മടവൂർ
12/04/2020
പ്രിയപ്പെട്ട നിനക്കായി മാത്രം
കുറിക്കാൻ തുടങ്ങിയ വാക്കുകൾ ഇന്ന് ഒരു ഡസൻ കത്തുകളാവുന്നു.. ഓരോ ദിനവും നിനക്കായി കിളിർക്കുന്ന വാക്കിന്റെ വിത്തുകൾ, ഓർമ്മയുടെ നീർച്ചാലിൽ, അവശേഷിക്കുന്ന നീരൂറ്റിക്കുടിച്ച് വളരാൻ വെമ്പുന്നു.. ഭൂതകാലത്തിന്റെ മച്ചിൻപുറങ്ങളിൽ, ഇനിയും നിന്നോട് പറയാൻ ഒരുപാട് വർത്തമാനങ്ങൾ ബാക്കി..
ഇന്ന് ഈസ്റ്റർ..
ഈസ്റ്റർ ഒരു പ്രതീക്ഷയാണ്.. ഏത് പീഡനാനുഭവത്തിനും അപ്പുറത്ത് അതിജീവനത്തിന്റെ ഉയിർത്തെഴുന്നേൽപ്പുണ്ട് എന്ന പ്രതീക്ഷ..
ഒരുപക്ഷേ, മുമ്പ് ഒരിക്കലും അനുഭവപ്പെടാത്ത പ്രസക്തിയുണ്ട് ഈ ഈസ്റ്ററിന്.. ഒരു മഹാമാരിയിൽ നിന്നും നമ്മൾ ഉയിർത്തെഴുന്നേൽക്കും എന്നു മാത്രമല്ല, കുരിശ്ശിൽ തറയ്ക്കപ്പെട്ട നന്മയും നീതിയും സമത്വവുമെല്ലാം ഉയിർത്തെഴുന്നേൽക്കും എന്ന പ്രതീക്ഷ.. പ്രത്യാശയുടെ കിരണങ്ങൾ ഓരോ മനുഷ്യനിലും ഉദിച്ചുപൊങ്ങുന്ന ദിനം..
ഡാ... ഒന്നാലോചിച്ചാൽ, നമ്മൾ എല്ലാവരും എന്നും ഓരോ ഉയിർപ്പുകളിലൂടെയല്ലേ ജീവിയ്ക്കുന്നത്? ഓരോ നിദ്രയും ഓരോ
മരണങ്ങളാണ്.. ഓരോ ഉണരലും ഓരോ ഉയിർപ്പുകളും..
എന്റെ അമ്മാമ്മ, സന്ധ്യയ്ക്ക് വിളക്കുകൊളുത്തി നാമം ചൊല്ലിക്കഴിഞ്ഞാൽ,
പല്ലുകൾ യാത്രചൊല്ലിയവശേഷിപ്പിച്ച മോണയിൽ, പുകയിലത്തണ്ട് ഉരച്ചുകൊണ്ട് എന്നെ അടുത്തേക്ക് വിളിക്കുമായിരുന്നു.. മുറുക്കാൻ ചവയ്ക്കുന്നതിനു പാക്ക് ഇടിച്ചുപൊടിച്ചു കൊടുക്കാൻ.. നാലും കൂട്ടി മുറുക്കി, കോളാമ്പിയിൽ ഒന്ന് ആഞ്ഞു തുപ്പിക്കഴിയുമ്പോൾ അമ്മാമ്മയ്ക്ക് ആശ്വാസമാവും.. എന്നിട്ട്, ഭസ്മം മണക്കുന്ന നെറ്റിയിലേക്ക് എന്നെ ചേർത്ത് ഒരു ഉമ്മതരും.. എന്നിട്ട് ഓരോ കഥകൾ പറയും.. അങ്ങനെ ഒരിക്കൽ ഉറക്കം എന്താണെന്നും അമ്മാമ്മ പറഞ്ഞുതന്നു..
എനിക്ക് ഇന്നും ആ നിഷ്‌കളങ്കമായ അറിവ് വിശ്വസിക്കാനാണ് ഇഷ്ടം.. കാരണം, അതിൽ അമ്മാമ്മ അലിഞ്ഞുകിടക്കുന്നു..
രാത്രിയിൽ നമ്മൾ ഉറങ്ങാൻ കിടന്ന്, കണ്ണ് അടച്ചുകഴിഞ്ഞാൽ നമ്മുടെ ഉയിരു നമ്മുടെ ശരീരത്തിൽനിന്നും പുറത്തുപോകും.. എന്നിട്ട് ഒരുപാട് കറങ്ങും.. അങ്ങനെ ഉയിരു കറങ്ങുമ്പോൾ കാണുന്ന കാഴ്ചകളാണ് സ്വപ്നങ്ങൾ...!!
ഹായ്... എന്ത് രസമുള്ള കൻസപ്റ്റ്
അതുപോലെ, ഒരിക്കൽ ഒരാൾ നേരം വെളുത്തിട്ടും എണീറ്റില്ല.. അയാൾ മരിച്ചു എന്ന് കരുതി, ആൾക്കാർ കൂടി.. കരച്ചിലായി.. അയാളുടെ ശരീരം കുഴിച്ചിടാൻ നേരം, അയാൾ പെട്ടെന്ന് ഞെട്ടിയുണർന്നു..
ങേ?
" ഉം..അത് എന്താന്നറിയോ ഉണ്ണിയ്ക്ക്? "
ഇല്ല.. അത് എങ്ങനാ?
"അതേ".. അമ്മാമ്മ വീണ്ടും നീട്ടിത്തുപ്പി.. " അതേ.. തലേന്ന് രാത്രീല് ആ ഉയിരു വെള്ളം ദാഹിച്ചിട്ട് ഒരുപാട് ചുറ്റി.. അവസാനം വീട്ടിനു പുറകിലിരുന്ന ഒരു മൻകലത്തിനുള്ളിൽ വെള്ളം കുടിക്കാൻ കേറിയപ്പോ, കലം കമിഴ്ന്ന് വീണു.. "
എന്നിട്ട്?
"എന്നിട്ട്, രാവിലെ ആയിട്ടും ഉയിരിന് വെളിയിൽ വരാൻ പറ്റീല്ല.. അപ്പൊ ആളുകള് വിചാരിച്ചു, അയാൾ മരിച്ചെന്ന്.."
പിന്നെങ്ങാനാ അമ്മാമ്മ അയ്യാൾ എണീറ്റത്?
" അത്, മരണത്തിനു വന്ന ആരോ, ആ കലം നിവർത്തിവച്ചു.. അപ്പോൾ ഉയിരു തിരിച്ചുവന്ന് കേറി.."
ഹോ...!!
സത്യത്തിൽ, അമ്മാമ്മ പറഞ്ഞ കഥ ഞാൻ അതുപോലെ വിശ്വസിച്ചിരുന്നു, പിന്നീട് സ്‌കൂളിൽ സയൻസ് പഠിക്കുന്നതുവരെയും..
എങ്കിലും, അമ്മാമ്മ പറഞ്ഞ ആ കഥയിൽ ഒരു ഉയിർപ്പ് ഉണ്ടായിരുന്നു.. ഒരു ജീവന്റെ ഉയിർത്തെഴുന്നേൽപ്പ്..
ഡാ... ദൈനംദിനമരണങ്ങളിൽ നിന്നും എന്നെ വീണ്ടും വീണ്ടും ഉയിർപ്പിക്കുന്നത് ഇതുപോലുള്ള നിഷ്കളങ്കമായ സ്നേഹങ്ങളാണ്.. കഥകളാണ്.. ജീവിതങ്ങളാണ്...
അങ്ങനെ, ഓരോ ഉറക്കവും നന്മയിലേക്കുള്ള ഉയിർപ്പുകൾക്കായിട്ടാവട്ടെ..
പ്രാർത്ഥനകളോടെ നിർത്തട്ടെ..
എന്ന്.....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ