2020 ഏപ്രിൽ 8, ബുധനാഴ്‌ച

ഉണ്ണിയുടെ കത്തുകൾ- രണ്ട്

മടവൂർ
02/4/2020


ഇത് നിനക്കായി കുറിക്കുന്ന രണ്ടാമത്തെ കത്ത്. 
ഇന്നലെ കത്തെഴുതി, ഒടുവിൽ ഉറങ്ങിയതറിഞ്ഞില്ല.. നിന്റെ കുറുമ്പുകൾ, നെയ്യുറുമ്പുകളായി കാതിൽ ഓടിനടക്കുന്നുണ്ടായിരുന്നു.. 
കശുമാങ്ങയുടെ കാര്യം പറഞ്ഞാണ് നമ്മൾ നിർത്തിയത്. ഇന്ന്, വീണ്ടും ആ ഓർമ്മപൊതികൾ തുറക്കാൻ തുടങ്ങുമ്പോഴേക്കും, ഇതാ ഒരു സന്ദേശം.. 'ഫേസ്‌ബുക്കിൽ ഞാൻ ഇട്ട ചിത്രങ്ങൾ ഇഷ്ടമായെന്നും, ഇനിയെന്നാണ് നീ വീണ്ടും എന്റെയൊരു ചിത്രം എടുക്കുന്നതെന്നും' ചോദിച്ചുകൊണ്ട്.. കടലിനക്കരെ നിന്നും. 
ഒപ്പം ഇങ്ങനെയൊരു പ്രയോഗവും.. 'So adorable, as your presence..'  
ഉം.. എനിക്ക് ഊഹിക്കാൻ പറ്റുന്നുണ്ട്, നിന്റെ കോപം കൊണ്ട് ചുമക്കുന്ന ആ മുഖം.. ഒപ്പം ചിറികോട്ടിയ പരിഭവവും.. നിനക്കാറിയാലോ, നിന്നിലേക്കല്ലാതെ, നീയെന്ന സാന്ത്വനതീരത്തേക്കല്ലാതെ ഞാൻ ഒഴുകില്ലെന്ന്..
ആർക്കാണ് ഞാൻ adorable എന്ന് നിനക്കറിയേണ്ടേ..?
അല്ലെങ്കിൽ വേണ്ട..  നിന്നെയെന്തിന് നീറ്റുന്നു..
എങ്കിലും ഒന്നറിയുക.. അതൊരു അറബിക്കഥയാണ്.. ഷെഹരസേദ് രാജ്ഞി ഷെഹരിയാർ സുൽത്താനോട് പറഞ്ഞ കഥകൾ പോലെയല്ല.. ഒരു അറബിപ്പെണ്ണിന്റെ കഥ.. 
 അത്രേയുള്ളൂ.. ചിലതൊക്കെ ചെപ്പിൽതന്നെയിരിക്കട്ടെ.. ഓരോ 'മരണ'ങ്ങളില്നിന്നും ഉയിർത്തെഴുന്നേൽക്കാൻ ഇതുപോലെ ചിലതൊക്കെ ഉള്ളിൽ വേണ്ടേ..? 

നീയൊരിക്കൽ പറഞ്ഞില്ലേ, 
ഫീനിക്സിനു ഉയിർത്തെഴുന്നേൽക്കണമങ്കിൽ, ആദ്യം ആ പക്ഷി ചാരമാവണം എന്ന്.. അതേ, എത്രയോ തവണ ചാരമായി.. അത്രയും തന്നെ ഉയിർപ്പുകളും..!

പിന്നെ...  നിയന്ന് പറഞ്ഞുപിരിഞ്ഞ വാക്കുകൾ ഇപ്പോഴും കൊത്തിവലിയ്ക്കുന്നു.. 'ഒടുവിൽ, വിരൽത്തുമ്പിൽനിന്നും ഊർന്നുപോയതിനുശേഷമാവാം, നിന്നിൽ ഞാനുണ്ടായിരുന്നുവെന്നു നീയറിയുന്നത്' എന്ന്..

കൂടുതൽ എഴുതാൻ പറ്റുന്നില്ല.. നിർത്തട്ടെ..

എന്ന്.....


NB: ഇതിനോടൊപ്പം ഒരു ചിത്രം ഉണ്ട്.. ഇന്ന് എടുത്തത്.. അത് എന്നിലെ നീയാണ്..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ