2020 ഏപ്രിൽ 10, വെള്ളിയാഴ്‌ച

ഉണ്ണിയുടെ കത്തുകൾ- ഒൻപത്

മടവൂർ
09/04/2020


പ്രിയപ്പെട്ട നിനക്കായി, തുടർച്ചയായി ഒൻപതാം ദിനവും എഴുതുന്നു..  ഒൻപതാം കത്ത് ഈ വിശുദ്ധദിനത്തിലായതും ഒരു നിയോഗമാവാം.. ഈ കത്തുകളെല്ലാം നവഗ്രഹങ്ങലെപ്പോലെ, എന്റെ പ്രണയപേടകങ്ങളായി നിനക്കുചുറ്റും.. എന്നും..

"നീ നിന്റെ ശ്വാസം അയക്കുമ്പോൾ അവ സൃഷ്ടിക്കപ്പെടുന്നു; നീ ഭൂമിയുടെ മുഖത്തെ പുതുക്കുന്നു", എന്ന് സങ്കീർത്തനങ്ങളിൽ പറയുന്നത് വായിച്ചിട്ടുണ്ടോ? 
അതുപോലെ, ഈ വിശുദ്ധവാരത്തിന്റെ അഞ്ചാം നാൾ, ഓർമ്മകളിൽ നിന്റെ ശ്വാസം പേറി, ഞാനിരിയ്ക്കുന്നു.. 

കുരുത്തോല പെരുന്നാളിൽ തുടങ്ങി, ഉയിർപ്പിൽ അവസാനിക്കുന്ന നാളുകൾ.. ദൈവപുത്രന്റെ ശരീരവും രക്തവും, അപ്പവും വീഞ്ഞുമായികണ്ട്, വിശ്വാസികൾ ആശ്വാസം കൊള്ളുന്ന പെസഹയിൽ, ആ ദൈവപുത്രനെയല്ലാതെ ആരെ ഓർക്കാൻ..? 

പാപികളായ മുഴുവൻ മനുഷ്യർക്കും വേണ്ടി മുൾക്കിരീടവും ചൂടി, മരക്കുരിശുമായി കാൽവരിക്കുന്നിലേക്ക് യേശുനാഥൻ പോകുന്നതും, വഴിമധ്യേ വെറോണിക്ക തന്റെ തൂവാലകൊണ്ട് ആ തിരുമുഖം തുടയ്ക്കുന്നതും, ആ തൂവാലയിൽ ആ മുഖം പതിയുന്നതുമെല്ലാം ഒരു മലയാളം ചാനലിനുവേണ്ടി, ഞങ്ങൾ വിഷ്വലൈസ് ചെയ്തിട്ടുണ്ട്.. തൊടുപുഴയിലെ, ഒരു കുന്നിൻ ചെരിവിലെ പള്ളിയങ്കണത്തിൽ.. അത്, എനിക്ക്  ഒരു വലിയ അനുഭവമായിരുന്നു..
ചിത്രങ്ങളിൽ നമ്മൾ കാണുന്ന യേശുവിനെപ്പോലെയുള്ള  ഒരു ചെറുപ്പക്കാരനായിരുന്നു യേശുവായി അഭിനയിച്ചതും..  അവിടെ ഒരു സെമിനാരിയിലെ കുട്ടികൾ ശിഷ്യന്മാരും.. 
രാവിലെ തുടങ്ങിയ ഷൂട്ടിംഗ്.. പകൽ വെളിച്ചത്തിൽ, കാൽവരിയാത്രയും കുരിശിലേറ്റവും ചിത്രീകരിച്ചിട്ട്, രാത്രിയിൽ അവസാന അത്താഴവും, ഉയിരത്തെഴുന്നേൽപ്പും ചിത്രീകരിക്കാൻ തീരുമാനിച്ചു..  ഫെബ്രുവരിയിലെ നല്ല തെളിഞ്ഞ കാലാവസ്‌ഥ.. കുരിശുകളും കള്ളന്മാരും യേശുവും എല്ലാം മലയുടെ മുകളിൽ എത്തി.. ഇനി കുരിശിൽ തറയ്ക്കൽ.. യേശുവിനെ കുരിശിൽ  ഏറ്റാൻ തുടങ്ങിയതും, ശക്തമായ മഴതുടങ്ങി.. അത്, ആ രംഗത്തിന് മിഴിവേകി.. 

" ആകാശം ദൈവത്തിന്റെ മഹത്വം പ്രഘോഷിക്കുന്നു.. വാനവിതാനം അവിടത്തെ കരവേലയെ വിളംബരം ചെയ്യുന്നു.." സങ്കീർത്തനങ്ങൾ( 19.1)

ഒരുവേള അതാവാം.. ഓകെ..
പിന്നെ, നിനക്കറിയാത്ത ഒരു ശീലം എനിക്കുണ്ട്.. അന്നും ഇന്നും, രാവിലെ ഷൂട്ടിംഗ് തുടങ്ങുന്നതുമുതൽ വൈകീട്ടോ രാത്രിയിലോ ഷൂട്ടിംഗ് തീരുന്നതുവരെ, മിക്കവാറും ബ്ലാക്ക് കോഫിയല്ലാതെ മറ്റ് ഒരു ആഹാരവും  ഞാൻ കഴിക്കാറില്ല.. അത് ചിലപ്പോൾ എന്റെ ഒരു 'ഡിസോർഡർ' ആയിരിക്കാം.. 
അന്ന്, ആ പള്ളിയിലെ ഷൂട്ടിംഗ് വേളയിൽ കോഫിപോലും അധികം കഴിച്ചിരുന്നില്ല.. രാവിലെ തുടങ്ങിയ ഷൂട്ടിംഗ്..
 മൂന്നാംനാൾ യേശുദേവൻ ഉയിർത്തെഴുന്നേൾക്കുന്ന രംഗം വരെ ചിത്രീകരിച്ചു കഴിഞ്ഞപ്പോൾ, പിറ്റേന്ന് രാവിലെ ഏകദേശം നാലുമണിയായി.. എന്നിട്ടും, ക്ഷീണം എന്തെന്ന് ഞാൻ അറിഞ്ഞില്ല..!  വളരെ ഊർജ്വസ്വലമായിരുന്നു ആ മണിക്കൂറുകൾ..! 

ചിലപ്പോൾ  അങ്ങനെയൊക്കെയാണ്...ഈ പ്രപഞ്ചം.. നമ്മുടെ യുക്തിയ്ക്കുമപ്പുറം.. 

യേശു പറഞ്ഞു.. " ഞാൻ അവരിൽ വസിക്കയും അവരുടെ ഇടയിൽ നടക്കുകയും ചെയ്യും.. ഞാൻ അവർക്ക് ദൈവവും, അവർ എനിക്ക് ജനവും ആകും. "

സോറി... കുറെ അനുഭവങ്ങൾ പറഞ്ഞു, ഞാൻ മൂഡ് കളഞ്ഞിട്ടുണ്ടാവും.. 

എങ്കിലും, പ്രാർത്ഥനയോടെ നിർത്തുന്നു..

എന്ന്.....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ