മടവൂർ
13/04/2020
പ്രിയപ്പെട്ട നിനക്കായി എന്റെ പതിമൂന്നാം കത്ത്.. പതിമൂന്ന് ഒരു നിർഭാഗ്യസംഖ്യയായാണ് പലരും കാണുന്നത്.. എന്നാൽ, എനിക്ക് ഇത് ഇന്നലത്തെ ഉയിർപ്പിനും നാളത്തെ വിഷുവിനും ഇടയിലെ ഒരു ട്രാൻസിഷൻ മാത്രമാണ്, even though it's a transient transition...
ഡാ.. പിന്നെ, മറ്റൊന്ന് ആലോചിച്ചാൽ, പതിമൂന്നിൽ കൗമാരം തുടങ്ങുന്നു.. ഞാൻ നിനക്കായി കുറിക്കാൻ തുടങ്ങിയ കത്തുകളുടെ ബാല്യം കഴിഞ്ഞു... ദേ ഇപ്പോൾ കൗമാരം തുടങ്ങുന്നു.. ഈശ്വരാ..ഇനി ഇതിനു യൗവനവും വാർദ്ധക്യവും, പിന്നെ മരണവും ഉണ്ടാവോ ആവോ? ചിന്തിക്കാൻ കൂടി വയ്യ..
ഉം... അതൊക്കെ പോട്ടെ.. നമ്മുക്ക് വിഷുവിനെ കുറിച്ച് പറയാം..
മീനച്ചൂടിൽ വെന്തുരുകുന്ന മണ്ണിനും മനസ്സിനും കുളിർമയേകാൻ വീണ്ടുമൊരു വിഷു..
കണിക്കൊന്നയും കണിവെള്ളരിയും നിറയ്ക്കുന്ന ആഹ്ലാദത്തിന്റെ മഞ്ചിമ..
വർഷങ്ങൾക്കുമുമ്പ്, നാടിന്റെ വുശുദ്ധിയിൽ ഞാനറിഞ്ഞ, ആഘോഷിച്ച വുഷുദിനങ്ങൾ ഓർമ്മയിൽ തെളിയുന്നു. മകരക്കോയ്ത്ത് കഴിഞ്ഞ പാടങ്ങളെ തഴുകിയെത്തുന്ന കാറ്റ്, തെല്ല് ഗൃഹാതുരതയോടെ എന്നെ തലോടുന്നു.. ഒരുപക്ഷെ, ഓരോ വിഷുക്കാലവും ഓർമ്മപ്പെടുത്തുന്നത് നഷ്ടപ്പെട്ട ബാല്യത്തെയാണ്.. ആഘോഷങ്ങളെല്ലാം കുട്ടികൾക്കുള്ളവയാണെന്നും, ഒപ്പം അവ കൊടുക്കൽവാങ്ങലുകളിലൂടെയാണെന്നുമുള്ള ഓർമ്മപ്പെടുത്തൽ.. ഓരോ ആഘോഷവും, ഓരോ മഴതുള്ളിയുടെ കുളിരേകി, നന്മയുടെ ഉണർത്തുപാട്ടാവണം..
ഇന്ന്, ഞാൻ താമസിക്കുന്ന വീട്ടിൽ വലിയ കണിക്കൊന്നമരം ഉണ്ട്.. അതിൽ നിറയെ സ്വര്ണപൂക്കളും.. അയൽവീടുകളിലെ കുട്ടികൾ, ലോക്ഡൗൻ മറന്ന് ഗേറ്റിന് മുന്നിൽ വന്ന് പൂക്കൾ ചോദിക്കുന്നു.. അവരിൽ ഒരുവേള ഞാനും ഉണ്ട്.. പൂക്കൈതനിറഞ്ഞ തോട്ടുവക്കിലൂടെ അക്കരെ കുന്നിലെ വീട്ടിൽ കണിക്കൊന്നപൂവിനു പോയിരുന്ന ഒരു കുട്ടി..
പാടത്തിനോട് ചേർന്ന്, കിഴക്കോട്ട് ചരിഞ്ഞ ഭൂമിയിലാണ് ഞങ്ങളുടെ വീട്.. കരയെയും പാടത്തെയും വേർതിരിച്ച് നിറഞ്ഞൊഴുകിയിരുന്ന വാഴമൻതോട്.. ഇന്ന് തോട് എന്ന് പറയാൻ ഒന്നുമില്ല.. വറ്റിവരണ്ടമണ്ണിൽ, ഒരു കണ്ണീർചാലുപോലെ.. അത്രമാത്രം..
തോടിന്റെ മറുകരയിലെ കുന്നിലെ, ഒരു പഴയ വീട്ടുമുറ്റത്താണ്, സർവ്വാഭരണവിഭൂഷിതയായി നിൽക്കുന്ന ഒരു നവവധുവിനെപ്പോലെ അണിഞ്ഞൊരുങ്ങി നിൽക്കുന്ന കണിക്കൊന്ന.. വിഷുത്തലേന്നു, ഞങ്ങൾ കുട്ടികൾ ആ നവവധുവിന്റെ ആഭരണങ്ങൾ മോഷ്ടിക്കാൻ മത്സരിക്കും.. ഞങ്ങളുടെ ബഹളം സഹിയ്ക്കവയ്യാതെ, ആ വീട്ടിലെ അമ്മൂമ്മ ഒരു വടിയുമായി പുറത്തിറങ്ങും.. പല്ലുകളെക്കുറിച്ചുള്ള ഓർമ്മപോലും അന്യമായ മോണ കാട്ടി ചിരിച്ചുകൊണ്ട്, ഞങ്ങളെ അടുത്തേക്ക് വിളിക്കും.. കാഴ്ച അവ്യക്തമായിതുടങ്ങിയ ആ വാർദ്ധക്യത്തിന്, ഞങ്ങളൊക്കെ ഏത് വീട്ടിലെതാണെന്ന് വിശദീകരിച്ചുകഴിയുമ്പോഴേക്കും, കൂട്ടത്തിൽ മുതിർന്ന കുട്ടികൾ ആവശ്യത്തിലധികം പൂക്കൾ എടുത്തിട്ടുണ്ടാവും.. പിന്നെ, തിരികെയൊരു ഓട്ടമാണ്..
പിന്നെ, അമ്മയോടോപ്പം കണിയൊരുക്കലായി.. പിറ്റേന്ന് കണികാണലായി.. വിഷുക്കൈനീട്ടമായി.. വിഷുസദ്യയായി... അങ്ങനെയങ്ങനെ..
ഡാ.. കുട്ടിക്കാലത്തെ ഓർമ്മകൾക്കിപ്പുറം, വിഷുവിനെ അടുത്തറിയുന്നത് ഒരു മാധ്യമപ്രവർത്തകനായതിനുശേഷമാണ്. മലയാളത്തിലെ പല ടെലിവിഷൻ ചാനലുകളിലും മാറിമാറി ജോലിനോക്കിയതുകൊണ്ടാവാം, ഓരോ വിഷുവിനും പല പ്രമുഖരുടെയും അഭിമുഖങ്ങൾ എടുക്കാൻ പറ്റിയതും, വിഷുവിന്റെ ശാസ്ത്രീയവശം മനസ്സിലാക്കാനായതും..
ഇന്ന്, സൂപ്പർതാരചിത്രങ്ങളും പരസ്യമാമാങ്കവും ടെലിവിഷൻ സ്ക്രീനിന്റെ മൂലയിൽ ഇടം നേടിയ കൊന്നപ്പൂവുമൊക്കെയായി നമ്മുടെ വിഷു മാറിപ്പോയി.. എങ്കിലും, മാലിന്യകൂമ്പാരമാവുന്ന മലയാളമണ്ണിലേക്കും മനസ്സിലേക്കും ,സമൃദ്ധിയുടേയും ഐശ്വര്യത്തിന്റേയും പുതുനാമ്പുകൾ വിരിയട്ടെ എന്നു ആശിക്കാം.. ഒപ്പം, നമ്മുടെ കുട്ടികൾക്കായി, നാണയത്തുട്ടുകല്ക്കപ്പുറം, ഒരു സംസ്കൃതിയുടെ വിഷുക്കൈനീട്ടം ഒരുക്കാം..
NB.. പിന്നെ ഒന്നൂടി... ഇതിനുമൊക്കെയപ്പുറം വിഷു എനിക്ക് 'ഇനിക്കുന്ന ഓർമ്മയാണ്..' കൗമാരത്തിൽ കിട്ടിയ ആ "വിഷുക്കൈനീട്ട"ത്തോളം ഓർമ്മമധുരം, മറ്റൊന്നിനുമില്ല.. ഇനി ഉണ്ടാകുകയുമില്ല..
ആ ഓർമ്മമധുരം നുണഞ്ഞുകൊണ്ട്, വിഷു ആശംസകളോടെ നിർത്തട്ടെ..
എന്ന്.....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ