2020 ജൂൺ 13, ശനിയാഴ്‌ച

ഉണ്ണിയുടെ കത്തുകൾ.. മെയ് 20.

20/05/2020

എന്റെ... പ്രിയ മൗനമേ.....

ഇരുപത് ദിനരാത്രങ്ങളുടെ ഇടവേളയ്ക്ക്ശേഷം, നിനക്കായി വീണ്ടും.. ഇത് ഒരു തുടർന്നെഴുത്തല്ല.. ഒരുവേള, ഇത്  നിന്നെത്തേടിവരുന്ന എന്റെ അവസാന കത്തുമാവാം.. 
പ്രണയസന്ധ്യകളായിമാറിയ ഏപ്രിലിന്റെ അസ്തമയങ്ങളിൽ, നിനക്കായി കുറിച്ച  കത്തുകൾക്ക്,  പ്രണയത്തിന്റെ സുഗന്ധവും വിരഹത്തിന്റെ വേദനയും നിറഞ്ഞ പല മറുവാക്കുകളും എന്നെ തേടിവന്നെങ്കിലും, നിന്റെ മൗനം എന്നെ ഇപ്പോഴും നീറ്റുന്നു..  
എങ്കിലും മൗനമേ.. നീ തന്ന ഓർമ്മകളുടെ  കൽപാന്തരുചികൾ ഓർക്കുമ്പോൾ, നിനക്കായി വീണ്ടും എഴുതാതിരിക്കുവാനാവുന്നില്ല.. 

ഡാ.. നീയെന്ന ഒറ്റമരചില്ലയിൽ കൂടുകൂട്ടിയ ആ ഉന്മാദപക്ഷി വീണ്ടും ചിറക് ചിക്കുന്നു.. 
നിന്നെക്കുറിച്ചുള്ള ഒരോ ഓർമ്മയും, എന്റെ ഹൃദയതന്ത്രികളിൽ ഉയിർക്കുന്ന ഭൂപാളരാഗം പോലെയാണ്.. 
അതേടാ.. അസ്തമിച്ചുപോയ എന്റെ സ്വപ്നങ്ങൾക്ക് ഉയിരേകുന്ന ഉദയഗീതങ്ങൾ..  ഒപ്പം, ഓർമ്മയുടെ ഓളങ്ങളിൽ
മഞ്ജീരധ്വനിയായി നിന്റെ പാദചലനങ്ങളും..

നീ ഒരോ കഥയിയിലെയും  ആദ്യവാക്കുകൾ ശ്രദ്ധിച്ചിട്ടുണ്ടോ? ആ വാക്കിന്റെ വിരൽപിടിച്ചാവും ആ കഥയിലൂടെ നമ്മൾ സഞ്ചരിക്കുന്നത് അല്ലേ.. ? അതുപോലെയാണ് ജീവിതത്തിലെ ചില കണ്ടുമുട്ടലുകളും.. നീയെന്ന പ്രണയബിന്ദുവിൽ നിന്നും, നമ്മളെന്ന കഥയിലേക്കുള്ള യാത്രയും അങ്ങനെതന്നെയായിരുന്നില്ലേ? 

മൗനമേ.. ആർദ്രമായൊരു നോവായി, നീ എന്നിൽ കുടിയിരിപ്പ് തുടങ്ങിയതിന്റെ ഒരു ഓർമ്മദിനം കൂടിയല്ലേ ഇന്ന്.. ജന്മംകൊണ്ടും, വിദ്യകൊണ്ടും, കർമ്മം കൊണ്ടും പ്രണയം കൊണ്ടുമെല്ലാം, മെയ് ഇരുപത് എന്നിലെ ഉൾപുളകങ്ങളുടെ ഓർമ്മപ്പെടുത്തലാണ്.. 
ഞാൻ പിറന്നതും, ആദ്യാക്ഷരം കുറിച്ചതും, പ്രണയത്തിന്റെ ആദിസ്പർശമറിഞ്ഞതും, ആദ്യപ്രവാസം തുടങ്ങിയതും,  ആ പ്രവാസം ഒടുങ്ങിയതുമെല്ലാം ഓരോ മേയ് ഇരുപതുകളിലായിരുന്നു... മെയ്യ് വഴക്കങ്ങളുടെ മെയ് ഇരുപതുകൾ.. 

ഈ മെയ്മാസസന്ധ്യയിൽ, കടവാവലുകൾ പരന്ന് പറക്കാൻ തുടങ്ങിയ ആകാശത്തിനുകീഴിൽ, വീടിന്റെ മട്ടുപ്പാവിൽ  ഇങ്ങനെയിരുന്ന് നിനക്കായി കുറിക്കുമ്പോൾ, ഓർമ്മകളിൽ വീണ്ടും ആ വെൽവെറ്റ് രാവുകൾ നിറയുന്നു.. പ്രണയത്തിന്റെ തിരമാലകൾക്കൊപ്പം പൊങ്ങിയും താഴ്ന്നും, ഒടുവിൽ, ഉഷ്ണിക്കുന്ന മനസ്സും നനഞ്ഞൊട്ടിയ ദേഹങ്ങളുമായി ആ ഈറൻ തീരത്തേക്ക് തിരിച്ചെറിയപ്പെട്ടപ്പോൾ നമ്മൾ സ്വപ്നം കണ്ട ആ സ്‌കാന്റീനേവിയൻ രാത്രികൾ തന്നെ.. അതുപോലെ, ഒരു നിലാവുള്ള രാവിൽ, പ്രണയത്തിന്റെ താഴ് വരയിലേക്ക് നമ്മൾ നിരങ്ങിവീഴുംമുമ്പ്, റൂമിയും ഹാഫിസുമൊക്കെ വിരുന്നുവന്നുപോയനിമിഷങ്ങളിലൊന്നിൽ നിന്റെ പിറുപിറുപ്പിലലിഞ്ഞുപോയ ഹാഫിസിന്റെ ആ വാക്കുകൾ, എന്റെ ഓർമ്മക്കുടുക്കയിലെ തങ്കനാണങ്ങളായി ഇന്നും എന്റെ കാതുകളിലുണ്ട്.. 

I caught the happy virus last night
When I was out singing beneath the stars.
It is remarkably contagious -
So kiss me...
 
ഒടുവിൽ,  വിടരും മുൻപേ കൊഴിഞ്ഞുപോയ ആ സ്വപ്നങ്ങൾക്കൊപ്പം എനിക്ക് എന്നെയും കളഞ്ഞുപോയി.. ഒരുവേള, ഋതുഭേതങ്ങളെ  കാണിക്കാതെ, ആ കളഞ്ഞുപോയ എന്നെ നീ നിന്റെ കണ്ണുകളിൽ സൂക്ഷിക്കുന്നുണ്ടാവും.. എന്റെ ശ്വാസം നിന്നിലൂടെയാവണമെന്ന എന്റെ മോഹം പോലെ, നിന്റെ കാഴ്ചകൾ എന്നിലൂടെ വേണമെന്ന് നീയും കരുതുന്നുണ്ടാവും, എന്ന് ഞാൻ വിശ്വസിച്ചോട്ടെ.. ഞാൻ കടന്നുപോകുന്ന ഈ തുരങ്കത്തിന്റെ മറ്റെയറ്റത്ത് എനിക്കായിമാത്രം തെളിയുന്ന ഒരു വെട്ടമായി... ഞാനെന്ന മരത്തിലെ അവസാന ഇലയായി.. പ്രതീക്ഷയുടെ മേഘമായി.. ഉയിരിന്റെ ഉണർവ്വായി.. അങ്ങനെയങ്ങനെയൊക്കെ വിശ്വസിച്ചോട്ടെ...

ഡാ.. എന്റെ സങ്കടങ്ങൾ ഒച്ചിനെപ്പോലെയാണ്.. നിന്റെ പ്രണയമെന്ന ഉപ്പിൽ അലിഞ്ഞില്ലാതാവുന്ന ഒച്ചുകൾ.. ഇപ്പോഴും ആ ഒച്ചുകൾ നിന്റെ ഉപ്പിനായി നിന്നിലേക്ക് ഇഴഞ്ഞ് കയറുന്നുണ്ടാവാം.
 അല്ലെങ്കിൽ, മഷിത്തണ്ടുകൊണ്ട് മായ്ച്ചവയൊക്കെയും, വീണ്ടും ഈ ഓർമ്മയുടെ സ്‌ലേറ്റിൽ തെളിയുമായിരുന്നോ? 
എത്ര മാച്ചാലും മായാത്ത ഓർമ്മകളാണ് നീ.. സൂര്യന്റെ ആദ്യകിരണങ്ങൾപോലെ.. ആദ്യമഴത്തുള്ളിപോലെ... മകരമഞ്ഞിൻ കമ്പളം പോലെ.. 


രാക്കിളികൾ പാടാത്ത രാവിൽ, എവിടെയോ തേങ്ങുന്ന പ്രിയ മൗനമേ...
 എപ്പോഴും എന്നിൽ മൗനമായി അലിയുന്ന നിന്നോട് എന്റെ ആത്മഗതം.. 
നിന്റെ മിഴിപ്പീലികൾ വിടരുമ്പോൾ, എന്റെ ഉള്ളിൽ തെളിയുന്ന അനന്തമായ ആകാശനീലിമയിൽ മിന്നിയും മിന്നാതെയും കോടാനുകോടി നക്ഷത്രങ്ങൾ.. മഴപക്ഷി പറക്കാത്ത ആകാശത്തിനുകീഴിൽ, പ്രണയത്തിന്റെ ഒരു ഉർവ്വരനിമിഷത്തിൽ,  ഞാൻ നിനക്കു
കാട്ടിത്തന്ന ആകാശത്തിലെ
കടൽക്കുതിരയെ ഓർക്കുന്നോ..? ഒടുവിൽ അത് മേഘങ്ങളിൽ അലിഞ്ഞുചേരുന്നത് ഉന്മാദത്തോടെ നീ കണ്ടതുമെല്ലാം  ഇന്നലത്തെപ്പോലെ തന്നെ എന്നിൽ തെളിയുന്നു..  നിന്റെ ഓർമ്മകൾ എന്നെ പിന്നിലേക്കു
വലിക്കുകയാണ്.. 
ഞാനവിടെ, കാലം കടന്നുപോയതൊക്കെ മറന്നു പോകുന്നു.. .

ഇനിയും പറയുവാൻ ബാക്കി നിൽക്കെ, ഓർമ്മയുടെ മറുപിറവിയായ ഈ മേയ് മാസം, ഒളിഞ്ഞും തെളിഞ്ഞും എന്നെ നിന്നിലേക്ക്തന്നെ അടുപ്പിക്കുന്നു.. നഷ്ട്ടപെട്ട ബാല്യത്തോടൊപ്പം പോയ പാല്പുഞ്ചിരി പോലെ.. ഉടഞ്ഞ വളപ്പൊട്ടുകളും മഞ്ചാടിമുത്തും കൈവിട്ട കൗമാരം പോലെ.. പ്രണയത്തിന്റെ  ആദ്യാക്ഷരത്തിനുമപ്പുറം  സത്യമറിയിച്ച യൗവ്വനം പോലെ... അങ്ങനെയങ്ങനെ..

അതേടാ... വാനം കറുത്തിരുണ്ട് നിന്റെ പരിഭവമായി എന്നെ പൊതിയുന്നു.. നീ വാർത്ത കണ്ണുനീർ തോരാതെ മരച്ചില്ലകളിൽ ഭാരം കനക്കുന്നത് ഞാൻ അറിയുന്നു..

ഇപ്പോഴും.. നിനക്കായ് മൗനമേ...❤️ എഴുതിത്തീരാത്ത കത്തുകളിലൂടെ
എന്റെ തൂലിക...😍

എന്ന്....

2020 ഏപ്രിൽ 30, വ്യാഴാഴ്‌ച

ഉണ്ണിയുടെ കത്തുകൾ- മുപ്പത്

മടവൂർ
30/04/2020


പ്രിയപ്പെട്ടവൾക്കായി വീണ്ടും.. 

ഈ മുപ്പതാം കത്തെഴുതാനിരിക്കുമ്പോൾ,  
ഋതുഭേതമന്യേ, എന്നും പൂത്തുനിൽക്കുന്ന ഒരു പൂമരംപോലെ, നിന്നോർമ്മ എന്നിൽ സുഗന്ധം പരത്തുന്നു..
പ്രണയത്തെ നിന്ദിക്കുകയും മോശമായി കാണുകയും ചെയ്യുന്ന ഒരു ലോകത്ത്, പ്രണയത്തേക്കാൾ മധുരതരമായി ഒന്നുമില്ലെന്ന് പറയാതെ പറയുന്ന രണ്ടാത്മാക്കളായി, നമ്മൾ നിൽക്കുന്നു..

ഡാ.. എന്നോ ഒരിക്കൽ, മൃതിയിലാണ്ടുപോയയെൻ ആഹ്ലാദരേണുക്കൾ, വീണ്ടും നിൻസ്‌മൃതിയിൽ ഉയിരിട്ട് ഉണരുന്നത് നീ കാണുന്നില്ലേ?  ഒപ്പം, കദനഭാരംകൊണ്ട് ഭൂമിയിലേക്കാഴ്ന്നു പോയ ഞാൻ, ഇപ്പോൾ നിൻ ശ്വാസകാറ്റിൽ അപ്പൂപ്പൻ താടിപോലെ ഒഴുകി നടക്കുന്നതും..!

അതേടാ.. നിന്നെക്കുറിച്ച് ഓർക്കുമ്പോഴെല്ലാം, ഞാൻ എന്റെ ആത്മാവിനുള്ളിൽ മറ്റൊരാത്മാവിനെ കുടിയിരുത്തുകയാണ്.. ആ ആത്മസാന്നിധ്യം ഉറപ്പിക്കുകയാണ്.. ഒരുവേള, നിന്റെ ഹൃദയപാത്രത്തിൽ നീയെനിക്കായി  മാറ്റിവയ്ക്കുന്ന വാക്കുകൾ നിന്നിൽ എങ്ങനെയായിരിക്കുമോ,  അതുപോലെ തന്നെ..

ഡാ.. നമ്മളിൽനിന്നും, നാമറിയാതെ ഒഴുകിപരന്നുപോകുന്ന പ്രണയത്തിന്റെ പരാഗരേണുക്കൾ, കാലങ്ങൾക്കും കാതങ്ങൾക്കുമപ്പുറം പൂക്കാലങ്ങൾ തീർത്തുകൊണ്ടേയിരിക്കണം.. 
അതേ..  ഭൗതികമല്ലാത്ത  ആത്മധ്യാനത്താൽ  ഉൽകൃഷ്ടമാവുന്ന ഒരു അനുഭൂതിയായി ഈ ലോകം മുഴുവൻ പ്രണയസുഗന്ധം പരത്തുന്ന പൂക്കാലങ്ങൾ തന്നെ.. 
 ആ പൂക്കൾ കൊണ്ട് കെട്ടിയെടുക്കുന്ന പ്രണയഹാരങ്ങൾ, പുതിയ കാലത്തിന്റെ ജപമാലകളാവണം.. 
അവയ്ക്കൊപ്പം ജപിയ്ക്കുന്ന മന്ത്രങ്ങൾ, ഓംകാരത്തിനും ഹുങ്കാരത്തിനുമപ്പുറം  പ്രപഞ്ചത്തുടിപ്പാവുന്ന പ്രണയമന്ത്രങ്ങളാവണം..
ഡാ.. രണ്ടിടങ്ങളിലെ രണ്ട് മരങ്ങളായി നമ്മൾ പട്ടുപോയാലും, ആ പൂമരക്കാടുകൽ ബാക്കിയാവണം..
ഓഷോ രജനീഷ് പറഞ്ഞതുപോലെ, ഈ ലോകത്തെ ദുഃഖത്തിൽ നിന്നും പുറത്തുകൊണ്ടുവരാൻ കഴിയുന്ന പ്രണയമായി അവ പരക്കണം..

ഒരുവേള, ഒന്ന് ആശ്വസിക്കാനുള്ള ഇടം  പോലും കിട്ടാതെ,  അനാഥമാക്കപ്പെട്ട്,  ഈ  ഭൗമാന്തരീക്ഷത്തിലെവിടൊക്കെയോ നിന്നെത്തേടിയലയുന്ന എന്റെ കത്തുകൾക്കു ഒരിക്കലെങ്കിലും ഒരു മറുവാക്കായി നീ നിന്റെ മൗനകുടുക്കപൊട്ടിക്കുംവരെ, വീണ്ടും എനിക്ക് എഴുതാൻ പറ്റും എന്ന് തോന്നുന്നില്ല... കാരണം, പ്രണയവും ജീവിതവുമൊക്കെ മോനോലോഗുകൾ ആയാൽ, വല്ലാതെ മുഷിയും.. 

പിന്നെ.. നിനക്കായി എഴുതാനിരിക്കുമ്പോൾ, ദേ  പ്രണയത്തിന്റെ ആകാശഗോപുരങ്ങളിൽ  ഇന്നും  മഴയുടെ തേരോട്ടം.. എങ്കിലും, ഇപ്പോൾ പെയ്യാൻ പോകുന്ന മഴയ്ക്ക് മറ്റേതൊരു മഴയേക്കാളും പ്രത്യേകതകളുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു.. നിനക്കുള്ള അവസാനകത്തും കുറിച്ചു കഴിഞ്ഞാൽ, ബലൂൺ പോലെ വീർത്തുപൊങ്ങിയ എന്റെ നൊമ്പരങ്ങളെ പൊട്ടിച്ചെറിഞ്ഞു, ആർത്ത് അട്ടഹസിച്ച്, ഈ മഴയ്‌ക്കൊപ്പം പെയ്തൊഴിയണം.. ഒടുവിൽ മഴകഴിഞ്ഞെത്തുന്ന വെയിലിന്റെ പാളികൾക്കുള്ളിൽ, ഒരാഹ്ലാമായി നിൻ മുഖം തെളിയുമെന്ന പ്രതീക്ഷയോടെ..

അതേടാ... മഴപോലെ നനച്ചും, മഞ്ഞുപോലെ കുളിരേകിയും, വെയിൽപോലെ തപിപ്പിച്ചും, നിലാവുപോലെ തലോടിയും എന്നിൽ നീ എന്നും..

ഒടുവിൽ, നിനക്കായി, ഹന്നാ ഹീത്  എന്ന ഒരു യുവ കവിയുടെ വരികൾ കടംകൊള്ളുന്നു..

It is not your conversation
That keeps me entertained
But rather the way you look at me
That makes me feel sustained
It's the curve of your lips
And the curl of your hair
T'is all of the little things
That make me stop and stare..

ഒന്നുകൂടി.. അന്നാ കരെനീനയിലെ അവസാനവാക്കുകൾ ഓർക്കുന്നോ? 
"എനിക്കെന്തുതന്നെ സംഭവിച്ചാലും എന്റെ ജീവിതം മുമ്പത്തെപ്പോലെ ഒരിക്കലും അർത്ഥശൂന്യമായിരിക്കില്ല.." 

അതുതന്നെ.. അത്രമാത്രം..

സ്നേഹത്തോടെ, എന്നെങ്കിലും ഒരു മറുവാക്ക് തേടിവരും എന്ന പ്രതീക്ഷയോടെ നിർത്തുന്നു...


എന്ന്.....

ഉണ്ണിയുടെ കത്തുകൾ- ഇരുപത്തിയൊമ്പത്

മടവൂർ
29/04/2020


പ്രിയപ്പെട്ടവളെ...

 ഹേമന്തവും ശിശിരവും ശരത്തും വസന്തവും വേനലും മഴയുമൊക്കെ, എത്രയെത്ര ആവർത്തിച്ചാലും, ഒരിക്കലും രുചിമാറാതെ ഇന്നും എന്റെ  ഓർമ്മസഞ്ചിയിലുണ്ട്, 
നീ  ഇലവാട്ടി പൊതിഞ്ഞുകെട്ടിത്തന്ന ആ പ്രണയത്തിന്റെ പാഥേയം.. നിന്റെ കരുതലായും.. എന്റെ കരുത്തായും..

ഇന്ന്, ഈ ഇരുപത്തിയൊമ്പതാം കത്തെഴുതാനിരിക്കുമ്പോൾ,    വെള്ളിത്തിരയിൽ എന്നെ ഏറെ ആഹ്ലാദിപ്പിച്ച മറ്റൊരു നോവിന്റെ പാഥേയത്തെക്കുറിച്ച്  ഓർത്തുപോയി.. 
ഇർഫാൻ ഖാൻ എന്ന നടനെ ഞാൻ മനസ്സിൽ ഇരുത്തിയിരിക്കുന്നത് ആ ലഞ്ച് ബോക്‌സിന്റെ ഓർമ്മയ്ക്കായിട്ടാണ്..
ഇന്ന്, ആ അനുഗ്രഹീത നടന്റെ മരണവാർത്ത കേട്ടപ്പോൾ എന്നിൽ തെളിഞ്ഞത്, അദ്ദേഹത്തിന്റെ മറ്റേതൊരു സിനിമായേക്കാൾ, ലഞ്ച് ബോക്‌സ് ആണ്..
 റിതേഷ് ബത്ര എന്ന ചലച്ചിത്രകാരന്റെ സ്വപ്നസഞ്ചാരപാതയിലൂടെ, കാഴ്ച്ചപ്പാടുകളിലൂടെ, ആസ്വാദനത്തിന്റെ പുതിയ  മേച്ചില്പുറങ്ങളിലൂടെ  നവ്യാനുഭവങ്ങളും ആസ്വദിച്ച്,  കുഴലൂത്തുകാരനെ അനുഗമിച്ച കുട്ടിയെപ്പോലെ ഞാനും സഞ്ചരിച്ച സിനിമ.. 

  മുംബൈ നഗരത്തിലെ തിരക്കിൽ മുങ്ങിയും പൊങ്ങിയും,  ഉച്ചഭക്ഷണം  എത്തേണ്ട കൈകളിൽ എത്തിക്കുന്ന, “ഡബ്ബ വാലാസിന്റെ” കൈപ്പിഴ തീർക്കുന്ന പ്രണയത്തെ ഇതിവൃത്തമാക്കിയ ചിത്രത്തിലെ സാജൻ ഫെർനാന്റസ് ( ഇർഫാൻ ഖാൻ)  ഇന്നും മനസ്സിൽ നിന്നും മായുന്നില്ല.. ഇലയുടെ (നിമ്രാത് കൗർ) പാചക പരീക്ഷണങ്ങളിലൂടെ സിനിമ  കാഴ്ച്ചക്കാരനിലേക്ക് ഒഴുകി ഇറങ്ങി, ഒടുവിൽ, ഡബ്ബാവാലാസ്  ലഞ്ച് ബോക്സ് കൈപ്പറ്റി സൈക്കിളിലും, ട്രെയിനിലും ഒക്കെ സഞ്ചരിച്ചു, 'ആളു മാറി കൈമാറി', അങ്ങനെയങ്ങനെ, ആ ലഞ്ച് ബോക്‌സ് ഒരു പ്രണയപ്പെട്ടിയായി മാറുന്ന കാഴ്ച ഇപ്പോഴും കണ്ണിൽ നിൽക്കുന്നു.. 
ഡാ.. ഒരോ തവണ, ഇർഫാൻ ഖാൻ ആ  ലഞ്ച് ബോക്സ് തുറക്കുമ്പോഴും, ആകാംഷയോടെ അതിനുള്ളിലേക്ക്   ഞാനും നോക്കുമായിരുന്നു.. അത്ര മനോഹരമായിരുന്നു ഇർഫാന്റെ കണ്ണുകളിൽ തെളിയുന്ന ആ പ്രണയഭാവം..
 ആ മികച്ച നടന് എന്റെ പ്രണാമം.. 

അതേ, ‘നിങ്ങൾ കണ്ടിട്ടില്ലാത്ത ഒരാളോട് നിങ്ങൾക്ക് പ്രണയത്തിലാവാൻ പറ്റുമോ’ എന്നാണു ആ സിനിമയുടെ ടാഗ് ലൈൻ... ഡാ.. അതിന്റെ ഉത്തരം? എന്തോ, എനിക്കതറിയില്ല... കാരണം, അതിൽ ഒരു കൊളുത്തിപ്പിടിക്കൽ ഇപ്പോഴും ബാക്കിയുണ്ട്.. 

ഡാ.. പിന്നെ ഒരു കാര്യം കൂടി.. തിരക്കഥാകൃത്തും സംവിധായകനുമായ എന്റെ ഒരു സ്നേഹിതനും ഞാനും കൂടി ഒരു പ്രൊഡ്യൂസറോഡ് ഒരു കഥ പറഞ്ഞിരുന്നു.. അമീർഖാന്റെ  'താരെ സമീൻ പർ' ജനുസിൽ വരുന്ന ഒരു സിനിമ.. കഥ കേട്ടപ്പോൾ, അദ്ദേഹത്തിന് ഒരുപാട് ഇഷ്ടപ്പെട്ടു.. "ഇതിനെ നമ്മുക്ക്  ഇർഫാൻഖാനെയും രാധിക ആപ്‌തെയെയും പോലുള്ള ആര്ടിസ്റ്റുകളെ ഉൾപ്പെടുത്തി, ഹിന്ദിയിൽ ചെയ്യാം.. അവരിലേക്ക് എത്താൻ പറ്റുന്ന ഒരു സ്നേഹിതൻ എനിക്കുണ്ട്.. ബഡ്ജറ്റ് പ്രശ്നമില്ല.. ഞാനൊന്ന് നോക്കട്ടെ" ,എന്നോക്ക പറഞ്ഞു പോയപ്പോഴാണ്, ഈ കൊറോണ വന്നത്..
 ങാ.. അങ്ങനെ അതും പോയി..

നമ്മൾ ചിന്തിക്കുന്നതിനുമപ്പുറമല്ലേ ജീവിതത്തിന്റെ തിരക്കഥ.. അല്ലെങ്കിൽപിന്നെ, തുമ്പോട് ജംഗ്ഷനിൽ, നിലമേൽ കോളജിലേക്കുള്ള പെണ്കുട്ടികൾ പോകുന്ന ബസ് വരുന്ന സമയം നോക്കി ചുറ്റിക്കറങ്ങി നടന്ന എന്നെ, ബാബു അണ്ണൻ, രാജാരവിവർമ്മയെക്കുറിച്ച് നിർമ്മിച്ച ഡോകുമെന്ററിയുടെ നിർമ്മാണത്തിനു കൂടെ കൂട്ടുമായിരുന്നോ? അതുകൊണ്ടല്ലേ, ഞാൻ ആദ്യമായി ഷൂട്ടിംഗ് കണ്ടതും, ലക്ഷ്മി നാരായണൻ എന്ന ക്യാമറാമാനോട് എന്റെ ആഗ്രഹം പറഞ്ഞതും, എന്നെ ആദ്യമായി ക്യാമറയുടെ വ്യുഫൈൻഡറീലൂടെ നോക്കാൻ അദ്ദേഹം അനുവദിച്ചതും, ആ ബ്ളാക് & വൈറ്റ് കാഴ്ച കണ്ട്  ഞാൻ കോരിത്തരിച്ചതും, പിന്നീട് ഛായാഗ്രഹണം പഠിക്കാൻ അദ്ദേഹം എനിക്ക് വഴികാട്ടിയതും.. എല്ലാം.. എല്ലാം..

അതേടാ... കിളിമാനൂർ കൊട്ടാരത്തിൽ, രവിവർമ്മയുടെ ചിത്രത്തിലേക്ക് ഫോക്കസ് ചെയ്ത ഫ്രെയിമാണ് ഞാൻ ആദ്യമായി ക്യാമറയിലൂടെ കാണുന്നത്..  അപ്പോൾ, ഒരുവേള, വർണ്ണങ്ങളുടെ, വരകളുടെ ആ  തമ്പുരാൻ  എന്റെ ശിരസ്സിൽ കൈവച്ച് അനുഗ്രഹിച്ചിട്ടുണ്ടാവാം.. ല്ലേ.?

അതേ.. സ്വദേശത്തും വിദേശത്തുമൊക്കെ  പ്രശസ്‌തനായിരുന്ന, രാജാരവിവർമ്മയ്ക്ക് ഒരുപാട് കത്തുകൾ വരുമായിരുന്നുവെന്നും, അതൊക്കെ നോക്കാനായി കിളിമാനൂരിൽ ഒരു അഞ്ചലാപ്പീസ് അഥവാ തപാൽ കേന്ദ്രം തുടങ്ങിയിരുന്നു എന്നുമൊക്കെ ഞാൻ കേട്ടിട്ടുണ്ട്.. 
 ഡാ.. ഞാൻ ഇത് കുറിക്കുമ്പോൾ, ദേ, എന്റെ  മുന്നിൽ, വീടിന്റെ രണ്ടാം നിലയിലേക്കുള്ള പടികളോട് ചേർന്ന ഭിത്തിയിൽ, മൂന്ന് രവിവർമ്മചിത്രങ്ങൾ തൂങ്ങുന്നു.. അതിൽ, എനിക്ക് അഭിമുഖമായി ഹംസവും ദമയന്തിയും.. 
ഹാവൂ.. എന്തൊരു കളർഫുൾ ഫ്രെയിം..! 

എങ്കിൽപ്പിന്നെ, ഹംസത്തിനേം ദമയന്തിയേയും നോക്കി, രവിവർമ്മയ്ക്കുള്ള തപാലിനെ കുറിച്ച്  നിനക്ക് കത്ത്  എഴുതുന്ന എന്റെയൊരു വൈഡ് ഫ്രെയിമിൽ, ഈ കത്ത് എൻഡ് ചെയ്യട്ടെ.. 
ഡാ.. ഈ ഫ്രെയിമിനു മിഴിവ്‌ കൂട്ടുന്ന ഒന്നുകൂടിയുണ്ട്... ഇതുപോലൊരു  ഏപ്രിൽ 29നാണ് ആ നിറക്കൂട്ടുകളുടെ കളിത്തോഴൻ ജനിച്ചതും..  1848- ൽ..  അതേടാ.. ഇന്ന് രവിവർമ്മയുടെ നൂറ്റിയെഴുപ്പത്തിരണ്ടാം പിറന്നാളാണ്..  
ആ പ്രതിഭയുടെ ഓർമ്മയ്ക്കുമുന്പിൽ തൊഴുകൈകളോടെ... 
 കട്ട്...


എന്ന് സ്വന്തം....
.

ഉണ്ണിയുടെ കത്തുകൾ- ഇരുപത്തിയെട്ട്

മടവൂർ
28/04/2020

പ്രിയമുള്ളവളെ..
 നിനക്കായി  ഒരു വിഡ്ഢിദിനത്തിൽ കുറിയ്ക്കാൻ തുടങ്ങിയ കത്തുകളുടെ ഇരുപത്തിയെട്ടാണ് ഇന്ന്... 
നാമകരണം എന്നോ ,പേരിടീല്‍ എന്നോ നമ്മള്‍ വിളിക്കുന്ന ഒരു പ്രധാന ചടങ്ങല്ലേ ഇരുപത്തിയെട്ട് കെട്ട്..?  

ഒരു കുട്ടിയുടെ ഗര്‍ഭാവസ്ഥ മുതല്‍, വളർച്ചയുടെ പലഘട്ടങ്ങളിലൂടെ, ഒടുവിൽ മരിക്കുന്നതുവരെയുള്ള  പതിനാറു പ്രക്രിയകൾ ഉൾപ്പെടുന്ന  ഷോഡശപ്രക്രിയകളിൽ ഏറ്റവും പ്രധാനപ്പെട്ടത്.. 

ഭൂമിയെ വലയം ചെയ്യുകയും, ഏറെ  സ്വാധീനിക്കുകയും ചെയ്യുന്ന ചന്ദ്രന്‍, അശ്വതി മുതൽ രേവതിവരേയുള്ള ഓരോ  നക്ഷത്രസമൂഹത്തിനും നേരെ താഴെ വരുമ്പോള്‍,  ആ നക്ഷത്രകൂട്ടങ്ങളിൽനിന്നുമുള്ള സൂക്ഷ്മ രശ്മികളെ ഭൂമിയിലേക്ക്‌ കടത്തി വിടുകയും, ഒടുവിൽ ഇരുപത്തിയേഴ് നക്ഷത്രക്കൂട്ടങ്ങളിൽനിന്നുമുള്ള രശ്മികള്‍ ഒരു നവജാത ശിശു സ്വീകരിച്ചുകഴിയുകയും  ചെയ്യുമ്പോൾ,  അതിനെ ഒരു  ചരട്കെട്ടി ബന്ധിക്കുന്നതോടൊപ്പം,  ആ കുഞ്ഞിന് ഒരു പേരും നൽകുന്നു എന്നാണ് എന്റെ വായനയുടെ മങ്ങിയ ഓർമ്മയിൽ തെളിയുന്നത്.. 

ഇനി, അത് ശരിയാണെങ്കിലും അല്ലെങ്കിലും,  എന്തുതന്നെയായാലും, നമ്മുടെ ഈ "കത്ത്കുഞ്ഞിന്" ഒരു നൂലുകെട്ട്  നടത്താനോ, പേരിട്ട് വിളിക്കാനോ ഞാനില്ല.. എന്തെന്നാൽ, പേരും ബന്ധനവുമൊന്നുമില്ലാതെ,  ഈ തുറന്ന കത്തുകൾ   എന്നും നിന്നിലെ തുടിപ്പായി നിൽക്കുന്നതാണ്‌ എനിക്കിഷ്ടം..

ഡാ.. 1997 ഡിസംബർ ഇരുപത്തിയെട്ടിനായിരുന്നു ഞാൻ, ചെന്നൈ ടി നഗറിൽ ആ ക്യാമറാമാനെ കാണാൻ പോയത്.. ടി നഗറിലെ ഒരു വലിയ ഫ്‌ളാറ്റു സമുച്ചയത്തിലെത്തുമ്പോൾ, എന്റെ നെഞ്ചിടിപ്പ് കൂടിയിരുന്നു..  താടി നീട്ടി വളർത്തിയ ഒരാൾ.. രാവിലെ തന്നെ മദ്യത്തിന്റെ മണം.. ഒരുപാട് കണ്ടീഷൻസ് പറഞ്ഞു.. കൂട്ടത്തിൽ, ഡിഗ്രികളും ഛായാഗ്രഹണം പഠിച്ചതുമൊക്കെ മറന്നിട്ട്, അദ്ദേഹം പറയുന്നതുപോലെ ചെയ്യണം എന്നും.. 

 ആദ്യത്തെ പണി.. 
 ലൈറ്റ് ഘടിപ്പിക്കാനുള്ള സി ക്ലാംമ്പുകൾ എല്ലാം എണ്ണയിട്ട് തുരിമ്പ് മാറ്റിച്ചു.. തുടർന്നുള്ള ദിവസങ്ങളിൽ, അയ്യാൾക്ക് മസാലദോശ വാങ്ങലും, പിന്നെ അയേൻ ചെയ്യാൻ കൊടുത്തിരുന്ന ഡ്രസ്സ് തിരികെ വാങ്ങലും ഒക്കെ എന്റെ മേൽ വന്നു..
 ഈ അനുഭവങ്ങൾ കേട്ടപ്പോൾ, "നീ അവന്റെ കൂടെ പോകണ്ട.. ഞങ്ങൾ വേറെ നല്ല  ഓഫീസ് ജോലി ശരിയാക്കാം" എന്നായി  എന്റെ മാമനും മാമിയും.. അവരുടെ പിന്നിൽ, ഒന്ന് അടഞ്ഞുതുറന്ന കണ്ണുകൾ, വീണ്ടും എന്നെ മുന്നോട്ട് നയിച്ചു..

'ഓരോ തവണ ഉരയ്ക്കുമ്പോഴും, പ്രകോപിതമായിക്കൊണ്ടിരുന്നാൽ, ഒരു ഗ്ലാസിനെ നിങ്ങൾക്ക് എങ്ങനെ മിനുസപ്പെടുത്താനാവും',  എന്ന് റൂമി പറഞ്ഞത് ഓർക്കുന്നോ?  അതുതന്നെയായിരുന്നു എന്നിലും.. ക്ളാസുമുറികളിലിരുന്നു പഠിച്ച തീയറി അല്ല ഛായാഗ്രഹണം.. അതിന്റെ പ്രായോഗികപാഠങ്ങൾ വ്യത്യസ്തമാണ്.. അതിനു, ഇതുപോലുള്ള വഴികൾ താണ്ടണം.. ഞാൻ എന്റെ കർമ്മത്തിൽ മാത്രം ശ്രദ്ധിച്ചു.. അദ്ദേഹം എനിക്കൊരു വിഷയമല്ലാതായി.. 

 ജനുവരിയായി.. അദ്ദേഹത്തോടൊപ്പം ആദ്യ ഷൂട്ടിംഗ്.. ചെന്നൈയിൽ നിന്നും, ഏകദേശം 200 കിലോമീറ്റർ അകലെ, ആന്ധ്രാപ്രദേശിലെ നെല്ലൂർ എന്ന സ്ഥലത്ത്, ഒരു വനമേഖലയിലെ നദീതീരത്തേക്ക്.. എനിക്ക്  പോകാൻ കാറിൽ ഇടമില്ല.. പ്രൊഡക്ഷൻ ഭക്ഷണസാധനങ്ങളും ആർട്ട്  സാമഗ്രികളും കൊണ്ടുപോകുന്ന, ഒരു ഫർഗോ വാനിൽ, ആ തമിഴർക്കൊപ്പം ഞാൻ..

 പെരുമഴ.. 
നെല്ലൂരിലെ നദികൾ റോഡുകൾക്ക് മുകളിലേക്ക് ഒഴുകാൻ തുടങ്ങി..  പലയിടത്തും റോഡില്ല.. ഒടുവിൽ ലൊക്കേഷനിൽ എത്തുന്നു.. 
ഫിലിം ക്യാമറ.. 
ഒരു പരസ്യചിത്രം..  രണ്ടുനാൾ കൊണ്ട് ഷൂട്ടിംഗ് കഴിഞ്ഞു..  
പ്രൊഡക്ഷൻ  വണ്ടിയിൽ നിറയെ ആൾക്കാരും സാധനങ്ങളും.. വീണ്ടും, എനിക്ക് ഇടമില്ല..  അവസാനം ഒരു ടാറ്റ സുമോ മാത്രം.. സംവിധായകനും സഹായിയും ഡ്രൈവറും എന്റെ ചീഫും പിന്നെ ഞാനും..
 കാറിന്റെ പിന്നിൽ നിറയെ നനഞ്ഞ ടെന്റിന്റെ തുണി.. ഛായാഗ്രാഹകൻ മുന്നിൽ ഇരുന്നു.. മധ്യത്തെ സീറ്റിൽ സംവിധായകനും സഹായിയും.. ഞാൻ ചെന്നപ്പോൾ 'പിന്നിൽ  ഇരിക്കാൻ'  സംവിധായാകൻ ആവശ്യപ്പെട്ടു..

 തിരികെ, ഇരുന്നൂറു കിലോമീറ്ററോളം, ആ നനഞ്ഞു കുതിർന്ന ടെന്റിന്റെ  തുണികൾക്കു മുകളിൽ ഞാൻ ഇരുന്നു.. പെരുമഴയും..  
ശരീരം തണുക്കുമ്പോഴും, മനസ്സ് തപിക്കുന്നുണ്ടായിരുന്നു.. 

ചെന്നൈയിൽ എത്തിയപ്പോൾ എനിക്ക് ആദ്യപ്രതിഫലം കിട്ടി.. സിനിമ തന്ന ആദ്യപ്രതിഫലം.. ആ തണുത്ത നോട്ടുകളിൽ തൊട്ടപ്പോൾ, അവളുടെ  കണ്ണിൽ അന്ന് കണ്ട ആ തിളക്കം പിന്നീട് ഒരിക്കലും ഞാൻ കണ്ടിട്ടില്ല.. 

പിന്നീട് കാലം മാറി.. ഞാൻ സിനിമയും ചാനലുകളുമായി   യാത്ര ചെയ്ത്, ഇപ്പോൾ മഴപെയ്യുന്ന ഈ ഇരുണ്ടപകലിൽ നിനക്കായി കത്ത് എഴുതുന്നു.. അവൾ, ഇന്ന് മിഡിലീസ്റ്റ്-നോർത്ത് ആഫ്രിക്ക റീജിയണിലെ (MENA) ഏറ്റവും ലാഭം ഉണ്ടാക്കുന്ന ഒരു ഇൻഷുറൻസ് കമ്പനിയിലെ അക്കൗണ്ടന്റായി, ദേ താഴത്തെ നിലയിലിരുന്ന് വർക്ക് അറ്റ്‌ ഹോമിലാ..

ഡാ.. ചെന്നൈയിലെ  ഒരോ ദിനങ്ങളും എനിക്ക് ഓരോ പാഠങ്ങളാണ്.. 
പിന്നീട്, സൻ ടിവിയുടെ സീരിയലുകളിലൂടെ, സൂര്യ ടിവിയിലെയും, കൈരളി ടിവിയിലേയും സ്റ്റാഫ് ക്യാമറാമാനായി, ഒടുവിൽ അമൃതാ ടിവിയുടെ സീനിയർ ക്യാമറാമാനായി മാറിയ സമയം.. 
ഒരു ഫോൻ വരുന്നു..
 "നീയാണ്, അമൃതയിലെ സീനിയർ ക്യാമറാമാൻ എന്നറിഞ്ഞു.. എന്റെ സ്ഥിതി അത്ര മെച്ചമല്ല.. വർക്ക് കുറവാണ്.. അവിടെ എന്തെങ്കിലും ഉണ്ടെങ്കിൽ അറിയിക്കൂ.."

അതിന്, അധികൃതരോട് ആലോചിച്ച് വ്യക്തമായ ഒരു മറുപടി നൽകാൻ കഴിയുന്നതിനുമുന്പേ, എന്നെ ഖത്തർ ടിവി കൊണ്ടുപോയില്ലായിരുന്നുവെങ്കിൽ, ഒരുപക്ഷേ, എനിക്ക് അദ്ദേഹത്തെ സഹായിക്കാൻ പറ്റുമായിരുന്നിരിക്കാം..

ഡാ.. ജീവിതം  ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്കും, സിനിമ  വെളിച്ചത്തിൽ നിന്നും ഇരുട്ടിലേക്കുമുള്ള യാത്രയാണ്.. 
ആ യാത്രകളുടെ ദൂരവും അന്തരവും തീരുമാനിക്കുന്നത്, കാലമാണ്.. നമ്മുടെ കർമ്മമാണ്..

Yes...  Karma matters..

ഒന്നുകൂടി.. കോടാമ്പക്കത്തും വടപളനിയിലുമൊക്കെ,  ഞാൻ  നടന്ന്  തളർന്ന  വഴികളിൽ, രണ്ട് ദശാബ്ദത്തിനിപ്പുറം,  എന്റെ മോൻ ശീതീകരിച്ച കാറിൽ നിരന്തരം യാത്രചെയ്യൂന്നുണ്ടായിരുന്നു..  അവൻ അതേ നഗരത്തിൽതന്നെ  സിനിമ പഠിക്കാൻ പോയത്, ഒരുവേള,  കാലത്തിന്റെ കാവ്യനീതിയാവാം.. ല്ലേ? 

ഡാ.. പുറത്ത് ഇപ്പോഴും മഴ തകർത്തു പെയ്യുന്നുണ്ട്.. ഒപ്പം  ഇടിയും മിന്നലും..  ഇവിടെ, അകത്ത് നിന്റെ പ്രണയോർമ്മകളുടെ കുളിരിൽ ഞാനൊന്ന് ചടഞ്ഞിരുന്നോട്ടെ...

സ്നേഹത്തോടെ.. നിർത്തട്ടെ...

എന്ന്....

ഉണ്ണിയുടെ കത്തുകൾ- ഇരുപത്തിയേഴ്

മടവൂർ
27/04/2020

പ്രിയമുള്ളവളെ... 

അശ്വതിമുതൽ രേവതിവരെ ഇരുപത്തിയേഴ് നക്ഷത്രങ്ങൾ...
 ചന്ദ്രന്റെ ഇരുപത്തേഴ് ഭാര്യമാർ..
 ദക്ഷന്റെ ഇരുപത്തിയേഴ് പുത്രിമാർ.. 

റമദാനിലെ ഇരുപത്തിയേഴാം രാവാണ്  ദൈവം മനുഷ്യർക്കായി  സ്വർഗ്ഗവാതിൽ  തുറന്നു വയ്ക്കുന്ന ലൈലത്തുൽ ഖദർ.. yes..the night of destiny..
റമദാൻ അവസാനപത്തിലെ ഒറ്റസംഖ്യകളിൽ ഈ ദിനം വരും എന്ന് വിശ്വസിക്കുന്നെങ്കിലും, ഇരുപത്തിയേഴാം രാവിനാണ് മുൻതൂക്കം..

'ബ്രഹ്മണോ ഹി പ്രതിഷ്ഠാഹമമൃതസ്യാവ്യയസ്യ ച
ശാശ്വതസ്യ ച ധർമ്മസ്യ  സുഖസൈകാന്തികസ്യ ച' 

' ഞാൻ അനശ്വരവും മാറ്റമില്ലാത്തതുമായ ബ്രഹ്മത്തിന്റെയും ശാശ്വതമായ ധർമ്മത്തിന്റെയും പരമമായ സുഖത്തിന്റെയും പ്രതിഷ്ഠ അഥവാ ആശ്രയവുമാകുന്നു '  എന്ന്  ഗീതയിലെ ഗുണത്രയവിഭാഗയോഗ: യിലെ ഇരുപത്തിയേഴാം ശ്ലോകത്തിൽ കൃഷ്ണൻ..

 അതുപോലെ, 
 അനശ്വരവും മാറ്റമില്ലാത്തതുമായ പ്രണയം പേറുന്ന 
 നിനക്കായി എന്റെ ഇരുപത്തിയേഴാം കത്ത്..

ഡാ.. ഇരുപത്തിയേഴ് നല്ല രസമുള്ള സംഖ്യയല്ലേ? മൂന്നിന്റെ ക്യൂബ്‌ ആയ ഇരുപത്തിയേഴ്, സ്നേഹത്തിന്റെയും  സഹാനുഭൂതിയുടെയും സംഖ്യയായാണ് സംഖ്യാശാസ്ത്രം പറയുന്നത്..

എങ്കിലും ഈ ഇരുപത്തിയേഴാം കത്തെഴുതാനിരിക്കുമ്പോൾ,  മനസ്സിൽ വല്ലാത്തൊരു ബ്ലോക്ക് വരുന്നു.. ഒരു ആന്തൽ.. 
 എന്റെ ഇരുപത്തിയേഴാം വയസ്സിലായിരുന്നു, ജീവിതത്തിന്റെ പച്ചപ്പ് തേടി ഞങ്ങൾ യാത്രയായത്.. നമ്പർ20 മദ്രാസ് മെയിൽ, ചെന്നൈ സെൻട്രലിൽ യാത്ര നിർത്തുമ്പോൾ, ആ അപരിചിതനഗരത്തിൽ മറ്റ് രണ്ടുപേരുടെ  ജീവിതയാത്ര  തുടങ്ങുകയായിരുന്നു..
 പ്രണയത്തിന്റെ കാന്തികവലയത്തിനപ്പുറം, ജീവിതം മറ്റൊന്നാണെന്ന് മനസ്സിലാക്കി തന്ന മഹാനഗരം.. 
അക്കാദമിക് സർടിഫിക്കേറ്റുകൾക്കപ്പുറം തൊഴിൽ പരിചയമില്ലാതിരുന്ന എന്നെ, ഞാൻ തന്നെ  സിനിമയുടെ വറചട്ടിയിലിട്ട് പാകം ചെയ്തെടുത്ത ദിവസങ്ങൾ..   ആ പാകം ചെയ്യലിനിടയിൽ, ഞാൻ എവിടൊക്കെയോ കരിഞ്ഞുപോയി.. ജീവിതത്തിൽ  കണ്ണീരുപ്പും, കയർപ്പും ഒക്കെ രുചിച്ചദിനരാത്രങ്ങൾ..

ആദ്യദിനങ്ങൾ അശോക് നഗറിൽ, മാതുലസമേതം.. പിന്നീട്‌ പതിയെ, എം ജി ആർ മർക്കറ്റിനടുത്ത്, ചേരിപോലൊരു ഇടത്തേക്ക്.. 
 ജീവിതത്തിൽ മുൻപ് ഒരിക്കലും കണ്ടിട്ടില്ലാത്ത കാഴ്ചകൾ.. 
മുൻപ് ഒരിക്കലും അറിഞ്ഞിട്ടില്ലാത്ത ദുർഗന്ധം..  
മുൻപ് ഒരിക്കലും കണ്ടിട്ടില്ലാത്ത മനുഷ്യർ..
 മുൻപ് ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത ജീവിതം...

ഒറ്റമുറി വീടിന്റെ, ഇടുങ്ങിയ വരാന്തയിൽ പരസ്പരം നോക്കിയിരുന്നു, ദീർഘനിശ്വാസം വിട്ട് അസ്തമിച്ച പകലുകൾ.. തേങ്ങലുകൾ ശ്വാസമെടുത്ത് ഒടുങ്ങിയ രാവുകൾ.. ദാഹം കുടിച്ചും വിശപ്പ്‌ ഉണ്ടും നിറഞ്ഞ വയറുകൾ.. 
മൂവന്തിയിൽ, റോഡുവക്കിലൂടെ സ്വപ്നങ്ങൾ കണ്ട് നടക്കുമ്പോൾ, ചുറ്റിലും മുരണ്ടുപോകുന്ന പന്നികൾ..

 അതേ.. ചുറ്റിലും ഒരു ജനതയുടെ ശബ്ദമുഖരിതമായ ജീവിതം.. അതിനു നടുവിൽ, ഒരു മഹാനഗരത്തിലേക്ക് പറിച്ചുനട്ട്, ഒടുവിൽ വാടിതുടങ്ങിയ രണ്ട് ജീവനുകൾ.. നെരിപ്പോടുപോലെ നീറുന്ന നെഞ്ചകങ്ങൾ.. ഒടുവിൽ, ഛായാഗ്രഹണമോഹങ്ങൾ മാറ്റിവച്ച്, ചായക്കടയിൽ ജോലിക്കുപോയാലോ  എന്നൊക്കെ ചിന്തിച്ചിരിക്കുമ്പോൾ,  "വഴിമാറി സഞ്ചരിക്കേണ്ട.. ക്യാമറക്കാഴ്ചകളിലൂടെതന്നെ  മുന്നോട്ടുപോകൂ, ഞാനുണ്ട് കൂടെ" എന്ന് പിന്നിൽനിന്നും അവളുടെ ശബ്ദം.. 
പിന്നീട്, മാറിചിന്തിച്ചില്ല.. ഓരോട്ടകാലണയുമില്ലാത്ത, കീശയുമായുള്ള ആ ഓട്ടത്തിനിടയിൽ, ഒരു പിടിവള്ളിപോലെ ആ പഴയ സ്നേഹിതൻ.. ഒരേ പാരലൽകോളജിൽ, രണ്ടു ക്ളാസ്സ്റൂമുകളിൽ മത്സരിച്ചു തൊണ്ടകീറിയ ഞങ്ങൾ, എഗ്മോറിലെ ഒരു പഞ്ചനക്ഷത്രഹോട്ടലിലെ സ്വീകരണമുറിയിൽ കാണുന്നു.. അയ്യാൾ അവിടെ റിസപ്ക്ഷനിൽ ജോലി ചെയ്യുന്നു.. അയ്യാളുടെ പരിചയത്തിൽ, ഒരു മലയാള സിനിമവാരികയുടെ ചെന്നൈ റിപ്പോർട്ടറുടെ നമ്പർ കിട്ടുന്നു.. ആ റിപ്പോർട്ടറുടെ ഒരു ഫോൻ കോളാണ്, ജീവിതത്തിൽ പിന്നീടുണ്ടായ മാറ്റങ്ങളുടെ ആദിബീജം.. ജീവിതത്തിൽ ഇതുവരെയും നേരിൽ കണ്ടിട്ടില്ലാത്ത ആ മനുഷ്യൻ, ഇപ്പോൾ എവിടെയെന്നുപോലും എനിക്കറിയില്ല..  ചെന്നൈയിലെ  ജനസാഗരത്തിൽ ഒരു തുള്ളിയായി എവിടെയോ.. ഇപ്പോഴും..

ഡാ.. ഒരുവേള ഞാൻ ആ പഴയ പാരലൽകോളജ് സഹപ്രവർത്തകനെ  ചെന്നൈയിൽവച്ച് കണ്ടില്ലായിരുന്നുവെങ്കിൽ, എന്താകുമായിരുന്നു ഞാൻ? ഞങ്ങളുടെ ജീവിതം? 

മരിച്ചുപോയ പ്രശസ്ത  ഛായാഗ്രഹകൻ ജീവ സംവിധാനം ചെയ്ത ഒരു സിനിമയുണ്ട്.. 12 B. ഒരു ജോലിക്കുള്ള ഇന്റർവ്യൂവിനു പോകുന്ന രണ്ടുപേർക്ക്, ആ 12 B എന്ന ബസ് കിട്ടിയാൽ എന്താവും അവരുടെ അവസ്‌ഥ..? ബസ് മിസായാൽ എന്താവും.. ? ഇങ്ങനെ രണ്ട് പോസിബിലിറ്റികളും കാണിക്കുന്ന സിനിമ.. അതുപോലെ ചിന്തിച്ചാൽ ഒരു അന്തവുമില്ല...

ഡാ.. നമ്മുടെയൊക്കെ ജീവിതം ഓരോ നിയോഗങ്ങൾ അല്ലേ? നമ്മുടെ ജീവിതത്തിൽ, എന്തെങ്കിലും ഒരു സ്വാധീനം ചെലുത്താനാവും ഓരോ വ്യക്തികൾ നമ്മുടെ ജീവിതത്തിലേക്ക്, നേരിട്ടോ പരോക്ഷമായൊ ഒക്കെ വരുന്നത്.. 

പ്രകൃതേ:  ക്രിയമാണാനി ഗുണൈ: കർമ്മാണി സർവ്വശ: 
അഹങ്കാരവി  മൂഢആത്മാ കർതാഹമിതി മന്യതേ

'പ്രകൃതിജന്യങ്ങളായ ഗുണങ്ങളാൽ കർമ്മങ്ങൾ എങ്ങും ചെയ്യപ്പെടുന്നു.. അഹന്തയാൽ മോഹിതനായവൻ താനാണ് കർത്താവ് എന്ന് വിചാരിക്കുന്നു' എന്നാണ് കർമ്മയോഗ: യിലെ ഇരുപത്തിയേഴാം ശ്ലോകം പറയുന്നത്..

അതേ.. ഈ പ്രപഞ്ചം, നമുക്കായി ഓരോന്ന് കരുതിയിട്ടുണ്ട്.. അത് അതുപോലെ നടക്കും.. എന്നിട്ടും, "ഞാനാണ്, എന്റെ കഴിവാണ്" എന്ന് നമ്മൾ വീമ്പിളക്കും.. 

ഡാ... നിനക്കറിയോ? കക്കാട് എഴുതിയതുപോലെ, 
"എത്ര കൊഴുത്ത ചവര്‍പ്പ് കുടിച്ചു വറ്റിച്ചു നാം
ഇത്തിരി ശാന്തിതന്‍ ശര്‍ക്കര നുണയുവാന്‍"

അതേടാ... ഒരുപാട്.. ഒരുപാട്..

ഓർമകളുടെ ചെപ്പിൽ മഞ്ചാടിമുത്തുകളെക്കാൾ, നോവോർമ്മകളാവും കൂടുതൽ.. അതുകൊണ്ടാണ്, നീ തന്ന മഞ്ചാടിയും വളപ്പൊട്ടുകളുമൊക്കെ ഇപ്പോഴും ആ ചെപ്പിൽ തിളങ്ങുന്നത്.. നിന്നെയോർക്കുമ്പോൾ, എന്റെയുള്ളിൽ, പുൽക്കൊടിത്തുമ്പിലൂറുന്ന മഞ്ഞുതുള്ളിയിലെ  സൂര്യനെപ്പോലെ ഒരു തിളക്കം.. ആ ഓർമ്മതിളക്കം വീണ്ടുമെൻ കണ്ണിലേറ്റുവാങ്ങികൊണ്ട്, കത്ത്‌ ചുരുക്കുന്നു... നാളെ വീണ്ടുമൊരു ഓർമയുടെ ചുരം കേറാൻ...

എന്ന്....

ഉണ്ണിയുടെ കത്തുകൾ- ഇരുപത്തിയാറ്

.
മടവൂർ
26/04/2020

പ്രിയപ്പെട്ട നിനക്കായി എഴുതുന്ന ഇരുപത്തിയാറാം കത്ത്.. 
ഒരാളുടെ കത്തുകൾ നിരന്തരം വായിക്കുകയെന്നാൽ, അയാളുടെ വഴികളിൽ, അയാൾക്കൊപ്പം സഞ്ചരിക്കുകയെന്നാണ്.. ഓരോ കത്തുകളും ഓരോ പാദമുദ്രകളാണ്... പിന്നിട്ട വഴികളുടെ, മന:സഞ്ചാരങ്ങളുടെ, മാനസാന്തരങ്ങളുടെ, അങ്ങനെയൊരുപാട്... വായിക്കലും ഒരുതരം  ഇഴുകിച്ചേരലാണ്... അതെല്ലാം, നമ്മൾ അറിയാതെ നടക്കുന്ന പ്രക്രിയകളും..
The other
ഡാ.. ഈ ഏപ്രിൽ 26ന്, നമ്മൾ ഇന്ത്യാക്കാർക്ക്  ഒരു പ്രാധാന്യമുണ്ട്.. ഒരുവേള, അത് ആരും ഓർക്കുന്നുണ്ടാവില്ല.. ഗണിതത്തിലെ അനന്തതJ mb trയെ നമ്മുക്ക് പറഞ്ഞു തന്ന്, വീണ്ടും അന്തമായ ഇക്വഷനുകൾ ബാക്കിവച്ച്, നിത്യമായ അനന്തതയിലേക്ക്, നമ്മുടെ ശ്രീനിവാസ രാമാനുജൻ കടന്നുപോയിട്ടു ഇന്നേ9ക്ക്, നൂറ് വർഷം തികയുന്നു.. 1920 ഏപ്രിൽ ഇരുപത്തിയാറിനായിരുന്നു, സംഖ്യകളുടെ രാജകുമാരൻ യാത്രയായത്.. തന്റെ കണ്ടെത്തലുകളുടെ തെളിവുകളും വഴികളും ചോദിച്ച ജി. എച്ച്. ഹാർഡിയോട്, "അതൊക്കെ ഒരു പ്രാർത്ഥനപോലെ എന്റെയുള്ളിൽ വന്നുചേരുന്നതാണ്" എന്നായിരുന്നു രാമാനുജന്റെ മറുപടി.. അപ്പോൾ അതെല്ലാം രാമാനുജന്റെ ഇല്യൂഷൻ ആണ് എന്ന് പറഞ്ഞ ഹാർഡി, ഒടുവിൽ രാമാനുജൻ തെളിച്ച വഴികൾ കണ്ട്  അത്ഭുതപ്പെട്ടുപോയി..  ആ ഗണിതശാസ്ത്രപ്രതിഭയെ പൂർണ്ണമായും അംഗീകരിക്കേണ്ടിവന്നു.. അങ്ങനെ അവർ ഏറ്റവും നല്ല ഗണിതകൂട്ടുകെട്ടായി..

 രാമാനുജൻ എന്ന പ്രതിഭ, തന്റെ മുപ്പത്തിരണ്ടാം വയസ്സിൽ അഗ്നിയിൽ ഒടുങ്ങി.. ഗണിതത്തിലെ സമസ്യകൾക്ക് ഉത്തരം കണ്ടെത്തിയ രാമാനുജൻ, ഇന്നും  ഒരു സമസ്യയായിതന്നെ തുടരുന്നു.

ഡാ.. ചിലപ്പോൾ അങ്ങനെയാണ്.. നമ്മുടെ ലോജിക്കിനുമപ്പുറം അത്ഭുതങ്ങൾ കാട്ടുന്ന ഒരുപാട്  പ്രതിഭകളുണ്ട്.. ഒപ്പം അവർക്ക് കൂട്ടായി പ്രകൃതിയും..

2003 ഏപ്രിൽ.. അട്ടപ്പാടി, ആനവായ് എന്ന ഊരിലെ, നൂറിലേറെ വയസ്സുള്ള മുഗ്ദമൂപ്പനെക്കുറിച്ച്, നാഷണൽ ജോഗ്രഫിക് ചാനലിൽ കാണിക്കാനുള്ള ഒരു ഡോകുമെന്ററി ചിത്രീകരണം.. 
വിനോദ് മങ്കരയാണ് സംവിധാനം.. ഞാനും വിനോദും ഒരുമിച്ച് ഒരുപാട് ഡോക്യുമെന്ററികൾ ചെയ്തിട്ടുണ്ട്..  

ഇവിടെ, ഒരു ബുധനാഴ്ച്ച ഞങ്ങൾ എത്തും എന്ന് പറഞ്ഞിരുന്നു..
മുഗ്ദമൂപ്പൻ, ആ ഊരിലെ മൂപ്പൻ എന്നതിനപ്പുറം നാട്ടുവൈദ്യത്തിലും മന്ത്രവാദത്തിലുമൊക്കെ മുന്നിലാണ്‌.. ഊരിലുള്ളവർ ദൈവതുല്യനായി കാണുന്ന ആൾ.. ഞങ്ങൾക്ക് അയ്യാളുടെ കഴിവുകൾ സത്യമാണോ എന്നറിയണം.. അതുകൊണ്ട്,  ഞങ്ങൾ, രണ്ടുദിവസം മുന്നേ, തിങ്കളാഴ്ച അവിടെ ഏത്തി.. ഇതിനിടയിൽ, തലേദിവസം രാത്രിയിൽ മണ്ണാർക്കാട് നിന്നും കഴിച്ച ഭക്ഷണം എനിക്ക് നല്ല പണിതന്നു.. അസഹനീയമായ വയറുവേദനയും ഉണ്ട്.. ഞങ്ങൾ ഷൂട്ടിങ് ക്രൂ ഭാവാനിപ്പുഴ കടന്നപ്പോൾ, കാട്ടിൽനിന്നും ഒരു കൗമാരക്കാരൻ വന്നു.. ഞങ്ങളെ കൂട്ടിക്കൊണ്ടുചെല്ലാൻ മൂപ്പൻ പറഞ്ഞുവിട്ടതാണ് എന്ന് പറഞ്ഞു..!
 ഞങ്ങൾ 'പറഞ്ഞതിനെക്കാൾ രണ്ടുനാൾ മുൻപേ എത്തും' എന്ന് ആ മൂപ്പൻ എങ്ങനെ അറിഞ്ഞു? ഞാനും വിനോദും മുഖത്തോട്മുഖം  നോക്കി, അത്ഭുതപ്പെട്ടു നിന്നു.. 
ഞങ്ങൾ കാട്ടിലെത്തി.. ഞാൻ ഒരുപാട് ക്ഷീണിതനായിരുന്നു..  എന്റെ ക്ഷീണം കണ്ട്, മൂപ്പൻ  കുറേസമയം എന്നെതന്നെ നോക്കിനിന്നു.. എന്നിട്ട്, ഏതോ ഒരു കാട്ടുചെടിയുടെ ഇല പറിച്ച്, എന്തൊക്കെയോ പറഞ്ഞിട്ട് തിന്നാൻ പറഞ്ഞു... പാവയ്ക്കാ ജ്യൂസ് കുടിക്കുന്ന എനിക്ക് അതൊരു പ്രശ്നമായില്ല.. ഞാൻ കഴിച്ചു.. അരമണിക്കൂർ കഴിഞ്ഞു.. എന്റെ വയറുവേദനയും ഇളക്കവുമൊക്കെമാറി.. പിന്നീട് മൂന്നുനാളത്തെ ഷൂട്ടിങ് കഴിഞ്ഞു, വീട്ടിൽ വന്ന് പാളയംകോടൻ പഴം കഴിച്ചാണ്, വീണ്ടും ഓപ്പൻ ആക്കിയത്...

ആ മൂപ്പൻ അറിവിന്റെ ഒരു കലവറ ആയിരുന്നു.. കാടിനെകുറിച്ച്, കാട്ടിലെ മൃഗങ്ങളെകുറിച്ച്, ചെടികളെക്കുറിച്ച്, അങ്ങനെയെല്ലാം.. മദമിളകിയ ആനയെപ്പോലും അദ്ദേഹം നിലക്ക് നിർത്തുമായിരുന്നു.. അങ്ങനെ എന്തെല്ലാം... ഒരു മഹാത്ഭുതം.. അത് തന്നെ..

ഇതുപോലുള്ള ഒരുപാട്, അനുഭവങ്ങൾ ഇനിയും ബാക്കി.. 

ഡാ.. നമ്മുടെ യുക്തിയ്ക്കപ്പുറം, ഈ പ്രപഞ്ചത്തിനു ഒരുപാട് രഹസ്യങ്ങളുണ്ട്.. നമ്മൾ അറിഞ്ഞതിനെക്കാൾ, ഏറെ അറിവില്ലായ്‌മ നമ്മളിൽ ബാക്കി.. നമ്മുക്ക് ഒന്നും അറിയില്ല എന്നതാണ് ഏറ്റവും വലിയ അറിവ്.. ആ അറിവ് തന്നെയാണ്, പിന്നീടുള്ള അറിവുകളിലേക്ക് നമ്മൾക്കുള്ള കമ്പിറാന്തൽവെളിച്ചം.. അത് കെടാതെ സൂക്ഷിക്കണം എന്ന് മാത്രം.. 


പിന്നെ നീ....
 പ്രണയം മണക്കുന്ന വാക്കുകൾക്കപ്പുറം എനിക്ക് എന്നും നീ  ഒരു പ്രഹേളികയല്ലേ..?
അതേടാ.. അടുക്കുംതോറും നീ എന്നിൽ നിന്നും അകന്നു പോകുന്നപോലെ.. നിന്നെക്കുറിച്ച് അറിയുംതോറും, എന്റെ  അറിവില്ലായ്മ  കൂടുന്നപോലെയും...!

എങ്കിലും, ഇപ്പോൾ, രാമാനുജനോടും ആ മൂപ്പനോടുമുള്ള ആദരവോടെ.. നിർത്തട്ടെ..

എന്ന്....

ഉണ്ണിയുടെ കത്തുകൾ- ഇരുപത്തഞ്ച്

മടവൂർ
25/04/2020

പ്രിയപ്പെട്ട നിനക്കായി ഞാൻ കുറിയ്ക്കുന്ന ഇരുപത്തിയഞ്ചാം കത്ത്.. ഈ കുറിയ്ക്കപ്പെട്ടവയെക്കാൾ, നിനക്കായി കാത്തുവച്ച എത്രയോ വാക്കുകൾ കാലപ്പഴക്കത്താൽ ക്ലാവ് പിടിച്ചുപോയിരിക്കുന്നു.. ഒരുവേള, ആ ക്ലാവ് കഴുകി മിനുക്കിയെടുത്താൽ, അവയൊക്കെ നിന്നിൽ ഒരുപാട് തിളങ്ങിയേക്കും.. എന്തെന്നാൽ, അതിലെല്ലാം എന്റെ ജീവൻ  അലിഞ്ഞുചേർന്നിട്ടുണ്ട്.. ഇനിയും, ആ പറയാതെപോയ വാക്കുകളുടെ പത്തായം തുറക്കാൻ വയ്യ.. ഇനിയൊരു നോവുകടൽ നീന്താൻ, എന്തോ നിനക്കും എനിക്കും കഴിയും എന്ന് തോന്നുന്നില്ല..
എഴുതാൻ തുടങ്ങിയാൽ എഴുതുപ്പടർന്നുകൊണ്ടേയിരിക്കും.. !

പിന്നെ, ഈ കൊരോണാക്കാലത്ത് പെട്ടെന്നു വന്നു, അതുപോലെ പോയ ഒരു വാർത്തയുണ്ടായിരുന്നു.. വടക്കൻ കൊറിയയിലെ ഏകാധിപതിയായ കിം ജോങ് നെ കുറിച്ച്.. അയാളുടെ ആരോഗ്യാവസ്ഥയെ കുറിച്ച്.. ആ വാർത്ത കേട്ടപ്പോൾ എന്റെ മനസ്സിൽ തെളിഞ്ഞത് ഒരു പെണ്‍കുട്ടിയുടെ രൂപമാണ്.. യിയോന്മി പാർക്ക്.. 
നീ കേട്ടിട്ടുണ്ടോ ആ കുട്ടിയെക്കുറിച്ച്? മലാല യൂസഫ്‌സായ് എന്ന പാകിസ്ഥാനി പെണ്‍കുട്ടിയെ ആഘോഷിച്ച ലോകം, എന്തുകൊണ്ടോ യിയോന്മി പാർക്കിന്‌ അത്രയ്ക്ക് പ്രാധാന്യം നൽകിയില്ല എന്നാണ് എന്റെ പക്ഷം.. 

1993 ഒക്ടോബർ നാലിന്, വടക്കൻ കൊറിയയിലെ റിയാങ്ഗാങ് പ്രവിശ്യയിലെ ഹെയ്‌സാനിൽ ഒരു സർക്കാർ ഉദ്യോഗസ്ഥന്റെയും ആർമി നഴ്‌സിന്റെയും മകളായി ജനിച്ച യിയോന്മി പാർക്ക്, ജെയിംസ് കാമറോണിന്റെ ടൈറ്റാനിക് എന്ന സിനിമയുടെ DVD കാണുമ്പോഴാണ് വടക്കൻ കൊറിയയ്ക്ക് പുറത്ത് ഒരു ലോകമുണ്ടെന്നു അറിയുന്നത്.. സ്വാതന്ത്യവും സ്നേഹവും എന്തെന്ന് അറിയുന്നത്.. 
അക്കാലത്ത്, നിയമവിരുദ്ധമായി കച്ചവടം നടത്തി എന്നാരോപിച്ച്, അധികാരികൾ യിയോന്മിയുടെ പിതാവിനെ പീഡിപ്പിച്ചിരുന്നു. ഒടുവിൽ പ്രാണഭയം മൂലം, അമ്മയും മകളും ആളുകളെ കടത്തുന്ന ബ്രോക്കർമാരുടെ സഹായത്തോടെ ചൈനയിലേക്ക് പലായനം ചെയ്തു..
 അനാരോഗ്യം കാരണം യാത്രചെയ്യാൻ കഴിയാത്ത അച്ഛനെ കൂടെ കൂട്ടിയില്ല.. യിയോന്മിയുടെ മൂത്ത സഹോദരി, യുൻമി, ഇവർക്കുമുമ്പേതന്നെ വടക്കൻ കൊറിയയിൽ നിന്നും രക്ഷപ്പെട്ടിരുന്നു.. 

2007ൽ ചൈനയിലേക്കും, തുടർന്ന് 2009ൽ മംഗോളിയ വഴി തെക്കൻ കൊറിയയിലേക്കുമുള്ള യാത്രയ്ക്കിടയിൽ വിവിധ പട്ടാളക്കാരിൽനിന്നും പൊലീസിൽനിന്നുമെല്ലാം സഹിയ്ക്കേണ്ടിവന്ന ശാരീരിക-ലൈംഗിക-മാനസിക പീഡനങ്ങളെക്കുറിച്ച് ലോകത്തോട് വിളിച്ചുപറഞ്ഞത്, 2014ൽ അയർലൻഡിലെ ഡുബ്ലിനിൽ നടന്ന 'One Young World Summit' ലൂടെയാണ്.. അത് പറയുമ്പോൾ ആ കുട്ടി പൊട്ടിക്കരയുകയായിരുന്നു.. 

ചൈനയിലേക്കുള്ള യാത്രയ്ക്കിടയിൽ അവരുടെ പലായനത്തെക്കുറിച്ച് അധികാരികളോട് പറയാതിരിക്കാൻ യിയോന്മിയോട് ലൈംഗികബന്ധത്തിന് തയ്യാറാവണമെന്നു ഒരു 'സഹായി' പറഞ്ഞപ്പോൾ, "മകൾക്ക് പകരം  ഞാൻ വരാം" എന്ന് പറഞ്ഞ് ആ അമ്മ വഴങ്ങുകയായിരുന്നു.. അത് കണ്ടുനിൽക്കേണ്ടിവന്ന ഒരു മകളുടെ അവസ്‌ഥ, നിനക്ക് ഊഹിയ്ക്കാൻ കഴിയുന്നോ? 
Oh..God..!!

അങ്ങനെ ഒരുപാട് യാതനകൾ അനുഭവിച്ച യിയോന്മി പാർക്ക്, ഇന്ന് ലോകം  അറിയപ്പെടുന്ന  മനുഷ്യാവകാശപ്രവർത്തകയും, സ്ത്രീശബ്ദവും, എഴുത്തുകാരിയുമൊക്കെയാണ്.. "Inorder to Live- A North Korean Girl's Journey to Freedom"  എന്ന, 'Penguin' പ്രസിദ്ധീകരിച്ച പുസ്തകം, യിയോന്മി പാർക്കിന്റെ ജീവിതത്തിന്റെ നേർക്കാഴ്ചയാണ്.. 2009 മുതൽ തെക്കൻ കൊറിയയിൽ സ്ഥിരതാമസമാക്കിയിരുന്ന യിയോന്മി പാർക്ക്, 2014ൽ ന്യുയോർക്കിലേക്ക് ചേക്കേറി.. ഇപ്പോൾ  കൊളംബിയ യൂണിവേഴ്സിറ്റിയിൽ പഠിക്കുന്നു..

ഡാ.. യിയോന്മി പാർക്കിന്റെ ജീവിതം പറഞ്ഞത്, അവരെ വാഴ്ത്താനല്ല.. അവർ സ്ത്രീകളുടെ ഒരു സ്പെസിമനാണ്.. ഒരോ സ്ത്രീജീവിതങ്ങളും ഓരോ ചെറുത്ത് നിൽപ്പുകളുടെ ബാക്കിപത്രങ്ങളാണ്.. ഓരോ നോവുകടൽ നീന്തിയവരാണ്.. കുടുംബത്തെ ചേർത്തുനിർത്താൻ, ഓരോന്നും തിരസ്കരിച്ചവരാണ്.. അതുകൊണ്ട് തന്നെയാണ്, സ്ത്രീപക്ഷം മനുഷ്യപക്ഷമാകുന്നത്..

ഡാ.. എല്ലാ മനുഷ്യരിലും ഓരോ മഹാഭാരതങ്ങൾ ഉണ്ട്.. അത് കാണാൻ കഴിയണം എന്ന് മാത്രം.. അതിനു, നമ്മൾ അവരുടെ ഷൂവിൽനിന്ന്  നോക്കണം.. നമ്മൾ ഇന്നലെവരെ കണ്ടതിനേക്കാൾ വ്യത്യസ്തമായ കാഴ്ചകൾ കാണാം.. അതിനെ, മന:ശാസ്ത്രത്തിൽ 'എമ്പതി' എന്നൊക്കെ പറയാം.. ആ വ്യക്തിയുടെ അവസ്ഥയോട് താതാത്മ്യപ്പെടുക.. ആ വ്യക്തിയിലൂടെ കാണുക.. നമ്മൾ, പൊതുവെ 'സിമ്പതി'യുടെ ആൾക്കാരല്ലേ..? ആരുടെയെങ്കിലും അവസ്ഥയോട് ഒരു അനുകമ്പ കാണിച്ച്, രണ്ട് ഡയലോഗും വിട്ടാൽ നമ്മൾ ഫ്രീ..! അല്ലേ..? 
 ഈ സിമ്പതിയ്ക്കപ്പുറത്തേക്ക്  ഒരു ശരാശരി മനുഷ്യന് എത്ര ദൂരം പോകാൻ കഴിയും..?

നമ്മൾ നുണയുന്ന ഈ ജീവിതം പോലും ഒരു നുണയായിരിക്കെ, വീണ്ടും വീണ്ടും നുണയാൻ കുറെ ഓർമ്മകൾ തന്ന നിനക്കായി ഇനിയും എഴുതാം,  എന്ന പ്രതീക്ഷയോടെ നിർത്തട്ടെ..

എന്ന്...