2020 ഏപ്രിൽ 8, ബുധനാഴ്‌ച

ഉണ്ണിയുടെ കത്തുകൾ- ആറ്

മടവൂർ
06/04/2020

പ്രിയപ്പെട്ട നിനക്കായിത്തന്നെ, വീണ്ടും.. അല്ലെങ്കിൽത്തന്നെ നിനക്കല്ലാതെ മറ്റാർക്ക് എഴുതാനാ..?

'കഴിഞ്ഞരാവിൽ മുഴുവൻ കരഞ്ഞു ബഹളം വച്ച്, ഒടുവിൽ  തളർന്ന് അവശനായി ഉറങ്ങുന്ന കുഞ്ഞിനെപ്പോലെ, കാറ്റ് പ്രഭാതത്തിന്റെ മടിയിൽ ശാന്തമായി ഉറങ്ങുന്നു' എന്ന് സരോജിനി നായിഡു എഴുതിയതു ഓർക്കുന്നോ..? അതുപോലെയായിരുന്നു കഴിഞ്ഞരാവും ഈ പ്രഭാതവും.. ഇന്നലെ ഉച്ചകഴിഞ്ഞു ആർത്തലച്ചുപെയ്ത മഴക്കും, അകമ്പടി വന്ന കാറ്റിനും ശേഷം ഈ പ്രഭാതം ശാന്തമായിരുന്നു... ആ ശാന്തതയിലാണ്, കസ്തൂരി മണക്കുന്ന ഇളംകാറ്റിനോടൊപ്പം ആ വാർത്തയും വരുന്നത്.. മലയാളിയുടെ പ്രിയങ്കരനായ അർജുനൻമാഷിന്റെ  വിയോഗം.. നിലച്ചുപോയൊരു തമ്പുരുപോലെ.. 

മലയാളിയുടെ ജീവിതത്തിന്റെ ഋതുഭേതങ്ങളുടെ എല്ലാ ഭാവങ്ങളിലും നിറഞ്ഞുനിന്ന ഈണങ്ങൾ.. ഇന്നും പൗർണമിച്ചന്ദ്രിക തൊട്ടുവിളിക്കുന്ന ഓർമ്മകളായി ചുണ്ടിൽ തഴുകുന്ന എത്രയോ ഗാനങ്ങൾ.. 

ഡാ... നമ്മുടെ വേനൽക്കിനാവുകൾക്കൊപ്പം മൂളിനടന്ന ഈണങ്ങളുടെ  തമ്പുരാന്മാരെ എന്നെങ്കിലുമൊക്കെ നേരിൽ കാണണം എന്ന്, മറ്റ് പലരെയും പോലെ എനിക്കും മോഹമുണ്ടായിരുന്നു.. ആ മോഹങ്ങൾ പൂവണിഞ്ഞത്, മാധ്യമപ്രവർത്തനവും ഛായാഗ്രഹണവുമൊക്കെ തുടങ്ങിയപ്പോഴാണ്.. അർജുനൻ മാഷിന്റെ വിയോഗത്തിന്, ഇങ്ങനെയൊരു ആമുഖം എന്തിനെന്ന് നീ ചിന്തിക്കുന്നുണ്ടാവും.. മാഷല്ല.. അദ്ദേഹത്തിന്റെ വാത്സല്യം അറിഞ്ഞ ഒരാളാണ് എന്റെ ഫ്രെയിമിൽ ആദ്യം നിറഞ്ഞ സംഗീതസംവിധായകൻ.. നീ ഓർക്കുന്നോ എന്നറിയില്ല..  'വിശപ്പിനെ കഴിച്ച് വിശപ്പ് മാറ്റി നടന്ന' ഒരു കോടാമ്പക്കക്കാലം എനിക്കുമുണ്ടായിരുന്നു.. 1997-98 കാലം..
 98 മാർച്ചിലെ ഒരു ദിനം..  കണ്ണുനിറയെ കാഴ്ച്ചയും,  കാത് നിറയെ  സംഗീതവും, വയർ നിറയെ ബിരിയാണിയും തന്ന്, വിശപ്പെല്ലാമകറ്റിയ ഒരാൾ.. എ ആർ റഹ്മാൻ.. സ്റ്റാർ ടിവി യുടെ 'എ ഹേ ദുനിയാ കാ സിതാരോൻ' എന്ന പരിപാടിയ്ക്കായി ഒരു ദിവസം.. ഇപ്പോഴും ഓർമ്മയിൽ ഇനിക്കുന്നു..

പിന്നീട്‌ എത്രയോ പേർ.. അർജുനൻ മാഷും.. ഒരുപാട് തവണ.. അതുപോലൊരു നിയോഗമായുരുന്നു, മലയാളത്തിന്റെ ഗന്ധർവ്വഗായനോടൊപ്പം.. മൂന്ന് നാൾ.. അദ്ദേഹത്തിന്റെ സ്വകാര്യനിമിഷങ്ങൾ ഒഴികെയുള്ള മുഴുവൻ സമയവും ഒരുമിച്ച്.. തിരിഞ്ഞുനോക്കുമ്പോൾ, നുണഞ്ഞുനുണഞ്ഞിരിയ്ക്കാൻ എത്രയേറെ കൾക്കണ്ടങ്ങളാണ് കാലം എനിക്കായി തന്നത്...!

നിന്നെക്കുറിച്ചുള്ള ഈറൻ സ്മരണകൾക്കിടയിൽ, ഇന്ന് ഈ ഈണങ്ങൾ നിറഞ്ഞ ഓർമ്മകൾ എന്നെ വല്ലാതെ സന്ത്വനിപ്പിക്കുന്നു. 'പാലരുവിക്കരയിൽ വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി നിൽക്കുന്ന സ്നേഹഗായികേ, നിൻ മണിയറയിലെ മല്ലികപ്പൂവിൻ മധുരഗന്ധം' പോലെ.. 

നോക്കു.. ഈ 'രാവിനിന്നൊരു പെണ്ണിന്റെ നാണ'മുണ്ട്.. കാരണം, ഇതുപോലൊരു രാവിലാണ് 'രണ്ട് നക്ഷത്രങ്ങൾ കണ്ടുമുട്ടിയത്..'

ആ ഓർമകളിലൂടെ... ഞാനും, പിന്നെ... അല്ലെങ്കിൽ വേണ്ട ഞാൻ ഒറ്റയ്ക്ക് നടക്കാം.. because, everyone is a warrior.. simply fighting his/her own battle.. alone..
so, let me be alone in this night...

നിർത്തട്ടെ..

എന്ന്.......

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ