കമ്പിറാന്തലിന്റെ വെളിച്ചം..
ഭാവനയുടെ ഹിമാലയം ഉരുകിയൊഴുകുന്ന അക്ഷരഗംഗയല്ല..സ്വയം തിർത്ത അക്ഷരഭിത്തികൾക്കുള്ളിലിരുന്ന്, ജീവിതത്തെ കാൽപനികമായി പകർത്തുന്നതുമല്ല.. മറിച്ച്,പിറന്ന മണ്ണിന്റെ മണവും നനവുമുള്ള, നാടൻ ജീവിതത്തിന്റെ താളവും നിറവും നിറയുന്ന കുറിപ്പുകൾ.. ആധുനികോത്തരരചനാരീതിയുടെ പരിസരങ്ങളിൽനിന്നും മാറി, സാധാരണക്കാരന്റെ കണ്ണിൽ നിറയുന്ന കാഴ്ച്ചകളുമായി,നമ്മുടെ നാട്ടിടവഴികളിലൂടെയുള്ള ഒരു യാത്ര.. കരിവന്നൂർപ്പുഴയ്ക്കപ്പുറവും ഇപ്പുറവുമായി തെളിയുന്ന രണ്ട് ലോകങ്ങൾ..എന്നാൽ ഈ രണ്ടു ലോകങ്ങളേയും നമ്മുടെ കുട്ടേട്ടൻ കാണുന്നത് ഒരേ കണ്ണുകൊണ്ട്..! സാധാരണക്കാരിലും സാധാരണക്കാരനായുള്ള കാഴ്ച്ച..
"ഡേവിസ്സിന്റെ തുണിക്കടയിൽ" തുടങ്ങി, "കമ്പിറാന്തലിന്റെ വെളിച്ചത്തിൽ" അവസാനിക്കുന്ന മുപ്പത് ലേഖനങ്ങളും വായിച്ചുകഴിയുമ്പോൾ, നമ്മുടെ ഉള്ളിലും വെളിച്ചം നിറയുന്നു..വായനക്കാരനെ ചിന്തിപ്പിച്ചും ചിരിപ്പിച്ചും, ചെറുതായി നൊമ്പരപ്പെടുത്തിയും,ആരുമറിയാതെ സ്വയം വേദനിച്ചും, നമ്മുടെ ഓർമ്മക്കടലിലേക്ക് ഊളിയിടുന്ന വാക്കുകൾ..
വാക്ക് വിറ്റ് വിശപ്പടക്കിയവർക്കും വിശപ്പിനുമുകളിൽ വാക്കുകൾ തീർത്തവർക്കും, അറിയിച്ചിട്ടും അറിയാതെ പോയവർക്കും അപ്പുറമുള്ള ഒരു വരമ്പിലൂടെയാണു 'അഷ്ടമൂർത്തി' എന്ന എഴുത്തുകാരന്റെ യാത്ര എന്ന് എനിക്ക് തോന്നിയിട്ടുണ്ട്.. നടവരമ്പിന്റെ ഇരുവശങ്ങളിലായി തരിശ്ശായി കിടന്ന പാടത്ത്,കഥയുടേയും ലേഖനങ്ങളുടേയും നൂറുമേനി വിളയിച്ച തനി നാട്ടിൻപുറത്തുകാരൻ.. ഇന്ന്,ഇപ്പോൾ 'കഥയ്ക്കും അനുഭവക്കുറിപ്പുകൾക്കും' ഇടയിലുള്ള നടവരമ്പു ഇല്ലാതാവുന്ന കാഴ്ച്ചയാണു 'കമ്പിറാന്തലിന്റെ വെളിച്ചത്തിൽ' കാണുന്നത്..കവിതപോലൊഴുകുന്ന നാട്ടുഭാഷ.. മകരമഞ്ഞുറയുന്ന പുൽക്കൊടിത്തുമ്പിലെ സൂര്യനെപ്പോലെ സുന്ദരം..!!
രണ്ടുവർഷം മുൻപ്,ഞങ്ങൾ സകുടുംബം കുട്ടേട്ടന്റെ വീട്ടിൽ പോയിരുന്നു.. ദോഹയിൽ,ഞങ്ങളുടെ താമസസ്ഥലത്ത് കുട്ടേട്ടൻ വന്നിട്ടുണ്ടെങ്കിലും,രണ്ടു കുടുംബങ്ങളും ഒരുമിച്ച് കാണുന്നത് അന്നായിരുന്നു.. അതിനുമുൻപ് ഞാനും മോനും കുട്ടേട്ടന്റെ വീട്ടിൽ അന്തിയുറങ്ങിയിട്ടുണ്ട്.. ഏതാണ്ട്,ഒരു പതിനൊന്ന് മണിയോടെ കുട്ടേട്ടന്റെ വീട്ടിലെത്തി.. ചേട്ടനും ചേച്ചിയും മാത്രം..അദ്ദേഹം ഉടുപ്പോ ബനിയനോ ധരിച്ചിരുന്നില്ല.. സ്വന്തം മക്കളോ അനന്തരവരോ വീട്ടിൽ വരുമ്പോൾ എങ്ങനയോ.. അങ്ങനെ..! കുശലം പറഞ്ഞു.. നാട്ടുമാങ്ങയും കൂട്ടി സദ്യ കഴിച്ചു..മോൻ കുറച്ച് ചിത്രങ്ങൾ എടുക്കാൻ തുടങ്ങി..ഉടുപ്പില്ലാതെ തന്നെ കുട്ടേട്ടൻ പോസ് ചെയ്തു..
(ഇനി എന്റെ കാര്യം..ഉടുപ്പിടാതെ, കുടുംബത്തോടൊപ്പം സൊറ പറഞ്ഞിരിക്കുമ്പോൾ, ആരേലും വന്ന് കോളിംഗ് ബെല്ലടിച്ചാൽ, "ഇപ്പോ തുറക്കേണ്ട..ഞാൻ ഉടുപ്പിട്ടിട്ട് വരട്ടെ",എന്ന് പറഞ്ഞ് മുറിയിൽ പോയി ഉടുപ്പുമിട്ട്,ഒരു ചിരിയും ഫിറ്റ് ചെയ്ത് വരും..!! )
ഇതാണു അഷ്ടമൂർത്തി എന്ന എഴുത്തുകാരനെ മറ്റുള്ളവരിൽനിന്നും വ്യത്യസ്തനാക്കുന്നത്.. താൻ എങ്ങനെയോ..അങ്ങനെ..വച്ചുകെട്ടുകളൊ ജാഡകളൊയില്ലാത്ത ഒരു സാധാരണ മനുഷ്യൻ.. എപ്പോഴും ഒരു സാധാരണക്കാരനായിരിക്കുക എന്നത് ദുഷ്കരമാണു..എന്നാൽ കുട്ടേട്ടൻ എപ്പോഴും അങ്ങനെതന്നെ..വാക്കിലും നോക്കിലും പ്രവർത്തിയിലും എഴുത്തിലുമെല്ലാം.. കാരണം അദ്ദേഹത്തിന്റെ കാലും മനസ്സും, പിറന്ന മണ്ണിലും ജീവിതപരിസരങ്ങളിലും വേരോടിനിൽക്കുന്നു.. ആ ഉറപ്പാണു, ഊർജ്ജമാണു അഷ്ടമൂർത്തിയെ വ്യത്യസ്തനാക്കുന്നത്..!!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ