മടവൂർ
28/04/2020
പ്രിയമുള്ളവളെ..
നിനക്കായി ഒരു വിഡ്ഢിദിനത്തിൽ കുറിയ്ക്കാൻ തുടങ്ങിയ കത്തുകളുടെ ഇരുപത്തിയെട്ടാണ് ഇന്ന്...
നാമകരണം എന്നോ ,പേരിടീല്‍ എന്നോ നമ്മള്‍ വിളിക്കുന്ന ഒരു പ്രധാന ചടങ്ങല്ലേ ഇരുപത്തിയെട്ട് കെട്ട്..?
ഒരു കുട്ടിയുടെ ഗര്‍ഭാവസ്ഥ മുതല്‍, വളർച്ചയുടെ പലഘട്ടങ്ങളിലൂടെ, ഒടുവിൽ മരിക്കുന്നതുവരെയുള്ള പതിനാറു പ്രക്രിയകൾ ഉൾപ്പെടുന്ന ഷോഡശപ്രക്രിയകളിൽ ഏറ്റവും പ്രധാനപ്പെട്ടത്..
ഭൂമിയെ വലയം ചെയ്യുകയും, ഏറെ സ്വാധീനിക്കുകയും ചെയ്യുന്ന ചന്ദ്രന്‍, അശ്വതി മുതൽ രേവതിവരേയുള്ള ഓരോ നക്ഷത്രസമൂഹത്തിനും നേരെ താഴെ വരുമ്പോള്‍, ആ നക്ഷത്രകൂട്ടങ്ങളിൽനിന്നുമുള്ള സൂക്ഷ്മ രശ്മികളെ ഭൂമിയിലേക്ക് കടത്തി വിടുകയും, ഒടുവിൽ ഇരുപത്തിയേഴ് നക്ഷത്രക്കൂട്ടങ്ങളിൽനിന്നുമുള്ള രശ്മികള്‍ ഒരു നവജാത ശിശു സ്വീകരിച്ചുകഴിയുകയും ചെയ്യുമ്പോൾ, അതിനെ ഒരു ചരട്കെട്ടി ബന്ധിക്കുന്നതോടൊപ്പം, ആ കുഞ്ഞിന് ഒരു പേരും നൽകുന്നു എന്നാണ് എന്റെ വായനയുടെ മങ്ങിയ ഓർമ്മയിൽ തെളിയുന്നത്..
ഇനി, അത് ശരിയാണെങ്കിലും അല്ലെങ്കിലും, എന്തുതന്നെയായാലും, നമ്മുടെ ഈ "കത്ത്കുഞ്ഞിന്" ഒരു നൂലുകെട്ട് നടത്താനോ, പേരിട്ട് വിളിക്കാനോ ഞാനില്ല.. എന്തെന്നാൽ, പേരും ബന്ധനവുമൊന്നുമില്ലാതെ, ഈ തുറന്ന കത്തുകൾ എന്നും നിന്നിലെ തുടിപ്പായി നിൽക്കുന്നതാണ് എനിക്കിഷ്ടം..
ഡാ.. 1997 ഡിസംബർ ഇരുപത്തിയെട്ടിനായിരുന്നു ഞാൻ, ചെന്നൈ ടി നഗറിൽ ആ ക്യാമറാമാനെ കാണാൻ പോയത്.. ടി നഗറിലെ ഒരു വലിയ ഫ്‌ളാറ്റു സമുച്ചയത്തിലെത്തുമ്പോൾ, എന്റെ നെഞ്ചിടിപ്പ് കൂടിയിരുന്നു.. താടി നീട്ടി വളർത്തിയ ഒരാൾ.. രാവിലെ തന്നെ മദ്യത്തിന്റെ മണം.. ഒരുപാട് കണ്ടീഷൻസ് പറഞ്ഞു.. കൂട്ടത്തിൽ, ഡിഗ്രികളും ഛായാഗ്രഹണം പഠിച്ചതുമൊക്കെ മറന്നിട്ട്, അദ്ദേഹം പറയുന്നതുപോലെ ചെയ്യണം എന്നും..
ആദ്യത്തെ പണി..
ലൈറ്റ് ഘടിപ്പിക്കാനുള്ള സി ക്ലാംമ്പുകൾ എല്ലാം എണ്ണയിട്ട് തുരിമ്പ് മാറ്റിച്ചു.. തുടർന്നുള്ള ദിവസങ്ങളിൽ, അയ്യാൾക്ക് മസാലദോശ വാങ്ങലും, പിന്നെ അയേൻ ചെയ്യാൻ കൊടുത്തിരുന്ന ഡ്രസ്സ് തിരികെ വാങ്ങലും ഒക്കെ എന്റെ മേൽ വന്നു..
ഈ അനുഭവങ്ങൾ കേട്ടപ്പോൾ, "നീ അവന്റെ കൂടെ പോകണ്ട.. ഞങ്ങൾ വേറെ നല്ല ഓഫീസ് ജോലി ശരിയാക്കാം" എന്നായി എന്റെ മാമനും മാമിയും.. അവരുടെ പിന്നിൽ, ഒന്ന് അടഞ്ഞുതുറന്ന കണ്ണുകൾ, വീണ്ടും എന്നെ മുന്നോട്ട് നയിച്ചു..
'ഓരോ തവണ ഉരയ്ക്കുമ്പോഴും, പ്രകോപിതമായിക്കൊണ്ടിരുന്നാൽ, ഒരു ഗ്ലാസിനെ നിങ്ങൾക്ക് എങ്ങനെ മിനുസപ്പെടുത്താനാവും', എന്ന് റൂമി പറഞ്ഞത് ഓർക്കുന്നോ? അതുതന്നെയായിരുന്നു എന്നിലും.. ക്ളാസുമുറികളിലിരുന്നു പഠിച്ച തീയറി അല്ല ഛായാഗ്രഹണം.. അതിന്റെ പ്രായോഗികപാഠങ്ങൾ വ്യത്യസ്തമാണ്.. അതിനു, ഇതുപോലുള്ള വഴികൾ താണ്ടണം.. ഞാൻ എന്റെ കർമ്മത്തിൽ മാത്രം ശ്രദ്ധിച്ചു.. അദ്ദേഹം എനിക്കൊരു വിഷയമല്ലാതായി..
ജനുവരിയായി.. അദ്ദേഹത്തോടൊപ്പം ആദ്യ ഷൂട്ടിംഗ്.. ചെന്നൈയിൽ നിന്നും, ഏകദേശം 200 കിലോമീറ്റർ അകലെ, ആന്ധ്രാപ്രദേശിലെ നെല്ലൂർ എന്ന സ്ഥലത്ത്, ഒരു വനമേഖലയിലെ നദീതീരത്തേക്ക്.. എനിക്ക് പോകാൻ കാറിൽ ഇടമില്ല.. പ്രൊഡക്ഷൻ ഭക്ഷണസാധനങ്ങളും ആർട്ട് സാമഗ്രികളും കൊണ്ടുപോകുന്ന, ഒരു ഫർഗോ വാനിൽ, ആ തമിഴർക്കൊപ്പം ഞാൻ..
പെരുമഴ..
നെല്ലൂരിലെ നദികൾ റോഡുകൾക്ക് മുകളിലേക്ക് ഒഴുകാൻ തുടങ്ങി.. പലയിടത്തും റോഡില്ല.. ഒടുവിൽ ലൊക്കേഷനിൽ എത്തുന്നു..
ഫിലിം ക്യാമറ..
ഒരു പരസ്യചിത്രം.. രണ്ടുനാൾ കൊണ്ട് ഷൂട്ടിംഗ് കഴിഞ്ഞു..
പ്രൊഡക്ഷൻ വണ്ടിയിൽ നിറയെ ആൾക്കാരും സാധനങ്ങളും.. വീണ്ടും, എനിക്ക് ഇടമില്ല.. അവസാനം ഒരു ടാറ്റ സുമോ മാത്രം.. സംവിധായകനും സഹായിയും ഡ്രൈവറും എന്റെ ചീഫും പിന്നെ ഞാനും..
കാറിന്റെ പിന്നിൽ നിറയെ നനഞ്ഞ ടെന്റിന്റെ തുണി.. ഛായാഗ്രാഹകൻ മുന്നിൽ ഇരുന്നു.. മധ്യത്തെ സീറ്റിൽ സംവിധായകനും സഹായിയും.. ഞാൻ ചെന്നപ്പോൾ 'പിന്നിൽ ഇരിക്കാൻ' സംവിധായാകൻ ആവശ്യപ്പെട്ടു..
തിരികെ, ഇരുന്നൂറു കിലോമീറ്ററോളം, ആ നനഞ്ഞു കുതിർന്ന ടെന്റിന്റെ തുണികൾക്കു മുകളിൽ ഞാൻ ഇരുന്നു.. പെരുമഴയും..
ശരീരം തണുക്കുമ്പോഴും, മനസ്സ് തപിക്കുന്നുണ്ടായിരുന്നു..
ചെന്നൈയിൽ എത്തിയപ്പോൾ എനിക്ക് ആദ്യപ്രതിഫലം കിട്ടി.. സിനിമ തന്ന ആദ്യപ്രതിഫലം.. ആ തണുത്ത നോട്ടുകളിൽ തൊട്ടപ്പോൾ, അവളുടെ കണ്ണിൽ അന്ന് കണ്ട ആ തിളക്കം പിന്നീട് ഒരിക്കലും ഞാൻ കണ്ടിട്ടില്ല..
പിന്നീട് കാലം മാറി.. ഞാൻ സിനിമയും ചാനലുകളുമായി യാത്ര ചെയ്ത്, ഇപ്പോൾ മഴപെയ്യുന്ന ഈ ഇരുണ്ടപകലിൽ നിനക്കായി കത്ത് എഴുതുന്നു.. അവൾ, ഇന്ന് മിഡിലീസ്റ്റ്-നോർത്ത് ആഫ്രിക്ക റീജിയണിലെ (MENA) ഏറ്റവും ലാഭം ഉണ്ടാക്കുന്ന ഒരു ഇൻഷുറൻസ് കമ്പനിയിലെ അക്കൗണ്ടന്റായി, ദേ താഴത്തെ നിലയിലിരുന്ന് വർക്ക് അറ്റ് ഹോമിലാ..
ഡാ.. ചെന്നൈയിലെ ഒരോ ദിനങ്ങളും എനിക്ക് ഓരോ പാഠങ്ങളാണ്..
പിന്നീട്, സൻ ടിവിയുടെ സീരിയലുകളിലൂടെ, സൂര്യ ടിവിയിലെയും, കൈരളി ടിവിയിലേയും സ്റ്റാഫ് ക്യാമറാമാനായി, ഒടുവിൽ അമൃതാ ടിവിയുടെ സീനിയർ ക്യാമറാമാനായി മാറിയ സമയം..
ഒരു ഫോൻ വരുന്നു..
"നീയാണ്, അമൃതയിലെ സീനിയർ ക്യാമറാമാൻ എന്നറിഞ്ഞു.. എന്റെ സ്ഥിതി അത്ര മെച്ചമല്ല.. വർക്ക് കുറവാണ്.. അവിടെ എന്തെങ്കിലും ഉണ്ടെങ്കിൽ അറിയിക്കൂ.."
അതിന്, അധികൃതരോട് ആലോചിച്ച് വ്യക്തമായ ഒരു മറുപടി നൽകാൻ കഴിയുന്നതിനുമുന്പേ, എന്നെ ഖത്തർ ടിവി കൊണ്ടുപോയില്ലായിരുന്നുവെങ്കിൽ, ഒരുപക്ഷേ, എനിക്ക് അദ്ദേഹത്തെ സഹായിക്കാൻ പറ്റുമായിരുന്നിരിക്കാം..
ഡാ.. ജീവിതം ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്കും, സിനിമ വെളിച്ചത്തിൽ നിന്നും ഇരുട്ടിലേക്കുമുള്ള യാത്രയാണ്..
ആ യാത്രകളുടെ ദൂരവും അന്തരവും തീരുമാനിക്കുന്നത്, കാലമാണ്.. നമ്മുടെ കർമ്മമാണ്..
Yes... Karma matters..
ഒന്നുകൂടി.. കോടാമ്പക്കത്തും വടപളനിയിലുമൊക്കെ, ഞാൻ നടന്ന് തളർന്ന വഴികളിൽ, രണ്ട് ദശാബ്ദത്തിനിപ്പുറം, എന്റെ മോൻ ശീതീകരിച്ച കാറിൽ നിരന്തരം യാത്രചെയ്യൂന്നുണ്ടായിരുന്നു.. അവൻ അതേ നഗരത്തിൽതന്നെ സിനിമ പഠിക്കാൻ പോയത്, ഒരുവേള, കാലത്തിന്റെ കാവ്യനീതിയാവാം.. ല്ലേ?
ഡാ.. പുറത്ത് ഇപ്പോഴും മഴ തകർത്തു പെയ്യുന്നുണ്ട്.. ഒപ്പം ഇടിയും മിന്നലും.. ഇവിടെ, അകത്ത് നിന്റെ പ്രണയോർമ്മകളുടെ കുളിരിൽ ഞാനൊന്ന് ചടഞ്ഞിരുന്നോട്ടെ...
സ്നേഹത്തോടെ.. നിർത്തട്ടെ...
എന്ന്....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ