മടവൂർ
10/04/2020
പ്രിയപ്പെട്ട നിനക്കായി.. ജീവിതത്തിൻറെ ഈ ദശാസന്ധിയിൽ, എന്നെ കേൾക്കാൻ എവിടെയോ നീയുണ്ടെന്നൊരു തോന്നലിൽ കുറിക്കാൻ തുടങ്ങിയവ ഇന്ന് പത്തിൽ എത്തിനിൽക്കുന്നു... അരികുടഞ്ഞ മണ്പാത്രത്തിൽ ഇപ്പോഴും ഞാൻ മോന്തുന്നു, പച്ചമുളകല്ലിയുടച്ച്, നീതന്നോരോർമ്മകൾ..
വിറകടുപ്പിലെ ചാമ്പൽപൊതിഞ്ഞ കനൽകട്ടകൾപോലെ, കെടാതെ ഇടനെഞ്ചിലെന്നും നീ തപിയ്ക്കുന്നു...
ഇന്ന് ദുഃഖവെള്ളി.. ദൈവപുത്രനെ ക്രൂശിച്ച ദിനം എന്നതിനപ്പുറം, ഞാൻ ഇതിനെ വെറോണിക്കയുടെ തൂവാലയിൽ യേശുനാഥന്റെ മുഖം പതിഞ്ഞ ദിവസമായി കാണുന്നു..
ഒന്നാലോചിച്ചാൽ, ഓരോ കാഴ്ചകളും ഓരോ ഒപ്പിയെടുക്കലും പതിയലുമല്ലേ? കാണുന്ന കാഴ്ചകൾ മനസ്സിൽ പതിയുംപോലെ അല്ലെങ്കിലും, കാണാത്ത കാഴ്ചകളും വ്യക്തികളും നമ്മുടെ ഭാവനയിലൂടെ ഉള്ളിൽ പതിയുന്നു.. ഒപ്പിയെടുക്കപ്പെടാത്ത ചിത്രങ്ങളായി അവ ഉള്ളിൽ ഒതുങ്ങുന്നു.. ചിലർ, അക്ഷരങ്ങളിലൂടെയും നിറങ്ങളിലൂടെയും ആ കാഴ്ചകൾ മറ്റുള്ളവർക്കും കൂടി കാട്ടിക്കൊടുക്കുന്നു.. അങ്ങനെയൊക്കെയുള്ള ഒരു ഒപ്പിയെടുക്കൽതന്നെയാണ് എന്റെ തൊഴിലും.. ചിലപ്പോഴൊക്കെ, നമ്മുടെ കാഴ്ചക്കുമപ്പുറമുള്ള ചില കാഴ്‍ചകൾ, അപ്രതീക്ഷിതമായി നമ്മുക്ക് മുന്നിൽ എത്തിയേക്കാം.. അങ്ങനെയൊരു കാഴ്ചയാണ്, അന്ന് പഴയ ലക്കിടിയിലെ ആ മനയിൽ കണ്ടതും..
മലയാളത്തിന്റെ പ്രിയപ്പെട്ട എ കെ ലോഹിതദാസ്.. ജോക്കർ എന്ന സിനിമയുടെ പോസ്റ്റ്പ്രൊഡക്ഷൻ കഴിഞ്ഞു.. വിശ്രമിക്കാനായി, പഴയ ലക്കിടിയിൽ അദ്ദേഹം വാങ്ങിയ ഒരു ചെറിയ മന. അവിടെവച്ചാണ് അദ്ദേഹം സൂര്യ ടിവിയ്ക്കുവേണ്ടി ഒരു മോണോലോഗായി അദ്ദേഹത്തിന്റെ ജീവിതം പറഞ്ഞത്..
ബാല്യം കൗമാരം യൗവ്വനം നാടകം സിനിമ.. അങ്ങനെ എല്ലാം.. മനയുടെ വിവിധയിടങ്ങളിൽ ഇരുന്നും നിന്നും.. വിവിധ ആംഗിലുകളിൽ, വ്യത്യസ്ത ലൈറ്റുകളിൽ.. അങ്ങനെ ഓരോന്ന് പറഞ്ഞു ഉച്ചയായി.. അദ്ദേഹത്തിനു കുട്ടിക്കാലം മുതൽ പുള്ളുവൻ പാട്ട് ഒരുപാട് ഇഷ്ടമാണ്.. അദ്ദേഹത്തിന്റെ ഓർമ്മകളിൽ പലതും, പുള്ളുവൻ വീണയിൽ അലിഞ്ഞുചേർന്നിരിക്കുന്നു..
"പുള്ളുവൻ പാട്ട് കണ്ട്, അതിൽ ലയിച്ചിരിക്കുന്ന ലോഹിതദാസിന്റെ ഷോട്ട് കിട്ടിയാൽ പ്രോഗ്രാം കിടുക്കും" എന്ന് ഡയറക്ടർ.. ഈ ഉച്ചയ്ക്ക് ഇനി ഒരു പുള്ളുവൻ ടീമിനെ എവിടുന്ന് കിട്ടാനാ? സോ, നമ്മുക്ക് അദ്ദേഹം ആ ഓർമ്മകൾ പറയുന്ന ഭാഗത്ത്, പുള്ളുവൻ പാട്ട് പശ്ചാത്തലത്തിൽ പോസ്റ്റ് ചെയ്യാം.. സമ്മതിച്ചു..
അവസാന ഷോട്ട് എടുക്കാൻ പോകുന്നു.. അദ്ദേഹത്തിന്റെ മനയിൽ മുന്നിൽ നിന്നും വയലിലേക്ക് പോകുന്ന വഴിയുണ്ട്.. അവിടെ, വയൽവരമ്പിൽ, മനയ്ക്ക് അഭിമുഖമായി വലിയ കൽത്തൂണുകളുള്ള ഒരു പഴയ ചുമട്താങ്ങിയും.. ആ ചുമട്താങ്ങിയുടെ ഫ്രെയിമിനുള്ളിലൂടെ ഫ്രെയിം വച്ചു.. ലോഹിതദാസ്, വീട്ടിനുള്ളിൽ നിന്നും പുറത്തേക്ക് വന്ന്, മുറ്റത്ത് ഇറങ്ങി, വഴിവക്കിൽ ജോലിചെയ്യുന്ന ആളിനോട് കുശലം പറഞ്ഞു, വയലിലേക്ക് നടന്ന് ക്യാമറയ്ക്ക് പുറത്തേക്ക് പോകണം.. ഇതാണ് ഷോട്ട്.. ക്യാമറ സ്റ്റാർട്ട് ചെയ്തു.. അന്ന് ക്യാമയിൽ ഇന്നത്തേത്പോലെ പ്രത്യേക കളർ മോണിറ്റർ ഇല്ല.. ഒരു ബ്ലാക് & വൈറ്റ് വ്യൂഫൈൻഡർ മാത്രം.. ഞാൻ ക്യാമറയുടെ വ്യൂഫൈൻഡറിനുള്ളിൽ കണ്ണിടിച്ചിറക്കി നോക്കുവാണ്.. ആക്ഷൻ പറഞ്ഞു.. വീടിനുള്ളിൽ നിന്നും ലോഹിതദാസ് പുറത്തേക്ക് ഇറങ്ങി.. പെട്ടെന്ന്, ഫ്രെയിമിൽ എന്തോ നിറഞ്ഞു.. രണ്ടാളുകൾ.. ഒരു സ്ത്രീയും പുരുഷനും.. അവർ മനയിലേക്ക് നടന്നു.. ലോഹിതദാസ് വരാന്തയുടെ പടിയിലിരുന്നു.. വന്നവർ, , അദ്ദേഹത്തിന് അഭിമുഖമായി മുറ്റത്ത് ഇരുന്നു.. സഞ്ചിയിൽ നിന്നും പുള്ളുവൻവീണയെടുത്തു.. ക്യാമറ സൂം ഇൻ ചെയ്യുമ്പോൾ, അവർ പാടുന്നു.. ലോഹിതദാസ് അതിൽ ലയിച്ചിരിക്കുന്നു.. ആ അനുഭൂതിയിൽ കട്ട്..
എന്താ.. വിശ്വാസം വരുന്നില്ലേ? ചിലപ്പോൾ, പ്രകൃതി ഇങ്ങനെയൊക്കെയാ.. നമ്മുടെ നിർവ്വചനങ്ങൾക്കുമപ്പുറം..
നിർത്തട്ടെ..
ആ പുള്ളുവൻ വീണയുടെ നാദത്തിൽ ലയിച്ചുറങ്ങു..
എന്ന്..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ