2020 ഏപ്രിൽ 30, വ്യാഴാഴ്‌ച

ഉണ്ണിയുടെ കത്തുകൾ- മുപ്പത്

മടവൂർ
30/04/2020


പ്രിയപ്പെട്ടവൾക്കായി വീണ്ടും.. 

ഈ മുപ്പതാം കത്തെഴുതാനിരിക്കുമ്പോൾ,  
ഋതുഭേതമന്യേ, എന്നും പൂത്തുനിൽക്കുന്ന ഒരു പൂമരംപോലെ, നിന്നോർമ്മ എന്നിൽ സുഗന്ധം പരത്തുന്നു..
പ്രണയത്തെ നിന്ദിക്കുകയും മോശമായി കാണുകയും ചെയ്യുന്ന ഒരു ലോകത്ത്, പ്രണയത്തേക്കാൾ മധുരതരമായി ഒന്നുമില്ലെന്ന് പറയാതെ പറയുന്ന രണ്ടാത്മാക്കളായി, നമ്മൾ നിൽക്കുന്നു..

ഡാ.. എന്നോ ഒരിക്കൽ, മൃതിയിലാണ്ടുപോയയെൻ ആഹ്ലാദരേണുക്കൾ, വീണ്ടും നിൻസ്‌മൃതിയിൽ ഉയിരിട്ട് ഉണരുന്നത് നീ കാണുന്നില്ലേ?  ഒപ്പം, കദനഭാരംകൊണ്ട് ഭൂമിയിലേക്കാഴ്ന്നു പോയ ഞാൻ, ഇപ്പോൾ നിൻ ശ്വാസകാറ്റിൽ അപ്പൂപ്പൻ താടിപോലെ ഒഴുകി നടക്കുന്നതും..!

അതേടാ.. നിന്നെക്കുറിച്ച് ഓർക്കുമ്പോഴെല്ലാം, ഞാൻ എന്റെ ആത്മാവിനുള്ളിൽ മറ്റൊരാത്മാവിനെ കുടിയിരുത്തുകയാണ്.. ആ ആത്മസാന്നിധ്യം ഉറപ്പിക്കുകയാണ്.. ഒരുവേള, നിന്റെ ഹൃദയപാത്രത്തിൽ നീയെനിക്കായി  മാറ്റിവയ്ക്കുന്ന വാക്കുകൾ നിന്നിൽ എങ്ങനെയായിരിക്കുമോ,  അതുപോലെ തന്നെ..

ഡാ.. നമ്മളിൽനിന്നും, നാമറിയാതെ ഒഴുകിപരന്നുപോകുന്ന പ്രണയത്തിന്റെ പരാഗരേണുക്കൾ, കാലങ്ങൾക്കും കാതങ്ങൾക്കുമപ്പുറം പൂക്കാലങ്ങൾ തീർത്തുകൊണ്ടേയിരിക്കണം.. 
അതേ..  ഭൗതികമല്ലാത്ത  ആത്മധ്യാനത്താൽ  ഉൽകൃഷ്ടമാവുന്ന ഒരു അനുഭൂതിയായി ഈ ലോകം മുഴുവൻ പ്രണയസുഗന്ധം പരത്തുന്ന പൂക്കാലങ്ങൾ തന്നെ.. 
 ആ പൂക്കൾ കൊണ്ട് കെട്ടിയെടുക്കുന്ന പ്രണയഹാരങ്ങൾ, പുതിയ കാലത്തിന്റെ ജപമാലകളാവണം.. 
അവയ്ക്കൊപ്പം ജപിയ്ക്കുന്ന മന്ത്രങ്ങൾ, ഓംകാരത്തിനും ഹുങ്കാരത്തിനുമപ്പുറം  പ്രപഞ്ചത്തുടിപ്പാവുന്ന പ്രണയമന്ത്രങ്ങളാവണം..
ഡാ.. രണ്ടിടങ്ങളിലെ രണ്ട് മരങ്ങളായി നമ്മൾ പട്ടുപോയാലും, ആ പൂമരക്കാടുകൽ ബാക്കിയാവണം..
ഓഷോ രജനീഷ് പറഞ്ഞതുപോലെ, ഈ ലോകത്തെ ദുഃഖത്തിൽ നിന്നും പുറത്തുകൊണ്ടുവരാൻ കഴിയുന്ന പ്രണയമായി അവ പരക്കണം..

ഒരുവേള, ഒന്ന് ആശ്വസിക്കാനുള്ള ഇടം  പോലും കിട്ടാതെ,  അനാഥമാക്കപ്പെട്ട്,  ഈ  ഭൗമാന്തരീക്ഷത്തിലെവിടൊക്കെയോ നിന്നെത്തേടിയലയുന്ന എന്റെ കത്തുകൾക്കു ഒരിക്കലെങ്കിലും ഒരു മറുവാക്കായി നീ നിന്റെ മൗനകുടുക്കപൊട്ടിക്കുംവരെ, വീണ്ടും എനിക്ക് എഴുതാൻ പറ്റും എന്ന് തോന്നുന്നില്ല... കാരണം, പ്രണയവും ജീവിതവുമൊക്കെ മോനോലോഗുകൾ ആയാൽ, വല്ലാതെ മുഷിയും.. 

പിന്നെ.. നിനക്കായി എഴുതാനിരിക്കുമ്പോൾ, ദേ  പ്രണയത്തിന്റെ ആകാശഗോപുരങ്ങളിൽ  ഇന്നും  മഴയുടെ തേരോട്ടം.. എങ്കിലും, ഇപ്പോൾ പെയ്യാൻ പോകുന്ന മഴയ്ക്ക് മറ്റേതൊരു മഴയേക്കാളും പ്രത്യേകതകളുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു.. നിനക്കുള്ള അവസാനകത്തും കുറിച്ചു കഴിഞ്ഞാൽ, ബലൂൺ പോലെ വീർത്തുപൊങ്ങിയ എന്റെ നൊമ്പരങ്ങളെ പൊട്ടിച്ചെറിഞ്ഞു, ആർത്ത് അട്ടഹസിച്ച്, ഈ മഴയ്‌ക്കൊപ്പം പെയ്തൊഴിയണം.. ഒടുവിൽ മഴകഴിഞ്ഞെത്തുന്ന വെയിലിന്റെ പാളികൾക്കുള്ളിൽ, ഒരാഹ്ലാമായി നിൻ മുഖം തെളിയുമെന്ന പ്രതീക്ഷയോടെ..

അതേടാ... മഴപോലെ നനച്ചും, മഞ്ഞുപോലെ കുളിരേകിയും, വെയിൽപോലെ തപിപ്പിച്ചും, നിലാവുപോലെ തലോടിയും എന്നിൽ നീ എന്നും..

ഒടുവിൽ, നിനക്കായി, ഹന്നാ ഹീത്  എന്ന ഒരു യുവ കവിയുടെ വരികൾ കടംകൊള്ളുന്നു..

It is not your conversation
That keeps me entertained
But rather the way you look at me
That makes me feel sustained
It's the curve of your lips
And the curl of your hair
T'is all of the little things
That make me stop and stare..

ഒന്നുകൂടി.. അന്നാ കരെനീനയിലെ അവസാനവാക്കുകൾ ഓർക്കുന്നോ? 
"എനിക്കെന്തുതന്നെ സംഭവിച്ചാലും എന്റെ ജീവിതം മുമ്പത്തെപ്പോലെ ഒരിക്കലും അർത്ഥശൂന്യമായിരിക്കില്ല.." 

അതുതന്നെ.. അത്രമാത്രം..

സ്നേഹത്തോടെ, എന്നെങ്കിലും ഒരു മറുവാക്ക് തേടിവരും എന്ന പ്രതീക്ഷയോടെ നിർത്തുന്നു...


എന്ന്.....

ഉണ്ണിയുടെ കത്തുകൾ- ഇരുപത്തിയൊമ്പത്

മടവൂർ
29/04/2020


പ്രിയപ്പെട്ടവളെ...

 ഹേമന്തവും ശിശിരവും ശരത്തും വസന്തവും വേനലും മഴയുമൊക്കെ, എത്രയെത്ര ആവർത്തിച്ചാലും, ഒരിക്കലും രുചിമാറാതെ ഇന്നും എന്റെ  ഓർമ്മസഞ്ചിയിലുണ്ട്, 
നീ  ഇലവാട്ടി പൊതിഞ്ഞുകെട്ടിത്തന്ന ആ പ്രണയത്തിന്റെ പാഥേയം.. നിന്റെ കരുതലായും.. എന്റെ കരുത്തായും..

ഇന്ന്, ഈ ഇരുപത്തിയൊമ്പതാം കത്തെഴുതാനിരിക്കുമ്പോൾ,    വെള്ളിത്തിരയിൽ എന്നെ ഏറെ ആഹ്ലാദിപ്പിച്ച മറ്റൊരു നോവിന്റെ പാഥേയത്തെക്കുറിച്ച്  ഓർത്തുപോയി.. 
ഇർഫാൻ ഖാൻ എന്ന നടനെ ഞാൻ മനസ്സിൽ ഇരുത്തിയിരിക്കുന്നത് ആ ലഞ്ച് ബോക്‌സിന്റെ ഓർമ്മയ്ക്കായിട്ടാണ്..
ഇന്ന്, ആ അനുഗ്രഹീത നടന്റെ മരണവാർത്ത കേട്ടപ്പോൾ എന്നിൽ തെളിഞ്ഞത്, അദ്ദേഹത്തിന്റെ മറ്റേതൊരു സിനിമായേക്കാൾ, ലഞ്ച് ബോക്‌സ് ആണ്..
 റിതേഷ് ബത്ര എന്ന ചലച്ചിത്രകാരന്റെ സ്വപ്നസഞ്ചാരപാതയിലൂടെ, കാഴ്ച്ചപ്പാടുകളിലൂടെ, ആസ്വാദനത്തിന്റെ പുതിയ  മേച്ചില്പുറങ്ങളിലൂടെ  നവ്യാനുഭവങ്ങളും ആസ്വദിച്ച്,  കുഴലൂത്തുകാരനെ അനുഗമിച്ച കുട്ടിയെപ്പോലെ ഞാനും സഞ്ചരിച്ച സിനിമ.. 

  മുംബൈ നഗരത്തിലെ തിരക്കിൽ മുങ്ങിയും പൊങ്ങിയും,  ഉച്ചഭക്ഷണം  എത്തേണ്ട കൈകളിൽ എത്തിക്കുന്ന, “ഡബ്ബ വാലാസിന്റെ” കൈപ്പിഴ തീർക്കുന്ന പ്രണയത്തെ ഇതിവൃത്തമാക്കിയ ചിത്രത്തിലെ സാജൻ ഫെർനാന്റസ് ( ഇർഫാൻ ഖാൻ)  ഇന്നും മനസ്സിൽ നിന്നും മായുന്നില്ല.. ഇലയുടെ (നിമ്രാത് കൗർ) പാചക പരീക്ഷണങ്ങളിലൂടെ സിനിമ  കാഴ്ച്ചക്കാരനിലേക്ക് ഒഴുകി ഇറങ്ങി, ഒടുവിൽ, ഡബ്ബാവാലാസ്  ലഞ്ച് ബോക്സ് കൈപ്പറ്റി സൈക്കിളിലും, ട്രെയിനിലും ഒക്കെ സഞ്ചരിച്ചു, 'ആളു മാറി കൈമാറി', അങ്ങനെയങ്ങനെ, ആ ലഞ്ച് ബോക്‌സ് ഒരു പ്രണയപ്പെട്ടിയായി മാറുന്ന കാഴ്ച ഇപ്പോഴും കണ്ണിൽ നിൽക്കുന്നു.. 
ഡാ.. ഒരോ തവണ, ഇർഫാൻ ഖാൻ ആ  ലഞ്ച് ബോക്സ് തുറക്കുമ്പോഴും, ആകാംഷയോടെ അതിനുള്ളിലേക്ക്   ഞാനും നോക്കുമായിരുന്നു.. അത്ര മനോഹരമായിരുന്നു ഇർഫാന്റെ കണ്ണുകളിൽ തെളിയുന്ന ആ പ്രണയഭാവം..
 ആ മികച്ച നടന് എന്റെ പ്രണാമം.. 

അതേ, ‘നിങ്ങൾ കണ്ടിട്ടില്ലാത്ത ഒരാളോട് നിങ്ങൾക്ക് പ്രണയത്തിലാവാൻ പറ്റുമോ’ എന്നാണു ആ സിനിമയുടെ ടാഗ് ലൈൻ... ഡാ.. അതിന്റെ ഉത്തരം? എന്തോ, എനിക്കതറിയില്ല... കാരണം, അതിൽ ഒരു കൊളുത്തിപ്പിടിക്കൽ ഇപ്പോഴും ബാക്കിയുണ്ട്.. 

ഡാ.. പിന്നെ ഒരു കാര്യം കൂടി.. തിരക്കഥാകൃത്തും സംവിധായകനുമായ എന്റെ ഒരു സ്നേഹിതനും ഞാനും കൂടി ഒരു പ്രൊഡ്യൂസറോഡ് ഒരു കഥ പറഞ്ഞിരുന്നു.. അമീർഖാന്റെ  'താരെ സമീൻ പർ' ജനുസിൽ വരുന്ന ഒരു സിനിമ.. കഥ കേട്ടപ്പോൾ, അദ്ദേഹത്തിന് ഒരുപാട് ഇഷ്ടപ്പെട്ടു.. "ഇതിനെ നമ്മുക്ക്  ഇർഫാൻഖാനെയും രാധിക ആപ്‌തെയെയും പോലുള്ള ആര്ടിസ്റ്റുകളെ ഉൾപ്പെടുത്തി, ഹിന്ദിയിൽ ചെയ്യാം.. അവരിലേക്ക് എത്താൻ പറ്റുന്ന ഒരു സ്നേഹിതൻ എനിക്കുണ്ട്.. ബഡ്ജറ്റ് പ്രശ്നമില്ല.. ഞാനൊന്ന് നോക്കട്ടെ" ,എന്നോക്ക പറഞ്ഞു പോയപ്പോഴാണ്, ഈ കൊറോണ വന്നത്..
 ങാ.. അങ്ങനെ അതും പോയി..

നമ്മൾ ചിന്തിക്കുന്നതിനുമപ്പുറമല്ലേ ജീവിതത്തിന്റെ തിരക്കഥ.. അല്ലെങ്കിൽപിന്നെ, തുമ്പോട് ജംഗ്ഷനിൽ, നിലമേൽ കോളജിലേക്കുള്ള പെണ്കുട്ടികൾ പോകുന്ന ബസ് വരുന്ന സമയം നോക്കി ചുറ്റിക്കറങ്ങി നടന്ന എന്നെ, ബാബു അണ്ണൻ, രാജാരവിവർമ്മയെക്കുറിച്ച് നിർമ്മിച്ച ഡോകുമെന്ററിയുടെ നിർമ്മാണത്തിനു കൂടെ കൂട്ടുമായിരുന്നോ? അതുകൊണ്ടല്ലേ, ഞാൻ ആദ്യമായി ഷൂട്ടിംഗ് കണ്ടതും, ലക്ഷ്മി നാരായണൻ എന്ന ക്യാമറാമാനോട് എന്റെ ആഗ്രഹം പറഞ്ഞതും, എന്നെ ആദ്യമായി ക്യാമറയുടെ വ്യുഫൈൻഡറീലൂടെ നോക്കാൻ അദ്ദേഹം അനുവദിച്ചതും, ആ ബ്ളാക് & വൈറ്റ് കാഴ്ച കണ്ട്  ഞാൻ കോരിത്തരിച്ചതും, പിന്നീട് ഛായാഗ്രഹണം പഠിക്കാൻ അദ്ദേഹം എനിക്ക് വഴികാട്ടിയതും.. എല്ലാം.. എല്ലാം..

അതേടാ... കിളിമാനൂർ കൊട്ടാരത്തിൽ, രവിവർമ്മയുടെ ചിത്രത്തിലേക്ക് ഫോക്കസ് ചെയ്ത ഫ്രെയിമാണ് ഞാൻ ആദ്യമായി ക്യാമറയിലൂടെ കാണുന്നത്..  അപ്പോൾ, ഒരുവേള, വർണ്ണങ്ങളുടെ, വരകളുടെ ആ  തമ്പുരാൻ  എന്റെ ശിരസ്സിൽ കൈവച്ച് അനുഗ്രഹിച്ചിട്ടുണ്ടാവാം.. ല്ലേ.?

അതേ.. സ്വദേശത്തും വിദേശത്തുമൊക്കെ  പ്രശസ്‌തനായിരുന്ന, രാജാരവിവർമ്മയ്ക്ക് ഒരുപാട് കത്തുകൾ വരുമായിരുന്നുവെന്നും, അതൊക്കെ നോക്കാനായി കിളിമാനൂരിൽ ഒരു അഞ്ചലാപ്പീസ് അഥവാ തപാൽ കേന്ദ്രം തുടങ്ങിയിരുന്നു എന്നുമൊക്കെ ഞാൻ കേട്ടിട്ടുണ്ട്.. 
 ഡാ.. ഞാൻ ഇത് കുറിക്കുമ്പോൾ, ദേ, എന്റെ  മുന്നിൽ, വീടിന്റെ രണ്ടാം നിലയിലേക്കുള്ള പടികളോട് ചേർന്ന ഭിത്തിയിൽ, മൂന്ന് രവിവർമ്മചിത്രങ്ങൾ തൂങ്ങുന്നു.. അതിൽ, എനിക്ക് അഭിമുഖമായി ഹംസവും ദമയന്തിയും.. 
ഹാവൂ.. എന്തൊരു കളർഫുൾ ഫ്രെയിം..! 

എങ്കിൽപ്പിന്നെ, ഹംസത്തിനേം ദമയന്തിയേയും നോക്കി, രവിവർമ്മയ്ക്കുള്ള തപാലിനെ കുറിച്ച്  നിനക്ക് കത്ത്  എഴുതുന്ന എന്റെയൊരു വൈഡ് ഫ്രെയിമിൽ, ഈ കത്ത് എൻഡ് ചെയ്യട്ടെ.. 
ഡാ.. ഈ ഫ്രെയിമിനു മിഴിവ്‌ കൂട്ടുന്ന ഒന്നുകൂടിയുണ്ട്... ഇതുപോലൊരു  ഏപ്രിൽ 29നാണ് ആ നിറക്കൂട്ടുകളുടെ കളിത്തോഴൻ ജനിച്ചതും..  1848- ൽ..  അതേടാ.. ഇന്ന് രവിവർമ്മയുടെ നൂറ്റിയെഴുപ്പത്തിരണ്ടാം പിറന്നാളാണ്..  
ആ പ്രതിഭയുടെ ഓർമ്മയ്ക്കുമുന്പിൽ തൊഴുകൈകളോടെ... 
 കട്ട്...


എന്ന് സ്വന്തം....
.

ഉണ്ണിയുടെ കത്തുകൾ- ഇരുപത്തിയെട്ട്

മടവൂർ
28/04/2020

പ്രിയമുള്ളവളെ..
 നിനക്കായി  ഒരു വിഡ്ഢിദിനത്തിൽ കുറിയ്ക്കാൻ തുടങ്ങിയ കത്തുകളുടെ ഇരുപത്തിയെട്ടാണ് ഇന്ന്... 
നാമകരണം എന്നോ ,പേരിടീല്‍ എന്നോ നമ്മള്‍ വിളിക്കുന്ന ഒരു പ്രധാന ചടങ്ങല്ലേ ഇരുപത്തിയെട്ട് കെട്ട്..?  

ഒരു കുട്ടിയുടെ ഗര്‍ഭാവസ്ഥ മുതല്‍, വളർച്ചയുടെ പലഘട്ടങ്ങളിലൂടെ, ഒടുവിൽ മരിക്കുന്നതുവരെയുള്ള  പതിനാറു പ്രക്രിയകൾ ഉൾപ്പെടുന്ന  ഷോഡശപ്രക്രിയകളിൽ ഏറ്റവും പ്രധാനപ്പെട്ടത്.. 

ഭൂമിയെ വലയം ചെയ്യുകയും, ഏറെ  സ്വാധീനിക്കുകയും ചെയ്യുന്ന ചന്ദ്രന്‍, അശ്വതി മുതൽ രേവതിവരേയുള്ള ഓരോ  നക്ഷത്രസമൂഹത്തിനും നേരെ താഴെ വരുമ്പോള്‍,  ആ നക്ഷത്രകൂട്ടങ്ങളിൽനിന്നുമുള്ള സൂക്ഷ്മ രശ്മികളെ ഭൂമിയിലേക്ക്‌ കടത്തി വിടുകയും, ഒടുവിൽ ഇരുപത്തിയേഴ് നക്ഷത്രക്കൂട്ടങ്ങളിൽനിന്നുമുള്ള രശ്മികള്‍ ഒരു നവജാത ശിശു സ്വീകരിച്ചുകഴിയുകയും  ചെയ്യുമ്പോൾ,  അതിനെ ഒരു  ചരട്കെട്ടി ബന്ധിക്കുന്നതോടൊപ്പം,  ആ കുഞ്ഞിന് ഒരു പേരും നൽകുന്നു എന്നാണ് എന്റെ വായനയുടെ മങ്ങിയ ഓർമ്മയിൽ തെളിയുന്നത്.. 

ഇനി, അത് ശരിയാണെങ്കിലും അല്ലെങ്കിലും,  എന്തുതന്നെയായാലും, നമ്മുടെ ഈ "കത്ത്കുഞ്ഞിന്" ഒരു നൂലുകെട്ട്  നടത്താനോ, പേരിട്ട് വിളിക്കാനോ ഞാനില്ല.. എന്തെന്നാൽ, പേരും ബന്ധനവുമൊന്നുമില്ലാതെ,  ഈ തുറന്ന കത്തുകൾ   എന്നും നിന്നിലെ തുടിപ്പായി നിൽക്കുന്നതാണ്‌ എനിക്കിഷ്ടം..

ഡാ.. 1997 ഡിസംബർ ഇരുപത്തിയെട്ടിനായിരുന്നു ഞാൻ, ചെന്നൈ ടി നഗറിൽ ആ ക്യാമറാമാനെ കാണാൻ പോയത്.. ടി നഗറിലെ ഒരു വലിയ ഫ്‌ളാറ്റു സമുച്ചയത്തിലെത്തുമ്പോൾ, എന്റെ നെഞ്ചിടിപ്പ് കൂടിയിരുന്നു..  താടി നീട്ടി വളർത്തിയ ഒരാൾ.. രാവിലെ തന്നെ മദ്യത്തിന്റെ മണം.. ഒരുപാട് കണ്ടീഷൻസ് പറഞ്ഞു.. കൂട്ടത്തിൽ, ഡിഗ്രികളും ഛായാഗ്രഹണം പഠിച്ചതുമൊക്കെ മറന്നിട്ട്, അദ്ദേഹം പറയുന്നതുപോലെ ചെയ്യണം എന്നും.. 

 ആദ്യത്തെ പണി.. 
 ലൈറ്റ് ഘടിപ്പിക്കാനുള്ള സി ക്ലാംമ്പുകൾ എല്ലാം എണ്ണയിട്ട് തുരിമ്പ് മാറ്റിച്ചു.. തുടർന്നുള്ള ദിവസങ്ങളിൽ, അയ്യാൾക്ക് മസാലദോശ വാങ്ങലും, പിന്നെ അയേൻ ചെയ്യാൻ കൊടുത്തിരുന്ന ഡ്രസ്സ് തിരികെ വാങ്ങലും ഒക്കെ എന്റെ മേൽ വന്നു..
 ഈ അനുഭവങ്ങൾ കേട്ടപ്പോൾ, "നീ അവന്റെ കൂടെ പോകണ്ട.. ഞങ്ങൾ വേറെ നല്ല  ഓഫീസ് ജോലി ശരിയാക്കാം" എന്നായി  എന്റെ മാമനും മാമിയും.. അവരുടെ പിന്നിൽ, ഒന്ന് അടഞ്ഞുതുറന്ന കണ്ണുകൾ, വീണ്ടും എന്നെ മുന്നോട്ട് നയിച്ചു..

'ഓരോ തവണ ഉരയ്ക്കുമ്പോഴും, പ്രകോപിതമായിക്കൊണ്ടിരുന്നാൽ, ഒരു ഗ്ലാസിനെ നിങ്ങൾക്ക് എങ്ങനെ മിനുസപ്പെടുത്താനാവും',  എന്ന് റൂമി പറഞ്ഞത് ഓർക്കുന്നോ?  അതുതന്നെയായിരുന്നു എന്നിലും.. ക്ളാസുമുറികളിലിരുന്നു പഠിച്ച തീയറി അല്ല ഛായാഗ്രഹണം.. അതിന്റെ പ്രായോഗികപാഠങ്ങൾ വ്യത്യസ്തമാണ്.. അതിനു, ഇതുപോലുള്ള വഴികൾ താണ്ടണം.. ഞാൻ എന്റെ കർമ്മത്തിൽ മാത്രം ശ്രദ്ധിച്ചു.. അദ്ദേഹം എനിക്കൊരു വിഷയമല്ലാതായി.. 

 ജനുവരിയായി.. അദ്ദേഹത്തോടൊപ്പം ആദ്യ ഷൂട്ടിംഗ്.. ചെന്നൈയിൽ നിന്നും, ഏകദേശം 200 കിലോമീറ്റർ അകലെ, ആന്ധ്രാപ്രദേശിലെ നെല്ലൂർ എന്ന സ്ഥലത്ത്, ഒരു വനമേഖലയിലെ നദീതീരത്തേക്ക്.. എനിക്ക്  പോകാൻ കാറിൽ ഇടമില്ല.. പ്രൊഡക്ഷൻ ഭക്ഷണസാധനങ്ങളും ആർട്ട്  സാമഗ്രികളും കൊണ്ടുപോകുന്ന, ഒരു ഫർഗോ വാനിൽ, ആ തമിഴർക്കൊപ്പം ഞാൻ..

 പെരുമഴ.. 
നെല്ലൂരിലെ നദികൾ റോഡുകൾക്ക് മുകളിലേക്ക് ഒഴുകാൻ തുടങ്ങി..  പലയിടത്തും റോഡില്ല.. ഒടുവിൽ ലൊക്കേഷനിൽ എത്തുന്നു.. 
ഫിലിം ക്യാമറ.. 
ഒരു പരസ്യചിത്രം..  രണ്ടുനാൾ കൊണ്ട് ഷൂട്ടിംഗ് കഴിഞ്ഞു..  
പ്രൊഡക്ഷൻ  വണ്ടിയിൽ നിറയെ ആൾക്കാരും സാധനങ്ങളും.. വീണ്ടും, എനിക്ക് ഇടമില്ല..  അവസാനം ഒരു ടാറ്റ സുമോ മാത്രം.. സംവിധായകനും സഹായിയും ഡ്രൈവറും എന്റെ ചീഫും പിന്നെ ഞാനും..
 കാറിന്റെ പിന്നിൽ നിറയെ നനഞ്ഞ ടെന്റിന്റെ തുണി.. ഛായാഗ്രാഹകൻ മുന്നിൽ ഇരുന്നു.. മധ്യത്തെ സീറ്റിൽ സംവിധായകനും സഹായിയും.. ഞാൻ ചെന്നപ്പോൾ 'പിന്നിൽ  ഇരിക്കാൻ'  സംവിധായാകൻ ആവശ്യപ്പെട്ടു..

 തിരികെ, ഇരുന്നൂറു കിലോമീറ്ററോളം, ആ നനഞ്ഞു കുതിർന്ന ടെന്റിന്റെ  തുണികൾക്കു മുകളിൽ ഞാൻ ഇരുന്നു.. പെരുമഴയും..  
ശരീരം തണുക്കുമ്പോഴും, മനസ്സ് തപിക്കുന്നുണ്ടായിരുന്നു.. 

ചെന്നൈയിൽ എത്തിയപ്പോൾ എനിക്ക് ആദ്യപ്രതിഫലം കിട്ടി.. സിനിമ തന്ന ആദ്യപ്രതിഫലം.. ആ തണുത്ത നോട്ടുകളിൽ തൊട്ടപ്പോൾ, അവളുടെ  കണ്ണിൽ അന്ന് കണ്ട ആ തിളക്കം പിന്നീട് ഒരിക്കലും ഞാൻ കണ്ടിട്ടില്ല.. 

പിന്നീട് കാലം മാറി.. ഞാൻ സിനിമയും ചാനലുകളുമായി   യാത്ര ചെയ്ത്, ഇപ്പോൾ മഴപെയ്യുന്ന ഈ ഇരുണ്ടപകലിൽ നിനക്കായി കത്ത് എഴുതുന്നു.. അവൾ, ഇന്ന് മിഡിലീസ്റ്റ്-നോർത്ത് ആഫ്രിക്ക റീജിയണിലെ (MENA) ഏറ്റവും ലാഭം ഉണ്ടാക്കുന്ന ഒരു ഇൻഷുറൻസ് കമ്പനിയിലെ അക്കൗണ്ടന്റായി, ദേ താഴത്തെ നിലയിലിരുന്ന് വർക്ക് അറ്റ്‌ ഹോമിലാ..

ഡാ.. ചെന്നൈയിലെ  ഒരോ ദിനങ്ങളും എനിക്ക് ഓരോ പാഠങ്ങളാണ്.. 
പിന്നീട്, സൻ ടിവിയുടെ സീരിയലുകളിലൂടെ, സൂര്യ ടിവിയിലെയും, കൈരളി ടിവിയിലേയും സ്റ്റാഫ് ക്യാമറാമാനായി, ഒടുവിൽ അമൃതാ ടിവിയുടെ സീനിയർ ക്യാമറാമാനായി മാറിയ സമയം.. 
ഒരു ഫോൻ വരുന്നു..
 "നീയാണ്, അമൃതയിലെ സീനിയർ ക്യാമറാമാൻ എന്നറിഞ്ഞു.. എന്റെ സ്ഥിതി അത്ര മെച്ചമല്ല.. വർക്ക് കുറവാണ്.. അവിടെ എന്തെങ്കിലും ഉണ്ടെങ്കിൽ അറിയിക്കൂ.."

അതിന്, അധികൃതരോട് ആലോചിച്ച് വ്യക്തമായ ഒരു മറുപടി നൽകാൻ കഴിയുന്നതിനുമുന്പേ, എന്നെ ഖത്തർ ടിവി കൊണ്ടുപോയില്ലായിരുന്നുവെങ്കിൽ, ഒരുപക്ഷേ, എനിക്ക് അദ്ദേഹത്തെ സഹായിക്കാൻ പറ്റുമായിരുന്നിരിക്കാം..

ഡാ.. ജീവിതം  ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്കും, സിനിമ  വെളിച്ചത്തിൽ നിന്നും ഇരുട്ടിലേക്കുമുള്ള യാത്രയാണ്.. 
ആ യാത്രകളുടെ ദൂരവും അന്തരവും തീരുമാനിക്കുന്നത്, കാലമാണ്.. നമ്മുടെ കർമ്മമാണ്..

Yes...  Karma matters..

ഒന്നുകൂടി.. കോടാമ്പക്കത്തും വടപളനിയിലുമൊക്കെ,  ഞാൻ  നടന്ന്  തളർന്ന  വഴികളിൽ, രണ്ട് ദശാബ്ദത്തിനിപ്പുറം,  എന്റെ മോൻ ശീതീകരിച്ച കാറിൽ നിരന്തരം യാത്രചെയ്യൂന്നുണ്ടായിരുന്നു..  അവൻ അതേ നഗരത്തിൽതന്നെ  സിനിമ പഠിക്കാൻ പോയത്, ഒരുവേള,  കാലത്തിന്റെ കാവ്യനീതിയാവാം.. ല്ലേ? 

ഡാ.. പുറത്ത് ഇപ്പോഴും മഴ തകർത്തു പെയ്യുന്നുണ്ട്.. ഒപ്പം  ഇടിയും മിന്നലും..  ഇവിടെ, അകത്ത് നിന്റെ പ്രണയോർമ്മകളുടെ കുളിരിൽ ഞാനൊന്ന് ചടഞ്ഞിരുന്നോട്ടെ...

സ്നേഹത്തോടെ.. നിർത്തട്ടെ...

എന്ന്....

ഉണ്ണിയുടെ കത്തുകൾ- ഇരുപത്തിയേഴ്

മടവൂർ
27/04/2020

പ്രിയമുള്ളവളെ... 

അശ്വതിമുതൽ രേവതിവരെ ഇരുപത്തിയേഴ് നക്ഷത്രങ്ങൾ...
 ചന്ദ്രന്റെ ഇരുപത്തേഴ് ഭാര്യമാർ..
 ദക്ഷന്റെ ഇരുപത്തിയേഴ് പുത്രിമാർ.. 

റമദാനിലെ ഇരുപത്തിയേഴാം രാവാണ്  ദൈവം മനുഷ്യർക്കായി  സ്വർഗ്ഗവാതിൽ  തുറന്നു വയ്ക്കുന്ന ലൈലത്തുൽ ഖദർ.. yes..the night of destiny..
റമദാൻ അവസാനപത്തിലെ ഒറ്റസംഖ്യകളിൽ ഈ ദിനം വരും എന്ന് വിശ്വസിക്കുന്നെങ്കിലും, ഇരുപത്തിയേഴാം രാവിനാണ് മുൻതൂക്കം..

'ബ്രഹ്മണോ ഹി പ്രതിഷ്ഠാഹമമൃതസ്യാവ്യയസ്യ ച
ശാശ്വതസ്യ ച ധർമ്മസ്യ  സുഖസൈകാന്തികസ്യ ച' 

' ഞാൻ അനശ്വരവും മാറ്റമില്ലാത്തതുമായ ബ്രഹ്മത്തിന്റെയും ശാശ്വതമായ ധർമ്മത്തിന്റെയും പരമമായ സുഖത്തിന്റെയും പ്രതിഷ്ഠ അഥവാ ആശ്രയവുമാകുന്നു '  എന്ന്  ഗീതയിലെ ഗുണത്രയവിഭാഗയോഗ: യിലെ ഇരുപത്തിയേഴാം ശ്ലോകത്തിൽ കൃഷ്ണൻ..

 അതുപോലെ, 
 അനശ്വരവും മാറ്റമില്ലാത്തതുമായ പ്രണയം പേറുന്ന 
 നിനക്കായി എന്റെ ഇരുപത്തിയേഴാം കത്ത്..

ഡാ.. ഇരുപത്തിയേഴ് നല്ല രസമുള്ള സംഖ്യയല്ലേ? മൂന്നിന്റെ ക്യൂബ്‌ ആയ ഇരുപത്തിയേഴ്, സ്നേഹത്തിന്റെയും  സഹാനുഭൂതിയുടെയും സംഖ്യയായാണ് സംഖ്യാശാസ്ത്രം പറയുന്നത്..

എങ്കിലും ഈ ഇരുപത്തിയേഴാം കത്തെഴുതാനിരിക്കുമ്പോൾ,  മനസ്സിൽ വല്ലാത്തൊരു ബ്ലോക്ക് വരുന്നു.. ഒരു ആന്തൽ.. 
 എന്റെ ഇരുപത്തിയേഴാം വയസ്സിലായിരുന്നു, ജീവിതത്തിന്റെ പച്ചപ്പ് തേടി ഞങ്ങൾ യാത്രയായത്.. നമ്പർ20 മദ്രാസ് മെയിൽ, ചെന്നൈ സെൻട്രലിൽ യാത്ര നിർത്തുമ്പോൾ, ആ അപരിചിതനഗരത്തിൽ മറ്റ് രണ്ടുപേരുടെ  ജീവിതയാത്ര  തുടങ്ങുകയായിരുന്നു..
 പ്രണയത്തിന്റെ കാന്തികവലയത്തിനപ്പുറം, ജീവിതം മറ്റൊന്നാണെന്ന് മനസ്സിലാക്കി തന്ന മഹാനഗരം.. 
അക്കാദമിക് സർടിഫിക്കേറ്റുകൾക്കപ്പുറം തൊഴിൽ പരിചയമില്ലാതിരുന്ന എന്നെ, ഞാൻ തന്നെ  സിനിമയുടെ വറചട്ടിയിലിട്ട് പാകം ചെയ്തെടുത്ത ദിവസങ്ങൾ..   ആ പാകം ചെയ്യലിനിടയിൽ, ഞാൻ എവിടൊക്കെയോ കരിഞ്ഞുപോയി.. ജീവിതത്തിൽ  കണ്ണീരുപ്പും, കയർപ്പും ഒക്കെ രുചിച്ചദിനരാത്രങ്ങൾ..

ആദ്യദിനങ്ങൾ അശോക് നഗറിൽ, മാതുലസമേതം.. പിന്നീട്‌ പതിയെ, എം ജി ആർ മർക്കറ്റിനടുത്ത്, ചേരിപോലൊരു ഇടത്തേക്ക്.. 
 ജീവിതത്തിൽ മുൻപ് ഒരിക്കലും കണ്ടിട്ടില്ലാത്ത കാഴ്ചകൾ.. 
മുൻപ് ഒരിക്കലും അറിഞ്ഞിട്ടില്ലാത്ത ദുർഗന്ധം..  
മുൻപ് ഒരിക്കലും കണ്ടിട്ടില്ലാത്ത മനുഷ്യർ..
 മുൻപ് ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത ജീവിതം...

ഒറ്റമുറി വീടിന്റെ, ഇടുങ്ങിയ വരാന്തയിൽ പരസ്പരം നോക്കിയിരുന്നു, ദീർഘനിശ്വാസം വിട്ട് അസ്തമിച്ച പകലുകൾ.. തേങ്ങലുകൾ ശ്വാസമെടുത്ത് ഒടുങ്ങിയ രാവുകൾ.. ദാഹം കുടിച്ചും വിശപ്പ്‌ ഉണ്ടും നിറഞ്ഞ വയറുകൾ.. 
മൂവന്തിയിൽ, റോഡുവക്കിലൂടെ സ്വപ്നങ്ങൾ കണ്ട് നടക്കുമ്പോൾ, ചുറ്റിലും മുരണ്ടുപോകുന്ന പന്നികൾ..

 അതേ.. ചുറ്റിലും ഒരു ജനതയുടെ ശബ്ദമുഖരിതമായ ജീവിതം.. അതിനു നടുവിൽ, ഒരു മഹാനഗരത്തിലേക്ക് പറിച്ചുനട്ട്, ഒടുവിൽ വാടിതുടങ്ങിയ രണ്ട് ജീവനുകൾ.. നെരിപ്പോടുപോലെ നീറുന്ന നെഞ്ചകങ്ങൾ.. ഒടുവിൽ, ഛായാഗ്രഹണമോഹങ്ങൾ മാറ്റിവച്ച്, ചായക്കടയിൽ ജോലിക്കുപോയാലോ  എന്നൊക്കെ ചിന്തിച്ചിരിക്കുമ്പോൾ,  "വഴിമാറി സഞ്ചരിക്കേണ്ട.. ക്യാമറക്കാഴ്ചകളിലൂടെതന്നെ  മുന്നോട്ടുപോകൂ, ഞാനുണ്ട് കൂടെ" എന്ന് പിന്നിൽനിന്നും അവളുടെ ശബ്ദം.. 
പിന്നീട്, മാറിചിന്തിച്ചില്ല.. ഓരോട്ടകാലണയുമില്ലാത്ത, കീശയുമായുള്ള ആ ഓട്ടത്തിനിടയിൽ, ഒരു പിടിവള്ളിപോലെ ആ പഴയ സ്നേഹിതൻ.. ഒരേ പാരലൽകോളജിൽ, രണ്ടു ക്ളാസ്സ്റൂമുകളിൽ മത്സരിച്ചു തൊണ്ടകീറിയ ഞങ്ങൾ, എഗ്മോറിലെ ഒരു പഞ്ചനക്ഷത്രഹോട്ടലിലെ സ്വീകരണമുറിയിൽ കാണുന്നു.. അയ്യാൾ അവിടെ റിസപ്ക്ഷനിൽ ജോലി ചെയ്യുന്നു.. അയ്യാളുടെ പരിചയത്തിൽ, ഒരു മലയാള സിനിമവാരികയുടെ ചെന്നൈ റിപ്പോർട്ടറുടെ നമ്പർ കിട്ടുന്നു.. ആ റിപ്പോർട്ടറുടെ ഒരു ഫോൻ കോളാണ്, ജീവിതത്തിൽ പിന്നീടുണ്ടായ മാറ്റങ്ങളുടെ ആദിബീജം.. ജീവിതത്തിൽ ഇതുവരെയും നേരിൽ കണ്ടിട്ടില്ലാത്ത ആ മനുഷ്യൻ, ഇപ്പോൾ എവിടെയെന്നുപോലും എനിക്കറിയില്ല..  ചെന്നൈയിലെ  ജനസാഗരത്തിൽ ഒരു തുള്ളിയായി എവിടെയോ.. ഇപ്പോഴും..

ഡാ.. ഒരുവേള ഞാൻ ആ പഴയ പാരലൽകോളജ് സഹപ്രവർത്തകനെ  ചെന്നൈയിൽവച്ച് കണ്ടില്ലായിരുന്നുവെങ്കിൽ, എന്താകുമായിരുന്നു ഞാൻ? ഞങ്ങളുടെ ജീവിതം? 

മരിച്ചുപോയ പ്രശസ്ത  ഛായാഗ്രഹകൻ ജീവ സംവിധാനം ചെയ്ത ഒരു സിനിമയുണ്ട്.. 12 B. ഒരു ജോലിക്കുള്ള ഇന്റർവ്യൂവിനു പോകുന്ന രണ്ടുപേർക്ക്, ആ 12 B എന്ന ബസ് കിട്ടിയാൽ എന്താവും അവരുടെ അവസ്‌ഥ..? ബസ് മിസായാൽ എന്താവും.. ? ഇങ്ങനെ രണ്ട് പോസിബിലിറ്റികളും കാണിക്കുന്ന സിനിമ.. അതുപോലെ ചിന്തിച്ചാൽ ഒരു അന്തവുമില്ല...

ഡാ.. നമ്മുടെയൊക്കെ ജീവിതം ഓരോ നിയോഗങ്ങൾ അല്ലേ? നമ്മുടെ ജീവിതത്തിൽ, എന്തെങ്കിലും ഒരു സ്വാധീനം ചെലുത്താനാവും ഓരോ വ്യക്തികൾ നമ്മുടെ ജീവിതത്തിലേക്ക്, നേരിട്ടോ പരോക്ഷമായൊ ഒക്കെ വരുന്നത്.. 

പ്രകൃതേ:  ക്രിയമാണാനി ഗുണൈ: കർമ്മാണി സർവ്വശ: 
അഹങ്കാരവി  മൂഢആത്മാ കർതാഹമിതി മന്യതേ

'പ്രകൃതിജന്യങ്ങളായ ഗുണങ്ങളാൽ കർമ്മങ്ങൾ എങ്ങും ചെയ്യപ്പെടുന്നു.. അഹന്തയാൽ മോഹിതനായവൻ താനാണ് കർത്താവ് എന്ന് വിചാരിക്കുന്നു' എന്നാണ് കർമ്മയോഗ: യിലെ ഇരുപത്തിയേഴാം ശ്ലോകം പറയുന്നത്..

അതേ.. ഈ പ്രപഞ്ചം, നമുക്കായി ഓരോന്ന് കരുതിയിട്ടുണ്ട്.. അത് അതുപോലെ നടക്കും.. എന്നിട്ടും, "ഞാനാണ്, എന്റെ കഴിവാണ്" എന്ന് നമ്മൾ വീമ്പിളക്കും.. 

ഡാ... നിനക്കറിയോ? കക്കാട് എഴുതിയതുപോലെ, 
"എത്ര കൊഴുത്ത ചവര്‍പ്പ് കുടിച്ചു വറ്റിച്ചു നാം
ഇത്തിരി ശാന്തിതന്‍ ശര്‍ക്കര നുണയുവാന്‍"

അതേടാ... ഒരുപാട്.. ഒരുപാട്..

ഓർമകളുടെ ചെപ്പിൽ മഞ്ചാടിമുത്തുകളെക്കാൾ, നോവോർമ്മകളാവും കൂടുതൽ.. അതുകൊണ്ടാണ്, നീ തന്ന മഞ്ചാടിയും വളപ്പൊട്ടുകളുമൊക്കെ ഇപ്പോഴും ആ ചെപ്പിൽ തിളങ്ങുന്നത്.. നിന്നെയോർക്കുമ്പോൾ, എന്റെയുള്ളിൽ, പുൽക്കൊടിത്തുമ്പിലൂറുന്ന മഞ്ഞുതുള്ളിയിലെ  സൂര്യനെപ്പോലെ ഒരു തിളക്കം.. ആ ഓർമ്മതിളക്കം വീണ്ടുമെൻ കണ്ണിലേറ്റുവാങ്ങികൊണ്ട്, കത്ത്‌ ചുരുക്കുന്നു... നാളെ വീണ്ടുമൊരു ഓർമയുടെ ചുരം കേറാൻ...

എന്ന്....

ഉണ്ണിയുടെ കത്തുകൾ- ഇരുപത്തിയാറ്

.
മടവൂർ
26/04/2020

പ്രിയപ്പെട്ട നിനക്കായി എഴുതുന്ന ഇരുപത്തിയാറാം കത്ത്.. 
ഒരാളുടെ കത്തുകൾ നിരന്തരം വായിക്കുകയെന്നാൽ, അയാളുടെ വഴികളിൽ, അയാൾക്കൊപ്പം സഞ്ചരിക്കുകയെന്നാണ്.. ഓരോ കത്തുകളും ഓരോ പാദമുദ്രകളാണ്... പിന്നിട്ട വഴികളുടെ, മന:സഞ്ചാരങ്ങളുടെ, മാനസാന്തരങ്ങളുടെ, അങ്ങനെയൊരുപാട്... വായിക്കലും ഒരുതരം  ഇഴുകിച്ചേരലാണ്... അതെല്ലാം, നമ്മൾ അറിയാതെ നടക്കുന്ന പ്രക്രിയകളും..
The other
ഡാ.. ഈ ഏപ്രിൽ 26ന്, നമ്മൾ ഇന്ത്യാക്കാർക്ക്  ഒരു പ്രാധാന്യമുണ്ട്.. ഒരുവേള, അത് ആരും ഓർക്കുന്നുണ്ടാവില്ല.. ഗണിതത്തിലെ അനന്തതJ mb trയെ നമ്മുക്ക് പറഞ്ഞു തന്ന്, വീണ്ടും അന്തമായ ഇക്വഷനുകൾ ബാക്കിവച്ച്, നിത്യമായ അനന്തതയിലേക്ക്, നമ്മുടെ ശ്രീനിവാസ രാമാനുജൻ കടന്നുപോയിട്ടു ഇന്നേ9ക്ക്, നൂറ് വർഷം തികയുന്നു.. 1920 ഏപ്രിൽ ഇരുപത്തിയാറിനായിരുന്നു, സംഖ്യകളുടെ രാജകുമാരൻ യാത്രയായത്.. തന്റെ കണ്ടെത്തലുകളുടെ തെളിവുകളും വഴികളും ചോദിച്ച ജി. എച്ച്. ഹാർഡിയോട്, "അതൊക്കെ ഒരു പ്രാർത്ഥനപോലെ എന്റെയുള്ളിൽ വന്നുചേരുന്നതാണ്" എന്നായിരുന്നു രാമാനുജന്റെ മറുപടി.. അപ്പോൾ അതെല്ലാം രാമാനുജന്റെ ഇല്യൂഷൻ ആണ് എന്ന് പറഞ്ഞ ഹാർഡി, ഒടുവിൽ രാമാനുജൻ തെളിച്ച വഴികൾ കണ്ട്  അത്ഭുതപ്പെട്ടുപോയി..  ആ ഗണിതശാസ്ത്രപ്രതിഭയെ പൂർണ്ണമായും അംഗീകരിക്കേണ്ടിവന്നു.. അങ്ങനെ അവർ ഏറ്റവും നല്ല ഗണിതകൂട്ടുകെട്ടായി..

 രാമാനുജൻ എന്ന പ്രതിഭ, തന്റെ മുപ്പത്തിരണ്ടാം വയസ്സിൽ അഗ്നിയിൽ ഒടുങ്ങി.. ഗണിതത്തിലെ സമസ്യകൾക്ക് ഉത്തരം കണ്ടെത്തിയ രാമാനുജൻ, ഇന്നും  ഒരു സമസ്യയായിതന്നെ തുടരുന്നു.

ഡാ.. ചിലപ്പോൾ അങ്ങനെയാണ്.. നമ്മുടെ ലോജിക്കിനുമപ്പുറം അത്ഭുതങ്ങൾ കാട്ടുന്ന ഒരുപാട്  പ്രതിഭകളുണ്ട്.. ഒപ്പം അവർക്ക് കൂട്ടായി പ്രകൃതിയും..

2003 ഏപ്രിൽ.. അട്ടപ്പാടി, ആനവായ് എന്ന ഊരിലെ, നൂറിലേറെ വയസ്സുള്ള മുഗ്ദമൂപ്പനെക്കുറിച്ച്, നാഷണൽ ജോഗ്രഫിക് ചാനലിൽ കാണിക്കാനുള്ള ഒരു ഡോകുമെന്ററി ചിത്രീകരണം.. 
വിനോദ് മങ്കരയാണ് സംവിധാനം.. ഞാനും വിനോദും ഒരുമിച്ച് ഒരുപാട് ഡോക്യുമെന്ററികൾ ചെയ്തിട്ടുണ്ട്..  

ഇവിടെ, ഒരു ബുധനാഴ്ച്ച ഞങ്ങൾ എത്തും എന്ന് പറഞ്ഞിരുന്നു..
മുഗ്ദമൂപ്പൻ, ആ ഊരിലെ മൂപ്പൻ എന്നതിനപ്പുറം നാട്ടുവൈദ്യത്തിലും മന്ത്രവാദത്തിലുമൊക്കെ മുന്നിലാണ്‌.. ഊരിലുള്ളവർ ദൈവതുല്യനായി കാണുന്ന ആൾ.. ഞങ്ങൾക്ക് അയ്യാളുടെ കഴിവുകൾ സത്യമാണോ എന്നറിയണം.. അതുകൊണ്ട്,  ഞങ്ങൾ, രണ്ടുദിവസം മുന്നേ, തിങ്കളാഴ്ച അവിടെ ഏത്തി.. ഇതിനിടയിൽ, തലേദിവസം രാത്രിയിൽ മണ്ണാർക്കാട് നിന്നും കഴിച്ച ഭക്ഷണം എനിക്ക് നല്ല പണിതന്നു.. അസഹനീയമായ വയറുവേദനയും ഉണ്ട്.. ഞങ്ങൾ ഷൂട്ടിങ് ക്രൂ ഭാവാനിപ്പുഴ കടന്നപ്പോൾ, കാട്ടിൽനിന്നും ഒരു കൗമാരക്കാരൻ വന്നു.. ഞങ്ങളെ കൂട്ടിക്കൊണ്ടുചെല്ലാൻ മൂപ്പൻ പറഞ്ഞുവിട്ടതാണ് എന്ന് പറഞ്ഞു..!
 ഞങ്ങൾ 'പറഞ്ഞതിനെക്കാൾ രണ്ടുനാൾ മുൻപേ എത്തും' എന്ന് ആ മൂപ്പൻ എങ്ങനെ അറിഞ്ഞു? ഞാനും വിനോദും മുഖത്തോട്മുഖം  നോക്കി, അത്ഭുതപ്പെട്ടു നിന്നു.. 
ഞങ്ങൾ കാട്ടിലെത്തി.. ഞാൻ ഒരുപാട് ക്ഷീണിതനായിരുന്നു..  എന്റെ ക്ഷീണം കണ്ട്, മൂപ്പൻ  കുറേസമയം എന്നെതന്നെ നോക്കിനിന്നു.. എന്നിട്ട്, ഏതോ ഒരു കാട്ടുചെടിയുടെ ഇല പറിച്ച്, എന്തൊക്കെയോ പറഞ്ഞിട്ട് തിന്നാൻ പറഞ്ഞു... പാവയ്ക്കാ ജ്യൂസ് കുടിക്കുന്ന എനിക്ക് അതൊരു പ്രശ്നമായില്ല.. ഞാൻ കഴിച്ചു.. അരമണിക്കൂർ കഴിഞ്ഞു.. എന്റെ വയറുവേദനയും ഇളക്കവുമൊക്കെമാറി.. പിന്നീട് മൂന്നുനാളത്തെ ഷൂട്ടിങ് കഴിഞ്ഞു, വീട്ടിൽ വന്ന് പാളയംകോടൻ പഴം കഴിച്ചാണ്, വീണ്ടും ഓപ്പൻ ആക്കിയത്...

ആ മൂപ്പൻ അറിവിന്റെ ഒരു കലവറ ആയിരുന്നു.. കാടിനെകുറിച്ച്, കാട്ടിലെ മൃഗങ്ങളെകുറിച്ച്, ചെടികളെക്കുറിച്ച്, അങ്ങനെയെല്ലാം.. മദമിളകിയ ആനയെപ്പോലും അദ്ദേഹം നിലക്ക് നിർത്തുമായിരുന്നു.. അങ്ങനെ എന്തെല്ലാം... ഒരു മഹാത്ഭുതം.. അത് തന്നെ..

ഇതുപോലുള്ള ഒരുപാട്, അനുഭവങ്ങൾ ഇനിയും ബാക്കി.. 

ഡാ.. നമ്മുടെ യുക്തിയ്ക്കപ്പുറം, ഈ പ്രപഞ്ചത്തിനു ഒരുപാട് രഹസ്യങ്ങളുണ്ട്.. നമ്മൾ അറിഞ്ഞതിനെക്കാൾ, ഏറെ അറിവില്ലായ്‌മ നമ്മളിൽ ബാക്കി.. നമ്മുക്ക് ഒന്നും അറിയില്ല എന്നതാണ് ഏറ്റവും വലിയ അറിവ്.. ആ അറിവ് തന്നെയാണ്, പിന്നീടുള്ള അറിവുകളിലേക്ക് നമ്മൾക്കുള്ള കമ്പിറാന്തൽവെളിച്ചം.. അത് കെടാതെ സൂക്ഷിക്കണം എന്ന് മാത്രം.. 


പിന്നെ നീ....
 പ്രണയം മണക്കുന്ന വാക്കുകൾക്കപ്പുറം എനിക്ക് എന്നും നീ  ഒരു പ്രഹേളികയല്ലേ..?
അതേടാ.. അടുക്കുംതോറും നീ എന്നിൽ നിന്നും അകന്നു പോകുന്നപോലെ.. നിന്നെക്കുറിച്ച് അറിയുംതോറും, എന്റെ  അറിവില്ലായ്മ  കൂടുന്നപോലെയും...!

എങ്കിലും, ഇപ്പോൾ, രാമാനുജനോടും ആ മൂപ്പനോടുമുള്ള ആദരവോടെ.. നിർത്തട്ടെ..

എന്ന്....

ഉണ്ണിയുടെ കത്തുകൾ- ഇരുപത്തഞ്ച്

മടവൂർ
25/04/2020

പ്രിയപ്പെട്ട നിനക്കായി ഞാൻ കുറിയ്ക്കുന്ന ഇരുപത്തിയഞ്ചാം കത്ത്.. ഈ കുറിയ്ക്കപ്പെട്ടവയെക്കാൾ, നിനക്കായി കാത്തുവച്ച എത്രയോ വാക്കുകൾ കാലപ്പഴക്കത്താൽ ക്ലാവ് പിടിച്ചുപോയിരിക്കുന്നു.. ഒരുവേള, ആ ക്ലാവ് കഴുകി മിനുക്കിയെടുത്താൽ, അവയൊക്കെ നിന്നിൽ ഒരുപാട് തിളങ്ങിയേക്കും.. എന്തെന്നാൽ, അതിലെല്ലാം എന്റെ ജീവൻ  അലിഞ്ഞുചേർന്നിട്ടുണ്ട്.. ഇനിയും, ആ പറയാതെപോയ വാക്കുകളുടെ പത്തായം തുറക്കാൻ വയ്യ.. ഇനിയൊരു നോവുകടൽ നീന്താൻ, എന്തോ നിനക്കും എനിക്കും കഴിയും എന്ന് തോന്നുന്നില്ല..
എഴുതാൻ തുടങ്ങിയാൽ എഴുതുപ്പടർന്നുകൊണ്ടേയിരിക്കും.. !

പിന്നെ, ഈ കൊരോണാക്കാലത്ത് പെട്ടെന്നു വന്നു, അതുപോലെ പോയ ഒരു വാർത്തയുണ്ടായിരുന്നു.. വടക്കൻ കൊറിയയിലെ ഏകാധിപതിയായ കിം ജോങ് നെ കുറിച്ച്.. അയാളുടെ ആരോഗ്യാവസ്ഥയെ കുറിച്ച്.. ആ വാർത്ത കേട്ടപ്പോൾ എന്റെ മനസ്സിൽ തെളിഞ്ഞത് ഒരു പെണ്‍കുട്ടിയുടെ രൂപമാണ്.. യിയോന്മി പാർക്ക്.. 
നീ കേട്ടിട്ടുണ്ടോ ആ കുട്ടിയെക്കുറിച്ച്? മലാല യൂസഫ്‌സായ് എന്ന പാകിസ്ഥാനി പെണ്‍കുട്ടിയെ ആഘോഷിച്ച ലോകം, എന്തുകൊണ്ടോ യിയോന്മി പാർക്കിന്‌ അത്രയ്ക്ക് പ്രാധാന്യം നൽകിയില്ല എന്നാണ് എന്റെ പക്ഷം.. 

1993 ഒക്ടോബർ നാലിന്, വടക്കൻ കൊറിയയിലെ റിയാങ്ഗാങ് പ്രവിശ്യയിലെ ഹെയ്‌സാനിൽ ഒരു സർക്കാർ ഉദ്യോഗസ്ഥന്റെയും ആർമി നഴ്‌സിന്റെയും മകളായി ജനിച്ച യിയോന്മി പാർക്ക്, ജെയിംസ് കാമറോണിന്റെ ടൈറ്റാനിക് എന്ന സിനിമയുടെ DVD കാണുമ്പോഴാണ് വടക്കൻ കൊറിയയ്ക്ക് പുറത്ത് ഒരു ലോകമുണ്ടെന്നു അറിയുന്നത്.. സ്വാതന്ത്യവും സ്നേഹവും എന്തെന്ന് അറിയുന്നത്.. 
അക്കാലത്ത്, നിയമവിരുദ്ധമായി കച്ചവടം നടത്തി എന്നാരോപിച്ച്, അധികാരികൾ യിയോന്മിയുടെ പിതാവിനെ പീഡിപ്പിച്ചിരുന്നു. ഒടുവിൽ പ്രാണഭയം മൂലം, അമ്മയും മകളും ആളുകളെ കടത്തുന്ന ബ്രോക്കർമാരുടെ സഹായത്തോടെ ചൈനയിലേക്ക് പലായനം ചെയ്തു..
 അനാരോഗ്യം കാരണം യാത്രചെയ്യാൻ കഴിയാത്ത അച്ഛനെ കൂടെ കൂട്ടിയില്ല.. യിയോന്മിയുടെ മൂത്ത സഹോദരി, യുൻമി, ഇവർക്കുമുമ്പേതന്നെ വടക്കൻ കൊറിയയിൽ നിന്നും രക്ഷപ്പെട്ടിരുന്നു.. 

2007ൽ ചൈനയിലേക്കും, തുടർന്ന് 2009ൽ മംഗോളിയ വഴി തെക്കൻ കൊറിയയിലേക്കുമുള്ള യാത്രയ്ക്കിടയിൽ വിവിധ പട്ടാളക്കാരിൽനിന്നും പൊലീസിൽനിന്നുമെല്ലാം സഹിയ്ക്കേണ്ടിവന്ന ശാരീരിക-ലൈംഗിക-മാനസിക പീഡനങ്ങളെക്കുറിച്ച് ലോകത്തോട് വിളിച്ചുപറഞ്ഞത്, 2014ൽ അയർലൻഡിലെ ഡുബ്ലിനിൽ നടന്ന 'One Young World Summit' ലൂടെയാണ്.. അത് പറയുമ്പോൾ ആ കുട്ടി പൊട്ടിക്കരയുകയായിരുന്നു.. 

ചൈനയിലേക്കുള്ള യാത്രയ്ക്കിടയിൽ അവരുടെ പലായനത്തെക്കുറിച്ച് അധികാരികളോട് പറയാതിരിക്കാൻ യിയോന്മിയോട് ലൈംഗികബന്ധത്തിന് തയ്യാറാവണമെന്നു ഒരു 'സഹായി' പറഞ്ഞപ്പോൾ, "മകൾക്ക് പകരം  ഞാൻ വരാം" എന്ന് പറഞ്ഞ് ആ അമ്മ വഴങ്ങുകയായിരുന്നു.. അത് കണ്ടുനിൽക്കേണ്ടിവന്ന ഒരു മകളുടെ അവസ്‌ഥ, നിനക്ക് ഊഹിയ്ക്കാൻ കഴിയുന്നോ? 
Oh..God..!!

അങ്ങനെ ഒരുപാട് യാതനകൾ അനുഭവിച്ച യിയോന്മി പാർക്ക്, ഇന്ന് ലോകം  അറിയപ്പെടുന്ന  മനുഷ്യാവകാശപ്രവർത്തകയും, സ്ത്രീശബ്ദവും, എഴുത്തുകാരിയുമൊക്കെയാണ്.. "Inorder to Live- A North Korean Girl's Journey to Freedom"  എന്ന, 'Penguin' പ്രസിദ്ധീകരിച്ച പുസ്തകം, യിയോന്മി പാർക്കിന്റെ ജീവിതത്തിന്റെ നേർക്കാഴ്ചയാണ്.. 2009 മുതൽ തെക്കൻ കൊറിയയിൽ സ്ഥിരതാമസമാക്കിയിരുന്ന യിയോന്മി പാർക്ക്, 2014ൽ ന്യുയോർക്കിലേക്ക് ചേക്കേറി.. ഇപ്പോൾ  കൊളംബിയ യൂണിവേഴ്സിറ്റിയിൽ പഠിക്കുന്നു..

ഡാ.. യിയോന്മി പാർക്കിന്റെ ജീവിതം പറഞ്ഞത്, അവരെ വാഴ്ത്താനല്ല.. അവർ സ്ത്രീകളുടെ ഒരു സ്പെസിമനാണ്.. ഒരോ സ്ത്രീജീവിതങ്ങളും ഓരോ ചെറുത്ത് നിൽപ്പുകളുടെ ബാക്കിപത്രങ്ങളാണ്.. ഓരോ നോവുകടൽ നീന്തിയവരാണ്.. കുടുംബത്തെ ചേർത്തുനിർത്താൻ, ഓരോന്നും തിരസ്കരിച്ചവരാണ്.. അതുകൊണ്ട് തന്നെയാണ്, സ്ത്രീപക്ഷം മനുഷ്യപക്ഷമാകുന്നത്..

ഡാ.. എല്ലാ മനുഷ്യരിലും ഓരോ മഹാഭാരതങ്ങൾ ഉണ്ട്.. അത് കാണാൻ കഴിയണം എന്ന് മാത്രം.. അതിനു, നമ്മൾ അവരുടെ ഷൂവിൽനിന്ന്  നോക്കണം.. നമ്മൾ ഇന്നലെവരെ കണ്ടതിനേക്കാൾ വ്യത്യസ്തമായ കാഴ്ചകൾ കാണാം.. അതിനെ, മന:ശാസ്ത്രത്തിൽ 'എമ്പതി' എന്നൊക്കെ പറയാം.. ആ വ്യക്തിയുടെ അവസ്ഥയോട് താതാത്മ്യപ്പെടുക.. ആ വ്യക്തിയിലൂടെ കാണുക.. നമ്മൾ, പൊതുവെ 'സിമ്പതി'യുടെ ആൾക്കാരല്ലേ..? ആരുടെയെങ്കിലും അവസ്ഥയോട് ഒരു അനുകമ്പ കാണിച്ച്, രണ്ട് ഡയലോഗും വിട്ടാൽ നമ്മൾ ഫ്രീ..! അല്ലേ..? 
 ഈ സിമ്പതിയ്ക്കപ്പുറത്തേക്ക്  ഒരു ശരാശരി മനുഷ്യന് എത്ര ദൂരം പോകാൻ കഴിയും..?

നമ്മൾ നുണയുന്ന ഈ ജീവിതം പോലും ഒരു നുണയായിരിക്കെ, വീണ്ടും വീണ്ടും നുണയാൻ കുറെ ഓർമ്മകൾ തന്ന നിനക്കായി ഇനിയും എഴുതാം,  എന്ന പ്രതീക്ഷയോടെ നിർത്തട്ടെ..

എന്ന്...

2020 ഏപ്രിൽ 24, വെള്ളിയാഴ്‌ച

ഉണ്ണിയുടെ കത്തുകൾ- ഇരുപത്തിനാല്

മടവൂർ
24/4/2020

പ്രിയപ്പെട്ട നിനക്കായി.. എന്റെ ഇരുപത്തിനാലാം കത്ത്.. എന്നും നിന്നോട് എന്തൊക്കെയോ പറയണം എന്ന് കരുതും... എഴുതിവരുമ്പോൾ, വിഷയങ്ങൾ കാടുകേറും.. ഒരുവേള, എന്റെ ജീവിതം പോലെ ലക്ഷ്യം തെറ്റി പായുന്ന ഒന്ന്.. നിന്നോട് പറയാനായി എന്റെ ഇന്നലെകളെ  കൊത്തിവലിച്ച്‌ പുറത്തേക്കിട്ട്‌ ചിക്കിചികഞ്ഞുകഴിയുമ്പോഴേക്കും"ഇന്ന്" അവസാനിക്കുന്നു..
ഒടുവിൽ 'ഇന്നിനെ' നാളേക്ക്‌ മാറ്റിവയ്ക്കുന്നു.. 'നാളെയെ' മറ്റൊരു നാളെയിലേക്കും.. അങ്ങനെയങ്ങനെ നീണ്ടുപോകുന്നു.. ഈ അനന്തതയല്ലേ, നമ്മളെയൊക്കെ മുന്നോട്ട് നയിക്കുന്നത്, ഒടുവിൽ ആ  പരബ്രഹ്മം എന്ന മഹാസാഗരത്തിൽ ലയിക്കാൻ..

ദിനാന്തം എന്ന സമാഹാരത്തിൽ ഓ എൻ വി കുറിച്ചതുപോലെ..
'ഏതോ മഹാനാദ-
    ധാരയിൽ നമ്മുടെ
നാദം ലയിപ്പൂ
    കടലിൽ പുഴപോലെ..:

ഓരോ വിശ്വാസിയും ജീവിയ്ക്കുന്നത്, അവന്റെ മരണാനന്തരജീവിതം സുഖകരമാക്കുന്നതിനാവും..  ഒരിക്കലും മനുഷ്യൻ കണ്ടിട്ടില്ലാത്ത സ്വർഗ്ഗവും നരകവുമാണ്‌, നമ്മളെ മുന്നോട്ട് നയിക്കുന്നത്.. അവിടെയാണ്, ഓരോ റമദാൻ വ്രതത്തിന്റെയും പ്രസക്തി.. വിശ്വാസി ഏറെ ഭക്തിയോടും ആദരവോടും അനുഷ്ടിക്കുന്ന റമദാൻ നോമ്പ്, മരണാനന്തരമുള്ള പരലോകവാസത്തേക്കാളേറെ, ഇഹലോകത്തിലെ ജീവിതാവസ്ഥകളെ മനസ്സിലാക്കാനും, സഹജീവികളോടുള്ള സ്നേഹവും കരുണയും എന്തെന്ന് അറിയാനുമായി സ്രഷ്ടാവ് കാണിച്ചുകൊടുത്ത വഴിയാണ് എന്ന് ഞാൻ വിശ്വസിക്കുന്നു.. മനുഷ്യൻ എന്ന സിസ്റ്റത്തെ ഒന്ന് റീബൂട്ട് ചെയ്യുകയാണ് ഇവിടെ.. മനസ്സിലും, ശരീരത്തിലും അടിഞ്ഞുകൂടിയ മാലിന്യം നിർമ്മാർജ്ജനം ചെയ്ത്, നന്മയുടെയും സ്നേഹത്തിന്റെയും പ്രകാശം ചൊരിയുന്ന ദൈവസൃഷ്‌ടകളായി മാറുക.. 

 ഖത്തർ ടെലിവിഷനിൽ ജോലിചെയ്തിരുന്ന പതിനാലുവർഷവും, റമദാൻ മാസത്തിന്റെ നന്മ അനുഭവിയ്ക്കാൻ കഴിഞ്ഞത് എന്റെ പുണ്യമായി കരുതുന്നു.. നോമ്പ്, എന്നത് പകൽ ആഹാരം കഴിക്കാതെയിരിക്കലല്ല.. സൂര്യോദയത്തിനുമുമ്പ് സുഹൂറിനും അസ്തമയത്തിലെ ഇഫ്താറിനും ഇടയിലെ ജീവിതത്തിൽ മനുഷ്യന് ഒരുപാട് പഠിക്കാനുണ്ട്.. മാറാനുണ്ട്.. തിരിച്ചറിയാനുണ്ട്... ആ തിരിച്ചറിവുകളാണ്, പിന്നീടുള്ള അവന്റെ വഴികാട്ടി.. 

നോമ്പിന്റെ മെഡിക്കൽ സൈഡിൽ, ശാരീരികമായി ഏറെ ഗുണങ്ങൾ ഉണ്ട്.. ഒപ്പം മാനസികമായും.. നോമ്പിന്റെ സാമൂഹികവശം, അത് കാണിച്ചുതരുന്ന സോഷ്യലിസമാണ്.. ദൈവത്തിനുമുന്നിൽ, പ്രകൃതിയ്ക്ക് മുന്നിൽ, വിശപ്പിനുമുന്നിൽ, അങ്ങനെ എല്ലായിടത്തും മനുഷ്യർ തുല്യരാണ്.. 
ഡാ.. എന്ത് സുന്ദരമായ ദീർഘവീക്ഷണമാണ് പരിശുദ്ധ ഖുർആൻ മുന്നോട്ട് വയ്ക്കുന്നത്...!

ഖത്തർ ടിവിയിൽ ജോലിയ്ക്ക് കയറിയതിനുശേഷമുള്ള ആദ്യത്തെ നോമ്പ് കാലം.. ഒരു ഇസ്ലാമികരാജ്യത്തിലെ റമദാൻ കാലം.. ഖത്തറിന്റെ വടക്ക് ഷമാൽ എന്ന സ്ഥലത്ത് ഒരു ചെറിയ ഷൂട്ടിങ്.. ഞാനും, അധികം വിദ്യാഭ്യാസമില്ലാത്ത ഖത്തറിയായ ഡ്രൈവറും..  നല്ല ചൂട്.. ഹ്യൂമിഡിറ്റി.. എനിക്ക് വിശപ്പും ദാഹവും.. ഡ്രൈവർക്ക് ഇംഗ്ലീഷ് അറിയില്ല.. അന്ന് എനിക്ക് അറബിയും അറിയില്ല.. ഷൂട്ടിംഗ് കഴിഞ്ഞപ്പോൾ ഒരു മണിയായി.. 
ദോഹയിലേക്ക് ഏകദേശം 105 കിലോമീറ്റർ ദൂരമുണ്ട്.. തിരികെ വരുന്ന വഴി അയ്യാൾ ഒരു ഗ്രോസറിയിൽ കാർ നിർത്തി.. ആ കടക്കാരനെ വിളിച്ചു.. അറബിയിൽ എന്തോ പറഞ്ഞു.. 
"നിങ്ങൾക്കു കഴിക്കാൻ ആവശ്യമുള്ളത്  തരാനാണ് അയ്യാൾ പറഞ്ഞത്" എന്ന് ആ മലയാളി കടക്കാരൻ പറഞ്ഞു.. 

" അത് പ്രശ്നമാവില്ലേ" എന്ന് ഞാൻ..

"അത് കുഴപ്പമില്ല.. കാറിനു പിന്നിൽ, അയാൾ കാണാതെ കഴിച്ചോളൂ" എന്ന് അറബി പറഞ്ഞു എന്ന് കടക്കാരൻ.. 

എനിക്ക് ടെൻഷനായി.. നോമ്പ് സമയത്തു ഒരു അറബി ഇങ്ങനെ പറയോ എന്ന സംശയം.. 
 "ഹബീബി.. മാഫി മുഷ്കിൽ.. ഇന്ത  അബീ അഖിൽ, ജിബ്‌.. അഖിൽ ദാഹിൽ സയ്യാറാ.. അള്ളാ കരീം..'
ഇങ്ങനെയൊക്ക അയ്യാൾ പറഞ്ഞു.. സുഹൃത്തേ ഒരു പ്രശ്നവുമില്ല.. നിനക്ക് ആവശ്യമെങ്കിൽ, വാങ്ങി വണ്ടിയിൽ ഇരുന്ന് കഴിക്കൂ..

നോക്കു.. എല്ലാ വിശ്വാസങ്ങളെയും ബഹുമാനിയ്ക്കാൻ വിദ്യാഭ്യാസം വേണ്ട.. ശരിയായ വിശ്വാസം മതി.. 
ഡാ.. എങ്കിലും, ഞാൻ അന്ന് കഴിച്ചില്ല.. കാരണം മനസ്സ് നിറഞ്ഞിരുന്നു..

സ്വർഗത്തെയും നരകത്തെയും കുറിച്ച് പ്രതിപാദിച്ചപ്പോൾ,  മോളുടെ ഒരു ചോദ്യം ഓർത്തു.. 

ദോഹയിൽ, ഒരു രാത്രി, ഞാനും മോളും ഒരു കോഫികുടിയ്ക്കാനായി, ഞങ്ങളുടെ അടുത്തുളള കോസ്റ്റ കോഫിയിൽ പോയി.. എന്റെ വിരൽ പിടിച്ച്, റോഡ്‌ വക്കിലൂടെ നടക്കുമ്പോൾ  അവൾ വാചാലയായിരുന്നു.. 

" അച്ഛാ ഈ സ്വർഗ്ഗവും നരകവും ആരെങ്കിലും കണ്ടിട്ടുണ്ടോ? "

അതൊക്കെ മരണാനന്തരമല്ലേ? അതുകൊണ്ട് എങ്ങനെ അറിയാൻ? അതുപോട്ടെ, 
എന്താ മോൾക്ക് ഇങ്ങനെ ഒരു സംശയം? 

" അല്ല അച്ഛാ.. ആരും അതൊന്നും കണ്ടിട്ടില്ലെങ്കിൽ, പിന്നെ എങ്ങനെ അങ്ങനെ ഒരിടമുണ്ടെന്ന് വിശ്വസിക്കും?'

അതൊക്കെ ഓരോ വിശ്വാസങ്ങളല്ലേ? 

" അപ്പോൾ അച്ഛൻ പറഞ്ഞത്, അതൊക്കെ റിലീജിയസ് കണ്സപ്റ്റ് എന്നല്ലേ? അപ്പോൾ ഞാൻ ഒന്ന് ചോദിക്കട്ടെ.. അപ്പോൾ, ഈ ഭൂമിയില്നിന്നും മരിക്കുന്നവർ സ്വർഗ്ഗത്തിലോ നരകത്തിലോ പോകുമെന്ന് വിശ്വസിക്കുമ്പോലെ, സപ്പോസ്, ഭൂമിയെപ്പോലെ മറ്റൊരു ഇടത്ത് ജീവിച്ചിരുന്ന മനുഷ്യർ മരിച്ചിട്ട് വന്ന്, മരണാനന്തരജീവിതം നയിക്കുന്ന ഒരു സ്വർഗ്ഗമോ നരകമോ  ആയിക്കൂടെ ഇവിടം? നമ്മളൊക്കെ, മറ്റൊരിടത്തുനിന്നും മരിച്ചിട്ട് വന്നവർ? വാട് യു തിനക്‌?"

ദൈവാനുഗ്രഹം കൊണ്ട്, അപ്പോഴേക്കും കോഫിഷോപ്പിൽ എത്തിയിരുന്നു..
ഓകെ.. വി വിൽ ഡിസ്കസ് ഇറ്റ് ലേറ്റർ..

ഞാൻ തടിയൂരി.. 

ഞാൻ ഒരുപാട് ചിന്തിച്ചു.. സിഗരറ്റ് പായ്ക്കറ്റുകളും മദ്യക്കുപ്പികളും കാലിയായി.. ഫൈനലി,  മോൾ പറഞ്ഞതുതന്നെ ശരി എന്ന് വിശ്വസിക്കാൻ തുടങ്ങി...

അപ്പോൾ, ഇന്ന് ഞാൻ നിന്നെ ഒരുപാട് മുഷിപ്പിച്ചു.. സോറിഡാ... ഇനിയും ഒരുപാട് ഉണ്ട് പറയാൻ..
ഇന്ഷാ അള്ളാ.. നാളെ എഴുതാം..
ഇപ്പോൾ നിർത്തുന്നു.. റമദാൻ കരീം..

എന്ന്..

ഉണ്ണിയുടെ കത്തുകൾ- ഇരുപത്തിമൂന്ന്

മടവൂർ
23/04/2020

പ്രിയപ്പെട്ട നിനക്കായി കുറിയ്ക്കുന്ന ഇരുപത്തിമൂന്നാം കത്ത്..
 ഒരുവേള, ഒരു കത്തിലും, നീ സുഖമായിരിക്കുന്നോ എന്നുള്ള എന്റെ സ്നേഹാന്വേഷണം ഉണ്ടായില്ല എന്ന് നീ പരിഭവിയ്ക്കുന്നുണ്ടാവും.. ല്ലേ..? എന്നാൽ, അങ്ങനെയൊരു ചോദ്യം അനാവശ്യമല്ലേ..? എന്തെന്നാൽ, നീ എന്നും എന്നുള്ളിൽ തന്നെ സുരക്ഷിതമായിരിക്കുന്നത് ഞാൻ അറിയുകയല്ലേ.. !

പിന്നെ, എന്നെപ്പോലുള്ള സിനിമാപ്രമികൾക്ക്, ഏറ്റവും വലിയ നഷ്ടം ഉണ്ടായ ഒരു ദിവസത്തിന്റെ  ഓർമ്മപ്പെടുത്തൽ കൂടിയാണ്, ഏപ്രിൽ ഇരുപത്തിമൂന്നു...  ഇന്ത്യൻ സിനിമയെ ലോകാസിനിമാഭൂപടത്തിലേക്ക് എത്തിച്ച സത്യജിത് റേ എന്ന ആ മഹാപ്രതിഭ, ആക്ഷനും കട്ടുമില്ലാതെ  വെള്ളിവെളിച്ചമില്ലാത്ത ലോകത്തേക്ക് പോയ ദിനം.. 1992 ഏപ്രിൽ 23..  
ഞാൻ ബിരുദാനന്തരബിരുദവും  ഒപ്പം, പത്രപ്രവർത്തനവും പഠിക്കുന്ന കാലം.. അക്കാലത്താണ്, ഞാൻ മടവൂർ എന്ന ഗ്രാമത്തിലെ ദേവി ടാക്കീസിൽ കളിച്ചിരുന്ന തട്ടുപൊളിപ്പൻ സിനിമകൾപ്പുറം, മറ്റൊരു ചലച്ചിത്രലോകം ഉണ്ടെന്ന് അറിയുന്നതും, സത്യജിത്റേയുടെയും മൃണാൾ സെന്നിന്റെയും അരവിന്ദന്റെയുമൊക്കെ സിനിമകൾ അക്കാദമിക് ലെവലിൽ കാണാൻ തുടങ്ങിയതും.. എങ്കിലും,
തന്റെ മുപ്പത്തിനാലാം വയസ്സിൽ, ലോകോത്തര ക്ലാസിക്സിനിമ ഒരുക്കിയ  റേയേക്കാലും എന്റെ മനസ്സിൽ ഇന്നും  ജീവിയ്ക്കുന്നത് മറ്റൊരു ബംഗാളി സംവിധായകനാണ്..  ബിഭൂതിഭൂഷൻ ബൻദ്യോപാദ്ധ്യായയുടെ 'പാതയുടെ സംഗീത'മായ  പഥേർ പാഞ്ചാലിയും, അപ്പു ട്രിയോലോജിയിലെ മറ്റ് സിനിമകളും കണ്ട്‌, സത്യജിത് റേ എന്ന ഫിലിം മേക്കറോട് ആരാധനമൂത്തിരിക്കുമ്പോഴാണ്, അദ്ദേഹത്തിന്റെ പാത പിന്തുടർന്ന്, മനുഷ്യ മനസ്സിന്റെ ഉള്ളറകളിലേക്ക് ഒരു മനുഷ്യൻ പതിയെ കയറുന്നത് ശ്രദ്ധിച്ചത്.. ഒരു ആൺചിറകുള്ള പെൺപക്ഷി..  
ആ പക്ഷി എന്റെ ഉള്ളിലും കൂടുകൂട്ടുകയായിരുന്നു.. 

അതേടാ.. ഞാൻ പറഞ്ഞുവരുന്നത്
ഋതുപർണ്ണോഘോഷിനെ കുറിച്ചുതന്നെ..
 
സിനിമയിലും ജീവിതത്തിലും ഋതുഭേദങ്ങൾക്ക് പുതിയ വർണ്ണങ്ങൾ നല്കി, കാലത്തിനുമുൻപേ സഞ്ചരിച്ച പ്രതിഭ.. വ്യവസ്ഥാപിത സിനിമാ വ്യാകരണങ്ങളെ മാറ്റിമറിച്ച്, ഒരു പുതിയ ചലച്ചിത്രഭാഷ ആസ്വാദകന് പറഞ്ഞുതന്ന, ഋതുപർണ്ണൊ ഘോഷ് എന്ന സിനിമയിലെ അവസാനത്തെ 'ഋതു'..

 ഋതുപർണ്ണോ സംവിധാനം ചെയ്ത  എല്ലാ സിനിമകളും ഞാൻ കണ്ടുകഴിഞ്ഞു...
 'റയിൻ കോട്ട്', 'ഉന്നീഷെ ഏപ്രിൽ', 'ചോക്കെർ ബാലി'  തുടങ്ങി, സംവിധാനമാന്ത്രികതയടൊപ്പം, അഭിനയത്തിന്റെ നവരസങ്ങളിൽ ആസ്വാദകനെ കുടുക്കിയ 'ചിത്രാംഗദ', 
ഒപ്പം മറ്റൊരു സംവിധായകന്റെ ചിത്രമാണെങ്കിലും, നടനവൈഭവംകൊണ്ട്  ഋതുപർണ്ണോയുടെ  ചിത്രമായ, ഉപാധികളില്ലാത്ത ആൺപ്രണയത്തിന്റെ സുന്ദരമുഖം കാട്ടിത്തന്ന 'മെമ്മറീസ് ഇൻ മാർച്ച്'  ഉൾപ്പെടെ എല്ലാം..

 ഡാ.. മനുഷ്യമനസ്സിന്റെ സങ്കീർണതകളെ, കടലാഴങ്ങളെ, ഇത്രയും സൂക്ഷ്മമായും, കൈയൊതുക്കത്തോടെയും അവതരിപ്പിച്ച ചലച്ചിത്രകാരന്മാർ ഇന്ത്യൻ സിനിമയിൽ വിരളമാണ്.. അദ്ദേഹത്തിന്റെ  പാതയിലൂടെയലെങ്കിലും, അത്തരം മാനോവ്യാപരങ്ങളെ അതേ തീവ്രതയോടെ പിന്നീട് കണ്ടിട്ടുള്ളത് , ഒരുവേള  മലയാളത്തിന്റെ സ്വന്തം  ശ്യാമപ്രസാദിലായിരിക്കും..

 ‘ഉന്നീഷെ ഏപ്രിൽ’ അവസാനരംഗത്തോടടുക്കുമ്പോൾ, അമ്മയ്ക്കും മകൾക്കുമിടയിലുള്ള കാലുഷ്യത്തിന്റെ  മഞ്ഞുരുകുന്നത് ഒരു നെഞ്ചുരക്കത്തോടെയാണ് ഞാൻ കണ്ടത്... 'മെമ്മറീസ് ഇൻ മാർച്ച്' ഇപ്പോഴും ഒരു നൊമ്പരമായി കൂടെയുണ്ട്.. ‘റെയിൻ കോട്ടിൽ’ ഇപ്പോഴും മഴ പെയ്യുകയാണ്..
‘ചിത്രാംഗദ’... അത് വല്ലാതെ കൊത്തിവലിക്കുന്നു..
  ആണിനും പെണ്ണിനുമിടയിലെ ഒറ്റയടിപ്പാതയിലൂടെയുള്ള ഋതുപർണ്ണൊയുടെ ആ  നടത്തം എനിക്ക് ഒരുപാടിഷ്ടമായിരുന്നു..
 ഒരു 'റിട്രോസ്പെക്റ്റിവ്' പോലെ അദ്ദേഹത്തിന്റെ ചിത്രങ്ങൾ ഞാൻ ഇപ്പോഴും  കാണും.. സിനിമ പഠിക്കാൻ വേണ്ടി മാത്രമല്ല.. മനുഷ്യ മനസ്സുകളെ അതേ സൂക്ഷ്മതയോടെ അറിയാനുംകൂടി..

സോറിഡാ... സത്യജിത്റെയെകുറിച്ച് തുടങ്ങി, അദ്ദേഹത്തിന്റെ പിൻഗാമിയിലേക്ക് എത്തി.. അത് അങ്ങനെയാ... എനിക്ക് ഋതുപർണ്ണൊയെ അത്രയ്ക്ക് ഇഷ്ടാ... 

പിന്നെ, പഥേർ പാഞ്ചാലി.. അത് ഞാൻ ഇഷ്ടപ്പെടുന്നത്, ഒരു ക്ലാസിക്ക് എന്നതിനപ്പുറം, സുബ്രതോ മിത്ര എന്ന സിനിമാട്ടോഗ്രാഫറുടെ വർക്ക് ആയതുകൊണ്ടും കൂടിയാണ്.. നിനക്കറിയോ, ഈ സിനിമ ചിത്രീകരിക്കുംവരെ, സിനിമാ ക്യാമറയും ഷൂട്ടിങ്ങും ഒന്നും സുബ്രതോ മിത്ര കണ്ടിട്ടേയില്ലായിരുന്നു.. അതിനെക്കുറിച്ചു കുറച്ച് ബോധവാനായിരുന്നു..  തന്റെ ആദ്യ ഛായാഗ്രഹണം ലോകോത്തരമാക്കിയ ആ പ്രതിഭയാണ് എന്റെ മാനസഗുരു..

ഇന്ന് ലോകപുസ്തദിനംകൂടിയല്ലേ..? 
ഓരോ മനുഷ്യമനസും ഓരോ ഇതിഹാസങ്ങളാണ്..  ആ ഇതിഹാസങ്ങളെ മനോഹരമായി പകർത്തിയ ഈ മൂന്ന് പ്രതിഭകൾക്കും എന്റെ അക്ഷരപ്രണാമം..

ഡാ... ഇവിടെ ഇപ്പോഴും മഴപെയ്യുന്നു...
തോരാമഴയ്ക്കിടയിൽ, ഒരു കുടപോലെ, ചുട്ടുപൊള്ളുന്നവേനലിൽ, ഒരു മഴപോലെ, 
മഴവീണതൊടികളിൽ പരക്കുന്ന വെയിൽ പോലെയൊക്കെ നിന്റെ  പ്രണയം എന്നിൽ നിറയുന്നു.. 

പിന്നെ, 'മെമ്മറീസ് ഇൻ മാർച്ചി' ൽ ഒരു പഴയ ഹിന്ദി ഗാനം ഓർക്കുന്ന രംഗമുണ്ട്.. മരിച്ചുപോയ   മകന്റെ, ജീവിച്ചിരിക്കുന്ന 'കാമുകനെ'  കാണാൻ വന്ന അമ്മയും, ആ 'കാമുകനും' സംസാരിക്കുന്ന രംഗത്തിൽ..

'യെ രാത്തെൻ യെ മൗസം നദി കാ കിനാര യെ ചഞ്ചൽ ഹവാ..'
ആ പാട്ട് കേൾക്കുമ്പോഴെല്ലാം, 
തപിയ്ക്കുന്നരാവിന്റെ കുളിരോർമ്മയായി നീ...

തത്ക്കാലം നിർത്തട്ടെ..

എന്ന്....

2020 ഏപ്രിൽ 22, ബുധനാഴ്‌ച

ഉണ്ണിയുടെ കത്തുകൾ-ഇരുപത്തിരണ്ട്

മടവൂർ
22/04/2020

പ്രിയപ്പെട്ട നിനക്കായി...

ഞാനറിയാതെയെങ്കിലും വിഷാദത്തിന്റെ കാർമേഘങ്ങൾ വീണ്ടും ഒഴുകിയെത്തുന്നു.. രാവിലെമുതൽ,  ഉച്ചവരെ നാലഞ്ചുപേർ വിളിച്ചിരുന്നു.. എല്ലാം ഡിപ്രഷൻ തന്നെ വിഷയം.. ഒപ്പം, കോവിഡ് നൽകുന്ന ആകുലതയും അതിലേറെ, നാളെയെക്കുറിച്ചുള്ള ആശങ്കയും..
 ആ ആശങ്കകളുമായി നിനക്ക് ഒരു റൊമാന്റിക് കത്ത് എഴുതാൻ, എന്തുകൊണ്ടോ, എനിക്ക് ആവുന്നില്ല.. എങ്കിലും ഞാൻ ശ്രമിച്ചു.. 
ഒടുവിൽ ഞാൻ വീടിനു പുറത്തേക്ക് നോക്കുമ്പോൾ,   മനുഷ്യൻ ഒഴികെ  കിളികളും തുമ്പികളും മറ്റ് ജീവജാലങ്ങളെല്ലാം  ആഘോഷത്തിലാണ്.. ഇമ്പമുള്ള കുയിൽനാദവും..  അങ്ങനെ ഇന്നലെ മഴകഴിഞ്ഞു തെളിഞ്ഞ അന്തരീക്ഷം എന്തുകൊണ്ടും ആഹ്ലാദഭരിതമാണ്.. ആ ആഹ്ലാദം, ഞാനറിയാതെ എന്നിലേക്കും പതിയെ ഒഴുകി കേറി.. ഡാ.. അതുകൊണ്ടാണ്, എനിക്ക് ഇന്ന് നിനക്കായി എഴുതാനുള്ള മൂഡ് ഉണ്ടായത്.. 
ഡാ.. നിനക്ക് ഓർമ്മയുണ്ടോ? ഇന്ന്  ഭൗമദിനമാണ്.. കൊറോനാക്കാലത്തെ ഭൗമദിനം..

എല്ലാർക്കും അറിവുള്ളതുപോലെ,  കൊറോണ,
 ഭീകരമാണ്.. 
ഭീകരനാണ്.. 
ആധിയാണ്.. 
വ്യാധിയാണ്.. 
എങ്കിലും, എനിക്ക് ഇന്ന് അതൊരു തിരിച്ചറിവാണ്.. എന്തെന്നില്ലാതെ, എന്തിനെന്നില്ലാതെ തിരക്കുപിടിച്ച് ഓടിക്കൊണ്ടിരുന്ന നമ്മുടെയൊക്കെ  ജീവിതത്തിൽ, ആ ഓട്ടത്തിനു  ഒരു അർധവിരാമം നൽകി, ജീവിതത്തിന്റെ അർത്ഥമറിയാൻ, നമ്മിലേക്കും നമ്മൾ നിൽക്കുന്ന മണ്ണിലേക്കും നോക്കാനുള്ള ഒരു അവസരമായി ഇതിനെ കാണാം.. 
ഒരുവേള, അതുകൊണ്ടുതന്നെ ഈ ഭൗമദിനം അർത്ഥവത്താവുന്നു..

ഡാ... നീ പിപ്പലാന്ത്രി എന്ന രാജസ്ഥാൻ ഗ്രാമത്തെക്കുറിച്ചു കേട്ടിട്ടുണ്ടോ? 
ഇനിവരും തലമുറയെക്കുറിച്ച്‌ ചിന്തിക്കാതെ, സ്വാർത്ഥലാഭത്തിനായി വസുധയെ ചൂഷണം ചെയ്യുമ്പോഴും, ചില ഒറ്റപ്പെട്ട പ്രതീക്ഷകളായ്‌ ബാക്കിനിൽക്കുന്നത് പിപ്പലാന്ത്രി പോലുള്ള ഗ്രാമങ്ങളും, ഒറ്റമരങ്ങളും നീർച്ചാലുകളുമൊക്കെയണ്.

 ഒരു കുഞ്ഞുജീവനും ജനിക്കാൻ ആഗ്രഹിച്ച്‌ ജനിക്കുന്നതല്ല.. നമ്മൾ അഥിതികളായി നമ്മുടെ ജീവിതത്തിലേക്ക് വിളിച്ചുവരുത്തുന്നതാണ്.. അതുകൊണ്ടുതന്നെ, അതിഥികളെപ്പോലെതന്നെ, സ്നേഹത്തോടെ ആ കുഞ്ഞുങ്ങളെ സംരക്ഷിക്കണം..
പെണ്‍കുഞ്ഞുങ്ങള്‍ പിറക്കുമ്പോള്‍, ആ പിറവിയെ  പിപ്പലാന്ത്രിക്കാരെപ്പോലെ ആഘോഷിക്കുന്നവർ വിരളമാണ്.. കുഞ്ഞിന്റെ അച്ഛനമ്മമാര്‍ക്കൊപ്പം പ്രകൃതിയ്ക്കും അതൊരു ആഘോഷമാണ്.. കാരണം, ഓരോ പെണ്കുഞ്ഞുങ്ങൾ ജനിക്കുമ്പോഴും, അവർ  നൂറ്റിപതിനൊന്നു മരങ്ങൾ നടും.. അത് അവിടുത്തെ ഗ്രാമവാസികൾ  ഉണ്ടാക്കിയ നിയമമാണ്.. ഇപ്പോൾ ലക്ഷക്കണക്കിന് വൃക്ഷങ്ങൾ കൊണ്ട് സമൃദ്ധമാണ് ആ ഗ്രാമം.. ഫലവൃക്ഷങ്ങളും ഔഷധചെടികളുമൊക്കെയായി, ഒരു വരുമാനം കൂടി അവർക്ക് ലഭിക്കുന്നു.. എന്ത് സുന്ദരവും സുഭഗവുമായ ആചാരം..! 

ഋതുക്കൽ മാറുന്നതിനനുസരിച്ച്, മരങ്ങൾ ഇലപൊഴിക്കും, വീണ്ടും തളിർത്ത് പൂവും കായും വരും, മഞ്ഞിൽ മറയും, മഴയിൽ കുളിക്കും, വെയിലിൽ വാടും... അങ്ങനെയങ്ങനെ..
 ഒരു ഋതുവിൽ കാണുന്നത് മാത്രമല്ലല്ലോ ആ മരം.. 
ഋതുഭേദങ്ങൾക്കൊപ്പം തളരാതെ നിൽക്കുമ്പോഴാണ്, ആ മരം "മര"മായി നിൽക്കുന്നത്.. അതുകൊണ്ടുതന്നെ, പെണ്കുട്ടികളുടെ,
 സ്ത്രീത്വത്തിന്റെ,
 മാതൃത്വത്തിന്റെ, ഏറ്റവും ആഹ്ലാദകാരമായ ആഘോഷം.. ഭൂഹൃദയത്തെ തരളിതമാക്കൻ ഇതിൽകൂടുതൽ എന്താണ്, പിപ്പലാന്ത്രിക്കാർ ചെയ്യേണ്ടത്? 

ഡാ.. ആഗോളതാപനം കൂടുന്നു..  അന്റാർട്ടിക്കയിലെ മഞ്ഞുരുകലിന്റെ വേഗം കൂടുന്നു.. ഭൂമിയുടെ ഋതുതാളം തെറ്റുന്നു.. 
Netflix ൽ ഒരു ഡോക്യൂമെന്ററി സീരീസ് ഉണ്ട്.. Our Planet.. ഡേവിഡ് ആറ്റൻബറോ വിവരണം നൽകുന്ന, മൂന്നു വർഷങ്ങളോളം എടുത്ത്, ആയിരത്തിലേറെ crew members ഷൂട്ട് ചെയ്ത ആ സീരീസ് ഒന്ന് കാണാൻ പറ്റിയാൽ നീ കാണണം.. നമ്മുടെ ഭൂമിയുടെ ഇന്നത്തെ അവസ്‌ഥ എന്തെന്ന് മനസ്സിലാവും.. കൊറോണയെക്കാൾ ഭീകരമാണ് കാലാവസ്ഥാവ്യതിയാനങ്ങൾ... അതുകൊണ്ടുതന്നെ, പിപ്പലാന്ത്രിക്കാർ ചെയ്യുന്നതുപോലെ ഭൂമിയ്ക്ക് വേണ്ടി, മറ്റ് ജീവികൾക്കുവേണ്ടി നമ്മുക്ക് പറ്റുന്ന നന്മകൾ ചെയ്യാം..

" ഉർവ്വിയെപ്പുഷ്പിപ്പിയ്ക്കും കലപോൽ 
നമുക്കത്ര നിർവൃതികരം സർഗ്ഗവ്യാപാരമുണ്ടോ മന്നിൽ.." എന്ന് വൈലോപ്പിള്ളി എഴുതിയത് ഓർക്കുന്നോ..?
 അതേടാ.. മണ്ണിലെ കൃഷിപോലെ ആഹ്ലാദം നൽകുന്ന മറ്റ് എന്തുണ്ട്? സത്യത്തിൽ, ഈ കോവിഡ് 19 നമ്മളെയൊക്കെ വീണ്ടും കൃഷി ചെയ്യാനും, പ്രകൃതിയ്ക്കൊപ്പം നിൽക്കാനും ഓർമ്മിപ്പിക്കുകയല്ലേ? എനിക്ക് നേരിൽ അറിയാവുന്ന ഒരുപാട് സ്നേഹിതർ, ഈ ലോക്ഡൗൻ സമയം സ്വന്തം മണ്ണിലും  ടെറസ്സിലുമൊക്കെ രാസവളരഹിത കൃഷിചെയ്യാനായി ഉപയോഗിക്കുകയാണ്.. നമ്മൾ പ്രകൃതിയ്ക്ക് വേണ്ടി ചെയ്യുന്ന ഓരോ  ചെറിയ നന്മകളും, ഈ ഭൂമിയുടെ, ജീവന്റെ നിലനിൽപ്പിനു കൂടുതൽ ശക്തിപകരും..

ആ സിനിമാപ്പാട്ടിൽ പറയുമ്പോലെ, "ഈ വർണ്ണസുരഭിയാം ഭൂമിയില്ലല്ലാതെ കാമുകഹൃദയങ്ങളുണ്ടോ? "

ഉണ്ടാവുമായിരിക്കാം.. എങ്കിലും, നമ്മളെപ്പോലെ ഉണ്ടാവില്ല... അല്ലേ? ഉണ്ടാവില്ല തന്നെ...

അപ്പോൾ,
"ഇനിയും മരിക്കാത്തഭൂമി, നിനക്ക് ആസന്നമൃതിയുണ്ടാവില്ല" എന്ന് വിശ്വസിച്ചുകൊണ്ട്,
നിർത്തട്ടെ...

എന്ന്....

ഉണ്ണിയുടെ കത്തുകൾ- ഇരുപത്തൊന്നു

മടവൂർ
21/04/2020


പ്രിയപ്പെട്ട നിനക്കായി കുറിയ്ക്കുന്ന ഇരുപത്തിയൊന്നാമത്തെ കത്ത്..

ഒരോ ദിവസവും ഞാൻ കടന്നുപോകുന്ന ആന്തരികയാത്രകളുടെയും, എന്നിൽ തെളിയുന്ന ഓർമ്മ ചിത്രങ്ങളുടെയും കുറിമാനങ്ങൾ ഏറ്റുവാങ്ങുന്ന ഈ  നീ ആരാണെന്ന് എന്നോട് പലരും ചോദിക്കുന്നു.. ഈ ഇലക്ട്രോണിക്സ് യുഗത്തിലെ ഈ തുറന്ന കത്തുകൾ തേടിയെത്തുന്ന നിനക്കൊരു പേര് എന്തിനാ? 
തമ്മിൽ തിരിച്ചറിയാൻ ഒരോ പേരുകൾ ഇല്ലായിരുന്നെങ്കിൽ, നമ്മളെല്ലാം വെറും മനുഷ്യരായിത്തന്നെയിരിക്കുമായിരുന്നില്ലേ?  സോ, എനിക്ക് നീ വെറും മനുഷ്യനായിത്തന്നെയിരുന്നാൽ മതി..

എനിക്കറിയാം.. പ്രണയത്തേരിൽ തുടങ്ങിയ ഈ കത്ത് യാത്ര, ഇടയ്ക്കിടയ്ക്ക് വഴിതെറ്റിപ്പോകുന്നു.. ആ യാത്രയിൽ, ഞാൻ എന്റെ ഉള്ളറകളിലേക്ക് അറിയാതെ പോയിപോകുന്നു.. 

ഇന്നലെ ആ ദോഹയിലെ കുട്ടിയെക്കുറിച്ച് പറഞ്ഞപ്പോൾ, ഭയചകിതമായകണ്ണുകളുമായി മറ്റൊരു കൗമാരം എന്നെ നോക്കിനിൽക്കുന്നു.. എന്നിലേക്ക് അമരുന്നു..

ഡാ.. മണൽനഗരവാസത്തിനിടയിൽ കിട്ടിയിരുന്ന അവധിക്കാലങ്ങളിൽ,  ഇടയ്ക്കൊക്കെ നാട്ടിലെ സർക്കാർ സ്‌കൂളുകളിൽ കൗമാരക്കാരായ കുട്ടികളോട് സംസാരിക്കാൻ പോകാറുണ്ടായിരുന്നു.. അങ്ങനെ, ഒരു സർക്കാർ സ്‌കൂളിലെ പത്താം ക്ലാസിലെ കുട്ടികളോട് സംസാരിച്ചു, ക്ലാസിൽ നിന്നും പുറത്തേക്കിറങ്ങുമ്പോഴാണ്, ആ കുട്ടി, അവന്റെ ഒരു കൂട്ടുകാരനോടൊപ്പം എന്നെ പിന്തുടർന്നതും, അവനു എന്നോട് സ്വകാര്യമായി എന്തോ പറയാനുണ്ടെന്ന് പറഞ്ഞതും, ഞാനും അവനും ആ സ്‌കൂളിന്റെ വലിയ ഗ്രൗണ്ടിൽ രണ്ട് ചെറിയ മനുഷ്യരായി നടന്നതും.. 
ഞാൻ അവന്റെ ചുമലിൽ കൈവച്ചു നടക്കുമ്പോൾ, അവന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.. അവന്റെ  കണ്ണിൽ ഊറിക്കൂടിയ നോവുകൾ, തുള്ളികളായി വീഴുംമുൻപേ, ഞാൻ അവനെ എന്നിലേക്ക് കൂടുതൽ ചേർത്ത് പിടിച്ചു.. അവൻ എന്നിലേക്ക് ഒരുപാട് ചേർന്നു.. 
"എന്റെ ഓർമ്മയിൽ ഒരിക്കൽപോലും അച്ഛൻ എന്നെ സ്നേഹത്തോടെ ഹഗ് ചെയ്തിട്ടില്ല സർ.. ദേഷ്യപ്പെടാനും തല്ലാനുമല്ലാതെ എന്റെ അരികിൽ വന്നിട്ടില്ല.." എന്നോക്ക പറയുമ്പോഴും  അവൻ വുതുമ്പിക്കരയുന്നുണ്ടായിരുന്നു.. 
അതേടാ.. ഒരു നിമിഷം എന്നിലെ കൗൻസെലർ, ഒരച്ഛനു വഴിമാറി.. 

ഡാ.. ഒരോ ആലിംഗനത്തിന്റെയും  സ്നേഹചുംബനത്തിന്റെയുമൊക്കെ തുടർച്ചയല്ലേ  ഓരോ ജീവനും..?  ജീവിതം എന്ന പ്രതിഭാസം തുടങ്ങിയതും, മനുഷ്യൻ ഓരോ  കുടുംബങ്ങളായി ജീവിക്കാൻ തുടങ്ങിയതും അങ്ങനെയാവാം.. ആ ആലിംഗനങ്ങൾക്ക്  പല മുഖങ്ങളുണ്ട്..  അച്ഛന്റെ.. അമ്മയുടെ.. ഭാര്യയുടെ.. മക്കളുടെ..

ഒരു ആലിംഗനത്തിന്   ഒരുപാട്‌  പ്രകമ്പനങ്ങളും, മനസ്സിൽ തുടർചലനങ്ങളും  ഉണ്ടാക്കാൻ കഴിയുന്നു..  കാരണം, സ്നേഹത്തോടെ ആലിംഗനം ചെയ്യുമ്പോൾ,
സന്തോഷം ഉണ്ടാക്കുന്ന  ഓക്‌സിടോസിന്‍ എന്ന ഹോർമോണും, ആശ്വാസവും സമാധാനവും നൽകുന്ന എന്‍ഡോര്‍ഫിനും  ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്നു..
അതേ.. സ്‌നേഹത്തോടെയുള്ള കെട്ടിപ്പിടുത്തം വ്യക്തികളുടെ മൂഡിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കും എന്ന് പഠനങ്ങൾ പറയുന്നു.. 

ഇതൊക്കെ, നമ്മുക്കിടയിൽ പറയാം അല്ലേ? യാഥാർത്ഥ്യം   മറ്റൊന്നാവാം.. പ്രായപൂർത്തിയായ മകളെ അച്ഛൻ ആലിംഗനം ചെയ്യുമ്പോൾ, നെഞ്ചിടിപ്പുകൂടുന്നു എന്ന് പറഞ്ഞ ഒരു കൗൻസ്‌ലിംഗ് ക്ലയന്റ് എനിക്കുണ്ടായിരുന്നു.. വർത്തമാനകാലവാർത്തകൾ സമ്മാനിച്ച, ആ anxiety യിൽനിന്നും അവരെ മാറ്റിയെടുക്കാൻ എനിക്ക് കുറെ സെഷൻസ് സംസാരിക്കേണ്ടിവന്നിരുന്നു. ഡാ.. സത്യത്തിൽ, ഈ കോവിഡ് കാലത്തെ സാംമൂഹിക അകലം പാലിക്കൽ തുടങ്ങുംമുന്പേ, ഇത്തരം ശാരീരിക അകലങ്ങൽ നമ്മുക്കിടയിൽ വന്ന് കഴിഞ്ഞു.. എന്തിനേറെ, ഒരു ജീവൻരക്ഷാമരുന്ന് കഴിക്കുമ്പോൾ പോലും, ആ മരുന്നിന്റെ സൈഡ് ഇഫക്ട്സ്  ഗൂഗിൾ ചെയ്തുനോക്കുന്ന ഒരു സമൂഹത്തിൽ, ഇത്തരം anxiety കൂടികൊണ്ടേയിരിക്കും..  

ഇതിനു ഒരു മാറ്റം വരുത്താൻ അവനവനു മാത്രമേ സാധിക്കൂ.. സ്വന്തം attitude മാറ്റുക.. കാരണം, അഹം ബ്രഹ്മോസ്മി തന്നെ.. അവനവനിൽ തന്നെയാണ് ബ്രഹ്മം.. അവനവന്റെ മനസ്സിൽ തന്നെയാണ് സൃഷ്ടി സ്ഥിതി സംഹാരങ്ങൾ.. നമ്മുടെ മനസ്സ് തന്നെയാണ്, നമ്മുടെ   വിധാതാവ്.. 

ഭഗവത്ഗീതയിലെ,  ആത്മസംയമയോഗഃ യിലെ അർജുന-കൃഷ്ണ സംവാദത്തിൽ  മനസ്സിന്റെ നിയന്ത്രണത്തെ നന്നായി പ്രതിപാദിക്കുന്നുണ്ട്.. 
ഒരിടത്ത് കൃഷ്ണൻ പറയുന്നത് ഇങ്ങനെയാണ്..

ഉദ്ധരേദാത്മനാത്മാനാം നാത്മാനമവസാദയേത്
ആത്മൈവ ഹ്യത്മനോ ബന്ധുരാത്മൈവ രിപുരാത്മനാ

ഒരുവൻ തന്നെ സ്വയം ഉദ്ധരിക്കേണ്ടതാണ്.. തന്നെ സ്വയം താഴ്ത്തരുത്.. താൻ തന്നെയാണ് തന്റെ ബന്ധു.. താൻ തന്നെയാണ് തന്റെ ശത്രുവും..

ഗീതയിൽ പറയുംപോലെ, യാതൊരുവൻ സ്വയം തന്നെ ജയിച്ചിരിക്കുന്നുവോ, അവനു താൻ തന്നെ തന്റെ ബന്ധുവാണ്..  തന്റെ മേൽ സ്വയം നിയന്ത്രണമില്ലാത്തവന് താൻ തന്നെ ശത്രുവിനെപ്പോലെ ശത്രുത്വത്തിൽ വർത്തിക്കുന്നു..

ഇങ്ങനെ നിന്നോട് ഗീതോപദേശം പറഞ്ഞോണ്ടിരിക്കുമ്പോൾ, ദാ ഇവിടെ നന്നായി മഴ പെയ്യുന്നു.. ചുട്ടുപൊള്ളുന്ന ചൂട് സഹിയ്ക്കാതെയല്ലേ ഞാൻ ഒരിക്കൽ നിന്റെ കണ്ണുകളിലേക്ക് ഓടിക്കയറിയതും, നീ നിന്റെ കണ്പോളകൾ കൊണ്ട് എനിക്ക് തണലേകിയതും.. അതുകൊണ്ടുതന്നെ, ഇനിയും തോരാമഴതന്നെ പെയ്തോട്ടെ.. അപ്പോഴും,  എന്റെ കണ്പോളകൾ ക്കുള്ളിൽ നീ നനയാതിരിക്കും.. എന്നും..

സ്നേഹത്തോടെ നിർത്തട്ടെ...

എന്ന്...

ഉണ്ണിയുടെ കത്തുകൾ-ഇരുപത്

മടവൂർ
20/04/2020

പ്രിയപ്പെട്ട നിനക്കായി  കുറിയ്ക്കുന്ന  ഇരുപതാമത്തെ കത്ത്..

ഇന്നലെ നിനക്കായി എഴുതിക്കഴിഞ്ഞപ്പോൾ,  ഓർമ്മയുടെ പിന്നാമ്പുറങ്ങളിൽ നിന്റെ വെള്ളിക്കൊലുസ്സ്‌ ചിരിച്ചപോലെയും, 
 ഉടഞ്ഞ വളപ്പൊട്ടുകളും മഞ്ചാടിമുത്തുകളും കൊണ്ട്‌ നമ്മൾ പല്ലാങ്കുഴി കളിച്ചപോലെയും,  ചിങ്ങക്കൊയ്ത്തുകഴിഞ്ഞ പാടത്തിനെ തഴുകിയെത്തിയ കാറ്റിൽ കൈതപ്പൂ മണമറിഞ്ഞപോലെയു മൊക്കെ ഒരു ഫീൽ..
 അതേടാ.. എന്റെ  ഓർമ്മത്തൊടിയിൽ നീ വീണ്ടുമൊരു തുമ്പസ്മിതമായി നിറയുകയായിരുന്നു..

ഒരു ഒഴിവാക്കലോ ഒഴിവാക്കപ്പെടലോ ഉണ്ടാവുമ്പോഴാവാം, പ്രണയത്തിനു വിരഹഛായയുണ്ടാവുന്നത്‌.. അല്ലേ? മറിച്ച്‌, ആ വിരഹം വെറും ഭൗതികപ്രക്രിയ മാത്രമാണെന്ന് തിരിച്ചറിയുകയും, മനസ്സാഴങ്ങളിൽ വേർപ്പാടുണ്ടാവതിരിക്കുകയും ചെയ്യുമ്പോൾ, പ്രണയത്തിന്റെവർണ്ണം മാറുന്നു.. അതുതന്നെയല്ലേ നമ്മളിലും സംഭവിയ്ക്കുന്നത്..? 

yes.. once blankness held us.. still the blankness stays..  but, after a long time,  now I open my mind.. my tongue shapes breath to sound, to make in you my story.. in you to make myself.. yes.. at last, in blankness we are found.. the silence makes fort..
ശൂന്യതയിലും നമ്മൾ പരസ്പരം കാണുന്നു.. അറിയുന്നു.. അതേ.. നീയും  ഞാനും ..

ഡാ.. അതൊക്കെ പോട്ടെ.. ഇതിനിടയിൽ ഒരു കാര്യം പറയാൻ മറന്നു.. ഇന്ന് രാവിലെ എനിക്ക് ദോഹയിൽ നിന്നും ഒരു സന്ദേശം വന്നു.. ഒരു ഏഴാം ക്ലാസുകാരന്റെ.. ഒപ്പം 'ഈ  കോവിഡ് കാലത്ത് അങ്കിൾ സുരക്ഷിതമായിയിരിക്കണം' എന്ന പ്രാർത്ഥനയും.. എനിക്ക് മറക്കാൻ കഴിയാത്ത ഒരു കുട്ടിയാണവൻ.. കുറച്ചുവർഷംമുൻപ്, ഞാൻ ദോഹയിൽ ആയിരിക്കുമ്പോൾ, ഒരുദിവസം ആ കുട്ടിയുടെ അച്ഛൻ എന്നെ വിളിച്ചിരുന്നു.. ഞാൻ ആ മോനോട് ഒന്ന് സംസാരിക്കണം.. കാരണം,  ഒരാഴ്ച്ചയായി ആ കുട്ടിയ്ക്ക് അവന്റെ അടുത്ത ഫ്‌ളാറ്റിലെ ദമ്പതികളുടെ മോനായി ജീവിച്ചാൽ മതിയത്രേ..  ആ ഒന്നാം ക്ളാസുകാരനെ ഞാൻ ഒന്ന് പറഞ്ഞു മനസ്സിലാക്കണം..

ഞാൻ ആ മോനെ കണ്ടു.. ഞങ്ങൾ ഒരുമിച്ച് ഒരു ഡ്രൈവിനു പോയി.. അവന്റെ കുഞ്ഞു മനസ്സിലെ സങ്കടങ്ങൾ കേട്ടു.. ഒരു സാധാരണ ന്യൂക്ലിയർ ഫാമിലിയിലെ പ്രശ്നങ്ങളൊക്കെ തന്നെ.. അതിൽ അവനു ഏറ്റവും വേദനയുള്ളത്, അവന്റെ കയ്യിൽനിന്നും ഒരു ജ്യുസ് ഗ്ളാസ് തറയിൽ വീണ് പൊട്ടിയപ്പോൾ, അമ്മ വഴക്കുപറഞ്ഞു.. അച്ഛൻ ചെറുതായൊന്നു തല്ലി.. എന്നാൽ, അവന്റെ അതേ പ്രായത്തിലുള്ള, അടുത്തവീട്ടിലെ കുട്ടി, ഇവരുടെ വീട്ടിലെ ഒരു സ്ഫടികം കൊണ്ടുള്ള മൊമന്റോ തള്ളിയിട്ട് ഉടച്ചിട്ട്, ആ കുട്ടിയെ വഴക്കുപറഞ്ഞില്ല എന്ന് മാത്രമല്ല, ആ കുട്ടിയുടെ അമ്മ വഴക്കുപറയാൻ തുടങ്ങിയപ്പോൾ  "അവൻ കൊച്ചുകുഞ്ഞല്ലേ..? കുട്ടികളാവുമ്പോൾ ഇങ്ങനെയൊക്കെ സംഭവിക്കും, അത് സാധാരണമാണ്..  ഉടഞ്ഞത് വീണ്ടും വാങ്ങാവുന്നതേയുള്ളൂ.. " എന്നൊക്കെ പറഞ്ഞു, അടുത്ത വീട്ടിലെ കുഞ്ഞിനെ, ഇവന്റെ അമ്മ ചേർത്ത് പിടുച്ചുവത്രേ.. ഒരുമ്മയും കൊടുത്തു..

ഇവിടെ ഈ കുട്ടിയുടെ ചിന്തയിൽ, അവൻ അടുത്ത വീട്ടിലെ കുട്ടിയായിരുന്നെങ്കിൽ, അവനെയും അമ്മ തല്ലില്ലായിരുന്നു.. ചേർത്ത് പിടിക്കുമായിരുന്നു.. അമ്മയ്ക്ക് അവനോട് സ്നേഹം തോന്നുമായിരുന്നു.. 
കുട്ടിയുടെ പേസ്പെക്ടിവിൽ, ആ ചിന്ത ശരിയാണ്..  
നമ്മുടെ പ്രായത്തിൽ, ഇത് നിസ്സാരമാണ്.. ആ കുട്ടിയ്ക്ക് അതൊരു ട്രോമയാണ്..  ആ പേരന്റസിനു ഡ്രാമയും.. !
എനിവേ, പ്രശ്നം പരിഹരിച്ചു.. അവൻ ഇപ്പോൾ ഹാപ്പിയാണ്.. an excellent boy..

ഡാ.. സത്യത്തിൽ നമ്മളൊക്കെ ഇങ്ങനല്ലേ? നിസ്സാരകാര്യങ്ങൾ എന്നു പറഞ്ഞു, കുട്ടികൾക്ക് എന്തൊക്കെ നിഷേധിക്കുന്നു? ഒന്നാലോചിച്ചുനോക്കിയെ..  ഓരോ വീട്ടിലും, ഇനിയും വരാത്ത അതിഥികളെയും കാത്ത്, എത്രയോ സ്ഫടികപാത്രങ്ങളും ഗ്ലാസ്സുകളും ഒക്കെ ഇരിക്കുന്നുണ്ടാവും? അപ്പോഴും, ആ വീട്ടിലെ കുട്ടികൾ, പഴയ പാത്രങ്ങളിൽ ആഹാരം കഴിച്ചുകൊണ്ടിരിക്കും.. ഇങ്ങനെ വാങ്ങിവയ്ക്കുന്ന പലതും, ആ വീട്ടുകാർക്ക് ഉപയോഗപ്പെടില്ല..  മഞ്ഞിലെ വിമലയും ബുധുവും കാത്തിരുന്നതുപോലെ, ആ സ്ഫടികപാത്രങ്ങൾ എന്നോ വരുമെന്ന് കരുതുന്ന, ഏതോ അഥിതികൾക്കായി കാത്തിരിക്കുന്നു..  ഒന്നുമില്ലേലും,  മഞ്ഞിലെ കാത്തിരിപ്പിന് ഒരു സുഖമുണ്ട്.. റൊമാന്റിക് ആയിരുന്നു.. എന്നാൽ ഈ പാത്രങ്ങൾളിൽ എന്ത് റൊമാൻസ്?

ഒരിക്കൽ, ഒരു  രാത്രിയിൽ തിരക്കൊഴിഞ്ഞ റോഡിലൂടെ കാറോടിച്ചുപോകുമ്പോൾ, മോളുമായുള്ള സംഭാഷണത്തിൽ കുറച്ച്‌ തത്വചിന്ത കലർന്നിരുന്നു..  "അച്ഛാ.. എന്തിനാ ഇങ്ങനൊക്കെ ചിന്തിക്കുന്നത്‌..? നമ്മൾ പിറന്നുവീഴുമ്പോൾ, നമ്മളെ ആരൊക്കൊയോ എടുക്കുന്നു.. മരിക്കുമ്പോഴും അതുപോലെ ആരൊക്കൊയോ എടുക്കുന്നു.. ഇതിനിടയിൽ ഇടക്കൊന്ന് നടക്കുന്നു.. അതാണു ലൈഫ്‌.. സോ എഞ്ചോയ്‌ ഇറ്റ്‌.."

മോൾ പറഞ്ഞത് തന്നെയാണ് എനിക്ക് നിന്നോടും  പറയാനുള്ളത്..   ഇടയ്ക്കുള്ള  ആ നടത്തം, കുറച്ച് ഹാപ്പിയായി നടക്കുക.. മറ്റുള്ളവരുടെ ചുണ്ടിലെ പുഞ്ചിരിയ്ക്ക് ഉണർവ് ആവുക.. അവരുടെ കണ്ണുകളുടെ ആഴങ്ങളിൽ ജ്വലിക്കുന്ന വെളിച്ചമാവുക..

You know.. everything in life is about how we feel. Every decision we make in our life is based on how we feel. The single motivating power of our entire life is our feelings... 
So, if you good, you can make others feel better..

So, with good feelings, I wind up for today.. 

With lots of love..

Yours....

2020 ഏപ്രിൽ 19, ഞായറാഴ്‌ച

ഉണ്ണിയുടെ കത്തുകൾ- പത്തൊമ്പത്

മടവൂർ
19/04/2020

പ്രിയപ്പെട്ട നിനക്കായ് തന്നെ പത്തൊമ്പതാം കത്തും..
 ഡാ... എന്റെ കത്തുകളുടെ കൗമാരം ഇവിടെ കഴിയും.. 
ഒരുവേള, എന്റെ ഈ കുറിക്കലുകൾക്ക്  മറുവാക്കായി  പറയാൻ നീ ബാക്കിവയ്ക്കുന്നുണ്ടെന്നു ഞാൻ കരുതുന്ന ഓരോ വാക്കിലും, വാഴക്കൂമ്പിലെ അടരുകളിൽ നിറയുന്ന തേൻ പോലെ മധുരിക്കുന്ന പ്രണയം ഉണ്ടെന്ന് ഞാൻ വിശ്വാസിച്ചോട്ടെ.. കാരണം നിന്റെ ഹൃദയമിടിപ്പ് എന്റെ നെഞ്ചിൻകൂട്ടിലാണ്.. അതേടാ.. ചിതലരിച്ച എന്റെ നെഞ്ചിൻകൂട്ടിലെ ചിതൽ ബാക്കിവച്ച ഇടവും നിനക്ക് മാത്രം..
അതുപോലെ, എന്റെ കുപ്പായങ്ങൾക്കു നിന്റെ മണമാണ്.. എന്തെന്നാൽ, നീ തന്ന പ്രണയനൊമ്പരങ്ങളാണ് എന്റെ  വിയർപ്പ്.. എന്തിനേറെ, നിന്റെ ഓരോ ശ്വാസത്തിലും നിനക്ക്  'ഞാൻ മണക്കുന്നുണ്ടാവും' എന്ന് ഞാൻ വിശ്വസിക്കുന്നപോലെ, എന്നിൽ  നിന്നോർമ്മ എപ്പോഴും ഇനിയ്ക്കുന്നുണ്ട്..

ഡാ.. എങ്കിലും ഒന്ന് ചോദിച്ചോട്ടെ.. അന്ന്  പോകുമ്പോൾ നീ കൊണ്ടുപോയവയിൽ 
എന്റെ വാക്കുകളും ഉണ്ടായിരുന്നുവോ..? കാരണം, അന്ന്
മനസ്സിൽ നീ  ബാക്കിയാക്കിയ ശൂന്യതയിൽ തീവ്രമായൊരു മൗനമുണ്ട്...  
ഓരോ തവണയും നിന്നെയോർക്കുമ്പോൾ എന്നെ തളർത്തുന്ന മൗനം..! 

 ഒന്നോർത്താൽ, നമ്മൾ രണ്ട്‌ കടലുകളല്ലേ? പരസ്പരം കരൾ പിളർക്കുന്ന നിഗൂഡതകളുള്ള കടലുകൾ.. ? ആകാശങ്ങൾ കൊണ്ട് അതിർവരമ്പുകൾ തീത്ത കടലുകൾ? 
 അപ്പോഴും, അടുക്കും തോറും ചക്രവാളം അകലുന്നത്‌ നമ്മളല്ലേ അറിഞ്ഞിരുന്നുള്ളൂ.. അല്ലേ..? 
അല്ലെങ്കിൽ, നമ്മുടെ മൗനങ്ങൾക്ക് ഇത്രയേറെ ആഴമുണ്ടാവുമോ? ഇത്രയേറെ മൂർച്ചയുണ്ടാവുമോ? അല്ലെങ്കിൽ, നീ ബാക്കിവച്ച മൗനം കൊണ്ട് എന്റെ തൊണ്ട ഇങ്ങനെ പഴുക്കുമായിരുന്നോ? 

നീ തന്ന, മഷിത്തണ്ടിന്റെ തണുപ്പുള്ള  ഓർമ്മകൾക്കൊപ്പം, നിന്റെ മൗനത്തെ ചേർത്തുവായിക്കുമ്പോൾ, എന്തോ, ഇപ്പോഴും എന്റെ നെഞ്ചുരുകുന്നു..
ഓരുപക്ഷേ, എന്നെ നീ  ഇട്ടിട്ട് പോയപ്പോൾ, നീ തന്ന  വാക്കുകളും നിനക്കൊപ്പം പടിയിറങ്ങിയിട്ടുണ്ടാവാം.. അല്ലേ? 
എങ്കിലും, 96 എന്ന സിനിമയിലെ നായകൻ പറയുംപോലെ, നീ നിർത്തിയിടത്തു തന്നെ ഞാനിരിപ്പുണ്ട്.. 

അന്ന് ഞാൻ പറഞ്ഞത് തന്നെ ആവർത്തിക്കുന്നു.. ഇനി ഒരു വസന്തം മോഹിയ്ക്കാത്ത എന്നിൽ, ഒരു ശിശിരത്തിലും കൊഴിയാത്ത ഒരിലയായി നീ എന്നും.. അതുകൊണ്ടുതന്നെ, 
വാക്കുകൾ ഉള്ളിടത്തോളം,
പേന പിടിക്കാൻ ആകുന്നിടത്തോളം,
ഞാനും നീയും ഉള്ളിടത്തോളം
ഞാനിങ്ങനെ, നിന്നെപ്പറ്റി, പ്രണയത്തെപ്പറ്റി എഴുതിക്കൊണ്ടേയിരിക്കും..

ഡാ.. ഒരു തലോടലായി, അറിയാതൊരു തഴുകലായി, എന്നിലൂടെ കയറിയിറങ്ങുന്നൊരു ശ്വാസമായി, ചെമ്പകപ്പൂമണമായി, ഒരു
അദൃശ്യ സാന്നിധ്യമായി നീയുണ്ടെന്ന വിശ്വാസത്തോടെ നിർത്തട്ടെ..

എന്ന്.....

2020 ഏപ്രിൽ 18, ശനിയാഴ്‌ച

ഉണ്ണിയുടെ കത്തുകൾ- പതിനെട്ട്

മടവൂർ
18/04/2020


പ്രിയപ്പെട്ട നിനക്കായി കുറിക്കുന്ന പതിനെട്ടാം കത്ത്..

ഓരോ കത്ത് എഴുതാനിരിക്കുമ്പോഴും, നീ എന്റെ മുന്നിൽ ഇരിക്കുന്നുണ്ട്... ഞാൻ നിന്നെത്തന്നെ, നിന്റെ കണ്ണിലേക്കുതന്നെ, നോക്കികൊണ്ടേയിരിക്കുന്നു..  ഞാൻ തേടുന്ന ഉത്തരം നിന്റെ കണ്ണുകളിലുണ്ട്‌..
 അത്‌ ഞാൻ, "ഞാൻ" തന്നെയാണു.. അല്ലേ?
 ഈ പതിനെട്ടാം കത്ത് എഴുതുമ്പോഴും  അങ്ങനെതന്നെ.. എന്നും..

ബ്രഹ്മപുരാണം മുതൽ ബ്രഹ്മാണ്ഡപുരാണം വരെ
പതിനെട്ട് പുരാണങ്ങൾ..

അർജ്ജുനവിഷാദേയാഗഃ മുതൽ മോക്ഷസന്യാസയോഗഃ വരെ പതിനെട്ട് യോഗങ്ങളായി ഗീതോപദേശം..

പതിനെട്ട് ദിനങ്ങൾ നീണ്ട കുരുക്ഷേത്രയുദ്ധം..

മോക്ഷപ്രാപ്തിയിലേക്കുള്ള പതിനെട്ടു പടികൾ കയറി ചെല്ലുമ്പോൾ, നീ തിരയുന്ന ഈശ്വരൻ നിന്നിൽ തന്നെയാണ് എന്ന് ഓർമ്മപ്പെടുത്തുന്ന പതിനെട്ടാം പടി.. 

ഓതിരം മുതൽ ഗദായഘട്ടം വരെ പതിനെട്ട് അടവുകൾ..

 അങ്ങനെ പതിനെട്ടുകൾ ഒരുപാട്..  എന്തിനേറെ, നമ്മുക്ക് ശോഭനയെ കിട്ടിയതുപോലും ബാലചന്ദ്രമേനോന്റെ ഏപ്രിൽ പതിനെട്ടിലല്ലേ..? 

അതേടാ... ഈ പതിനെട്ട് 
ഒരു സംഭവമാണ്...

ഡാ... ഈ പറയുന്ന പുരണങ്ങളായാലും യുദ്ധങ്ങളായാലും ഗീതയായാലും മലകയറ്റം ആയാലും കളരിയായാലും, ഇനി സിനിമയായാലും വായനയായാലും, ഇനി എന്താണെങ്കിലും, അവയുടെയൊക്കെ ലക്ഷ്യങ്ങളിലൊന്നു മാനസാന്തരം അഥവ ‘കഥാർസിസ്’ ആണ്..

 നമ്മൾ കാണുന്ന നാടകങ്ങളിലോ, സിനിമയിലോ, വായിക്കുന്ന പുസ്തകങ്ങളിലോ ഉള്ള നന്മയുടെ അംശം ഉൾക്കൊണ്ടുകൊണ്ട്, വൈകാരികമായിത്തന്നെ, നമ്മിലെ തിന്മയുടെ ഉറവിടമറിഞ്ഞ് അതിൽനിന്നും മോചനം നേടുകയെന്നും പറയാം.. വർത്തമാനകാല വാർത്തകളും അനുഭവങ്ങളും അത്തരമൊരു മാനാസന്തര ചിന്തയ്ക്ക് തിരികൊളുത്തുകയാണ്..

നമ്മുക്ക് ചുറ്റിലും കാണപ്പെടുന്ന വസ്തുക്കളിൽനിന്നും, വ്യക്തികളിൽ നിന്നും, സംഭവങ്ങളിൽ നിന്നും, തുടങ്ങി, നമ്മൾ ദൈനംദിനം വ്യവഹരിക്കുന്ന എല്ലാറ്റിൽനിന്നും ഒരു ‘എനർജി’ പ്രസരിക്കുന്നു എന്നു കാണാം. ഈ ‘ഊർജ്ജത്തെ’ അനുകൂലമൊ പ്രതികൂലമോ ആക്കുന്നത് നമ്മുടെ മാനസ്സികാവസ്ഥയും ഒപ്പം മനോഭാവവുമാണ്. ഉദാഹരണമായി, സച്ചിൻ തെണ്ടുല്ക്കർ സെഞ്ച്വറി അടിച്ചു എന്ന് കേൾക്കുമ്പോൾ, ക്രിക്കറ്റിനോട് ആരാധനയുള്ളവർക്ക് കുളിരു കോരും.. ഇതിൽ താത്പര്യമില്ലാത്തവർ നിസ്സംഗരായി ഇരിക്കും. ഇവിടെ മനോഭാവവും താത്പര്യവുമാണ് ഇങ്ങനെ  ചിന്തിപ്പിക്കുന്നത്. ഇതേ അവസ്ഥതന്നെയാണ് കൊറോനയെക്കുറിച്ചും,  ഒരു അപകടത്തെക്കുറിച്ചും ,നേട്ടത്തെക്കുറിച്ചും, വിടവാങ്ങലിനെക്കുറിച്ചുമൊക്കെ കേൾക്കുമ്പോൾ നമ്മളിൽ ഉണ്ടാവുന്നത്.

   ഇവിടെ ‘ഊർജ്ജം’ എങ്ങനെ ഉണ്ടാവുന്നു എന്നതല്ല, മറിച്ച്, അതിനെ എങ്ങനെ മനസ്സിലാക്കുന്നു, അഥവാ ‘ചാനലൈസ്’ ചെയ്യുന്നു എന്നതാണ് പ്രധാനം. ഈ വിഷയത്തെ മനഃശാസ്ത്രത്തിന്റെ കണ്ണിലൂടെ നോക്കിയാൽ,  സച്ചിൻ തെണ്ടുല്ക്കർ സെഞ്ച്വറി അടിച്ചതും, കോവിഡ് 19 ബാധിച്ച് ആൾക്കാർ മരിക്കുന്നതും  സ്കൂൾ വാൻ മറിഞ്ഞ് കുട്ടികൾ മരിച്ചതും, അഴിമതി കേസുകളുടെ ‘ഫോളോ അപ്പു’ മെല്ലാം, കോഫി കുടിച്ചുകൊണ്ട്, ഒരേ മാനസ്സികാവസ്ഥയിൽ വായിക്കുന്ന- കാണുന്ന ആൾക്കാർ ഉണ്ടെന്ന് മനസ്സിലാക്കാം..
 ഈ ‘ഒരേ മാനസ്സികാവസ്ഥ’ തന്നെയാണ് ഇന്നു നമ്മൾ കാണുന്ന പല സാമൂഹിക പ്രശ്നങ്ങളുടേയും കാരണങ്ങളിൽ ഒന്ന്.

 ഇന്ന് നമ്മൾ ഏറെ ചർച്ചചെയ്യുന്ന വിഷയങ്ങളിലൊന്നാണ് സാമൂഹിക  സുരക്ഷിതത്വമാണ്..  സാമൂഹിക  സുരക്ഷിതത്വം എന്നത് ഭൗതികമായിട്ട് ജീവനും സ്വത്തിനുമുള്ള സംരക്ഷണം മാത്രമല്ല. മറിച്ച്, മാനസ്സികമായിട്ട് ഒരുവനിൽ വളർത്തിയെടുക്കേണ്ട സുരക്ഷിതത്വബോധം കൂടിയാണ്. വൃദ്ധരായ മാതാപിതാക്കളെ സംരക്ഷിക്കാൻ മനസില്ലാതെ അമ്പലനടകളിലും വൃദ്ധസദനങ്ങളിലും റെയിൽവേ സ്റ്റേഷനുകളിലും ഉപേക്ഷിക്കുന്ന വാർത്തകളും ചിത്രങ്ങളും കാണുന്ന വൃദ്ധരുടെ മനസ്സിൽ ഉണ്ടാവുന്ന ചിന്ത എന്തായിരിക്കും..? അല്ലെങ്കിൽ, ഇറ്റലിയിലും സ്പെയിനിലുമൊക്കെ പ്രായം ചെന്ന കോവിഡ് രോഗികളെ ചികിത്സിക്കുന്നതിൽ പ്രാധാന്യം കൊടുക്കുന്നില്ല എന്ന വാർത്ത കാണുന്ന, നമ്മുടെ നാട്ടിലെ പ്രായം ചെന്നവരുടെ മാനസ്സികാവസ്ഥ എന്തായിരിക്കും? 

 മാതാപിതാക്കളുടെ ശകാരത്തിൽ പ്രതിഷേധിച്ചോ, അല്ലെങ്കിൽ, അവരുടെ മർദ്ദനത്തെ ഭയന്നോ, അതുമല്ലെങ്ങിൽ ഒരു നിമിഷത്തെ ‘വകതിരിവ്’ ഇല്ലായ്മകൊണ്ടോ വീടുവിട്ടിറങ്ങുന്ന കൗമാരക്കാരുടെ വാർത്ത കാണുന്ന അതേ പ്രായക്കാരന്റെ ചിന്ത എങ്ങനെയാവാം..?  ഇത്തരം ചെയ്തികളും, അവയെ സമൂഹമധ്യത്തിൽ എത്തിക്കുന്ന വാർത്തകളും നല്കുന്ന ‘ഊർജ്ജ’മെന്താണ്..?  ഇവിടെ ഉണ്ടാവുന്ന ‘അരക്ഷിതബോധത്തെ’ എങ്ങനെ മറികടക്കാം..? ‘ആരാന്റയമ്മയ്ക്ക് ഭ്രാന്ത് വന്നാൽ’ എന്ന അവസ്ഥയിൽ ഇതിനെയൊക്കെ തിരസ്ക്കരിക്കാൻ പറ്റുമോ?
 
 ഇത്തരം വിപത്തുകളോട്, അവയുടെ കാരണമറിഞ്ഞ് പ്രതികരിക്കുമ്പോൾ, നമ്മളും ഈ സമൂഹത്തിന്റെ ഭാഗമാണെന്നുള്ള ബോധം  ശക്തമാവുന്നു. ഈ വാർത്തകളും കാഴ്ച്ചകളും നല്കുന്ന ‘എനർജി’ നമ്മൾ എന്ന  ‘സിസ്റ്റത്തിൽ’ ശേഖരിക്കപ്പെടുകയാണ്..
മൊബൈലിലോ കംപ്യുട്ടറിലോ ഒന്നോ രണ്ടോ അക്ഷരങ്ങൾ ടൈപ്പ്‌ ചെയ്യുമ്പോൾ, നമ്മൾ ഉദ്ദേശിക്കാത്ത വാക്കുകൾ ആ സിസ്റ്റം 'ഒരു സഹായമായി' തരുന്നതുപോലെ, 
 സമാനമായ ജീവിത അനുഭവങ്ങളെ അഭിമുഖീകരിക്കേണ്ടിവരുമ്പോൾ, ഈ ചിന്തകൾ തലപൊക്കാൻ തുടങ്ങും.. 
ഏതെങ്കിലും സാഹചര്യത്തിൽ അഛനമ്മമാർ  വൈകാരികമായി പ്രതികരിക്കുന്നത് കാണുന്ന കുട്ടികൾ, സമാന സാഹചര്യത്തിൽ അതിനെ  അനുകരിക്കുന്നതുപോലെതന്നെ..

ഒരു കൗമാരക്കാരൻ വീട് വിട്ട് പോയാൽ, ‘കടല’ കൊറിച്ചുകൊണ്ട് തന്റെ മകനെ അല്ലെങ്കിൽ മകളെ അടുത്തേക്ക് ചേർത്തിരുത്തി ആ വാർത്ത കണ്ട്, കുട്ടിയെ കാണാതെ കരയുന്ന മാതാപിതാക്കളോട് അനുകമ്പ കാണിച്ചുകഴിയുമ്പോഴേക്കും നമ്മുടെ  ‘കടമ’ കഴിഞ്ഞു.. ആ കുട്ടിയെ വീടുവിട്ടിറങ്ങാൻ പ്രചോദിപ്പിച്ചതെന്താണന്നും,വീട്ടിലോ സ്കൂളിലോ  ചുറ്റുപാടുകളിലോ എന്തെങ്കിലും കാരണങ്ങൾ ഉണ്ടായിട്ടുണ്ടോ എന്നും അന്വേഷിക്കേണ്ടതും,  അഥവാ ഉണ്ടായിട്ടുണ്ടെങ്കിൽ, തങ്ങളുടെ  ജീവിതത്തിൽ അതിന് സമാനമായ സമീപനങ്ങൾ  ഉണ്ടോ എന്നും ആത്മപരിശോധന ചെയ്യേണ്ടതും അനിവാര്യമാണ്. മാതാപിതാക്കളുടേയും കുട്ടികളുടേയും  ചിന്തകളും, ശരികളും ഒരുപോലെയാവണം എന്നില്ല.. വളർത്തുന്നവരും, വളരുന്ന ചുറ്റുപാടുകളുമാണ് ഓരോരുത്തരേയും വ്യത്യസ്തരാക്കുന്നത്.. ഒരുവേള, ഞാനും നീയും ഉൾപ്പെടുന്ന ഇപ്പോഴത്തെ ‘മാതാപിതാക്കൾ’  ഉൾക്കൊള്ളുന്ന തലമുറ വളരുകയായിരുന്നു.. എന്നാൽ നമ്മൾ നമ്മുടെ കുട്ടികളെ വളർത്തുകയാണ്.. വളരെ നിസ്സാരമായി ചർച്ചചെയ്ത് തീർക്കാൻ പറ്റിയ വിഷയമല്ല ഇതു എന്നറിയാം.. എങ്കിലും ചില ചിന്തകൾ പങ്കിട്ടു എന്നുമാത്രം..

ഡാ.. അതുപോലെ, കോവിഡ് 19ന്റെ വ്യാപനം തടയാനായി, വീട്ടിൽ അടച്ചിരിക്കുന്ന അവസ്‌ഥ,  ചിലരിലെങ്കിലും anxiety യും insecurityയും ഉണ്ടാക്കുന്നുണ്ട്.. അത്, പിന്നീട് ഈ അടയിരുപ്പിനുശേഷം  വല്ലാത്തൊരു ഫോബിയായിലേക്കും മറ്റ് മാനസ്സികപ്രശ്നങ്ങളിലേക്കും നയിച്ചേക്കാം.. പോസ്റ്റ് കോവിഡ് ദിനങ്ങളിൽ അഭിമുഖീകരിക്കാൻ സാധ്യതയുള്ള സാമ്പത്തിക പ്രതിസന്ധികൾ, തൊഴിൽ നഷ്ടമാകാനുള്ള സാധ്യതകൾ, കോവിഡ് മൂലം പിഴച്ചുപോയ കണക്കുകൾ... അങ്ങനെ ഒരുപാട് പ്രശ്നങ്ങൾ അലട്ടിയേക്കാം.. തത്ക്കാലം, അത്തരം വാർത്തകൾക്കൊപ്പം സഞ്ചരിക്കാതിരിക്കുക.. ലോകത്തിലെ എല്ലാ പ്രശ്നങ്ങളും നമ്മുടെ തലയിൽ ആണെന്ന് ചിന്തിക്കാതിരിക്കുക.. സാഹചര്യങ്ങളുടെ റീയാലിറ്റി മനസ്സിലാക്കി പെരുമാറുക.. 

നമ്മൾ രാവിലെ  എഴുന്നേൽക്കുന്നതുമുതൽ,  കിടക്കുന്നതുവരെയും കാണുകയും കേൾക്കുകയും ചെയ്യുന്ന സംഭവങ്ങൾ, വാർത്തകൾ, വ്യക്തികൾ, വസ്തുക്കൾ ഇവയൊക്കെ നമ്മൾ അറിയാതെ നമ്മിലേക്ക് ഡെപ്പോസിറ്റ് ചെയ്യുന്ന നെഗറ്റീവ് എനർജിയുണ്ട്.. നമ്മൾ എന്നും ശരീരവും വസ്ത്രങ്ങളും ശുചിയാക്കുന്നു.. എന്നാൽ , മനസ്സിൽ അടിയുന്ന വിഴുപ്പോ? തട്ടുകടകളിൽ എണ്ണപ്പലഹാരങ്ങൾ വറുക്കുന്ന ഇരുമ്പ്ചട്ടിയിലെ എണ്ണക്കറപോലെ, ആ നെഗറ്റീവ് എനർജി നമ്മിൽ നിൽക്കും.. ഒടുവിൽ, പലതരം ശാരീരിക അസുഖങ്ങളായി, സൈക്കോസോമാറ്റിക് അവസ്‌ഥകളായി പുറത്തുവരും.. പിന്നീട് ഒരിക്കലും തീരാത്ത മരുന്നുകാലം തുടങ്ങും.. 
സോ, മനസ്സും ഓർമ്മകളും ഒക്കെ ക്ളീൻ ചെയ്യൂ.. 

ഞാൻ തുടക്കത്തിൽ പറഞ്ഞില്ലേ മാനസാന്തരം..? 
കൗരവരെക്കുറിച്ച് വായിക്കുമ്പോൾ, 
"ഭർത്താവ് അന്ധനായിരുന്നാൽ ഭാര്യ അയാൾക്കുംകൂടി വേണ്ടി കാണുകയാണ് വേണ്ടത്.. അല്ലാതെ ഒന്നും കാണേണ്ട എന്ന് കരുതി കണ്ണുകെട്ടിയിരുന്നാൽ, പിള്ളേർ പിഴച്ചുപോകും എന്ന് മനസ്സിലാക്കാൻ"  കഴിയുന്നതാണ് മാനസാന്തരം... അതിനു പറ്റിയില്ലെങ്കിൽ, ആ കണ്ണുകെട്ടിയ അമ്മയെപ്പോലെ നീയും ഒരു സൈക്കോയാണെന്ന് ലോകം കരുതും...

ഡാ.. മണ്ണിന്റെ ആഴങ്ങളിൽ നമ്മുടെ വേരുകൾ പ്രണയിച്ച്‌ ഒന്നാകുമ്പോഴും, എന്നിട്ടുമെന്തേ, നമ്മളിങ്ങനെ... അതിർത്തിയ്ക്ക്‌ ഇരുവശങ്ങളിലായി രണ്ട്‌ മരങ്ങളായി... രണ്ടായിട്ടിങ്ങനെ.. എന്താടാ ഇങ്ങനെ..? 
ഒരുവേള, എന്റെ ചോദ്യങ്ങൾ പുതിയ വീടുകൾപോലെയാവും.. ഉത്തരങ്ങളില്ല..! അതുകൊണ്ടുതന്നെ, ഉത്തരത്തിൽ തൂങ്ങിയുള്ള പുതുചോദ്യങ്ങളുമില്ല.. അല്ലേ..?

ഒക്കെ ഡാ... നിന്നെ ഞാൻ ഒരുപാട് മുഷിപ്പിച്ചോ? ക്ഷമിച്ചുകള..

അപ്പോൾ, ലോകാ സമസ്താ സുഖിനോ ഭവന്തു..

തത്ക്കാലം നിർത്തട്ടെ..
എന്ന്....

ഉണ്ണിയുടെ കത്തുകൾ- പതിനേഴ്‌

..
മടവൂർ
17/04/2020

പ്രിയപ്പെട്ട നിനക്കായി എന്റെ പതിനേഴാം കത്ത്.. മധുരപ്പതിനേഴ് എന്നല്ലേ ചൊല്ല്.. അതേ,  കാട്ടുതേൻപോൽ  ഇനിയ്ക്കുന്ന   പ്രണയത്തിന് എന്നും മധുരപ്പതിനേഴ് തന്നെ.. 
ഡാ.. നീ തന്നെ ആകാശം.. നീ തന്നെ കടൽ.. അവയ്ക്കിടയിലെ വെറുമൊരു മഴനീർക്കണമായി ഞാൻ, എന്നും..

പിന്നെ ഇന്ന് രാവിലെ ഞാൻ ഉണർന്നത്, 
 " ഈ തട്ടകം നിൽക്കുവാൻ വയ്യാതെ പൊള്ളുന്നു പൊള്ളുന്നു"  എന്ന വരി 
ചുള്ളിക്കാടിന്റെ കവിതയിൽ അല്ലേ' എന്ന അവളുടെ ഒരു ചോദ്യം കേട്ടാണ്..

'അതേ.. യാത്രാമൊഴിയിൽ ഉള്ളത്.. എന്താ കാര്യം? '

" അത്, ഞങ്ങൾ, ദോഹയിലെ എഴുത്തുകാരുടെ ഒരു വാട്സ്ആപ്പ് ഗ്രൂപ്പുണ്ട്.. അതിൽ ഒരാളുടെ സംശയം..?"

അവൾ ക്രീയേറ്റീവാണ്.. കവിത എഴുത്തും  ചിത്രം വരപ്പും നാടകവും ഒക്കെയുണ്ട്...

അതുപോട്ടെ.. അവളുടെ ചോദ്യത്തിന് ഈ കത്തുമായി എന്ത് ബന്ധം എന്നാവും നീ ചിന്തിയ്ക്കുന്നത്.. ഉണ്ട്.. പൊള്ളുന്ന തട്ടകത്തിനു ശേഷമുള്ള വരികൾ അത്രയേറെ എന്നിൽ ആഴ്ന്നിറങ്ങിയിട്ടുണ്ട്..

"കത്തുന്ന പട്ടടയിലച്ഛന്റെ ചങ്കിലിടി വെട്ടുന്ന പൊട്ടലിലുടൽക്കെട്ടു പൊട്ടി, മിഴി രക്തം ചുരത്തിനിലകൊള്ളുന്നൊരമ്മേ..
കഴുത്തിൽക്കൈകൾ
ചുറ്റിപ്പിടിച്ചേ വിതുമ്പുന്നു താലിയി-
ലമർത്തിപ്പിടിച്ചു തുടികൊട്ടുന്ന ഹൃത്തിൽ
വിടിനീർക്കുടം കൊത്തിനിൽക്കുന്നൊരമ്മേ..."

ഒരുവേള നിനക്കാറിയാവുന്ന, എന്റെ വേദനയാണത്.. അന്ന്, പരിചിതമല്ലായിരുന്ന  ഒരു അറബ്  നഗരത്തിലെ, ഒരു ഹോട്ടൽ മുറിയിൽ, ഒറ്റയ്ക്കിരുന്ന്, നാട്ടിൽ അച്ഛന്റെ ചിതയെരിയുന്നത് മനസ്സിൽ കാണേണ്ടിവരുന്ന ഒരു മകന്റെ വേദന... 
അത് അനുഭവിച്ചാലേ മനസ്സിലാവൂ.. 

 ഞാൻ മിക്കവാറും കേൾക്കുന്ന കവിത... കവിതയിൽ സൂചിപ്പിക്കുന്ന പതിന്നാല് വർഷത്തെ നഗരകാന്താര ജീവിതത്തിൽ ഉൾപ്പടെ, എന്റെ ആത്മാംശമുണ്ടെന്നു ഞാൻ കരുതുന്ന വരികൾ... 

നിനക്ക് അറിയാവുന്നതുപോലെ, ഒരു  ജൂൺ 30 നായിരുന്നു, എനിക്കും  പ്രവാസജീവിതം പൈതൃകമായി  നൽകിയ, എന്റെ അച്ഛൻ റിയാദിലെ ഒരു അതിവേഗപാതയിൽ രക്തം വാർന്ന് കിടന്നത്‌... വൈകിയെത്തുന്ന പോലീസിനും ആംബുലൻസിനും  മുൻപേ ആരെങ്കിലും രക്ഷക്കെത്തുമെന്നുകരുതി പിടിച്ചുനിന്ന ജീവൻ ഒടുവിൽ  പിടഞ്ഞില്ലാതായത്‌.. ഒടുവിൽ, ഒരു മാസത്തിനുശേഷം, തിരിച്ചറിയാനാവാത്തവിധം തകർന്നുപോയ അച്ഛൻ, തറവാടിന്റെ തെക്കേപ്പറമ്പിന്റെ തൊടിയിൽ മണ്ണിനോട്‌ ചേർന്നു... 
എന്നും എപ്പോഴും  അച്ഛൻ ഒരു തലോടലായി കരുതലായി വാത്സല്യമായി എന്നിൽ  കുടിയിരിക്കുന്നു..
 പിന്നീടൊരു മീനച്ചൂടിൽ പോള്ളിക്കിടന്നിരുന്ന തറവാടിന്റെ തെക്കേപ്പറമ്പിലെ കരിയിലകളിൽ കാൽ വയ്ക്കുമ്പോൾ, "മോനെ സൂക്ഷിച്ച്‌ നടക്കണം.. വെട്ടും കിളയലും ഇല്ലാതെ കിടക്കുന്ന ഇടമാണു.. ഇഴജന്തുക്കളുണ്ടാവും.." എന്ന് ഓർമ്മിപ്പിച്ചതും, 'നാഗരികജീവിതത്തിലൂടെ ഇടറിത്തുടങ്ങിയ' കാലുകളുമായി തൊടിയിലേക്കുള്ള ഒതുക്കുകല്ലുകളിൽ ചവിട്ടിയിറങ്ങുമ്പോൾ, എന്നെ വീഴാതെ താങ്ങിയതും അച്ഛനായിരുന്നു..
പിന്നീട്,  ഞാൻ ജീവിച്ച മണൽനഗരത്തിലെ ഉഷ്ണക്കാറ്റിലും അച്ഛൻ മണക്കുന്നുണ്ടായിരുന്നു..  അച്ഛൻ ഒരു കുളിരായി എന്നെ വലയം ചെയ്യുന്നു.. എന്നും.. എപ്പോഴും...

അച്ഛൻ എന്ന വാത്സല്യം  അറബ് നാട്ടിലേക്ക് കപ്പൽ കയറുന്നത്, ഞാൻ ഒന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ്.. പിന്നീട്, ഓരോ രണ്ടുവർഷത്തിലും, രണ്ടുമാസങ്ങളിൽ മാത്രം അറിയുന്ന ഊഷ്മളതയായി.. ചിലപ്പോൾ മഴയായും വെയിലായും, അച്ഛൻ.. 

അച്ഛൻ നാട്ടിലുള്ള രാത്രികളിൽ അത്താഴം കഴിഞ്ഞു, ഞങ്ങൾ മക്കൾ കണ്ണടച്ചു ഉറങ്ങിയതുപോലെ കിടക്കും.. കാരണം, അച്ഛൻ കിടക്കുംമുമ്പ്, ഞങ്ങളുടെ അരികിൽ വന്ന്, നെറ്റിയിലും വയറിലും ഒക്കെ തലോടിനോക്കും.. ഇനിയും, പെയ്തിറങ്ങാത്ത ആകാശത്തിന്റെ ചോട്ടിലിരുന്നു ഇത് കുറിക്കുമ്പോഴും, എന്റെ മുടിയിഴകൾക്കിടയിലൂടെ ആ സ്നേഹവിരലുകൾ ഒഴുകുന്നു.. എന്റെ ഉയിരായി.. ഉന്മയായി.. 

ഡാ... അച്ഛന്റെ ഏറ്റവും വലിയ ആഗ്രഹം, ഞാൻ ഒരു ഗവണ്മെന്റ് ഉദ്യോഗസ്ഥനാവണം എന്നായിരുന്നു.. അച്ഛൻ നാട്ടിൽ ഉണ്ടായിരുന്നപ്പോഴൊക്കെ, പഠിക്കാനായി എന്നെ അതിരാവിലെ വിളിച്ചുണർത്തും.. നല്ല ബ്രു കോഫിയുണ്ടാക്കിത്തരും.. അങ്ങനെയോരുപാടോരുപാട്.. എന്നിട്ടോ..?
 ജീവിതത്തിൽ ഞാൻ ആകെ മൂന്ന് റെസ്റ്റുകളാണ് ജോലിയ്ക്കായി എഴുതിയത്.. ഒരു റെയിൽവേ.. ഒരു സ്റ്റാഫ് സെലക്ഷൻ.. പിന്നെ, ഒരു പി എസ് സി... എല്ലാം തയ്യാറെടുപ്പുകൾ ഇല്ലാതെ.. യാത്ര ചെയ്യാനും സിനിമ കാണാനും വേണ്ടി മാത്രം പോയവ... 
അതൊക്കെ ഓർക്കുമ്പോൾ... സത്യത്തിൽ ദീര്ഘനിശ്വാസം പോലും മടിച്ചുനിൽക്കുന്നു..
ഒടുവിൽ, വിധി എന്നെയും ഒരു സർക്കാർ ജീവനക്കാരനാക്കി.. ഒരു വിദേശസർക്കാർ ആണെന്ന് മാത്രം.. എന്നാൽ അതിന്റെ ആഹ്ലാദം നുണയാൻ, അച്ഛനു കഴിഞ്ഞില്ല.. വിധി എന്ന വാക്കിൽ എല്ലാം ഒതുക്കുന്നു.. ഒരുവേള, വിധി എന്നൊരു വാക്കില്ലായിരുന്നുവെങ്കിൽ..?

അതേ കുട്ടി.. അച്ഛൻ തന്ന വാത്സല്യത്തിന്റെ  കുടുക്ക, ഞാൻ ഇനിയും പൊട്ടിച്ചിട്ടില്ല.. അതിൽ, ആ ഓർമ്മതുട്ടുകൾ കൊണ്ട് നിറയ്ക്കണം..
 വീണ്ടും, ടാറിന്റെ പുത്തപ്പണിഞ്ഞ 
 നാട്ടിടവഴികളിലൂടെ ഒരു യാത്ര പോകണം.. എന്റെ  നഷ്ടങ്ങളുടെ കരിയിലക്കാടുകൾക്കിടയിലൂടെ ഒരു യാത്ര.. ചുടുരക്തം വഹിക്കുന്ന ധമനികളെപോലെ നീളുന്ന, ഗ്രാമത്തിന്റെ ഞരമ്പുകളിലൂടെ ഒരു തിരിച്ചുപോക്ക്.. അപ്പോൾ,  ടാറിന്റെ    മേല്മുണ്ടിനുള്ളിൽ  എന്റെ കൗമാരത്തിന്റെ കാല്പ്പാടുകളേറ്റ മൻപാതകൾ ഞരങ്ങി കരയും..  പ്രവാസത്തിന്റെ മരുപ്പുറങ്ങളിൽ  ജീവിതത്തിന്റെ മരുപ്പച്ച തേടിയലഞ്ഞ്, ഒടുവിൽ മരുത്തടവറയിൽ നിന്നും തിരികെ വന്ന എനിക്ക്, ഓർമ്മ  തരുന്ന പച്ചമുളവുടച്ച മോരും മോന്തി, പരിചിത മുഖങ്ങളുടെ അപരിചിതത്വത്തിലൂടെയുള്ള ഒരു യാത്ര.. മഴച്ചാലുകൾ അന്യമായ തൊടിയും കലപ്പപ്പാടിന്റെ ഓർമ്മ നശിച്ച പാടവും കടന്ന് ഒടുവിൽ  കൗമാരത്തിന്റെ കുളിക്കടവിൽ എത്തണം.. ഒരിക്കൽ, വരാലും നെടുമീനും മാനത്തുകണ്ണിയുമെല്ലാം  ഇക്കിളിപ്പെടുത്തിയ കുളിക്കടവിൽ  ഓർമയുടെ മണല്പരപ്പിൽ  ഒത്തിരി നേരം ഇരിക്കണം..

ആ മോഹങ്ങളോടെ നിർത്തട്ടെ...

എന്ന്...

2020 ഏപ്രിൽ 16, വ്യാഴാഴ്‌ച

ഉണ്ണിയുടെ കത്തുകൾ- പതിനാറ്

മടവൂർ
16/04/2020


പ്രിയപ്പെട്ട നിനക്കായി എന്റെ പതിനാറാം കത്ത്..

മനുസമൃതിയുടെ പതിനാറാം ശ്ലോകം ഇങ്ങനെയാണ്..

" തേഷാം ത്വവയവാൻ സൂക്ഷ്മാൻ ഷണ്ണാമപിയമിതൗജസാം
സന്നിവേശ്യാത്മമാത്രാസു സർവഭൂതാനി നിർമമേ.."

അതായത്, അനന്തരകാര്യങ്ങളെ നിർമിക്കുന്നതിന് സമർത്ഥങ്ങളായ അഹങ്കാരത്തിന്റെയും തന്മാത്രകളുടെയും സൂക്ഷ്മാംശങ്ങളെ സ്വവികാരങ്ങളിൽ യോജിപ്പിച്ച് മനുഷ്യർ, തിര്യക്കുകൾ സ്ഥാവരങ്ങൾ തുടങ്ങിയ സർവഭൂതങ്ങളെയും പരമാത്മാവ് നിർമിച്ചു..

ഇനി,

"ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തില്‍ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തില്‍ അവനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു.." എന്ന് ഉൽപ്പത്തി.. 

 ഈ ആമുഖങ്ങളൊക്കെ എന്തിനാണെന്നായിരിക്കും നീ ചിന്തിക്കുന്നത്.. ഇന്നത്തെ ഒരു വാർത്ത നീ കേട്ടിരുന്നോ? കോവിഡ് ഭീതിമൂലം ഇന്തോനേഷ്യയുടെ തീരത്തേക്ക് അടുക്കാൻ കഴിയാതെപോയ കപ്പലിൽ, 24 രോഹിൻഗ്യൻ അഭയാർത്ഥികൾ വിശന്നു മരിച്ചു എന്ന വാർത്ത..? 

മനുസമൃതിയിലും, ബൈബിളിലും ഖുർആനിലും എല്ലാം പ്രതിപാദിക്കുമ്പോലെ ദൈവം മനുഷ്യനെ സൃഷ്ടിച്ചു... 
ഒപ്പം, വിശപ്പും കൊടുത്തു.. ഒരുവേള, ആ വിശപ്പാവും മനുഷ്യനെ കർമ്മനിരതനാക്കുന്നത്.. 

നിനക്കറിയോ.. വിശപ്പിനോളം വലുതായിട്ട് ലോകത്തിൽ എന്താ ഉള്ളത്?
നീ വിശപ്പിന്റെ നോവ് അറിഞ്ഞിട്ടുണ്ടോ? ഞാൻ അറിഞ്ഞിട്ടുണ്ട്.. പട്ടിണികിടക്കേണ്ട ചുറ്റുപാട് ഉണ്ടായിരുന്നതുകൊണ്ടല്ല.. മറിച്ച്, ഞാൻ ആ സാഹചര്യങ്ങളിൽകൂടി പോവാൻ വിധിക്കപ്പെട്ടതുകൊണ്ട്.. അക്കാദമിക്ക് സർട്ടിഫിക്കറ്റുകൾ തലയ്ക്കടിയിൽ വച്ച്, ദാഹം കുടിച്ചും പട്ടിണി കഴിച്ചും മാത്രം കിടന്ന കോടാമ്പക്കക്കാലം.. ശങ്കരൻ സ്ത്രീയെ അറിയാൻ ശ്രമിച്ചതുപോലെ,  സിദ്ധാർത്ഥൻ മന:സമാധാനം തേടി നടന്നതുപോലെ, ജീവിതം പഠിക്കാനുള്ള ഒരു യാത്രയായിരുന്നു അത്..  മൂന്നു നേരം നന്നായി ആഹാരം കഴിച്ച്, ഗർവ്വോടെ നടന്ന എന്നെ, മറ്റുള്ളവന്റെ കണ്ണിനുള്ളിലേക്കു നോക്കാനും, മറ്റുള്ളവന്റെ കണ്ണിലൂടെ ലോകത്തെ കാണാനും പഠിപ്പിച്ചത്, കോടാമ്പക്കത്തിനടുത്ത്, എം ജി ആർ മാർക്കറ്റ് പരിസരത്തെ ചേരിപോലുള്ള സ്ഥലത്തെ ആ താമസമാണ്.. എന്റെ ജീവിതഗുരു..

 വിശപ്പും, അതിനെ ശമിപ്പിക്കാനായി നമ്മൾ കഴിക്കുന്ന ഭക്ഷണവും തന്നെയാണ്, നമ്മുടെ ജീവിതത്തെ നിയന്ത്രിക്കുന്നത് എന്ന് ഞാൻ വിശ്വസിക്കുന്നു.. 

'അന്നം മന:' എന്നാണ്  ഋഗ്വേദം പറയുന്നത്.. 
അന്നം അഥവാ ആഹാരം തന്നെയാണ് മനസ്സ്.. ഒരാൾ കഴിക്കുന്ന ആഹാരം, അല്ലെങ്കിൽ  ആഹാരരീതി,  അയ്യാളുടെ സ്വഭാവത്തെയും, പെരുമാറ്റത്തേയും, മനസ്സിനേയും  എല്ലാം സ്വാധീനിക്കുന്നു എന്ന് സാരം..

ഭഗവത്ഗീതയിലെ, 
"ശ്രദ്ധാത്രയവിഭാഗയോഗഃ" യിൽ, ശ്രീകൃഷ്‌ണൻ അർജുനനോട് വളരെ വിശദമായി ഈ ആഹാരരീതികളെക്കുറിച്ച് പറയുന്നുണ്ട്.. 

"ആഹാരസ്ത്വപി സ്വരസ്യ ത്രിവിധോ ഭവതി പ്രിയ:
യജ്ഞസ്തപസ്ത്ഥാ ദാനം തേഷാം ഭേദമിമം"

എല്ലാവർക്കും പ്രിയപ്പെട്ട ആഹാരവും മൂന്നുവിധത്തിലുണ്ട്.. യജ്ഞം, തപസ്, ദാനം എന്നിവയുടെ ഭേദം നീ കേട്ടാലും..

ആയു:സതത്വബലാരോഗ്യസുഖപ്രീതിവിവർധനാ:
രസ്യാ: സ്നിഗ്ധാ:  സ്ഥിരാ ഹൃദ്യ  ആഹാരാഃ സാത്വികപ്രിയാ:

ആയുസ്സ്, മന:ശക്തി, ബലം, ആരോഗ്യം, സുഖം പ്രീതി എന്നിവ വർദ്ധിപ്പിക്കുന്ന രുചികരമായ എണ്ണമയമുള്ള  പോഷകവും, ഇഷ്ടപ്പെടുന്നതുമായ ആഹാരങ്ങളാണ് സാത്വികൻമാർക്ക് പ്രിയമായിട്ടുള്ളത്.. 

യാതയാമം ഗതരസം പൂതി പര്യഷിതം ച യത് 
ഉച്ഛിഷ്ടമപി ചാമേദ്ധ്യം ഭോജനം താമസപ്രിയം

ഉണ്ടാക്കിയിട്ടു ഒരു യാമം ( മൂന്നു മണിക്കൂർ) കഴിഞ്ഞതും, സ്വാദ് പോയതും, ദുർഗന്ധമുള്ളതും ഒരുരാത്രി കഴിഞ്ഞതും ഉച്ഛിഷ്ടവും അശുദ്ധവുമായ ആഹാരമാണ് അതാമസികന്മാർക്ക് പ്രിയമായിട്ടുള്ളത്..

ഈ കുറിച്ച ഗീതാവചനങ്ങളില്നിന്നും, ആഹാരം എങ്ങനെ നമ്മുടെ സ്വഭാവത്തെ സ്വാധീനിക്കുന്നു എന്ന് മനസ്സിലായികാണുമല്ലോ.. 

ഡാ.. നീ ശ്രദ്ധിച്ചിട്ടുണ്ടോ? നമ്മുടെ തലമുറയിൽ നാല്പതും അൻപതും വയസ്സുള്ളവർക്ക് ഇപ്പോഴും അവരുടെ മാതാപിതാക്കളുടെ വാത്സല്യവും സ്നേഹവും ആസ്വദിക്കാൻ കഴിയുന്നുണ്ട്.. അത്  ലഭിക്കുന്നുണ്ട്.. മാതാപിതാക്കൾ നല്ല ആരോഗ്യത്തോടെയിരിക്കുന്നുമുണ്ട്.. 
എന്നാൽ, വർത്തമാനകാലജീവിതരീതികളിൽനിന്നും ഉണ്ടാകാവുന്ന ന്യായമായ ഒരു സംശയം ചോദിച്ചോട്ടെ.. 
 നമ്മുടെ കുട്ടികൾ ഉൾപ്പെടുന്ന തലമുറ, നമ്മുടെ ഇതേ പ്രായത്തിൽ എത്തുമ്പോൾ, അവരിൽ എത്രപേർക്ക്  ഈ  വാത്സല്യം നുകരാനുള്ള "ഭാഗ്യം" തുടർന്ന് ലഭിക്കും..? ചിന്തിച്ചിട്ടുണ്ടോ? 

 ആയുർദൈർഘ്യം കുറയുന്നു.. ആയിരം പൂർണ്ണചന്ദ്രന്മാരെ കാണുന്നവരുടെ എണ്ണം കുറയുന്നു.. വിരളമാവുന്നു.. ആയുസ്സ് നീട്ടിക്കിട്ടുന്ന ഓരോ ദിവസവും സ്രഷ്ടാവ് നല്കുന്ന ബോണസ്സായി കൂട്ടാം എന്ന തലത്തിലേക്ക് നമ്മുടെ ആയുർദൈർഘ്യം മാറിയിരിക്കുന്നു.. ഇതിനെ ഒരു ‘ജനറലൈസേഷൻ’ ആയി കാണരുത്.. എങ്കിലും ഒരു പുനർവിചിന്തനത്തിന്റെ സമയമായില്ലേ?  കേരളമുൽപ്പടെയുള്ള മിക്കവാറും സംസ്ഥാനങ്ങളും, ആരോഗ്യവിദ്യാഭ്യാസരംഗത്തും, ഒപ്പം ആരോഗ്യപരിപാലനത്തിലും മുന്നിലാണന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.. ഒപ്പം, ഈ കോവിഡ്കാലത്ത് നമ്മൾ അത് മനസ്സിലാക്കുന്നു.. 
 എല്ലാവർക്കും ആരോഗ്യവും പോഷകാഹാരവും എന്നുള്ള നിലയിലേക്ക് നമ്മൾ മുന്നേറുകയാണ്.. എല്ലാം പ്രതീക്ഷ നല്കുന്ന വസ്തുതകളാണ്..
 എന്നാൽ, ഒരുകാലത്ത്, വാർദ്ധക്ക്യത്തോട് അടുക്കുമ്പോൾ മാത്രം കണ്ടിരുന്ന, ‘ഡയബറ്റിസ്, അമിത രക്തസമ്മർദ്ദം, കോളസ്ട്രോൾ ഉൾപ്പടെ, ഹൃദയാരോഗ്യത്തെ സാരമായി ബാധിക്കുന്ന അവസ്ഥകൾ തുടങ്ങിയവ, ഇന്ന്  പുതിയ തലമുറയുടെ ’കൂടപ്പിറപ്പിനെപ്പോലെയായിരിക്കുന്നു‘.. 
ഫാസ്റ്റ്ഫുഡ്, ഉയർന്ന കലോറിയും പ്രിസർവേറ്റീവിസും കീടനാശിനികളും ചേർന്ന ഭക്ഷണസാധനങ്ങൾ തുടങ്ങിയവയുടെ അമിതമായ ഉപഭോഗവും ഉപയോഗവും, വ്യായാമക്കുറവ്, തുടങ്ങി ശാരീരിക- മാനസ്സിക  ആരോഗ്യത്തെ സാരമായി ബാധിക്കുന്ന ജീവിതചര്യയാണ് പലരും പിന്തുടരുന്നത്.. 
രാത്രിയിൽ വളരെ ലളിതമായ ഭക്ഷണം  മിതമായി മാത്രം കഴിക്കേണ്ട സമയമാണ്.. എന്നാൽ, മിക്കപ്പൊഴും ഈ സമയത്താണ് നല്ലൊരു പങ്കും, ‘ഹെവി’ ആയ ഭക്ഷണം കഴിക്കുന്നത്.. തുടർന്ന് ഉറക്കത്തിലേക്കും.. അമിതവണ്ണവും, അനാരോഗ്യവുമാണ് പരിണതഫലം.. ഈ അവസ്ഥയെ കൂണുപോലെ വളരുന്ന ക്ലിനിക്കുളും ആശുപത്രിക്കാരും മുതലെടുക്കുന്നു.. ചെറിയ രോഗങ്ങൾക്ക് പോലും ‘വലിയ’ടെസ്റ്റുകൾ നിർദ്ദേശിക്കുന്നു.. ജീവനിൽ ഭയമുള്ളതുകൊണ്ട് അത്തരം പരിശോധനകൾക്കും, അതിന്റെ ബാക്കിപത്രമാവുന്ന മരുന്നിനും പിറകെ നമ്മളും അലയുന്നു.. ചെറിയ ചുമക്ക്പോലും ആന്റിബയോട്ടിക്കുകൾ അമിതമായി കഴിക്കുന്ന അവസ്ഥയായി.. ഇത്തരം മരുന്നുകൾ, രോഗാവസ്ഥയെ മാത്രമേ ഭേദപ്പെടുത്തുന്നുള്ളൂ.. അപ്പോഴും രോഗം നമ്മളിൽ നിദ്രയിൽ തുടരുന്നു.. പല ആന്റിബയോട്ടിക്കുകളും വേദനസംഹാരികളും, നമ്മുടെ കരൾ, വൃക്ക തുടങ്ങിയ പ്രധാന ആന്തരികാവയവങ്ങളെ സാരമായി ബാധിക്കുന്നു.. അവയുടെ പ്രവർത്തനക്ഷമതയെ ബാധിക്കുന്നു.. ഒപ്പം ആയുസ്സിനേയും..
  ചുരുക്കി പറഞ്ഞാൽ, നമ്മുടെ ആഹാരകാര്യങ്ങളിലുള്ള ‘അശ്രദ്ധ’മൂലം നമ്മൾ നിഷേധിക്കുന്നത് അഥവാ നഷ്ടപ്പെടുത്തുന്നത് ഒരു തലമുറയുടെ മാതൃ-പിതൃവാത്സല്യങ്ങളെ തന്നെയല്ലേ?  

എന്തിനേറെ.. ഇന്ന് ഉച്ചയ്ക്ക് ഞാനൊന്നു പുറത്തുപോയി.. ശ്വാസം അത്ര രസകരമായി തോന്നിയില്ല.. പൊടിയും പുകയുമുള്ള മലിനവായു ശ്വസിച്ച് ശീലിച്ച, എനിക്ക് എന്തോ, ഈ ലോക്ഡൗൻ കാലത്ത് ശുദ്ധമായിമാറുന്ന വായു ശ്വസിച്ചിട്ട്, ഒരു എന്തെരാപോലെ...!! എന്തായാലും, ഞാൻ ആഹാരരീതിയും ജീവിതരീതിയുമൊക്കെ കോവിഡ് പാഠങ്ങൾ ഉൾക്കൊണ്ട് മാറ്റുകയാണ്.. നീയും അങ്ങനെയാവും എന്ന് കരുതുന്നു.. കാരണം,
എനിക്കും നിനക്കുമിടയിൽ ഒരു ശ്വാസദൂരം മാത്രം.. അതേ.. ഒരു മിടിപ്പിന്റെ താളത്തിനപ്പുറം നിന്റെ കാൽപ്പെരുമാറ്റമുണ്ടെന്ന്   വിശ്വസിച്ചുകൊണ്ട്, 

നിർത്തട്ടെ..


എന്ന്..

ഉണ്ണിയുടെ കത്തുകൾ- പതിനഞ്ച്

മടവൂർ
15/04/2020

പ്രിയപ്പെട്ട  എന്റെ പാതിനെഞ്ചിനായി എന്റെ പതിനഞ്ചാം കത്ത്.. 

 ഇതുപോലൊരു ഏപ്രിൽ പതിനഞ്ചിനായിരുന്നു ഞാൻ പ്രവാസം ഉപേക്ഷിക്കാൻ തീരുമാനിച്ചത്.. 2018 ഏപ്രിൽ 15 ന്, ഞാൻ ഖത്തർ ടെലിവിഷനിലെ ജോലിയിൽ നിന്നും സ്വമേധയാ പിരിയാനുള്ള കത്ത് നൽകി.. ആ തീരുമാനം, ശരിയായിരുന്നോ എന്ന്, പിന്നീട്‌ പലരും എന്നോട് ചോദിച്ചിട്ടുണ്ട്.. ഒരുവേള, ഇന്നും എനിക്ക് ഉത്തരം പറയാനാവാത്ത ചോദ്യമാണ് അത്.. നീയും അതുതന്നെ ചോദിക്കുന്നുണ്ടാവും.. ഉത്തരം കണ്ടെത്താനോ പരിഹരിക്കാനോ കഴിയാത്ത ഒരുപാട് ചോദ്യങ്ങൾ നമ്മുടെ ജീവിതത്തിൽ ഉണ്ടാവില്ലേ..? 

"ജാതസ്യ ഹി ധ്രുവോ മൃത്യുർ
ധ്രുവം ജൻമ മൃതസ്യ ച
തസ്മാദപരിഹാര്യേ/ർത്ഥേ
ന ത്വം ശോചിതുമർഹസി"

എന്നല്ലേ ഭഗവാൻ അര്ജുനനോട് പറയുന്നത്..

അതായത്,
ജനിച്ചവന്‌ മരണം നിശ്ചിതമാണ്‌. മരിച്ചവന്‌ ജനനവും സുനിശ്ചിതമാണ്‌. ആയതിനാൽ പരിഹരിക്കാൻ സാധിക്കാത്ത കാര്യത്തെക്കുറിച്ച്‌ നീ എന്തിന്‌ ദുഃഖിക്കണം? 

ശരിയല്ലേ..?

എന്നാലും ചിലത് നമ്മളെ നൊമ്പരപ്പെടുത്തിക്കൊണ്ടേയിരിക്കും.. എന്നും.. 

ഡാ.. ഈ സോഷ്യൽ മീഡിയായിലൂടെ ഒരുപാട് സൗഹൃദങ്ങൾ ഉണ്ടാകാറില്ലേ? അതിൽ ചിലത് ജെനുവിൻ ആയിരിക്കും.. ചിലവ പൊള്ളയും.. കേരളത്തിന്റെ ഒരു അയൽസംസ്ഥാനത്തിന്റെ തലസ്ഥാനത്തേക്ക് പറിച്ചുനടപ്പെട്ട ഒരു കുടുംബം.. രണ്ട് മക്കൾ.. ഞാൻ പരിചയപ്പെടുമ്പോൾ, മൂത്തമോൻ  ബി ബി എ കോഴ്‌സ് കഴിഞ്ഞിരുന്നു.. പാസാവൻ ഒന്നോ രണ്ടോ പേപ്പർ ബാക്കി.. 
ഇളയത് പെണ്കുട്ടിയാണ്.. പത്താം ക്ളാസിൽ.. അമ്മ, ഒരുപാട് അസുഖങ്ങളുള്ള ആൾ.. അതുകൊണ്ടുതന്നെ, ഭർത്താവ് ഒരുനാൾ യാത്രപറയാതെ എങ്ങോട്ടോ പോയി..

ദോഹയിൽ, ഞങ്ങൾ കുറെ സ്നേഹിതർ, ഞങ്ങളുടെ വരുമാനത്തിൽ നിന്നും ചെറിയ തുക മാറ്റി വച്ച്, നാട്ടിൽ ചികിത്സിക്കാൻ പണമില്ലാത്തവർക്കോ, പഠിക്കാൻ സാമ്പത്തികബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്കോ ചെറിയ സഹായം ചെയ്തിരുന്നു.. അങ്ങനെയാണ് ഈ കുടുംബത്തെയും അറിയുന്നത്.. 
അവർക്ക്‌ സാമ്പത്തികസഹായത്തെക്കാൾ, അവരുടെ മകന് ഒരു ജോലിയായിരുന്നു ആവശ്യം.. 
" എത്രനാൾ നിങ്ങൾക്ക് ഞങ്ങളെ സഹായിക്കാൻ പറ്റും..? കഴിയുമെങ്കിൽ മോന് ഒരു ജോലി ശരിയാക്കിയാൽ, എന്റെ ചികിത്സയും മോളുടെ പഠിത്തവുമെല്ലാം നടക്കും.. മാഷ് എന്നെ ഒന്ന് സഹായിക്കണം.." 
ഒരു ദിവസം മെസഞ്ചറിൽ വന്ന മെസേജ് ആണ്..

ഞാൻ ശ്രമിക്കാം എന്ന് പറഞ്ഞു... മോന്റെ സി വി അയച്ചുതന്നു.. ഞാൻ പലരോടും പറഞ്ഞു.. ഒടുവിൽ, ഒരു മണി എക്‌സ്ചേഞ്ചിൽ ജോലി ശരിയായി.. വിസയുടെ പ്രൊസീജിയർ കഴിഞ്ഞാൽ, ഒരു മാസത്തിനുള്ളിൽ ജോലിയിൽ പ്രവേശിക്കാം.. കുഴപ്പമില്ലാത്ത ശമ്പളം ഉണ്ട്..  ഞാൻ അവരോട് ആ സന്തോഷവാർത്ത അറിയിച്ചു.. ഫോണിലൂടെ ആ മോനും എന്നോട് സംസാരിച്ചു.. ആദ്യമായും.. അവസാനമായും.. 

അന്ന് രാത്രി, ഫോൻ മ്യൂട്ടിൽ ആയിരുന്നു.. രാവിലെ നോക്കുമ്പോൾ, അവരുടെ പത്തോളം മിസ്ക്കോൾ.. ഒപ്പം ഒരു വാട്‌സ്ആപ്പ് സന്ദേശം.. 
"രാത്രിയിൽ ഒരു സുഹൃത്തിനെ കണ്ട്  തിരികെവരുമ്പോൾ, അവരുടെ ഫ്‌ളാറ്റില്നിന്നും പുറത്തേക്ക് തെറ്റായ ദിശയിലൂടെ പോയ കാർ ഇടിച്ചു, വലിയ പരിക്കുകളോടെ മോൻ ആശുപത്രിയിൽ ആണ്.. 4 ലക്ഷം രൂപ അടച്ചാൽ, ഓപ്പറേഷൻ നടക്കും.. പൈസയില്ല.. പറ്റിയാൽ സഹായിക്കണം.."

പലരിൽ നിന്നായി ഒരു ചെറിയ തുക സംഘടിപ്പിച്ചു അയച്ചു.. അത് അവിടെ കിട്ടും മുൻപേ അടുത്ത സന്ദേശം..
" അവൻ പോയി.."

ഈ സംഭവം നടക്കുന്നത്, 2017 ഏപ്രിൽ 15 നു..

ഇന്നും, ഞാൻ ഒരിക്കലും കണ്ടിട്ടില്ലാത്ത ആ ചെറുപ്പക്കാരൻ ഒരു നോവായി മനസ്സിൽ നിറയുന്നു.. 
പിന്നീട്, അവർ എന്നെ അധികം വിളിച്ചിട്ടില്ല.. ഇന്ന് ലോകത്ത് ബാക്കിയായ ആ അമ്മയും മകളും എവിടെയാണെന്ന് എനിക്ക് അറിയില്ല..

ഡാ... നമ്മുടെ ജീവിതത്തിൽ എത്രയെത്ര നിയോഗങ്ങൾ ആണ്..?  നമ്മുടെ ജീവിതത്തിൽ നമ്മൾ പരിചയപ്പെടുന്ന ഓരോ മനുഷ്യനും, ഒപ്പം പ്രകൃതിയിലെ ഓരോ ചാരാചരങ്ങൾക്കും, നമ്മുടെ ജീവിതത്തിൽ ഒരു റോൾ ഉണ്ടാവും.. അത് നെഗറ്റീവോ പോസിറ്റീവോ ആവാം.. 

അത് എന്നും പൊസിറ്റീവായിരിക്കണം എന്നാണ് എന്റെ പ്രാർത്ഥന..  
ഡാ.. നമ്മളെക്കുറിച്ചുള്ള ഓർമ്മ, മറ്റൊരാളുടെ കണ്ണിൽ പ്രകാശമായും, ചുണ്ടിൽ പുഞ്ചിരിയായും മാറിയാൽ, അതിൽപ്പരം പുണ്യം എന്താണ് ഇഹലോകത്തിൽ..?

ഭർതൃഹരിയുടെ ഒരു സുഭാഷിതം ഉണ്ട്..

രവിശ്ചന്ദ്രോഘനാവൃക്ഷാ
നദീഗാവശ്ച സജ്ജനാ
ഏതേ പരോപകാരായ
ലോകേ ദേവേന നിർമ്മിത:

അതുതന്നെ.. അത്രേയുള്ളൂ..
നിഷ്കാമകർമ്മം ഇല്ലാത്തത്
  നമ്മൾ മനുഷ്യർക്ക് മാത്രം.. 

അതുകൊണ്ട് എല്ലാറ്റിനെയും സ്നേഹിക്കുക.. നല്ല ഓർമ്മകൾ നൽകുക..

കെയിറ്റ് വിൻസലറ്റിന് ഓസ്‌കാർ കിട്ടിയ റീഡർ എന്ന സിനിമയിൽ ഒരു വാചകം ഉണ്ട്..

നീ ഈ ഭൂമിയിൽ വന്നതിനേക്കാൾ സുന്ദരമായിരിക്കും നിന്റെ മടക്കയാത്ര.. സ്വർഗ്ഗം, നിന്നെ തിരികെയെടുക്കുമ്പോൾ, നിന്റെ നക്ഷത്രകണ്ണുകളിലേക്ക്‌ നോക്കിക്കൊണ്ടു  ഇങ്ങനെ പറയും..
"Only one thing that makes you so complete and beautiful.. that thing is LOVE.."
അതേ.. എല്ലാറ്റിനോടുമുള്ള പ്രണയം..

ആ പ്രണയത്തോടെ നിർത്തട്ടെ..

എന്ന്....

ഉണ്ണിയുടെ കത്തുകൾ- പതിനാല്

മടവൂർ
14/04/2020

പ്രിയപ്പെട്ട നിനക്കായി, ദുഃഖത്തിനഗ്നിയിൽ വെന്തുരുകുന്നൊരെൻ അസ്ഥിയൂരി ഞാൻ കുത്തികുറിക്കുന്ന എന്റെ  പതിനാലാം കത്ത്..

 പതിനാല് എന്നത് ഭഗവാൻ ശ്രീരാമന്റെ വനവാസകാലമാണ്..

 ഈരേഴ് പതിനാല് ലോകങ്ങളാണ്..  

 സ്രഷ്ടാവു  പാപികൾക്ക് മാപ്പുകൊടുക്കുന്നതും ഒരു പതിനാലിനാണ്.. ഷാ അബാൻ മാസത്തിലെ പതിനാലാം രാവിൽ.. the night of mercy..

ഹീബ്രു കലണ്ടറിലെ ആദ്യാമാസത്തിലെ പതിനാലാം ദിനമാണ്  പെസഹ..

രണ്ട് പക്ഷങ്ങളിലായി, പതിനാല് രാവുകളുടെ അന്തരത്തിൽ, അമാവാസിയും പൗർണമിയും.. കൃഷ്ണപക്ഷവും ശുക്ലപക്ഷവും..

ശിക്ഷയിൽ പതിനാല് എന്നത് ജീവപര്യന്തവും..

അങ്ങനെ പതിനാല് എന്നത് ഒരു സംഭവമാണ്.. എന്തിനേറെ,
 എന്റെ പ്രവാസവും കൃത്യം പതിനാലു വർഷങ്ങളായിരുന്നു..

ദേ..ഈ ഏപ്രിൽ  പതിനാല് വിഷുവും.. 

 വിഷുവിന്റെ ഓർമ്മകൾ ഇന്നലെ കുറിക്കുമ്പോൾ തന്നെ, വിഷുവിനെക്കുറിച്ചുള്ള മറ്റ് ചില ചിന്തകൾ എനിക്ക് ചുറ്റും നിറയുന്നതായി തോന്നിയിരുന്നു.. 

വിഷുവായും ബൈസാഖിയായും വൈശാഖിയായും ബിഹുവായും പൊയിലബോയ്ഷയായും പുത്താണ്ട് ആയും വിഷുവാ സംക്രാന്തിയായും ഗുഡിപൗഡയായും നവ്രയായും ഉഗാഡിയായുമെല്ലാം, തുല്യത നിറയ്ക്കുന്ന ഉത്സവം.. 

സമൗ ച തുല്യഔ ച രാത്രേ ച ദിവേ.." എന്ന് പ്രമാണം..

രാപ്പകലുകൾ തുല്യമായിരിക്കുന്ന ദിവസം..
അതേ.. വിഷു എന്നാൽ, "വിശേഷേണ  സമമായിരിക്കുന്നത്.."
സൂര്യനും  സമയാധീശനായ മഹാവിഷ്ണുവും ഇവിടെ ഒരുപോലെ പ്രധാനികൾ.. 

എന്താടാ.. ബോറടിക്കുന്നോ? 
 പ്രണയത്തിൽ തത്വചിന്തകളും ആത്മീയതയും അലിഞ്ഞു ചേരണം.. 
ഖലീൽ ജിബ്രാൻ, താൻ ഒരിക്കലും കണ്ടിട്ടില്ലാത്ത ആ പാലസ്തീനിയൻ കവയത്രി, മെയ്സിയാദിനു അയച്ച കത്തുകളെക്കുറിച്ച് കേട്ടിട്ടില്ലേ? പ്രണയമേമ്പൊടി ചേർത്ത മനോഹരമായ തത്വചിന്തകളായിരുന്നു, ഓരോ കത്തും.. രണ്ട് പതിറ്റാണ്ടുകളോളം.. 
ഹോ.. എന്ത് സുന്ദരം.. അല്ലെ?

ഞാൻ പറയാൻ വന്നത് മറ്റൊന്നാണ്..
 ഭൗതികമായ വസ്തുക്കൾ വച്ച് നമ്മൾ കാണുന്ന കണിയ്ക്കുമപ്പുറം, നമ്മുടെ ഉള്ളിലുള്ള  സ്വത്വത്തെ ഉണർത്തി, ഉയർത്തി അതിനെ പൂർണമായി  കാണാൻ, അഥവാ നമ്മുടെ ആത്മസ്വരൂപത്തെ, അതിന്റെ സർവ്വതേജസോടും കൂടി അറിയാൻ നമ്മൾ ആത്മീയവും ആധ്യാത്മികവുമായി ഉയരേണ്ടതിന്റെ പ്രാമുഖ്യത്തെയാണ് വിഷു പ്രതിനിധാനം ചെയ്യുന്നത് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.. 

നമ്മിലെ പരമമായ ശക്തിയെ, പരമാത്മസ്വരൂപത്തെ തിരിച്ചറിയുക.. അങ്ങനെ ആ പരമാത്മസ്വരൂപം നിലനിൽക്കണമെങ്കിൽ, അവിടെ ആറു ദോഷങ്ങളും ഇല്ലാതിരിക്കണം.. 
ആ ആറു ദോഷങ്ങളെ ഇങ്ങനെ വിവക്ഷിക്കുന്നു..

'ഷഡ്ദോഷാ പുരുഷെണിഹ ഹാതവ്യ ഭൂതീം ഇച്ഛതാ.. നിദ്രാ തന്ത്രാ ഭയം ക്രോധം ആലസ്യം ദീർഘസൂത്രതാ..'

 ആത്മശക്തിയേറിയ മനസ്സ്, ഈ  ആറു ദോഷങ്ങളില്നിന്നും വിടുതൽ നേടിയിരിക്കുമ്പോൾ, അത് സുഖസുന്ദരമായിരിക്കും.. അങ്ങനെയുള്ളവന് എന്നും വിഷുതന്നെ.. കാരണം, ആ മനസ്സ് നന്മമാത്രമേ ദർശിക്കു.. എല്ലാം പൊസിറ്റീവായിരിക്കും..

 ഇങ്ങനെ, വിഷുവിനെ ആധ്യാത്മികമായി  കാണുമ്പോൾ തന്നെ, അതിനെ ഭൗതികശാസ്ത്രത്തിന്റെ നിഴലിൽ കാണാനും ശ്രമിയ്ക്കുന്നു..  ചാൽസ് ഡാർവിന്റെ പരിണാമസിദ്ധാന്തം എങ്ങനെയാണോ ദശാവതാരങ്ങളുമായി വ്യാഖാനിക്കപ്പെടുന്നത്, അതുപോലെ ബിഗ് ബാംഗ് തീയറിയെ വിഷുവുമായി ബന്ധപ്പെടുത്താൻ ശ്രമിയ്ക്കാം..  ആദിയിൽ വചനമുണ്ടായി എന്ന കൃസ്തീയ വിശ്വാസം പോലെ, ആദിയിൽ ഉണ്ടായ ഒരു പ്രകമ്പനം... ഓംകാരം.. 
സൂര്യനിൽ നിന്നുമുള്ള ഒരു പൊട്ടിത്തെറി..  യുഗങ്ങളോളം നീണ്ട ഉഷ്ണത്തിൽ നിന്നും, പിന്നീട് ഉണ്ടാവുന്ന നിലയ്ക്കാത്ത മഴ... ആ നിലയ്ക്കാത്ത മഴയെക്കുറിച്ച് ഋഗ്വേദത്തിൽ പ്രതിപാദിക്കുന്നുണ്ട്.. 
 സൂര്യനില്നിന്നും പൊട്ടിയടർന്ന ഭൂമി, ഒടുവിൽ തണുക്കുന്നു... ഋതുക്കൾ ഉണ്ടാവുന്നു..
 ആറ് ഋതുക്കളിൽ ശിശിരം, വസന്തം, ഗ്രീഷ്മം എന്നീ മൂന്ന്  ഋതുക്കളിൽ സൂര്യൻ ഉത്തരായണത്തിലും, വർഷം, ശരത്, ഹേമന്തം ഋതുക്കളിൽ സൂര്യൻ ദക്ഷിണായനത്തിലും  ആയിരിക്കും..

  ഒരുപക്ഷെ, ബിഗ് ബാംഗുമായി വിഷുവിനെ സാധൂകരിക്കുന്ന ഒരു ശാസ്ത്രീയമായ അടിത്തറയോ പഠനമോ ഉള്ളതായി അറിയില്ല.. എങ്കിലും, ഭാരതീയ ആധ്യാത്മിക വിചാരധാരയിൽ, ഈ ബിഗ് ബാംഗ് എന്ന "പടകധ്വനി"യുടെ ഓർമ്മപുതുക്കൽ കൂടിയാണ് വിഷു എന്ന് കരുതുന്നവർ ഉണ്ട്.. വിഷുപ്പടക്കത്തിന് പിന്നിൽ, ഇങ്ങനെയൊരു കഥയും കേൾക്കാം..

ജീവനുള്ളവയെല്ലാം, ജലത്തിലോ, അഥവാ ജലത്തിലൂടെയോ, അതുമല്ലെങ്കിൽ ജലത്താൽ ചുറ്റപ്പെട്ടോ നിൽക്കുന്നു... അമ്മയുടെ ഗർഭപാത്രത്തിൽ കിടക്കുന്ന കുഞ്ഞിനെപ്പോലെ... അല്ലേ..?

ഡാ... നീയെന്താ ചിന്തിക്കുന്നത്? വിഷുസദ്യയും കഴിച്ചു, പായസവും കുടിച്ച്‌ മത്ത് പടിച്ചിരിക്കുന്ന നിന്നോട്, എന്തിനാണ് ഈവക കത്തികൾ എന്നാവും, അല്ലെ?  ജീവിതം ഇങ്ങനെയൊക്കെയല്ലേ.. ഒരു ജപമാലപോലെ.. അതിന്റെ മുത്തുകളിൽ തലോടി, നമ്മുക്ക് ചൊല്ലാം, മറ്റാരും ചൊല്ലാത്ത പ്രണയമന്ത്രങ്ങൾ... ആ മന്ത്രങ്ങളിൽ ഓംകാരവും സീൽക്കാരവും ഒരുപോലെ ധ്വനിക്കണം..

എന്നും..

തത്ക്കാലം നിർത്തട്ടെ..

എന്ന്....

ഉണ്ണിയുടെ കത്തുകൾ- പതിമൂന്നു

മടവൂർ
13/04/2020

പ്രിയപ്പെട്ട നിനക്കായി എന്റെ പതിമൂന്നാം കത്ത്.. പതിമൂന്ന് ഒരു നിർഭാഗ്യസംഖ്യയായാണ് പലരും കാണുന്നത്..  എന്നാൽ, എനിക്ക് ഇത് ഇന്നലത്തെ ഉയിർപ്പിനും നാളത്തെ വിഷുവിനും ഇടയിലെ ഒരു ട്രാൻസിഷൻ മാത്രമാണ്, even though it's a transient transition...

ഡാ.. പിന്നെ, മറ്റൊന്ന് ആലോചിച്ചാൽ, പതിമൂന്നിൽ കൗമാരം തുടങ്ങുന്നു.. ഞാൻ നിനക്കായി കുറിക്കാൻ തുടങ്ങിയ കത്തുകളുടെ ബാല്യം കഴിഞ്ഞു... ദേ ഇപ്പോൾ കൗമാരം തുടങ്ങുന്നു.. ഈശ്വരാ..ഇനി ഇതിനു യൗവനവും വാർദ്ധക്യവും, പിന്നെ മരണവും ഉണ്ടാവോ ആവോ? ചിന്തിക്കാൻ കൂടി വയ്യ..

ഉം... അതൊക്കെ പോട്ടെ.. നമ്മുക്ക് വിഷുവിനെ കുറിച്ച് പറയാം.. 

മീനച്ചൂടിൽ വെന്തുരുകുന്ന മണ്ണിനും മനസ്സിനും കുളിർമയേകാൻ വീണ്ടുമൊരു വിഷു.. 
 കണിക്കൊന്നയും കണിവെള്ളരിയും   നിറയ്ക്കുന്ന ആഹ്ലാദത്തിന്റെ മഞ്ചിമ..  

വർഷങ്ങൾക്കുമുമ്പ്, നാടിന്റെ വുശുദ്ധിയിൽ ഞാനറിഞ്ഞ, ആഘോഷിച്ച വുഷുദിനങ്ങൾ ഓർമ്മയിൽ തെളിയുന്നു. മകരക്കോയ്ത്ത് കഴിഞ്ഞ പാടങ്ങളെ തഴുകിയെത്തുന്ന കാറ്റ്, തെല്ല് ഗൃഹാതുരതയോടെ എന്നെ തലോടുന്നു.. ഒരുപക്ഷെ, ഓരോ വിഷുക്കാലവും ഓർമ്മപ്പെടുത്തുന്നത് നഷ്ടപ്പെട്ട ബാല്യത്തെയാണ്.. ആഘോഷങ്ങളെല്ലാം കുട്ടികൾക്കുള്ളവയാണെന്നും, ഒപ്പം അവ കൊടുക്കൽവാങ്ങലുകളിലൂടെയാണെന്നുമുള്ള  ഓർമ്മപ്പെടുത്തൽ.. ഓരോ ആഘോഷവും, ഓരോ മഴതുള്ളിയുടെ കുളിരേകി, നന്മയുടെ ഉണർത്തുപാട്ടാവണം.. 

ഇന്ന്, ഞാൻ താമസിക്കുന്ന വീട്ടിൽ വലിയ കണിക്കൊന്നമരം ഉണ്ട്.. അതിൽ നിറയെ സ്വര്ണപൂക്കളും.. അയൽവീടുകളിലെ കുട്ടികൾ, ലോക്ഡൗൻ  മറന്ന് ഗേറ്റിന് മുന്നിൽ വന്ന് പൂക്കൾ ചോദിക്കുന്നു.. അവരിൽ ഒരുവേള ഞാനും ഉണ്ട്.. പൂക്കൈതനിറഞ്ഞ തോട്ടുവക്കിലൂടെ അക്കരെ കുന്നിലെ വീട്ടിൽ  കണിക്കൊന്നപൂവിനു പോയിരുന്ന ഒരു കുട്ടി.. 

പാടത്തിനോട് ചേർന്ന്, കിഴക്കോട്ട് ചരിഞ്ഞ ഭൂമിയിലാണ് ഞങ്ങളുടെ വീട്.. കരയെയും പാടത്തെയും വേർതിരിച്ച് നിറഞ്ഞൊഴുകിയിരുന്ന വാഴമൻതോട്.. ഇന്ന് തോട് എന്ന് പറയാൻ ഒന്നുമില്ല.. വറ്റിവരണ്ടമണ്ണിൽ, ഒരു കണ്ണീർചാലുപോലെ.. അത്രമാത്രം..  
തോടിന്റെ മറുകരയിലെ കുന്നിലെ, ഒരു പഴയ വീട്ടുമുറ്റത്താണ്, സർവ്വാഭരണവിഭൂഷിതയായി നിൽക്കുന്ന ഒരു നവവധുവിനെപ്പോലെ അണിഞ്ഞൊരുങ്ങി നിൽക്കുന്ന കണിക്കൊന്ന..  വിഷുത്തലേന്നു, ഞങ്ങൾ കുട്ടികൾ ആ നവവധുവിന്റെ ആഭരണങ്ങൾ മോഷ്ടിക്കാൻ മത്സരിക്കും.. ഞങ്ങളുടെ ബഹളം സഹിയ്ക്കവയ്യാതെ, ആ വീട്ടിലെ അമ്മൂമ്മ ഒരു വടിയുമായി പുറത്തിറങ്ങും.. പല്ലുകളെക്കുറിച്ചുള്ള ഓർമ്മപോലും അന്യമായ മോണ കാട്ടി ചിരിച്ചുകൊണ്ട്, ഞങ്ങളെ അടുത്തേക്ക് വിളിക്കും.. കാഴ്ച അവ്യക്തമായിതുടങ്ങിയ ആ വാർദ്ധക്യത്തിന്, ഞങ്ങളൊക്കെ ഏത് വീട്ടിലെതാണെന്ന് വിശദീകരിച്ചുകഴിയുമ്പോഴേക്കും, കൂട്ടത്തിൽ മുതിർന്ന കുട്ടികൾ ആവശ്യത്തിലധികം പൂക്കൾ   എടുത്തിട്ടുണ്ടാവും.. പിന്നെ, തിരികെയൊരു ഓട്ടമാണ്.. 

പിന്നെ, അമ്മയോടോപ്പം കണിയൊരുക്കലായി.. പിറ്റേന്ന് കണികാണലായി.. വിഷുക്കൈനീട്ടമായി.. വിഷുസദ്യയായി... അങ്ങനെയങ്ങനെ..

ഡാ.. കുട്ടിക്കാലത്തെ ഓർമ്മകൾക്കിപ്പുറം, വിഷുവിനെ അടുത്തറിയുന്നത് ഒരു മാധ്യമപ്രവർത്തകനായതിനുശേഷമാണ്. മലയാളത്തിലെ പല ടെലിവിഷൻ ചാനലുകളിലും മാറിമാറി ജോലിനോക്കിയതുകൊണ്ടാവാം, ഓരോ വിഷുവിനും പല പ്രമുഖരുടെയും അഭിമുഖങ്ങൾ എടുക്കാൻ പറ്റിയതും, വിഷുവിന്റെ ശാസ്ത്രീയവശം മനസ്സിലാക്കാനായതും.. 

ഇന്ന്, സൂപ്പർതാരചിത്രങ്ങളും പരസ്യമാമാങ്കവും ടെലിവിഷൻ സ്ക്രീനിന്റെ മൂലയിൽ ഇടം നേടിയ     കൊന്നപ്പൂവുമൊക്കെയായി നമ്മുടെ വിഷു മാറിപ്പോയി.. എങ്കിലും, മാലിന്യകൂമ്പാരമാവുന്ന മലയാളമണ്ണിലേക്കും മനസ്സിലേക്കും ,സമൃദ്ധിയുടേയും ഐശ്വര്യത്തിന്റേയും   പുതുനാമ്പുകൾ വിരിയട്ടെ എന്നു    ആശിക്കാം.. ഒപ്പം,  നമ്മുടെ കുട്ടികൾക്കായി, നാണയത്തുട്ടുകല്ക്കപ്പുറം, ഒരു സംസ്കൃതിയുടെ      വിഷുക്കൈനീട്ടം ഒരുക്കാം..

NB.. പിന്നെ ഒന്നൂടി... ഇതിനുമൊക്കെയപ്പുറം വിഷു എനിക്ക്  'ഇനിക്കുന്ന ഓർമ്മയാണ്..'  കൗമാരത്തിൽ കിട്ടിയ ആ "വിഷുക്കൈനീട്ട"ത്തോളം ഓർമ്മമധുരം, മറ്റൊന്നിനുമില്ല.. ഇനി ഉണ്ടാകുകയുമില്ല..

ആ ഓർമ്മമധുരം നുണഞ്ഞുകൊണ്ട്, വിഷു ആശംസകളോടെ നിർത്തട്ടെ..

എന്ന്.....

ഉണ്ണിയുടെ കത്തുകൾ-പന്ത്രണ്ട്

മടവൂർ
12/04/2020

പ്രിയപ്പെട്ട നിനക്കായി മാത്രം
കുറിക്കാൻ തുടങ്ങിയ വാക്കുകൾ  ഇന്ന് ഒരു ഡസൻ കത്തുകളാവുന്നു.. ഓരോ ദിനവും നിനക്കായി കിളിർക്കുന്ന വാക്കിന്റെ വിത്തുകൾ, ഓർമ്മയുടെ നീർച്ചാലിൽ, അവശേഷിക്കുന്ന നീരൂറ്റിക്കുടിച്ച് വളരാൻ വെമ്പുന്നു.. ഭൂതകാലത്തിന്റെ മച്ചിൻപുറങ്ങളിൽ, ഇനിയും നിന്നോട് പറയാൻ ഒരുപാട് വർത്തമാനങ്ങൾ ബാക്കി.. 

ഇന്ന് ഈസ്റ്റർ.. 

ഈസ്റ്റർ ഒരു പ്രതീക്ഷയാണ്.. ഏത് പീഡനാനുഭവത്തിനും അപ്പുറത്ത് അതിജീവനത്തിന്റെ ഉയിർത്തെഴുന്നേൽപ്പുണ്ട് എന്ന പ്രതീക്ഷ.. 

ഒരുപക്ഷേ, മുമ്പ്  ഒരിക്കലും അനുഭവപ്പെടാത്ത പ്രസക്തിയുണ്ട് ഈ ഈസ്റ്ററിന്.. ഒരു മഹാമാരിയിൽ നിന്നും നമ്മൾ ഉയിർത്തെഴുന്നേൽക്കും എന്നു മാത്രമല്ല, കുരിശ്ശിൽ തറയ്ക്കപ്പെട്ട നന്മയും നീതിയും സമത്വവുമെല്ലാം ഉയിർത്തെഴുന്നേൽക്കും എന്ന പ്രതീക്ഷ.. പ്രത്യാശയുടെ കിരണങ്ങൾ ഓരോ മനുഷ്യനിലും ഉദിച്ചുപൊങ്ങുന്ന ദിനം.. 

ഡാ... ഒന്നാലോചിച്ചാൽ, നമ്മൾ എല്ലാവരും എന്നും ഓരോ ഉയിർപ്പുകളിലൂടെയല്ലേ ജീവിയ്ക്കുന്നത്? ഓരോ നിദ്രയും ഓരോ
മരണങ്ങളാണ്..  ഓരോ ഉണരലും ഓരോ ഉയിർപ്പുകളും..

എന്റെ അമ്മാമ്മ, സന്ധ്യയ്ക്ക് വിളക്കുകൊളുത്തി നാമം ചൊല്ലിക്കഴിഞ്ഞാൽ,
പല്ലുകൾ യാത്രചൊല്ലിയവശേഷിപ്പിച്ച മോണയിൽ, പുകയിലത്തണ്ട് ഉരച്ചുകൊണ്ട്  എന്നെ അടുത്തേക്ക് വിളിക്കുമായിരുന്നു.. മുറുക്കാൻ ചവയ്ക്കുന്നതിനു പാക്ക് ഇടിച്ചുപൊടിച്ചു കൊടുക്കാൻ.. നാലും കൂട്ടി മുറുക്കി, കോളാമ്പിയിൽ ഒന്ന് ആഞ്ഞു തുപ്പിക്കഴിയുമ്പോൾ അമ്മാമ്മയ്ക്ക് ആശ്വാസമാവും.. എന്നിട്ട്, ഭസ്മം മണക്കുന്ന നെറ്റിയിലേക്ക് എന്നെ ചേർത്ത് ഒരു ഉമ്മതരും.. എന്നിട്ട് ഓരോ കഥകൾ പറയും.. അങ്ങനെ ഒരിക്കൽ ഉറക്കം എന്താണെന്നും  അമ്മാമ്മ പറഞ്ഞുതന്നു.. 

എനിക്ക് ഇന്നും ആ നിഷ്‌കളങ്കമായ അറിവ് വിശ്വസിക്കാനാണ് ഇഷ്ടം.. കാരണം, അതിൽ അമ്മാമ്മ അലിഞ്ഞുകിടക്കുന്നു..

 രാത്രിയിൽ നമ്മൾ ഉറങ്ങാൻ കിടന്ന്, കണ്ണ് അടച്ചുകഴിഞ്ഞാൽ നമ്മുടെ ഉയിരു നമ്മുടെ ശരീരത്തിൽനിന്നും പുറത്തുപോകും.. എന്നിട്ട് ഒരുപാട് കറങ്ങും.. അങ്ങനെ ഉയിരു കറങ്ങുമ്പോൾ കാണുന്ന കാഴ്ചകളാണ് സ്വപ്നങ്ങൾ...!!

ഹായ്... എന്ത് രസമുള്ള കൻസപ്റ്റ്

അതുപോലെ, ഒരിക്കൽ  ഒരാൾ നേരം വെളുത്തിട്ടും എണീറ്റില്ല.. അയാൾ മരിച്ചു എന്ന് കരുതി, ആൾക്കാർ കൂടി.. കരച്ചിലായി.. അയാളുടെ ശരീരം കുഴിച്ചിടാൻ നേരം, അയാൾ പെട്ടെന്ന് ഞെട്ടിയുണർന്നു.. 

ങേ? 

" ഉം..അത് എന്താന്നറിയോ ഉണ്ണിയ്ക്ക്? "

ഇല്ല.. അത് എങ്ങനാ?

"അതേ".. അമ്മാമ്മ വീണ്ടും നീട്ടിത്തുപ്പി.. " അതേ.. തലേന്ന് രാത്രീല് ആ ഉയിരു വെള്ളം ദാഹിച്ചിട്ട് ഒരുപാട് ചുറ്റി.. അവസാനം വീട്ടിനു പുറകിലിരുന്ന ഒരു മൻകലത്തിനുള്ളിൽ വെള്ളം കുടിക്കാൻ കേറിയപ്പോ, കലം കമിഴ്ന്ന് വീണു.. "

എന്നിട്ട്?

"എന്നിട്ട്, രാവിലെ ആയിട്ടും ഉയിരിന് വെളിയിൽ വരാൻ പറ്റീല്ല.. അപ്പൊ ആളുകള് വിചാരിച്ചു, അയാൾ മരിച്ചെന്ന്.."

പിന്നെങ്ങാനാ അമ്മാമ്മ അയ്യാൾ എണീറ്റത്? 

" അത്, മരണത്തിനു വന്ന ആരോ, ആ കലം നിവർത്തിവച്ചു.. അപ്പോൾ ഉയിരു തിരിച്ചുവന്ന് കേറി.."

ഹോ...!!

സത്യത്തിൽ, അമ്മാമ്മ പറഞ്ഞ കഥ ഞാൻ അതുപോലെ വിശ്വസിച്ചിരുന്നു, പിന്നീട്‌ സ്‌കൂളിൽ സയൻസ് പഠിക്കുന്നതുവരെയും..

എങ്കിലും, അമ്മാമ്മ പറഞ്ഞ  ആ കഥയിൽ ഒരു ഉയിർപ്പ് ഉണ്ടായിരുന്നു.. ഒരു ജീവന്റെ ഉയിർത്തെഴുന്നേൽപ്പ്.. 

ഡാ... ദൈനംദിനമരണങ്ങളിൽ നിന്നും എന്നെ വീണ്ടും വീണ്ടും ഉയിർപ്പിക്കുന്നത് ഇതുപോലുള്ള നിഷ്കളങ്കമായ സ്നേഹങ്ങളാണ്.. കഥകളാണ്.. ജീവിതങ്ങളാണ്...

അങ്ങനെ, ഓരോ ഉറക്കവും നന്മയിലേക്കുള്ള ഉയിർപ്പുകൾക്കായിട്ടാവട്ടെ.. 

പ്രാർത്ഥനകളോടെ നിർത്തട്ടെ..

എന്ന്.....

ഉണ്ണിയുടെ കത്തുകൾ- പതിനൊന്ന്

മടവൂർ
11/04/2020.


പ്രിയപ്പെട്ട നിനക്കായി വീണ്ടും.. 

എങ്ങനെ തുടങ്ങണം എന്നറിയില്ല.. എന്ത് എഴുതണം എന്നും.. 
ആകുലതകളുടെ ആഴിപ്പരപ്പിനപ്പുറം, ഒരു ആനന്ദതുരുത്താണ് നീ.. എങ്കിലും.. ഉള്ളിൽ എവിടെയോ, ഒരു വിഷാദപ്പക്ഷികൂടുകെട്ടിയിരിക്കുന്നു.. 
അതുകൊണ്ടാവാം വീണ്ടും, മനസ്സിന്റെ ബോധവീണകമ്പിപൊട്ടിയ, ബോധതന്മാത്രകൾ ഗതിമാറി സഞ്ചരിക്കുന്ന അനേകരെക്കുറിച്ച്‌ ഓർത്തുപോയ്ത്.. 
ഒരു ചിന്തയുടെ താളംതെറ്റലിനപ്പുറവും ജീവിതം എന്താണെന്നറിയുന്ന,   കൂനകൂടുന്ന ഭൗതിക നേട്ടങ്ങളും കീർത്തിയുമെല്ലാം കേവലമാണെന്നുമുള്ള തിരിച്ചറിവ് വീണ്ടും വീണ്ടും എന്നിൽ നിറയുന്നു..

കുറച്ചു വർഷങ്ങൾക്കുമുന്പു, ഒരു ഏപ്രിൽ മാസത്തിൽ, ബംഗലൂരുവിലെ നിംഹാൻസിൽ (NIMHANS) പോയിരുന്നു. ആ സന്ദർശനം ഒരു നോവായിത്തന്നെ തുടരുന്നു.. 
വൃത്തിയുള്ള ആശുപത്രി സമുച്ചയം.. സാധാരണ സർക്കാർ ആശുപത്രികളിൽ കാണുന്ന പരിമിതികളോ, പരാതികളോ ഇല്ലാത്ത അന്തരീക്ഷം.. ‘മൈൻഡ്, ബ്രെയിൻ, ന്യൂറൊ ആക്സിസ്’ എന്ന രീതിയിൽ ഏഷ്യയിലെതന്നെ ഏറ്റവും വലിയ ആശുപത്രിയും പരിശീലനകേന്ദ്രവും.. രാവിലെ അതിരാവിലെമുതൽതന്നെ ഓപിയിലേക്കുള്ള സന്ദർശകരുടെ നിര തുടങ്ങും.. ഇവിടെ രോഗികളല്ല.. സന്ദർശകരാണ്.. 
 
വളരെ ചെറിയ കുഞ്ഞുങ്ങൾ മുതൽ, ജീവിതത്തിന്റെ അസ്തമയസൂര്യനെ കാണാൻ തുടങ്ങിയവർവരെയുള്ള, നിരവധി മാനസ്സിക പ്രശ്നങ്ങൾ അലട്ടുന്നവർ.. നാടിന്റെ വിവിധ ഭാഗങ്ങളിൽനിന്നും എത്തുന്നവർ.. പട്ടിണിക്കോലങ്ങൽ.. കണ്ണിന്റെ ഉറവ വറ്റിയവർ.. ഒരു ശ്രൂതി മാറ്റം മുതൽ തന്ത്രികൾ തുരുമ്പിച്ചവർ വരെ.. ജന്മങ്ങളുടെ പാപം പേറുന്നവർ.. മനോരോഗത്തെ പാപമായും ഭാരമായും കാണുന്നവർ.. നിശ്വാസമായി മാറുന്ന പിതൃത്വങ്ങൽ.. സ്നേഹമായി നെഞ്ചോട് ചേർക്കുന്ന അമ്മമാർ.. ഇതിനിടയിൽ ബോധവും അബോധവുമൊന്നും തിരിച്ചറിയാത്ത കുറെ ‘നിഷ്കളങ്ക’മനസ്സുകൾ...
 മാനസ്സികാരോഗ്യവിഭാഗത്തിലെ ഓപിയുടെ ഇടനാഴിയിലൂടെ നടക്കുമ്പോൾ മനസ്സ് വല്ലാതെ പതറി പോവും.. ഒരുപാട് വേദനിപ്പിക്കുന്ന കാഴ്ച്ചകൾ..

ഡാ.. ആ കാഴ്ചകളിൽ, പലതും എന്നെ ഇപ്പോഴും കൊത്തിവലിക്കുന്നു.. ഉറക്കം കെടുത്തുന്നു..
ഏതാണ്ട് അഞ്ചു വയസ്സുള്ള ആൺകുട്ടി.. വടക്കെ ഇൻഡ്യൻ.. വല്ലാതെ അലറിവിളിക്കുന്ന കുട്ടിയെ അതിലും ക്രൂരമായി മർദ്ദിച്ച് ശാന്തനാക്കാൻ ശ്രമിക്കുന്ന അച്ഛൻ.. ആ അച്ഛനെ തട്ടിമാറ്റി, ആ കുഞ്ഞിനെ നെഞ്ചോട് ചേർത്ത് തുരുതുരെ ഉമ്മവച്ച് ആശ്വസിപ്പിക്കുന്ന അമ്മ.. ബലക്ഷയം വന്ന അസ്ഥികൂടത്തിൽ, ഒരു തൊലിയുടെ ആവരണം മാത്രമുള്ള ആ അമ്മയുടെ വാതസല്യം കണ്ണു നനച്ചു.. അതുപോലെ എത്രയെത്ര നീറ്റലുകൾ..

അതുപോലെ, 
അംഗവൈകല്യവും ഒപ്പം ബഹളവും ഉള്ള മോനെ, വൃദ്ധയായ അമ്മ ഒറ്റയ്ക്ക് രണ്ടാം നിലയിൽ കൊണ്ടുവരുന്നു.. ഞാനും മോനും അവരെ സഹായിച്ചു.. മറ്റാരും കൂട്ടിനില്ലേ എന്ന ആരാഞ്ഞപ്പോൾ അവർ കരഞ്ഞില്ല.. “ദൈവമുണ്ടല്ലോ, ആ ശക്തി നിങ്ങളായും വരും..”  ‘നാല്പ്പതുവയസ്സുള്ള’ മകന്റെ ചികിത്സക്കായി, മഹാരാഷ്ട്രയിൽനിന്നും ബംഗലൂരുവിലേക്ക് താമസം മാറിയ ഒരു കുടുംബം.. ഇരട്ടകുട്ടികൾ.. ഒരാൾ  എം.ബി.യെ കഴിഞ്ഞ് ഡൾഹിയിൽ ജോലി.. മറ്റെയാൾ മനോരോഗി.. അച്ഛൻ ആശുപത്രിയുടെ കാർപാർക്കിങ്ങ് വരെ മാത്രം വരും.. അച്ഛനിഷ്ടം ഡെൾഹിയിലെ മോനെ മാത്രം.. 
 “ഞാൻ നൊന്തു പെറ്റതല്ലേ.. എനിക്കിവനെ ഉപേക്ഷിക്കാൻ പറ്റുമോ..?” അവരുടെ കണ്ണു നനഞ്ഞു.. “എന്റെ കാലം വരെ ഞാൻ നോക്കും.. ആരൊക്കെ ഉപേക്ഷിച്ചാലും.. എന്റെ കണ്ണടഞ്ഞാൽ...!” 
എന്റെ മോൻ എന്റെ കൈയിൽ മുറുകെപിടിച്ചു.. അവന്റെ കണ്ണു നിറഞ്ഞിരുന്നു... എത്രയെത്ര നോവുകൾ.. മുറിവുകൾ.. നീറ്റലുകൾ..

നിനക്കറിയോ? 
  മനോരോഗം ഒരു രോഗമെന്നതിനപ്പുറം,  ഒരു അവസ്ഥയാണ്.. ആർക്കും എപ്പോഴും സംഭവിക്കാവുന്നത്.. അതിലേക്ക് എത്തിക്കുന്ന ഒരുപാട് കാരണങ്ങളെ,‘ സൈക്കോളൊജിക്കൽ, ബയോളൊജിക്കൽ, സോഷ്യൽ’ എന്നിങ്ങനെ തരംതിരിച്ച് അപഗ്രഥിക്കാം.. പല കാരണങ്ങൾ കണ്ടെത്താം.. നിഗമനങ്ങളിൽ എത്താം.. മറ്റു ശാരീരിക രോഗാവസ്ഥകളെല്ലാം കണ്ടെത്താനുള്ള ആധുനിക സാങ്കേതിക വിദ്യകളുണ്ട്.. അതിനനുസരിച്ച് മരുന്നും നിർണ്ണയിക്കാം.. എന്നാൽ മാനസ്സികാരോഗ്യം ഉപകരണങ്ങൾ ഉപയോഗിച്ച് കണ്ടെത്തി ചികിത്സിക്കുന്നതിൽ പരിമിതികളുണ്ട്.. അവിടെ, പലപ്പോഴും  അളവുകോലുകൾ പരാചയപ്പെടുന്നു.. അതിനെ അളക്കാൻ മനസ്സെന്ന ഉപകരണത്തിലൂടെ മാത്രമേ സാധിക്കൂ.. അതെ, അവരെ മനസ്സിലാക്കാനുള്ള മനസ്സുവേണം.. 
പിന്നെ ഔഷധം.. അതും നമ്മളിൽതന്നെയുണ്ട്.. ഉപയോഗിക്കണം എന്നു മാത്രം.. അളവില്ലാത്ത,  കലർപ്പില്ലാത്ത സ്നേഹം..
അത്.. അതുമാത്രമാണ് മാസസ്സികാരോഗ്യം നിലനിർത്താനുള്ള ഒരേ ഒരു ഔഷധം..

ഡാ.. കൃസ്തുവിന്റെ അന്ത്യപ്രലോഭനം എന്ന പുസ്തകത്തിലെ ആ വരികൾ ഓർക്കുന്നോ?

എന്റെ ഹൃദയം ജെറിക്കോയിലെ വാടിക്കരിഞ്ഞ റോസാപുഷ്പമാണ്.. ജലത്തിലിട്ടാൽ പുനർജനിക്കുകയും പുറത്തെടുത്താൽ വാടുകയും ചെയുന്ന റോസാപുഷ്പം.. സ്ത്രീ അനശ്വരമായ ജലത്തിന്റെ ഉറവയാണ്.. ഈ പുഷ്പം, ആ ജലത്തിൽ പുനർജനിക്കട്ടെ..

അതേടാ.. നീ എന്ന നിത്യതയിൽ, ഞാൻ, ഞാനായിരിക്കട്ടെ.. എന്നും എന്റെ ബോധത്തിന്റെ അളവുകോൽ  നീതന്നെയായിരിക്കും.. നീ മാത്രം..

തത്ക്കാലം നിർത്തട്ടെ..

എന്ന്.....

2020 ഏപ്രിൽ 10, വെള്ളിയാഴ്‌ച

ഉണ്ണിയുടെ കത്തുകൾ- പത്ത്

മടവൂർ
10/04/2020

പ്രിയപ്പെട്ട നിനക്കായി..  ജീവിതത്തിൻറെ ഈ ദശാസന്ധിയിൽ, എന്നെ കേൾക്കാൻ എവിടെയോ നീയുണ്ടെന്നൊരു തോന്നലിൽ കുറിക്കാൻ തുടങ്ങിയവ ഇന്ന് പത്തിൽ എത്തിനിൽക്കുന്നു...  അരികുടഞ്ഞ മണ്പാത്രത്തിൽ ഇപ്പോഴും ഞാൻ മോന്തുന്നു, പച്ചമുളകല്ലിയുടച്ച്‌, നീതന്നോരോർമ്മകൾ..
 വിറകടുപ്പിലെ ചാമ്പൽപൊതിഞ്ഞ കനൽകട്ടകൾപോലെ, കെടാതെ ഇടനെഞ്ചിലെന്നും നീ തപിയ്ക്കുന്നു...

ഇന്ന് ദുഃഖവെള്ളി.. ദൈവപുത്രനെ ക്രൂശിച്ച ദിനം എന്നതിനപ്പുറം, ഞാൻ ഇതിനെ വെറോണിക്കയുടെ തൂവാലയിൽ യേശുനാഥന്റെ  മുഖം പതിഞ്ഞ ദിവസമായി കാണുന്നു..
ഒന്നാലോചിച്ചാൽ, ഓരോ കാഴ്ചകളും ഓരോ ഒപ്പിയെടുക്കലും പതിയലുമല്ലേ? കാണുന്ന കാഴ്ചകൾ മനസ്സിൽ പതിയുംപോലെ അല്ലെങ്കിലും, കാണാത്ത കാഴ്ചകളും വ്യക്തികളും നമ്മുടെ ഭാവനയിലൂടെ ഉള്ളിൽ പതിയുന്നു.. ഒപ്പിയെടുക്കപ്പെടാത്ത ചിത്രങ്ങളായി അവ ഉള്ളിൽ ഒതുങ്ങുന്നു.. ചിലർ, അക്ഷരങ്ങളിലൂടെയും നിറങ്ങളിലൂടെയും ആ കാഴ്ചകൾ മറ്റുള്ളവർക്കും കൂടി കാട്ടിക്കൊടുക്കുന്നു.. അങ്ങനെയൊക്കെയുള്ള ഒരു ഒപ്പിയെടുക്കൽതന്നെയാണ് എന്റെ തൊഴിലും.. ചിലപ്പോഴൊക്കെ, നമ്മുടെ കാഴ്ചക്കുമപ്പുറമുള്ള ചില കാഴ്‍ചകൾ, അപ്രതീക്ഷിതമായി നമ്മുക്ക് മുന്നിൽ എത്തിയേക്കാം.. അങ്ങനെയൊരു കാഴ്ചയാണ്, അന്ന്  പഴയ ലക്കിടിയിലെ ആ മനയിൽ  കണ്ടതും..

മലയാളത്തിന്റെ പ്രിയപ്പെട്ട എ കെ ലോഹിതദാസ്.. ജോക്കർ എന്ന സിനിമയുടെ പോസ്റ്റ്പ്രൊഡക്ഷൻ കഴിഞ്ഞു.. വിശ്രമിക്കാനായി, പഴയ ലക്കിടിയിൽ അദ്ദേഹം വാങ്ങിയ ഒരു ചെറിയ മന. അവിടെവച്ചാണ് അദ്ദേഹം സൂര്യ ടിവിയ്ക്കുവേണ്ടി ഒരു മോണോലോഗായി അദ്ദേഹത്തിന്റെ ജീവിതം പറഞ്ഞത്.. 
ബാല്യം കൗമാരം യൗവ്വനം നാടകം സിനിമ.. അങ്ങനെ എല്ലാം.. മനയുടെ വിവിധയിടങ്ങളിൽ ഇരുന്നും നിന്നും.. വിവിധ ആംഗിലുകളിൽ, വ്യത്യസ്ത ലൈറ്റുകളിൽ.. അങ്ങനെ ഓരോന്ന് പറഞ്ഞു ഉച്ചയായി.. അദ്ദേഹത്തിനു കുട്ടിക്കാലം മുതൽ പുള്ളുവൻ പാട്ട് ഒരുപാട് ഇഷ്ടമാണ്.. അദ്ദേഹത്തിന്റെ ഓർമ്മകളിൽ പലതും, പുള്ളുവൻ വീണയിൽ അലിഞ്ഞുചേർന്നിരിക്കുന്നു..
"പുള്ളുവൻ പാട്ട് കണ്ട്, അതിൽ ലയിച്ചിരിക്കുന്ന  ലോഹിതദാസിന്റെ ഷോട്ട് കിട്ടിയാൽ പ്രോഗ്രാം കിടുക്കും" എന്ന് ഡയറക്ടർ.. ഈ ഉച്ചയ്ക്ക് ഇനി ഒരു പുള്ളുവൻ ടീമിനെ എവിടുന്ന് കിട്ടാനാ? സോ, നമ്മുക്ക് അദ്ദേഹം ആ ഓർമ്മകൾ പറയുന്ന ഭാഗത്ത്, പുള്ളുവൻ പാട്ട് പശ്ചാത്തലത്തിൽ പോസ്റ്റ് ചെയ്യാം.. സമ്മതിച്ചു.. 

അവസാന ഷോട്ട് എടുക്കാൻ പോകുന്നു.. അദ്ദേഹത്തിന്റെ മനയിൽ മുന്നിൽ നിന്നും വയലിലേക്ക് പോകുന്ന വഴിയുണ്ട്.. അവിടെ, വയൽവരമ്പിൽ, മനയ്ക്ക് അഭിമുഖമായി വലിയ കൽത്തൂണുകളുള്ള ഒരു പഴയ ചുമട്താങ്ങിയും.. ആ ചുമട്താങ്ങിയുടെ ഫ്രെയിമിനുള്ളിലൂടെ ഫ്രെയിം വച്ചു.. ലോഹിതദാസ്, വീട്ടിനുള്ളിൽ നിന്നും പുറത്തേക്ക് വന്ന്, മുറ്റത്ത് ഇറങ്ങി, വഴിവക്കിൽ ജോലിചെയ്യുന്ന ആളിനോട് കുശലം പറഞ്ഞു, വയലിലേക്ക് നടന്ന് ക്യാമറയ്ക്ക് പുറത്തേക്ക് പോകണം.. ഇതാണ് ഷോട്ട്.. ക്യാമറ സ്റ്റാർട്ട് ചെയ്തു.. അന്ന് ക്യാമയിൽ ഇന്നത്തേത്പോലെ പ്രത്യേക കളർ മോണിറ്റർ ഇല്ല.. ഒരു ബ്ലാക് & വൈറ്റ് വ്യൂഫൈൻഡർ മാത്രം.. ഞാൻ ക്യാമറയുടെ വ്യൂഫൈൻഡറിനുള്ളിൽ കണ്ണിടിച്ചിറക്കി നോക്കുവാണ്.. ആക്ഷൻ പറഞ്ഞു.. വീടിനുള്ളിൽ നിന്നും ലോഹിതദാസ് പുറത്തേക്ക് ഇറങ്ങി.. പെട്ടെന്ന്, ഫ്രെയിമിൽ എന്തോ നിറഞ്ഞു.. രണ്ടാളുകൾ.. ഒരു സ്ത്രീയും പുരുഷനും.. അവർ മനയിലേക്ക് നടന്നു.. ലോഹിതദാസ് വരാന്തയുടെ പടിയിലിരുന്നു.. വന്നവർ, ,  അദ്ദേഹത്തിന് അഭിമുഖമായി മുറ്റത്ത് ഇരുന്നു.. സഞ്ചിയിൽ നിന്നും  പുള്ളുവൻവീണയെടുത്തു.. ക്യാമറ സൂം ഇൻ ചെയ്യുമ്പോൾ, അവർ പാടുന്നു.. ലോഹിതദാസ് അതിൽ ലയിച്ചിരിക്കുന്നു.. ആ അനുഭൂതിയിൽ കട്ട്..

എന്താ.. വിശ്വാസം വരുന്നില്ലേ? ചിലപ്പോൾ, പ്രകൃതി ഇങ്ങനെയൊക്കെയാ.. നമ്മുടെ നിർവ്വചനങ്ങൾക്കുമപ്പുറം..

നിർത്തട്ടെ..
ആ പുള്ളുവൻ വീണയുടെ നാദത്തിൽ ലയിച്ചുറങ്ങു.. 

എന്ന്..