2014 മേയ് 6, ചൊവ്വാഴ്ച

കഥ-ഭോഗാനന്തരം


     ഭോഗാനന്തരം...
   അനന്തരം,മേഘങ്ങൾക്കിടയിലെ പടിയിലൂടെ അയ്യാൾ താഴേക്കിറങ്ങി.പുറത്ത് കാതടപ്പിക്കുന്ന ചീവീടുകളുടെ ശബ്ദവും,ഒപ്പം തകരഷീറ്റിൽ ചാടി മരിക്കുന്ന മഴത്തുള്ളിയുടെ അലമുറയും നിശ്ശബ്ദത ഭഞ്ജിച്ചു.
  പാതിതുറന്ന ജനാലയിലൂടെ തണുത്ത കാറ്റ് മുറിയിലേക്ക് തല നീട്ടി..
അയ്യാൾ തപ്പിത്തടഞ്ഞ് മേശവിളക്ക് കത്തിച്ചു.തന്നിലേക്ക് ചുരുങ്ങുയ തിഷ്ണയെ മറയ്ക്കാൻ തുണി തിരയുമ്പോഴാണ് വീണ്ടും അവളെ ശ്രദ്ധിച്ചത്..കാനായി പ്രതിമപോലെ ലേശം ചരിഞ്ഞ്,മേഘശയ്യയിൽ കിടന്ന് കൂർക്കം വലിക്കുന്നു..! അവളുടെ അടഞ്ഞ കണ്ണുകൾക്കുള്ളിൽ ഇപ്പോഴും മഴവില്ല് തെളിയുന്നുണ്ടാവാം..കറുത്തിരുണ്ട ശരീരത്തിൽ അവിടവിടെ വെളുത്ത വരകൾ..അയാൾ വീണ്ടും കണ്ണു തിരുമ്മി..മേശവിളക്ക് അവളോട് ചേർത്ത് നോക്കി.അടിവസ്ത്രങ്ങൾ അവശേഷിപ്പിച്ച പാടുകൾ ഒഴിച്ചാൽ,അവൾ ഒരു കരിമ്പാറയായി അയാൾക്ക് തോന്നി..!
  ചാറ്റമഴയിൽ,ഇരുട്ടത്ത് വന്നതിനാൽ ആവാം, അവളുടെ മുഖം കാണാൻ കഴിഞ്ഞില്ല. മേശവിളക്ക് അവളുടെ മുഖത്തോട് ചേർത്ത് പിടിച്ചു.കറുത്തിരുണ്ട്,കുണ്ടളപ്പുഴുവിനെപ്പോലുള്ള ചുണ്ടുകൾ..അധരങ്ങൾ തമ്മിൽ ഇണചേർന്നപ്പോൾ അറിഞ്ഞ ഊഷ്മളതയും ഉമിനീരിന്റെ ലയവും അറിയാനാവുന്നില്ല..ചുണ്ടുകളിൽ, തുപ്പലിന്റെ  മനം പുരട്ടുന്ന ഗന്ധം മാത്രം..കവിളിലും നെറ്റിയിലും വസൂരിപ്പാടുകൾ..പെണ്ണിനെക്കുറിച്ച് കവികൾ വാഴ്ത്തിപ്പാടി,ചൊല്ലിപ്പഠിച്ച വർണ്ണനകളെല്ലാം അയാളുടെ മനസ്സിലൂടെ കടന്നുപോയി.
 അയാൾ അവളിലേക്ക് ചേർന്നിരുന്നു.കൈയ്യിൽ പിടിച്ച മേശവിളക്കിന്റെ വെട്ടത്തിൽ അവളെ ആകമാനം ഒരുവട്ടംകൂടി കാണാൻ തുടങ്ങി..അവളുടെ നഗ്നമായ തുടകളിലൂടെ മെല്ലെ പരതി.കഴിഞ്ഞ യാമത്തിൽ അറിഞ്ഞ മൃദുലതയോ തണുപ്പോ അറിയാൻ കഴിഞ്ഞില്ല..ഇടത്തോട്ട് ചരിഞ്ഞ് കിടക്കുന്ന അവളുടെ കൈത്തണ്ടയിൽ താങ്ങിയിരിക്കുന്ന മാറിലേക്ക് ചുണ്ടടുപ്പിച്ചു..അതിനൊരു പാറയുടെ പരുപരുപ്പായിരുന്നു..വലിയ അരുമ്പാറകൾ പോലുള്ള ഞെട്ടിൽ നിന്നും ഊറിയ ദ്രാവകത്തിന് കന്മദത്തിന്റെ ഗന്ധവും..!!
  ഒരലർച്ചയോടെ അയാൾ അവളിൽനിന്നും പിന്നിലേക്ക് വലിഞ്ഞു. തന്നെ ഇവിടേക്ക് എത്തിച്ച സുഹൃത്തിനെ തിരഞ്ഞു.പുറത്ത് മഴയുടെ ശക്തി കൂടി. ഇടവപ്പാതി എല്ലാ ശക്തിയോടുംകൂടി തകർത്താടുന്നു..!
  പാതിതുറന്ന ജനാലയിലൂടെ തെളിഞ്ഞ കൊള്ളിയാൻ വെളിച്ചത്തിൽ അയാൾ തന്നിലേക്ക് നോക്കി..തന്റെ പൗരുഷം വെറുമൊരു മാംസക്കഷണമായി മാറിയിരിക്കുന്നു.!! അതിൽ നിന്നും ചോര ഒലിക്കാൻ തുടങ്ങി. ജനാല പതുക്കെ അടഞ്ഞു.. ഭയചകിതനായി മുറിയുടെ വാതിലുകൾ തേടി..എല്ലായിടത്തും കറുത്ത ഭിത്തികൾ മാത്രം..
  അയാൾ വേച്ച് വേച്ച്, ജീവിതത്തിന്റെ ഇടനാഴിയിലൂടെ മുന്നോട്ട്  നടക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു..കാലുകൾക്ക് ഭാരം കൂടുന്നു. ചോരയും നീരുമെല്ലാം ഘനീഭവിച്ച് ഒരു ശിലാസമാനമായ നിശ്ചലത..
  ലിംഗഭാഗത്ത് നിന്നും ഒഴുകിയ ചോര മുറിയിൽ നിറഞ്ഞു..അയാൾ അതിൽ മെല്ലെ മുങ്ങാൻ തുടങ്ങി...ചോരപ്രളയത്തിൽ  ഒരു പൊങ്ങ്തടിയായി ഒഴുകി നടന്നു..പുറത്ത് മഴ നിലച്ച ആകാശത്തിന് കീഴിൽ കിഴക്കിന്റെ നിറം മാറി..കാക്കകൾ പടിഞ്ഞാറേക്ക് പറക്കാൻ തുടങ്ങി....!!!
--------------------ഉണ്ണീ മടവൂർ-------------------------------------