മടവൂർ
25/04/2020
പ്രിയപ്പെട്ട നിനക്കായി ഞാൻ കുറിയ്ക്കുന്ന ഇരുപത്തിയഞ്ചാം കത്ത്.. ഈ കുറിയ്ക്കപ്പെട്ടവയെക്കാൾ, നിനക്കായി കാത്തുവച്ച എത്രയോ വാക്കുകൾ കാലപ്പഴക്കത്താൽ ക്ലാവ് പിടിച്ചുപോയിരിക്കുന്നു.. ഒരുവേള, ആ ക്ലാവ് കഴുകി മിനുക്കിയെടുത്താൽ, അവയൊക്കെ നിന്നിൽ ഒരുപാട് തിളങ്ങിയേക്കും.. എന്തെന്നാൽ, അതിലെല്ലാം എന്റെ ജീവൻ അലിഞ്ഞുചേർന്നിട്ടുണ്ട്.. ഇനിയും, ആ പറയാതെപോയ വാക്കുകളുടെ പത്തായം തുറക്കാൻ വയ്യ.. ഇനിയൊരു നോവുകടൽ നീന്താൻ, എന്തോ നിനക്കും എനിക്കും കഴിയും എന്ന് തോന്നുന്നില്ല..
എഴുതാൻ തുടങ്ങിയാൽ എഴുതുപ്പടർന്നുകൊണ്ടേയിരിക്കും.. !
പിന്നെ, ഈ കൊരോണാക്കാലത്ത് പെട്ടെന്നു വന്നു, അതുപോലെ പോയ ഒരു വാർത്തയുണ്ടായിരുന്നു.. വടക്കൻ കൊറിയയിലെ ഏകാധിപതിയായ കിം ജോങ് നെ കുറിച്ച്.. അയാളുടെ ആരോഗ്യാവസ്ഥയെ കുറിച്ച്.. ആ വാർത്ത കേട്ടപ്പോൾ എന്റെ മനസ്സിൽ തെളിഞ്ഞത് ഒരു പെണ്കുട്ടിയുടെ രൂപമാണ്.. യിയോന്മി പാർക്ക്..
നീ കേട്ടിട്ടുണ്ടോ ആ കുട്ടിയെക്കുറിച്ച്? മലാല യൂസഫ്സായ് എന്ന പാകിസ്ഥാനി പെണ്കുട്ടിയെ ആഘോഷിച്ച ലോകം, എന്തുകൊണ്ടോ യിയോന്മി പാർക്കിന് അത്രയ്ക്ക് പ്രാധാന്യം നൽകിയില്ല എന്നാണ് എന്റെ പക്ഷം..
1993 ഒക്ടോബർ നാലിന്, വടക്കൻ കൊറിയയിലെ റിയാങ്ഗാങ് പ്രവിശ്യയിലെ ഹെയ്സാനിൽ ഒരു സർക്കാർ ഉദ്യോഗസ്ഥന്റെയും ആർമി നഴ്സിന്റെയും മകളായി ജനിച്ച യിയോന്മി പാർക്ക്, ജെയിംസ് കാമറോണിന്റെ ടൈറ്റാനിക് എന്ന സിനിമയുടെ DVD കാണുമ്പോഴാണ് വടക്കൻ കൊറിയയ്ക്ക് പുറത്ത് ഒരു ലോകമുണ്ടെന്നു അറിയുന്നത്.. സ്വാതന്ത്യവും സ്നേഹവും എന്തെന്ന് അറിയുന്നത്..
അക്കാലത്ത്, നിയമവിരുദ്ധമായി കച്ചവടം നടത്തി എന്നാരോപിച്ച്, അധികാരികൾ യിയോന്മിയുടെ പിതാവിനെ പീഡിപ്പിച്ചിരുന്നു. ഒടുവിൽ പ്രാണഭയം മൂലം, അമ്മയും മകളും ആളുകളെ കടത്തുന്ന ബ്രോക്കർമാരുടെ സഹായത്തോടെ ചൈനയിലേക്ക് പലായനം ചെയ്തു..
അനാരോഗ്യം കാരണം യാത്രചെയ്യാൻ കഴിയാത്ത അച്ഛനെ കൂടെ കൂട്ടിയില്ല.. യിയോന്മിയുടെ മൂത്ത സഹോദരി, യുൻമി, ഇവർക്കുമുമ്പേതന്നെ വടക്കൻ കൊറിയയിൽ നിന്നും രക്ഷപ്പെട്ടിരുന്നു..
2007ൽ ചൈനയിലേക്കും, തുടർന്ന് 2009ൽ മംഗോളിയ വഴി തെക്കൻ കൊറിയയിലേക്കുമുള്ള യാത്രയ്ക്കിടയിൽ വിവിധ പട്ടാളക്കാരിൽനിന്നും പൊലീസിൽനിന്നുമെല്ലാം സഹിയ്ക്കേണ്ടിവന്ന ശാരീരിക-ലൈംഗിക-മാനസിക പീഡനങ്ങളെക്കുറിച്ച് ലോകത്തോട് വിളിച്ചുപറഞ്ഞത്, 2014ൽ അയർലൻഡിലെ ഡുബ്ലിനിൽ നടന്ന 'One Young World Summit' ലൂടെയാണ്.. അത് പറയുമ്പോൾ ആ കുട്ടി പൊട്ടിക്കരയുകയായിരുന്നു..
ചൈനയിലേക്കുള്ള യാത്രയ്ക്കിടയിൽ അവരുടെ പലായനത്തെക്കുറിച്ച് അധികാരികളോട് പറയാതിരിക്കാൻ യിയോന്മിയോട് ലൈംഗികബന്ധത്തിന് തയ്യാറാവണമെന്നു ഒരു 'സഹായി' പറഞ്ഞപ്പോൾ, "മകൾക്ക് പകരം ഞാൻ വരാം" എന്ന് പറഞ്ഞ് ആ അമ്മ വഴങ്ങുകയായിരുന്നു.. അത് കണ്ടുനിൽക്കേണ്ടിവന്ന ഒരു മകളുടെ അവസ്ഥ, നിനക്ക് ഊഹിയ്ക്കാൻ കഴിയുന്നോ?
Oh..God..!!
അങ്ങനെ ഒരുപാട് യാതനകൾ അനുഭവിച്ച യിയോന്മി പാർക്ക്, ഇന്ന് ലോകം അറിയപ്പെടുന്ന മനുഷ്യാവകാശപ്രവർത്തകയും, സ്ത്രീശബ്ദവും, എഴുത്തുകാരിയുമൊക്കെയാണ്.. "Inorder to Live- A North Korean Girl's Journey to Freedom" എന്ന, 'Penguin' പ്രസിദ്ധീകരിച്ച പുസ്തകം, യിയോന്മി പാർക്കിന്റെ ജീവിതത്തിന്റെ നേർക്കാഴ്ചയാണ്.. 2009 മുതൽ തെക്കൻ കൊറിയയിൽ സ്ഥിരതാമസമാക്കിയിരുന്ന യിയോന്മി പാർക്ക്, 2014ൽ ന്യുയോർക്കിലേക്ക് ചേക്കേറി.. ഇപ്പോൾ കൊളംബിയ യൂണിവേഴ്സിറ്റിയിൽ പഠിക്കുന്നു..
ഡാ.. യിയോന്മി പാർക്കിന്റെ ജീവിതം പറഞ്ഞത്, അവരെ വാഴ്ത്താനല്ല.. അവർ സ്ത്രീകളുടെ ഒരു സ്പെസിമനാണ്.. ഒരോ സ്ത്രീജീവിതങ്ങളും ഓരോ ചെറുത്ത് നിൽപ്പുകളുടെ ബാക്കിപത്രങ്ങളാണ്.. ഓരോ നോവുകടൽ നീന്തിയവരാണ്.. കുടുംബത്തെ ചേർത്തുനിർത്താൻ, ഓരോന്നും തിരസ്കരിച്ചവരാണ്.. അതുകൊണ്ട് തന്നെയാണ്, സ്ത്രീപക്ഷം മനുഷ്യപക്ഷമാകുന്നത്..
ഡാ.. എല്ലാ മനുഷ്യരിലും ഓരോ മഹാഭാരതങ്ങൾ ഉണ്ട്.. അത് കാണാൻ കഴിയണം എന്ന് മാത്രം.. അതിനു, നമ്മൾ അവരുടെ ഷൂവിൽനിന്ന് നോക്കണം.. നമ്മൾ ഇന്നലെവരെ കണ്ടതിനേക്കാൾ വ്യത്യസ്തമായ കാഴ്ചകൾ കാണാം.. അതിനെ, മന:ശാസ്ത്രത്തിൽ 'എമ്പതി' എന്നൊക്കെ പറയാം.. ആ വ്യക്തിയുടെ അവസ്ഥയോട് താതാത്മ്യപ്പെടുക.. ആ വ്യക്തിയിലൂടെ കാണുക.. നമ്മൾ, പൊതുവെ 'സിമ്പതി'യുടെ ആൾക്കാരല്ലേ..? ആരുടെയെങ്കിലും അവസ്ഥയോട് ഒരു അനുകമ്പ കാണിച്ച്, രണ്ട് ഡയലോഗും വിട്ടാൽ നമ്മൾ ഫ്രീ..! അല്ലേ..?
ഈ സിമ്പതിയ്ക്കപ്പുറത്തേക്ക് ഒരു ശരാശരി മനുഷ്യന് എത്ര ദൂരം പോകാൻ കഴിയും..?
നമ്മൾ നുണയുന്ന ഈ ജീവിതം പോലും ഒരു നുണയായിരിക്കെ, വീണ്ടും വീണ്ടും നുണയാൻ കുറെ ഓർമ്മകൾ തന്ന നിനക്കായി ഇനിയും എഴുതാം, എന്ന പ്രതീക്ഷയോടെ നിർത്തട്ടെ..
എന്ന്...
❤
മറുപടിഇല്ലാതാക്കൂ