Mudbound..
സിനിമയ്ക്കായാലും പുസ്തകങ്ങൾക്കായാലും, അനുയോജ്യമായ ഒരു പേരു ഉണ്ടാകുക, ഒപ്പം ആ പേർ ആ സൃഷ്ടിയുടെ ആത്മാവിനെ ഉൾക്കൊള്ളുക.. അതാണു "Mudbound" എന്ന പേരും ചെയ്യുന്നത്..
Mudbound എന്ന ചിത്രത്തേക്കുറിച്ച് പറയുമ്പോൾ, 2018 ലെ ഓസ്കാർ നോമിനേഷനുകളിൽ, നാലു നോമിനേഷനുകൾ കിട്ടി എന്നതിനപ്പുറം, ചരിത്രത്തിൽ ആദ്യമായി ഒരു സ്ത്രീ സിനിമാറ്റോഗ്രാഫർ-Rachel Morrison- ആ ലിസ്റ്റിൽ സ്ഥാനം പിടിച്ചുവെന്നതും, ചിത്രത്തിലെ വളരെ വൈകാരികമായ നിമിഷങ്ങളെ, അതേ തീവ്രതയോടേയും കയ്യടക്കത്തോടേയും അവതരിപ്പിച്ച്, 'ഫ്ലോറൻസ് ജാക്സൻ' എന്ന കഥാപാത്രത്തെ പ്രേക്ഷകമനസ്സുകളിലേക്ക് കുടിയിരുത്തിയ Mary J. Blige എന്ന കറുത്തവർഗ്ഗക്കാരിയായ അഭിനേതാവിനു, മികച്ച സഹനടിയ്ക്കും, ഒപ്പം അവർ പാടിയ മനോഹരമായ "Mighty River..." എന്ന ഗാനത്തിനും നോമിനേഷൻ കീട്ടി എന്നതും എടുത്തുപറയേണ്ടതാണു. കൂടാതെ സംവിധായിക Dee Rees നും Virgil Williams, നും അഡാപ്റ്റഡ് സ്ക്രീൻപ്ലേയ്ക്കുമുള്ള നോമിനേഷനും കിട്ടിയിട്ടുണ്ട്..
ഇതൊരു Netflix സിനിമയാണു. Netflix, ഒരു ഇന്റർനെറ്റ് ചാനൽ എന്നതിനപ്പുറം, ഫീച്ചർഫിലിമിലും ആധിപത്യം ഉറപ്പിക്കുന്നു എന്നതിന്റെ ഉദാഹരണം കൂടിയാണു Mudbound. കഴിഞ്ഞവർഷം മികച്ചനടനുള്ള ഓസ്കാർ നേടിയത് Amazon Videos നിർമ്മിച്ച "Manchester by the Sea" എന്ന ചിത്രത്തിലെ അഭിനയത്തിനു Casey Affleck ആയിരുന്നു. ഒപ്പം ഒറിജിനൽ സ്ക്രീൻപ്ലേക്ക് ഇതേ സിനിമയിലൂടെ Kenneth Lonergan നും. കഴിഞ്ഞതവണ Amazon Videos കുറിച്ചതുപോലൊരു അധ്യായം, ഇത്തവണ Netflix ഉം എഴുതിച്ചേർക്കുമെന്ന്, സിനിമകാണുമ്പോൾ പ്രേക്ഷകനും തോന്നും. Hillary Jordan ന്റെ Mudbound എന്ന നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണു, Dee Rees ന്റെ നാലാമത്തെ ഫീച്ചർ ഫിലിമായ Mudbound.
കറുത്ത വർഗ്ഗക്കാരെ ഇഷ്ടമില്ലാത്ത, വംശവെറിയനായ പാപ്പി മക് അലൻ എന്ന വൃദ്ധൻ (Jonathan Banks as Pappy McAllan), മൂത്ത മകൻ കർഷകനായ ഹെൻറി മക് അലൻ ( Jason Clarke as Henry McAllan), ഇളയ മകൻ ജെമി മക് അലൻ (Garrett Hedlund as Jamie McAllan), പീയാനോ വായിക്കുന്നതിൽ ആനന്ദം കണ്ടെത്തിയിരുന്ന ലോറമക് അലൻ (Carey Mulligan as Laura McAllan)ഹെൻറിയുടെ ഭാര്യ. അവരുടെ രണ്ട് പെൺ കുട്ടികൾ... ഇതാണു ഈ സിനിമയിലെ വെളുത്ത കുടുംബം.
ഹെൻറിയുടെ ഫാമിൽ ജോലിചെയ്യുന്ന ഹാപ് ജാക്സനും (Rob Morgan as Hap Jackson), ഭാര്യ ഫ്ലോറൻസ് ജസ്ക്സനും (Mary J. Blige as Florence Jackson) മൂത്ത മകൻ റോൻസൽ ജാക്സനും (Jason Mitchell as Ronsel Jackson) പിന്നീട് ഒന്നുരണ്ടു കുട്ടികളും ചേരുന്നതാണു ഇതിലെ കറുത്തവർ..
മിസിസ്സിപ്പിയിലെ മാരിയെറ്റയിലെ ഒരു ഗ്രാമത്തിലാണു ഹെൻറിയുടെ കൃഷിയിടം. അവിടെ പാപ്പിയുടെ ശവം മറവുചെയ്യാൻ, ഹെൻറിയും ജെമിയും മഴയത്ത് കുഴിയെടുക്കുന്നതിലൂടെയാണു സിനിമ തുടങ്ങുന്നത്.. തുടർന്ന്, ലോറയുടേയും കുട്ടികളുടേയും അകമ്പടിയോടെ ശവപ്പെട്ടി കൊണ്ടുവരുന്ന സഹോദരന്മാരും, അതുവഴി കുതിരവണ്ടിയിൽ വരുന്ന ഹാപ് ജാക്സനും കുടുംബവും.. ശവം കുഴിയിലേക്ക് വയ്ക്കാൻ സഹായിക്കാനായി ഹാപ്പിനെ ഹെൻറി വിളിക്കുമ്പോൾ, 'വേണ്ടെന്ന്' ലോറ ആംഗ്യം കാണിക്കുന്നതും, ഒപ്പം അവരിൽ ഓരോരുത്തരിലും മിന്നിമായുന്ന ഭയവും, ആശങ്കയും..! ഇവിടുന്ന് മാറുന്ന സിനിമ, അതിന്റെ 'നൂറ്റിയിരുപതാം' മിനിറ്റിൽ ഇവിടെ തിരികെവരുന്നു.. ലോറയുടെ 'സോളിലോക്കി'യിലൂടെയാണു സിനിമ, കഥയുടെ തുടക്കത്തിലേക്ക് പോകുന്നത്.. 'സോളിലോക്കി' എന്ന ആത്മപ്രകാശനരീതി ഈ സിനിമയിൽ ഒരുപാട് ഉപയോഗിച്ചിട്ടുണ്ട്. കഥാപാത്രങ്ങളുടെ മനോവ്യാപാരങ്ങളെ, അവരുടെ നിസ്സഹായവസ്ഥകളെ, അവർ കടന്നുപോകുന്ന ദുരിതപർവ്വങ്ങളെയെല്ലാം, അവരുടെ ചുണ്ടിന്റെ ചലനമില്ലാതെ സോളിലോക്കിയായി- മനോഗതമായി - പറഞ്ഞിരിക്കുന്നു. ഒരു ഡൊക്യുമെന്ററിയുടെ വോയ്സ് ഓവർ പോലെയല്ല. മറിച്ച്, അവരുടെ ചിന്തയുടെ ഓർമ്മയുടെ ഒച്ച അവറിയാതെ പുറത്തുവരുന്നതാണു..
അടിമത്വവും, വിധേയത്വവും വർണ്ണവിവേചനവും, ഒപ്പം 'നിറവ്യത്യാസങ്ങളില്ലാത്ത പെൺമനസ്സുകളും', വർണ്ണവിവേചനത്തെ സ്നേഹം കൊണ്ടു ചെറുക്കുന്ന ചെറുപ്പവുമാണു, ഈ സിനിമയെ മുന്നോട്ട് നയിക്കുന്നത്. ഹെൻറി, മാരിയെറ്റോയിൽ ഒരു വലിയ കൃഷിയിടം വാങ്ങി, അവിടെ ഭാര്യയും രണ്ടുകുട്ടികളുമായി താമസിക്കുന്നു. കൂടെ വംശീയവാദിയായ അച്ഛനും. ഹെൻറിയുടെ സഹോദരൻ ജെമി, അമേരിക്കൻ എയർഫോസിൽ ചേരുന്നു. അവരുടെ ടെനന്റായ ഹാപ്പ് ജാക്സന്റെ മകൻ റോൻസൽ ജാക്സൻ പട്ടാളക്കാരനാവുന്നു. ഹാപ്പ് ജാക്സന്റെ കുടുംബത്തെ ആദ്യമായി കാണിക്കുമ്പോൾതന്നെ, അവരുടെ ഒരുമയും സ്നേഹവും നമ്മുക്ക് മനസ്സിലാവും. റോൻസൽ പട്ടാളത്തിലേക്ക് പോകുന്നസമയത്ത്, എല്ലാവരോടും യാത്രപറയുമ്പോൾ, "എനിക്ക് അവൻ പോകുന്നത് കാണാൻ വയ്യ" എന്ന് പറഞ്ഞ് തിരിഞ്ഞുനിൽക്കുന്ന അമ്മയുടെ കണ്ണീരും വിതുമ്പലും വല്ലാത്തൊരു കാഴ്ച്ചയാണു..
ജെമിയും റോൻസലും രണ്ടാം ലോക മഹായുദ്ധത്തിൽ പങ്കെടുക്കുന്നു. യുദ്ധം അതിന്റെ അവസാനഘട്ടത്തിലാണു. റോൻസൽ ഒരു ജെർമ്മൻ പെൺകുട്ടിയുമായി യുദ്ധത്തിന്റെ ഇടവേളകൾ ചിലവഴിക്കുന്നു. ജെമിയുടേത് മദ്യപിച്ച് കുത്തഴിഞ്ഞ ജീവിതവും. ഒടുവിൽ, അമേരിക്കൻ സഖ്യം യുദ്ധം ജയിക്കുന്നു. ഹിറ്റ്ലർ കൊലചെയ്യപ്പെടുന്നു.. അങ്ങനെ ജെമിയും റോൻസലും നാട്ടിലേക്ക് വരുന്നു. ഇതിനിടയിൽ, റോൻസൽ യുദ്ധത്തിൽ ഏർപ്പെടുമ്പോൾ, നാട്ടിൽ പിതാവായ ഹാപ്പ് ഒരു കെട്ടിടത്തിൽനിന്നും വീണു കാലൊടിയുന്നു. 'എന്നെങ്കിലുമൊരിക്കൽ സ്വന്തമായി ഒരു കൃഷിയിടം ഉണ്ടാവും' എന്ന് സ്വപ്നം കണ്ട ഹാപ്പിനു, ജോലിചെയ്യാൻ കഴിയുന്നില്ല എന്നതുകൊണ്ട്, ഹെൻറി സാമ്പത്തിക സഹായം ചെയ്യുന്നില്ല.. എന്നാൽ, ലോറ ഭർത്താവ് അറിയാതെ പണവും മെഡിക്കൽ സഹായവും നൽകി ഹാപ്പിനേയും ഫ്ലോറൻസിനേയും ആശ്വസിപ്പിക്കുന്നു.. ഈ സിനിമയിലെ സ്ത്രീ കഥാപാത്രങ്ങൾ ഒരേതൂവൽ പക്ഷികളാണു. ഒരേ വേദനയും നൊമ്പരവും പേറുന്നവർ.. ഇയടയ്ക്ക് വന്നുപോകുന്ന മറ്റൊരു സ്ത്രീകഥാപാത്രമുണ്ട്. പൂർണ്ണഗർഭിണിയായ അവളെ മറന്നുകൊണ്ട് മറ്റൊരു സ്ത്രീയോടൊപ്പം കഴിയുന്ന ഭർത്താവിനെ പതിനേഴുതവണ കുത്തി, കൊന്ന ഭാര്യ. ഇങ്ങനെ നിസ്സഹായതയും നിലനിൽപ്പിനായുള്ള ചെറുത്തുനിൽപ്പും, ഈ സിനിമയുടെ ആഴം കൂട്ടുന്നു.
യുദ്ധം ജയിച്ച് തിരികെവരുന്ന ജെമി, PTSD (Post-traumatic stress disorder) മാനസ്സികാവസ്ഥയിലൂടെ കടന്നുപോകുന്നു. ഒപ്പം പിതാവായ പാപ്പിയുടെ വർണ്ണവിവേചനവും, ഒരിക്കൽ ലോറയോട് തോന്നിയ അടുപ്പവുമെല്ലാം അയ്യാളെ മദ്യപനാക്കുന്നു.. ഒപ്പം, ഒരിക്കൽ ഒരു കടയിൽ വച്ച് പാപ്പി അപമാനിച്ച റോൻസലിനെ കൂട്ടുകാരനാക്കുന്നു.. ഇങ്ങനെ ഒഴുകുന്ന കഥയിൽ മാറ്റം വരുത്തുന്നത്, റോൻസലിനു ജർമ്മനിയിൽനിന്നും വരുന്ന കത്താണു. തന്റെ ജർമ്മൻ കൂട്ടുകാരി ഒരു കുട്ടിയ്ക്ക് ജന്മം നൽകി. ഒപ്പം അവരുടെ ഫോട്ടോയും. ഈ ഫോട്ടോ റോൻസൽ ജെമിയുടെ ട്രക്കിൽ മറന്നുവയ്ക്കുകയും, തുടർന്ന് പാപ്പി അത് കാണുകയും, അയ്യാൾ മറ്റ് റേസിസ്റ്റുകളുടെ സഹായത്തോടെ റോൻസലിനെ പിടിച്ചുകെട്ടി മർദ്ദിക്കുകയും ചെയ്യുന്നു.
റോൻസലിനെ രക്ഷിക്കാൻ വരുന്ന ജെമിയേയും മർദ്ദിച്ച് കെട്ടിയിടുന്നു. ഒടുവിൽ, റോൻസലിന്റെ നാവ് മുറിച്ചുമാറ്റുന്നു. അന്ന് രാത്രിയിൽ ജെമി പാപ്പിയെ ശ്വാസം മുട്ടിച്ചു കൊല്ലുന്നു.. അതിന്റെ തലേദിവസം, ഹെൻറി നഗരത്തിൽ പോയ ഇടവേളയിൽ, ലോറയും ജെമിയും 'ഒന്നാകുന്നു'.. ജെമിയാണു പാപ്പിയെ കൊന്നത് എന്ന് അറിയാവുന്ന ലോറ, അത് ഭർത്താവിൽനിന്നും മറച്ചുവയ്ക്കുന്നു എന്നുമാത്രമല്ല, 'അദ്ദേഹം ഉറക്കത്തിൽ മരിച്ചുവെന്ന്' അറിയിക്കുന്നു. തുടർന്നുള്ള ശവദാഹമാണു സിനിമയുടെ തുടക്കത്തിൽ കാണുന്നത്. ഹാപ്പ് ശവസംസ്കാരത്തിനു സഹായിക്കുകയും പ്രാർത്ഥന ചൊല്ലുകയും, തുടർന്ന് മറ്റൊരിടത്തേക്ക് താമസം മാറുകയും ചെയ്യുന്നു.
സിനിമ അവസാനിക്കുമ്പോൾ, നന്നായി ജീവിയ്ക്കുന്ന ഹാപ്പിന്റെ കുടുംബവും, പട്ടാളത്തിലേക്ക് തിരികെപോയ ജെമിയും, ഒപ്പം സംസാരിക്കാൻ കഴിയില്ലെങ്കിലും, തന്റെ ജർമ്മൻ ഭാര്യയേയും മോനേയും സ്നേഹിക്കുന്ന റോൻസലും ആശ്വാസക്കാഴ്ച്ചകളായി മാറുന്നു..
ലീനിയർ ടൈം ലൈനിൽ വിഷ്വൽസ് വരുകയും , അതിനിടയിൽ നൊൻലീനിയർ ടൈംലൈനിൽ ഉണ്ടാകുന്ന സോളിലോക്കിയും കൂടി വല്ലാത്തൊരു മാജിക്കാണു കാണിക്കുന്നത്..
Rachel Morrison ന്റെ ഛായാഗ്രഹണവും, Mako Kamitsuna ന്റെ എഡിറ്റിങ്ങും, ഒപ്പം Tamar-Kali Brown
ന്റെ പശ്ചാത്തലസംഗീതവും മനോഹരം.. കൂടാതെ Mary J. Blige ന്റെ end titles song.. "Mighty River..!"
അതിലെല്ലാമുപരി, പെയ്തൊഴിയാത്ത മനുഷ്യമനസ്സുകളേപ്പോലെ നിറയുന്ന കാർമേഘങ്ങൾ.. ഇടയ്ക്കിടയ്ക്ക് പെയ്യുന്ന മഴ.. അമ്മയ്ക്ക് ചോക്ലേറ്റ് വാങ്ങിക്കൊടുത്ത്, അത് അമ്മതന്നെ കഴിക്കണമെന്ന വശിപിടിച്ച്, അമ്മ അത് ആസ്വദിച്ച് കഴിക്കുന്ന കാഴ്ച്ചമധുരം നുണയുന്ന മോൻ..! അങ്ങനെയങ്ങനെ, ഈ സിനിമ പ്രേക്ഷകമനസ്സിൽ ബാക്കിയാക്കുന്ന കാഴ്ച്ചകൾ ഒരുപാടുണ്ട്..!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ