മടവൂർ
29/04/2020
പ്രിയപ്പെട്ടവളെ...
ഹേമന്തവും ശിശിരവും ശരത്തും വസന്തവും വേനലും മഴയുമൊക്കെ, എത്രയെത്ര ആവർത്തിച്ചാലും, ഒരിക്കലും രുചിമാറാതെ ഇന്നും എന്റെ ഓർമ്മസഞ്ചിയിലുണ്ട്,
നീ ഇലവാട്ടി പൊതിഞ്ഞുകെട്ടിത്തന്ന ആ പ്രണയത്തിന്റെ പാഥേയം.. നിന്റെ കരുതലായും.. എന്റെ കരുത്തായും..
ഇന്ന്, ഈ ഇരുപത്തിയൊമ്പതാം കത്തെഴുതാനിരിക്കുമ്പോൾ, വെള്ളിത്തിരയിൽ എന്നെ ഏറെ ആഹ്ലാദിപ്പിച്ച മറ്റൊരു നോവിന്റെ പാഥേയത്തെക്കുറിച്ച് ഓർത്തുപോയി..
ഇർഫാൻ ഖാൻ എന്ന നടനെ ഞാൻ മനസ്സിൽ ഇരുത്തിയിരിക്കുന്നത് ആ ലഞ്ച് ബോക്‌സിന്റെ ഓർമ്മയ്ക്കായിട്ടാണ്..
ഇന്ന്, ആ അനുഗ്രഹീത നടന്റെ മരണവാർത്ത കേട്ടപ്പോൾ എന്നിൽ തെളിഞ്ഞത്, അദ്ദേഹത്തിന്റെ മറ്റേതൊരു സിനിമായേക്കാൾ, ലഞ്ച് ബോക്‌സ് ആണ്..
റിതേഷ് ബത്ര എന്ന ചലച്ചിത്രകാരന്റെ സ്വപ്നസഞ്ചാരപാതയിലൂടെ, കാഴ്ച്ചപ്പാടുകളിലൂടെ, ആസ്വാദനത്തിന്റെ പുതിയ മേച്ചില്പുറങ്ങളിലൂടെ നവ്യാനുഭവങ്ങളും ആസ്വദിച്ച്, കുഴലൂത്തുകാരനെ അനുഗമിച്ച കുട്ടിയെപ്പോലെ ഞാനും സഞ്ചരിച്ച സിനിമ..
മുംബൈ നഗരത്തിലെ തിരക്കിൽ മുങ്ങിയും പൊങ്ങിയും, ഉച്ചഭക്ഷണം എത്തേണ്ട കൈകളിൽ എത്തിക്കുന്ന, “ഡബ്ബ വാലാസിന്റെ” കൈപ്പിഴ തീർക്കുന്ന പ്രണയത്തെ ഇതിവൃത്തമാക്കിയ ചിത്രത്തിലെ സാജൻ ഫെർനാന്റസ് ( ഇർഫാൻ ഖാൻ) ഇന്നും മനസ്സിൽ നിന്നും മായുന്നില്ല.. ഇലയുടെ (നിമ്രാത് കൗർ) പാചക പരീക്ഷണങ്ങളിലൂടെ സിനിമ കാഴ്ച്ചക്കാരനിലേക്ക് ഒഴുകി ഇറങ്ങി, ഒടുവിൽ, ഡബ്ബാവാലാസ് ലഞ്ച് ബോക്സ് കൈപ്പറ്റി സൈക്കിളിലും, ട്രെയിനിലും ഒക്കെ സഞ്ചരിച്ചു, 'ആളു മാറി കൈമാറി', അങ്ങനെയങ്ങനെ, ആ ലഞ്ച് ബോക്‌സ് ഒരു പ്രണയപ്പെട്ടിയായി മാറുന്ന കാഴ്ച ഇപ്പോഴും കണ്ണിൽ നിൽക്കുന്നു..
ഡാ.. ഒരോ തവണ, ഇർഫാൻ ഖാൻ ആ ലഞ്ച് ബോക്സ് തുറക്കുമ്പോഴും, ആകാംഷയോടെ അതിനുള്ളിലേക്ക് ഞാനും നോക്കുമായിരുന്നു.. അത്ര മനോഹരമായിരുന്നു ഇർഫാന്റെ കണ്ണുകളിൽ തെളിയുന്ന ആ പ്രണയഭാവം..
ആ മികച്ച നടന് എന്റെ പ്രണാമം..
അതേ, ‘നിങ്ങൾ കണ്ടിട്ടില്ലാത്ത ഒരാളോട് നിങ്ങൾക്ക് പ്രണയത്തിലാവാൻ പറ്റുമോ’ എന്നാണു ആ സിനിമയുടെ ടാഗ് ലൈൻ... ഡാ.. അതിന്റെ ഉത്തരം? എന്തോ, എനിക്കതറിയില്ല... കാരണം, അതിൽ ഒരു കൊളുത്തിപ്പിടിക്കൽ ഇപ്പോഴും ബാക്കിയുണ്ട്..
ഡാ.. പിന്നെ ഒരു കാര്യം കൂടി.. തിരക്കഥാകൃത്തും സംവിധായകനുമായ എന്റെ ഒരു സ്നേഹിതനും ഞാനും കൂടി ഒരു പ്രൊഡ്യൂസറോഡ് ഒരു കഥ പറഞ്ഞിരുന്നു.. അമീർഖാന്റെ 'താരെ സമീൻ പർ' ജനുസിൽ വരുന്ന ഒരു സിനിമ.. കഥ കേട്ടപ്പോൾ, അദ്ദേഹത്തിന് ഒരുപാട് ഇഷ്ടപ്പെട്ടു.. "ഇതിനെ നമ്മുക്ക് ഇർഫാൻഖാനെയും രാധിക ആപ്‌തെയെയും പോലുള്ള ആര്ടിസ്റ്റുകളെ ഉൾപ്പെടുത്തി, ഹിന്ദിയിൽ ചെയ്യാം.. അവരിലേക്ക് എത്താൻ പറ്റുന്ന ഒരു സ്നേഹിതൻ എനിക്കുണ്ട്.. ബഡ്ജറ്റ് പ്രശ്നമില്ല.. ഞാനൊന്ന് നോക്കട്ടെ" ,എന്നോക്ക പറഞ്ഞു പോയപ്പോഴാണ്, ഈ കൊറോണ വന്നത്..
ങാ.. അങ്ങനെ അതും പോയി..
നമ്മൾ ചിന്തിക്കുന്നതിനുമപ്പുറമല്ലേ ജീവിതത്തിന്റെ തിരക്കഥ.. അല്ലെങ്കിൽപിന്നെ, തുമ്പോട് ജംഗ്ഷനിൽ, നിലമേൽ കോളജിലേക്കുള്ള പെണ്കുട്ടികൾ പോകുന്ന ബസ് വരുന്ന സമയം നോക്കി ചുറ്റിക്കറങ്ങി നടന്ന എന്നെ, ബാബു അണ്ണൻ, രാജാരവിവർമ്മയെക്കുറിച്ച് നിർമ്മിച്ച ഡോകുമെന്ററിയുടെ നിർമ്മാണത്തിനു കൂടെ കൂട്ടുമായിരുന്നോ? അതുകൊണ്ടല്ലേ, ഞാൻ ആദ്യമായി ഷൂട്ടിംഗ് കണ്ടതും, ലക്ഷ്മി നാരായണൻ എന്ന ക്യാമറാമാനോട് എന്റെ ആഗ്രഹം പറഞ്ഞതും, എന്നെ ആദ്യമായി ക്യാമറയുടെ വ്യുഫൈൻഡറീലൂടെ നോക്കാൻ അദ്ദേഹം അനുവദിച്ചതും, ആ ബ്ളാക് & വൈറ്റ് കാഴ്ച കണ്ട് ഞാൻ കോരിത്തരിച്ചതും, പിന്നീട് ഛായാഗ്രഹണം പഠിക്കാൻ അദ്ദേഹം എനിക്ക് വഴികാട്ടിയതും.. എല്ലാം.. എല്ലാം..
അതേടാ... കിളിമാനൂർ കൊട്ടാരത്തിൽ, രവിവർമ്മയുടെ ചിത്രത്തിലേക്ക് ഫോക്കസ് ചെയ്ത ഫ്രെയിമാണ് ഞാൻ ആദ്യമായി ക്യാമറയിലൂടെ കാണുന്നത്.. അപ്പോൾ, ഒരുവേള, വർണ്ണങ്ങളുടെ, വരകളുടെ ആ തമ്പുരാൻ എന്റെ ശിരസ്സിൽ കൈവച്ച് അനുഗ്രഹിച്ചിട്ടുണ്ടാവാം.. ല്ലേ.?
അതേ.. സ്വദേശത്തും വിദേശത്തുമൊക്കെ പ്രശസ്‌തനായിരുന്ന, രാജാരവിവർമ്മയ്ക്ക് ഒരുപാട് കത്തുകൾ വരുമായിരുന്നുവെന്നും, അതൊക്കെ നോക്കാനായി കിളിമാനൂരിൽ ഒരു അഞ്ചലാപ്പീസ് അഥവാ തപാൽ കേന്ദ്രം തുടങ്ങിയിരുന്നു എന്നുമൊക്കെ ഞാൻ കേട്ടിട്ടുണ്ട്..
ഡാ.. ഞാൻ ഇത് കുറിക്കുമ്പോൾ, ദേ, എന്റെ മുന്നിൽ, വീടിന്റെ രണ്ടാം നിലയിലേക്കുള്ള പടികളോട് ചേർന്ന ഭിത്തിയിൽ, മൂന്ന് രവിവർമ്മചിത്രങ്ങൾ തൂങ്ങുന്നു.. അതിൽ, എനിക്ക് അഭിമുഖമായി ഹംസവും ദമയന്തിയും..
ഹാവൂ.. എന്തൊരു കളർഫുൾ ഫ്രെയിം..!
എങ്കിൽപ്പിന്നെ, ഹംസത്തിനേം ദമയന്തിയേയും നോക്കി, രവിവർമ്മയ്ക്കുള്ള തപാലിനെ കുറിച്ച് നിനക്ക് കത്ത് എഴുതുന്ന എന്റെയൊരു വൈഡ് ഫ്രെയിമിൽ, ഈ കത്ത് എൻഡ് ചെയ്യട്ടെ..
ഡാ.. ഈ ഫ്രെയിമിനു മിഴിവ് കൂട്ടുന്ന ഒന്നുകൂടിയുണ്ട്... ഇതുപോലൊരു ഏപ്രിൽ 29നാണ് ആ നിറക്കൂട്ടുകളുടെ കളിത്തോഴൻ ജനിച്ചതും.. 1848- ൽ.. അതേടാ.. ഇന്ന് രവിവർമ്മയുടെ നൂറ്റിയെഴുപ്പത്തിരണ്ടാം പിറന്നാളാണ്..
ആ പ്രതിഭയുടെ ഓർമ്മയ്ക്കുമുന്പിൽ തൊഴുകൈകളോടെ...
കട്ട്...
എന്ന് സ്വന്തം....
.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ