2017 നവംബർ 25, ശനിയാഴ്‌ച

ചിദംബരരഹസ്യം

വലിയ കസർത്തുകൾ ഒന്നുമില്ലാത്ത ലളിതമായ ഭാഷ.. അതിലും, സന്ദർഭത്തിനു അനുയോജ്യമായ പദങ്ങൾ.. ആ വാക്കുകൾക്കു താങ്ങാനാവുന്ന വികാരങ്ങൾ.. ചിന്തകൾ..!
മറ്റൊരു രീതിയിൽ പറഞ്ഞാൽ, രാഹുൽ ദ്രാവിഡ്‌ ക്രീസിൽ നിൽക്കുന്നപോലെ.. ബഹളങ്ങൾ ഇല്ല.. പക്വമായ പ്രകടനം.. ഒടുവിൽ, ദ്രാവിഡ്‌ സെഞ്ച്വറി തികയ്ക്കുമ്പോഴാണു, "അയ്യോ ഇയ്യാൾ എങ്ങനെ?" ആ ഒരു സമാധാനവും ശാന്തതയുമാണു  ഇ. സന്തോഷ്‌കുമാറിന്റെ ആഖ്യാനത്തിൽ ഞാൻ കാണുന്നത്‌.. വായനക്കാർക്ക്‌ ദുർഗ്രാഹ്യമായ ബിംബങ്ങളോ സങ്കീർണ്ണമായ വാചകങ്ങളോ ഇല്ലാതെ, വായനയ്ക്കുശേഷവും ഒരു നിഴൽ പോലെ പിന്തുടരുന്ന കഥാപാത്രങ്ങളും മുഹൂർത്തങ്ങളും..! ഇതൊക്കെ തന്നെയാണു "ചിദംബരരഹസ്യം" എന്ന 128 പേജുകൾ മാത്രം വലിപ്പമുള്ള, എന്നാൽ മൂന്ന് നോവലുകൾ അടങ്ങുന്ന, പുസ്തകത്തെ വ്യത്യസ്തമാക്കുന്നത്‌.. ഒപ്പം വായനക്കാരനെ "അനുഭവിക്കാൻ" വേണ്ടിയുള്ള നോവലുകളല്ല, മറിച്ച്‌ വായന ഒരു സുഖമുള്ള അനുഭവമായി മാറ്റുന്ന ജീവിതമുഹൂർത്തങ്ങളാണു ചിദംബരരഹസ്യം, മറ്റൊരു വേനൽ, മുസോളിയം എന്നീ ചെറു നോവലുകൾ.

ചിദംബരരഹസ്യം എന്ന നോവൽ -സജീവനുമാത്രം അറിയുന്ന ഒരു രഹസ്യം, ലീന അറിയാതെയറിഞ്ഞെങ്കിലും ഒരു രഹസ്യമായിത്തന്നെ നിൽക്കുന്നു.. തിരുവനന്തപുരത്തേക്കെന്ന് പറഞ്ഞ്‌ വീട്ടിൽ നിന്നും യാത്രയാകുന്ന ഭർത്താവിന്റെ "വഴിതെറ്റിപ്പോയ യാത്രയിലുണ്ടാകുന്ന അപകടം" ബാക്കിവയ്ക്കുന്ന ചിന്തകളിലൂടെ നോവൽ അവസാനിക്കുമ്പോൾ, അറിയാതെയെങ്കിലും ഒരു ദീർ ഘനിശ്വാസം വായനക്കാരനിൽ ബാക്കിയാവും..
ചില "വഴിമാറിയുള്ള യാത്രകൾ" അപകടത്തിലേയ്ക്കാണെന്ന് മാത്രമല്ല, അതൊരുതരം "ബ്രയിൻ ഡെത്തു"കൂടിയാണു.. ഭാര്യാഭർത്തൃബന്ധത്തിന്റെ പല ആംഗിളുകളിൽ നിന്നും വായിക്കുമ്പോഴാണു ചിദംബരരഹസ്യം ആസ്വാദ്യമാകുന്നത്‌.. ഉദാഹരണമായി, തിരുവനന്തപുരത്തേക്കാണെന്ന് പറഞ്ഞു യാത്രതിരിക്കുന്ന സജീവൻ, തന്റെ ജൂനിയർ അഡ്വക്കേറ്റായ യുവതിയുമായി മൂന്നാറിലേക്ക്‌ യാത്രപോകുന്നു, വഴിയിൽ അപകടമുണ്ടാകുന്നു, ഒടുവിൽ സജീവന്റെ നില ഗുരുതരമാകുന്നു, അയ്യാൾക്ക്‌ ബ്രയിൻ ഡെത്ത്‌ സംഭവിക്കുന്നു.. ആശുപത്രിയിൽ എത്തുന്ന ലീന സജീവന്റെ ദൈന്യമായ അവസ്ഥയാണു കാണുന്നത്‌.. ഇതേ കാഴ്ച്ചയെ, "ഭാര്യയോട്‌ കള്ളം പറഞ്ഞ്‌ യാത്രയായി, ഒടുവിൽ അപകടത്തിൽപ്പെട്ട്‌, പിടിക്കപ്പെട്ട്‌, ഭാര്യക്കുമുൻപിൽ, ഒന്നുരിയാടാനുള്ള ചിന്താശേഷിപോലും നശിച്ച്‌, മസ്തിഷ്ക്കമരണം പോലെ തകർന്നുനിൽക്കുന്ന ഒരു ഭർത്താവിന്റെ ചിത്രമായി മാറ്റിവായിക്കുമ്പോൾ", മറ്റൊരു ജീവിതാവസ്ഥയിലേക്ക്‌  നോവൽ നമ്മളെ എത്തിക്കുന്നു..

ചിദംബരരഹസ്യത്തിൽ, അപകടത്തിൽ സജീവനോടൊപ്പമുണ്ടായിരുന്ന പെൺകുട്ടിയെ ആശ്വസിപ്പിക്കുന്ന ഭാഗത്ത്‌, ലീന ആ കുട്ടിയോട്‌ പറയുന്ന വാക്കുകളും, തുടർന്നുള്ള ആത്മഗതവും മതി, പുസ്തകത്തിന്റെ കവർച്ചിത്രത്തിൽ കാണുമ്പോലെ,  മനുഷ്യജീവിതത്തിന്റെ നിസ്സഹായാവസ്ഥകൾ അറിയാൻ..

'ലീന ചിരിച്ചു.. സാരമില്ല,അതോർത്ത്‌ ഇനി നീ വിഷമിക്കേണ്ട. അത്‌ എന്റെ മാത്രം പ്രശ്നമാണു. പിന്നെ, നിനക്കു ഭാഗ്യമുണ്ട്‌ എന്ന് കരുതിക്കോളൂ. ഒരപകടത്തെ അതിജീവിച്ചില്ലേ?

എന്നാൽ രണ്ടു പേർ, അതേ അപകടത്തെ അതിജീവിക്കുന്നതിനായി രണ്ടുവിധത്തിൽ പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. സജീവൻ ജീവൻ കൊണ്ട്‌,താൻ ജീവിതം കൊണ്ടും..!'

ഇതുപോലെയാണു മറ്റൊരു വേനലും മുസോളിയവും..
ജീവൻ കൊണ്ടും ജീവിതം കൊണ്ടും "ഈ ജീവിതത്തിൽ" പിടിച്ചുനിൽക്കാൻ വെമ്പുന്ന മനുഷ്യർ..!

മറ്റൊരു വേനലിൽ 'ബി' എന്ന നഗരത്തിലേക്ക്‌ വരുന്ന സുനന്ദയും രഘുവും, സീതയും, മുസോളിയത്തിലെ കഥപറയുന്ന 'ഞാനും' അനിതയും ജെന്നിയും സോണിയുമെല്ലാം ഓരോ ജീവിതാവസ്ഥകളുടെ പ്രതിരൂപങ്ങളാണു.. ഓരോ ലോകങ്ങളാണു..
അനാഥരാണു.. കഥകാരൻ പറയുമ്പോലെ, "ആളുകൾ വിചാരിക്കുന്നതുപോലെ ചെറിയ കുട്ടികൾ മാത്രമല്ല അനാഥരായി വളരുന്നത്‌.. ജീവിതത്തിന്റെ പ്രത്യേകഘട്ടങ്ങളിൽ വച്ച്‌ മുതിർന്ന മനുഷ്യരും അങ്ങനെ അനാഥരാവുന്നുണ്ട്‌.. മറ്റാരും കൂട്ടിനില്ലാതെ, ഒരു പക്ഷേ, ചുറ്റുമുള്ള മറ്റാർക്കും ആശ്വസിപ്പിക്കാനോ, കൈപിടിച്ച്‌ നടത്താനോ കഴിയാതെ..!"

മുസോളിയത്തിൽ നീതുമോൾ അവസാനമായി വരച്ച ചിത്രം -ജെന്നിയും സോണിയും പിന്നെ നീതുമോളും- ഇപ്പോഴും മനസ്സിൽനിന്നും മായുന്നില്ല..!

ഈ മൂന്നു നോവലുകളിലേയും ഓരോ കഥാപാത്രങ്ങളിലേക്കും ഒറ്റയ്ക്ക്‌ സഞ്ചരിക്കുകയും, അവരെയെല്ലാം മന:ശാസ്ത്രപരമായി അപഗ്രഥിക്കുകയും ചെയ്താൽ, എത്ര കൃത്യതയോടെയാണു ശ്രീ ഇ.സന്തോഷ്‌കുമാർ ആ പാത്രരചനകൾ നടത്തിയിരിക്കുന്നത്‌ എന്ന് മനസ്സിലാവും..

പിൻകുറിപ്പ്‌- ലളിതമെങ്കിലും ആഴമുള്ളൊരു വായനാനുഭവമാണു ചിദംബരരഹസ്യം എനിക്ക്‌ നൽകിയത്‌.. എന്റെ ആസ്വാദനം വ്യക്തിപരമാണു.. എന്റെ മാത്രം സമീപനമാണു.. നിങ്ങളുടെ വായന മറ്റൊരു രീതിയിലാവട്ടെ..!

ഡി സി ബുക്സ്‌, 2014 നവമ്പറിൽ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ വില 100 രൂപയാണു..!

ഇന്നത്തെ അതിഥി അതീതശക്തി

...മടവൂരിലെ പഞ്ചായത്ത്‌ വക വായനശാലയായ നവോദയാ വായനശാലയിലെ പുസ്തകങ്ങൾക്കിടയിലാണു  Kp Nirmalkumar  എന്ന പേർ ആദ്യം കാണുന്നത്‌.. ഞാൻ ജനിച്ചവർഷം കേരളസാഹിത്യ അക്കാഡമി പുരസ്കാരം ലഭിച്ച "ജലം" എന്ന കഥാസമാഹാരം.. എന്റെ കൗമാരവായനയിൽ നിറഞ്ഞുനിന്നിരുന്ന ബാറ്റൻബോസിനേയും കോട്ടയം പുഷ്പനാഥിനേയും മുട്ടത്തുവർക്കിയേയുമെല്ലാം പടിയിറക്കിവിട്ടത്‌ ഈ "ജലവും" പിന്നെ എം ടിയും ഓ വി വിജയനും സേതുവും സി.രാധാകൃഷ്ണനുമൊക്കെയാണു..
കാലം ഒരുപാട്‌ കഴിഞ്ഞു..പിന്നീട്‌ പുസ്തകം വായന  കുറഞ്ഞു.. അത്യാവശ്യം പത്രങ്ങളും വാരികകളുമായി ചുരുങ്ങി..നിയോഗം പോലെ ഗൾഫിൽ എത്തിയതിനുശേഷം പുസ്തകവായനക്ക്‌ കുറച്ചുസമയം കണ്ടെത്താൻ കഴിഞ്ഞു.. കൂടുതൽ പുസ്തകങ്ങൾ വാങ്ങാനും വായിക്കാനും തുടങ്ങി.. അക്കൂട്ടത്തിൽ വാങ്ങിയ "മാതൃഭൂമി ആഴ്ച്ചപ്പതിപ്പ്‌ കഥകൾ 2012" ൽ വീണ്ടും കെ.പി.നിർമ്മൽകുമാറിനെ വായിച്ചു.. "പുളിങ്കൊമ്പത്തെ പോതി"..!  ഖസാക്കിലെ രവിയുടെ നമ്മൾ അറിയാത്ത ഒരു അധ്യായം.. ഖസാക്കിന്റെ ആ പുനർവായന ഇഷ്ടായി..
2014 ലെ അവധിക്കാലത്താണു "ഇന്നത്തെ അതിഥി അതീതശക്തി" വാങ്ങുന്നതും വായിക്കുന്നതും.. എന്നാൽ അന്നൊരു കുറിപ്പ്‌ എഴുതാൻ പറ്റിയില്ല.. ഇപ്പോൾ, "കെ.പി.നിർമ്മൽകുമാറിന്റെ തിരെഞ്ഞെടുത്ത കഥകൾ"  വായിക്കുന്നതിനിടയിൽ ഒരിക്കൽക്കൂടി "അതീതശക്തിയെ" വായിച്ചു..
മഹാഭാരതത്തിന്റെ  Universal Applicability വളരെ വലുതാണു.. 'അഹം ബ്രഹ്മോസ്മി' എന്ന പ്രയോഗത്തെ സബ്ജക്റ്റീവായും ഒബ്ജക്റ്റീവായും മനസ്സിലാക്കാം.. ഇവിടെ ഈ രണ്ടു രീതിയിലും മഹാഭാരതത്തെ പുനർവ്വായിക്കുകയാണു ശ്രീ നിർമ്മൽകുമാർ.. മഹാഭാരതകഥകളെ അധികരിച്ച്‌ അനേകം പുസ്തകങ്ങൾ എഴുതപ്പെട്ടിട്ടുണ്ട്‌.. ഇതിൽ,മലയാളികൾക്ക്‌ ഏറെ പരിചയമുള്ളവ, 'രണ്ടാമൂഴവും', 'യയാതി'യും 'ഇനി ഞാൻ ഉറങ്ങട്ടെ'യുമൊക്കെയാവാം.. എന്നാൽ, ഇവയിലെല്ലാം ഒരു 'പൗരാണികത' ദർശ്ശിക്കാനാവും.. എന്നാൽ, "ഇന്നത്തെ അതിഥി അതീതശക്തി" ഇത്തരം 'പൗരാണികമണം' പേറുന്നില്ല..
ഇന്ന്, നമ്മുടെ ബോധാ- അബോധങ്ങളേയും ചിന്തയേയും പ്രതികരണങ്ങളേയുമെല്ലാം സ്വാധീനിക്കുന്ന ശക്തിയാണു മാധ്യമങ്ങൾ.. അതുകൊണ്ടുതന്നെ, ഒരു കൊട്ടാരം ലേഖികയുടെ കാഴ്ചപ്പാടിലൂടെ, അഥവാ അവർക്കൊപ്പമാണു വായനക്കാരനെ കൂട്ടുന്നത്‌.. രചനാരീതിയിലും,കഥാപത്രങ്ങളുടെ സംഭാഷണരീതിയിലുമെല്ലാം ഒരു ആധുനികത ഇതിൽ നിറഞ്ഞുനിൽക്കുന്നു.. കൗരവരും പാണ്ഢവരുമൊക്കെ ഒരു ആധുനിക രാജ്യത്തിന്റേയോ, കൂട്ടുകുടുംബത്തിന്റേയോ പ്രതിരൂപങ്ങളായി മാറുന്നു.. കുടിപ്പകയും കിടമത്സങ്ങളും അധികാരദുർവ്വിനിയോഗവും ഒക്കെ നിറയുന്ന പരുക്കൻ ജീവിതയാദാർത്ഥ്യങ്ങളിലൂടെ കടന്നുപോകുന്ന നോവലിന്റെ അധ്യായങ്ങൾ വായനക്കാരനെ അൽപവും മുഷിപ്പിക്കുന്നില്ല.. ചെറിയ അധ്യായങ്ങളാണു..
മറ്റൊരു രീതിയിൽ പറഞ്ഞാൽ ഈ നോവൽ കൗരവരുടേയും പാണ്ട്ഢവരുടേയും മറ്റ്‌ പ്രധാന മഹാഭാരതകഥാപത്രങ്ങളുടേയും ഒരു psychoanalysis  ആണു..! ഒരു മനുഷ്യജന്മത്തിന്റെ ആദിമധ്യാന്തങ്ങളിലെ എല്ലാ അവസ്ഥകളേയും,തികച്ചും വ്യത്യസ്തമായ രചനാരീതിയിലൂടെ കാട്ടിത്തരുകയാണു ഈ നോവൽ..
മറ്റ്‌ സമകാലീന രചനകൾ പലതും കൊട്ടിഘോഷിക്കപ്പെട്ടപോലെ ഈ നോവൽ വായിക്കപ്പെട്ടോ എന്ന് സംശയിക്കുന്നു.. ഇത്‌ ഒരു എളുപ്പവായനക്കുള്ള രചനയല്ല.. തികച്ചും ഒരു 'മെന്റൽ എക്സർസ്സൈസ്‌' അനിവാര്യമാണു..ആ മാനസ്സികവ്യായാമത്തിലൂടെ വായനക്കാരൻ എത്തുന്നത്‌ ഒരു പുതിയ ലോകത്തേക്കാണു.. ഇന്നത്തെ, മാധ്യമങ്ങൾ ഭരിക്കുന്ന ലോകത്തെ, പുതിയ ഗാന്ധാരവും ഹസ്തിനപുരിയുമെല്ലാം ഉൾപ്പെടുന്ന ഒരു  കാഴ്ച്ചയിലേക്ക്‌.. പ്രകൃതിനിയമത്തിനു കീഴ്പ്പെടുന്ന മനുഷ്യാവസ്ഥകളിലേക്ക്‌..!


കമ്പിറാന്തലിന്റെ വെളിച്ചം

കമ്പിറാന്തലിന്റെ വെളിച്ചം..

ഭാവനയുടെ ഹിമാലയം ഉരുകിയൊഴുകുന്ന അക്ഷരഗംഗയല്ല..സ്വയം തിർത്ത അക്ഷരഭിത്തികൾക്കുള്ളിലിരുന്ന്, ജീവിതത്തെ കാൽപനികമായി പകർത്തുന്നതുമല്ല.. മറിച്ച്‌,പിറന്ന മണ്ണിന്റെ മണവും നനവുമുള്ള, നാടൻ ജീവിതത്തിന്റെ താളവും നിറവും നിറയുന്ന കുറിപ്പുകൾ.. ആധുനികോത്തരരചനാരീതിയുടെ പരിസരങ്ങളിൽനിന്നും മാറി, സാധാരണക്കാരന്റെ കണ്ണിൽ നിറയുന്ന കാഴ്ച്ചകളുമായി,നമ്മുടെ നാട്ടിടവഴികളിലൂടെയുള്ള ഒരു യാത്ര.. കരിവന്നൂർപ്പുഴയ്ക്കപ്പുറവും ഇപ്പുറവുമായി തെളിയുന്ന രണ്ട്‌ ലോകങ്ങൾ..എന്നാൽ ഈ രണ്ടു ലോകങ്ങളേയും നമ്മുടെ കുട്ടേട്ടൻ കാണുന്നത്‌ ഒരേ കണ്ണുകൊണ്ട്‌..! സാധാരണക്കാരിലും സാധാരണക്കാരനായുള്ള കാഴ്ച്ച..
"ഡേവിസ്സിന്റെ തുണിക്കടയിൽ" തുടങ്ങി, "കമ്പിറാന്തലിന്റെ വെളിച്ചത്തിൽ" അവസാനിക്കുന്ന മുപ്പത്‌ ലേഖനങ്ങളും വായിച്ചുകഴിയുമ്പോൾ,  നമ്മുടെ ഉള്ളിലും വെളിച്ചം നിറയുന്നു..വായനക്കാരനെ ചിന്തിപ്പിച്ചും ചിരിപ്പിച്ചും, ചെറുതായി നൊമ്പരപ്പെടുത്തിയും,ആരുമറിയാതെ സ്വയം വേദനിച്ചും, നമ്മുടെ ഓർമ്മക്കടലിലേക്ക്‌ ഊളിയിടുന്ന വാക്കുകൾ..
വാക്ക്‌ വിറ്റ്‌ വിശപ്പടക്കിയവർക്കും വിശപ്പിനുമുകളിൽ വാക്കുകൾ തീർത്തവർക്കും, അറിയിച്ചിട്ടും അറിയാതെ പോയവർക്കും അപ്പുറമുള്ള ഒരു വരമ്പിലൂടെയാണു 'അഷ്ടമൂർത്തി' എന്ന എഴുത്തുകാരന്റെ യാത്ര എന്ന് എനിക്ക്‌ തോന്നിയിട്ടുണ്ട്‌.. നടവരമ്പിന്റെ ഇരുവശങ്ങളിലായി തരിശ്ശായി കിടന്ന പാടത്ത്‌,കഥയുടേയും ലേഖനങ്ങളുടേയും നൂറുമേനി വിളയിച്ച തനി നാട്ടിൻപുറത്തുകാരൻ.. ഇന്ന്,ഇപ്പോൾ 'കഥയ്ക്കും അനുഭവക്കുറിപ്പുകൾക്കും'  ഇടയിലുള്ള നടവരമ്പു ഇല്ലാതാവുന്ന കാഴ്ച്ചയാണു 'കമ്പിറാന്തലിന്റെ വെളിച്ചത്തിൽ' കാണുന്നത്‌..കവിതപോലൊഴുകുന്ന നാട്ടുഭാഷ.. മകരമഞ്ഞുറയുന്ന പുൽക്കൊടിത്തുമ്പിലെ സൂര്യനെപ്പോലെ സുന്ദരം..!!

രണ്ടുവർഷം മുൻപ്‌,ഞങ്ങൾ സകുടുംബം കുട്ടേട്ടന്റെ വീട്ടിൽ പോയിരുന്നു.. ദോഹയിൽ,ഞങ്ങളുടെ താമസസ്ഥലത്ത്‌ കുട്ടേട്ടൻ വന്നിട്ടുണ്ടെങ്കിലും,രണ്ടു കുടുംബങ്ങളും ഒരുമിച്ച്‌ കാണുന്നത്‌ അന്നായിരുന്നു.. അതിനുമുൻപ്‌ ഞാനും മോനും കുട്ടേട്ടന്റെ വീട്ടിൽ അന്തിയുറങ്ങിയിട്ടുണ്ട്‌.. ഏതാണ്ട്‌,ഒരു പതിനൊന്ന് മണിയോടെ കുട്ടേട്ടന്റെ വീട്ടിലെത്തി.. ചേട്ടനും ചേച്ചിയും മാത്രം..അദ്ദേഹം ഉടുപ്പോ ബനിയനോ ധരിച്ചിരുന്നില്ല.. സ്വന്തം മക്കളോ അനന്തരവരോ വീട്ടിൽ വരുമ്പോൾ എങ്ങനയോ.. അങ്ങനെ..! കുശലം പറഞ്ഞു.. നാട്ടുമാങ്ങയും കൂട്ടി സദ്യ കഴിച്ചു..മോൻ കുറച്ച്‌ ചിത്രങ്ങൾ എടുക്കാൻ തുടങ്ങി..ഉടുപ്പില്ലാതെ തന്നെ കുട്ടേട്ടൻ പോസ്‌ ചെയ്തു..
(ഇനി എന്റെ കാര്യം..ഉടുപ്പിടാതെ, കുടുംബത്തോടൊപ്പം സൊറ പറഞ്ഞിരിക്കുമ്പോൾ, ആരേലും വന്ന് കോളിംഗ്‌ ബെല്ലടിച്ചാൽ, "ഇപ്പോ തുറക്കേണ്ട..ഞാൻ ഉടുപ്പിട്ടിട്ട്‌ വരട്ടെ",എന്ന് പറഞ്ഞ്‌ മുറിയിൽ പോയി ഉടുപ്പുമിട്ട്‌,ഒരു ചിരിയും ഫിറ്റ്‌ ചെയ്ത്‌ വരും..!! )
ഇതാണു അഷ്ടമൂർത്തി എന്ന എഴുത്തുകാരനെ മറ്റുള്ളവരിൽനിന്നും വ്യത്യസ്തനാക്കുന്നത്‌.. താൻ എങ്ങനെയോ..അങ്ങനെ..വച്ചുകെട്ടുകളൊ ജാഡകളൊയില്ലാത്ത ഒരു സാധാരണ മനുഷ്യൻ.. എപ്പോഴും ഒരു സാധാരണക്കാരനായിരിക്കുക എന്നത്‌ ദുഷ്കരമാണു..എന്നാൽ കുട്ടേട്ടൻ എപ്പോഴും അങ്ങനെതന്നെ..വാക്കിലും നോക്കിലും പ്രവർത്തിയിലും എഴുത്തിലുമെല്ലാം.. കാരണം അദ്ദേഹത്തിന്റെ കാലും മനസ്സും, പിറന്ന മണ്ണിലും ജീവിതപരിസരങ്ങളിലും വേരോടിനിൽക്കുന്നു.. ആ ഉറപ്പാണു, ഊർജ്ജമാണു അഷ്ടമൂർത്തിയെ വ്യത്യസ്തനാക്കുന്നത്‌..!!!