2018 മാർച്ച് 7, ബുധനാഴ്‌ച

..വാൻഗോഗിനു പ്രണയപൂർവ്വം..മായ..!!

ഇന്നലെയാണു ഈ രണ്ടു പുസ്തകങ്ങളും കിട്ടിയത്‌.. Aneesa Eqbal ന്റെ വാൻഗോഗിനു പ്രണയപൂർവ്വം എന്ന കവിതാസമാഹാരം, വാൻഗോഗിന്റെ ചിത്രങ്ങളുടേയോ, അതുമല്ലെങ്കിൽ കവിയ്ക്ക്‌ ആ ചിത്രകാരനോട്‌ തോന്നിയ ആരാധനയുടെ ഉപോൽപ്പന്നമോ ആയിരിക്കും എന്ന മുൻവിധിയോടെയാണു, ആ പുസ്തകം എവിടെ കിട്ടും എന്ന് കവിയോട്‌ ചോദിക്കുന്നതും, 'അത്‌ വാങ്ങണ്ട ഞാൻ നേരിട്ട്‌ തരാം' എന്ന് അവർ പറഞ്ഞതും, ഇന്നലെ വൈകുന്നേരം സ്നേഹപൂർവ്വം കൈയ്യൊപ്പിട്ട്‌ തന്നതും..  മന:ശാസ്ത്രവഴികളിലൂടെ സഞ്ചരിക്കുന്നതുകൊണ്ടുതന്നെ,  എപിലപ്സി എന്ന ക്രോണിക്‌ അവസ്ഥയെ മറികടന്ന് ക്ലാസ്സിക്‌ ചിത്രങ്ങൾ വരച്ച വാൻഗോഗ്‌ എന്നും എനിക്ക്‌ ഒരു താത്പര്യമുള്ള വിഷയമാണു.. എന്നാൽ, മുപ്പത്തിയൊമ്പത്‌ ചെറുകവിതകൾ അടങ്ങിയ ഈ പുസ്തകത്തിലെ ആദ്യകവിത മാത്രമാണു വാൻഗോഗിനു പ്രണയപൂർവ്വം സമ്മാനിച്ചിരിക്കുന്നത്‌..
പിന്നീടങ്ങോട്ട്‌,

"നിന്നിൽനിന്ന്
പ്രണയത്തിന്റെ
ഒരു മലവെള്ളപ്പാച്ചിൽ
അതിൽപ്പെട്ട്‌ ഞാൻ
ചക്രവാളത്തോളം
ഒഴുകിയൊഴുകി"
എന്ന് അവസാനിക്കുന്ന മുപ്പത്തിയൊമ്പതാമത്തെ കവിതവരേയും, ഓരോ വാക്കിലും, വാഴക്കൂമ്പിലെ അടരുകളിൽ നിറയുന്ന തേൻ പോലെ മധുരിക്കുന്ന പ്രണയം.. എന്തിനേറെ, കവിയുടെ വാക്കുകൾ തന്നെ കടംകൊണ്ട്‌ പറഞ്ഞാൽ,
"ആകാശം ചോർന്നൊലിക്കുന്ന
ഈ രാവിൽ
പൂർണ്ണചന്ദ്രനില്ലാത്ത
നക്ഷത്രങ്ങളില്ലാത്ത
ഈ രാവിൽ
നിന്റെ പ്രണയം
കോരിക്കുടിച്ച്‌
മത്തുപിടിച്ച്‌
കിടക്കുകയാണു ഞാൻ..!"

അങ്ങനെ കവിതകൾ വായിച്ച്‌ മത്തുപിടിച്ചിരിക്കുമ്പോഴാണു,  Sudheesh VR  വി ആർ സുധീഷ്‌ മാഷിന്റെ "മായ"യെ കാണുന്നത്‌.. ഒരു ബാറിൽ കേറി മൂന്നെണ്ണം അടിച്ച്‌, നല്ല ലഹരിയിൽ പോകുമ്പോൾ, അടുത്തൊരു ബാർ കാണുമ്പോൾ, അവിടേയും കേറി ബ്രാൻഡ്‌ മാറി മൂന്ന് നിൽപനടിക്കുന്ന മദ്യപനേപ്പോലെ, ഞാൻ മായ വായിച്ചുതുടങ്ങി..
പ്രണയത്തിന്റെ കാട്ടുതേൻ.. എന്താ ഇനിപ്പ്‌ !!
സുധീഷ്‌ മാഷേ.. നിങ്ങൾ എന്നെ ഉറങ്ങാൻ വിട്ടില്ല.. മായാചന്ദനയുടെ ഒരു സന്ദേശത്തിനായി, ഒരു വിളിയ്ക്കായി ഈ "പ്രപഞ്ചത്തിൽ" ഞാനും കാത്തിരുന്നു.. മാഷിന്റെ ഹൃദയമിടുപ്പുകൂടിയത്‌, എന്റെ നെഞ്ചിൻ കൂട്ടിലായിരുന്നു.. ചക്കരക്കല്ലിലേക്ക്‌ മാഷ്‌ പോയപ്പോൾ ഞാനും വന്നിരുന്നു.. മായയുടെ മണമുള്ള കുപ്പായം ഞാനും മണത്തു.. മൂകാംബികയിൽ ഞാൻ പോയിരുന്നു.. നെഞ്ചുരുകി പ്രാർത്ഥിച്ചു.. അർച്ചനയും വഴിപാടുമൊക്കെ കഴിപ്പിച്ചു.. എന്നിട്ടും, എന്തേ മാഷെ, നോവലിന്റെ പതിമൂന്നാം അധ്യായത്തിൽ തന്നെ.. മായ..!! അല്ലെങ്കിലും ഈ പതിമൂന്ന് എന്നത്‌ ഒരു ഭാഗ്യനമ്പരല്ലല്ലോ? അല്ലേ? 

പിന്നെ, പവി ഫോണിൽ പറഞ്ഞില്ലേ, "തവളയുടെ കഥയുടെ ഓതർ" എന്ന്.. അതേ, ആ തവളയുടെ കഥ തന്നെ, എന്നേയും മാഷിന്റെ ഫാനാക്കിയത്‌.. ഒരുപാടിഷ്ടായി ഈ ചെറുനോവൽ.. 
"മാജിക്കിന്റെ രഹസ്യം കുടികൊള്ളുന്നത്‌ ആ മാന്ത്രിക ലോകം നിർമ്മിക്കപ്പെടുന്ന വാക്കുകളിലാണു.. ആ ലോകം നിർമ്മിക്കാൻ ഉപയോഗിച്ച വാക്കുകൾ ഏതെന്ന് അറിയാൻ കഴിഞ്ഞാൽ, നിങ്ങൾക്കു നിങ്ങൾ ഇഷ്ടപ്പെടുന്ന എന്തും നിർമ്മിക്കാം" എന്ന് ട്രെൻസ്‌ മെക്കെന്ന പറഞ്ഞത്‌ ഓർക്കുന്നു.. അതുപോലെ തന്നെയല്ലേ കഥ പറയലും.. ഈ  നോവലിന്റെ ആത്മാവും ആ വാക്കുകളാണു.. ആർദ്ദ്രവും, ഒപ്പം തീവ്രവുമായ വികാരം, കൃത്യമായി പറയുന്ന വാക്കുകളുടെ ഒഴുക്ക്‌.. രണ്ടര മണിക്കൂർ കവർന്നെടുക്കുന്ന ബോറൻ സിനിമകളേക്കാൾ, എന്തു മനോഹരവും ലളിതവുമായാണു, മുപ്പതു സെക്കൻഡിലും ഒരു മിനിറ്റിലുമൊക്കെ തീരുന്ന പരസ്യചിത്രങ്ങളും ഷോർട്ട്‌ ഫിലിമുകളുമൊക്കെ ഒരു കഥ പറയുന്നത്‌? അതുപോലെയാണു സുധീഷ്‌ മാഷിന്റെ മായയും..!

ഡി സി ബുക്സ്‌ 2018 ജനുവരിയിൽ പ്രസിദ്ധീകരിച്ച 65 രൂപ വിലയുള്ള മായയിലെ 71 പേജുകളിൽ 57 പേജുകളിലാണു സചിത്രമായി നോവൽ ഉള്ളത്‌.. ബാക്കി അനുബന്ധവും അനുഭവസാക്ഷ്യവും..

ഒന്നുറപ്പ്‌, ഒരു കടലിനെ ഒരു തുള്ളിയിൽ ഒതുക്കിയ ഈ മായ നിങ്ങളെ നൊമ്പരപ്പെടുത്തും.. ആശംസകൾ മാഷെ..

പ്രണയനൊമ്പരങ്ങൾകൊണ്ട്‌ മനസ്സ്‌ നിറച്ച രണ്ടു പേർക്കും ആശംസകൾ.. നല്ലൊരു വായന സമ്മാനിച്ചതിനു നന്ദി..

Yes..വാൻഗോഗിനു പ്രണയപൂർവ്വം..മായ..!!