2020 ഏപ്രിൽ 8, ബുധനാഴ്‌ച

ഉണ്ണിയുടെ കത്തുകൾ- മൂന്ന്

മടവൂർ
03/04/2020.


ഇത് നിനക്കായി കുറിക്കുന്ന മൂന്നാമത്തെ കത്ത്.


എനിക്കറിയാം.. എന്റെ ഏഴുത്തുകളൊക്കെ ഒരു കാടുകയറ്റമാണെന്നും, അതിൽ നിന്റെ അസാന്നിധ്യത്തെക്കുറിച്ചുള്ള ആകുലതകൾക്കപ്പുറം, എന്റെ മനോയനങ്ങളുടെ അടയാളപ്പെടുത്തൽ ഏറെ നിഴലിക്കുന്നുവെന്നും.. 
ഡാ.. നിന്നോടല്ലാതെ, പിന്നെയാരോടാ ഞാനെന്റെ ഭ്രാന്തുകൾ പറയുക..? 
റോബർട്ട്  ബ്രൗണിങ്ങിന്റെ  ആൻഡ്രിയ ഡെൽ സാർട്ടോയിൽ, തന്റെ പ്രിയപ്പെട്ടവളുടെ ചിത്രം വരയ്ക്കുന്നതിനായി, അവളെ അരികിലേക്ക് ഇരുത്തിയിട്ടു അയ്യാൾ പറയുന്നത് ഓർമ്മയുണ്ടോ? My serpentine beauty  എന്ന്.. അതേ.. എനിക്ക് നീയും അതുപോലെ.. So, my serpentine beauty  ഇതുകൂടി കേൾക്കു.. ഇന്നലെ ഒരു സ്വപ്നം കണ്ടു.. ഒരു യാത്ര.. ബോധിഗയയിലേക്ക്..

പണ്ട്, ഒരു തുലാവർഷത്തിൽ,  അച്ഛനിൽനിന്നും അമ്മയിലേക്ക് ഊർന്നുവീണ എന്നിലെ എന്നെത്തേടിയുള്ള യാത്ര  എന്ന് തുടങ്ങണമെന്ന് ഒരു നിശ്ചയവുമില്ലാതെയാണ് കഴിഞ്ഞ രാത്രി ഉറങ്ങാൻ കിടന്നത്. ഇഹലോകത്തിൽ നിദ്രയുടെ ദേവത ഏറ്റവും കൂടുതൽ അനുഗ്രഹിച്ചിട്ടുള്ളത് എന്നെയാണെന്ന്  പലപ്പോഴും 'അവൾ' പരിഭവിച്ചിരുന്നുവെങ്കിലും കഴിഞ്ഞ രാവിൽ എനിക്ക് മുൻപേ അവളെ ഉറക്കം കീഴ്പ്പെടുത്തിയിരുന്നു..  ഡെസ്ദമോനയുടേതുപോലെ, ശ്വസിക്കുമ്പോൾ പനിനീർപോലെ വിടരുകയും കൂമ്പുകയും ചെയ്യുന്ന ഒരു നാസിക അവൾക്കുണ്ടെന്നു അറിയാൻ കഴിഞ്ഞതും അതുകൊണ്ടാവാം.. 

ഈ യാത്രയുടെ ആദിയിൽ, കൗമാരം യൗവനത്തിന്റെ കൈകളിലേക്ക് എന്നെ ഏല്പിക്കുമ്പോൾ, സമയത്തിന്റെ നാട്ടുവഴിയിൽ, അവസാനമായി ഞാൻ നിന്നെ കണ്ടത്, മുളപൊട്ടുന്ന കൗമാരത്തിന്റെ കുങ്കുമപ്പൊട്ടുമായിട്ടായിരുന്നു.. ഓർക്കുന്നില്ലേ?  പിന്നീടെന്നെങ്കിലും എന്റെ മോഹം നിന്റെ സീമന്തരേഖയിലെ സിന്ദൂരമായി പതിയും എന്നോർത്ത്,  തിരകൾ ഉറക്കംതൂങ്ങുന്ന കടൽതീരത്തെ വലിയ കെട്ടിടത്തിന്റെ ജനൽചില്ലിന് പുറത്തേക്ക്നീട്ടിയ കൈത്തണ്ടയിൽ വീണുടഞ്ഞ മഴത്തുള്ളിയ്ക്ക്  ' നിന്റെ പ്രണയം പോലെ വല്ലാത്തൊരു കുളി രാണെ'ന്നു പറഞ്ഞു, സൃഷ്ടിതൃഷ്ണയുടെ ആഴങ്ങളിലേക്ക് എന്നെ വലിച്ചിറക്കിക്കൊണ്ടുപോയി , ഒടുവിൽ പാപത്തിന്റെ കാൽപ്പാടുകൾ പതിഞ്ഞ ഈറൻ തീരത്തേക്ക് കയറ്റിവിട്ടതുമെല്ലാം  ഒരു ചലച്ചിത്രത്തിലെന്നപോലെ എന്റെ ഉള്ളിൽ ഇപ്പോഴും മിന്നിമറയുന്നു..

സോറി.. വീണ്ടും കാടുകേറുന്നു.. സ്വപ്നത്തിലേക്ക് വരാം..

നാഡീവ്യൂഹങ്ങളിൽ കുരുങ്ങിക്കിടക്കുന്ന ചിന്തകളുടെ സങ്കീർണത വർദ്ധിപ്പിക്കുന്നതായിരുന്നു ആ യാത്ര. മകരമഞ്ഞു ഈറനണിനിയിച്ച ചെടികളും പൂക്കളുമൊന്നും വ്യക്തമായി കാണുന്നരീതിയിൽ നിലാവ് പരന്നിരുന്നില്ല. രാത്രിയിലെ ഇളംകാറ്റ്, ഞങ്ങളുടെ കിടക്കറയിലേക്ക് ഉളിഞ്ഞുനോക്കാൻ, തണുത്ത വിരലുകൾകൊണ്ട് ജനൽപ്പാളി നീക്കാൻ ശ്രമച്ചുകൊണ്ടേയിരുന്നു. അപ്പോഴും പുതപ്പിനുള്ളിൽ, ചിതലരിക്കാത്ത കരിയിലകൾക്കുള്ളിൽനിന്നും അണലിയുടെ  ഗന്ധം വമിയ്ക്കുണ്ടായിരുന്നു. മോഹങ്ങൾ പതിഞ്ഞിരുന്നു കോട്ടുവായിട്ടു. 
അവളുടെ നിശ്വാസത്തിൽ ഒരു സീൽക്കാരമുണ്ടായിരുന്നു. ഇരുട്ടിന് കനം കൂടുന്നു.  പ്രകൃതി വീണ്ടും പൗരുഷമറിയുന്നു.. അതേ.. ഞങ്ങൾ ദേഹിയും ദേഹവുമായി.. ഒരു തപപ്രസാദത്തിന്റെ നിർവൃതിയിൽ അവൾ വീണ്ടും മയങ്ങി..

"ഉറങ്ങുന്നില്ലേ" പാതിമയക്കത്തിൽ ദേഹി ദേഹത്തോട് ചോദിച്ചു.

ഉറക്കം വരുന്നില്ല.. എനിക്ക് എന്നെയറിയാതേ ഉറങ്ങാനാവില്ല.

" എങ്ങനെ ?"

എനിക്കറിയില്ല. എങ്കിലും, 
അറിയാനുള്ള യാത്ര ഇവിടെ തുടങ്ങണം. ജീവിതത്തിന്റെ തൊടിയിൽ, കാലത്തിന്റെ കളപിടിച്ച വയൽവരമ്പിലൂടെ അക്കരെ തോടും കഴിഞ്ഞു, മഞ്ഞുറഞ്ഞ ഓർമ്മകളിലൂടെ ഒടുവിൽ ബോധിഗയയിൽ എത്തുമ്പോഴേക്കും ഏറെ വൈകിയിരുന്നു. കരിഞ്ഞുണങ്ങിയ ആല്മരത്തിനുചോട്ടിൽ രക്തം തളംകെട്ടി കിടക്കുന്നു. ചുറ്റിലും വെടിയുപ്പിന്റെ മണം. ബോധത്തിന്റെ, നേരിന്റെ ജീവശാസ്ത്രത്തിൽ കാഴ്ചയുടെ പുതിയ രസക്കൂട്ടുകൾ. ആ രക്തത്തിനു 'നിറ'മില്ലായിരുന്നു. കപിലവസ്തുവും ലുംബിനിയുമെല്ലാം നേരിന്റെ നോവുകളായി, ഉൾമുറിവുകളായി, സാന്ത്വനംതേടി ജന്മാന്തരങ്ങളായി കാത്തിരിക്കുന്നു.

വീണ്ടും ജനിതകഗതികളിൽ മാറ്റം വരുന്നത് സമയത്തിന്റെ ആൾത്തറയിൽ പ്രകടമായി. 'നിറ'മില്ലാത്ത ചോര ബോധിവൃക്ഷത്തിന്റെ ശുഷ്‌കനാഡികളിലൂടെ മുകളിലേക്ക് ഒഴുകി. ഹരിതകം നഷ്ടമായിരുന്ന ഇലകൾ ചുവന്നുതുടുത്തു. ബോധിവൃക്ഷശിഖരങ്ങൾ അതിവേഗം വളരാൻ തുടങ്ങി. അവ, ജനപഥങ്ങൾക്കും ജനപതികൾക്കും മുകളിൽ നിഴൽവീഴ്ത്തി നിറഞ്ഞു നിന്നു.
ആല്മരച്ചോട്ടിലെ കാലപ്പഴക്കംചെന്ന ശിലയെ ഇരിപ്പിടമാക്കി യുഗപ്രമാണങ്ങൾമാരുംവരെയും ഞാൻ തപസ്സിരുന്നു. 

"ഒടുവിൽ നീ നിന്നെ കണ്ടുവോ?" അകലങ്ങളിൽ ദേഹി ചോദിച്ചു.

ഇല്ല.. പക്ഷേ അറിഞ്ഞു.. നിയില്ലാതെ ദേഹമില്ലെന്ന്..

"പിന്നെ എന്തിനായിരുന്നു തപസ്സ്?"

അറിയില്ല.. അല്ല.. അറിവില്ലായ്മ.

ബോധിവൃക്ഷശിഖരങ്ങളിൽ  ഇലകൾക്ക് ചോര വറ്റി. അവ കരിഞ്ഞുണങ്ങി. കാറ്റിനോടൊപ്പം പറന്ന്, ഒടുവിൽ മണ്ണിൽ ചേർന്നു. 

എവിടെ നിന്നെന്നറിയില്ല.. കാലം തെറ്റിയ വസന്തം വീണ്ടുമെത്തി.. ആൽമരം തളിർത്തു.

അകലെ നിലാവുദിക്കുന്നരാവിൽ, പ്രകൃതിയുടെ പൗരുഷവും കാത്ത് കിടന്നു..

അപ്പോഴേക്കും, ഒരു ഫോണ്കോളിൽ ഞാൻ ഉണർന്നു.. സ്വപ്നം നിന്നു..
ഇപ്പോൾ നീ ഓർത്തത്, മണിച്ചിത്രത്താഴിൽ തിലകൻ പറയുന്ന ആ വാചകമല്ലേ...?

ഇനി കൂടുതൽ കുറിച്ച് മുഷിപ്പിക്കുന്നില്ല.. 

എന്ന്.....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ