മടവൂർ
24/4/2020
പ്രിയപ്പെട്ട നിനക്കായി.. എന്റെ ഇരുപത്തിനാലാം കത്ത്.. എന്നും നിന്നോട് എന്തൊക്കെയോ പറയണം എന്ന് കരുതും... എഴുതിവരുമ്പോൾ, വിഷയങ്ങൾ കാടുകേറും.. ഒരുവേള, എന്റെ ജീവിതം പോലെ ലക്ഷ്യം തെറ്റി പായുന്ന ഒന്ന്.. നിന്നോട് പറയാനായി എന്റെ ഇന്നലെകളെ കൊത്തിവലിച്ച് പുറത്തേക്കിട്ട് ചിക്കിചികഞ്ഞുകഴിയുമ്പോഴേക്കും"ഇന്ന്" അവസാനിക്കുന്നു..
ഒടുവിൽ 'ഇന്നിനെ' നാളേക്ക് മാറ്റിവയ്ക്കുന്നു.. 'നാളെയെ' മറ്റൊരു നാളെയിലേക്കും.. അങ്ങനെയങ്ങനെ നീണ്ടുപോകുന്നു.. ഈ അനന്തതയല്ലേ, നമ്മളെയൊക്കെ മുന്നോട്ട് നയിക്കുന്നത്, ഒടുവിൽ ആ പരബ്രഹ്മം എന്ന മഹാസാഗരത്തിൽ ലയിക്കാൻ..
ദിനാന്തം എന്ന സമാഹാരത്തിൽ ഓ എൻ വി കുറിച്ചതുപോലെ..
'ഏതോ മഹാനാദ-
ധാരയിൽ നമ്മുടെ
നാദം ലയിപ്പൂ
കടലിൽ പുഴപോലെ..:
ഓരോ വിശ്വാസിയും ജീവിയ്ക്കുന്നത്, അവന്റെ മരണാനന്തരജീവിതം സുഖകരമാക്കുന്നതിനാവും.. ഒരിക്കലും മനുഷ്യൻ കണ്ടിട്ടില്ലാത്ത സ്വർഗ്ഗവും നരകവുമാണ്, നമ്മളെ മുന്നോട്ട് നയിക്കുന്നത്.. അവിടെയാണ്, ഓരോ റമദാൻ വ്രതത്തിന്റെയും പ്രസക്തി.. വിശ്വാസി ഏറെ ഭക്തിയോടും ആദരവോടും അനുഷ്ടിക്കുന്ന റമദാൻ നോമ്പ്, മരണാനന്തരമുള്ള പരലോകവാസത്തേക്കാളേറെ, ഇഹലോകത്തിലെ ജീവിതാവസ്ഥകളെ മനസ്സിലാക്കാനും, സഹജീവികളോടുള്ള സ്നേഹവും കരുണയും എന്തെന്ന് അറിയാനുമായി സ്രഷ്ടാവ് കാണിച്ചുകൊടുത്ത വഴിയാണ് എന്ന് ഞാൻ വിശ്വസിക്കുന്നു.. മനുഷ്യൻ എന്ന സിസ്റ്റത്തെ ഒന്ന് റീബൂട്ട് ചെയ്യുകയാണ് ഇവിടെ.. മനസ്സിലും, ശരീരത്തിലും അടിഞ്ഞുകൂടിയ മാലിന്യം നിർമ്മാർജ്ജനം ചെയ്ത്, നന്മയുടെയും സ്നേഹത്തിന്റെയും പ്രകാശം ചൊരിയുന്ന ദൈവസൃഷ്‌ടകളായി മാറുക..
ഖത്തർ ടെലിവിഷനിൽ ജോലിചെയ്തിരുന്ന പതിനാലുവർഷവും, റമദാൻ മാസത്തിന്റെ നന്മ അനുഭവിയ്ക്കാൻ കഴിഞ്ഞത് എന്റെ പുണ്യമായി കരുതുന്നു.. നോമ്പ്, എന്നത് പകൽ ആഹാരം കഴിക്കാതെയിരിക്കലല്ല.. സൂര്യോദയത്തിനുമുമ്പ് സുഹൂറിനും അസ്തമയത്തിലെ ഇഫ്താറിനും ഇടയിലെ ജീവിതത്തിൽ മനുഷ്യന് ഒരുപാട് പഠിക്കാനുണ്ട്.. മാറാനുണ്ട്.. തിരിച്ചറിയാനുണ്ട്... ആ തിരിച്ചറിവുകളാണ്, പിന്നീടുള്ള അവന്റെ വഴികാട്ടി..
നോമ്പിന്റെ മെഡിക്കൽ സൈഡിൽ, ശാരീരികമായി ഏറെ ഗുണങ്ങൾ ഉണ്ട്.. ഒപ്പം മാനസികമായും.. നോമ്പിന്റെ സാമൂഹികവശം, അത് കാണിച്ചുതരുന്ന സോഷ്യലിസമാണ്.. ദൈവത്തിനുമുന്നിൽ, പ്രകൃതിയ്ക്ക് മുന്നിൽ, വിശപ്പിനുമുന്നിൽ, അങ്ങനെ എല്ലായിടത്തും മനുഷ്യർ തുല്യരാണ്..
ഡാ.. എന്ത് സുന്ദരമായ ദീർഘവീക്ഷണമാണ് പരിശുദ്ധ ഖുർആൻ മുന്നോട്ട് വയ്ക്കുന്നത്...!
ഖത്തർ ടിവിയിൽ ജോലിയ്ക്ക് കയറിയതിനുശേഷമുള്ള ആദ്യത്തെ നോമ്പ് കാലം.. ഒരു ഇസ്ലാമികരാജ്യത്തിലെ റമദാൻ കാലം.. ഖത്തറിന്റെ വടക്ക് ഷമാൽ എന്ന സ്ഥലത്ത് ഒരു ചെറിയ ഷൂട്ടിങ്.. ഞാനും, അധികം വിദ്യാഭ്യാസമില്ലാത്ത ഖത്തറിയായ ഡ്രൈവറും.. നല്ല ചൂട്.. ഹ്യൂമിഡിറ്റി.. എനിക്ക് വിശപ്പും ദാഹവും.. ഡ്രൈവർക്ക് ഇംഗ്ലീഷ് അറിയില്ല.. അന്ന് എനിക്ക് അറബിയും അറിയില്ല.. ഷൂട്ടിംഗ് കഴിഞ്ഞപ്പോൾ ഒരു മണിയായി..
ദോഹയിലേക്ക് ഏകദേശം 105 കിലോമീറ്റർ ദൂരമുണ്ട്.. തിരികെ വരുന്ന വഴി അയ്യാൾ ഒരു ഗ്രോസറിയിൽ കാർ നിർത്തി.. ആ കടക്കാരനെ വിളിച്ചു.. അറബിയിൽ എന്തോ പറഞ്ഞു..
"നിങ്ങൾക്കു കഴിക്കാൻ ആവശ്യമുള്ളത് തരാനാണ് അയ്യാൾ പറഞ്ഞത്" എന്ന് ആ മലയാളി കടക്കാരൻ പറഞ്ഞു..
" അത് പ്രശ്നമാവില്ലേ" എന്ന് ഞാൻ..
"അത് കുഴപ്പമില്ല.. കാറിനു പിന്നിൽ, അയാൾ കാണാതെ കഴിച്ചോളൂ" എന്ന് അറബി പറഞ്ഞു എന്ന് കടക്കാരൻ..
എനിക്ക് ടെൻഷനായി.. നോമ്പ് സമയത്തു ഒരു അറബി ഇങ്ങനെ പറയോ എന്ന സംശയം..
"ഹബീബി.. മാഫി മുഷ്കിൽ.. ഇന്ത അബീ അഖിൽ, ജിബ്.. അഖിൽ ദാഹിൽ സയ്യാറാ.. അള്ളാ കരീം..'
ഇങ്ങനെയൊക്ക അയ്യാൾ പറഞ്ഞു.. സുഹൃത്തേ ഒരു പ്രശ്നവുമില്ല.. നിനക്ക് ആവശ്യമെങ്കിൽ, വാങ്ങി വണ്ടിയിൽ ഇരുന്ന് കഴിക്കൂ..
നോക്കു.. എല്ലാ വിശ്വാസങ്ങളെയും ബഹുമാനിയ്ക്കാൻ വിദ്യാഭ്യാസം വേണ്ട.. ശരിയായ വിശ്വാസം മതി..
ഡാ.. എങ്കിലും, ഞാൻ അന്ന് കഴിച്ചില്ല.. കാരണം മനസ്സ് നിറഞ്ഞിരുന്നു..
സ്വർഗത്തെയും നരകത്തെയും കുറിച്ച് പ്രതിപാദിച്ചപ്പോൾ, മോളുടെ ഒരു ചോദ്യം ഓർത്തു..
ദോഹയിൽ, ഒരു രാത്രി, ഞാനും മോളും ഒരു കോഫികുടിയ്ക്കാനായി, ഞങ്ങളുടെ അടുത്തുളള കോസ്റ്റ കോഫിയിൽ പോയി.. എന്റെ വിരൽ പിടിച്ച്, റോഡ് വക്കിലൂടെ നടക്കുമ്പോൾ അവൾ വാചാലയായിരുന്നു..
" അച്ഛാ ഈ സ്വർഗ്ഗവും നരകവും ആരെങ്കിലും കണ്ടിട്ടുണ്ടോ? "
അതൊക്കെ മരണാനന്തരമല്ലേ? അതുകൊണ്ട് എങ്ങനെ അറിയാൻ? അതുപോട്ടെ,
എന്താ മോൾക്ക് ഇങ്ങനെ ഒരു സംശയം?
" അല്ല അച്ഛാ.. ആരും അതൊന്നും കണ്ടിട്ടില്ലെങ്കിൽ, പിന്നെ എങ്ങനെ അങ്ങനെ ഒരിടമുണ്ടെന്ന് വിശ്വസിക്കും?'
അതൊക്കെ ഓരോ വിശ്വാസങ്ങളല്ലേ?
" അപ്പോൾ അച്ഛൻ പറഞ്ഞത്, അതൊക്കെ റിലീജിയസ് കണ്സപ്റ്റ് എന്നല്ലേ? അപ്പോൾ ഞാൻ ഒന്ന് ചോദിക്കട്ടെ.. അപ്പോൾ, ഈ ഭൂമിയില്നിന്നും മരിക്കുന്നവർ സ്വർഗ്ഗത്തിലോ നരകത്തിലോ പോകുമെന്ന് വിശ്വസിക്കുമ്പോലെ, സപ്പോസ്, ഭൂമിയെപ്പോലെ മറ്റൊരു ഇടത്ത് ജീവിച്ചിരുന്ന മനുഷ്യർ മരിച്ചിട്ട് വന്ന്, മരണാനന്തരജീവിതം നയിക്കുന്ന ഒരു സ്വർഗ്ഗമോ നരകമോ ആയിക്കൂടെ ഇവിടം? നമ്മളൊക്കെ, മറ്റൊരിടത്തുനിന്നും മരിച്ചിട്ട് വന്നവർ? വാട് യു തിനക്?"
ദൈവാനുഗ്രഹം കൊണ്ട്, അപ്പോഴേക്കും കോഫിഷോപ്പിൽ എത്തിയിരുന്നു..
ഓകെ.. വി വിൽ ഡിസ്കസ് ഇറ്റ് ലേറ്റർ..
ഞാൻ തടിയൂരി..
ഞാൻ ഒരുപാട് ചിന്തിച്ചു.. സിഗരറ്റ് പായ്ക്കറ്റുകളും മദ്യക്കുപ്പികളും കാലിയായി.. ഫൈനലി, മോൾ പറഞ്ഞതുതന്നെ ശരി എന്ന് വിശ്വസിക്കാൻ തുടങ്ങി...
അപ്പോൾ, ഇന്ന് ഞാൻ നിന്നെ ഒരുപാട് മുഷിപ്പിച്ചു.. സോറിഡാ... ഇനിയും ഒരുപാട് ഉണ്ട് പറയാൻ..
ഇന്ഷാ അള്ളാ.. നാളെ എഴുതാം..
ഇപ്പോൾ നിർത്തുന്നു.. റമദാൻ കരീം..
എന്ന്..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ