മടവൂർ
30/04/2020
പ്രിയപ്പെട്ടവൾക്കായി വീണ്ടും..
ഈ മുപ്പതാം കത്തെഴുതാനിരിക്കുമ്പോൾ,
ഋതുഭേതമന്യേ, എന്നും പൂത്തുനിൽക്കുന്ന ഒരു പൂമരംപോലെ, നിന്നോർമ്മ എന്നിൽ സുഗന്ധം പരത്തുന്നു..
പ്രണയത്തെ നിന്ദിക്കുകയും മോശമായി കാണുകയും ചെയ്യുന്ന ഒരു ലോകത്ത്, പ്രണയത്തേക്കാൾ മധുരതരമായി ഒന്നുമില്ലെന്ന് പറയാതെ പറയുന്ന രണ്ടാത്മാക്കളായി, നമ്മൾ നിൽക്കുന്നു..
ഡാ.. എന്നോ ഒരിക്കൽ, മൃതിയിലാണ്ടുപോയയെൻ ആഹ്ലാദരേണുക്കൾ, വീണ്ടും നിൻസ്‌മൃതിയിൽ ഉയിരിട്ട് ഉണരുന്നത് നീ കാണുന്നില്ലേ? ഒപ്പം, കദനഭാരംകൊണ്ട് ഭൂമിയിലേക്കാഴ്ന്നു പോയ ഞാൻ, ഇപ്പോൾ നിൻ ശ്വാസകാറ്റിൽ അപ്പൂപ്പൻ താടിപോലെ ഒഴുകി നടക്കുന്നതും..!
അതേടാ.. നിന്നെക്കുറിച്ച് ഓർക്കുമ്പോഴെല്ലാം, ഞാൻ എന്റെ ആത്മാവിനുള്ളിൽ മറ്റൊരാത്മാവിനെ കുടിയിരുത്തുകയാണ്.. ആ ആത്മസാന്നിധ്യം ഉറപ്പിക്കുകയാണ്.. ഒരുവേള, നിന്റെ ഹൃദയപാത്രത്തിൽ നീയെനിക്കായി മാറ്റിവയ്ക്കുന്ന വാക്കുകൾ നിന്നിൽ എങ്ങനെയായിരിക്കുമോ, അതുപോലെ തന്നെ..
ഡാ.. നമ്മളിൽനിന്നും, നാമറിയാതെ ഒഴുകിപരന്നുപോകുന്ന പ്രണയത്തിന്റെ പരാഗരേണുക്കൾ, കാലങ്ങൾക്കും കാതങ്ങൾക്കുമപ്പുറം പൂക്കാലങ്ങൾ തീർത്തുകൊണ്ടേയിരിക്കണം..
അതേ.. ഭൗതികമല്ലാത്ത ആത്മധ്യാനത്താൽ ഉൽകൃഷ്ടമാവുന്ന ഒരു അനുഭൂതിയായി ഈ ലോകം മുഴുവൻ പ്രണയസുഗന്ധം പരത്തുന്ന പൂക്കാലങ്ങൾ തന്നെ..
ആ പൂക്കൾ കൊണ്ട് കെട്ടിയെടുക്കുന്ന പ്രണയഹാരങ്ങൾ, പുതിയ കാലത്തിന്റെ ജപമാലകളാവണം..
അവയ്ക്കൊപ്പം ജപിയ്ക്കുന്ന മന്ത്രങ്ങൾ, ഓംകാരത്തിനും ഹുങ്കാരത്തിനുമപ്പുറം പ്രപഞ്ചത്തുടിപ്പാവുന്ന പ്രണയമന്ത്രങ്ങളാവണം..
ഡാ.. രണ്ടിടങ്ങളിലെ രണ്ട് മരങ്ങളായി നമ്മൾ പട്ടുപോയാലും, ആ പൂമരക്കാടുകൽ ബാക്കിയാവണം..
ഓഷോ രജനീഷ് പറഞ്ഞതുപോലെ, ഈ ലോകത്തെ ദുഃഖത്തിൽ നിന്നും പുറത്തുകൊണ്ടുവരാൻ കഴിയുന്ന പ്രണയമായി അവ പരക്കണം..
ഒരുവേള, ഒന്ന് ആശ്വസിക്കാനുള്ള ഇടം പോലും കിട്ടാതെ, അനാഥമാക്കപ്പെട്ട്, ഈ ഭൗമാന്തരീക്ഷത്തിലെവിടൊക്കെയോ നിന്നെത്തേടിയലയുന്ന എന്റെ കത്തുകൾക്കു ഒരിക്കലെങ്കിലും ഒരു മറുവാക്കായി നീ നിന്റെ മൗനകുടുക്കപൊട്ടിക്കുംവരെ, വീണ്ടും എനിക്ക് എഴുതാൻ പറ്റും എന്ന് തോന്നുന്നില്ല... കാരണം, പ്രണയവും ജീവിതവുമൊക്കെ മോനോലോഗുകൾ ആയാൽ, വല്ലാതെ മുഷിയും..
പിന്നെ.. നിനക്കായി എഴുതാനിരിക്കുമ്പോൾ, ദേ പ്രണയത്തിന്റെ ആകാശഗോപുരങ്ങളിൽ ഇന്നും മഴയുടെ തേരോട്ടം.. എങ്കിലും, ഇപ്പോൾ പെയ്യാൻ പോകുന്ന മഴയ്ക്ക് മറ്റേതൊരു മഴയേക്കാളും പ്രത്യേകതകളുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു.. നിനക്കുള്ള അവസാനകത്തും കുറിച്ചു കഴിഞ്ഞാൽ, ബലൂൺ പോലെ വീർത്തുപൊങ്ങിയ എന്റെ നൊമ്പരങ്ങളെ പൊട്ടിച്ചെറിഞ്ഞു, ആർത്ത് അട്ടഹസിച്ച്, ഈ മഴയ്‌ക്കൊപ്പം പെയ്തൊഴിയണം.. ഒടുവിൽ മഴകഴിഞ്ഞെത്തുന്ന വെയിലിന്റെ പാളികൾക്കുള്ളിൽ, ഒരാഹ്ലാമായി നിൻ മുഖം തെളിയുമെന്ന പ്രതീക്ഷയോടെ..
അതേടാ... മഴപോലെ നനച്ചും, മഞ്ഞുപോലെ കുളിരേകിയും, വെയിൽപോലെ തപിപ്പിച്ചും, നിലാവുപോലെ തലോടിയും എന്നിൽ നീ എന്നും..
ഒടുവിൽ, നിനക്കായി, ഹന്നാ ഹീത് എന്ന ഒരു യുവ കവിയുടെ വരികൾ കടംകൊള്ളുന്നു..
It is not your conversation
That keeps me entertained
But rather the way you look at me
That makes me feel sustained
It's the curve of your lips
And the curl of your hair
T'is all of the little things
That make me stop and stare..
ഒന്നുകൂടി.. അന്നാ കരെനീനയിലെ അവസാനവാക്കുകൾ ഓർക്കുന്നോ?
"എനിക്കെന്തുതന്നെ സംഭവിച്ചാലും എന്റെ ജീവിതം മുമ്പത്തെപ്പോലെ ഒരിക്കലും അർത്ഥശൂന്യമായിരിക്കില്ല.."
അതുതന്നെ.. അത്രമാത്രം..
സ്നേഹത്തോടെ, എന്നെങ്കിലും ഒരു മറുവാക്ക് തേടിവരും എന്ന പ്രതീക്ഷയോടെ നിർത്തുന്നു...
എന്ന്.....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ