2020 ഏപ്രിൽ 30, വ്യാഴാഴ്‌ച

ഉണ്ണിയുടെ കത്തുകൾ- ഇരുപത്തിയേഴ്

മടവൂർ
27/04/2020

പ്രിയമുള്ളവളെ... 

അശ്വതിമുതൽ രേവതിവരെ ഇരുപത്തിയേഴ് നക്ഷത്രങ്ങൾ...
 ചന്ദ്രന്റെ ഇരുപത്തേഴ് ഭാര്യമാർ..
 ദക്ഷന്റെ ഇരുപത്തിയേഴ് പുത്രിമാർ.. 

റമദാനിലെ ഇരുപത്തിയേഴാം രാവാണ്  ദൈവം മനുഷ്യർക്കായി  സ്വർഗ്ഗവാതിൽ  തുറന്നു വയ്ക്കുന്ന ലൈലത്തുൽ ഖദർ.. yes..the night of destiny..
റമദാൻ അവസാനപത്തിലെ ഒറ്റസംഖ്യകളിൽ ഈ ദിനം വരും എന്ന് വിശ്വസിക്കുന്നെങ്കിലും, ഇരുപത്തിയേഴാം രാവിനാണ് മുൻതൂക്കം..

'ബ്രഹ്മണോ ഹി പ്രതിഷ്ഠാഹമമൃതസ്യാവ്യയസ്യ ച
ശാശ്വതസ്യ ച ധർമ്മസ്യ  സുഖസൈകാന്തികസ്യ ച' 

' ഞാൻ അനശ്വരവും മാറ്റമില്ലാത്തതുമായ ബ്രഹ്മത്തിന്റെയും ശാശ്വതമായ ധർമ്മത്തിന്റെയും പരമമായ സുഖത്തിന്റെയും പ്രതിഷ്ഠ അഥവാ ആശ്രയവുമാകുന്നു '  എന്ന്  ഗീതയിലെ ഗുണത്രയവിഭാഗയോഗ: യിലെ ഇരുപത്തിയേഴാം ശ്ലോകത്തിൽ കൃഷ്ണൻ..

 അതുപോലെ, 
 അനശ്വരവും മാറ്റമില്ലാത്തതുമായ പ്രണയം പേറുന്ന 
 നിനക്കായി എന്റെ ഇരുപത്തിയേഴാം കത്ത്..

ഡാ.. ഇരുപത്തിയേഴ് നല്ല രസമുള്ള സംഖ്യയല്ലേ? മൂന്നിന്റെ ക്യൂബ്‌ ആയ ഇരുപത്തിയേഴ്, സ്നേഹത്തിന്റെയും  സഹാനുഭൂതിയുടെയും സംഖ്യയായാണ് സംഖ്യാശാസ്ത്രം പറയുന്നത്..

എങ്കിലും ഈ ഇരുപത്തിയേഴാം കത്തെഴുതാനിരിക്കുമ്പോൾ,  മനസ്സിൽ വല്ലാത്തൊരു ബ്ലോക്ക് വരുന്നു.. ഒരു ആന്തൽ.. 
 എന്റെ ഇരുപത്തിയേഴാം വയസ്സിലായിരുന്നു, ജീവിതത്തിന്റെ പച്ചപ്പ് തേടി ഞങ്ങൾ യാത്രയായത്.. നമ്പർ20 മദ്രാസ് മെയിൽ, ചെന്നൈ സെൻട്രലിൽ യാത്ര നിർത്തുമ്പോൾ, ആ അപരിചിതനഗരത്തിൽ മറ്റ് രണ്ടുപേരുടെ  ജീവിതയാത്ര  തുടങ്ങുകയായിരുന്നു..
 പ്രണയത്തിന്റെ കാന്തികവലയത്തിനപ്പുറം, ജീവിതം മറ്റൊന്നാണെന്ന് മനസ്സിലാക്കി തന്ന മഹാനഗരം.. 
അക്കാദമിക് സർടിഫിക്കേറ്റുകൾക്കപ്പുറം തൊഴിൽ പരിചയമില്ലാതിരുന്ന എന്നെ, ഞാൻ തന്നെ  സിനിമയുടെ വറചട്ടിയിലിട്ട് പാകം ചെയ്തെടുത്ത ദിവസങ്ങൾ..   ആ പാകം ചെയ്യലിനിടയിൽ, ഞാൻ എവിടൊക്കെയോ കരിഞ്ഞുപോയി.. ജീവിതത്തിൽ  കണ്ണീരുപ്പും, കയർപ്പും ഒക്കെ രുചിച്ചദിനരാത്രങ്ങൾ..

ആദ്യദിനങ്ങൾ അശോക് നഗറിൽ, മാതുലസമേതം.. പിന്നീട്‌ പതിയെ, എം ജി ആർ മർക്കറ്റിനടുത്ത്, ചേരിപോലൊരു ഇടത്തേക്ക്.. 
 ജീവിതത്തിൽ മുൻപ് ഒരിക്കലും കണ്ടിട്ടില്ലാത്ത കാഴ്ചകൾ.. 
മുൻപ് ഒരിക്കലും അറിഞ്ഞിട്ടില്ലാത്ത ദുർഗന്ധം..  
മുൻപ് ഒരിക്കലും കണ്ടിട്ടില്ലാത്ത മനുഷ്യർ..
 മുൻപ് ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത ജീവിതം...

ഒറ്റമുറി വീടിന്റെ, ഇടുങ്ങിയ വരാന്തയിൽ പരസ്പരം നോക്കിയിരുന്നു, ദീർഘനിശ്വാസം വിട്ട് അസ്തമിച്ച പകലുകൾ.. തേങ്ങലുകൾ ശ്വാസമെടുത്ത് ഒടുങ്ങിയ രാവുകൾ.. ദാഹം കുടിച്ചും വിശപ്പ്‌ ഉണ്ടും നിറഞ്ഞ വയറുകൾ.. 
മൂവന്തിയിൽ, റോഡുവക്കിലൂടെ സ്വപ്നങ്ങൾ കണ്ട് നടക്കുമ്പോൾ, ചുറ്റിലും മുരണ്ടുപോകുന്ന പന്നികൾ..

 അതേ.. ചുറ്റിലും ഒരു ജനതയുടെ ശബ്ദമുഖരിതമായ ജീവിതം.. അതിനു നടുവിൽ, ഒരു മഹാനഗരത്തിലേക്ക് പറിച്ചുനട്ട്, ഒടുവിൽ വാടിതുടങ്ങിയ രണ്ട് ജീവനുകൾ.. നെരിപ്പോടുപോലെ നീറുന്ന നെഞ്ചകങ്ങൾ.. ഒടുവിൽ, ഛായാഗ്രഹണമോഹങ്ങൾ മാറ്റിവച്ച്, ചായക്കടയിൽ ജോലിക്കുപോയാലോ  എന്നൊക്കെ ചിന്തിച്ചിരിക്കുമ്പോൾ,  "വഴിമാറി സഞ്ചരിക്കേണ്ട.. ക്യാമറക്കാഴ്ചകളിലൂടെതന്നെ  മുന്നോട്ടുപോകൂ, ഞാനുണ്ട് കൂടെ" എന്ന് പിന്നിൽനിന്നും അവളുടെ ശബ്ദം.. 
പിന്നീട്, മാറിചിന്തിച്ചില്ല.. ഓരോട്ടകാലണയുമില്ലാത്ത, കീശയുമായുള്ള ആ ഓട്ടത്തിനിടയിൽ, ഒരു പിടിവള്ളിപോലെ ആ പഴയ സ്നേഹിതൻ.. ഒരേ പാരലൽകോളജിൽ, രണ്ടു ക്ളാസ്സ്റൂമുകളിൽ മത്സരിച്ചു തൊണ്ടകീറിയ ഞങ്ങൾ, എഗ്മോറിലെ ഒരു പഞ്ചനക്ഷത്രഹോട്ടലിലെ സ്വീകരണമുറിയിൽ കാണുന്നു.. അയ്യാൾ അവിടെ റിസപ്ക്ഷനിൽ ജോലി ചെയ്യുന്നു.. അയ്യാളുടെ പരിചയത്തിൽ, ഒരു മലയാള സിനിമവാരികയുടെ ചെന്നൈ റിപ്പോർട്ടറുടെ നമ്പർ കിട്ടുന്നു.. ആ റിപ്പോർട്ടറുടെ ഒരു ഫോൻ കോളാണ്, ജീവിതത്തിൽ പിന്നീടുണ്ടായ മാറ്റങ്ങളുടെ ആദിബീജം.. ജീവിതത്തിൽ ഇതുവരെയും നേരിൽ കണ്ടിട്ടില്ലാത്ത ആ മനുഷ്യൻ, ഇപ്പോൾ എവിടെയെന്നുപോലും എനിക്കറിയില്ല..  ചെന്നൈയിലെ  ജനസാഗരത്തിൽ ഒരു തുള്ളിയായി എവിടെയോ.. ഇപ്പോഴും..

ഡാ.. ഒരുവേള ഞാൻ ആ പഴയ പാരലൽകോളജ് സഹപ്രവർത്തകനെ  ചെന്നൈയിൽവച്ച് കണ്ടില്ലായിരുന്നുവെങ്കിൽ, എന്താകുമായിരുന്നു ഞാൻ? ഞങ്ങളുടെ ജീവിതം? 

മരിച്ചുപോയ പ്രശസ്ത  ഛായാഗ്രഹകൻ ജീവ സംവിധാനം ചെയ്ത ഒരു സിനിമയുണ്ട്.. 12 B. ഒരു ജോലിക്കുള്ള ഇന്റർവ്യൂവിനു പോകുന്ന രണ്ടുപേർക്ക്, ആ 12 B എന്ന ബസ് കിട്ടിയാൽ എന്താവും അവരുടെ അവസ്‌ഥ..? ബസ് മിസായാൽ എന്താവും.. ? ഇങ്ങനെ രണ്ട് പോസിബിലിറ്റികളും കാണിക്കുന്ന സിനിമ.. അതുപോലെ ചിന്തിച്ചാൽ ഒരു അന്തവുമില്ല...

ഡാ.. നമ്മുടെയൊക്കെ ജീവിതം ഓരോ നിയോഗങ്ങൾ അല്ലേ? നമ്മുടെ ജീവിതത്തിൽ, എന്തെങ്കിലും ഒരു സ്വാധീനം ചെലുത്താനാവും ഓരോ വ്യക്തികൾ നമ്മുടെ ജീവിതത്തിലേക്ക്, നേരിട്ടോ പരോക്ഷമായൊ ഒക്കെ വരുന്നത്.. 

പ്രകൃതേ:  ക്രിയമാണാനി ഗുണൈ: കർമ്മാണി സർവ്വശ: 
അഹങ്കാരവി  മൂഢആത്മാ കർതാഹമിതി മന്യതേ

'പ്രകൃതിജന്യങ്ങളായ ഗുണങ്ങളാൽ കർമ്മങ്ങൾ എങ്ങും ചെയ്യപ്പെടുന്നു.. അഹന്തയാൽ മോഹിതനായവൻ താനാണ് കർത്താവ് എന്ന് വിചാരിക്കുന്നു' എന്നാണ് കർമ്മയോഗ: യിലെ ഇരുപത്തിയേഴാം ശ്ലോകം പറയുന്നത്..

അതേ.. ഈ പ്രപഞ്ചം, നമുക്കായി ഓരോന്ന് കരുതിയിട്ടുണ്ട്.. അത് അതുപോലെ നടക്കും.. എന്നിട്ടും, "ഞാനാണ്, എന്റെ കഴിവാണ്" എന്ന് നമ്മൾ വീമ്പിളക്കും.. 

ഡാ... നിനക്കറിയോ? കക്കാട് എഴുതിയതുപോലെ, 
"എത്ര കൊഴുത്ത ചവര്‍പ്പ് കുടിച്ചു വറ്റിച്ചു നാം
ഇത്തിരി ശാന്തിതന്‍ ശര്‍ക്കര നുണയുവാന്‍"

അതേടാ... ഒരുപാട്.. ഒരുപാട്..

ഓർമകളുടെ ചെപ്പിൽ മഞ്ചാടിമുത്തുകളെക്കാൾ, നോവോർമ്മകളാവും കൂടുതൽ.. അതുകൊണ്ടാണ്, നീ തന്ന മഞ്ചാടിയും വളപ്പൊട്ടുകളുമൊക്കെ ഇപ്പോഴും ആ ചെപ്പിൽ തിളങ്ങുന്നത്.. നിന്നെയോർക്കുമ്പോൾ, എന്റെയുള്ളിൽ, പുൽക്കൊടിത്തുമ്പിലൂറുന്ന മഞ്ഞുതുള്ളിയിലെ  സൂര്യനെപ്പോലെ ഒരു തിളക്കം.. ആ ഓർമ്മതിളക്കം വീണ്ടുമെൻ കണ്ണിലേറ്റുവാങ്ങികൊണ്ട്, കത്ത്‌ ചുരുക്കുന്നു... നാളെ വീണ്ടുമൊരു ഓർമയുടെ ചുരം കേറാൻ...

എന്ന്....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ