മടവൂർ
15/04/2020
പ്രിയപ്പെട്ട എന്റെ പാതിനെഞ്ചിനായി എന്റെ പതിനഞ്ചാം കത്ത്..
ഇതുപോലൊരു ഏപ്രിൽ പതിനഞ്ചിനായിരുന്നു ഞാൻ പ്രവാസം ഉപേക്ഷിക്കാൻ തീരുമാനിച്ചത്.. 2018 ഏപ്രിൽ 15 ന്, ഞാൻ ഖത്തർ ടെലിവിഷനിലെ ജോലിയിൽ നിന്നും സ്വമേധയാ പിരിയാനുള്ള കത്ത് നൽകി.. ആ തീരുമാനം, ശരിയായിരുന്നോ എന്ന്, പിന്നീട് പലരും എന്നോട് ചോദിച്ചിട്ടുണ്ട്.. ഒരുവേള, ഇന്നും എനിക്ക് ഉത്തരം പറയാനാവാത്ത ചോദ്യമാണ് അത്.. നീയും അതുതന്നെ ചോദിക്കുന്നുണ്ടാവും.. ഉത്തരം കണ്ടെത്താനോ പരിഹരിക്കാനോ കഴിയാത്ത ഒരുപാട് ചോദ്യങ്ങൾ നമ്മുടെ ജീവിതത്തിൽ ഉണ്ടാവില്ലേ..?
"ജാതസ്യ ഹി ധ്രുവോ മൃത്യുർ
ധ്രുവം ജൻമ മൃതസ്യ ച
തസ്മാദപരിഹാര്യേ/ർത്ഥേ
ന ത്വം ശോചിതുമർഹസി"
എന്നല്ലേ ഭഗവാൻ അര്ജുനനോട് പറയുന്നത്..
അതായത്,
ജനിച്ചവന് മരണം നിശ്ചിതമാണ്. മരിച്ചവന് ജനനവും സുനിശ്ചിതമാണ്. ആയതിനാൽ പരിഹരിക്കാൻ സാധിക്കാത്ത കാര്യത്തെക്കുറിച്ച് നീ എന്തിന് ദുഃഖിക്കണം?
ശരിയല്ലേ..?
എന്നാലും ചിലത് നമ്മളെ നൊമ്പരപ്പെടുത്തിക്കൊണ്ടേയിരിക്കും.. എന്നും..
ഡാ.. ഈ സോഷ്യൽ മീഡിയായിലൂടെ ഒരുപാട് സൗഹൃദങ്ങൾ ഉണ്ടാകാറില്ലേ? അതിൽ ചിലത് ജെനുവിൻ ആയിരിക്കും.. ചിലവ പൊള്ളയും.. കേരളത്തിന്റെ ഒരു അയൽസംസ്ഥാനത്തിന്റെ തലസ്ഥാനത്തേക്ക് പറിച്ചുനടപ്പെട്ട ഒരു കുടുംബം.. രണ്ട് മക്കൾ.. ഞാൻ പരിചയപ്പെടുമ്പോൾ, മൂത്തമോൻ ബി ബി എ കോഴ്‌സ് കഴിഞ്ഞിരുന്നു.. പാസാവൻ ഒന്നോ രണ്ടോ പേപ്പർ ബാക്കി..
ഇളയത് പെണ്കുട്ടിയാണ്.. പത്താം ക്ളാസിൽ.. അമ്മ, ഒരുപാട് അസുഖങ്ങളുള്ള ആൾ.. അതുകൊണ്ടുതന്നെ, ഭർത്താവ് ഒരുനാൾ യാത്രപറയാതെ എങ്ങോട്ടോ പോയി..
ദോഹയിൽ, ഞങ്ങൾ കുറെ സ്നേഹിതർ, ഞങ്ങളുടെ വരുമാനത്തിൽ നിന്നും ചെറിയ തുക മാറ്റി വച്ച്, നാട്ടിൽ ചികിത്സിക്കാൻ പണമില്ലാത്തവർക്കോ, പഠിക്കാൻ സാമ്പത്തികബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്കോ ചെറിയ സഹായം ചെയ്തിരുന്നു.. അങ്ങനെയാണ് ഈ കുടുംബത്തെയും അറിയുന്നത്..
അവർക്ക് സാമ്പത്തികസഹായത്തെക്കാൾ, അവരുടെ മകന് ഒരു ജോലിയായിരുന്നു ആവശ്യം..
" എത്രനാൾ നിങ്ങൾക്ക് ഞങ്ങളെ സഹായിക്കാൻ പറ്റും..? കഴിയുമെങ്കിൽ മോന് ഒരു ജോലി ശരിയാക്കിയാൽ, എന്റെ ചികിത്സയും മോളുടെ പഠിത്തവുമെല്ലാം നടക്കും.. മാഷ് എന്നെ ഒന്ന് സഹായിക്കണം.."
ഒരു ദിവസം മെസഞ്ചറിൽ വന്ന മെസേജ് ആണ്..
ഞാൻ ശ്രമിക്കാം എന്ന് പറഞ്ഞു... മോന്റെ സി വി അയച്ചുതന്നു.. ഞാൻ പലരോടും പറഞ്ഞു.. ഒടുവിൽ, ഒരു മണി എക്‌സ്ചേഞ്ചിൽ ജോലി ശരിയായി.. വിസയുടെ പ്രൊസീജിയർ കഴിഞ്ഞാൽ, ഒരു മാസത്തിനുള്ളിൽ ജോലിയിൽ പ്രവേശിക്കാം.. കുഴപ്പമില്ലാത്ത ശമ്പളം ഉണ്ട്.. ഞാൻ അവരോട് ആ സന്തോഷവാർത്ത അറിയിച്ചു.. ഫോണിലൂടെ ആ മോനും എന്നോട് സംസാരിച്ചു.. ആദ്യമായും.. അവസാനമായും..
അന്ന് രാത്രി, ഫോൻ മ്യൂട്ടിൽ ആയിരുന്നു.. രാവിലെ നോക്കുമ്പോൾ, അവരുടെ പത്തോളം മിസ്ക്കോൾ.. ഒപ്പം ഒരു വാട്‌സ്ആപ്പ് സന്ദേശം..
"രാത്രിയിൽ ഒരു സുഹൃത്തിനെ കണ്ട് തിരികെവരുമ്പോൾ, അവരുടെ ഫ്‌ളാറ്റില്നിന്നും പുറത്തേക്ക് തെറ്റായ ദിശയിലൂടെ പോയ കാർ ഇടിച്ചു, വലിയ പരിക്കുകളോടെ മോൻ ആശുപത്രിയിൽ ആണ്.. 4 ലക്ഷം രൂപ അടച്ചാൽ, ഓപ്പറേഷൻ നടക്കും.. പൈസയില്ല.. പറ്റിയാൽ സഹായിക്കണം.."
പലരിൽ നിന്നായി ഒരു ചെറിയ തുക സംഘടിപ്പിച്ചു അയച്ചു.. അത് അവിടെ കിട്ടും മുൻപേ അടുത്ത സന്ദേശം..
" അവൻ പോയി.."
ഈ സംഭവം നടക്കുന്നത്, 2017 ഏപ്രിൽ 15 നു..
ഇന്നും, ഞാൻ ഒരിക്കലും കണ്ടിട്ടില്ലാത്ത ആ ചെറുപ്പക്കാരൻ ഒരു നോവായി മനസ്സിൽ നിറയുന്നു..
പിന്നീട്, അവർ എന്നെ അധികം വിളിച്ചിട്ടില്ല.. ഇന്ന് ലോകത്ത് ബാക്കിയായ ആ അമ്മയും മകളും എവിടെയാണെന്ന് എനിക്ക് അറിയില്ല..
ഡാ... നമ്മുടെ ജീവിതത്തിൽ എത്രയെത്ര നിയോഗങ്ങൾ ആണ്..? നമ്മുടെ ജീവിതത്തിൽ നമ്മൾ പരിചയപ്പെടുന്ന ഓരോ മനുഷ്യനും, ഒപ്പം പ്രകൃതിയിലെ ഓരോ ചാരാചരങ്ങൾക്കും, നമ്മുടെ ജീവിതത്തിൽ ഒരു റോൾ ഉണ്ടാവും.. അത് നെഗറ്റീവോ പോസിറ്റീവോ ആവാം..
അത് എന്നും പൊസിറ്റീവായിരിക്കണം എന്നാണ് എന്റെ പ്രാർത്ഥന..
ഡാ.. നമ്മളെക്കുറിച്ചുള്ള ഓർമ്മ, മറ്റൊരാളുടെ കണ്ണിൽ പ്രകാശമായും, ചുണ്ടിൽ പുഞ്ചിരിയായും മാറിയാൽ, അതിൽപ്പരം പുണ്യം എന്താണ് ഇഹലോകത്തിൽ..?
ഭർതൃഹരിയുടെ ഒരു സുഭാഷിതം ഉണ്ട്..
രവിശ്ചന്ദ്രോഘനാവൃക്ഷാ
നദീഗാവശ്ച സജ്ജനാ
ഏതേ പരോപകാരായ
ലോകേ ദേവേന നിർമ്മിത:
അതുതന്നെ.. അത്രേയുള്ളൂ..
നിഷ്കാമകർമ്മം ഇല്ലാത്തത്
നമ്മൾ മനുഷ്യർക്ക് മാത്രം..
അതുകൊണ്ട് എല്ലാറ്റിനെയും സ്നേഹിക്കുക.. നല്ല ഓർമ്മകൾ നൽകുക..
കെയിറ്റ് വിൻസലറ്റിന് ഓസ്‌കാർ കിട്ടിയ റീഡർ എന്ന സിനിമയിൽ ഒരു വാചകം ഉണ്ട്..
നീ ഈ ഭൂമിയിൽ വന്നതിനേക്കാൾ സുന്ദരമായിരിക്കും നിന്റെ മടക്കയാത്ര.. സ്വർഗ്ഗം, നിന്നെ തിരികെയെടുക്കുമ്പോൾ, നിന്റെ നക്ഷത്രകണ്ണുകളിലേക്ക് നോക്കിക്കൊണ്ടു ഇങ്ങനെ പറയും..
"Only one thing that makes you so complete and beautiful.. that thing is LOVE.."
അതേ.. എല്ലാറ്റിനോടുമുള്ള പ്രണയം..
ആ പ്രണയത്തോടെ നിർത്തട്ടെ..
എന്ന്....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ