2014 ഏപ്രിൽ 7, തിങ്കളാഴ്‌ച

സഹിഷ്ണുതയും സഹവർത്തിത്തവും


       സഹിഷ്ണുതയും സഹവർത്തിത്തവും....

    വിശ്വപ്രസിദ്ധ നോവലിസ്റ്റായ ചാൾസ് ഡിക്കൻസിന്റെ ഒലിവർ ട്വിസ്റ്റ് എന്ന നോവലിലെ ബിൽസൈക് എന്ന കഥാപാത്രത്തേയും അദ്ദേഹത്തിന്റെ നായയേയും പെട്ടെന്ന് മറക്കാനാവില്ല...എല്ലാ ദിവസവും തന്റെ കണ്മുൻപിൽ കാണുന്ന നായയെ എത്രത്തോളം ഉപദ്രവിയ്ക്കാമോ,അത്രത്തോളം ഉപദ്രവിയ്ക്കുന്നു..എന്നാൽ,നായ അത്രയും ആഴത്തിൽ യജമാനഭക്തി കാണിച്ചുകൊണ്ടേയിരിക്കുന്നു...ഇതു,ഒരുപക്ഷേ,യജമാനഭക്തി മാത്രമാവണമെന്നില്ല..നായയുടെ ‘സഹിഷ്ണുതയുംകൂടിയാവാം..!!
  ഇന്ന്,ലോകം ഒരു ഗ്രാമത്തോളം ചെറുതായിരിക്കുന്നു..വിരൽത്തുമ്പിൽ എല്ലാം അറിയുന്നു..അതുപോലെതന്നെ നമ്മുടെ ബന്ധങ്ങൾക്കും മാറ്റം വന്നിരിക്കുന്നു..എല്ലാറ്റിനും ഒരു വേഗത..! ആ വേഗത നമ്മുടെ ജീവിതത്തിലും,ഒപ്പം പെരുമാറ്റത്തിലും പ്രകടമാവുന്നു...ക്ഷമിയ്ക്കാനും സഹിയ്ക്കാനും കാത്തിരിയ്ക്കാനുമുള്ള ‘ക്ഷമ നഷ്ടമാവുന്നു...! ഈ മാനസ്സികാവസ്ഥ  പലപ്പോഴും ബന്ധങ്ങളിൽ വിള്ളലുണ്ടാക്കുന്നതിനോടൊപ്പം ,ഈർഷ്യ,ഈഗോ തുടങ്ങി,‘നെഗറ്റീവായിട്ടുള്ള മാനസ്സികാവസ്ഥയിലേക്ക് നയിക്കുകയും ചെയ്യുന്നു..
  കഴിഞ്ഞ ദിവസം ഒരു ആശുപത്രിയിൽ ഡോക്റ്ററെ കാണാനിരിക്കുമ്പോൾ,സമാനമായ ഒരു കാഴ്ച്ച കാണാൻ ഇടയായി..ടോക്കൻ നമ്പർ പ്രകാരം, ഡോക്റ്ററുടെ അരികിലെത്താൻ ഇനിയും പത്തുപേർ കൂടി കഴിയണം..ലേശം ധൃതിയിലായിരുന്നെങ്കിലും,കാത്തിരിയ്ക്കാതിരിയ്ക്കാൻ കഴിയില്ല എന്ന യാഥാർത്ഥ്യം ദീർഘനിശ്വാസങ്ങളായി പുറത്തേക്ക് വന്നു..നേത്രരോഗവിദഗ്ദൻ,മിനിമം പത്തു മിനിറ്റെങ്കിലും ഒരു രോഗിയ്ക്കായി മാറ്റിവയ്ക്കുമ്പോൾ,എന്റെ ഊഴമെത്താൻ കുറഞ്ഞത് ഒന്നര മണിയ്ക്കൂറെങ്കിലും കാത്തിരിയ്ക്കണം..ശീതീകരിച്ച മുറിയിലിരുന്ന് ഉറങ്ങിയ എന്നെ പെട്ടെന്ന് ഉണർത്തിയത് ഉച്ചത്തിൽ വഴയ്ക്കിടുന്ന രണ്ടൂ സ്ത്രീകളായിരുന്നു..!!
   ഇ എൻ റ്റി ഡോക്റ്ററുടെ സഹായിയായ നഴ്സും,ഡോക്റ്ററുടെ മുറിയിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച ഒരു സ്ത്രീയും,ആംഗലേയ ഭാഷയുടെ പരുക്കൻ മുഖം, കാട്ടി..ഒടുവിൽ ഉന്തും തള്ളുമായി..!! കാര്യം നിസ്സാരമായി തോന്നാം..കുറച്ചുമുൻപ് ഡോക്റ്ററെ കണ്ടു മടങ്ങിയ ഒരു രോഗി,സംശയനിവാരണത്തിനായി വീണ്ടും ഡോക്ടറുടെ മുറിയിലേക്ക് പ്രവേശിച്ചു.. തന്റെ ‘നമ്പർ ആയിട്ടും, വിളിയ്ക്കാതെ, ‘നമ്പർ ഇല്ലാത്ത ഒരാൾ  അകത്തു പ്രവേശിച്ചതിൽ കുപിതയായ ‘രോഗിണി..!! സന്ദർശകരോട് പാലിയ്ക്കേണ്ട സാമാന്യമര്യാദയും ഭാഷാപ്രയോഗവും മറന്നുപോയ ‘നഴ്സ്..!! ഇതെല്ലാം കേട്ടിട്ടും ,കേട്ടില്ലാന്ന് നടിച്ചിരിക്കുന്ന ‘ചെവി ഡോക്റ്റർ..!! പെട്ടെന്ന്,ഇംഗ്ലീഷ് ഉപന്യാസകാരനായിരുന്ന ഇ.എം.ഫോസ്റ്ററുടെ വാക്കുകൾ ഓർത്തുപോയി..സഹിഷ്ണുത..ഒരുപക്ഷേ,അതൊരു ‘നെഗറ്റീവ് വിർച്വൂ ആവാം..എങ്കിലും സമാധാനത്തോടെയുള്ള സഹവർത്തിത്തത്തിനു അത് അനിവാര്യമാണ്...ഇവിടെ,സഹിഷ്ണുത കാട്ടാനുള്ള സാമാന്യബോധം അവരിൽ ആരെങ്ങിലും ഒരാൾ കാണിച്ചിരുന്നുവെങ്കിൽ...!!!
  ഇന്ന്,ലോകത്തും,ഒപ്പം വ്യക്തികളുടെ സാമൂഹ്യ ജീവിതത്തിലും വ്യക്തിജീവിതത്തിലും പല പ്രശ്നങ്ങളും നേരിടുന്നത് അസഹിഷ്ണുതമൂലമാണ്..സഹിഷ്ണുത എന്നത് ഒരു കീഴ്പ്പെടലല്ല..മറിച്ച് ഒരു ചേർന്ന് പോക്ക് മാത്രമാണ്.ജീവിതത്തിന്റെ ഓരോ നിമിഷത്തിലും അതു അനിവാര്യമാണ്..ഫോസ്റ്റർ എഴുതിയതുപോലെ,നമുക്ക് നമ്മുടെ ശത്രുവിനെ സ്നേഹിക്കാൻ  കഴിയില്ല..അവരെ ഉന്മൂലനാശനം ചെയ്യാനുള്ള അവകാശവുമില്ല..(ചിലർ ചെയ്യുന്നുണ്ടെങ്കിലും..!!) എന്നാൽ,ഒരു സമാധാനപരമായ സാമൂഹ്യക്രമത്തിന് ആ ‘ശത്രുവിനോട് സഹിഷ്ണുത കാട്ടാം..!!  കുടുംബബന്ധങ്ങളും,സാമൂഹികബന്ധവും,വ്യക്തിബന്ധങ്ങളും എല്ലായിപ്പോഴും സ്നേഹത്തിന്റെ നൂലിൽ കോർക്കാൻ കഴിഞ്ഞെന്നു വരില്ല..!!എന്നാൽ  സഹിഷ്ണുതയിൽ ആവാം...!!
------------------------ഉണ്ണി മടവൂർ---------------------------------------------------------