2018 ഫെബ്രുവരി 11, ഞായറാഴ്‌ച

PadMan- Review

Pad Man

പദ്മശ്രീ അരുണാചലം മുരുകാനന്ദന്റെ ജീവിതത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട്‌, ട്വിങ്കിൽ ഖന്ന എഴുതിയ "The Sanitary Man of Sacred Land"  ( from the book, The Legend of Lakshmi Prasad) എന്ന കഥയുടെ ചലച്ചിത്രാവിഷ്കാരമായിട്ടാണു അക്ഷയ്‌ കുമാർ നായകവേഷം ചെയ്ത "Pad Man" എന്ന ചിത്രം R. Balki,  ഒരുക്കിയിരിക്കുന്നത്‌.. അതുകൊണ്ടുതന്നെ, ഇതിനെ ഒരു 'ബയോപിക്‌' ഗണത്തിൽ പെടുത്തി ചർച്ചചെയ്യപ്പെടേണ്ടിവരുന്നില്ല.. അരുണാചലത്തിന്റെ ജീവിതമല്ല ഈ സിനിമ.. ആ ജീവിതത്തിൽനിന്നും പ്രചോദനം ഉൾക്കൊണ്ടു നിർമ്മിച്ച ചിത്രം..

മധ്യപ്രദേശിലെ ഒരു ഗ്രാമത്തിലാണു കഥയുടെ തുടക്കം. ലക്ഷ്മീകാന്ത്‌ ചൗഹാൻ (Akshay Kumar as Lakshmikant Chauhan), തന്റെ ഭാര്യ (Radhika Apte as Gayatri Chauhan) "മെൻസസ്‌"  സമയത്ത്‌ തുണി ഉപയോഗിക്കുന്നതുകാണുമ്പോൾ, ഭാര്യയുടെ അവസ്ഥ മനസ്സിലാക്കി, അവൾക്ക്‌ ഒരു സഹായം എന്ന രീതിയിലാണു സാനിറ്ററി നാപ്കിനിനേക്കുറിച്ച്‌ അയ്യാൾ ചിന്തിക്കുന്നത്‌.. ഭാര്യയെ ഏറെ സ്നേഹിക്കുന്ന, സഹായിക്കുന്ന ഒരു ഭർത്താവാണു മെക്കാനിക്കായ ലക്ഷ്മി.. ഇതുതന്നെയായിരുന്നു അരുണാചലം മുരുകാനന്ദന്റേയും തുടക്കം എന്നാണു വായിച്ചറിഞ്ഞത്‌.. ഒരു സിനിമയുടെ മസാലാ ചേരുവകൾ ചേർക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും, അത്‌ കഥാഗതിയെ ബാധിച്ചതായി തോന്നിയില്ല.. തീർച്ചയായും, വിദ്യാഭ്യാസമില്ലാത്ത ഒരു സാധാരണക്കാരൻ ചെയ്യുന്ന കാര്യമല്ല മുരുകാനന്ദൻ ചെയ്തത്‌.. അതുകൊണ്ടുതന്നെ, സിനിമയുടെ മേക്കിംഗിന്റെ സാങ്കേതികവശങ്ങളേക്കാളേറെ, ആ ജീവിതവും അത്‌ നൽകുന്ന പ്രചോദനവുമാണു എന്നെ ആകർഷിച്ചത്‌..
അതുപോലെതന്നെ, സിനിമയെ ആകർഷകമാക്കുന്ന മറ്റൊരു ഘടകം പി.സി. ശ്രീറാമിന്റെ ഛായാഗ്രഹണമാണു..  കഥയുടെ ഗതിയും മൂഡുമൊന്നുമറിയാതെ, അനാവശ്യമായി ഡ്രോണും ക്രയിനും ട്രോളിയും എന്നുവേണ്ട, എന്തൊക്കെ ഷൂട്ടിംഗ്‌ ഉപകരണങ്ങളുണ്ടോ, അതൊക്കെ വാരിവലിച്ച്‌ ഉപയോഗിക്കുന്ന പല ന്യൂജെനറേഷൻ സംവിധായകരും ക്യാമാറമാന്മാരും പി സിയിൽ നിന്നും ഒരുപാട്‌ പഠിക്കാനുണ്ട്‌ -സംവിധായകനും പ്രേക്ഷകനുമിടയിൽ ക്യാമറ എങ്ങനെ ഒരു മീഡിയേറ്റർ ആകുന്നുവെന്ന്..!

സിനിമയിൽ, എന്റെ പരിമിതമായ ആസ്വാദനത്തിൽ, രണ്ട്‌ രംഗങ്ങളിൽ കഥയുടെ താളം നിലനിർത്താൻ സംവിധായകനു കഴിയാത്തതായി തോന്നി.
ഒന്ന്, തബലവാദനം കഴിഞ്ഞ്‌, മെൻസസ്‌ ആയ പാരി വാലിയയ്ക്കായി (Sonam Kapoor as Pari Walia) ഒരു സാനിറ്ററി പാഡ്‌ വാങ്ങാൻ, കടകളൊക്കെ അടച്ചുകഴിഞ്ഞ രാത്രിയിൽ അവരുടെ കൂട്ടുകാർ പരക്കം പായുന്നതും, റോഡിൽ കാണുന്ന ലക്ഷ്മിയോട്‌ ഫാർമസിയേക്കുറിച്ച്‌ അന്വേഷിക്കുന്നതും, അവരുടെ പരുങ്ങൽ കാണുമ്പോൾ, "പാഡിനുവേണ്ടിയാണോ" എന്ന് ചോദിച്ചുകൊണ്ട്‌ പോക്കറ്റിൽനിന്നും പാഡ്‌ എടുത്തുകൊടുക്കുന്നതും വളരെ നാടകീയമായി തോന്നി.. ആ രംഗമാണു അയാളുടെ ജീവിതത്തിലെ വഴിത്തിരിവാകുന്നതെങ്കിൽപ്പോലും..!
മറ്റൊന്ന് , യു എന്നിലെ പ്രസംഗം കഴിഞ്ഞ്‌ ഹോട്ടലിൽ എത്തുന്ന ലക്ഷ്മിയെ, പാരി പ്രണയത്തോടെ ആലിംഗനം ചെയ്യാൻ തുടങ്ങുന്ന സമയത്ത്‌, ഭാര്യയുടെ ഫോൺ വരുന്നതും, അവൾ അയ്യാളുടെ കൈവിടുന്നതും.. ഒരുപക്ഷേ, "പക്ഷേ" എന്ന മോഹൻ സിനിമയുടെ "ആ വേദനിപ്പിക്കുന്ന ക്ലൈമാക്സ്‌" ഇപ്പോഴും മനസ്സിൽ ഉള്ളതുകൊണ്ടാവാം, ഈ രംഗം രസിക്കാതെപോയത്‌..

അരുണാചലം മുരുകാനന്ദന്റെ ജീവിതത്തോട്‌ സിനിമ നീതിപുലർത്തിയോ എന്ന് പറയാൻ എനിക്കാവില്ല.. കാരണം ആ ജീവിതത്തെ ആഴത്തിൽ അറിയാൻ കഴിഞ്ഞിട്ടില്ല. എങ്കിലും, ഈ സിനിമ ഒരു വലിയ സന്ദേശം നൽകുന്നു.. ഇന്ത്യയിലെ നൂറുകോടിയിലേറെ മനുഷ്യർ എന്നത്‌, അത്രയും തന്നെ മനസ്സുകളും ആശയങ്ങളുമാണെന്ന്.. ഉന്നത വിദ്യാഭ്യാസമോ സമ്പത്തോ അല്ല ജീവിത വിജയമെന്ന്.. എല്ലാറ്റിനും മുകളിൽ, പരാജയങ്ങളിൽ തളരാതെ മുന്നോട്ട്‌ പോകാനുള്ള മനക്കരുത്താണു ആവശ്യമെന്ന്..!

If possible, try to watch the movie, 'husband and wife' together..!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ