2020 ഏപ്രിൽ 18, ശനിയാഴ്‌ച

ഉണ്ണിയുടെ കത്തുകൾ- പതിനേഴ്‌

..
മടവൂർ
17/04/2020

പ്രിയപ്പെട്ട നിനക്കായി എന്റെ പതിനേഴാം കത്ത്.. മധുരപ്പതിനേഴ് എന്നല്ലേ ചൊല്ല്.. അതേ,  കാട്ടുതേൻപോൽ  ഇനിയ്ക്കുന്ന   പ്രണയത്തിന് എന്നും മധുരപ്പതിനേഴ് തന്നെ.. 
ഡാ.. നീ തന്നെ ആകാശം.. നീ തന്നെ കടൽ.. അവയ്ക്കിടയിലെ വെറുമൊരു മഴനീർക്കണമായി ഞാൻ, എന്നും..

പിന്നെ ഇന്ന് രാവിലെ ഞാൻ ഉണർന്നത്, 
 " ഈ തട്ടകം നിൽക്കുവാൻ വയ്യാതെ പൊള്ളുന്നു പൊള്ളുന്നു"  എന്ന വരി 
ചുള്ളിക്കാടിന്റെ കവിതയിൽ അല്ലേ' എന്ന അവളുടെ ഒരു ചോദ്യം കേട്ടാണ്..

'അതേ.. യാത്രാമൊഴിയിൽ ഉള്ളത്.. എന്താ കാര്യം? '

" അത്, ഞങ്ങൾ, ദോഹയിലെ എഴുത്തുകാരുടെ ഒരു വാട്സ്ആപ്പ് ഗ്രൂപ്പുണ്ട്.. അതിൽ ഒരാളുടെ സംശയം..?"

അവൾ ക്രീയേറ്റീവാണ്.. കവിത എഴുത്തും  ചിത്രം വരപ്പും നാടകവും ഒക്കെയുണ്ട്...

അതുപോട്ടെ.. അവളുടെ ചോദ്യത്തിന് ഈ കത്തുമായി എന്ത് ബന്ധം എന്നാവും നീ ചിന്തിയ്ക്കുന്നത്.. ഉണ്ട്.. പൊള്ളുന്ന തട്ടകത്തിനു ശേഷമുള്ള വരികൾ അത്രയേറെ എന്നിൽ ആഴ്ന്നിറങ്ങിയിട്ടുണ്ട്..

"കത്തുന്ന പട്ടടയിലച്ഛന്റെ ചങ്കിലിടി വെട്ടുന്ന പൊട്ടലിലുടൽക്കെട്ടു പൊട്ടി, മിഴി രക്തം ചുരത്തിനിലകൊള്ളുന്നൊരമ്മേ..
കഴുത്തിൽക്കൈകൾ
ചുറ്റിപ്പിടിച്ചേ വിതുമ്പുന്നു താലിയി-
ലമർത്തിപ്പിടിച്ചു തുടികൊട്ടുന്ന ഹൃത്തിൽ
വിടിനീർക്കുടം കൊത്തിനിൽക്കുന്നൊരമ്മേ..."

ഒരുവേള നിനക്കാറിയാവുന്ന, എന്റെ വേദനയാണത്.. അന്ന്, പരിചിതമല്ലായിരുന്ന  ഒരു അറബ്  നഗരത്തിലെ, ഒരു ഹോട്ടൽ മുറിയിൽ, ഒറ്റയ്ക്കിരുന്ന്, നാട്ടിൽ അച്ഛന്റെ ചിതയെരിയുന്നത് മനസ്സിൽ കാണേണ്ടിവരുന്ന ഒരു മകന്റെ വേദന... 
അത് അനുഭവിച്ചാലേ മനസ്സിലാവൂ.. 

 ഞാൻ മിക്കവാറും കേൾക്കുന്ന കവിത... കവിതയിൽ സൂചിപ്പിക്കുന്ന പതിന്നാല് വർഷത്തെ നഗരകാന്താര ജീവിതത്തിൽ ഉൾപ്പടെ, എന്റെ ആത്മാംശമുണ്ടെന്നു ഞാൻ കരുതുന്ന വരികൾ... 

നിനക്ക് അറിയാവുന്നതുപോലെ, ഒരു  ജൂൺ 30 നായിരുന്നു, എനിക്കും  പ്രവാസജീവിതം പൈതൃകമായി  നൽകിയ, എന്റെ അച്ഛൻ റിയാദിലെ ഒരു അതിവേഗപാതയിൽ രക്തം വാർന്ന് കിടന്നത്‌... വൈകിയെത്തുന്ന പോലീസിനും ആംബുലൻസിനും  മുൻപേ ആരെങ്കിലും രക്ഷക്കെത്തുമെന്നുകരുതി പിടിച്ചുനിന്ന ജീവൻ ഒടുവിൽ  പിടഞ്ഞില്ലാതായത്‌.. ഒടുവിൽ, ഒരു മാസത്തിനുശേഷം, തിരിച്ചറിയാനാവാത്തവിധം തകർന്നുപോയ അച്ഛൻ, തറവാടിന്റെ തെക്കേപ്പറമ്പിന്റെ തൊടിയിൽ മണ്ണിനോട്‌ ചേർന്നു... 
എന്നും എപ്പോഴും  അച്ഛൻ ഒരു തലോടലായി കരുതലായി വാത്സല്യമായി എന്നിൽ  കുടിയിരിക്കുന്നു..
 പിന്നീടൊരു മീനച്ചൂടിൽ പോള്ളിക്കിടന്നിരുന്ന തറവാടിന്റെ തെക്കേപ്പറമ്പിലെ കരിയിലകളിൽ കാൽ വയ്ക്കുമ്പോൾ, "മോനെ സൂക്ഷിച്ച്‌ നടക്കണം.. വെട്ടും കിളയലും ഇല്ലാതെ കിടക്കുന്ന ഇടമാണു.. ഇഴജന്തുക്കളുണ്ടാവും.." എന്ന് ഓർമ്മിപ്പിച്ചതും, 'നാഗരികജീവിതത്തിലൂടെ ഇടറിത്തുടങ്ങിയ' കാലുകളുമായി തൊടിയിലേക്കുള്ള ഒതുക്കുകല്ലുകളിൽ ചവിട്ടിയിറങ്ങുമ്പോൾ, എന്നെ വീഴാതെ താങ്ങിയതും അച്ഛനായിരുന്നു..
പിന്നീട്,  ഞാൻ ജീവിച്ച മണൽനഗരത്തിലെ ഉഷ്ണക്കാറ്റിലും അച്ഛൻ മണക്കുന്നുണ്ടായിരുന്നു..  അച്ഛൻ ഒരു കുളിരായി എന്നെ വലയം ചെയ്യുന്നു.. എന്നും.. എപ്പോഴും...

അച്ഛൻ എന്ന വാത്സല്യം  അറബ് നാട്ടിലേക്ക് കപ്പൽ കയറുന്നത്, ഞാൻ ഒന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ്.. പിന്നീട്, ഓരോ രണ്ടുവർഷത്തിലും, രണ്ടുമാസങ്ങളിൽ മാത്രം അറിയുന്ന ഊഷ്മളതയായി.. ചിലപ്പോൾ മഴയായും വെയിലായും, അച്ഛൻ.. 

അച്ഛൻ നാട്ടിലുള്ള രാത്രികളിൽ അത്താഴം കഴിഞ്ഞു, ഞങ്ങൾ മക്കൾ കണ്ണടച്ചു ഉറങ്ങിയതുപോലെ കിടക്കും.. കാരണം, അച്ഛൻ കിടക്കുംമുമ്പ്, ഞങ്ങളുടെ അരികിൽ വന്ന്, നെറ്റിയിലും വയറിലും ഒക്കെ തലോടിനോക്കും.. ഇനിയും, പെയ്തിറങ്ങാത്ത ആകാശത്തിന്റെ ചോട്ടിലിരുന്നു ഇത് കുറിക്കുമ്പോഴും, എന്റെ മുടിയിഴകൾക്കിടയിലൂടെ ആ സ്നേഹവിരലുകൾ ഒഴുകുന്നു.. എന്റെ ഉയിരായി.. ഉന്മയായി.. 

ഡാ... അച്ഛന്റെ ഏറ്റവും വലിയ ആഗ്രഹം, ഞാൻ ഒരു ഗവണ്മെന്റ് ഉദ്യോഗസ്ഥനാവണം എന്നായിരുന്നു.. അച്ഛൻ നാട്ടിൽ ഉണ്ടായിരുന്നപ്പോഴൊക്കെ, പഠിക്കാനായി എന്നെ അതിരാവിലെ വിളിച്ചുണർത്തും.. നല്ല ബ്രു കോഫിയുണ്ടാക്കിത്തരും.. അങ്ങനെയോരുപാടോരുപാട്.. എന്നിട്ടോ..?
 ജീവിതത്തിൽ ഞാൻ ആകെ മൂന്ന് റെസ്റ്റുകളാണ് ജോലിയ്ക്കായി എഴുതിയത്.. ഒരു റെയിൽവേ.. ഒരു സ്റ്റാഫ് സെലക്ഷൻ.. പിന്നെ, ഒരു പി എസ് സി... എല്ലാം തയ്യാറെടുപ്പുകൾ ഇല്ലാതെ.. യാത്ര ചെയ്യാനും സിനിമ കാണാനും വേണ്ടി മാത്രം പോയവ... 
അതൊക്കെ ഓർക്കുമ്പോൾ... സത്യത്തിൽ ദീര്ഘനിശ്വാസം പോലും മടിച്ചുനിൽക്കുന്നു..
ഒടുവിൽ, വിധി എന്നെയും ഒരു സർക്കാർ ജീവനക്കാരനാക്കി.. ഒരു വിദേശസർക്കാർ ആണെന്ന് മാത്രം.. എന്നാൽ അതിന്റെ ആഹ്ലാദം നുണയാൻ, അച്ഛനു കഴിഞ്ഞില്ല.. വിധി എന്ന വാക്കിൽ എല്ലാം ഒതുക്കുന്നു.. ഒരുവേള, വിധി എന്നൊരു വാക്കില്ലായിരുന്നുവെങ്കിൽ..?

അതേ കുട്ടി.. അച്ഛൻ തന്ന വാത്സല്യത്തിന്റെ  കുടുക്ക, ഞാൻ ഇനിയും പൊട്ടിച്ചിട്ടില്ല.. അതിൽ, ആ ഓർമ്മതുട്ടുകൾ കൊണ്ട് നിറയ്ക്കണം..
 വീണ്ടും, ടാറിന്റെ പുത്തപ്പണിഞ്ഞ 
 നാട്ടിടവഴികളിലൂടെ ഒരു യാത്ര പോകണം.. എന്റെ  നഷ്ടങ്ങളുടെ കരിയിലക്കാടുകൾക്കിടയിലൂടെ ഒരു യാത്ര.. ചുടുരക്തം വഹിക്കുന്ന ധമനികളെപോലെ നീളുന്ന, ഗ്രാമത്തിന്റെ ഞരമ്പുകളിലൂടെ ഒരു തിരിച്ചുപോക്ക്.. അപ്പോൾ,  ടാറിന്റെ    മേല്മുണ്ടിനുള്ളിൽ  എന്റെ കൗമാരത്തിന്റെ കാല്പ്പാടുകളേറ്റ മൻപാതകൾ ഞരങ്ങി കരയും..  പ്രവാസത്തിന്റെ മരുപ്പുറങ്ങളിൽ  ജീവിതത്തിന്റെ മരുപ്പച്ച തേടിയലഞ്ഞ്, ഒടുവിൽ മരുത്തടവറയിൽ നിന്നും തിരികെ വന്ന എനിക്ക്, ഓർമ്മ  തരുന്ന പച്ചമുളവുടച്ച മോരും മോന്തി, പരിചിത മുഖങ്ങളുടെ അപരിചിതത്വത്തിലൂടെയുള്ള ഒരു യാത്ര.. മഴച്ചാലുകൾ അന്യമായ തൊടിയും കലപ്പപ്പാടിന്റെ ഓർമ്മ നശിച്ച പാടവും കടന്ന് ഒടുവിൽ  കൗമാരത്തിന്റെ കുളിക്കടവിൽ എത്തണം.. ഒരിക്കൽ, വരാലും നെടുമീനും മാനത്തുകണ്ണിയുമെല്ലാം  ഇക്കിളിപ്പെടുത്തിയ കുളിക്കടവിൽ  ഓർമയുടെ മണല്പരപ്പിൽ  ഒത്തിരി നേരം ഇരിക്കണം..

ആ മോഹങ്ങളോടെ നിർത്തട്ടെ...

എന്ന്...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ