മടവൂർ
04/04/2020
പ്രിയപ്പെട്ട നിനക്കായി, ഈ നാലാം നാളും ഞാൻ കുറിക്കുന്നു.. പൊള്ളുന്ന തട്ടകത്തിൽനിൽക്കുമ്പോഴും, എന്റെ ഓര്മചുമടുകൽ ഒന്നിറക്കിവയ്ക്കാനുള്ള ഒരു ചുമട്താങ്ങിയാണ് നീയെന്ന് നിനക്കു തോന്നുന്നുവെങ്കിൽ, ക്ഷമിയ്ക്കു.. നിന്നെക്കുറിച്ചുള്ള ഓർമ്മകൾക്ക് ഒരു പാഥേയം തുറക്കുന്ന മണമാണ്.. രാവിലെ ഇല വാട്ടി പൊതിഞ്ഞുകെട്ടിയ ചൂട് ചോറില്നിന്നും ഉച്ചയ്ക്ക് പൊങ്ങുന്ന ആ മണമുണ്ടല്ലോ..! അതുപോലെ..
പൊതിച്ചോറിന്റെ കാര്യം പറഞ്ഞപ്പോഴാ വേറൊരു കാര്യം ഓർത്തത്.. ഈ കൊറോണ ദിനങ്ങളിലെ അടച്ചിരിപ്പിൽ, മോൾ അവളുടെ മുറിയൊക്കെ ഒതുക്കി പലതും വാരിക്കളഞ്ഞ കൂട്ടത്തിൽ, അവളുടെ പഴയ ജോമട്രിപെട്ടിയും ഉണ്ടായിരുന്നു.. ഒരുവേള, മോൾക്ക് മാത്രമല്ല നിനക്കും അതൊരു ഇൻസ്ട്രമെന്റ് ബോക്‌സ് മാത്രമായിരിക്കാം.. എനിക്ക് അതൊരു നൊമ്പരപ്പഴമാണ്.. കാൽമുട്ടിനുമുകകളിൽ കിട്ടിയ അടികളുടെ അടിയിൽ ഒരു പാടായി, ഒരു പാഠമായി ഒരുപാട് നീറ്റലായി ഇപ്പോഴും..
ആ നോവൊന്നും നീയറിഞ്ഞിട്ടുണ്ടാവില്ല.. എന്റെ അഞ്ചാം ക്ലാസിലേക്ക് തിരികെ പോകണം.. 5 എ യിൽ, സാവിത്രിയമ്മസാറിന്റെ ക്ലാസിലേക്ക്.. മേലെ പള്ളിക്കൂടത്തിലെ, മേലെ കെട്ടിടത്തിലായിരുന്നു 5 എ. ആ ക്ളാസിലെ ഏറ്റവും പിന്നിലെ ബഞ്ചിൽ, കറുത്ത് മെലിഞ്ഞ ഒരു പത്ത് വയസ്സുകാരൻ. പഠിത്തത്തിൽ കേമനല്ലായിരുന്നു. ആവറേജ്..ഞാൻ അത്രമാത്രം..
ക്ലാസ്സിലെ മറ്റൊരു കുട്ടി പുതിയ ഇൻസ്ട്രമെന്റ് ബോക്‌സ് കൊണ്ടു വന്ന ദിവസം.. നടരാജിന്റെ ബോക്‌സ്.. അതിന്റെ പിൻഭാഗത്ത് നല്ല തിളക്കമാണ്..
ഉച്ചയ്ക്ക്, ഞാനും മറ്റൊരു കുട്ടിയും ചേർന്ന് കളിക്കുന്നതിനിടയിൽ, ആ ഇൻസ്ട്രുമെന്റ് ബോക്‌സ് എടുത്ത്, ക്ലാസിലെ പിന്നിലെ ജനാലയ്ക്ക് പുറത്തുപോയി, ക്ളാസിനുള്ളിലേക്ക് ലൈറ്റടിച്ചുകളിച്ചു.. നല്ല രസായിരുന്നു..
ഉച്ചകഴിഞ്ഞ്, ക്ലാസ് തുടങ്ങി. ആ ബോക്സിന്റെ ഉടമയോട്, ഏതോ ഒരു കുട്ടി, ഞങ്ങൾ ബോക്‌സ് എടുത്തത് പറഞ്ഞു..അതിൽ പോറൽ വന്നു എന്ന് അവൻ ടീച്ചറോട് പരാതിപ്പെട്ടു.. ഞാൻ 'അമ്മ' എന്ന് വിളിച്ചിരുന്ന ടീച്ചർ എന്നെ ഒരുപാട് അടിച്ചു.. വേദനയോടെ വീട്ടിൽ എത്തുമ്പോൾ, എനിക്ക് പിന്നിൽ ആ കുട്ടിയും അമ്മയും വീട്ടിൽ വന്നു.. വീട്ടിൽ തേങ്ങയിട്ട ദിനം.. മുറ്റത്ത്, തേങ്ങ കുലയോടെ കിടക്കുന്നു..മൂത്ത ചേട്ടൻ അതിൽനിന്നും കിരാഞ്ഞിൽ അടത്തിയെടുത്ത്.. അച്ഛൻ പേർഷ്യയിൽ ആയതുകൊണ്ട്, ചേട്ടന് ഉത്തരവാദിത്തം കൂടുതൽ ആയിരുന്നു.. ഒരുപാട് തല്ലി.. തുടർന്ന്, അമ്മയുടെ പങ്കും.. !!
സത്യം.. ഇപ്പോഴും നീറുന്നു..
ഇതുപോലൊരുപാട് മുറിപ്പാടുകൾക്കുമുകളിലൊഴുകുന്നൊരുതലോടലായിനീയെന്നുമെന്നുള്ളിൽ.. അതേ..
ഞാനെന്ന ഉന്മാദിക്കുള്ളിലെ ഉയിരായി..ഉണർവ്വയി..ഉന്മയായി..
നിനക്ക് സുഖമെന്ന് വിശ്വസിച്ചുകൊണ്ട്, നിർത്തുന്നു..
എന്ന് സ്വന്തം......
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ