പ്രണയത്തിന്റെ പാഥേയം..നോവിന്റേയും..
വെള്ളിത്തിരയിലെ മായാജാലങ്ങൾ എപ്പോഴും നമ്മുടെ മനസ്സിലും ഒരു തിരയിളക്കം ഉണ്ടാക്കാറുണ്ട്..കലാമൂല്യവും കച്ചവട സാധ്യതയും ഒരുപോലെ നിലനിർത്തേണ്ടത് സിനിമയുടെ നിലനില്പ്പിനു അനിവാര്യമാണ്..ലൂമിയർ സഹോദരന്മാർ തുടക്കം കുറിച്ച ചലച്ചിത്രസങ്കല്പ്പം,സാങ്കേതികതയുടെ പല മാറ്റങ്ങൾക്കും പാത്രീഭവിച്ച്,പുതിയ കാഴ്ച്ചകളും സമീപനങ്ങളുമായി നമ്മെ വിസ്മയിപ്പിച്ചുകൊണ്ടേയിരിക്കും..
ആധുനിക സാങ്കേതികവിദ്യകളും ചിത്രീകരണരീതികളൂം സിനിമാ നിർമ്മാണം കൂടുതൽ ജനകീയമാക്കി. ചലച്ചിത്രഭാഷയിലും വ്യാകരണത്തിലുമെല്ലാം മാറ്റങ്ങൾ വന്നു. ഒപ്പം സിനിമാപ്രവർത്തകരുടേയും സിനിമാ ആസ്വാദകരുടേയും അഭിരുചികളും മാറി.ജീവിതത്തിലുണ്ടായ താളവ്യത്യാസങ്ങൾ കലയിലും എഴുത്തിലുമെല്ലാം പ്രകടമായിത്തുടങ്ങി.. ഈ മാറ്റങ്ങളെയെല്ലാം ‘നവ തലമുറ’ അഥവാ ന്യൂ ജെനറേഷൻ എന്ന ഓമനപ്പേരിട്ട് വിളിക്കാനും തുടങ്ങി....പലരും ഇത്തരം മലവെള്ളപ്പാച്ചിലിനുമുൻപിൽ പകച്ചു നിന്നു...മറ്റു ചിലർ മാറി നിന്നു..ഇനിയും ചിലർ പുതിയ പരീക്ഷണങ്ങളും സ്വപനങ്ങളുമായി കടന്നുവന്നു.. ചലച്ചിത്രകാരന്റെ സ്വപ്നസഞ്ചാരപാതയിലൂടെ , കാഴ്ച്ചപ്പാടുകളിലൂടെ, ആസ്വാദനത്തിന്റെ പുതിയ മേച്ചില്പുറങ്ങളിലൂടെ നവ്യാനുഭവങ്ങളും തേടി കാഴ്ച്ചക്കാരനും സഞ്ചരിക്കുന്നു...കുഴലൂത്തുകാരനെ അനുഗമിച്ച കുട്ടികളെപ്പോലെ..അത്തരമൊരു ചലച്ചിത്ര അനുഭവമാണ് റിതേഷ് ബത്രയുടെ ‘ലഞ്ച് ബോക്സ്’ എന്ന സിനിമ സമ്മാനിക്കുന്നത്..
മുംബൈയിലെ ഒരു സാധാരണക്കാരനായ സംവിധായകന്റെ ആദ്യ ഫീച്ചർ ഫിലിം സംരംഭം കൂടിയാണ് ‘ലഞ്ച് ബോക്സ്’.. കമിതാക്കൾക്കിടയിൽ സന്ദേശവാഹകരായി മാറിയ മേഘത്തേയും,അരയന്നത്തേയും,പ്രാവിനേയും,എന്തിനേറെ, അഞ്ചലോട്ടം മുതൽ വാട്സ് അപ്പും സോഷ്യൽ മീഡിയയേയും എല്ലാം നമ്മുക്ക് പരിചിതമാണ്.. എന്നാൽ ഇവിടെ മുംബൈ നഗരത്തിലെ തിരക്കിൽ മുങ്ങിയും പൊങ്ങിയും, ഉച്ചഭക്ഷണം എത്തേണ്ട കൈകളിൽ എത്തിക്കുന്ന, “ഡബ്ബ വാലാസിന്റെ” കൈപ്പിഴ തീർക്കുന്ന പ്രണയമാണ് ഇതിവൃത്തം. കുഞ്ഞിനെ സ്കൂളിലേക്കൂള്ള റിക്ഷാക്കാരന്റെ പക്കലേക്ക് അയച്ചശേഷം,രാവിലെ തന്നെ ഓഫീസിലേക്ക് പോയ ഭർത്താവിനു ഉച്ചഭക്ഷണം തയ്യാറാക്കുന്ന സാധാരണ വീട്ടാമ്മയായ ഇലയുടെ (നിമ്രാത് കൗർ) പാചക പരീക്ഷണങ്ങളിലൂടെ സിനിമ കാഴ്ച്ചക്കാരനിലേക്ക് ഒഴുകി ഇറങ്ങാൻ തുടങ്ങുന്നു..തന്റെ പാചകമുല്പ്പടെ,എല്ലാ ആശങ്കകൾക്കും മറുപടി നല്കുന്ന, സഹായിക്കുന്ന ‘ശബ്ദസാനിധ്യമായ’ മിസ്സിസ് ദേശ്പാൻഡെ ആന്റി ഒപ്പം കൂടുന്നു...തുടർന്നു, ഡബ്ബാവാലാ ലഞ്ച് ബോക്സ് കൈപ്പറ്റി,സൈക്കിളിലും,തിരക്കുള്ള ട്രെയിനുമെല്ലാം സഞ്ചരിച്ച്,ഒടുവിൽ സാജൻ ഫെർനാന്റസിന്റെ (ഇർഫാൻ ഖാൻ) കൈകളിലെത്തി,അദ്ദേഹം അതു രുചിച്ചുനോക്കി കഴിക്കുന്നു...പോയ വഴികളിലൂടെ സഞ്ചരിച്ച്,ലഞ്ച് ബോക്സ് തിരികെയെത്തുമ്പോൾ അതു പരിശോധിക്കുന്ന ഇല സന്തോഷവതിയാവുന്നു..ഭർത്താവ് ഭക്ഷണം മുഴുവനും കഴിച്ചതിന്റെ സന്തോഷം ‘ആന്റിയോട്’ പങ്കിടുന്നു...വൈകീട്ട് വീടണയുന്ന ഭർത്താവിന് ഇല വാതിൽ തുറക്കുന്നു...വീട്ടിലേക്ക് കടന്നുവരുന്ന സാജനെ പ്രതീക്ഷിക്കുന്നവർക്ക് തെറ്റുന്നു..ഇലയുടെ ഭർത്താവായ രാജീവായി നകുൽ വായിദ് രംഗപ്രവേഷം ചെയ്യുന്നു.. തുടർന്നു,തന്റെ പാചകത്തെക്കുറിച്ചുള്ള അഭിപ്രായം ആരായുമ്പോൾ,തിരക്കിനിടയിൽ, ‘കോളി ഫ്ളവർ’കൊണ്ടുള്ള കറി നന്നായിരുന്നു എന്ന് മറുപടി..താൻ കൊടുത്തുവിട്ട ലഞ്ച് ബോക്സിൽ ഇങ്ങനെയൊരു കറിയില്ലായിരുന്നുവെന്നും,അതു മറ്റാരോ ആണ് കഴിച്ചതെന്നും ഇലയ്ക്ക് മനസ്സിലാവുന്നുണ്ടെങ്ങിലും,അവൾ അതു രാജീവിനോടു പറയുന്നില്ല.. അതുതന്നെയാണ് ഈ സിനിമയുടെ ‘റ്റ്വിസ്റ്റും’ വിജയവും..!!
പിറ്റേ ദിവസം കൊടുത്തുവിടുന്ന ലഞ്ച് ബോക്സിൽ,തന്റെ ഭർത്താവിനു കൊടുത്തുവിട്ട ഭക്ഷണം മാറിപോയതാണെന്നും,അദ്ദേഹത്തിനു ഇഷ്ടമുള്ള കറികളാണ് അതിലുള്ളതെന്നും ഒരു കുറിമാനം കൂടി വയ്ക്കുന്നു...മറുപടിയായി ഭക്ഷണത്തിന്റെ രുചിയെക്കുറിച്ചുള്ള വിവരണവും..ഈ കുറിമാനങ്ങൾ പതുക്കെ വ്യക്തി വിശേഷങ്ങളിലേക്കും,അതിലൂടെ സുഖമുള്ളൊരു നോവിലേക്കും വളരുന്നു.. ഭാര്യമരിച്ച ദു:ഖം പേറുന്ന സാജൻ പുകവലി ഉപേക്ഷിക്കുന്നു...ഇതിനിടയിൽ,സോക്സിലെ മണൽത്തരിപോലെ കടന്നു വരുന്ന ‘ഷെയിക്ക്’ ( നവാസുദ്ദീൻ സിദ്ദിക്കി) തെല്ലൊരു ശല്ല്യമായി തോന്നുന്നുവെങ്കിലും,അയാൾ ഉള്ളിൽ ഒളിപ്പിച്ചിരുന്ന വേദനയും,ആ വേദനയിലും ചിരിക്കാനുള്ള അയാളുടെ നിഷ്ക്കളങ്കതയും കാഴ്ച്ചക്കാരിലും ഒരു വേദന ബാക്കിയാക്കുന്നു.. ഭർത്താവിന്റെ,രാജീവിന്റെ, രഹസ്യബന്ധം ഇല ‘ മണത്തറിയുന്നു’ (അദേഹത്തിന്റെ ഉടുപ്പ് മണപ്പിക്കുന്നതിലൂടെ !!)
തമ്മിൽ കാണേണ്ട സമയമായെന്നു അറിയിക്കുന്ന ഇല ഒരു കോഫീഷോപ്പിൽ സാജനേയും കാത്തിരിക്കുന്നു..എന്നാൽ അവിടെയെത്തിയ സാജൻ,അവൾ യുവതിയാണെന്നും,താനൊരു മധ്യവയസ്ക്കനാണെന്നറിയുമ്പോൾ അവൾ എങ്ങനെ പ്രതികരിക്കുമെന്നും അറിയാതെ,അവളറിയാതെ അവളെ കണ്ടു മടങ്ങിയെന്നു ഇലയെ അറിയിക്കുമ്പോൾ അയ്യാളോട് ഒരു ആദരവു തോന്നിപ്പോവും..ഭൂട്ടാനിലേക്ക് അവൾക്കൊപ്പം പോവാൻ തയ്യാറാവുന്ന സാജൻ ഒടുവിൽ അവളുടെ ഓർമ്മകളുമായി,ഒരിക്കൽ താൻ ഉപേക്ഷിച്ച തീരുമാനത്തിലേക്ക് എത്തുന്നു..എന്നെന്നേക്കുമായി നാസിക്കിലേക്ക് പോവുക...ജോലി രാജിവച്ച്,അയ്യാൾ നാസിക്കിലേക്ക് പോയെന്ന് നമ്മളറിയുന്നത്,ഇല സാജനെ അന്വേഷിച്ച് ഓഫീസിലെത്തുമ്പോൾ,അയ്യാളുടെ സീറ്റിലിരിക്കുന്ന ഷെയിക്കിലൂടെയാണ്...ഇല സാജനെത്തേടി പോയതുപോലെ,യാത്ര വഴിയിൽ ഉപേക്ഷിച്ച് അയാൾ അവളെ തേടി വരുകയാണ്...തന്റെ കൈകളിലേക്ക് എത്തിയ ‘ലഞ്ച് ബോക്സിന്റെ’ ഉറവിടം തേടി,അത് വന്ന വഴികളിലൂടെ ഒരു മടക്കയാത്രയിൽ സിനിമ അവസാനിക്കുകയാണ്.. സിനിമയുടെ പരസ്യത്തിൽ പറയുന്നപോലെ,‘നിങ്ങൾ കണ്ടിട്ടില്ലാത്ത ഒരാളോട് നിങ്ങൾക്ക് പ്രണയത്തിലാവാൻ പറ്റുമോ’ എന്ന ചോദ്യം അസ്ഥാനത്താക്കിക്കൊണ്ടാണ് സിനിമ അവസാനിക്കുന്നത്...ഒപ്പം ഒരു നോവും...കാണും..കാണാതിരിക്കില്ല എന്ന പ്രത്യാശയും..!!
ദിവസേന ലഞ്ച് ബോക്സുകൾ കൊണ്ടുപോവുന്ന കാഴ്ച്ചയും,അവ ഓഫീസിൽ ഓരോരുത്തരുടേയും ഇരിപ്പിടങ്ങളിൽ എത്തിക്കുന്ന അവസരങ്ങളും, ഉച്ചഭക്ഷണം കഴിക്കുന്നതിന്റെ ആവർത്തിച്ചുള്ള ദൃശ്യങ്ങളും കാഴ്ച്ചക്കാരനിൽ ആവർത്തനവിരസത ഉണ്ടാക്കുന്നില്ല..ഓരോ തവണ സാജൻ ഭക്ഷണപാത്രം തുറക്കുമ്പോഴും,കാഴ്ച്ചക്കാരും അയ്യാളോടൊപ്പം പാത്രത്തിലേക്ക് നോക്കുന്നു...!! കാത്തിരിപ്പിന്റെ ‘സുഖവും’ ആകാംഷയും നിലനിർത്താൻ സംവിധായകനു കഴിഞ്ഞു എന്നത് ഈ ചിത്രത്തിന്റെ ആസ്വാദ്യത വർദ്ധിപ്പിക്കുന്നു..
2013 മേയിൽ,കാൻ ഫെസ്റ്റിവല്ലിൽ ‘ക്രിട്ടിക്സ് അവാർഡ് ഉൾപ്പടെ,നിരവധി അന്താരാഷ്ട്ര പ്രശംസകൾ പിടിച്ചുപറ്റിയ ‘ലഞ്ച് ബോക്സ്’ എൻ.എഫ്.ഡി.സിക്കൊപ്പം,ജെർമനി,ഫ്രാൻസ്,അമേരിക്ക എന്നിവിടങ്ങളിലെ നിർമാണ കമ്പനികളുടെ സഹകരണത്തോടുകൂടിയാണ് നിർമ്മിച്ചിരിക്കുന്നത്...മുംബൈ നഗരത്തിന്റെ തിരക്കും,അതിൽ മുങ്ങിപോവുന്ന ജീവിതങ്ങളേയും ഈ ചിത്രം മനോഹരമായി സാക്ഷ്യപ്പെടുത്തുന്നു...നല്ല സിനിമയ്ക്കായി ,വിശക്കുന്നവനുള്ള പൊതിച്ചോറാണ് ഈ സിനിമ...ഷോർട്ട് ഫിലിംസിലൂടെ ശ്രധേയനായ, റിതേഷ് ബത്ര ഇന്ത്യൻ സിനിമയുടെ പുതിയ മുഖമായി മാറുമെന്ന് പ്രത്യാശിക്കാം..
----ഉണ്ണി മടവൂർ--
2017 ജനുവരി 27, വെള്ളിയാഴ്‌ച
Film Review- , Lunch Box
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ