ഇന്ന് ഞാൻ ലുലുവിൽ പോയത് ചില അത്യാവശ്യസാധങ്ങൾക്കൊപ്പം കപ്പപ്പഴം കൂടി വാങ്ങാനായിരുന്നു.. ആ ചൊവപ്പുള്ള വാഴപ്പഴത്തെ, ഞങ്ങൾ, മടവൂരുകാർ കപ്പപ്പഴം എന്നാ പറയുന്നേ.. ഇനി നിങ്ങളുടെ നാട്ടിൽ എന്നതായാലും അങ്ങനെയാവട്ടെ.. എന്താന്നറിയില്ല.. ഇന്നലെ വീണ്ടും, ഒരു മയിൽപ്പീലിയും പുതുവത്സരാശംസാകാർഡും പിന്നെ ഒരു വലിയ പൊതി കപ്പപ്പഴവും ഓർമ്മയിൽ വന്നു..
ഡിഗ്രി രണ്ടാം വർഷമായപ്പോൾ, ഡിസംബർ മാസത്തിൽ മഞ്ഞപ്പിത്തം പിടിപെട്ട് ഒരു മാസത്തോളം വീട്ടിൽ കിടപ്പായിരുന്നു.. കൂടെ പഠിക്കുന്ന സ്നേഹിതർ ആൺ -പെൺ വ്യത്യാസമില്ലാതെ വീട്ടിൽ വന്നുപോയി.. അമ്മ അവർക്കൊക്കെ ഭക്ഷണമുണ്ടാക്കികൊടുത്തും, അച്ഛൻ അവരെയൊക്കെ തിരികെ ബസ് കയറ്റിവിട്ടും.. അങ്ങനെയങ്ങനെ..! അതിനിടയിൽ ഒരു ദിവസം രണ്ടു പെൺകുട്ടികൾ മാത്രം വീട്ടിൽ വന്നു.. ആറ്റിങ്ങൽ നിന്നും മടവൂരിലേക്ക് കുറച്ച് ദൂരമുണ്ട്.. എനിക്കും അവർക്കും ഒരുപോലെ നെഞ്ചിടിപ്പു കൂടി.. അച്ഛൻ വീട്ടിൽ ഇല്ലായിരുന്ന സമയം.. അതിൽ ഒരാൾ അമ്മയോട് സംസാരിച്ചുകൊണ്ട് അടുക്കളയിൽ.. മറ്റേ ആൾ, മൗനം പേറികൊണ്ട്, ഈറൻ കണ്ണുകളുമായി എന്നരികിൽ..!!
"മഞ്ഞപ്പിത്തം കുറയാൻ കപ്പപ്പഴം നല്ലതാണെന്ന്" പറഞ്ഞ്, അവൾ ഒരു വലിയ പൊതി എന്റെ തലയ്ക്കലെ മേശമേൽ വച്ചു.. പിന്നെ "ഇതെന്റെ ഹൃദയമാണെന്ന്" പറഞ്ഞു ഒരു കവറും തന്നു..! അമ്പരന്നു നിന്നുപോയ എനിക്ക് ശ്വാസം തിരികെ കിട്ടിയത്, അമ്മ ആ കുട്ടിയെ ആഹാരം കഴിക്കാൻ വിളിച്ചപ്പോഴാണു.. സത്യത്തിൽ "ഇത് ഇത്രയ്ക്കും കടുക്കുമെന്ന്" ഞാനും കരുതിയില്ല..
ഈ സംഭവത്തിനും ഒരുവർഷം മുൻപ്, ഒരു ദിവസം രാവിലെ ക്ലാസിലേക്ക് ഞാനും കൂട്ടുകാരും നടന്നുപോകുമ്പോൾ, എതിരേ വന്ന പ്രിഡിഗ്രി പെൺകുട്ടികളിൽ ഒരാൾ എന്നെ നോക്കിയതും, ഞാൻ കണ്ണിറുക്കി കാണിച്ചതും, പിന്നീട് വഴിയിൽ കണ്ടപ്പോൾ "കണ്ണിനു അസുഖമുണ്ടെങ്കിൽ ഡോക്റ്ററെ കാണണ"മെന്നു പറഞ്ഞു ആ കുട്ടിയും കൂട്ടുകാരും കടന്നുപോയതും, പിന്നീട് ആ കുട്ടി കടന്നുപോകുമ്പോഴെല്ലാം "ഉണ്ണീ നിന്റെ കണ്ണു പോകുന്നു" എന്ന് കൂട്ടുകാർ പറയാൻ തുടങ്ങിയതും, പിന്നീട് ഡിഗ്രിയ്ക്ക് ഇംഗ്ലീഷ് സാഹിത്യം തന്നെ മെയിൻ ആക്കി ആ കുട്ടി അവിടേക്കുതന്നെ പഠിക്കാൻ വന്നതും എല്ലാം ഒരു നിമിഷം മനസ്സിലൂടെ മിന്നിമറഞ്ഞു..!
'കളി കാര്യമായെന്ന് എന്നെ ഓർമ്മിപ്പിച്ച' ആ കപ്പപ്പഴം മറ്റാർക്കും കൊടുക്കാതെ ഞാൻ തന്നെ കഴിച്ചു എന്നത് ചരിത്രം.. എന്തിനേറേ.. പിന്നീട് ആ മയിപ്പീലിയിതളുകൾ ഞാനും പുസ്തകത്താളിൽ വച്ചു.. ആകാശം കാണിക്കാതെ..!!
ഡിഗ്രി ഇംഗ്ലീഷ് ബാച്ചിന്റെ സെന്റ് ഓഫ് ദിവസം.. ആ കുട്ടിയുടെ കൂട്ടുകാരി അറിയിച്ചതനുസരിച്ച്, ഞാൻ ഒരു ക്ലാസ്സ് റൂമിൽ കാത്തിരുന്നു.. എനിക്ക് അഭിമുഖമായി അവൾ വന്നിരുന്നു.. നിശബ്ദത കുടിച്ച് മടുത്തപ്പോൾ, എന്നോട് ഒരു ചോദ്യം..
"എന്ത് തീരുമാനിച്ചു? ഞാൻ എന്തുവേണം?"
Silence.. then,
"..ഇനി എനിക്ക് എക്സാം.. അതുകഴിഞ്ഞ് എം എ ക്ക് പോകണം.. ജേർണലിസം പഠിക്കണംന്നുണ്ട്.."
"അതേ.. എനിക്ക് ധൃതിയില്ല.. ചേച്ചിയുടെ കല്ല്യാണം കഴിഞ്ഞു.. ഒരു മോനുണ്ട്.. പിന്നെ ഒരു ചേട്ടനും ഞാനും.." ഒരു മൗനത്തിനു ശേഷം അവൾ തുടർന്നു, ".. ഞാൻ കാത്തിരിക്കാം... എങ്കിലും എത്ര നാൾ?"
ഞാൻ ഒരുപാട് ചിന്തിച്ചു.. എം എ യും, പിന്നെ ജേർണലിസവുമൊക്കെ പഠിച്ച് ഒരു ജോലികിട്ടാൻ ഇനിയും അഞ്ചുവർഷം മിനിമം വേണം..
"...ഉം.. ഫൈവ് ഈയേർസ്സ്.."
"..യാ.. ഫൈവ് ഈയേർസ്സ്.. അതിനിടയിൽ ഞാനും ഒരു ജോലി കണ്ടെത്താം.." അവൾ ഒരു നിശ്വാസത്തോടെ പറഞ്ഞു..
പിന്നീട് ഈ പറഞ്ഞതൊക്കെ പഠിക്കുന്നതിനിടയിൽ പാരലൽ കോളജിലേക്കും.. അഞ്ചുവർഷങ്ങൾക്കിടയിൽ എന്റെ ജീവിതം ഒരുപാട് മാറി.
അഞ്ചു വർഷങ്ങൾ കഴിഞ്ഞു.. ഒരു വൈകുന്നേരം രണ്ട് സ്നേഹിതർ വീട്ടിൽ വന്നു.. അവർ ഈ കഥകൾക്കൊപ്പം നിന്നവരായിരുന്നു.. കൂട്ടത്തിൽ, സി ആർ പിയിൽ നിന്നും ലീവിനുവന്ന സ്നേഹിതൻ ഒരു 'ഓൾഡ് മൊങ്ക് 'റമ്മുമായി എത്തി.. അവർ മൂവരും എന്നെ, തൊടിയിലെ തോട്ടുവക്കിലെ തെങ്ങിൻത്തോപ്പിൽ കൊണ്ടുപോയി..
"...നിനക്ക് അവളെ വിധിച്ചിട്ടില്ലെടാ.. നീ ഇതൊന്ന് പിടിപ്പിച്ചേ.. അവൾ പോയെങ്കിൽ വേറെ ആളുവരും.." ഒരു പെഗ് റം നീട്ടിക്കൊണ്ട് സി ആർ പി പറഞ്ഞു..
but എനിക്ക് ഒന്നും മനസ്സിലായില്ല..
"നിങ്ങൾ ആരുടെ കാര്യമാ പറയുന്നത്..?"
"..ഡാ.. നാളെ നിന്റെ കണ്ണിന്റെ കല്യാണമാ.. ഒരു ഗൾഫുകാരൻ..!"
ഒരു തുള്ളി വെള്ളം തൊടാതെ റം ഒറ്റവലിക്കു മോന്തുന്നതിനിടയിൽ, ഒരു ഞെട്ടലോടെ ഞാൻ ഓർത്തു.. അവൾ പറഞ്ഞ വാക്കു പാലിച്ചു.. അഞ്ചുവർഷം കാത്തിരുന്നു..!
ഞാനോ...?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ