2020 ഏപ്രിൽ 16, വ്യാഴാഴ്‌ച

ഉണ്ണിയുടെ കത്തുകൾ- പതിനാറ്

മടവൂർ
16/04/2020


പ്രിയപ്പെട്ട നിനക്കായി എന്റെ പതിനാറാം കത്ത്..

മനുസമൃതിയുടെ പതിനാറാം ശ്ലോകം ഇങ്ങനെയാണ്..

" തേഷാം ത്വവയവാൻ സൂക്ഷ്മാൻ ഷണ്ണാമപിയമിതൗജസാം
സന്നിവേശ്യാത്മമാത്രാസു സർവഭൂതാനി നിർമമേ.."

അതായത്, അനന്തരകാര്യങ്ങളെ നിർമിക്കുന്നതിന് സമർത്ഥങ്ങളായ അഹങ്കാരത്തിന്റെയും തന്മാത്രകളുടെയും സൂക്ഷ്മാംശങ്ങളെ സ്വവികാരങ്ങളിൽ യോജിപ്പിച്ച് മനുഷ്യർ, തിര്യക്കുകൾ സ്ഥാവരങ്ങൾ തുടങ്ങിയ സർവഭൂതങ്ങളെയും പരമാത്മാവ് നിർമിച്ചു..

ഇനി,

"ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തില്‍ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തില്‍ അവനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു.." എന്ന് ഉൽപ്പത്തി.. 

 ഈ ആമുഖങ്ങളൊക്കെ എന്തിനാണെന്നായിരിക്കും നീ ചിന്തിക്കുന്നത്.. ഇന്നത്തെ ഒരു വാർത്ത നീ കേട്ടിരുന്നോ? കോവിഡ് ഭീതിമൂലം ഇന്തോനേഷ്യയുടെ തീരത്തേക്ക് അടുക്കാൻ കഴിയാതെപോയ കപ്പലിൽ, 24 രോഹിൻഗ്യൻ അഭയാർത്ഥികൾ വിശന്നു മരിച്ചു എന്ന വാർത്ത..? 

മനുസമൃതിയിലും, ബൈബിളിലും ഖുർആനിലും എല്ലാം പ്രതിപാദിക്കുമ്പോലെ ദൈവം മനുഷ്യനെ സൃഷ്ടിച്ചു... 
ഒപ്പം, വിശപ്പും കൊടുത്തു.. ഒരുവേള, ആ വിശപ്പാവും മനുഷ്യനെ കർമ്മനിരതനാക്കുന്നത്.. 

നിനക്കറിയോ.. വിശപ്പിനോളം വലുതായിട്ട് ലോകത്തിൽ എന്താ ഉള്ളത്?
നീ വിശപ്പിന്റെ നോവ് അറിഞ്ഞിട്ടുണ്ടോ? ഞാൻ അറിഞ്ഞിട്ടുണ്ട്.. പട്ടിണികിടക്കേണ്ട ചുറ്റുപാട് ഉണ്ടായിരുന്നതുകൊണ്ടല്ല.. മറിച്ച്, ഞാൻ ആ സാഹചര്യങ്ങളിൽകൂടി പോവാൻ വിധിക്കപ്പെട്ടതുകൊണ്ട്.. അക്കാദമിക്ക് സർട്ടിഫിക്കറ്റുകൾ തലയ്ക്കടിയിൽ വച്ച്, ദാഹം കുടിച്ചും പട്ടിണി കഴിച്ചും മാത്രം കിടന്ന കോടാമ്പക്കക്കാലം.. ശങ്കരൻ സ്ത്രീയെ അറിയാൻ ശ്രമിച്ചതുപോലെ,  സിദ്ധാർത്ഥൻ മന:സമാധാനം തേടി നടന്നതുപോലെ, ജീവിതം പഠിക്കാനുള്ള ഒരു യാത്രയായിരുന്നു അത്..  മൂന്നു നേരം നന്നായി ആഹാരം കഴിച്ച്, ഗർവ്വോടെ നടന്ന എന്നെ, മറ്റുള്ളവന്റെ കണ്ണിനുള്ളിലേക്കു നോക്കാനും, മറ്റുള്ളവന്റെ കണ്ണിലൂടെ ലോകത്തെ കാണാനും പഠിപ്പിച്ചത്, കോടാമ്പക്കത്തിനടുത്ത്, എം ജി ആർ മാർക്കറ്റ് പരിസരത്തെ ചേരിപോലുള്ള സ്ഥലത്തെ ആ താമസമാണ്.. എന്റെ ജീവിതഗുരു..

 വിശപ്പും, അതിനെ ശമിപ്പിക്കാനായി നമ്മൾ കഴിക്കുന്ന ഭക്ഷണവും തന്നെയാണ്, നമ്മുടെ ജീവിതത്തെ നിയന്ത്രിക്കുന്നത് എന്ന് ഞാൻ വിശ്വസിക്കുന്നു.. 

'അന്നം മന:' എന്നാണ്  ഋഗ്വേദം പറയുന്നത്.. 
അന്നം അഥവാ ആഹാരം തന്നെയാണ് മനസ്സ്.. ഒരാൾ കഴിക്കുന്ന ആഹാരം, അല്ലെങ്കിൽ  ആഹാരരീതി,  അയ്യാളുടെ സ്വഭാവത്തെയും, പെരുമാറ്റത്തേയും, മനസ്സിനേയും  എല്ലാം സ്വാധീനിക്കുന്നു എന്ന് സാരം..

ഭഗവത്ഗീതയിലെ, 
"ശ്രദ്ധാത്രയവിഭാഗയോഗഃ" യിൽ, ശ്രീകൃഷ്‌ണൻ അർജുനനോട് വളരെ വിശദമായി ഈ ആഹാരരീതികളെക്കുറിച്ച് പറയുന്നുണ്ട്.. 

"ആഹാരസ്ത്വപി സ്വരസ്യ ത്രിവിധോ ഭവതി പ്രിയ:
യജ്ഞസ്തപസ്ത്ഥാ ദാനം തേഷാം ഭേദമിമം"

എല്ലാവർക്കും പ്രിയപ്പെട്ട ആഹാരവും മൂന്നുവിധത്തിലുണ്ട്.. യജ്ഞം, തപസ്, ദാനം എന്നിവയുടെ ഭേദം നീ കേട്ടാലും..

ആയു:സതത്വബലാരോഗ്യസുഖപ്രീതിവിവർധനാ:
രസ്യാ: സ്നിഗ്ധാ:  സ്ഥിരാ ഹൃദ്യ  ആഹാരാഃ സാത്വികപ്രിയാ:

ആയുസ്സ്, മന:ശക്തി, ബലം, ആരോഗ്യം, സുഖം പ്രീതി എന്നിവ വർദ്ധിപ്പിക്കുന്ന രുചികരമായ എണ്ണമയമുള്ള  പോഷകവും, ഇഷ്ടപ്പെടുന്നതുമായ ആഹാരങ്ങളാണ് സാത്വികൻമാർക്ക് പ്രിയമായിട്ടുള്ളത്.. 

യാതയാമം ഗതരസം പൂതി പര്യഷിതം ച യത് 
ഉച്ഛിഷ്ടമപി ചാമേദ്ധ്യം ഭോജനം താമസപ്രിയം

ഉണ്ടാക്കിയിട്ടു ഒരു യാമം ( മൂന്നു മണിക്കൂർ) കഴിഞ്ഞതും, സ്വാദ് പോയതും, ദുർഗന്ധമുള്ളതും ഒരുരാത്രി കഴിഞ്ഞതും ഉച്ഛിഷ്ടവും അശുദ്ധവുമായ ആഹാരമാണ് അതാമസികന്മാർക്ക് പ്രിയമായിട്ടുള്ളത്..

ഈ കുറിച്ച ഗീതാവചനങ്ങളില്നിന്നും, ആഹാരം എങ്ങനെ നമ്മുടെ സ്വഭാവത്തെ സ്വാധീനിക്കുന്നു എന്ന് മനസ്സിലായികാണുമല്ലോ.. 

ഡാ.. നീ ശ്രദ്ധിച്ചിട്ടുണ്ടോ? നമ്മുടെ തലമുറയിൽ നാല്പതും അൻപതും വയസ്സുള്ളവർക്ക് ഇപ്പോഴും അവരുടെ മാതാപിതാക്കളുടെ വാത്സല്യവും സ്നേഹവും ആസ്വദിക്കാൻ കഴിയുന്നുണ്ട്.. അത്  ലഭിക്കുന്നുണ്ട്.. മാതാപിതാക്കൾ നല്ല ആരോഗ്യത്തോടെയിരിക്കുന്നുമുണ്ട്.. 
എന്നാൽ, വർത്തമാനകാലജീവിതരീതികളിൽനിന്നും ഉണ്ടാകാവുന്ന ന്യായമായ ഒരു സംശയം ചോദിച്ചോട്ടെ.. 
 നമ്മുടെ കുട്ടികൾ ഉൾപ്പെടുന്ന തലമുറ, നമ്മുടെ ഇതേ പ്രായത്തിൽ എത്തുമ്പോൾ, അവരിൽ എത്രപേർക്ക്  ഈ  വാത്സല്യം നുകരാനുള്ള "ഭാഗ്യം" തുടർന്ന് ലഭിക്കും..? ചിന്തിച്ചിട്ടുണ്ടോ? 

 ആയുർദൈർഘ്യം കുറയുന്നു.. ആയിരം പൂർണ്ണചന്ദ്രന്മാരെ കാണുന്നവരുടെ എണ്ണം കുറയുന്നു.. വിരളമാവുന്നു.. ആയുസ്സ് നീട്ടിക്കിട്ടുന്ന ഓരോ ദിവസവും സ്രഷ്ടാവ് നല്കുന്ന ബോണസ്സായി കൂട്ടാം എന്ന തലത്തിലേക്ക് നമ്മുടെ ആയുർദൈർഘ്യം മാറിയിരിക്കുന്നു.. ഇതിനെ ഒരു ‘ജനറലൈസേഷൻ’ ആയി കാണരുത്.. എങ്കിലും ഒരു പുനർവിചിന്തനത്തിന്റെ സമയമായില്ലേ?  കേരളമുൽപ്പടെയുള്ള മിക്കവാറും സംസ്ഥാനങ്ങളും, ആരോഗ്യവിദ്യാഭ്യാസരംഗത്തും, ഒപ്പം ആരോഗ്യപരിപാലനത്തിലും മുന്നിലാണന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.. ഒപ്പം, ഈ കോവിഡ്കാലത്ത് നമ്മൾ അത് മനസ്സിലാക്കുന്നു.. 
 എല്ലാവർക്കും ആരോഗ്യവും പോഷകാഹാരവും എന്നുള്ള നിലയിലേക്ക് നമ്മൾ മുന്നേറുകയാണ്.. എല്ലാം പ്രതീക്ഷ നല്കുന്ന വസ്തുതകളാണ്..
 എന്നാൽ, ഒരുകാലത്ത്, വാർദ്ധക്ക്യത്തോട് അടുക്കുമ്പോൾ മാത്രം കണ്ടിരുന്ന, ‘ഡയബറ്റിസ്, അമിത രക്തസമ്മർദ്ദം, കോളസ്ട്രോൾ ഉൾപ്പടെ, ഹൃദയാരോഗ്യത്തെ സാരമായി ബാധിക്കുന്ന അവസ്ഥകൾ തുടങ്ങിയവ, ഇന്ന്  പുതിയ തലമുറയുടെ ’കൂടപ്പിറപ്പിനെപ്പോലെയായിരിക്കുന്നു‘.. 
ഫാസ്റ്റ്ഫുഡ്, ഉയർന്ന കലോറിയും പ്രിസർവേറ്റീവിസും കീടനാശിനികളും ചേർന്ന ഭക്ഷണസാധനങ്ങൾ തുടങ്ങിയവയുടെ അമിതമായ ഉപഭോഗവും ഉപയോഗവും, വ്യായാമക്കുറവ്, തുടങ്ങി ശാരീരിക- മാനസ്സിക  ആരോഗ്യത്തെ സാരമായി ബാധിക്കുന്ന ജീവിതചര്യയാണ് പലരും പിന്തുടരുന്നത്.. 
രാത്രിയിൽ വളരെ ലളിതമായ ഭക്ഷണം  മിതമായി മാത്രം കഴിക്കേണ്ട സമയമാണ്.. എന്നാൽ, മിക്കപ്പൊഴും ഈ സമയത്താണ് നല്ലൊരു പങ്കും, ‘ഹെവി’ ആയ ഭക്ഷണം കഴിക്കുന്നത്.. തുടർന്ന് ഉറക്കത്തിലേക്കും.. അമിതവണ്ണവും, അനാരോഗ്യവുമാണ് പരിണതഫലം.. ഈ അവസ്ഥയെ കൂണുപോലെ വളരുന്ന ക്ലിനിക്കുളും ആശുപത്രിക്കാരും മുതലെടുക്കുന്നു.. ചെറിയ രോഗങ്ങൾക്ക് പോലും ‘വലിയ’ടെസ്റ്റുകൾ നിർദ്ദേശിക്കുന്നു.. ജീവനിൽ ഭയമുള്ളതുകൊണ്ട് അത്തരം പരിശോധനകൾക്കും, അതിന്റെ ബാക്കിപത്രമാവുന്ന മരുന്നിനും പിറകെ നമ്മളും അലയുന്നു.. ചെറിയ ചുമക്ക്പോലും ആന്റിബയോട്ടിക്കുകൾ അമിതമായി കഴിക്കുന്ന അവസ്ഥയായി.. ഇത്തരം മരുന്നുകൾ, രോഗാവസ്ഥയെ മാത്രമേ ഭേദപ്പെടുത്തുന്നുള്ളൂ.. അപ്പോഴും രോഗം നമ്മളിൽ നിദ്രയിൽ തുടരുന്നു.. പല ആന്റിബയോട്ടിക്കുകളും വേദനസംഹാരികളും, നമ്മുടെ കരൾ, വൃക്ക തുടങ്ങിയ പ്രധാന ആന്തരികാവയവങ്ങളെ സാരമായി ബാധിക്കുന്നു.. അവയുടെ പ്രവർത്തനക്ഷമതയെ ബാധിക്കുന്നു.. ഒപ്പം ആയുസ്സിനേയും..
  ചുരുക്കി പറഞ്ഞാൽ, നമ്മുടെ ആഹാരകാര്യങ്ങളിലുള്ള ‘അശ്രദ്ധ’മൂലം നമ്മൾ നിഷേധിക്കുന്നത് അഥവാ നഷ്ടപ്പെടുത്തുന്നത് ഒരു തലമുറയുടെ മാതൃ-പിതൃവാത്സല്യങ്ങളെ തന്നെയല്ലേ?  

എന്തിനേറെ.. ഇന്ന് ഉച്ചയ്ക്ക് ഞാനൊന്നു പുറത്തുപോയി.. ശ്വാസം അത്ര രസകരമായി തോന്നിയില്ല.. പൊടിയും പുകയുമുള്ള മലിനവായു ശ്വസിച്ച് ശീലിച്ച, എനിക്ക് എന്തോ, ഈ ലോക്ഡൗൻ കാലത്ത് ശുദ്ധമായിമാറുന്ന വായു ശ്വസിച്ചിട്ട്, ഒരു എന്തെരാപോലെ...!! എന്തായാലും, ഞാൻ ആഹാരരീതിയും ജീവിതരീതിയുമൊക്കെ കോവിഡ് പാഠങ്ങൾ ഉൾക്കൊണ്ട് മാറ്റുകയാണ്.. നീയും അങ്ങനെയാവും എന്ന് കരുതുന്നു.. കാരണം,
എനിക്കും നിനക്കുമിടയിൽ ഒരു ശ്വാസദൂരം മാത്രം.. അതേ.. ഒരു മിടിപ്പിന്റെ താളത്തിനപ്പുറം നിന്റെ കാൽപ്പെരുമാറ്റമുണ്ടെന്ന്   വിശ്വസിച്ചുകൊണ്ട്, 

നിർത്തട്ടെ..


എന്ന്..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ