ടു സ്ത്രീകളും ചേർന്ന് മഞ്ഞൾ തേപ്പിക്കുകയായിരുന്നു...
കുറച്ചു ദിവസം സീതയെ പുറത്ത് കണ്ടിരുന്നില്ല..ഒരു ദിവസം ഉച്ചകഴിഞ്ഞ്,അമ്മയും ചേച്ചിമാരും തൊടിയിലെ വയലിൽ പയറുനുള്ളാൻ പോയിക്കഴിഞ്ഞപ്പോൾ,വൈശാഖൻ തനിച്ചായിരുന്നു..മുറ്റത്ത് കിലുങ്ങുന്ന കൊലുസിന്റെ ശബ്ദം അവനെ ഉണർത്തി..
ഇനി ആൺകുട്ടികളോട് കൂട്ടുവേണ്ടാന്നാണ് അമ്മ പറഞ്ഞത്..!”പരിഭവം അറിഞ്ഞിട്ടാവാം,സീത വിഷമത്തോടെ പറഞ്ഞു..എണ്ണമയമുള്ള മുഖത്ത് മുഖക്കുരു തെളിയാൻ തുടങ്ങിയിരുന്നു..അവൾക്ക് ചെമ്പകപ്പൂവിന്റെ മണമായിരുന്നു..

മ്യാവൂ..’..തന്റെ പിന്നിൽ ദയനീയമായി കരയുന്ന പൂച്ച അയാളെ തിരികെ വിളിച്ചു..മുറ്റത്തേക്ക് ഇറങ്ങി..മുറ്റത്തെ കിളിച്ചുണ്ടന്മാവിനു പ്രായമേറിയിരിക്കുന്നു...ഇതിന്റെ കൊമ്പിലാണത്രേ...സീത...!!!

എങ്കിലും അവളങ്ങനെ ചെയ്യുമെന്ന് ആരും കരുതിയില്ല...!”സീതയുടെ മരണത്തിനു വന്നപ്പോൾ അമ്മ പറഞ്ഞത് അയാൾ ഒർത്തു..“പാടത്ത്  താറാവിനെ ഇറക്കിയ പാണ്ടിക്കാരനെന്നാണ്  ജനസംസാരം..! അവനെന്നും അവിടെ മുട്ട കൊടുത്തിരുന്നു..” ...പുറമേ സ്നേഹം നിഴലിച്ചിരുന്നെങ്കിലും,പഴയ അതിരുതർക്കവും കലഹവും അമ്മയുടെ വാക്കുകളെ മയപ്പെടാൻ അനുവദിച്ചില്ല..
ആർക്കുമറിയുമായിരുന്നില്ല,എന്തിനാണ് സീത ആത്മഹത്യ ചെയ്തതെന്ന്..വൈശാഖൻ നഗരത്തിൽ ചേക്കേറിയതിൽ പിന്നെ പലപ്പോഴും അവൾ അയാളെ തിരക്കിയിരുന്നതായി ചേച്ചിമാർ പറഞ്ഞിരുന്നു...
  എന്തായാലും മരിച്ചവർ ഭാഗ്യവാന്മാർ...മരണത്തിനു ഒരുപാട് മുഖങ്ങളുണ്ട്..പലപ്പോഴും അമ്മയോട് വഴക്കിട്ട് അച്ഛൻ മരിക്കാൻ പോകുമായിരുന്നു...ചിലപ്പോഴൊക്കെ അമ്മയും ഇരുട്ടിലേക്ക് നടക്കുമായിരുന്നു..ഗതിവേഗം കൂടിയ നെഞ്ചും പതറുന്ന കണ്ണൂകളുമായി അവൻ കട്ടിലിനടിയിൽ ചെവിപൊത്തി കിടന്നിരുന്നു...കുടത്തിൽ പെട്ട ആത്മാവിനെപ്പോലെ...!!
 വൈശാഖൻ മാവിൽ ചാരിനിന്നു.കണ്ണുകളിൽ നോവു ഊറുക്കൂടി..താഴെത്തൊടിയിൽ കന്നിക്കൊയ്ത്ത് കഴിഞ്ഞ പാടത്ത് താറാവുകൾ കലപിലകൂട്ടി ഇരതേടി ....അയാളെ  തഴുകി കടന്നുപോയ  കാറ്റിനു ചെമ്പകപ്പൂവിന്റെ മണമായിരുന്നു...!

------------------ഉണ്ണി മടവൂർ---------------------------------------------------------




2013 ഒക്‌ടോബർ 6, ഞായറാഴ്‌ച

മറുപുറം... ഇരുണ്ട ഭൂഖണ്ടത്തിലെ വെള്ളിവെളിച്ചം.. കല ജീവിതമാണെന്നും, എന്നാൽ ജീവിതം കലയല്ല എന്നുമുള്ള ചിന്തയ്ക്ക് ഏറെ മാറ്റം സംഭവിയ്ക്കുന്ന കാലത്തിലൂടെയാണ് നമ്മൾ കടന്നുപോവുന്നത്.പലപ്പോഴും സിനിമപോലുള്ള കലാരൂപാങ്ങൾ പറയുന്ന കഥയേയും സന്ദർഭങ്ങളേയും വെല്ലുന്ന രീതിയിലുള്ള സംഭവങ്ങളും കാഴ്ച്ചകളുമാണ് നിത്യേന കാണുന്നത്.ഒരുപക്ഷേ ഈ പ്രകടനങ്ങൾക്ക് ഇഷ്ട-താര ചിത്രങ്ങൾ ഒരു കാരണമാവാം.സിനിമയെന്ന ജനകീയ കലയ്ക്ക് കാരണക്കാരായ തോമസ് ആൾവ എഡിസനും ലൂമിയർ സഹോദരന്മാരും സ്വപ്നം കണ്ടതിനുമപ്പുറത്തേയ്ക്ക്,ഒരു ജനതയുടെ വികാരമായി ഈ കലാരൂപം വളർന്നു...‘ഒരു ഭാവിയുമില്ലാത്ത കണ്ടുപിടുത്തമാണ് സിനിമയെന്നുള്ള ലൂയി ലൂമിയറുടെ വാക്കുകളെ തിരുത്തിക്കൊണ്ട്,നിത്യേന മാറുന്ന സങ്കേതിക വിദ്യയുടെ മാറ്റങ്ങൾ ഉൾക്കൊണ്ട്,കാഴ്ച്ചയുടെ പുതിയ തലങ്ങളിലേക്ക് സിനിമ നമ്മളെ കൂട്ടിക്കൊണ്ട്പോവുന്നു.. 1913,മേയ് മാസം മൂന്നാം തീയതി,നാല്പത് മിനിറ്റ് ദൈർഘ്യമുള്ള “രാജാ ഹരിചന്ദ്ര” നിശബ്ദമായി പറഞ്ഞത്,അഭ്രപാളിയിലെ വരും നാളുകളിലെ വിസ്മയത്തെക്കുറിച്ചാണ്..വെള്ളിവെളിച്ചത്തിൽ തെളിയുന്ന സ്വപ്നങ്ങളെക്കുറിച്ച്..!! പല വർണ്ണങ്ങളിൽ, ഇന്ത്യൻ സിനിമയുടെ നൂറാം വർഷം ആഘോഷിക്കുന്ന നമ്മുക്ക് അഭിമാനിയ്ക്കാൻ ഏറെയുണ്ട്. ചലച്ചിത്രഭൂപടത്തിൽ സ്വന്തം ഇടം കണ്ടെത്തിയ പ്രതിഭാശാലികൾ..സത്യജിത് റായിയും,മൃണാൾസെന്നും,അടൂർ ഗോപാലകൃഷ്ണനും, അരവിന്ദനും,ഷാജി കരുണും,ഗിരീഷ് കർണ്ണാടും,ഋഥ്വിക്ക് ഘട്ടക്കും തുടങ്ങി,ഇന്ത്യൻ സിനിമയുടെ കലാമൂല്യത്തെ ലോകത്തിന് കാട്ടിക്കൊടുത്തവർ ഏറെയാണ്... സിനിമയുടെ നിലനില്പ്പ് കലാമൂല്യത്തിൽ മാത്രം ഒതുങ്ങുന്നില്ല.അതിനും മുകളിൽ, കച്ചവടമൂല്യമുണ്ട്..നിലനില്പ്പിനുള്ള ധനസമാഹരണം..!!ഇവിടെ സിനിമ ഭൂഖണ്ടങ്ങൾക്കപ്പുറത്തേക്ക് കടൽനീന്തിയെത്തുന്നു.ആംഗലേയ ഭാഷാചിത്രങ്ങൾക്ക് ലോകരാജ്യങ്ങളിൽ കച്ചവട സാധ്യത കൂടുതലാണ്.അത്രയുമില്ലെങ്കിലും,ഹിന്ദി സിനിമകളുടെ സ്വീകാര്യതയും കുറവല്ല. മാധ്യമപ്രവർത്തനം-അതു ഏതു രൂപത്തിലായാലും- വ്യത്യസ്ത അനുഭവങ്ങളുടെ ഒരു കലവറയാണ് മുന്നിൽ തുറന്നു വയ്ക്കുന്നത്..പ്രവാസജീവിതം, വ്യതസ്ത ജീവിതങ്ങളുടെ ഒരു നേർക്കാഴ്ച്ചയും..‘ദാരിദ്ര്യ’മെന്ന പദത്തിന്റെ പര്യായമെന്തെന്ന് ചോദിച്ചാൽ പറയാവുന്ന വാക്കുകളാണ് സൊമാലിയയും,എത്വോപ്പിയയും,എറിത്രിയയും സുഡാനുമൊക്കെ...!!എന്നാൽ,ഹിന്ദി സിനിമയ്ക്ക് മുമ്പിൽ ദാരിദ്ര്യം വഴിമാറുകയാണ്...കുറച്ചുനാൾമുൻപ്,ഒരു വെള്ളിയാഴ്ച്ച ദിവസം ഉച്ചകഴിഞ്ഞ്,ഖത്തറിന്റെ വടക്കേത്തലയ്ക്കൽ,ധക്കീറയിൽ ഒരു ന്യൂസ് കവറേജിന് പോകണമായിരുന്നു..കുറച്ചുനേരത്തേ റ്റിവിയിലെത്തി ക്യാമറയെല്ലാം തയ്യാറാക്കി..വീണ്ടും അരമണിക്കൂറോളം ബാക്കിയുണ്ട് ഡ്രൈവർ എത്താൻ..ഉച്ച ഭക്ഷണത്തിന്റെ ആലസ്യത്തിൽ ഉറങ്ങിയ ഞാൻ ഉണർന്നത് മനോഹരമായ ഒരു ഹിന്ദി പാട്ട് കേട്ടുകൊണ്ടാണ്..!!കണ്ണുതുറന്നപ്പോൾ കണ്ടത്,“കറുത്തവാവിലെ ചന്ദ്രക്കലപോലെ” ചിരിച്ചുകൊണ്ട് നില്ക്കുന്ന സൊമാലിയൻ ഡ്രൈവറെയാണ്..!! ധർമ്മേന്ദ്രയുടേയും ഹേമ മാലിനിയുടേയും,അവരുടെ മക്കളുടേയും ആരാധകൻ..!! ആ യാത്രയിലുടനീളം സിനിമയായിരുന്നു ചർച്ചാവിഷയം..മൊഹാദിഷുവിലെ തീയേറ്ററിൽ വരുന്ന എല്ലാ ഹിന്ദി സിനിമകളും വിടാതെ കാണുന്നവരിൽ ഒരാൾ..സിനീമ മാത്രമല്ല,അതിലെ അഭിനേതാക്കളെക്കുറിച്ചുള്ള വിലയിരുത്തൽ,ആ സിനിമകൾ കാണാൻ പോയ കഥകൾ..!!.എല്ലാം ഒരു സിനിമകാണുന്ന രസത്തോടെ കേട്ടിരുന്നു..!! ഇതിന് സമാനമായ അനുഭവമാണ് കഴിഞ്ഞ ദിവസമുണ്ടായതും..കഥാപാത്രം സുഡാനിലെ കാർട്ടും സ്വദേശി..സ്കൂളിൽ പോലും പോവാതെ,ഷോലെയും,ആക്രോശും,സൂരജുമൊക്കെ കണ്ട് ഇന്ത്യൻ സിനിമയെ നെഞ്ചേറ്റി നടക്കുന്ന,അമിതാബ് ബച്ചന്റെ ആരാധകൻ..!! “ദേവദാസിലെ” ദിലീപ്കുമാറിന്റെ അഭിനയം കണ്ട് കണ്ണു നിറഞ്ഞുപോയ സുഹൃത്തിന് പറയാനുള്ളത് ഹിന്ദി സിനിമയിലെ കഥകളെകുറിച്ചാണ്..ജീവിതത്തോട് അടുത്തുനില്ക്കുന്ന കഥകൾ..!!നല്ല പാട്ടുകളും നൃത്തവും..കൊടുത്ത പൈസ മുതലാവുമത്രേ..ഇംഗ്ലീഷ് സിനിമകളേക്കാൾ സുഡാനിലും മറ്റ് ആഫ്രിക്കൻ രാജ്യങ്ങളിലും ഏറെ പ്രീയം നമ്മുടെ ബോളിവുഡ് മസാലയാണെന്നറിഞ്ഞപ്പോൾ വല്ലാത്തൊരു കുളിരായിരുന്നു...ഒരു പക്ഷേ ഈ ‘കുളിരു’തന്നെയാവാം ഇരുണ്ട ഭൂഖണ്ടത്തെ ഹിന്ദി സിനിമയിലേക്ക് ഏറെ അടുപ്പിക്കുന്നത്...!!! ---------ഉണ്ണി മടവൂർ---------------------------------------------------


2013 ജൂൺ 10, തിങ്കളാഴ്‌ച

കഥ-മുംബൈ ഡയറി


        കഥ..
  മുംബൈ ഡയറി..

  ഓടിത്തളർന്ന ഓട്ടക്കാരനെപ്പോലെ ട്രെയിൻ ഒടുവിൽ ഛത്രപതി ശിവജി ടെർമിനലിൽ  കിതച്ച് കിതച്ച് നിന്നു..
  “നമസ്കാരം സർ..ഞാൻ പൊതുവാൾ..ശ്രീധര പൊതുവാൾ..സമാജത്തിന്റെ  പ്രസിഡന്റാ..”
പ്ലാറ്റ്ഫോമിൽ ഇറങ്ങിയ ഉടൻ തൊഴുകൈയ്യുമായി മുന്നിൽ നില്ക്കുന്നു..തലയിൽ അവിടവിടെ മരുപച്ചപോലെ കാണപ്പെട്ട വെളുത്ത മുടിയിഴകൾക്ക് അയ്യാളുടെ പ്രായത്തേക്കാൾ പഴക്കമുള്ളതുപോലെ തോന്നി..മൂന്നു മണിക്കൂർ വൈകിയാണ് എത്തിയതെങ്ങിലും,കാത്ത്നില്പ്പിന്റെ മുഷിപ്പോ പരിഭവമോ ഇല്ലായിരുന്നു..
യാത്രക്ക് പ്രശ്നോന്നും ഇല്ലാല്ലോ..? സാറ് മാത്രോള്ളൂ..?..മിസ്സിസ്സിനെക്കൂടി കൂട്ടായിരുന്നു...!”
മറുപടിക്ക് സമയം തരാതെ  പൊതുവാൾ എന്റെ കഴുത്തിലേക്ക് ‘വാക്ക് വാൾ ഓങ്ങുകയാണ്..!
നമസ്കാരം
സാറിന്റെ പെട്ടിയെടുത്ത് കാറിലേക്ക് വക്ക്..”...യജമാനസ്നേഹമുള്ള ഭൃത്യനെപ്പോലെ,ഡ്രൈവർ എന്റെ പെട്ടി കാറിൽ വച്ചു..മൂന്നു ദിവസത്തെ പരിപാടി ആയതുകൊണ്ട് അധികമൊന്നും കരുതിയിരുന്നില്ല...ചെറിയ പെട്ടിയിൽ മൂന്ന് ജോഡി ഡ്രസ്സും ,പിന്നെ അല്ലറ ചില്ലറ ഒഴിവാക്കാനാവാത്ത സാധനങ്ങളും...കൂട്ടത്തിൽ സംഘാടകരുടെ അഭ്യർത്ഥന മാനിച്ച് പുതിയ പുസ്തകത്തിന്റെ കൈയ്യൊപ്പിട്ട മൂന്നു കോപ്പിയും..മുന്നൂറ് രൂപ മുഖവിലയുള്ള പുസ്തകം സൗജന്യമായി കൊടുക്കുന്നത് ലളിതയ്ക്ക്  ഇഷ്ടമാകാത്തത്കൊണ്ട്  അവൾ അത്രയേ പെട്ടിയിൽ വച്ചുള്ളൂ...

ബുദ്ധിമുട്ടില്ലെങ്കിൽ ആദ്യം എന്റെ വീട്ടിൽ പോവാം..ഒന്നു ഫ്രഷായിട്ട് കാപ്പികുടീം കഴിഞ്ഞ് ഹോട്ടലിലേക്ക് നീങ്ങാം..”
ഓടുന്ന കാറിലും പൊതുവാൾ എന്നെ ഒഴിവാക്കിയില്ല... “വീട്ടിലൊരാള്,മിസ്സിസേ,എല്ലാം ഒരുക്കി കാത്തിരിക്കയാണെ..അവൾ സാറിന്റെ വലിയ ഫാൻസാ..സാറിന്റെ എല്ലാ പുസ്തകങ്ങളും വായിച്ചിട്ടുണ്ട്..”
മുൻസീറ്റിൽ ഇരുന്ന പൊതുവാൾ പൂർണ്ണമായും പിന്നിലേക്ക് തിരിഞ്ഞ്..ജിറാഫിനെപ്പോലെ നീണ്ട തല എന്റെ മൂക്ക് വരെ എത്തുമെന്നായി..!“ഈ പരിപാടീ തീരുമാനിച്ചപ്പോൾ സാറിന്റെ പേരു  പറഞ്ഞതും അവളാ..”
ക്ഷമിക്കണം...തിരിച്ചുപോവുന്നതിനുമുൻപ് വരാം..ഇപ്പോൾ വേണ്ട...ഞാൻ ആകെ ടയേർഡ് ആണ്..വണ്ടി ഹോട്ടലിലേക്ക് വിട്ടോളൂ..”
തീരെ പ്രതീക്ഷിക്കാത്ത മറുപടി ആയതുകൊണ്ടാവാം,പൊതുവാൾ തന്റെ സീറ്റിലേക്ക് ചുരുങ്ങി..ഡ്രൈവറുടെ അടുത്ത്,‘തോടിലേക്ക് ചുരുങ്ങിയ ആമയെപ്പോലെ അയ്യാളിരുന്നു....!!
നിശബ്ദത...!
മുൻപ്,പൊയ്കയിലെ ഹരി ഇവിടെ മെഡിക്കൾ റെപ്രസന്റേറ്റീവായി ജോലിനോക്കിയിരുന്നു..കഥയെഴുത്തും ലഹരിയുമായി കടത്തിണ്ണയിലും പാരലൽ കോളജിലും നടന്ന എന്നെ നന്നാക്കാനായിരുന്നു,ഹരിയോടൊപ്പം ബോംബെയിലേക്ക് വിട്ടത്..എന്നിട്ടോ..?ഒരു  ഫലവും ഇല്ലാണ്ടായി..! എന്റെ ഒരു വർഷം പൊലിഞ്ഞു..അത്രമാത്രം..!!ഹരി ഇപ്പോൾ നാട്ടിൽ സ്കൂൾ മാഷാ...!
അപ്പോ സാറിന് എന്ത് ആവശ്യമുണ്ടെങ്ങിലും റിസപ്ഷനിൽ വിളിച്ചാ മതി..ആടെ തോമസുണ്ട്..എന്ത് വേണേലും എത്തിക്കും..ഞങ്ങൾ വൈകീട്ട് വരാം..” പൊതുവാൾ യാത്ര പറയുമ്പോൾ,അയ്യാളെ വിഷമിപ്പിക്കേണ്ടായിരുന്നു എന്ന് തോന്നി..ഇനിയും മൂന്ന് ദിവസം കൂടിയുണ്ടല്ലോ...!!!
   യാത്രാക്ഷീണം എന്നെ വല്ലാതെ ഉറക്കിക്കളഞ്ഞു..വൈകുന്നേരം പൊതുവാളും കൂട്ടരും ബെല്ലടിക്കുമ്പോഴാണ് ഞാൻ ഉണർന്നത്..
എനിക്ക് ഇഷ്ടപ്പെട്ട ബ്രാൻഡിക്കൊപ്പം ചില സൗഹൃദങ്ങളേയും അയ്യാൾ കൂടെ കൂട്ടിയിരുന്നു..തിരുവനന്തപുരത്ത്കാരൻ നായരും,മട്ടാഞ്ചേരിക്കാരൻ ബഷീർഭായിയും..കൂടാതെ പൊതുവാളിന്റെ കൂട്ടുകാരായി രണ്ട് പുതുമുഖങ്ങളും...

  ഹരിയോടൊപ്പം വന്നപ്പോൾ എത്ര കടമുണ്ടായിരുന്നിട്ടും പട്ടിണിയില്ലാതെ നോക്കിയത് ബഷീറായിരുന്നു..ബഷീറിന്റെ വാപ്പ വളരെ ചെറുപ്പത്തിലെ അന്ധേരിയിലേക്ക് കുടിയേറിയതാണ്..ചായക്കടയിലെ  കുശ്നിക്കാരൻ,പിന്നീട് മുതലാളിയുടെ മോളെ കെട്ടി കടയുടമസ്ഥനായി...! ഭ്രൂണാവസ്ഥക്ക് മുൻപേ ബഷീർ ബോംബേക്കാരനായിരുന്നു...!!
നായർ ടി. ടി.കെയിൽ സെയിൽസ്‌ റെപ്പായിരുന്നു..ഇപ്പോൾ എന്തൊക്കെയോ ‘തരികിട ബിസിനസ്സുമായി പോവുന്നു....!!

നിങ്ങൾ വലിയ എഴുത്തുകാരനായപ്പോൾ ഞങ്ങളെയൊക്കെ മറന്നെന്നാ കരുതിയത്...ഓർക്കുന്നുണ്ടല്ലോ...!! ഒരുപാട് സന്തോഷമുണ്ട്..”..നാലാമത്തെ പെഗ്ഗ് ഡ്രൈ ആയിട്ട് വിടുമ്പോഴും നായർ സ്റ്റെഡിയാ...!!
അതുപിന്നെ നമ്മടെ മാഷിന് ബോംബെക്ക മറക്കാൻ കയിയോ...? കൊറേ അനിഭവിച്ചേല്ലേ..!! അന്നൊക്കെ ഭയങ്കര രസായിന്നൂട്ടാ...ഇത്ര തെരക്കില്ല...ഗുണ്ടാളില്ല...! ഇപ്പോ മരിയാതിക്ക് ഒരു കച്ചോടം ചെയ്യാൻ പറ്റ്വോ?..”
ബഷീറിന്റെ ഹോട്ടൽ കുറച്ചുനാൾ മുൻപ് ഗുണ്ടാപിരിവുകാർ അടിച്ചുതകർത്തതിന്റെ രോഷം ഇനിയും മാറിയിട്ടില്ല...
അപ്പോ ഫുഡ് എന്തെങ്കിലും ഓർഡർ ചെയ്താൽ......”
വേണ്ടടോ പൊതുവാളേ...നമുക്കിന്നൊന്ന് ആഘോഷിക്കണം..പത്തിരുപത് വർഷത്തിനുശേഷം കാണല്ലേ ഈ കഥാകാരനെ...” നായർ ഫോമിലായി..“..എടോ ..നമുക്കൊന്ന് കറങ്ങീട്ട്,പുറത്തിന്ന് കഴിയ്ക്കാം..താൻ വാടോ...താൻ പണ്ട് കണ്ട ബോംബെയല്ല ഇന്നത്തെ മുംബൈ....!!!!

ജീവിതത്തിൽ പല പുതിയ അനുഭവങ്ങളും പറഞ്ഞുതന്നത് ബോംബെയായിരുന്നു...ഗണേശപൂജയുടെ നിറവും,ഹോളിയുടെ നിറങ്ങളുമെല്ലാം...!!!
നായരും ബഷീറുമൊക്കെ പറഞ്ഞത് ശരിയാ..ക്രയവിക്രയങ്ങളുടെ ഭൂമിക വളരുകയാണ്..പുതിയ റോഡുകൾ..മേല്പ്പാലങ്ങൾ..കൂറ്റൻ കെട്ടിടങ്ങൾ...!! ഞാൻ ആദ്യം ട്രെയിനിറങ്ങിയ വിക്ടോറിയാ ടെർമിനൽ അല്ല ഇന്നത്തെ   ഛത്രപതി ശിവജി ടെർമിനൽ...!!
മാറ്റം...!! സർവത്ര മാറ്റം..!!

ബ്രിട്ടീഷ് പട്ടാളക്കാരുടെ ദാഹം തീർത്തിരുന്ന തെരുവുപോലും ഹൈടെക്ക് ആയി..!!
രതിയുടെ ആറാം  ഇന്ദ്രിയം കൊണ്ട്,മത്സരിച്ച്  കൈപിടിച്ച് വലിക്കുന്ന വേശ്യാതെരുവുകൾ പോലും പഴങ്കഥയാവുന്നു..ഇന്നിവിടെ നിറയെ നക്ഷത്രപദവിയുള്ള ഏജന്റ്മാർ....പലരേയും കാണിച്ചും,കണ്ടും നിറം വറ്റിയ ചിത്രങ്ങൾക്ക് പകരം കൈക്കുമ്പിളിലെ ഐഫോണിലും ബ്ലാക്ക്ബെറിയിലും  മിന്നിത്തിളങ്ങുന്ന ‘കോൾ ഗേൾസ്....!!
  മുംബൈ മാറുകയാണ്..!!
...സർ..ഹും യു പ്രിഫർ..? ഐ മീൻ,സ്റ്റേറ്റ് വൈസ്‌,കാസ്റ്റ് വൈസ്‌...ഹൈദരാബാദി..കേരള..തമിൾ..കൊല്ക്കട്ട..??എല്ലാം പുതിയ ആൾക്കാരാ.. റ്റൂ യങ്ങ്..”
മനോഹരമായി സജ്ജീകരിച്ച ഡിജിറ്റൽ ആല്ബത്തിൽ,സ്ത്രീവശ്യതയുടെ അവസാനവാക്ക്പോലുള്ള പെൺകുട്ടികൾ...
ഇവിടെ എല്ലാ സൗകര്യങ്ങളുമുണ്ട്..” മുന്നിലെ മൂന്ന്നില കെട്ടിടം ചൂണ്ടിക്കാട്ടി ഏജന്റ് തുടർന്നു..“അതല്ലങ്ങിൽ,സർ പറയുന്ന ഹോട്ടലിൽ എത്തിക്കാം..ടാക്സി ഫെയർ എക്സ്ട്രാ...!!
എം ബി എക്കാരെപ്പോലും തോല്പ്പിക്കുന്ന കച്ചവടതന്ത്രം..!!
“ഇതിനൊന്നും ഞാനില്ല  നായരേ..”
വിവാഹശേഷം ‘ലളിതജീവിതം മാത്രം..കുട്ടികളില്ല എന്ന വിഷമം അവളെ അലട്ടുന്നുണ്ടെങ്കിലും,ഞങ്ങൾ സന്തുഷ്ടരാണ്...!
“എന്തിനാടോ പേടിക്കുന്നത്..മുമ്പൊന്നും വന്നിട്ടില്ലാത്ത പോലെ...!  മിസ്സിസ് നാട്ടിലല്ലേ? ഹാവ് ഏ ചെയിഞ്ച് മാൻ...എഴുതാൻ പുതിയ അനുഭവങ്ങൾ കിട്ടും...”..ഏജന്റിൽനിന്നും കമ്മീഷൻ പറ്റുന്ന ആളാണോ നായരെന്ന് ഞാൻ സംശയിച്ചു..!!

ശരിയാണ്..നാട്ടിൻപുറത്തുകാരന്റെ അനുഭവപറമ്പിന്റെ വേലിക്ക് പുറത്ത് എന്നെ എത്തിച്ചതും ബോംബെയായിരുന്നു..!
ഹരിയുടെ വാരന്തങ്ങളിൽ പലപ്പോഴും അവൻ എന്നേയും കൂട്ടിയിരുന്നു..അച്ഛന്റെ പോക്കറ്റിൽനിന്നും പണം മോഷ്ടിക്കുമ്പോഴും,അമ്മയറിയാതെ ലഹരിപിടിച്ച ബോധത്തിൽ രാത്രി വീടണയുമ്പോഴും ഉണ്ടായതിനേക്കാൾ ഭയത്തോടെ ആയിരുന്നു ഹരിയോടൊപ്പം ചുവന്ന തെരുവിലേക്ക് നടന്നു കഴറിയത്...സാരിക്കർട്ടനുകൾ വേർതിരിച്ച മുറികളിലേക്ക് വികാരത്തഴമ്പ് പിടിച്ച കൈകൾ പിടിച്ചുവലിക്കുമ്പോൾ ,വല്ലാത്ത ഭയവും അറപ്പുമായിരുന്നു..!!
സമുദ്രാതിർത്തിക്കും മഞ്ഞുമലകൾക്കുമിടയിൽ,പെണ്ണിന് ഒരേ മുഖമാണെന്ന് ഞാൻ അറിഞ്ഞതും അവിടന്നായിരുന്നു..!!
എക്സ്ക്യൂസ് മീ സർ..ഒന്നും പറഞ്ഞില്ല..ഹീയർ ഒർ ദെയർ..?”
സോറി..”
നോ സർ...ഇതിലും നല്ലയാളേ തരാം..ഫ്രഷ്..സർ ആണ് തുടക്കം...അവർക്ക് ബിസിനസ് ആക്കാൻ താല്പര്യമില്ല...ആ കുട്ടിയുടെ അമ്മക്ക് സുഖമില്ല...ചികിൽസക്കാ...!”
ഒരു നല്ല കാര്യത്തിനല്ലേ സാറേ...”..പൊതുവാൾ നാവ് അനക്കിത്തുടങ്ങി...“ഒരു ജീവൻ രക്ഷപ്പെടുമെങ്കിൽ.....!!”
ഇങ്ങനേയും നല്ല കാര്യങ്ങൾ........!!!!
തൊട്ടടുത്ത ഗലിയിലൂടെ ആ ചെറുപ്പക്കാരന്റെ പിന്നിൽ ഞങ്ങൾ നടന്നു..ഏകദേശം നൂറ് മീറ്ററുകൾക്കപ്പുറം വലത്തോട്ടുള്ള ഗലിയിലൂടെ വീണ്ടും...ഒടുവിൽ,പഴകി ബോധം നശിച്ച് മരവിച്ച രണ്ട്നില കെട്ടിടത്തിന് മുകളിലേക്ക് അയാൾക്കൊപ്പം കഴറി..നനഞ്ഞൊലിച്ച്,പായല് പിടിച്ച ഇടനാഴിയിലൂടെ ഞാൻ എത്തിയത് അരണ്ട വെളിച്ചം മാത്രമുള്ള ഒരു മുറിയിലേക്കാണ്...!
സാരിക്കഷണം കൊണ്ട് മുറിയെ രണ്ടായി വേർതിരിച്ചിരിക്കുന്നു..ഒരു പകുതിയിൽ,നിലത്തെ പായയിൽ        ശ്വാസമ്മുട്ടി ചുമയ്ക്കുന്ന മധ്യവയസ്ക്കയുടെ  അരികിൽനിന്നും തുപ്പലിന്റേയും മരുന്നിന്റേയും ഗന്ധം  വമിക്കുന്നുണ്ടായിരുന്നു...അടുത്ത പകുതിയിൽ അറവ്കാരനെ കാത്തിരിക്കുന്ന ആടിനെപ്പോലെ ഒരു യുവതിയും...!!
വീണ്ടും....!!!
രണ്ടാംനിലയിലെ അരണ്ടവെളിച്ചമുള്ള മുറിയുടെ ജനാലയ്ക്ക് പുറത്ത്, രാത്രിയിലും മുംബൈ തിരക്കേറിയതായിരുന്നു..
ടിപ് കൊടുക്കുമ്പോൾ,അവളുടെ കണ്ണുകൾ  പൂത്ത് വിടർന്നു...മുഖത്തെ ക്ഷീണം മറച്ച് വച്ച് അവൾ ചിരിച്ചു...എ സാഡ് സ്മൈൽ...
നണ്ട്രീ സർ..”
അവൾക്കൊരു ജലദോഷം പിടിച്ച ശബ്ദമായിരുന്നു...!!
നിന്റെ പേര്..?” ഉടുപ്പിടുമ്പോൾ തോന്നിയ കൗതുകം...
അഴകി..”..അവൾ ധൃതിയിൽ വസ്ത്രം മാറുന്നുണ്ടായിരുന്നു...“നാളെക്ക് തേവയിരുന്താ കൂപ്പിട്...റൂമിലേ വന്തിടലാം...ഇപ്പോ അമ്മാവ്ക്ക് മാത്ര വാങ്ങിട്ട് വരട്ട്മാ...?”
അമ്മയ്ക്ക് എന്താ അസുഖം..?”
അവൾ സാരിക്കർട്ടന് അപ്പുറത്തെ മുറിയിലേക്ക് കൂട്ടിക്കൊണ്ട് പോയി..
ഒടമ്പ് സരിയല്ല...ഇരുമ്പൽ...ടിബിയന്ന് ഡോക്ടർ സൊന്നാര്....അമ്മാ മുതലിലെ ഇന്തമാതിരി വേല പണ്ണീര്ക്ക്..ആനാ...നാൻ പിറന്തത്ക്കപ്പുറം അമ്മാവ് എല്ലാമേ വിട്ടാച്ച്...”..അവളുടെ കൺപോളകൾക്കുള്ളിൽ,തിര തീരത്തോട് അടുക്കുണ്ടായിരുന്നു...
“യാരങ്ങ യത്...?”മുറിയുടെ മൂലയിൽ നിന്നുയർന്ന ശ്ബ്ദം ചുമയിൽ കുടുങ്ങിപോയി..വളരെ ശ്രമപ്പെട്ട് ആ സ്ത്രീ എഴുന്നേറ്റിരുന്നു..
മുറിയിൽ അഴകി തെളിയിച്ച മെഴുകുതിരി വെട്ടത്തിൽ ആ രൂപം തെളിഞ്ഞു..മധുരം വറ്റിയ കരിമ്പിൽ ചണ്ടി...!  മുന്നിലിരുന്ന പാത്രത്തിലേക്ക് ചുമച്ച് തുപ്പിയിട്ട്,അവർ എന്നെ സൂക്ഷിച്ച് നോക്കി..
“സർ...നീങ്ക...?”
ആ ശബ്ദം എനിക്കും പരിചിതമായിരുന്നു..നിർവികാരസ്ത്രീത്വത്തിനുമപ്പുറം രതിയിൽ പ്രണയമുണ്ടെന്ന് പറയാതെ പറഞ്ഞ മധുരയിലെ ഉമ....തുണിമില്ലുടമയുടെ കണ്ണുകളിൽ നിന്ന് രക്ഷിയ്ക്കാൻ,അമ്മ രാസാത്തി ഉമയെ എത്തിച്ചത് ഇവിടെയായിരുന്നു...!!!
കോൾ ഗേൾ എന്ന പ്രയോഗത്തിന്റെ നിർവചനത്തിനുമപ്പുറമായിരുന്നു ഉമ...!  കാലം അവളെ വല്ലാതെ മാറ്റിയിരിക്കുന്നു..ചുക്കി ചുളിഞ്ഞ്...മുടി കൊഴിഞ്ഞ്...!!!
“..നീങ്ക നല്ലാർക്ക സർ..”അവൾ കൂടുതൽ ഊർജസ്വലമായത് പോലെ കാണപ്പെട്ടു...  “ ഉങ്കളെ ഒരു വാട്ടി കൂടി പാക്കണം മാതിരി റൊമ്പ ആശയിറിക്ക്...ഉങ്ക പടം പത്രികയിൽ നിറവാട്ടി പാത്തിരിക്ക്...”...അവളുടെ വാക്കുകൾ തൊണ്ടയിൽ തങ്ങി നിന്നു..
പെഴ്സിൽ നിന്നും പണമെടുക്കുമ്പോൾ അവൾ തടഞ്ഞു..
...വേണ സർ...നീങ്ക നല്ലാർക്കില്ലേ?..അതു പോതും..”..ചുമ അവളെ വല്ലാതെ ശല്യം ചെയ്യുന്നുണ്ടായിരുന്നു.....“എന്നുടെ ആശ മുടിഞ്ഞിട്ടെ സാർ...സാവത്ക്ക് മുന്നാടി അഴകിയെ അവളുടെ അപ്പാവെ കാമിക്കണമ്ന്ന് ആശപ്പെട്ടാൻ...”..അവൾ അഴകിയെ അരികിലേക്ക് വിളിച്ചിരുത്തി....“ അതു നിറവേറിയിട്ടാൻ.....അഴകി...അഴകി ഉങ്ങ പൊണ്ണ് താൻ...!!!”
തൊണ്ടയിൽ കുരുങ്ങിയ വാക്കുകൾ അവൾ മെല്ലെ പുറത്തേക്കിട്ടു...!!

ചുറ്റിലും ഇരുട്ട് മൂടി..!! ..എങ്ങും അന്ധകാരം..!! ഭൂമി തന്റെ ഭ്രമണപഥത്തിൽ നിശ്ചലയായി...!!
എല്ലാം കൂരിരുട്ടിലേക്ക്....!!!!

--------------------------------ഉണ്ണീ മടവൂർ----------------------------------------------------------------------------------


 











2013 ഏപ്രിൽ 24, ബുധനാഴ്‌ച

കഥ- പിണക്കം


     


           പിണക്കം..

 “എനിക്ക് മടുത്തു..! ഇങ്ങനെ ജീവിക്കുന്നതിലും നല്ലത് പിരിയുന്നതാണ്...മന:സമാധാനമെങ്കിലും കിട്ടൂല്ലോ?”
അക്ഷരാർത്ഥത്തിൽ ഞാൻ ഞെട്ടിപ്പോയി. പലപ്പോഴും പിണങ്ങിയിട്ടുണ്ടെങ്കിലും പിരിയുന്നതിനെക്കുറിച്ച് ആദ്യമായിട്ടാണ് കേട്ടത്.
ഒരു ഡൈവോഴ്സെന്നൊക്കെ പറഞ്ഞാൽ......അതു ശരിയാവില്ല..ആൾക്കാർ കേട്ടാൽ നാണാക്കേടാ..നമ്മുക്ക് വേറെ വല്ല മാർഗ്ഗവും നോക്കാം..”..പിരിയുമ്പോൾ എനിക്കും വേദനിക്കില്ലേ.??
എന്ത് പണ്ടാരമായാലും വേണ്ടില്ല..എനിക്കിനി വയ്യ..!!” അവളുടെ നിലപാടിൽ മാറ്റമില്ല.
അപ്പോൾ പിന്നെ എന്താ മാർഗ്ഗം..?
ഓ കെ..ഞാൻ ആത്മഹത്യ ചെയ്യാം..! അപ്പോ മരണം കൊണ്ടുള്ള വേർപാടല്ലേ..!! ആരെങ്കിലും കേട്ടാലും നാണക്കേടില്ല..!!”
ഓ ഹോ..അപ്പോ പിന്നെ ആ പാപം കൂടി എന്റെ മണ്ടക്കിരിക്കട്ടെ...അല്ലേ?..” അവൾ പെട്ടെന്ന് പുതപ്പ് വലിച്ചെറിഞ്ഞ്,കിടക്കയിൽ എണീറ്റിരുന്നു..“ഇനി അതിന്റെ കുറവുംകൂടിയേ ഉള്ളൂ..!!”
പിന്നെ ഞാനെന്ത ചെയ്യാ? വല്ല അസുഖവും വന്ന് മരിയ്ക്കാനാണെങ്കിൽ..അതിന് ഇനിയും  കാത്തിരിയ്ക്കണ്ടെ?” കരുതിവച്ചിരുന്ന ദീർഘനിശ്വാസവും കഴിഞ്ഞു..“ഒരു ഡൈവോഴ്സിന്റെ  മാനക്കേട് ഒഴിവാക്കാൻ വേറെ മാർഗമൊന്നും  കാണുന്നില്ല!!”(പി.സി.ജോർജിനേയും ചാനലുകാരേയും അറിയിക്കേണ്ടാന്ന് കരുതീട്ടാ..!)
അപ്പോ,നിങ്ങൾ മരിച്ചിട്ട് ഞാൻ ഒറ്റയ്ക്ക് എല്ലാം സഹിക്കണം..ല്ലേ?..നിങ്ങൾ ദുഷ്ടനാ..”
അവളുടെ വിതുമ്പൽ അലർച്ചയായി..പിച്ചാനും മാന്താനും തുടങ്ങിയപ്പോൾ വീണ്ടും എനിക്ക് ഇടപെടേണ്ടി വന്നു.
“ഓ കെ..ഞാൻ ഒറ്റയ്ക്ക് മരിക്കുന്നില്ല..ഒരുമിച്ചായാലോ?”
വേലിയിറക്കം കഴിഞ്ഞ തീരം പോലെ അവൾ ശാന്തയായി... “അതു വേണ്ട.. നമ്മുടെ മോൻ...?”
...അങ്ങനെ ഒരുപാട് മാർഗ്ഗങ്ങൾ തിരഞ്ഞ് നമ്മൾ കിടന്നു...ഒടുവിൽ മരിച്ചു..!! അടുത്ത പ്രഭാതത്തിൽ പുനർജനിക്കാൻ...!!
-------------------------------------------ഉണ്ണി മടവൂർ-----------------------------------------------------------------------------------------


2013 ഏപ്രിൽ 6, ശനിയാഴ്‌ച

കഥ- നോവ്‌

നോവ്.. ‘

...അപ്പോൾ ഇതെല്ലാം അറിഞ്ഞിട്ട്തന്നെയാണല്ലെ നിങ്ങൾ ഇത്തരം ഒരു തീരുമാനമെടുത്തത്’ എന്ന ചോദ്യത്തിന് നിറഞ്ഞ നിസ്സംഗതയായിരുന്നു മറുപടി.ഒരു ദീർഘനിശ്വാസത്തീന്റേയും അകമ്പടിയില്ലാതെ,നനവിന്റെ ഓർമ്മകൾ നഷ്ടപ്പെട്ട കണ്ണുകളുമായി അവളിരുന്നു.. തീരുമാനങ്ങൾ ഒന്നും തന്റേതല്ലായിരുന്നു എന്ന് പറയാൻ അവൾ ആഗ്രഹിച്ചില്ല. മുകളിലൊരാളിരുന്നു തീരുമാനിക്കുന്നു..നമ്മൾ അനുസരിക്കുന്നു എന്നല്ലാതെ നമ്മുക്ക് എന്തുചെയ്യാൻ പറ്റുമെന്ന് മുത്തശ്ശി പറയാറുണ്ടായിരുന്നു..പക്ഷെ,ഇവിടെ മറ്റാരക്കെയോ ചേർന്ന് തീരുമാനിക്കുന്നു...നിസ്സംഗമായി അനുസരിക്കുന്നു..!! “ഹരിതയ്ക്ക് ഒന്നും പറയാനില്ലെ? കേസ് കോടതിയിൽ എത്തിയാൽ വഷളാവും..” പല നിരപരാധികളേയും അപരാധിയാക്കി പരിചയമുള്ള നിയമജ്ഞയാണ് അഡ്വക്കേറ്റ് മറിയം വർഗ്ഗീസ്. സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ ഉണ്ടാക്കിയ പുതിയ ട്രിബൂണലിന്റെ അധ്യക്ഷപദത്തിലേക്കെത്താനും പലരേയും വെട്ടിനിരത്തിയ കൂർമത ആ വാക്കുകളിലുണ്ടായിരുന്നു. “അവിടെ കേസ് വ്യഭിചാരമാവും..വകുപ്പ് വേറെയാ..!”കൺപീലികളോട് പൊരുത്തപ്പെടാത്ത കണ്ണടകൾക്കിടയിലൂടെ ആ കഴുകൻ കണ്ണുകൾ പുറത്തേക്ക് തള്ളി.. “ആലോചിച്ച് തീരുമാനിച്ചാൽ മതി.അവർ എന്തു കോമ്പ്രമൈസിനും ഒരുക്കമാണ്..കുട്ടിയെ തരില്ല.. വേറെന്തും..!!“ എന്ത് കോമ്പ്രമൈസ്?...ആർക്ക്?...ആരോട്? ഒരു നിമിഷത്തേക്കെങ്ങിലും അവളുടെ കണ്ണുകൾ ഉറവ തേടി.. “മിസ് ഹരിത പുറത്തേക്ക് ഇരിയ്ക്കൂ..പിന്നീട് വിളിക്ക്യ്ക്കാം..”.കമ്മിറ്റിയിലെ രണ്ടാമത്തെ അംഗം ചുണ്ടനക്കി.. ട്രൈബ്യൂണലിന്റെ പഴകിയ കെട്ടിടത്തിന്റെ വരാന്തയിലേക്ക് അതിക്രമിച്ച് വരുന്ന ഉഷ്ണക്കാറ്റിനെ തടയാനുള്ള കരുത്ത് മുറ്റത്തെ വയസ്സൻ മാവിനുണ്ടായിരുന്നില്ല. ഏറെ പ്രതീക്ഷയോടെ നാമ്പിട്ട മാമ്പൂക്കൾ കരിഞ്ഞുണങ്ങി തുടങ്ങി..കണ്ണിമാങ്ങയുടെ കുട്ടിത്തവും പിന്നീടുള്ള കയർപ്പും പുളിപ്പും ഒളിപ്പിച്ചുവയ്ക്കുന്നത് നുണഞ്ഞു മതിവരാത്ത മധുരത്തെയാണ്..വേനൽ കരിവാളിപ്പിന്റെ നോവറിയുമ്പോഴും,മറ്റൊരു നോവിനായി വീണ്ടും പൂക്കുന്നു...ഒരു നിഴൾനാടകമായി,ഋതുക്കളുടെ ആവർത്തന വിരസതയായി തുടരുന്നു..!!! “ദാ ഈ വെള്ളം കുടിക്ക്..അവത്തിങ്ങൾ മനുഷ്യപറ്റില്ലാത്തോരാ..” മുറുക്കാൻ കറ പിടിച്ച പല്ലും പുറത്തേക്കിട്ട്,വായകീറി ചിരിച്ചുകൊണ്ട് മണി പറഞ്ഞു..ഓഫീസിലെ പ്യൂൺ പണീയ്ക്ക്പുറമേ,പുറത്ത് ഒരു പെട്ടിക്കടയും മണിയ്ക്കുണ്ട്.. “എനിക്ക് കുട്ടീടെ പ്രായത്തിൽ ഒരു മോളുള്ളതാ..കെട്ടിയോൻ വേറെ പോയി..രണ്ട് കുട്ട്യേളും അവളും എന്റുടയാ..” അയ്യാൾ നീട്ടി തുപ്പിക്കോണ്ട് പുറത്തേക്കിറങ്ങി... “തലേലെഴുത്ത് പിഴച്ചാലെന്ത് ചെയ്യാനാ???” തലേലെഴുത്ത് പിഴച്ചാൽ!!! അകലെ ആകാശത്ത് മേഘങ്ങൾ മത്സരിച്ച് ഒഴുകി..ഇടയ്ക്ക് എപ്പോഴൊക്കെയോ അവർ സൂര്യനെ മറച്ച് കടന്നുപോയി.. തന്റെ തലേലെഴുത്ത് പിഴച്ചതല്ല...പിഴപ്പിച്ചതാണന്ന് പറയാൻ അവൾക്ക് തോന്നിയില്ല. പീഡനപരമ്പരകളുടെ ഉറവതേടി,ആഘോഷമാക്കി കോൾമയിർകൊള്ളുന്ന മാധ്യമങ്ങളുടേയും ജനസേവകരുടേയും വിളിപ്പാടിനപ്പുറത്ത്,പുറമ്പോക്കിൽ,കാമത്തിന്റെ ബലിഷ്ടതയിൽ ഞെരിഞ്ഞമർന്ന് രക്തം വാർന്നിട്ടും ആർത്തിയുടെ രേതസ് കുത്തിയൊഴുകി തകർത്ത കൗമാരം നല്കിയ ജീവന്റെ തുടിപ്പ്....കൗമാരത്തിന്റെ പടിക്കൽതന്നെ അറിഞ്ഞ നോവ് ...നുരഞ്ഞ മാറ്..!! തന്റെ വയറ്റിൽ പോറ്റിവളർത്തിയ മുഖം ഒന്ന് കാണിയ്ക്ക കൂടി ചെയ്യാതെ,മാനക്കേടിന്റെ പേരും പറഞ്ഞ്,ദാരിദ്ര്യം മാറ്റാൻ അച്ഛനും ചേട്ടനും കൂടി ഏതോ ധനികർക്ക് വിറ്റുവെന്നറിഞ്ഞത് വളരെ വൈകിയാണ്..കുഞ്ഞിനെ തിരഞ്ഞപ്പോൾ കാട്ടിതന്നത്,ഓലപ്പുരയ്ക്ക് പുറത്തുള്ള പറമ്പിലെ ഇളക്കി മൂടിയ ചെറിയ മൺകൂന..!!! വായില്ലാകുന്നിലപ്പനെപ്പോലെ ആ മൺകൂനയും തന്നിൽ വളരുകയായിരുന്നു.. “...പിഴച്ച പെണ്ണിനെ ആര് കെട്ടാനാ..”..അച്ഛന്റെ ആധികൾക്ക് ചേട്ടന്റെ മറു ചോദ്യം..“ഇന്നലെ വനജേംകൊണ്ട് ചെക്കപ്പിന് ചെന്നപ്പോൾ ഡോക്റ്റർ ഒരു കാര്യം പറഞ്ഞു..എന്തായാലും ഹരിതയ്ക്കിനി വേറെ ജീവിതം ഉണ്ടാവില്ല..കുട്ടികളുണ്ടാവർത്തവർക്കുവേണ്ടി പ്രസവിച്ചുകൊടുത്താൽ നല്ല പണം കിട്ടും..ഡോക്ടർ തന്നെ ആളെ ശരിയാക്കി തരും”…ചേട്ടൻ അച്ഛനോട് ചേർന്നിരുന്നു.. “.വനജയ്ക്ക് പ്രസവവേദന താങ്ങാൻ പറ്റില്ല.സിസേറിയൻ ചെയ്യാന്ന് പറഞ്ഞ്..കൊറച്ച് പണം വേണം..അതിന് ഞാൻ വിചാരിച്ചിട്ട് വേറെ.....!!” “എന്റെ കുട്ടിക്ക്.....!!” അച്ഛന്റെ വാക്കുകൾക്ക് പുറത്തേക്ക് വരാനുള്ള ശക്തിയില്ലായിരുന്നു. “അച്ഛന് ശ്വാസം മുട്ടും നെഞ്ചുവേദനേക്കെയല്ലേ..?? നല്ലൊരു ഡോക്ടറെ കാണണ്ടേ??പൈസ വേണ്ടെ?? അതിനാ ഞാനീ പറഞ്ഞത്..”!! അച്ഛനും മകനുമിടയിൽ സ്നേഹത്തിന്റെ തിരമാല ആർത്തിരമ്പി....!!! അറിയാതെയെങ്കിലും അവളുടെ നിശ്വാസം ഉഷ്ണക്കാറ്റിൽ ലയിച്ചുപോയി..!! അനുരഞ്ജ്നത്തിന്റെ രണ്ടാമൂഴം.. “എന്തു തീരുമാനിച്ചു??നിങ്ങൾ അതിനുശേഷവും പ്രസവിച്ചില്ലേ? അപ്പോൾ ആ കുട്ടികളെ വേണ്ടെ?”..മറിയം മേഡം പുതിയ വാദമുഖങ്ങൾ നിരത്തി… “നിങ്ങൾക്ക് ഇനിയുള്ള കാലം കഴിയാനുള്ള പണം തരും..അതും വാങ്ങി കേസും പിൻ വലിച്ച് പോകുന്നതാണ് നല്ലത്..അല്ലാതെ ,ഇനിയും ഗർഭപാത്രം വില്ക്കണോ?” വരിഞ്ഞു മുറുകുന്ന നാഡീകൾ അയയും മുൻപേ അറുത്തെറിയുന്ന പൊക്കില്ക്കൊടി..എന്നെന്നേക്കുമായി....ഒരിക്കലല്ല..നാലുതവണ..!!! “എന്റെ കുഞ്ഞിനെ ഒന്നു കാണാൻ....”,വാക്കുകളുടെ കനല്ക്കട്ടകൾ ഉമിനീരിൽ മരിച്ചുപോയെങ്കിലും,അവളുടെ കണ്ണുകൾ വല്ലാതെ തിളങ്ങി.. “ഈ കുട്ടിയെ മാത്രം കണ്ടാൽ മതിയോ??“ “..മറ്റു മൂന്നുപേരും....!!” “..അതെന്റെ ജോലിയായിരുന്നു.!!” ..ആർക്കൊക്കെയോ വേണ്ടി...ആരെല്ലാമോ ചെയ്യിച്ചത്.. നോവിന്റെ കണികകൾ കണ്ണിൽ ഊർന്ന് കൂടി.. “പിന്നെ പൈസ...അതു ഞാൻ വേടിച്ചിട്ടില്ല..ആരിൽ നിന്നും...!!!” കണ്ണിൽ നിറഞ്ഞ നോവിന്റെ തുള്ളികൾ മേശപ്പുറത്ത് ഉരുണ്ട് വീണ്,തകർന്ന് വീണ്ടും തന്മാത്രകളായി..ആ ശബ്ദത്തിൽ ഭൗമാന്തർഭാഗം ഇളകി മറിഞ്ഞു..!!ഉപരിതല ദുർബ്ബലതയിൽ ലക്ഷ്യം കണ്ട് പുറത്തേക്കൊഴുകി..!!! “കുട്ടിയെ കൊണ്ട് വന്നിട്ടില്ല..” ട്രൈബൂണലിന്റെ രണ്ടാമത്തെ അംഗം നിവർന്നിരുന്നു.. “അവരും ഹരിതയുടെ ചേട്ടനുമായി ഒരു തുക സമ്മതിച്ചിട്ടുണ്ട്..ഈ പേപ്പറിൽ ഒരു ഒപ്പിട്ടിട്ട് പൊയ്ക്കോളൂ..” തന്റെ മുന്നിലേക്ക് നീട്ടിയ കടലാസിലെ ഭാഷ അവൾക്ക് അന്യമായിരുന്നു..!! നെഞ്ചിടിപ്പിന്റെ ഗതിവേഗം കൂടി.. ഞരമ്പുകൾ വല്ലാതെ വരിഞ്ഞു മുറുകി.. പകലിന്റെ ദൈർഘ്യം കുറഞ്ഞു..കണ്ണുകളിലെ സൂര്യൻ സമുദ്രാന്തർഭാഗത്തേക്ക് ഊളിയിട്ടു..നിലാവിന്റെ കൈകൾ അവളെ തഴുകി. ....നിലാവ്…അകലെ ആകാശചെരുവിൽ ഇരുട്ടിനപ്പുറത്ത് കൊഴിഞ്ഞുവീണ നക്ഷത്രപ്പഴങ്ങൾ പെറുക്കാൻ വെളുക്കും മുമ്പേ എഴുന്നേറ്റ് യാത്രയായി!!! ചക്രവാളത്തിന്റെ പിന്നിൽ നിന്നും ഒരു ചൂട്ടുകറ്റയുമായി സൂര്യൻ പതുക്കെ തലനീട്ടി..... ...കഴിഞ്ഞ രാത്രിയിൽ ഉറക്കം തീരെ ഇല്ലായിരുന്നു.. വിണ്ട്കീറിയ ഓർമ്മകളുമായി അവൾ നടന്നു. ...മകരമഞ്ഞിന്റെ കുളിരും പുല്ക്കൊടിതുമ്പിലെ മഞ്ഞുതുള്ളിയുമൊന്നും സാന്ത്വനസ്പർശമായി മാറിയില്ല...!!! ----------ഉണ്ണി മടവൂർ---------------------------------------