2020 ഏപ്രിൽ 8, ബുധനാഴ്‌ച

ഉണ്ണിയുടെ കത്തുകൾ- ഒന്ന്

1/4/2020

പ്രിയപ്പെട്ട നിനക്ക്..

നിന്നെ ഇങ്ങനെ സംബോധനചെയ്തത് അയുക്തമാണെന്നറിയാം.. എങ്കിലും, നിന്റെ അസാന്നിധ്യം ഉണ്ടായിട്ടും, പലപ്പോഴും, പലരായും നീ തന്നെയാണ് എന്നിലേക്ക് വന്നത് എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.. ഒരുവേള, നീ എന്നത്, ഞാൻ മണത്ത ചെമ്പകപ്പൂമണങ്ങളുടെയെല്ലാം സർവനാമമായിരിക്കാം..

പിന്നെ, വർഷങ്ങൾക്കുശേഷം, വീണ്ടും നിനക്ക് കത്തുകൾ എഴുതാൻ തെരഞ്ഞെടുത്തത് ഈ വിഡ്ഢിദിനമായിപ്പോയല്ലോ എന്ന് നീ ചിന്തിക്കുന്നുണ്ടാവും.. ഒന്ന് ആലോചിച്ചാൽ നമ്മളൊക്കെ ഓരോ വിഡ്ഢിവേഷം ആടുന്നവരല്ലേ?  അല്ലെങ്കിൽ.. അതു പോട്ടെ..
 വിഡ്ഢി, മറ്റുള്ളവരെക്കാൾ ബുദ്ധിമാനാണെന്നാണ്‌, കിംഗ്‌ ലീയറിൽ ഷേക്സ്പീയർ സൂചിപ്പിക്കുന്നത്..  സോറി.. ഇനി ഈ കൊറോണകാലത്ത് ഷേക്സ്പീരിയൻ കഥകളൊന്നും പറഞ്ഞു നിന്നെ ബോറടിപ്പിക്കുന്നില്ല.. 

പിന്നെ, ഇന്ന് ഉച്ചയ്ക്ക് സിറ്റ്ഔട്ടിൽ ഒറ്റയ്ക്കിരിക്കുമ്പോഴാണ്, ഞങ്ങളുടെ വീടിനു ചുറ്റും ഇത്രയും പക്ഷികൾ വരാറുണ്ടെന്നു ഞാൻ അറിയുന്നത്.. എത്രതരം കിളികളാ!! എന്ത് രസാ അവയുടെ കലപില കേൾക്കാൻ... അതിനിടയിൽ മധുരമായ കുയിൽനാദവും.. നീ ഓർക്കുന്നോ, നമ്മൾ ഒരുമിച്ച്, കുയിൽ കൂവുമ്പോൾ, അതുപോലെ കൂവിയിരുന്നത്..? ആലംകോട് അമ്മാമ്മയുടെ പറമ്പിലെ പറങ്ങിമാവിന്റെ ഉയരെ ഇരുന്ന്.. ഓർക്കുന്നോ? 
അന്ന്, നമ്മൾ കുയിലിൻറെ പാട്ടിന് എതിർപാട്ട് പാടുകയാണെന്നു, പിന്നീട് ആ സിനിമാപ്പാട്ടുകേട്ടപ്പോഴാണ് മനസ്സിലായത്..

 ഡാ..ഓരോ ഏപ്രിലും, കശുവണ്ടിക്കാലവും, ഞാൻ എങ്ങനെ മറക്കാൻ..! പഴുക്കാത്ത കശുമാങ്ങയുടെ 'കാറൽ'...
 
അതേ, ഈ കശുവണ്ടിയുടെ കാര്യം പറഞ്ഞപ്പോഴാ, മറ്റൊരു സംഭവം ഓർത്തത്. ഈയടുത്ത്, എന്നെയും ഒരു സഹപാഠിഗ്രൂപ്പിൽ ചേർത്തു. അതിൽ, ഒരാഴ്ചമുന്പ്,  കശുവണ്ടിക്കാലമായിരുന്നു. എന്തൊക്കെ ഓർമ്മകളാണ് അവർ പങ്കിട്ടത്..! എങ്കിലും, അത് നമ്മളോളം വരുമായിരുന്നിരിക്കില്ല..  അതുകൊണ്ടാവാം, ഓരോ അധ്യയനവർഷം തുടങ്ങുമ്പോഴും, എങ്ങനെയെങ്കിലും 'മാർച്ച്മാസപരീക്ഷയായാൽമതി' എന്ന് ഞാൻ വീട്ടിലെ ആൽത്തറയിലും മാടൻപാറയിലുമൊക്കെ തൊഴുത് പ്രാര്ഥിച്ചിരുന്നത്.. ആലംകോട്ടെക്ക് വരാൻ.. രാവിലെ, അങ്ങോട്ടുള്ള 'പ്രസാദ്' ബസിൽ കയറുമ്പോൾ തന്നെ ഒരു കുളിരായിരുന്നു.

അത് എന്താന്നറിയോ നിനക്ക്? നീ ഓർക്കുന്നോ?  ഒന്ന് ഓർത്തുനോക്ക്... അല്ലെങ്കിൽ നാളെവരെ കാത്തിരിക്കൂ...

ഇപ്പോൾ നിർത്തട്ടെ..

നിനക്ക്‌ സുഖമല്ലേ എന്ന് ചോദിക്കുന്നില്ല.. സുഖമാണെന്നു വിശ്വസിക്കുന്നു..
എന്ന്.......



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ