മരണത്തിന്റെ മണം..
.....കൊടമ്പുളിയിട്ടുവച്ച
മീൻ കറിയും കൂട്ടി ഉച്ചയൂണും കഴിച്ച്,വരാന്തയുടെ അരികിൽനിന്നു പുറത്തേക്ക് കൈ കഴുകി
ഒഴിക്കുമ്പോഴാണ്,അയലത്തെ സീതയുടെ പഴകിയ വീട് വൈശാഖൻ വീണ്ടും ശ്രദ്ധിച്ചത്...വേലിപ്പത്തലുകൾക്കിടയിലൂടെ
കണ്ട വീടിന്റെ മേല്ക്കൂരയിലെ ഓലയെല്ലാം ചെതുമ്പിച്ച് ചിതലരിച്ചു തുടങ്ങിയിരുന്നു....കാലം
മറന്നുവച്ച പാഥേയം....!!
“അവിടെ ആരുമില്ല...സാവിത്രിയമ്മ കൗസല്യയുടെ കൂടെയാണ്...ഇപ്പോ
ഇതുപോലത്തെ ഓലവീടൊക്കെ ആർക്കു വേണം..!”..തന്റെ അന്വേഷണം തുടങ്ങും മുൻപേ തന്നെ പിന്നിൽ
അമ്മയുടെ ശബ്ദം കേട്ടു അയ്യാൾ ഞെട്ടിത്തിരിഞ്ഞു..
“വയസ്സായി ഒരു ഗുണോം ഇല്ലാതായാൽ എല്ലാരുടേയും ഗതി
ഇതു തന്നെ...” തറയിൽ വീണ വറ്റ് തുടച്ചുകൊണ്ട്,
ആത്മഗതമായി പറയുന്നത് അയ്യാൾ കേട്ടു..
ഒരു ദീർഘനിശ്വാസത്തിൽ
എല്ലാം ഒതുക്കി,വരാന്തയുടെ അരഭിത്തിയിൽ ഇരിക്കുമ്പോൾ അമ്മയുടെ അവസ്ഥയും അയ്യാൾ ഓർത്തുപോയി...മക്കൾ നാലുപേരുണ്ടായിട്ടും
അമ്മ എന്നും ഒറ്റയ്ക്കാണ്...നഗരങ്ങളുടെ ഊഷരതയിൽ പണിപ്പെട്ട് വേരുറപ്പിച്ച തങ്ങളും തമ്മിൽ
കാണുന്നതു വല്ലാപ്പോഴും ഓണത്തിനോ അച്ഛന്റെ ആണ്ടിനോ മാത്രം...!
ഊണു കഴിഞ്ഞാൽ ഉച്ചയുറക്കം
പതിവില്ല..എങ്കിലും വല്ലാതെ ക്ഷീണം തോന്നിയിരുന്നു. വിവാഹശേഷം ഭാര്യയും, പിന്നിട് കുട്ടിയുമില്ലാതെ
തറവാട്ടിൽ വന്നിട്ടില്ല..വർഷങ്ങൾക്കുശേഷമാണ് അമ്മയെ കാണാൻ ഒറ്റയ്ക്ക് വരുന്നത്..അമ്മയെ
കാണാനെന്നു മാത്രം പറയാനും വയ്യ..ആത്മാവ് വറ്റിയ നഗരത്തിൽ നിന്നൊരു ഒളിച്ചോട്ടം..!
“ഊണു കഴിഞ്ഞാൽ ഒന്നു മയങ്ങണം..നടുവേദനയും മുട്ടുവേദനയും
കലശലായിരിക്കുന്നു..ങും..വയസ്സായില്ലേ..?”
പണ്ടെന്നോ വെളുപ്പായിരുന്ന
ചുണ്ണാമ്പ്,നിറവും സ്വഭാവവും മാറി ഉണങ്ങിപ്പിടിച്ച വെറ്റിലപ്പാത്രം തുറന്നുകൊണ്ട് അമ്മ
പറഞ്ഞു..“അപ്പോ നീയില്ലാതെ അവളും കുട്ടീം..?..എങ്ങനാ അവിടെ...?”
“..ഞാനില്ലാതായാലും അവർ ജീവിക്കണ്ടേ..?”..ഇഷ്ടമില്ലാത്ത
കാര്യം കേട്ട പോലെ പെട്ടെന്നു തിരിഞ്ഞു..
“നിന്നോട് തർക്കിക്കാൻ ഞാനില്ല..അച്ഛന്റെ അതേ സ്വഭാവം..”
വെറ്റിലയും അടയ്ക്കയും ചേർത്ത് ചതച്ച്,പല്ല്
അന്യം നിന്നു തുടങ്ങിയ വായിലേക്ക് വയ്ക്കേ അമ്മ പരിഭവിച്ചു..
വെറ്റിലച്ചെല്ലം വരാന്തയിൽ വച്ച്,തുപ്പൽ കോളാമ്പിയുമായി
പടിഞ്ഞാറെ മുറിയുടെ കരയുന്ന വാതിൽ തുറന്ന് അകത്തേക്ക് കയറുന്ന അമ്മയെ വാർധക്യം കീഴടക്കുന്നത്
അയാളറിഞ്ഞു...!
പണ്ട് മുറ്റം വലുതായിരുന്നു.മുറ്റത്തിന്റെ അതിരനപ്പുറത്ത്
ഒത്തിരി ചെടികളും നെല്ലിമരവും ഉണ്ടായിരുന്നു..സ്കൂളിൽ പഠിക്കുമ്പോൾ,വൈശാഖൻ കട്ടെടുത്ത്
കൊണ്ടുവന്ന അരളിച്ചെടിയും അരണമരവുമൊക്കെ വീടിനേക്കാൾ മുകളിൽ എത്തിനില്ക്കുന്നു..
ഇന്നു പഴയ ചെടികളുടെ ഫോസിലുകൾക്കുമുകളിൽ തൊട്ടാവാടിയും
ചൊറിയണവുമൊക്കെ തഴച്ചുവളരുന്നു..മേധാവിത്വം കൈയ്യാളുന്നു..പായലുപിടിച്ച വരമ്പ് നഷ്ടപ്പെട്ട
മുറ്റത്തിനു പുറത്ത് ഇന്നു അവശേഷിക്കുന്നത്,തനിക്ക് ‘നൊമ്പരപ്പഴം’
സമ്മാനിച്ച നെല്ലിമരം മാത്രമാണ്...!
ജീവിതത്തിന്റെ ദുരിതപർവ്വം
താണ്ടുന്നതിനിടയിൽ എപ്പോഴോ ആ നൊമ്പരപ്പഴവും ഓർമ്മയായി...!
ഓർമ്മയുടെ തിരയെ തിരികെ വിട്ട്,ഒരു ദീർഘനിശ്വാസത്തോടെ
,വൈശാഖൻ വരാന്തയുടെ അരഭിത്തിയിൽനിന്നെഴുന്നേറ്റ് മുറ്റത്തേക്കിറങ്ങി..ചരൽ ഇളകിക്കിടക്കുന്ന മുറ്റത്തിനും പാദത്തിനുമിടയിൽ
ഒരു വിദ്യുത്പ്രവാഹം രൂപംകൊണ്ടു..
അച്ഛനുള്ളപ്പോൾ ഒരിക്കലും മുറ്റത്ത് ഇത്രയും പുല്ലും
പാഴ്ച്ചെടികളും ഉണ്ടാവില്ല..ഒരു പാഴ്ച്ചെടി മുളപൊട്ടിയാൽ,ഉടനെ പിഴുതെറിയും..ഉപയോഗമില്ലാത്ത
ഒന്നും വളർത്തേണ്ട എന്നാണു പ്രമാണം..പിഴുതു തെങ്ങിന്റെ ചോട്ടിലിട്ടാൽ അതിനു വളമാവും...!!
ഈ സിദ്ധാന്തം തന്നെയാണ് തന്നോടും കാട്ടിയത്..!
ഒരു മേടപ്പത്തിനു,വിശാഖം നാളിൽ ജനിച്ചതുകൊണ്ടാണ്
നക്ഷത്രഗുണമുള്ള പേരു വീണത്. മൂന്നു പെൺകുട്ടികൾക്കുശേഷം കിട്ടിയ ആൺകുട്ടിയായതുകൊണ്ടാവാം,അമ്മയ്ക്ക്
സ്നേഹം കൂടുതലായിരുന്നു.
സാവിത്രിയയമ്മയുടെ ഇളയമകൾ സീതയും വൈശാഖനും ഒരുമിച്ചായിരുന്നു സതിച്ചേച്ചിയുടെ ‘കുടിപ്പള്ളീക്കൂടത്തിൽ’
അക്ഷരം പഠിക്കാൻ പോയിരുന്നത്..
വെളിച്ചെണ്ണ തേച്ച്,മുടി ചീകിയൊതുക്കി രണ്ടായി പിന്നിയിട്ട്,കൈതപ്പൂവും
തിരുകി കരിമഷിയും എഴുതി,മുഖത്ത് എണ്ണമെഴുക്കുമായി,സീത വൈശാഖന്റെ പിന്നിൽ,നടവരമ്പിലൂടെ
മെല്ലെ നടക്കും..വയലിനക്കരെ തോട്ടിലെ പരല്മീനിനോട് കളിച്ചും,കല്ലെടുതുമ്പിയെക്കൊണ്ട്
കല്ലെടുപ്പിച്ചും,മഷിത്തണ്ട് നുള്ളിയും ,കൈതച്ചെടികൾക്കിടയിലുള്ള നടവഴിയിലൂടെ ‘കുടിപ്പള്ളിക്കൂടത്തിൽ’
എത്തുമ്പോൾ പത്തുമണി കഴിയും..!! അപ്പോഴേക്കും സതിച്ചേച്ചി ഉച്ചക്കഞ്ഞിയൊക്കെവച്ച്,
കുട്ടികളേയും കാത്തിരിക്കും..
സതിച്ചേച്ചിയുടെ അമ്മ കശുവണ്ടിത്തൊഴിലാളിയായിരുന്നു.ചേച്ചിയുടെ ചെറുപ്രായത്തിലേ അച്ഛൻ മരിച്ചുപോയി..ഒരു ഇടവപ്പാതിയിൽ
കറണ്ട് കമ്പി പൊട്ടിവീണു ഷോക്കേറ്റാണത്രേ അയ്യാൾ മരിച്ചത്..കറവക്കാരൻ സഹദേവൻ രാവിലെ
മുകളിലെ വീട്ടിൽ പശുവിനെ കറക്കാൻ പോയപ്പോഴാണ്,വയലിൽ ചത്തുമലച്ച് കിടക്കുന്ന ഭാസ്ക്കരനെ
കണ്ടത്..! നാട്ടിൽ കൂടുതൽ പഠിച്ചിട്ടുള്ളത് സതിച്ചേച്ചിയായിരുന്നു...പ്രീഡിഗ്രി..!
അച്ഛൻ മരിച്ചപ്പോൾ പഠിത്തം നിർത്തി.അല്ലായിരുന്നുവെങ്കിൽ,പഠിച്ച് വലിയ ഡോക്ടറാകുമായിരുന്നെന്ന്
അമ്മ ഒരിക്കൽ സാവിത്രിയമ്മയോട് പറയുന്നത് വൈശാഖൻ
കേട്ടിരുന്നു....!!
വക്കുപൊട്ടിയ സ്ലേറ്റിൽ
അക്ഷരം എഴുതാൻ പഠിപ്പിച്ചിട്ട്,ചേച്ചി പിന്നിലെ അടുക്കളച്ചായ്പ്പിലേക്ക് മറയും..ചിലപ്പോഴൊക്കെ
പാത്രം തട്ടുന്ന ശബ്ദം കേൾക്കുമ്പോൾ,ചേച്ചി ഉറക്കെ വിളിച്ച് പൂച്ചയെ ഓടിക്കും..ആ നശിച്ച
പൂച്ചയ്ക്കുണ്ടായിരുന്ന ബീഡിയുടെ മണം തിരിച്ചറിയാൻ ഒത്തിരിക്കാലം കഴിയേണ്ടി വന്നു..!!
മിക്കപ്പൊഴും വന്നുപോയിരുന്ന ‘പൂച്ച’
ഒരുനാൾ ചേച്ചിയേയും കൊണ്ടുപോയി..! അതോടെ ‘കുടിപ്പള്ളിക്കൂടം’
പൂട്ടി..!!
ഗവണ്മെന്റ് എൽ.പി.സ്കൂളിൽ
ചേർന്നതിൽ പിന്നെ വൈശാഖന് സ്കൂളിൽ പോവാൻ ഒരുപാട് ഇഷ്ടമായിരുന്നു. സീതയോടും രവിയോടും
കലഹിച്ച്,മത്സരിച്ച് സ്കൂളിൽ പോവുംവഴി വട്ടയില എടുക്കാൻ മറക്കാറില്ല.ഇലയില്ലെങ്കിൽ
ഉപ്പുമാവ് കിട്ടില്ല...വറുത്തിട്ട കടുകിനേയും വണ്ടിനേയും തിരിച്ചറിയാൻ കഴിഞ്ഞില്ലെങ്കിലും
അവന് ഉപ്പുമാവ് ഇഷ്ടമായിരുന്നു..!
ആഴ്ച്ചചന്തയിൽ കുരുമുളക് വിറ്റിട്ട് വരുമ്പോഴാണ്,അച്ഛൻ
നെല്ലിത്തൈയ്യ് വാങ്ങിയത്..മുറ്റത്തിനു പുറത്ത് തെക്കേമൂലയിൽ വളരാൻ തുടങ്ങിയ നെല്ലിക്ക്
വെള്ളമൊഴിക്കുന്നതു വൈശാഖന്റെ ദിനചര്യയായി..
“ദേ...രണ്ടു നെല്ലിക്കായേയുള്ളൂ..ആരും പറിക്കരുത്..”
നെല്ലി കന്നികായ്ച്ചപ്പോൾ കല്പന വന്നു..പക്ഷേ സീതയെന്ന കളിക്കൂട്ടുകാരിക്ക് മുൻപിൽ
അവന്റെ ക്ഷമ നശിച്ചു..അങ്ങനെ അവനും ആ ‘ വിലക്കപ്പെട്ട കനി’
അടർത്തിയെടുത്തു..!പാകമാകാത്ത നെല്ലിക്കായുടെ കയ്പ്പ് മാറും മുൻപേ ചന്തിയിൽ ചോര പൊടിഞ്ഞു..ഒടുവിൽ
വ്രണമായി..ചലം ഒലിച്ചു...ഉണങ്ങി...കരിഞ്ഞു..!!
അകലെ അമ്മയുടെ തറവാട്ടിൽ അമ്മാമ്മ മാത്രമായപ്പോൾ,വൈശാഖനെ
കൂട്ടിനു വിട്ടു..പുതിയ സ്ഥലം ഇഷ്ടമായില്ലെങ്കിലും അച്ഛനെ പേടിച്ച് അമ്മാമ്മയോടൊപ്പം
കൂടി..പത്താം ക്ലാസുവരേയും അവിടുത്തെ സ്കൂളിൽ പഠിച്ചു..കൊടമ്പുളിയിട്ടുവച്ച മീൻ കറിയും
പഴംചോറും അവനുവേണ്ടി അമ്മാമ്മ മാറ്റിവയ്ക്കുമായിരുന്നു..
അമ്മാമ്മയ്ക്ക് അക്ഷരമറിയില്ലായിരുന്നെങ്കിലും ഒത്തിരി
കഥകളറിയാമായിരുന്നു..കുചേലൻ കൃഷ്ണനെ കാണാൻ പോയതും,നാട്ടിലെ എസ്.ഐ.കടുവാ കുട്ടൻപിള്ളയെക്കുറിച്ച്
പാട്ടു പുസ്തകമിറങ്ങിയതും,രാത്രിയിൽ ആത്മാവ് വെള്ളം കുടിക്കാൻ പോയി കുടത്തിൽ പെട്ടുപോയതും,പിന്നീട്
ശവദാഹത്തിനുമുൻപേ തിരിച്ചു വന്നതും,വയലിനക്കരെ കാവിനടുത്ത് മാടനെ കണ്ടതും ..ഒക്കെ...!!
അയ്യാൾ മുറ്റത്തിനു പുറത്തേക്കിറങ്ങി.ഒതുക്കുകല്ലുകൾ
പാകിയ ചവിട്ടുപടികൾ കരിയിലകൊണ്ട് മൂടിയിരുന്നു..ദ്രവിച്ച് പൊടിഞ്ഞ കരിയിലകൾക്കിടയിൽനിന്നും
അണലിയുടെ ഗന്ധം അയാളറിഞ്ഞു...തൊടിയിലേക്കിറങ്ങാൻ വല്ലാതെ ഭയം തോന്നി..
ഒരിക്കൽ സ്വർണ്ണം പൂശിയ
നെല്ക്കതിരുകൾ നിറഞ്ഞിരുന്ന പാടത്ത് കളകൾ മാത്രം...അച്ഛനുള്ളാപ്പോൾ അയ്യപ്പന്റെ കാളകളെക്കൊണ്ടായിരുന്നു
നിലം ഉഴുതിരുന്നത്..മരമടിക്കുമ്പോൾ കാളകളുടെ പിന്നിൽ ഓടുന്നതും ചെളിയിൽ വീഴുന്നതും
ഹരമായിരുന്നു...
“..നായരൂട്ടി...സൂശിക്കണം..തൊടിലേക്ക് എറങ്ങുമ്പോ
ശ്രത്തിക്കണം...” പിന്നിൽ പണ്ട് കേട്ടുമറന്ന ശബ്ദം..തേങ്ങയിടാൻ വരുന്ന മണിയൻ..“ അവിടേക്കെ
കാടും കരീലേയുമാണ്...അണലീം പയുതാരേമൊണ്ട്...നായരൂട്ടി ചെരുപ്പിടാതെ എറങ്ങണ്ട...എന്തേരെന്ന്
വച്ചാ ഞാനെടുത്ത് തരാം...”
താഴേക്കു വച്ച കാൽ തിരിച്ചെടുത്തു..അപ്പൊഴേക്കും ശവംതീനിയുറുമ്പുകൾ അയാളെ ആക്രമിക്കാൻ തുടങ്ങിയിരുന്നു...കാൽ
ചൊറിഞ്ഞുകൊണ്ട് മുറ്റത്തേക്ക് കയറി..
“നായരൂട്ടി വന്നന്ന് അറിഞ്ഞിട്ട് വന്നതാ..എന്താ വിശേശം..?”
ചോരവറ്റിയ കണ്ണുകളൂം ,തടിച്ച് വെള്ളപ്പാണ്ട് വന്ന ചുണ്ടുകളും,പുകയിലക്കറപിടിച്ച,അവശേഷിക്കുന്ന
പല്ലുകളും കാട്ടി മണിയൻ ചിരിക്കാൻ ശ്രമിച്ചു..
“അമ്മ മയങ്ങയാണ്...വിളിക്കണോ..?”
“വേണ്ട..നായരൂട്ടിയെ കണ്ടിട്ട് കൊറച്ച് നാളായില്ലേ..?
ഒന്നു കാണാൻ തോന്നി...”
മണിയൻ തേങ്ങയിടുമ്പോൾ,കുട്ടിയായിരുന്ന
വൈശാഖന് ഒരു ഇളനീർ പതിവായിരുന്നു..ആദ്യത്തെ
തെങ്ങിൽനിന്നു ഇറങ്ങിയാലുടൻ,വലിയ കൊടുവാൾ കൊണ്ട്
കരിക്കിന്റെ ചുവടുവെട്ടി കൊടുത്തിട്ടേ മറ്റു തെങ്ങിലേക്ക് പോവൂ...
അയാൾ നീട്ടിയ നൂറുരൂപ
നോട്ട് വാങ്ങുമ്പോൾ മണിയന്റെ കണ്ണു നിറഞ്ഞിരുന്നു..ഇപ്പോൾ തെങ്ങുകയറാനുള്ള കെല്പ്പില്ല..മക്കളാരും
കൂടെയില്ല..പഞ്ചായത്തിൽനിന്നും കിട്ടിയ ‘ലക്ഷം വീട്ടിൽ’
മണിയനും ഭാര്യയും മത്സരിച്ചു ചുമച്ചു ജീവിക്കുന്നു...!!
മുറ്റത്തെ കൃഷ്ണതുളസിയുടെ ഇലപറിച്ച് കശക്കി,വർഷങ്ങളായി
അതിരുകാക്കുന്ന വേലിപ്പത്തലുകൾക്കിടയിലൂടെ അയലത്തെ മുറ്റത്തേക്ക് കയറുമ്പോൾ,തിണ്ണയിൽ
ഉറങ്ങിയിരുന്ന പൂച്ച മുരണ്ട് എണീറ്റു....പ്ലാവിൻ കൊമ്പിലിരുന്ന ബലിക്കാക്ക ഉറക്കെ കരഞ്ഞുകൊണ്ട്
പറന്നുപോയി...വീടിനു സംരക്ഷണവലയം തീർത്തിരുന്ന ചിലന്തിവലകൾ ഭേദിച്ച് തിണ്ണയിലേക്ക്
കയറുമ്പോൾ,അവിടം ദ്രവിച്ച് പൊടിഞ്ഞുവീണ ഓലയും ,പൂച്ചയുടേയും നായയുടേയും രോമങ്ങളും കൊണ്ട്
നിറഞ്ഞിരുന്നു...!
വരാന്തയുടെ മൂല പ്രസവമുറിയാക്കിയ
പട്ടി,അതിക്രമിച്ച് കയറിയവനോടുള്ള രോഷം കാണിച്ചു..ചോർന്നൊലിച്ചു,യൗവനം നഷ്ടപ്പെട്ട
മൺഭിത്തി മേല്ക്കൂരയെ താങ്ങിനിർത്താൻ ഏറെ ക്ലേശിക്കുന്നുണ്ട്..ഇടിഞ്ഞുവീഴാൻ തുടങ്ങിയ
മൂലയിൽ കഴുക്കോലിനെ താങ്ങിനിർത്തിയിരുന്ന മുളയിൽ വണ്ടുകൾ കൂടുവച്ചിരുന്നു..പണ്ട് തങ്ങളുടെ
പൂർവ്വികരെ തീപ്പെട്ടിക്കൂട്ടിലിട്ട് ‘റേഡിയോ
’കളിച്ചതിന്റെ പ്രതികാരമെന്നോണം,ഒരു വണ്ട് അയാളുടെ ചെവിക്കരികിൽ ഉറക്കെ മൂളിപ്പറന്നു..
സീതയ്ക്കായി വിരിഞ്ഞ പൂക്കളും,അവളെ മോഹിപ്പിച്ച തുമ്പിയുമെല്ലാം
ഇപ്പോഴും അവിടെ പറന്നുനടക്കുന്നു. അവിടുത്തെ കാറ്റിന് അവളുടെ ചൂരും ചൊരുക്കുമായിരുന്നു...ചെമ്പകപ്പൂവിന്റെ
മണം...!!
അമ്മാമ്മയോടൊപ്പം പോയതില്പിന്നെ, വേനലവധിക്കും ഓണത്തിനും മാത്രമാണ് വൈശാഖൻ വീട്ടിൽ വന്നിരുന്നത്..ഓരോ വരവിലും
അവൾക്ക് മഞ്ചാടിമണികൾ കൊണ്ടുക്കൊടുത്തിരുന്നു..അമ്മാമ്മ കാണാതെ പറങ്ങിയണ്ടി പെറുക്കി
വിറ്റുകിട്ടുന്ന പൈസയ്ക്ക് അവൾക്കായി മിഠായിയും വാങ്ങും...!!
ഹൈസ്കൂളിൽ പഠിക്കുമ്പോഴുള്ള വേനലവധിക്ക് വീട്ടിൽ
വന്നപ്പോൾ,അമ്മ സീതയെ കാണാൻ വിട്ടിരുന്നില്ല.അതിരുതർക്കം വേലിപ്പത്തലിനോളം വളർന്നിരുന്നു..അമ്മ
കാണാതെ, അതിരിനപ്പുറത്തെ പത്തലിനിടയിലൂടെ സീതയെ തിരഞ്ഞു..വീടിന്റെ തിണ്ണയിൽ ,സാവിത്രയമ്മയും
തോട്ടിനക്കരെ വീട്ടിലെ മണ്ണാത്തിയും ,മറ്റു രണ്ടു സ്ത്രീകളും ചേർന്ന് മഞ്ഞൾ തേപ്പിക്കുകയായിരുന്നു...
കുറച്ചു ദിവസം സീതയെ പുറത്ത്
കണ്ടിരുന്നില്ല..ഒരു ദിവസം ഉച്ചകഴിഞ്ഞ്,അമ്മയും ചേച്ചിമാരും തൊടിയിലെ വയലിൽ പയറുനുള്ളാൻ
പോയിക്കഴിഞ്ഞപ്പോൾ,വൈശാഖൻ തനിച്ചായിരുന്നു..മുറ്റത്ത് കിലുങ്ങുന്ന കൊലുസിന്റെ ശബ്ദം
അവനെ ഉണർത്തി..
“ഇനി ആൺകുട്ടികളോട് കൂട്ടുവേണ്ടാന്നാണ് അമ്മ പറഞ്ഞത്..!”പരിഭവം
അറിഞ്ഞിട്ടാവാം,സീത വിഷമത്തോടെ പറഞ്ഞു..എണ്ണമയമുള്ള മുഖത്ത് മുഖക്കുരു തെളിയാൻ തുടങ്ങിയിരുന്നു..അവൾക്ക്
ചെമ്പകപ്പൂവിന്റെ മണമായിരുന്നു..
‘മ്യാവൂ..’..തന്റെ പിന്നിൽ ദയനീയമായി കരയുന്ന പൂച്ച
അയാളെ തിരികെ വിളിച്ചു..മുറ്റത്തേക്ക് ഇറങ്ങി..മുറ്റത്തെ കിളിച്ചുണ്ടന്മാവിനു പ്രായമേറിയിരിക്കുന്നു...ഇതിന്റെ
കൊമ്പിലാണത്രേ...സീത...!!!
“എങ്കിലും അവളങ്ങനെ ചെയ്യുമെന്ന് ആരും കരുതിയില്ല...!”സീതയുടെ
മരണത്തിനു വന്നപ്പോൾ അമ്മ പറഞ്ഞത് അയാൾ ഒർത്തു..“പാടത്ത് താറാവിനെ ഇറക്കിയ പാണ്ടിക്കാരനെന്നാണ് ജനസംസാരം..! അവനെന്നും അവിടെ മുട്ട കൊടുത്തിരുന്നു..”
...പുറമേ സ്നേഹം നിഴലിച്ചിരുന്നെങ്കിലും,പഴയ അതിരുതർക്കവും കലഹവും അമ്മയുടെ വാക്കുകളെ
മയപ്പെടാൻ അനുവദിച്ചില്ല..
ആർക്കുമറിയുമായിരുന്നില്ല,എന്തിനാണ്
സീത ആത്മഹത്യ ചെയ്തതെന്ന്..വൈശാഖൻ നഗരത്തിൽ ചേക്കേറിയതിൽ പിന്നെ പലപ്പോഴും അവൾ അയാളെ
തിരക്കിയിരുന്നതായി ചേച്ചിമാർ പറഞ്ഞിരുന്നു...
എന്തായാലും മരിച്ചവർ ഭാഗ്യവാന്മാർ...മരണത്തിനു ഒരുപാട്
മുഖങ്ങളുണ്ട്..പലപ്പോഴും അമ്മയോട് വഴക്കിട്ട് അച്ഛൻ മരിക്കാൻ പോകുമായിരുന്നു...ചിലപ്പോഴൊക്കെ
അമ്മയും ഇരുട്ടിലേക്ക് നടക്കുമായിരുന്നു..ഗതിവേഗം കൂടിയ നെഞ്ചും പതറുന്ന കണ്ണൂകളുമായി
അവൻ കട്ടിലിനടിയിൽ ചെവിപൊത്തി കിടന്നിരുന്നു...കുടത്തിൽ പെട്ട ആത്മാവിനെപ്പോലെ...!!
വൈശാഖൻ മാവിൽ ചാരിനിന്നു.കണ്ണുകളിൽ നോവു ഊറുക്കൂടി..താഴെത്തൊടിയിൽ
കന്നിക്കൊയ്ത്ത് കഴിഞ്ഞ പാടത്ത് താറാവുകൾ കലപിലകൂട്ടി ഇരതേടി ....അയാളെ തഴുകി കടന്നുപോയ കാറ്റിനു ചെമ്പകപ്പൂവിന്റെ മണമായിരുന്നു...!
------------------ഉണ്ണി
മടവൂർ---------------------------------------------------------