2020 ഏപ്രിൽ 8, ബുധനാഴ്‌ച

ഉണ്ണിയുടെ കത്തുകൾ- അഞ്ച്

മടവൂർ
05/04/2020


പ്രിയപ്പെട്ട നിനക്കായി വീണ്ടും കുറിയ്ക്കുന്നു..

 ഞാൻ കത്തുകൾ വായിപ്പിച്ച്, നിന്നെയും ഓർമ്മയുടെ കിണറ്റിലേക്ക് വലിച്ചിറക്കുകയാണെന്നു നിനക്കു തോന്നുണ്ടാവും.. ല്ലേ?  ഓരോ  കത്തുകളും ഓരോ കിണറുകൾ ആണ്.. അതിന്റെ ആഴം, ചിലപ്പോൾ അറിയാൻ കഴിഞ്ഞെന്നുവരില്ല. ചിലപ്പോൾ, വാക്കുകൾക്കടിയിൽ പാറപോലെ ഉറപ്പുണ്ടാവും.. ചിലവ ചെളിപോലെ കലങ്ങിയും.. ഓരോ കിണറിലും ഓരോ ഉറവകൾ ഉണ്ടാവും.. അല്ലെങ്കിൽ, കിണർതന്നെ ഉറവയുടെ നിറവല്ലേ..
ഡാ.. ഞാൻ ഈ കത്തെഴുതാനിരിക്കുമ്പോൾ, എന്റെ മുറിയുടെ ജനൽപ്പാളിയ്ക്കപ്പുറത്ത് ആകാശം ചോർന്നൊലിയ്ക്കുന്നു.. ഇടയ്ക്കിടെ, മേഘത്തേരുരുളുന്ന ശബ്ദവും.. എന്തോ, ചെമ്പകപൂമണമില്ലാത്ത തണുത്തകാറ്റും..

പൂർവ്വജന്മനോവുകൾപോലും കരഞ്ഞോടുങ്ങാതെ, ഇപ്പോഴും നിലവിളിക്കുന്ന ഒരു സ്ത്രീയായി പ്രകൃതി.. ചിലപ്പോഴൊക്കെ ആർത്തലച്ചും, മറ്റുചിലപ്പോൾ, കൈവിട്ടുപോയൊരു ഓർമ്മതമ്പുരുവിന്റെ സ്‌മൃതിയിലമർന്നൊരു മറയലും, പിന്നീട്‌ വീണ്ടും പൊട്ടിത്തെറിച്ചും.. ! എന്തൊരു വിന്യാസങ്ങളാണ് ഈ മഴയ്ക്ക്? 

മരുഭൂമിയിലെ ഋതുഭേദങ്ങളിൽ മഴ അന്യമായിരുന്നില്ലെങ്കിലും,  ഒരു വനവാസകാലം പ്രവാസത്തിലായിരുന്നപ്പോൾ, വ്യാഴവട്ടം കാത്തിരുന്ന് നീലക്കുറിഞ്ഞിപൂക്കുമ്പോലെ, ഓരോ മഴക്കാലവും  നിന്നോടൊപ്പം നനഞ്ഞുതീർക്കാൻ കൊതിച്ചിരുന്നു.. എന്തെന്നാൽ,  കാലപിലാപെയ്യുന്ന മഴയുടെ ഇടവേളകളിൽ ഒളിഞ്ഞുനോക്കുന്ന വെയിലിന് പ്രണയത്തിന്റെ സുഖമുണ്ടാവും.  പ്രവാസത്തിൽ കണ്ട മഴകളൊക്കെയും,
മനസ്സിലിരുന്ന് കല്ലിച്ചുപോയ ഒരുപാട് സ്വപ്നങ്ങളുടെ ഉരുകിയൊലിക്കലായി തോന്നിയിരുന്നു.. എങ്കിലും കണ്ണുപൂട്ടിയിരുന്നു, ഞാൻ നിനക്കൊപ്പം വയൽവരമ്പിലും തോട്ടുവക്കിലുമൊക്കെ ചേമ്പിലക്കുടചൂടി നടന്നിരുന്നു.. മഴവെള്ളച്ചാറുകളൊക്കെ ഊറ്റികുടിച്ച്, വീർത്ത് കലങ്ങിമറിഞ്ഞോഴുകുന്ന തോടോരത്ത് തോളോട്‌തോൽ ചേർന്ന് പോകുന്ന രണ്ട് ജീവസ്മരണകളായി നമ്മൾ... 
മഴനീർക്കണങ്ങൾപോലെ ഓർമ്മകൾ.. അതേ.. പെട്ടെന്ന് പെയ്ത മഴയിൽ കുതിർന്നുപോയ ഞാൻ...!!!

ഇനി ഞാൻ ഓർമ്മയിലെ പ്രണയോഷ്ണത്തിൽ തപിച്ച്, പനിച്ചുറങ്ങട്ടെ.. ഇനിയും, എന്റെ ഉന്മാദങ്ങൾക്കപ്പുറമൊരുജീവിതമെഴുതിപ്പടരാൻ, ഒന്നുറങ്ങിയുണരണം.. 

തത്ക്കാലം നിർത്തുന്നു..

എന്ന്.....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ