കഥ..
മുംബൈ ഡയറി..
ഓടിത്തളർന്ന ഓട്ടക്കാരനെപ്പോലെ ട്രെയിൻ ഒടുവിൽ ഛത്രപതി
ശിവജി ടെർമിനലിൽ കിതച്ച് കിതച്ച് നിന്നു..
“നമസ്കാരം സർ..ഞാൻ പൊതുവാൾ..ശ്രീധര പൊതുവാൾ..സമാജത്തിന്റെ പ്രസിഡന്റാ..”
പ്ലാറ്റ്ഫോമിൽ ഇറങ്ങിയ
ഉടൻ തൊഴുകൈയ്യുമായി മുന്നിൽ നില്ക്കുന്നു..തലയിൽ അവിടവിടെ മരുപച്ചപോലെ കാണപ്പെട്ട വെളുത്ത
മുടിയിഴകൾക്ക് അയ്യാളുടെ പ്രായത്തേക്കാൾ പഴക്കമുള്ളതുപോലെ തോന്നി..മൂന്നു മണിക്കൂർ
വൈകിയാണ് എത്തിയതെങ്ങിലും,കാത്ത്നില്പ്പിന്റെ മുഷിപ്പോ പരിഭവമോ ഇല്ലായിരുന്നു..
“യാത്രക്ക് പ്രശ്നോന്നും ഇല്ലാല്ലോ..? സാറ് മാത്രോള്ളൂ..?..മിസ്സിസ്സിനെക്കൂടി
കൂട്ടായിരുന്നു...!”
മറുപടിക്ക് സമയം തരാതെ പൊതുവാൾ എന്റെ കഴുത്തിലേക്ക് ‘വാക്ക് വാൾ’
ഓങ്ങുകയാണ്..!
“നമസ്കാരം”
“സാറിന്റെ പെട്ടിയെടുത്ത് കാറിലേക്ക് വക്ക്..”...യജമാനസ്നേഹമുള്ള
ഭൃത്യനെപ്പോലെ,ഡ്രൈവർ എന്റെ പെട്ടി കാറിൽ വച്ചു..മൂന്നു ദിവസത്തെ പരിപാടി ആയതുകൊണ്ട്
അധികമൊന്നും കരുതിയിരുന്നില്ല...ചെറിയ പെട്ടിയിൽ മൂന്ന് ജോഡി ഡ്രസ്സും ,പിന്നെ അല്ലറ
ചില്ലറ ഒഴിവാക്കാനാവാത്ത സാധനങ്ങളും...കൂട്ടത്തിൽ സംഘാടകരുടെ അഭ്യർത്ഥന മാനിച്ച് പുതിയ
പുസ്തകത്തിന്റെ കൈയ്യൊപ്പിട്ട മൂന്നു കോപ്പിയും..മുന്നൂറ് രൂപ മുഖവിലയുള്ള പുസ്തകം
സൗജന്യമായി കൊടുക്കുന്നത് ലളിതയ്ക്ക് ഇഷ്ടമാകാത്തത്കൊണ്ട് അവൾ അത്രയേ പെട്ടിയിൽ വച്ചുള്ളൂ...
“ബുദ്ധിമുട്ടില്ലെങ്കിൽ ആദ്യം എന്റെ വീട്ടിൽ പോവാം..ഒന്നു
ഫ്രഷായിട്ട് കാപ്പികുടീം കഴിഞ്ഞ് ഹോട്ടലിലേക്ക് നീങ്ങാം..”
ഓടുന്ന കാറിലും പൊതുവാൾ
എന്നെ ഒഴിവാക്കിയില്ല... “വീട്ടിലൊരാള്,മിസ്സിസേ,എല്ലാം ഒരുക്കി കാത്തിരിക്കയാണെ..അവൾ
സാറിന്റെ വലിയ ഫാൻസാ..സാറിന്റെ എല്ലാ പുസ്തകങ്ങളും വായിച്ചിട്ടുണ്ട്..”
മുൻസീറ്റിൽ ഇരുന്ന പൊതുവാൾ
പൂർണ്ണമായും പിന്നിലേക്ക് തിരിഞ്ഞ്..ജിറാഫിനെപ്പോലെ നീണ്ട തല എന്റെ മൂക്ക് വരെ എത്തുമെന്നായി..!“ഈ
പരിപാടീ തീരുമാനിച്ചപ്പോൾ സാറിന്റെ പേരു പറഞ്ഞതും
അവളാ..”
“ക്ഷമിക്കണം...തിരിച്ചുപോവുന്നതിനുമുൻപ് വരാം..ഇപ്പോൾ
വേണ്ട...ഞാൻ ആകെ ടയേർഡ് ആണ്..വണ്ടി ഹോട്ടലിലേക്ക് വിട്ടോളൂ..”
തീരെ പ്രതീക്ഷിക്കാത്ത
മറുപടി ആയതുകൊണ്ടാവാം,പൊതുവാൾ തന്റെ സീറ്റിലേക്ക് ചുരുങ്ങി..ഡ്രൈവറുടെ അടുത്ത്,‘തോടിലേക്ക്’
ചുരുങ്ങിയ ആമയെപ്പോലെ അയ്യാളിരുന്നു....!!
നിശബ്ദത...!
മുൻപ്,പൊയ്കയിലെ ഹരി ഇവിടെ
മെഡിക്കൾ റെപ്രസന്റേറ്റീവായി ജോലിനോക്കിയിരുന്നു..കഥയെഴുത്തും ലഹരിയുമായി കടത്തിണ്ണയിലും
പാരലൽ കോളജിലും നടന്ന എന്നെ നന്നാക്കാനായിരുന്നു,ഹരിയോടൊപ്പം ബോംബെയിലേക്ക് വിട്ടത്..എന്നിട്ടോ..?ഒരു ഫലവും ഇല്ലാണ്ടായി..! എന്റെ ഒരു വർഷം പൊലിഞ്ഞു..അത്രമാത്രം..!!ഹരി
ഇപ്പോൾ നാട്ടിൽ സ്കൂൾ മാഷാ...!
“അപ്പോ സാറിന് എന്ത് ആവശ്യമുണ്ടെങ്ങിലും റിസപ്ഷനിൽ
വിളിച്ചാ മതി..ആടെ തോമസുണ്ട്..എന്ത് വേണേലും എത്തിക്കും..ഞങ്ങൾ വൈകീട്ട് വരാം..” പൊതുവാൾ
യാത്ര പറയുമ്പോൾ,അയ്യാളെ വിഷമിപ്പിക്കേണ്ടായിരുന്നു എന്ന് തോന്നി..ഇനിയും മൂന്ന് ദിവസം
കൂടിയുണ്ടല്ലോ...!!!
യാത്രാക്ഷീണം എന്നെ വല്ലാതെ ഉറക്കിക്കളഞ്ഞു..വൈകുന്നേരം
പൊതുവാളും കൂട്ടരും ബെല്ലടിക്കുമ്പോഴാണ് ഞാൻ ഉണർന്നത്..
എനിക്ക് ഇഷ്ടപ്പെട്ട ബ്രാൻഡിക്കൊപ്പം
ചില സൗഹൃദങ്ങളേയും അയ്യാൾ കൂടെ കൂട്ടിയിരുന്നു..തിരുവനന്തപുരത്ത്കാരൻ നായരും,മട്ടാഞ്ചേരിക്കാരൻ
ബഷീർഭായിയും..കൂടാതെ പൊതുവാളിന്റെ കൂട്ടുകാരായി രണ്ട് പുതുമുഖങ്ങളും...
ഹരിയോടൊപ്പം വന്നപ്പോൾ എത്ര കടമുണ്ടായിരുന്നിട്ടും
പട്ടിണിയില്ലാതെ നോക്കിയത് ബഷീറായിരുന്നു..ബഷീറിന്റെ വാപ്പ വളരെ ചെറുപ്പത്തിലെ അന്ധേരിയിലേക്ക്
കുടിയേറിയതാണ്..ചായക്കടയിലെ കുശ്നിക്കാരൻ,പിന്നീട്
മുതലാളിയുടെ മോളെ കെട്ടി കടയുടമസ്ഥനായി...! ഭ്രൂണാവസ്ഥക്ക് മുൻപേ ബഷീർ ബോംബേക്കാരനായിരുന്നു...!!
നായർ ടി. ടി.കെയിൽ സെയിൽസ്
റെപ്പായിരുന്നു..ഇപ്പോൾ എന്തൊക്കെയോ ‘തരികിട’ ബിസിനസ്സുമായി പോവുന്നു....!!
“നിങ്ങൾ വലിയ എഴുത്തുകാരനായപ്പോൾ ഞങ്ങളെയൊക്കെ മറന്നെന്നാ
കരുതിയത്...ഓർക്കുന്നുണ്ടല്ലോ...!! ഒരുപാട് സന്തോഷമുണ്ട്..”..നാലാമത്തെ പെഗ്ഗ് ഡ്രൈ
ആയിട്ട് വിടുമ്പോഴും നായർ സ്റ്റെഡിയാ...!!
“അതുപിന്നെ നമ്മടെ മാഷിന് ബോംബെക്ക മറക്കാൻ കയിയോ...?
കൊറേ അനിഭവിച്ചേല്ലേ..!! അന്നൊക്കെ ഭയങ്കര രസായിന്നൂട്ടാ...ഇത്ര തെരക്കില്ല...ഗുണ്ടാളില്ല...!
ഇപ്പോ മരിയാതിക്ക് ഒരു കച്ചോടം ചെയ്യാൻ പറ്റ്വോ?..”
ബഷീറിന്റെ ഹോട്ടൽ കുറച്ചുനാൾ
മുൻപ് ഗുണ്ടാപിരിവുകാർ അടിച്ചുതകർത്തതിന്റെ രോഷം ഇനിയും മാറിയിട്ടില്ല...
“അപ്പോ ഫുഡ് എന്തെങ്കിലും ഓർഡർ ചെയ്താൽ......”
“വേണ്ടടോ പൊതുവാളേ...നമുക്കിന്നൊന്ന് ആഘോഷിക്കണം..പത്തിരുപത്
വർഷത്തിനുശേഷം കാണല്ലേ ഈ കഥാകാരനെ...” നായർ ഫോമിലായി..“..എടോ ..നമുക്കൊന്ന് കറങ്ങീട്ട്,പുറത്തിന്ന്
കഴിയ്ക്കാം..താൻ വാടോ...താൻ പണ്ട് കണ്ട ബോംബെയല്ല ഇന്നത്തെ മുംബൈ....!!!!
ജീവിതത്തിൽ പല പുതിയ അനുഭവങ്ങളും
പറഞ്ഞുതന്നത് ബോംബെയായിരുന്നു...ഗണേശപൂജയുടെ നിറവും,ഹോളിയുടെ നിറങ്ങളുമെല്ലാം...!!!
നായരും ബഷീറുമൊക്കെ പറഞ്ഞത്
ശരിയാ..ക്രയവിക്രയങ്ങളുടെ ഭൂമിക വളരുകയാണ്..പുതിയ റോഡുകൾ..മേല്പ്പാലങ്ങൾ..കൂറ്റൻ കെട്ടിടങ്ങൾ...!!
ഞാൻ ആദ്യം ട്രെയിനിറങ്ങിയ വിക്ടോറിയാ ടെർമിനൽ അല്ല ഇന്നത്തെ ഛത്രപതി ശിവജി ടെർമിനൽ...!!
മാറ്റം...!! സർവത്ര മാറ്റം..!!
ബ്രിട്ടീഷ് പട്ടാളക്കാരുടെ
ദാഹം തീർത്തിരുന്ന തെരുവുപോലും ഹൈടെക്ക് ആയി..!!
രതിയുടെ ആറാം ഇന്ദ്രിയം കൊണ്ട്,മത്സരിച്ച് കൈപിടിച്ച് വലിക്കുന്ന വേശ്യാതെരുവുകൾ പോലും പഴങ്കഥയാവുന്നു..ഇന്നിവിടെ
നിറയെ നക്ഷത്രപദവിയുള്ള ഏജന്റ്മാർ....പലരേയും കാണിച്ചും,കണ്ടും നിറം വറ്റിയ ചിത്രങ്ങൾക്ക്
പകരം കൈക്കുമ്പിളിലെ ഐഫോണിലും ബ്ലാക്ക്ബെറിയിലും
മിന്നിത്തിളങ്ങുന്ന ‘കോൾ ഗേൾസ്’....!!
മുംബൈ മാറുകയാണ്..!!
“...സർ..ഹും യു പ്രിഫർ..? ഐ മീൻ,സ്റ്റേറ്റ് വൈസ്,കാസ്റ്റ്
വൈസ്...ഹൈദരാബാദി..കേരള..തമിൾ..കൊല്ക്കട്ട..??എല്ലാം പുതിയ ആൾക്കാരാ.. റ്റൂ യങ്ങ്..”
മനോഹരമായി സജ്ജീകരിച്ച
ഡിജിറ്റൽ ആല്ബത്തിൽ,സ്ത്രീവശ്യതയുടെ അവസാനവാക്ക്പോലുള്ള പെൺകുട്ടികൾ...
“ഇവിടെ എല്ലാ സൗകര്യങ്ങളുമുണ്ട്..” മുന്നിലെ മൂന്ന്നില
കെട്ടിടം ചൂണ്ടിക്കാട്ടി ഏജന്റ് തുടർന്നു..“അതല്ലങ്ങിൽ,സർ പറയുന്ന ഹോട്ടലിൽ എത്തിക്കാം..ടാക്സി
ഫെയർ എക്സ്ട്രാ...!!
എം ബി എക്കാരെപ്പോലും
തോല്പ്പിക്കുന്ന കച്ചവടതന്ത്രം..!!
“ഇതിനൊന്നും ഞാനില്ല നായരേ..”
വിവാഹശേഷം ‘ലളിത’ജീവിതം
മാത്രം..കുട്ടികളില്ല എന്ന വിഷമം അവളെ അലട്ടുന്നുണ്ടെങ്കിലും,ഞങ്ങൾ സന്തുഷ്ടരാണ്...!
“എന്തിനാടോ പേടിക്കുന്നത്..മുമ്പൊന്നും
വന്നിട്ടില്ലാത്ത പോലെ...! മിസ്സിസ് നാട്ടിലല്ലേ?
ഹാവ് ഏ ചെയിഞ്ച് മാൻ...എഴുതാൻ പുതിയ അനുഭവങ്ങൾ കിട്ടും...”..ഏജന്റിൽനിന്നും കമ്മീഷൻ
പറ്റുന്ന ആളാണോ നായരെന്ന് ഞാൻ സംശയിച്ചു..!!
ശരിയാണ്..നാട്ടിൻപുറത്തുകാരന്റെ
അനുഭവപറമ്പിന്റെ വേലിക്ക് പുറത്ത് എന്നെ എത്തിച്ചതും ബോംബെയായിരുന്നു..!
ഹരിയുടെ വാരന്തങ്ങളിൽ
പലപ്പോഴും അവൻ എന്നേയും കൂട്ടിയിരുന്നു..അച്ഛന്റെ പോക്കറ്റിൽനിന്നും പണം മോഷ്ടിക്കുമ്പോഴും,അമ്മയറിയാതെ
ലഹരിപിടിച്ച ബോധത്തിൽ രാത്രി വീടണയുമ്പോഴും ഉണ്ടായതിനേക്കാൾ ഭയത്തോടെ ആയിരുന്നു ഹരിയോടൊപ്പം
ചുവന്ന തെരുവിലേക്ക് നടന്നു കഴറിയത്...സാരിക്കർട്ടനുകൾ വേർതിരിച്ച മുറികളിലേക്ക് വികാരത്തഴമ്പ്
പിടിച്ച കൈകൾ പിടിച്ചുവലിക്കുമ്പോൾ ,വല്ലാത്ത ഭയവും അറപ്പുമായിരുന്നു..!!
സമുദ്രാതിർത്തിക്കും മഞ്ഞുമലകൾക്കുമിടയിൽ,പെണ്ണിന്
ഒരേ മുഖമാണെന്ന് ഞാൻ അറിഞ്ഞതും അവിടന്നായിരുന്നു..!!
“എക്സ്ക്യൂസ് മീ സർ..ഒന്നും പറഞ്ഞില്ല..ഹീയർ ഒർ ദെയർ..?”
“സോറി..”
“നോ സർ...ഇതിലും നല്ലയാളേ തരാം..ഫ്രഷ്..സർ ആണ് തുടക്കം...അവർക്ക്
ബിസിനസ് ആക്കാൻ താല്പര്യമില്ല...ആ കുട്ടിയുടെ അമ്മക്ക് സുഖമില്ല...ചികിൽസക്കാ...!”
“ഒരു നല്ല കാര്യത്തിനല്ലേ സാറേ...”..പൊതുവാൾ നാവ്
അനക്കിത്തുടങ്ങി...“ഒരു ജീവൻ രക്ഷപ്പെടുമെങ്കിൽ.....!!”
ഇങ്ങനേയും നല്ല കാര്യങ്ങൾ........!!!!
തൊട്ടടുത്ത ഗലിയിലൂടെ
ആ ചെറുപ്പക്കാരന്റെ പിന്നിൽ ഞങ്ങൾ നടന്നു..ഏകദേശം നൂറ് മീറ്ററുകൾക്കപ്പുറം വലത്തോട്ടുള്ള
ഗലിയിലൂടെ വീണ്ടും...ഒടുവിൽ,പഴകി ബോധം നശിച്ച് മരവിച്ച രണ്ട്നില കെട്ടിടത്തിന് മുകളിലേക്ക്
അയാൾക്കൊപ്പം കഴറി..നനഞ്ഞൊലിച്ച്,പായല് പിടിച്ച ഇടനാഴിയിലൂടെ ഞാൻ എത്തിയത് അരണ്ട വെളിച്ചം
മാത്രമുള്ള ഒരു മുറിയിലേക്കാണ്...!
സാരിക്കഷണം കൊണ്ട് മുറിയെ
രണ്ടായി വേർതിരിച്ചിരിക്കുന്നു..ഒരു പകുതിയിൽ,നിലത്തെ പായയിൽ ശ്വാസമ്മുട്ടി ചുമയ്ക്കുന്ന മധ്യവയസ്ക്കയുടെ അരികിൽനിന്നും തുപ്പലിന്റേയും മരുന്നിന്റേയും ഗന്ധം വമിക്കുന്നുണ്ടായിരുന്നു...അടുത്ത പകുതിയിൽ അറവ്കാരനെ
കാത്തിരിക്കുന്ന ആടിനെപ്പോലെ ഒരു യുവതിയും...!!
വീണ്ടും....!!!
രണ്ടാംനിലയിലെ അരണ്ടവെളിച്ചമുള്ള
മുറിയുടെ ജനാലയ്ക്ക് പുറത്ത്, രാത്രിയിലും മുംബൈ തിരക്കേറിയതായിരുന്നു..
ടിപ് കൊടുക്കുമ്പോൾ,അവളുടെ
കണ്ണുകൾ പൂത്ത് വിടർന്നു...മുഖത്തെ ക്ഷീണം
മറച്ച് വച്ച് അവൾ ചിരിച്ചു...എ സാഡ് സ്മൈൽ...
“നണ്ട്രീ സർ..”
അവൾക്കൊരു ജലദോഷം പിടിച്ച
ശബ്ദമായിരുന്നു...!!
“നിന്റെ പേര്..?” ഉടുപ്പിടുമ്പോൾ തോന്നിയ കൗതുകം...
“അഴകി..”..അവൾ ധൃതിയിൽ വസ്ത്രം മാറുന്നുണ്ടായിരുന്നു...“നാളെക്ക്
തേവയിരുന്താ കൂപ്പിട്...റൂമിലേ വന്തിടലാം...ഇപ്പോ അമ്മാവ്ക്ക് മാത്ര വാങ്ങിട്ട് വരട്ട്മാ...?”
“അമ്മയ്ക്ക് എന്താ അസുഖം..?”
അവൾ സാരിക്കർട്ടന് അപ്പുറത്തെ
മുറിയിലേക്ക് കൂട്ടിക്കൊണ്ട് പോയി..
“ഒടമ്പ് സരിയല്ല...ഇരുമ്പൽ...ടിബിയന്ന് ഡോക്ടർ സൊന്നാര്....അമ്മാ
മുതലിലെ ഇന്തമാതിരി വേല പണ്ണീര്ക്ക്..ആനാ...നാൻ പിറന്തത്ക്കപ്പുറം അമ്മാവ് എല്ലാമേ
വിട്ടാച്ച്...”..അവളുടെ കൺപോളകൾക്കുള്ളിൽ,തിര തീരത്തോട് അടുക്കുണ്ടായിരുന്നു...
“യാരങ്ങ യത്...?”…മുറിയുടെ മൂലയിൽ നിന്നുയർന്ന ശ്ബ്ദം ചുമയിൽ കുടുങ്ങിപോയി..വളരെ ശ്രമപ്പെട്ട്
ആ സ്ത്രീ എഴുന്നേറ്റിരുന്നു..
മുറിയിൽ അഴകി തെളിയിച്ച
മെഴുകുതിരി വെട്ടത്തിൽ ആ രൂപം തെളിഞ്ഞു..മധുരം വറ്റിയ കരിമ്പിൽ ചണ്ടി...! മുന്നിലിരുന്ന പാത്രത്തിലേക്ക് ചുമച്ച് തുപ്പിയിട്ട്,അവർ
എന്നെ സൂക്ഷിച്ച് നോക്കി..
“സർ...നീങ്ക...?”
ആ ശബ്ദം എനിക്കും പരിചിതമായിരുന്നു..നിർവികാരസ്ത്രീത്വത്തിനുമപ്പുറം
രതിയിൽ പ്രണയമുണ്ടെന്ന് പറയാതെ പറഞ്ഞ മധുരയിലെ ഉമ....തുണിമില്ലുടമയുടെ കണ്ണുകളിൽ നിന്ന്
രക്ഷിയ്ക്കാൻ,അമ്മ രാസാത്തി ഉമയെ എത്തിച്ചത് ഇവിടെയായിരുന്നു...!!!
‘കോൾ ഗേൾ’ എന്ന പ്രയോഗത്തിന്റെ നിർവചനത്തിനുമപ്പുറമായിരുന്നു
ഉമ...! കാലം അവളെ വല്ലാതെ മാറ്റിയിരിക്കുന്നു..ചുക്കി
ചുളിഞ്ഞ്...മുടി കൊഴിഞ്ഞ്...!!!
“..നീങ്ക നല്ലാർക്ക സർ..”…അവൾ കൂടുതൽ ഊർജസ്വലമായത് പോലെ കാണപ്പെട്ടു... “ ഉങ്കളെ ഒരു വാട്ടി കൂടി പാക്കണം മാതിരി റൊമ്പ
ആശയിറിക്ക്...ഉങ്ക പടം പത്രികയിൽ നിറവാട്ടി പാത്തിരിക്ക്...”...അവളുടെ വാക്കുകൾ തൊണ്ടയിൽ
തങ്ങി നിന്നു..
പെഴ്സിൽ നിന്നും പണമെടുക്കുമ്പോൾ
അവൾ തടഞ്ഞു..
“...വേണ സർ...നീങ്ക നല്ലാർക്കില്ലേ?..അതു പോതും..”..ചുമ
അവളെ വല്ലാതെ ശല്യം ചെയ്യുന്നുണ്ടായിരുന്നു.....“എന്നുടെ ആശ മുടിഞ്ഞിട്ടെ സാർ...സാവത്ക്ക്
മുന്നാടി അഴകിയെ അവളുടെ അപ്പാവെ കാമിക്കണമ്ന്ന് ആശപ്പെട്ടാൻ...”..അവൾ അഴകിയെ അരികിലേക്ക്
വിളിച്ചിരുത്തി....“ അതു നിറവേറിയിട്ടാൻ.....അഴകി...അഴകി ഉങ്ങ പൊണ്ണ് താൻ...!!!”
തൊണ്ടയിൽ കുരുങ്ങിയ വാക്കുകൾ
അവൾ മെല്ലെ പുറത്തേക്കിട്ടു...!!
ചുറ്റിലും ഇരുട്ട് മൂടി..!!
..എങ്ങും അന്ധകാരം..!! ഭൂമി തന്റെ ഭ്രമണപഥത്തിൽ നിശ്ചലയായി...!!
എല്ലാം കൂരിരുട്ടിലേക്ക്....!!!!
--------------------------------ഉണ്ണീ
മടവൂർ----------------------------------------------------------------------------------
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ