2014 ഫെബ്രുവരി 4, ചൊവ്വാഴ്ച

കഥ -റാവൽപിണ്ടിയിലെ ഉമ്മ


     റാവൽപിണ്ടിയിലെ ഉമ്മ..
   പ്രിയപ്പെട്ട റഫീക്കിന്..
   സുഖമാണന്ന് വിശ്വസിക്കട്ടെ..ഒത്തിരി നാളായി എഴുതണമെന്നു വിചാരിക്കുന്നു..ജോലിത്തിരക്കുമൂലം പറ്റിയില്ല. ക്ഷമിക്കുമല്ലോ..? പിന്നെ,  ഈമെയിലിന്റേയും വാട്സ് അപ്പിന്റേയും കാലത്ത് എന്തു എഴുത്തെന്നാവും..! തോന്നലുകൾ പേനത്തുമ്പിലൂടെ വരുമ്പോഴേ,അതിന് ജീവനുണ്ടാവൂ എന്ന് മാധവൻ മാഷ് പറഞ്ഞത് ഓർമ്മയില്ലേ..?
   പലരേയും പോലെ ദാരിദ്ര്യമാണ് എന്നേയും പ്രവാസിയാക്കിയെതെന്ന് നിനക്കറിയാമല്ലോ..! ഇവിടെ വന്ന് അറബികളുടെ ജീവിതവും രീതികളുമായിട്ട് പൊരുത്തപ്പെടാൻ കഴിഞ്ഞില്ലെങ്കിലും,നാട്ടിലെ പൊരുത്തക്കേടുകൾ ഇതുമായിട്ട് പൊരുത്തപ്പെടാൻ നിർബന്ധിക്കയായിരുന്നു..! ഇക്കായും ഇത്തായും നിക്കാഹ് കഴിഞ്ഞ് പൊയെ പിന്നെ ഉമ്മാക്കും ഉപ്പാക്കും  ഞാൻ മാത്രമല്ലേ ഉണ്ടായിരുന്നുള്ളൂ..?ചൂടായാലും തണുപ്പായാലും,കട്ടൻ ചായയും  കുബ്ബൂസും കഴിച്ച് കിടക്കാൻ എന്നെ പ്രേരിപ്പിച്ചതും മറ്റൊന്നല്ല.. ഇപ്പോ പിന്നെ അങ്ങനൊന്ന് ഇല്ലെങ്കിലും,പടച്ചോൻ തന്ന ആയുസ്സ് തിരിച്ചെടുക്കുംവരേയും കഴിഞ്ഞുകൂടുക...!!
   നാട്ടിൽ വച്ചേ അറിയുന്ന ഒത്തിരി ആൾക്കാർ ഇവിടുണ്ട്...കുടുംബവും പത്രാസുമായി കഴിയുന്ന പലരും കണ്ട ഭാവം കാട്ടാറില്ല..അല്ല..അവരെ കണ്ട ഭാവം ഞാൻ കാട്ടാറില്ല...അതാണ് ശരി..!! നീയെന്നെ തിരക്കിയെന്ന് ഇടവായിലെ ഉമ്മർകുട്ടി പറഞ്ഞു. അവൻ നാട്ടിൽ വന്നപ്പോൾ,വർക്കല വാസു തീയേറ്ററിൽ വച്ച് നിന്നേം കുടുംബത്തേയും കണ്ടെന്നും പറഞ്ഞു.. നീ നന്നായി തടിച്ചല്ലേ..? ബീഫും മട്ടനും കുറയ്ക്കണം,,വെള്ളോടീം....!! കെട്ടിയോളും പിള്ളാരും ഒള്ളതാ...!!
   അതൊക്കെ പോട്ടെ..ഒരു സന്തോഷം കൂടിയുണ്ട്...ഞാൻ ഉമ്റ ചെയ്തു...കുറേ നാളായുള്ള ആഗ്രഹമായിരുന്നു..ഉമ്മേം ഉപ്പേം  കൂട്ടി പോവണമെന്നായിരുന്നു..പക്ഷെ വിധി...!! എപ്പോഴും നമ്മൾ വിചാരിക്കുന്നപോലെ നടക്കണമെന്നില്ലല്ലോ..??എങ്കിലും സ്വർഗ്ഗത്തിൽ ഇരിക്കുന്ന ഉമ്മാക്കും ഉപ്പാക്കും വേണ്ടി പ്രാർത്ഥിച്ചു. അവരോടൊപ്പം കാബ തവാഫ് ചെയ്യാനുള്ള ഭാഗ്യം പടച്ചോൻ തന്നില്ല. തിക്കും തിരക്കുമുണ്ടായിരുന്നെങ്കിലും തെല്ലും ക്ഷീണം തോന്നിയില്ല....തിരിച്ചുവരാനും..!! പറഞ്ഞ തീയതിക്ക് മുൻപ് എത്തീല്ലെങ്കിൽ കഫീലിന്റെ തെറി കേൾക്കണം. കാട്ടറബിക്കെന്ത് മനുഷ്യത്വം..?

   ഉമ്റ കഴിഞ്ഞ്,വ്യാഴാഴ്ച വൈകീട്ട് ജിദ്ദ എയർപ്പോർട്ടിലെത്തി..എന്റെ തുണികൾ കൂടാതെ,രണ്ട് ബോട്ടിൽ സംസം വെള്ളവും കുറച്ച് ഈത്തപ്പഴവും...ഖത്തറിൽ ഈത്തപ്പഴം ഉണ്ടെങ്കിലും മക്കേന്നും മദീനേന്നുമുള്ള ഈത്തപ്പഴത്തിനു ഭയങ്കര ഡിമാന്റാ..റൂമിലുള്ളവർക്ക് അത് ഏറെ പ്രിയമാണ്..ജിദ്ദ എയർപ്പോർട്ടിന്റെ ഡിപ്പാർച്ചർ ടെർമിനലിൽ ഇരിക്കുമ്പോൾ ഒരു സംഭവമുണ്ടായി..പത്തറുപത്തഞ്ച് വയസ്സുള്ള ഒരു സ്ത്രീ വളരെ വേദനയോടെ കരയുന്നത് കണ്ടൂ... തിരക്കിൽ ആരും അവരെ ശ്രദ്ധിച്ചില്ല. സമയം ഏതാണ്ട് ഒൻപത് മണി കഴിഞ്ഞിരുന്നു.. ജിദ്ദയിൽ നിന്നും ദോഹയിലേക്കുള്ള വിമാനത്തിനു ഇനിയുമുണ്ട് നാല് മണിക്കൂർ.. എന്റുമ്മയോളം പ്രായമുണ്ടായിരുന്നതുകൊണ്ട് തന്നെ,അവരോടു വിവരങ്ങൾ  ചോദിക്കണമെന്ന് തോന്നി.. അവരുടെ കണ്ണും ചുണ്ടുമെല്ലാം വല്ലാതെ വിളറിയിരുന്നു. തൊണ്ട വരണ്ടിരുന്നതുകൊണ്ടാവാം,അവരുടെ വാക്കുകൾക്ക് പുറത്തുവരാനുള്ള ശക്തിയില്ലായിരുന്നു.  എന്റെ കൈയ്യിലെ സംസം വെള്ളം കുറച്ചു കുടിക്കാൻ കൊടുത്തു. വെള്ളം  കുടിച്ചുകഴിഞ്ഞപ്പോൾ അവർ ദീർഘനിശ്വാസം വിടുന്നുണ്ടായിരുന്നു.  പൊട്ടികരഞ്ഞ അവരെ,എന്നാൽ ആവും വിധം ആശ്വസിപ്പിക്കാൻ ശ്രമിച്ചു. അവർ പാകിസ്താനിലെ റാവല്പീണ്ടി സ്വദേശിയാണ്.റാവല്പിണ്ടീന്ന് ഇസ്ലാമബാദ് വരെ ബസ്സിൽ യാത്ര..അവിടുന്നാണ് ജിദ്ദയിലേക്കുള്ള വിമാനം..റാവല്പിണ്ടിയിലെ കർഷകകുടുംബത്തിന്റെ  കുറേനാളായുള്ള ആഗ്രഹമായിരുന്നു ഉമ്റ ചെയ്യണമെന്നത്..
  ഇസ്ലമാബാദിലേക്കുള്ള വിമാനം പുറപ്പെടാൻ ഇനി അരമണിക്കൂർ മാത്രം.ഭർത്താവിനെ കാണുന്നില്ല. ഉമ്റ കഴിഞ്ഞ്,മുറിയിലെ സാധനങ്ങൾ എടുക്കുമ്പോഴുമെല്ലാം  ഹാജി മുഹമ്മദ്‌ സിദ്ദിഖി വളരെ ഉന്മേഷവാനായിരുന്നു. എയർപോർട്ടിൽ കയറും വരേയും കൂടെയുണ്ടായിരുന്നു.. നല്ല ക്ഷീണമുള്ളതുകൊണ്ട്  അവർ കിട്ടിയ കസേരയിൽ ഇരുന്നു മയങ്ങിപ്പോയി.. ഞെട്ടിയുണർന്നപ്പോൾ  ഹാജിയെ കാണാനില്ല...ആരും സഹായിക്കാനില്ല..ഭാഷയറിയില്ല. എന്നെക്കൊണ്ട്  കഴിയും വിധം ആശ്വസിപ്പിക്കാൻ ശ്രമിച്ചു. ഒരോതവണ സമാധാനിപ്പിക്കുമ്പോഴും അവർ ശിരസ്സിൽ കൈകൊണ്ട് അനുഗ്രഹിച്ചു.. എന്റുമ്മയുടെ അതേ സ്പർശം..!!
   എയർപ്പോർട്ടിലെ ജോലിക്കാരിൽ നല്ലൊരുപങ്കും മിസിറികളാണ്. ഒരു സൂപ്പർവൈസറോട് ഞാൻ അവരുടെ അവസ്ഥ പറഞ്ഞു. അയ്യാൾ കൈമലർത്തി..മുൻപിൽ കണ്ട എയർലൈയിൻ പ്രതിനിധിയോട് പറഞ്ഞപ്പോൾ,അവരും ഹാജി മുഹമ്മദ്‌ സിദ്ദിഖിയെ അന്വേഷിക്കുകയാണത്രേ. .അയാൾ ബോർഡിങ്ങ് പാസ് വാങ്ങിയിരുന്നു..  അപ്പോൾ ഒൻപതര കഴിഞ്ഞൂ.ഹാജി മുഹമ്മദ് സിദ്ദിഖിയും ഭാര്യയുമില്ലാതെ  ഇസ്ലാമാബാദിലേക്കുള്ള പാകിസ്താൻ എയർലൈൻസ്‌ വിമാനം പറന്നുയർന്നു...!!ആ സ്ത്രീയെ,അല്ല,‘ഉമ്മയെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ ഞാൻ വിഷമിച്ചു...ഹാജിക്ക് എന്താവും സംഭവിച്ചത്? എവിടേങ്ങിലും കറങ്ങിയിട്ട് അയ്യാൾ തിരിച്ചുവരുമ്പോൾ നന്നായി വഴക്ക് പറയണമെന്ന് പറഞ്ഞപ്പോൾ,അവർ പറഞ്ഞ വാക്കുകൾ ഇതായിരുന്നു..“ ഒരിക്കലുമില്ല..അദ്ദേഹം എന്റെ ഭർത്താവാണ്.. എനിക്ക് ഈ ലോകത്ത് ഏറ്റവും  പ്രിയപ്പെട്ട ആൾ...ഞാൻ അദ്ദേഹത്തെ  ബഹുമാനിക്കുന്നു..!!!”
   പെട്ടന്നാണ് ഒരു കഥ ഓർമ്മ വന്നത്.. ഓത്ത് പള്ളിക്കൂടത്തിലെ മൊല്ലാക്ക പറഞ്ഞത്..ബാബർ ചക്രവർത്തിയുടെ മോൻ ഹുമയൂണിന് അസുഖം വന്ന കഥ ഓർമ്മയില്ലേ?? ഹുമയൂണിനു അസുഖം വന്നപ്പോൾ ഒരു മരുന്നും ഫലിച്ചില്ല..മരുന്നു തോല്ക്കുന്നിടത്ത് മന്ത്രം ജയിക്കുമെന്നല്ലേ..!! ഒടുവിൽ കൊട്ടാരത്തിലെ മുത്തവാ പറഞ്ഞു,രാജകുമാരനു ഏറ്റവും ഇഷ്ടപ്പെട്ട സാധനം കൊണ്ട്  കുട്ടിയെ ഏഴു പ്രാവശ്യം ഉഴിഞ്ഞാൽ അസുഖം മാറും..!! രാജകുമാരന് ഈ ഭൂമിയിൽ ഏറ്റവും ഇഷ്ടം സ്വന്തം  വാപ്പയെ ആയിരുന്നുവെന്നറിയാമായിരുന്ന ബാബർ ചക്രവർത്തി,രാജകുമാരനു ചുറ്റും ഏഴു വലം വച്ചു..രാജകുമാരന്റെ അസുഖവും മാറി...!!! ഉമ്മായും ഉപ്പായും മരണത്തോട് മല്ലിടുമ്പോൾ,ഒരുപക്ഷേ ഞാൻ ഏഴുതവണ വലം വച്ചിരുന്നെങ്കിൽ അവർ ഇപ്പോഴും ജീവിച്ചിരുന്നേനെ...അല്ലേ..? നീയിപ്പോൾ എന്താ വിചാരിക്കുന്നതെന്ന് എനിക്കറിയാം...!!!
  പിന്നീട് ,ദോഹയിലേക്കുള്ള വിമാനത്തിൽ ഇരിക്കുമ്പോൾ ഞാൻ  അസ്വസ്തനായിരുന്നു..ആ ഉമ്മയ്ക്ക് എന്തു പറ്റിയിട്ടുണ്ടാവും..? ഹാജി  ..?  എനിക്ക് യാത്ര ഒരു ദിവസത്തേക്ക്കൂടി മാറ്റാമായിരിന്നില്ലേ?? പരിചയമില്ലാത്ത മണ്ണിൽ അവർ തനിച്ച്..!! എന്റുമ്മയായിരുന്നെങ്കിലോ..?? അപ്പോഴേക്കും ബെല്റ്റ് മുറുക്കാനുള്ള നിർദേശം  വന്നിരുന്നു. പലപ്പോഴും നമ്മൾ അങ്ങനെയാണ്...!!
  ഞാൻ നിന്നെ വല്ലാതെ ബോറടിപ്പിച്ചല്ലേ..? വല്ലപ്പോഴും എനിക്ക് എഴുതാൻ നീയല്ലാതെ ആരാ..? എല്ലവരേയും അന്വേഷണം അറിയിക്കുമല്ലോ..? തത്ക്കാലം നിർത്തട്ടെ..
സ്നേഹത്തോടെ,
ബഷീർ...

-----------------ഉണ്ണി  മടവൂർ------------------------------------------