2020 ഏപ്രിൽ 8, ബുധനാഴ്‌ച

ഉണ്ണിയുടെ കത്തുകൾ- എട്ട്

മടവൂർ
08/04/2020

പ്രിയപ്പെട്ട നിനക്കായിത്തന്നെ.. എട്ടാമതും.. 

എട്ട് ചിലർക്ക് അശുഭവും, മറ്റ് ചിലർക്ക് ശുഭവും.. ചൈനാക്കാരുടെ ഭാഗ്യനമ്പർ ആണത്രേ എട്ട്.. നമ്മുക്ക്, എട്ടിനെ പരാജയങ്ങൾക്കൊപ്പം കൂട്ടിച്ചേർക്കാനാണ് ഇഷ്ടം.. അതുകൊണ്ടല്ലേ, 'എട്ടു'നിലയിൽ പൊട്ടുന്നത്..?  അല്ലേ?
അതൊക്കെ പോട്ടെ.. 

ഡാ.. പുറത്ത് നല്ല മഴ..  ദേ, ഈ മഴയിൽ നിന്നും, ദോഹയിലെ ഒരു മഴയിലേക്ക് നിന്നെ കൂട്ടുകയാണ്.. ഒരു ദശാബ്ദം മുൻപുള്ള, ഒരു മഴദിനം.. 

 അന്ന് ഞങ്ങളുടെ 
ടെലിവിഷന് ഇപ്പോഴത്തെ പുതിയ കെട്ടിടം ആയിട്ടില്ല.. ഒരു വലിയ കോമ്പൗണ്ടിൽ, പലയിടങ്ങളിലായി ചെറുതും വലുതുമായ കെട്ടിടങ്ങൾ.. അവയിലെ, ഓരോ ഓഫീസിനോട് ചേർന്നും ഓരോ കിച്ചനും, ടീബോയിയും.. ഞങ്ങളുടെ, ക്യാമാറാ ഡിപ്പാർട്ട്‌മെന്റിന്റെ കിച്ചനിൽ ഒരു കോഴിക്കോടൻ ഇക്കയായിരുന്നു.. എന്നെ ഇത്രയേറെ കട്ടൻകാപ്പി കുടിപ്പിച്ച് ശീലിപ്പിച്ചതും ആ ഇക്കതന്നെ..  നല്ല 'മനുഷ്യപറ്റുള്ള'  ആളായിരുന്നു. നമ്മുടെ സെക്ഷനിൽ ക്ളീനിംഗിന് വന്നിരുന്ന, മറ്റ് കമ്പനി തൊഴിലാളികൾക്കും ചായയും കോഫിയും കുബ്ബൂസുമൊക്കെ കൊടുക്കാറുണ്ടായിരുന്നു.. ഇക്കയുടെ, കിച്ചനു മുന്നിലെ ഹാളിൽ രണ്ട് പഴയ സോഫകൾ ഉണ്ട്.. അതിലാണ്, ഓരോ റമദാൻ മാസത്തിലും പകൽ സമയത്ത് ഞങ്ങളിരുന്നു ഉറങ്ങിയിരുന്നത്.. കാരണം, റമദാനിൽ പകൽ സമയത്ത് ഷൂട്ടിംഗ് അധികം ഉണ്ടാകാറില്ല.. അതേ സോഫയിൽ തന്നെയാണ് ക്ളീനിംഗ് തൊഴിലാളികളും ക്ഷീണമകറ്റിയിരുന്നത്.. അതേ സോഫയുടെ ഇരു ഭാഗങ്ങളിലിരുന്നാണ്, ഞാനും ഹക്കിം എന്ന ആ ശ്രീലങ്കൻ ക്ളീനിംഗ് ബോയിയും സംസാരിച്ചതും..

മറ്റ് ശ്രീലങ്കൻ തൊഴിലാളികളെക്കാൾ, ഞാൻ ഹക്കിമിനെ ശ്രദ്ധിച്ചത്, അയ്യാളുടെ നിഷ്കളങ്കമായ ചിരിയും, പിന്നെ, എന്നും രാവിലെ കാണുമ്പോൾ  'വണക്കം സർ.. നാല്ലാർക്കാ', എന്ന അന്വേഷണവും ഉള്ളതുകൊണ്ടും മാത്രമല്ല.. അയാൾക്ക് നല്ല വിക്കുണ്ടായിരുന്നു.. ആ വിക്കിൽ, എന്റെ ഒരു കഥയിൽ അയാളെപ്പോലെ ഒരു കഥാപാത്രരചന നടത്താൻ പറ്റിയാലോ, എന്നും ഞാൻ ചിന്തിച്ചിരുന്നു.. 

ഒരു മഴയുള്ള പ്രഭാതം. ഇക്കായുടെ കിച്ചനു സമീപം, ഹക്കിം ഒഴികെയുള്ള മറ്റ് ക്ളീനിംഗ് ബോയ്‌സ് കൂടിനിന്നു എന്തോ  സംസാരിക്കുന്നു.. ഞാൻ ഹാക്കിമിനെ തിരക്കി.. അയാൾ വന്നിട്ടില്ല..
 "അവനുടെ അമ്മ ഇരന്ത്പോയി സർ.. നേർത്തെ നൈറ്റിൽ മെസേജ് കെടച്.. "  ഒരാൾ പറഞ്ഞു..

  സോ, ഹക്കിം ലെഫ്ട് ടു ശ്രീലങ്ക?

" നോ സർ.. ലീവ് കെടക്കില്ല.. മുദീർ റൊമ്പ പ്രോബ്ലം.. റൊമ്പ തിമിര് സർ.. ഒരു നാളേക്ക് റൂമിലെ ഉക്കാറ സോനാച്.."

അതേ... ഹക്കിമിന്റെ അമ്മ മരിച്ചു.. അയാൾക്ക് പോകാൻ പറ്റിയില്ല.. 
അവന്റെ നോവ് എനിക്ക് മനസ്സിലാവും.. ഞാനും, അച്ഛൻറെ വേർപാടിൽ അത് അനുഭവിച്ചതാ..

രണ്ടുനാൾ കഴിഞ്ഞു.. ഒരു ദുഃഖസ്മിതത്തോടെ, ഹക്കിം വീണ്ടും എനിക്ക് 'സലാം' പറഞ്ഞു.. ഒരു ദീര്ഘനിശ്വാസത്തിനപ്പുറം, അയാളുടെ ജീവിതവും..

ജാഫ്‌നായിലെ ഒരു തമിഴ്‌ മുസ്ലിം കുടുംബം.. തമിഴ് പുലികളുടെ സമയം.. LTTE യെ ഒതുക്കാനായി, ഇന്ത്യൻ സഹായം.. ഇന്ത്യൻ സമാധാന സേന ശ്രീലങ്കയിലേക്ക്..  'പുലിമടകൾ' തേടിയുള്ള പട്ടാളമാർച്ചുകൾ.. പുലികളെയും പട്ടാളത്തെയും പേടിച്ച്, ജീവനുമായി പായുന്ന പാവങ്ങൾ.. അക്കൂട്ടത്തിൽ, ഒരുപാട് ഗർഭിണികളും കുട്ടികളും.. അതിൽ ഒരു ഗർഭിണിയുടെ മുന്നിൽ, അവളുടെ ഭർത്താവ് സൈന്യത്തിന്റെ വെടിയേറ്റ് മരിച്ചു.. അവളുടെ നിലവിളി ജാഫ്‌നാക്കാടുകളിൽ മുഴങ്ങി, തിരികെ വന്നില്ല..

 പിന്നീട്, എപ്പോഴോ ബോധം വന്നു.. പിന്നീടുള്ള രാത്രികളിൽ അവർ പേടിച്ചു നിലവിളിച്ചിരുന്നുവത്രെ.. ആ നിലവിളികൾക്കിടയിൽ, ഒരു കുഞ്ഞുകരച്ചിലായി പിറന്ന കുഞ്ഞിന്, വിക്ക് കൂടപ്പിറപ്പായി.. ഒരുവേള, അമ്മ കടന്നുപോയ പേടികളുടെ ബാക്കിയാവാം, ആ വിക്ക്..

അപ്പോഴേക്കും ഹക്കിമിന്റെ മടിയിൽ, പാത്രത്തിൽ വച്ചിരുന്ന ഉണക്ക കുബ്ബൂസ് നനഞ്ഞു കഴിഞ്ഞിരുന്നു..!

ഡാ.. ഇതുപോലെ എത്രയെത്രെ ഹാക്കിമുമാർ.. എത്രയെത്ര ജീവിതങ്ങൾ.. !! 
 
നിനക്കായി എഴുതിപ്പടരാനിരിക്കുമ്പോഴെല്ലാം, അറിയാതെ എഴുതി തളർന്നുപോകുന്നു.. തിരമാലയോട് കബഡി കളിക്കുമ്പോൾ, ആ തിരയ്ക്കപ്പുറം കടലാഴം നീയറിയുന്നോ? ഒന്നാലോചിച്ചാൽ, ഓരോ മനുഷ്യരും ഓരോ കടലുകളല്ലേ..? നമ്മൾ അറിയാത്തത്ര ആഴമുള്ള കടലുകൾ..!!!

ഓരോ തവണ തിരവന്ന് തീരത്തെ ചുംബിച്ചു തിരികെ പോകുമ്പോഴും, വീണ്ടും ആ തിര വരും എന്ന പ്രതീക്ഷയല്ലേ ഓരോ തീരത്തിനും..? 
അതേ.. ആ പ്രതീക്ഷയോടെ നിർത്തട്ടെ...

എന്ന്.....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ