നോവ്.. ‘
...അപ്പോൾ ഇതെല്ലാം അറിഞ്ഞിട്ട്തന്നെയാണല്ലെ നിങ്ങൾ ഇത്തരം ഒരു തീരുമാനമെടുത്തത്’ എന്ന ചോദ്യത്തിന് നിറഞ്ഞ നിസ്സംഗതയായിരുന്നു മറുപടി.ഒരു ദീർഘനിശ്വാസത്തീന്റേയും അകമ്പടിയില്ലാതെ,നനവിന്റെ ഓർമ്മകൾ നഷ്ടപ്പെട്ട കണ്ണുകളുമായി അവളിരുന്നു.. തീരുമാനങ്ങൾ ഒന്നും തന്റേതല്ലായിരുന്നു എന്ന് പറയാൻ അവൾ ആഗ്രഹിച്ചില്ല. മുകളിലൊരാളിരുന്നു തീരുമാനിക്കുന്നു..നമ്മൾ അനുസരിക്കുന്നു എന്നല്ലാതെ നമ്മുക്ക് എന്തുചെയ്യാൻ പറ്റുമെന്ന് മുത്തശ്ശി പറയാറുണ്ടായിരുന്നു..പക്ഷെ,ഇവിടെ മറ്റാരക്കെയോ ചേർന്ന് തീരുമാനിക്കുന്നു...നിസ്സംഗമായി അനുസരിക്കുന്നു..!! “ഹരിതയ്ക്ക് ഒന്നും പറയാനില്ലെ? കേസ് കോടതിയിൽ എത്തിയാൽ വഷളാവും..” പല നിരപരാധികളേയും അപരാധിയാക്കി പരിചയമുള്ള നിയമജ്ഞയാണ് അഡ്വക്കേറ്റ് മറിയം വർഗ്ഗീസ്. സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ ഉണ്ടാക്കിയ പുതിയ ട്രിബൂണലിന്റെ അധ്യക്ഷപദത്തിലേക്കെത്താനും പലരേയും വെട്ടിനിരത്തിയ കൂർമത ആ വാക്കുകളിലുണ്ടായിരുന്നു. “അവിടെ കേസ് വ്യഭിചാരമാവും..വകുപ്പ് വേറെയാ..!”കൺപീലികളോട് പൊരുത്തപ്പെടാത്ത കണ്ണടകൾക്കിടയിലൂടെ ആ കഴുകൻ കണ്ണുകൾ പുറത്തേക്ക് തള്ളി.. “ആലോചിച്ച് തീരുമാനിച്ചാൽ മതി.അവർ എന്തു കോമ്പ്രമൈസിനും ഒരുക്കമാണ്..കുട്ടിയെ തരില്ല.. വേറെന്തും..!!“ എന്ത് കോമ്പ്രമൈസ്?...ആർക്ക്?...ആരോട്? ഒരു നിമിഷത്തേക്കെങ്ങിലും അവളുടെ കണ്ണുകൾ ഉറവ തേടി.. “മിസ് ഹരിത പുറത്തേക്ക് ഇരിയ്ക്കൂ..പിന്നീട് വിളിക്ക്യ്ക്കാം..”.കമ്മിറ്റിയിലെ രണ്ടാമത്തെ അംഗം ചുണ്ടനക്കി.. ട്രൈബ്യൂണലിന്റെ പഴകിയ കെട്ടിടത്തിന്റെ വരാന്തയിലേക്ക് അതിക്രമിച്ച് വരുന്ന ഉഷ്ണക്കാറ്റിനെ തടയാനുള്ള കരുത്ത് മുറ്റത്തെ വയസ്സൻ മാവിനുണ്ടായിരുന്നില്ല. ഏറെ പ്രതീക്ഷയോടെ നാമ്പിട്ട മാമ്പൂക്കൾ കരിഞ്ഞുണങ്ങി തുടങ്ങി..കണ്ണിമാങ്ങയുടെ കുട്ടിത്തവും പിന്നീടുള്ള കയർപ്പും പുളിപ്പും ഒളിപ്പിച്ചുവയ്ക്കുന്നത് നുണഞ്ഞു മതിവരാത്ത മധുരത്തെയാണ്..വേനൽ കരിവാളിപ്പിന്റെ നോവറിയുമ്പോഴും,മറ്റൊരു നോവിനായി വീണ്ടും പൂക്കുന്നു...ഒരു നിഴൾനാടകമായി,ഋതുക്കളുടെ ആവർത്തന വിരസതയായി തുടരുന്നു..!!! “ദാ ഈ വെള്ളം കുടിക്ക്..അവത്തിങ്ങൾ മനുഷ്യപറ്റില്ലാത്തോരാ..” മുറുക്കാൻ കറ പിടിച്ച പല്ലും പുറത്തേക്കിട്ട്,വായകീറി ചിരിച്ചുകൊണ്ട് മണി പറഞ്ഞു..ഓഫീസിലെ പ്യൂൺ പണീയ്ക്ക്പുറമേ,പുറത്ത് ഒരു പെട്ടിക്കടയും മണിയ്ക്കുണ്ട്.. “എനിക്ക് കുട്ടീടെ പ്രായത്തിൽ ഒരു മോളുള്ളതാ..കെട്ടിയോൻ വേറെ പോയി..രണ്ട് കുട്ട്യേളും അവളും എന്റുടയാ..” അയ്യാൾ നീട്ടി തുപ്പിക്കോണ്ട് പുറത്തേക്കിറങ്ങി... “തലേലെഴുത്ത് പിഴച്ചാലെന്ത് ചെയ്യാനാ???” തലേലെഴുത്ത് പിഴച്ചാൽ!!! അകലെ ആകാശത്ത് മേഘങ്ങൾ മത്സരിച്ച് ഒഴുകി..ഇടയ്ക്ക് എപ്പോഴൊക്കെയോ അവർ സൂര്യനെ മറച്ച് കടന്നുപോയി.. തന്റെ തലേലെഴുത്ത് പിഴച്ചതല്ല...പിഴപ്പിച്ചതാണന്ന് പറയാൻ അവൾക്ക് തോന്നിയില്ല. പീഡനപരമ്പരകളുടെ ഉറവതേടി,ആഘോഷമാക്കി കോൾമയിർകൊള്ളുന്ന മാധ്യമങ്ങളുടേയും ജനസേവകരുടേയും വിളിപ്പാടിനപ്പുറത്ത്,പുറമ്പോക്കിൽ,കാമത്തിന്റെ ബലിഷ്ടതയിൽ ഞെരിഞ്ഞമർന്ന് രക്തം വാർന്നിട്ടും ആർത്തിയുടെ രേതസ് കുത്തിയൊഴുകി തകർത്ത കൗമാരം നല്കിയ ജീവന്റെ തുടിപ്പ്....കൗമാരത്തിന്റെ പടിക്കൽതന്നെ അറിഞ്ഞ നോവ് ...നുരഞ്ഞ മാറ്..!! തന്റെ വയറ്റിൽ പോറ്റിവളർത്തിയ മുഖം ഒന്ന് കാണിയ്ക്ക കൂടി ചെയ്യാതെ,മാനക്കേടിന്റെ പേരും പറഞ്ഞ്,ദാരിദ്ര്യം മാറ്റാൻ അച്ഛനും ചേട്ടനും കൂടി ഏതോ ധനികർക്ക് വിറ്റുവെന്നറിഞ്ഞത് വളരെ വൈകിയാണ്..കുഞ്ഞിനെ തിരഞ്ഞപ്പോൾ കാട്ടിതന്നത്,ഓലപ്പുരയ്ക്ക് പുറത്തുള്ള പറമ്പിലെ ഇളക്കി മൂടിയ ചെറിയ മൺകൂന..!!! വായില്ലാകുന്നിലപ്പനെപ്പോലെ ആ മൺകൂനയും തന്നിൽ വളരുകയായിരുന്നു.. “...പിഴച്ച പെണ്ണിനെ ആര് കെട്ടാനാ..”..അച്ഛന്റെ ആധികൾക്ക് ചേട്ടന്റെ മറു ചോദ്യം..“ഇന്നലെ വനജേംകൊണ്ട് ചെക്കപ്പിന് ചെന്നപ്പോൾ ഡോക്റ്റർ ഒരു കാര്യം പറഞ്ഞു..എന്തായാലും ഹരിതയ്ക്കിനി വേറെ ജീവിതം ഉണ്ടാവില്ല..കുട്ടികളുണ്ടാവർത്തവർക്കുവേണ്ടി പ്രസവിച്ചുകൊടുത്താൽ നല്ല പണം കിട്ടും..ഡോക്ടർ തന്നെ ആളെ ശരിയാക്കി തരും”…ചേട്ടൻ അച്ഛനോട് ചേർന്നിരുന്നു.. “.വനജയ്ക്ക് പ്രസവവേദന താങ്ങാൻ പറ്റില്ല.സിസേറിയൻ ചെയ്യാന്ന് പറഞ്ഞ്..കൊറച്ച് പണം വേണം..അതിന് ഞാൻ വിചാരിച്ചിട്ട് വേറെ.....!!” “എന്റെ കുട്ടിക്ക്.....!!” അച്ഛന്റെ വാക്കുകൾക്ക് പുറത്തേക്ക് വരാനുള്ള ശക്തിയില്ലായിരുന്നു. “അച്ഛന് ശ്വാസം മുട്ടും നെഞ്ചുവേദനേക്കെയല്ലേ..?? നല്ലൊരു ഡോക്ടറെ കാണണ്ടേ??പൈസ വേണ്ടെ?? അതിനാ ഞാനീ പറഞ്ഞത്..”!! അച്ഛനും മകനുമിടയിൽ സ്നേഹത്തിന്റെ തിരമാല ആർത്തിരമ്പി....!!! അറിയാതെയെങ്കിലും അവളുടെ നിശ്വാസം ഉഷ്ണക്കാറ്റിൽ ലയിച്ചുപോയി..!! അനുരഞ്ജ്നത്തിന്റെ രണ്ടാമൂഴം.. “എന്തു തീരുമാനിച്ചു??നിങ്ങൾ അതിനുശേഷവും പ്രസവിച്ചില്ലേ? അപ്പോൾ ആ കുട്ടികളെ വേണ്ടെ?”..മറിയം മേഡം പുതിയ വാദമുഖങ്ങൾ നിരത്തി… “നിങ്ങൾക്ക് ഇനിയുള്ള കാലം കഴിയാനുള്ള പണം തരും..അതും വാങ്ങി കേസും പിൻ വലിച്ച് പോകുന്നതാണ് നല്ലത്..അല്ലാതെ ,ഇനിയും ഗർഭപാത്രം വില്ക്കണോ?” വരിഞ്ഞു മുറുകുന്ന നാഡീകൾ അയയും മുൻപേ അറുത്തെറിയുന്ന പൊക്കില്ക്കൊടി..എന്നെന്നേക്കുമായി....ഒരിക്കലല്ല..നാലുതവണ..!!! “എന്റെ കുഞ്ഞിനെ ഒന്നു കാണാൻ....”,വാക്കുകളുടെ കനല്ക്കട്ടകൾ ഉമിനീരിൽ മരിച്ചുപോയെങ്കിലും,അവളുടെ കണ്ണുകൾ വല്ലാതെ തിളങ്ങി.. “ഈ കുട്ടിയെ മാത്രം കണ്ടാൽ മതിയോ??“ “..മറ്റു മൂന്നുപേരും....!!” “..അതെന്റെ ജോലിയായിരുന്നു.!!” ..ആർക്കൊക്കെയോ വേണ്ടി...ആരെല്ലാമോ ചെയ്യിച്ചത്.. നോവിന്റെ കണികകൾ കണ്ണിൽ ഊർന്ന് കൂടി.. “പിന്നെ പൈസ...അതു ഞാൻ വേടിച്ചിട്ടില്ല..ആരിൽ നിന്നും...!!!” കണ്ണിൽ നിറഞ്ഞ നോവിന്റെ തുള്ളികൾ മേശപ്പുറത്ത് ഉരുണ്ട് വീണ്,തകർന്ന് വീണ്ടും തന്മാത്രകളായി..ആ ശബ്ദത്തിൽ ഭൗമാന്തർഭാഗം ഇളകി മറിഞ്ഞു..!!ഉപരിതല ദുർബ്ബലതയിൽ ലക്ഷ്യം കണ്ട് പുറത്തേക്കൊഴുകി..!!! “കുട്ടിയെ കൊണ്ട് വന്നിട്ടില്ല..” ട്രൈബൂണലിന്റെ രണ്ടാമത്തെ അംഗം നിവർന്നിരുന്നു.. “അവരും ഹരിതയുടെ ചേട്ടനുമായി ഒരു തുക സമ്മതിച്ചിട്ടുണ്ട്..ഈ പേപ്പറിൽ ഒരു ഒപ്പിട്ടിട്ട് പൊയ്ക്കോളൂ..” തന്റെ മുന്നിലേക്ക് നീട്ടിയ കടലാസിലെ ഭാഷ അവൾക്ക് അന്യമായിരുന്നു..!! നെഞ്ചിടിപ്പിന്റെ ഗതിവേഗം കൂടി.. ഞരമ്പുകൾ വല്ലാതെ വരിഞ്ഞു മുറുകി.. പകലിന്റെ ദൈർഘ്യം കുറഞ്ഞു..കണ്ണുകളിലെ സൂര്യൻ സമുദ്രാന്തർഭാഗത്തേക്ക് ഊളിയിട്ടു..നിലാവിന്റെ കൈകൾ അവളെ തഴുകി. ....നിലാവ്…അകലെ ആകാശചെരുവിൽ ഇരുട്ടിനപ്പുറത്ത് കൊഴിഞ്ഞുവീണ നക്ഷത്രപ്പഴങ്ങൾ പെറുക്കാൻ വെളുക്കും മുമ്പേ എഴുന്നേറ്റ് യാത്രയായി!!! ചക്രവാളത്തിന്റെ പിന്നിൽ നിന്നും ഒരു ചൂട്ടുകറ്റയുമായി സൂര്യൻ പതുക്കെ തലനീട്ടി..... ...കഴിഞ്ഞ രാത്രിയിൽ ഉറക്കം തീരെ ഇല്ലായിരുന്നു.. വിണ്ട്കീറിയ ഓർമ്മകളുമായി അവൾ നടന്നു. ...മകരമഞ്ഞിന്റെ കുളിരും പുല്ക്കൊടിതുമ്പിലെ മഞ്ഞുതുള്ളിയുമൊന്നും സാന്ത്വനസ്പർശമായി മാറിയില്ല...!!! ----------ഉണ്ണി മടവൂർ---------------------------------------
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ