2017 ഡിസംബർ 29, വെള്ളിയാഴ്‌ച

ഒരു സൂഫിക്കഥ

വെറുതേയിരുന്നപ്പോൾ ഒരു സൂഫിക്കഥ ഓർത്തുപോയി.. പറയട്ടെ..

ഒരിക്കൽ, ഒരിടത്ത്‌ ഒരു യുവാവ്‌ തന്റെ സംശയങ്ങൾക്കുള്ള ഉത്തരം നൽകാൻ കഴിവുള്ള സമർത്ഥനായ ഒരു ഗുരുവിനെ തേടുകയായിരുന്നു.. അയ്യാൾ ഗ്രാമങ്ങളിൽനിന്നും ഗ്രാമങ്ങളിലേക്കു യാത്രചെയ്യുന്നതിനിടയിൽ, ഒരു ഗ്രാമത്തിൽ വച്ച്‌ വൃദ്ധനായ ഒരു യാത്രികനെ കണ്ടു.. ആ മനുഷ്യനോട്‌ തന്റെ യാത്രയേക്കുറിച്ച്‌ പറഞ്ഞു.. "ഒരു ഗ്രാമത്തിൽ, ഒരു മരച്ചോട്ടിൽ വച്ച്‌ അയ്യാൾ ഗുരുവിനെ കണ്ടെത്തും" എന്ന് വിശ്വസിക്കുന്നതായും  യുവാവ്‌ പറഞ്ഞു.. ലോകം മുഴുവൻ യാത്ര ചെയ്ത വൃദ്ധനു 'അങ്ങനെ ആരെയെങ്കിലും അറിയുമോ' എന്നും ആരാഞ്ഞു.. വൃദ്ധൻ, ലോകത്തിന്റെ പല ഭാഗങ്ങളിലെ ചില വിലാസങ്ങൾ അയ്യാൾക്ക്‌ നൽകി, യാത്രയാക്കി..
വൃദ്ധൻ നൽകിയ വിലാസവുമായി, ലോകം മുഴുവൻ ആ യുവാവ്‌ യാത്ര ചെയ്തു.. മുപ്പതുവർഷങ്ങൾ അലഞ്ഞിട്ടും ആരെയും കണ്ടെത്താനാവാതെ അയ്യാൾ ഏറെ ക്ഷീണിതനായി തിരികെ വന്നു.. ഇപ്പോൾ അയ്യാൾ വാർദ്ധക്ക്യത്തിലേക്ക്‌ കടക്കാൻ തുടങ്ങിയിരുന്നു..
മടക്കയാത്രയിൽ അയ്യാൾ വീണ്ടും ആ ഗ്രമത്തിലെത്തി.. വർഷങ്ങൾക്കുമുൻപ്‌ വിലാസം നൽകി യാത്രയയച്ച വൃദ്ധനെ കണ്ട സ്ഥലത്ത്‌, ഒരു മരച്ചുവട്ടിൽ വളരെ വയസ്സായ ഒരു മനുഷ്യൻ ഇരിക്കുന്നു.. വളരെ ആഹ്ലാദത്തോടെ അയ്യാൾ ആ മരച്ചുവട്ടിലേക്ക്‌ ഓടിവന്നു.. മരച്ചുവട്ടിൽ, പണ്ടു തനിക്ക്‌ വഴി പറഞ്ഞുതന്ന അതേ മനുഷ്യൻ..! കുറേക്കൂടി വയസായിട്ടുണ്ട്‌..

"..ഞാൻ തേടിക്കൊണ്ടിരുന്ന ഗുരു അങ്ങാണു എന്ന് എന്തുകൊണ്ട്‌ എന്നോട്‌ അന്ന് പറഞ്ഞില്ല.. എങ്കിൽ ഞാൻ ഇത്രയും അലയണമായിരുന്നോ..?"

"..അന്ന് അത്‌ ഉൾക്കൊള്ളാനുള്ള  പക്വത നിനക്കില്ലായിരുന്നു.. നിനക്ക്‌ എന്നെ കാണാനോ അറിയാനോ കഴിയുമായിരുന്നില്ല.. നീ അന്ധനായിരുന്നു.. നീ എന്നിലേക്കെത്താൻ  ഒരുപാട്‌ യാത്രചെയ്യേണ്ടതുണ്ട്‌ എന്നറിഞ്ഞതുകൊണ്ടാണു, ഇല്ലാത്ത വിലാസങ്ങൾ നൽകി നിന്നെ യാത്ര ചെയ്യിപ്പിച്ചത്‌.. ഒരുനാൾ, തുറന്നു പിടിച്ച കണ്ണുകളും മനസ്സുമായി നീ വരുമെന്ന് എനിക്ക്‌ അറിയാമായിരുന്നു.. നീ യാത്രയായപ്പോൾ മുതൽ, നീ തിരികെ വരുന്നതും കാത്ത്‌, മറ്റ്‌ എങ്ങും പോകാതെ കഴിഞ്ഞ മുപ്പതുവർഷങ്ങളായി ഞാൻ ഈ മരച്ചുവട്ടിൽ തന്നെയുണ്ട്‌.. അന്ന് എന്നെ മാത്രമല്ല, ഈ മരത്തെപ്പോലും നിനക്ക്‌ കാണാൻ കഴിയുമായിരുന്നില്ല..!!"

Yes...അന്നും എന്നും ആ മരവും ആ ഗുരുവും അവിടെത്തന്നെയുണ്ട്‌.. "കാഴ്ച്ച" വേണം എന്നു മാത്രം..!
ഈ കഥ എന്തിനു ഇപ്പോൾ ഓർത്തു എന്ന് ചോദിച്ചാൽ,  എനിക്കും അറിയില്ല.. കാരണം എനിക്കും കാഴ്ച്ചയും ഓർമ്മയുമൊന്നുമില്ല..!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ