2012 ഏപ്രിൽ 5, വ്യാഴാഴ്‌ച

കഥ- വിശ്വാസം

കഥ..

വിശ്വാസം..
---------------------------------------------
ഐ സി യൂണിറ്റിന് പുറത്ത് കാത്തിരിക്കാൻ തുടങ്ങിയിട്ട് മണിക്കൂറുകളായെങ്ങിലും,സുദർശൻ ക്ഷീണിതനല്ലായിരുന്നു...ഭയചകിതനായിരുന്നു..ഓരോ തവണ വാതിൽ തുറന്ന് നഴ്സ്മാർ പുറത്തേക്ക് വരുമ്പോഴും അയാളുടെ ഹൃദയതാളം ഏറിയിരുന്നു.
ബെഞ്ചിൽ നിന്ന് എഴുന്നേല്ക്കും മുൻപ് തന്നെ ‘ഒന്നും പറയാറായിട്ടില്ല’ എന്നു പറഞ്ഞ് നഴ്സുമാരും ഡോക്റ്റർമാരും ധൃതിയിൽ കടന്നുപോകും..തന്നെപ്പോലെ ആയിരങ്ങളുടെ വേദന കണ്ട് മന:സാക്ഷി മരവിച്ച,എണ്ണക്കറ പിടിച്ച ഭിത്തികൾ...മൂളിപ്പാട്ടുമായി വയറുനിറച്ച് കടന്നുപോകുന്ന കൊതുക്....മുകളിൽ,പെൻഷൻ പ്രായം കഴിഞ്ഞിട്ടും സ്വയം പഴിച്ച് പുലമ്പിക്കറങ്ങുന്ന പങ്ക...!!!
ഒന്നും വേണ്ടിയിരുന്നുല്ല എന്ന് ഇപ്പോൾ ചിന്തിച്ചിട്ട് കാര്യമില്ല എന്നറിയാം...! എങ്കിലും...
“സുമേഷിന്റെ ബന്ധുക്കളാരെങ്കിലും ഉണ്ടോ..?”, കയ്യിൽ നീട്ടിപ്പിടിച്ച ഒരു കടലാസുമായി വാതിൽ പാതി തുറന്ന്,മാലാഖയുടെ വേഷമിട്ട നഴ്സ് തല നീട്ടി..
“എന്താ സിസ്റ്റർ?...ഞാനുണ്ട്..”,പാതിയഴിഞ്ഞ മുണ്ട് മടക്കിയുടുത്ത് അയാൾ ഓടിയെത്തി.
“മോനെങ്ങനുണ്ട് സിസ്റ്റർ?..എനിക്കവനെ ഒന്നു കാണാൻ....?”
“ഇപ്പോൾ ആരെയും അകത്തേക്ക് വിടില്ല..ഒന്നും പറായാറായിട്ടില്ല..” ആ കണ്ണുകളിലെ നിസ്സംഗത അയാളെ ചൊടിപ്പിച്ചില്ല....
“..ങാ...പെട്ടെന്ന് ഈ മരുന്നു വാങ്ങണം..വേഗം..”
മരുന്ന് കുറിപ്പ് വാങ്ങി തിരികെ നടക്കുമ്പോൾ കണ്ണുകളിൽ നോവിന്റെ കരിമേഘം ഉരുണ്ട് കൂടുന്നുണ്ടായിരുന്നു..
“ ഹലോ..നാലഞ്ച് കുപ്പി ബ്ളഡ് കൂടി വേണ്ടിവരും...ഞരമ്പ് മുറിച്ചതല്ലേ..?” വീണ്ടും മാലാഖ തല പുറത്തേക്കിട്ടു, “ബി നെഗറ്റീവ്...ഡോക്റ്റർ ഉച്ചയുറക്കം കഴിഞ്ഞു വരുമ്പോഴേക്കും ആളെ റെഡിയാക്കിക്കോളൂ...”

കണ്ണിലൂറിക്കൂടിയ നോവ് ഒന്നിനു പുറകിൽ മറ്റൊന്നായി കൊഴിയാൻ തുടങ്ങി...!
മെഡിക്കൽ കോളജിന് മുന്നിൽ വൈകുന്നേരം സന്ദർശകരുടെ തിരക്ക് ഏറുകയാണ്...വേണ്ടപ്പെട്ടവരെ ഒന്നു കാണാൻ...ആശ്വസിപ്പിക്കാൻ...കൂട്ടിരിപ്പുകാരും..സ്വന്തക്കാരും..!! തിരക്കിനടയിൽ അന്നത്തെ അന്നത്തിന്റെ വക കണ്ടെത്തുന്ന കൂട്ടിക്കൊടുപ്പുകാരും,പോക്കറ്റടിക്കാരും,ഒരുപാട് വലഞ്ഞവരും,വളഞ്ഞവരും,പലരും വളച്ചവരും...!!
.....പ്രളയം...!!!
സന്ദർശകർക്കുള്ള പ്രവേശനകവാടാത്തിലൂടെ പുറത്തേക്ക് ഇറങ്ങുവാനോ അകത്തേക്ക് കയറാനോ കഴിയാത്ത അവസ്ഥ..കവാടത്തിൽ മീശ പിരിച്ച് നില്ക്കുന്ന കാവല്ക്കാരൻ,വല്ലാതെ പ്രകോപിതനായിരുന്നു..ഈ ആതുരാലയം തന്റെ മാത്രം സംരക്ഷണയിലാണെന്നുള്ള ഗർവ്വിൽ അയ്യാൾ വിരിഞ്ഞ് നിന്നു...!!
പ്രധാന കവാടത്തിനു പുറത്ത് പടർന്ന് പന്തലിച്ച മരങ്ങളിൽ കൂടണയുന്ന പക്ഷികളുടെ ബഹളവും,നിരത്തിലെ യാത്രക്കാരുടെ തിക്കും തിരക്കും സുദർശൻ അറിഞ്ഞില്ല..
‘മോന് എന്തെങ്കിലും ആവശ്യം വന്നാൽ കൂടെ ആരുമില്ലല്ലോ’.....എങ്കിലും രമണീ കൂടെയുണ്ടായിരുന്നെങ്ങിൽ എന്ന് അയാൾ ആഗ്രഹിച്ചില്ല..!

സുമേഷിന് നാല് വയസ്സുള്ളപ്പോഴാണ്,തന്നിൽ സ്വഭാവദൂഷ്യം ആരോപിച്ച അവളെ പടിയിറക്കിയത്.. കഴിഞ്ഞ പത്തു വർഷവും രമണിയെക്കുറിച്ച് അയാൾക്ക് നൊമ്പരമുണ്ടായിട്ടില്ല...മോൻ കൂടെയില്ലാത്തൊരു യാത്രയിലെ അപകടത്തിൽ അമ്മ മരിച്ചു എന്ന കള്ളം ഇന്നലെവരേയും സുമേഷ് വിശ്വസിച്ചിരുന്നു..! വ്യക്തമായി പറഞ്ഞാൽ,മാനസികരോഗാശുപത്രിയിൽ നിന്നും തിരികെ കൂട്ടാൻ ആളില്ലാതെ,ആശയറ്റവരുടെ കഥ കഴിഞ്ഞ ദിവസം ടി വിയിൽ കാണൂന്നതുവരെ...!! നെഞ്ചിൽ നുരയുന്ന സ്നേഹവുമായി,വർഷങ്ങളായി, ഓർമ്മത്തമ്പുരു പൊട്ടിയവർക്കിടയിൽ രമണി കാത്തിരിക്കുന്ന ചിത്രം കാണുന്നതുവരെ...!!!

സുദർശൻ വല്ലാതെ വിയർക്കുന്നുണ്ടായിരുന്നു...സംശയത്തിന്റെ വേരുകൾ വിശ്വാസത്തിൽ ആഴ്ന്നിറങ്ങി,ഇലക്ട്രിക് ഷോക്കിന്റെ വിറയലിലേക്കും മരവിപ്പിലേക്കും അവളെ തള്ളിവിടുമ്പോൾ ഉണ്ടായതിനേക്കാൾ ഭയം അയാളിൽ കൂട് വച്ചു...!
“എവിടെ നോക്കിയാടോ നടക്കണത്?..വീട്ടിൽ പറഞ്ഞിട്ടാണോ വന്നത്?”..മുൻപിൽ ചവിട്ടി നിർത്തിയ ഓട്ടോക്കാരന്റെ രോഷം അടങ്ങിയില്ല..“നോക്കും വാക്കുമില്ലാതെ ഓരോന്നു കുറ്റീം പറിച്ച് പോന്നോളും.”!
തെരുവ് കച്ചവടക്കാരും,അവർക്കിടയിലൂടെ ഊളിയിട്ട് നീങ്ങുന്ന ഓട്ടോകളും ആനവണ്ടിയും മറ്റും കൈയ്യേറിയ പാത മുറിച്ച് കടക്കുക ദുഷ്ക്കരമായിരുന്നു...
ചിന്തയുടെ കടന്നലുകൾ ചുറ്റിലും മൂളിപ്പറന്നു..ഇരമ്പൽ തനിക്കുമേൽ കൊടുംവേദനയായി...ചുറ്റിലും ഇരുട്ട് മൂടി...വേദന ഇരുട്ടിൽ ലയിച്ച് ഇല്ലാതായത് അയാൾക്ക് അറിയാൻ കഴിഞ്ഞില്ല...!!!

(കേരള കൗമുദി ആഴ്ച്ചപ്പതിപ്പിൽ പ്രസിധീകരിച്ച കഥ)
---------ഉണ്ണി മടവൂർ---------------------------------------------

1 അഭിപ്രായം:

  1. കഥവായിച്ച് വളരെ മനോഹരമായിരിക്കുന്നു. നല്ല ഒഴുക്കുള്ള കഥ പറച്ചിൽ ആശംസകൾ

    മറുപടിഇല്ലാതാക്കൂ