2013 ഡിസംബർ 20, വെള്ളിയാഴ്‌ച

മുനയുള്ള മൗനങ്ങൾ

മറുപുറം.

     മുനയുള്ള മൗനങ്ങൾ...


         ആശയവിനിമയ രംഗത്തും,വാർത്താവിതരണ രംഗത്തുമെല്ലാം ദൈനംദിനം മാറുന്ന സാങ്കേതികവിദ്യക്കൊയ്പ്പം നമ്മൾ സഞ്ചരിക്കുകയാണ്. ആശയ സംവേദനത്തിനുള്ള മാർഗ്ഗമായാണ് ഭാഷയെ വിവക്ഷിക്കുന്നത്. എല്ലാ ജനതയ്ക്കും അവരുടേതായ ഭാഷയും തനതായ പ്രയോഗരീതികളും ഉണ്ട്. ഭാഷയെന്നത് അക്ഷരമാലകളും പദപ്രയോഗങ്ങളൂം ഉൾക്കൊള്ളുന്ന, വെറും ആശയങ്ങൾ വഹിക്കുന്നതിനുള്ള ‘മാധ്യമങ്ങൾ’ മാത്രമല്ല. അതിനുമപ്പുറം,വികാരങ്ങളും വിചാരങ്ങളുമെല്ലാം  പ്രകടിപ്പിക്കാനും,അതിനെ മറ്റുള്ളവരിലേക്ക് എത്തിക്കുന്നതിനും ഉതകുന്ന ഏതൊരു രീതിയും ഇതിൽ പെടും. ഇവിടെ,ഭാഷയുടെ ഉല്പ്പത്തി-പരിണാമങ്ങളെക്കുറിച്ചുള്ള ഒരു ചർച്ചയല്ല.സമുദ്രം പോലെ വിശാലമായ,ആഴമേറിയ  ഒരു വിഷയം ഒരു പംക്തിയിൽ നില്ക്കില്ല എന്നും അറിയാം.എങ്കിലും ചില നേർക്കാഴ്ച്ചകൾ നല്കിയ അനുഭവം പങ്കിടുന്നു എന്നുമാത്രം.


 “തന്നതില്ലപരനുള്ളുകാട്ടുവാ-
 നൊന്നുമേനരനുപായമീശ്വരൻ
ഇന്നു ഭാഷയതപൂർണ്ണമിങ്ങഹോ !
വന്നുപോം  പിഴയുമർഥശങ്കയാൽ !!!”
(‘നളിനി’-കുമാരനാശാൻ)

ആശയവിനിമയങ്ങൾ റ്റെസ്റ്റ് മെസേജുകളും ഈമെയിലുകളുമായും,സംഭാഷണങ്ങൾ ഫോൺ വിളീകളായും,വികാരവിചാരങ്ങൾ സോഷ്യൽ മീഡിയകളിലെ സ്റ്റാറ്റസുകളായും മാറുന്ന കാലത്ത്, കുമാരനാശാന്റെ ഈ വരികൾക്ക് ഏറെ പ്രസക്തിയുണ്ട്. തന്റെ ഉള്ളിലെ വികാരത്തെ അതേ രീതിയിൽ  ഉൾക്കൊള്ളാനും മറ്റുള്ളവരിലേക്ക് എത്തിക്കാനും കഴിയുന്ന വാക്കുകളുടെ അപര്യാപ്തത കവി തിരിച്ചറിയുന്നു. പലപ്പോഴും   ഭാഷയുടെ സാങ്കേതികത ആശയവിനിമയത്തിന് തടസ്സമാവുന്നില്ല എന്നതാണ് സത്യം. അത്തരമൊരു ‘സംവേദന’ അനുഭവമായിരുന്നു,ഖത്തറിന്റെ ദേശീയദിനത്തോട് അനുബന്ധിച്ച് അരങ്ങേറിയ ബധിര-മൂക കലാസന്ധ്യ നല്കിയത്..

ഖത്തറിനു പുറമേ,ഒമാൻ,ബഹറീൻ,ട്യുണീഷ്യ,സൗദി അറേബ്യ,സിറിയ,ഈജിപ്ത് ,തുടങ്ങിയ രാജ്യങ്ങളിൽ നിന്നും എത്തിയ ബധിര-മൂക കലാകാരന്മാർ അവതരിപ്പിച്ച സ്കിറ്റുകൾക്ക്,പിന്നണിയിൽ ഏർപ്പെടുത്തിയിരുന്ന ‘ഭൗതിക’ഭാഷാന്തരം അനാവശ്യമായിരുന്നു. അംഗചലനങ്ങളും,അനുനിമിഷം മാറുന്ന മുഖഭാവങ്ങളും അക്ഷരരൂപത്തിൽ പിറവിയെടുക്കാൻ കഴിയുന്നതിനുമപ്പുറമായിരുന്നു...! കഠിനാധ്വാനിയായ ഒരച്ഛനും അലസന്മാരായ മൂന്നു ആണ്മക്കളും,അവരുടെ ജീവിതത്തിലെ വഴിത്തിരിവുകളുമെല്ലാം ‘മൗനമെന്ന’ ഭാഷയിലൂടെ മനോഹരമായി അവതരിപ്പിച്ചു.ഒടുവിൽ സ്വന്തം പാർപ്പിടം പോലും നഷ്ടമായി,പാർക്ക് ബെഞ്ചിൽ മഴ നനഞ്ഞു തണുത്ത് വിറങ്ങലിച്ചിരിക്കുന്ന അച്ഛന്റേയും മക്കളുടേയും ചിത്രം  വരച്ചുകാട്ടിയതും മൗനത്തിലൂടെയായിരുന്നു,ഒരു സംഗീതത്തിന്റേയും പശ്ചാത്തലമില്ലാതെ...!!!  വൈകാരിക നിമിഷങ്ങളോടും,നർമ്മമുഹൂർത്തങ്ങളോടും അതേ അളവിൽ തന്നെയാണ് പ്രേക്ഷകരും പ്രതികരിച്ചത്.പ്രേക്ഷകരിൽ,ചില മാധ്യമപ്രവർത്തകരും,ഒന്നുരണ്ടു സംഘാടകരും ഒഴിച്ചാൽ മറ്റുള്ളവരെല്ലാം ബധിര-മൂക വിഭാഗങ്ങളിൽ ഉള്ളവരായിരുന്നു. കലാപരിപാടികൾക്കൊടുവിൽ,സംഘാടകരുടെ അംഗീകാരങ്ങൾ ഏറ്റുവാങ്ങുമ്പോഴും,ആലിംഗനങ്ങൾകൊണ്ടുള്ള അനുമോദനങ്ങൾ പങ്കിടൂമ്പോഴും അവരുടെ കണ്ണൂകളിൽ  ജ്വലിച്ച സൂര്യനു വല്ലാത്ത സുഖമായിരുന്നു....സ്നേഹത്തിന്റെ,ആത്മാർഥയുടെ..എല്ലാറ്റിനുമുപരി,അവർ പരസ്പരം മനസ്സിലാക്കുന്നു...ഭൗതിക ഭാഷാപ്രയോഗങ്ങൾക്കുമപ്പുറമാണ് ഹൃദയത്തിന്റെ ഭാഷ എന്ന സന്ദേശം അവർ പറയാതെ പറഞ്ഞു...!!

കലാസന്ധ്യ കഴിഞ്ഞ്, സൂക്ക് വാക്കിഫിന്റെ തിരക്കിലേക്ക് സ്വയം വലിച്ചെറിയപ്പെട്ടപ്പോഴും തിളങ്ങുന്നകണ്ണുകളൂള്ള മൗനങ്ങൾ എന്നെ വലംവയ്ക്കുന്നാണ്ടായിരുന്നു...! ഒപ്പം,പൊള്ളുന്ന ചോദ്യങ്ങളും..സൃഷ്ടിയുടെ ‘വൈകല്യങ്ങൾ’ ഒന്നുമില്ലാത്ത നീയെന്തിനു വ്യാകുലപ്പെടുന്നു? ഭാഷയും പ്രയോഗങ്ങളും വഴങ്ങുന്ന നിന്നിൽ എന്തുകൊണ്ടാണ് ഇത്രയും ആകുലതയും ആശങ്കയും നിറയുന്നത്??

തിരക്കുള്ള ഇടനാഴിലൂടെ നടക്കുമ്പോൾ ഉള്ളീലിരുന്നു ആരോ പറഞ്ഞു..“നീ പറയുന്നതും കേൾക്കുന്നതുമെല്ലാം പൊള്ളയായ വാക്കുകളാണ്..മൗനത്തിലും കണ്ണുകളിലും നിറയുന്ന ആത്മാവിനെ ഉൾക്കൊള്ളാൻ എന്തുകൊണ്ടോ നിന്റെ വാക്കുകൾക്കാവുന്നില്ല....!!!“

----------------ഉണ്ണീ മടവൂർ--------------------------------------------------------