October 10..World Mental Health Day..
ഈ വർഷത്തെ സ്ലോഗൻ Psychological and Mental Health first aid എന്നതാണു.. നാലുപേരിൽ,ഒരാൾക്ക് എന്ന കണക്കിൽ എന്തെങ്കിലും രീതിയിലുള്ള മനസ്സികാരോഗ്യപ്രശ്നം നിലനിൽക്കുന്നുവെന്ന് പഠനങ്ങൾ പറയുമ്പോൾ തന്നെ,ഈ വിഷയത്തിന്റെ ഗൗരവം മനസ്സിലാകുമല്ലോ.. നമ്മുടെ ശരീരഭാഗങ്ങൾക്ക് ഒടിവോ ചതവോ മറ്റ് അസുഖങ്ങളോ വന്നാൽ,അതിനേക്കുറിച്ച് വേണ്ടപ്പെട്ടവരോട് പറയുകയും വേഗം ചികിത്സിക്കുകയും ചെയ്യും..എന്നാൽ മനോരോഗങ്ങളുടെ കാര്യത്തിൽ ഇപ്പോഴും ഒരു "രഹസ്യസ്വഭാവം" നിലനിർത്തുന്നുവെന്നതുകൊണ്ടുതന്നെ,പലരും ചികിത്സിക്കപ്പെടാതെയോ മനസ്സിലാക്കപ്പെടാതെയോ പോകുന്നു..തക്ക സമയത്തുള്ള ചികിത്സ, റിഹാബിലിറ്റേഷൻ, മറ്റ് സൈക്കോത്തെറാപ്പികൾ എന്നിവയിലൂടെ മിക്കവാറും മനോരോഗവും ഒഴിവാക്കി "സാധാരണ ജീവിതം" നയിക്കാനുള്ള അവസരങ്ങളുണ്ടായിട്ടും, പലരും ഇത്തരം അവസ്ഥകളെ പേടിയോടേയും "ഇനിയെല്ലാം അവസാനിച്ചു" എന്ന രീതിയിലുമാണു നോക്കിക്കാണുന്നത്..ഈ അവസ്ഥക്ക് മാറ്റം വരണം..അതിനു,മാനസ്സിക വിഷമങ്ങൾ അനുഭവിക്കുന്നവരെ,അവരുടെ ഭാഗത്തുനിന്ന് മനസ്സിലാക്കാനുള്ള ഒരു മാനസ്സികാവസ്ഥ കൂടെയുള്ളവർക്കുണ്ടാകണം..
ഓരോ മനസ്സികാവസ്ഥയിലും പ്രകടിപ്പിക്കപ്പെടുന്ന സ്വഭാവമനുസരിച്ച്,അത്തരക്കാരെ മനസ്സിലാക്കാനുള്ള സൈക്ക്യാട്രിക്- സൈക്കോളൊജിക്കൽ രീതികൾ വ്യത്യസ്ഥമാണെങ്കിലും, Love and understanding എന്ന മർഗ്ഗങ്ങളിലൂടെ അവരെ സാന്ത്വനിപ്പിക്കാനാവും..
2014 ലെ ലോക മാനസ്സികാരോഗ്യദിനത്തിൽ എഴുതിയ ഒരു കുറിപ്പ് ഇതിനോടൊപ്പം ചേർക്കുന്നു..
...ഇന്ന് ഒക്ടോബർ പത്ത്...ലോക മാനസ്സികാരോഗ്യദിനം..!
മനസ്സിന്റെ ബോധവീണകമ്പിപൊട്ടിയ,ബോധതന്മാത്രകൾ ഗതിമാറി സഞ്ചരിക്കുന്ന അനേകരെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തൽ..ഒരു ചിന്തയുടെ താളംതെറ്റലിനപ്പുറവും ജീവിതം എന്താണെന്നറിയുന്ന, കൂനകൂടുന്ന ഭൗതിക നേട്ടങ്ങളും കീർത്തിയുമെല്ലാം കേവലമാണെന്നുമുള്ള തിരിച്ചറിവ്...!
മോന്റെ ന്യൂറൊ ചികിത്സയുടെ ഭാഗമായിട്ടാണ് ബംഗലൂരുവിലെ നിംഹാൻസിൽ(NIMHANS) എത്തുന്നത്..അവിടുത്തെ പത്ത് ദിനങ്ങളും ഒരു നോവായിത്തന്നെ തുടരുന്നു..വൃത്തിയുള്ള ആശുപത്രി സമുച്ചയം..സാധാരണ സർക്കാർ ആശുപത്രികളിൽ കാണുന്ന പരിമിതികളോ,പരാതികളോ ഇല്ലാത്ത അന്തരീക്ഷം..‘മൈൻഡ്,ബ്രെയിൻ,ന്യൂറൊ ആക്സിസ്’എന്ന രീതിയിൽ ഏഷ്യയിലെതന്നെ ഏറ്റവും വലിയ ആശുപത്രിയും പരിശീലനകേന്ദ്രവും.. രാവിലെ നാലരമണിമുതൽതന്നെ ഓപിയിലേക്കുള്ള സന്ദർശകരുടെ നിര തുടങ്ങും..ഇവിടെ രോഗികളല്ല..സന്ദർശകരാണ്..!എട്ടുമണിമുതൽ മൂന്നുമണിവരെയാണ് സാധാരണ സമയമെങ്കിലും,ഏഴുമണിക്കുമുൻപേ ഡോക്ടന്മാർ എത്താറുണ്ട്.. വൈകുന്നേരം 5-6 മണിവരെ അവരുണ്ടാവും..!! വലിപ്പചെറുപ്പങ്ങൾ ഇല്ലാതെ,എല്ലാവർക്കും തുല്ല്യ പ്രാധാന്യം നല്കി,എല്ലവരേയും ക്ഷമയോടും സ്നേഹത്തോടും കേൾക്കുന്ന ഒരു സംസകാരം..!
വളരെ ചെറിയ കുഞ്ഞുങ്ങൾ മുതൽ,ജീവിതത്തിന്റെ അസ്തമയസൂര്യനെ കാണാൻ തുടങ്ങിയവർവരെയുള്ള,നിരവധി മാനസ്സിക പ്രശ്നങ്ങൾ അലട്ടുന്നവർ..ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും എത്തുന്നവർ..പട്ടിണിക്കോലങ്ങൽ...കണ്ണിന്റെ ഉറവ വറ്റിയവർ..ഒരു ശ്രൂതി മാറ്റം മുതൽ തന്ത്രികൾ തുരുമ്പിച്ചവർ വരെ..ജന്മങ്ങളുടെ പാപം പേറുന്നവർ..മനോരോഗത്തെ പാപമായും ഭാരമായും കാണുന്നവർ...നിശ്വാസമായി മാറുന്ന പിതൃത്വങ്ങൽ..സ്നേഹമായി നെഞ്ഞോട് ചേർക്കുന്ന അമ്മമാർ..!ഇതിനിടയിൽ ബോധവും അബോധവുമൊന്നും തിരിച്ചറിയാത്ത കുറെ ‘നിഷ്കളങ്ക’മനസ്സുകൾ...! മാനസ്സികാരോഗ്യവിഭാഗത്തിലെ ഓപിയുടെ ഇടനാഴിയിലൂടെ നടക്കുമ്പോൾ മനസ്സ് വല്ലാതെ പതറി പോവുന്നു..!ഒരുപാട് വേദനിപ്പിക്കുന്ന കാഴ്ച്ചകൾ..
ഏതാണ്ട് അഞ്ചു വയസ്സുള്ള ആൺകുട്ടി..വടക്കെ ഇൻഡ്യൻ..വല്ലാതെ അലറിവിളിക്കുന്ന കുട്ടിയെ അതിലും ക്രൂരമായി മർദ്ദിച്ച് ശാന്തനാക്കാൻ ശ്രമിക്കുന്ന അച്ഛൻ..ആ അച്ഛനെ തട്ടിമാറ്റി,ആ കുഞ്ഞിനെ നെഞ്ചോട് ചേർത്ത് തുരുതുരെ ഉമ്മവച്ച് ആശ്വസിപ്പിക്കുന്ന അമ്മ..!ബലക്ഷയം വന്ന അസ്ഥികൂടത്തിൽ,ഒരു തൊലിയുടെ ആവരണം മാത്രമുള്ള ആ അമ്മയുടെ വാതസല്യം കണ്ണു നനച്ചു..!അതുപോലെ എത്രയെത്ര നീറ്റലുകൾ...!.അംഗവൈകല്യം ഒപ്പം ബഹളവും ഉള്ള മോനെ,വൃദ്ധയായ അമ്മ ഒറ്റയ്ക്ക് രണ്ടാം നിലയിൽ കൊണ്ടുവരുന്നു..ഞാനും മോനും അവരെ സഹായിച്ചു..മറ്റാരും കൂട്ടിനില്ലേ എന്ന ആരാഞ്ഞപ്പോൾ അവർ കരഞ്ഞില്ല..“ദൈവമുണ്ടല്ലോ..ആ ശക്തി നിങ്ങളായും വരും..”!! ‘നാല്പ്പതുവയസ്സുള്ള’ മകന്റെ ചികിത്സക്കായി,മഹാരാഷ്ട്രയിൽനിന്നും ബംഗലൂരുവിലേക്ക് താമസം മാറിയ ഒരു കുടുംബം..ഇരട്ടകുട്ടികൾ..ഒരാൾ എം.ബി.യെ കഴിഞ്ഞ് ഡൾഹിയിൽ ജോലി..മറ്റെയാൾ മനോരോഗി..അച്ഛൻ ആശുപത്രിയുടെ കാർപാർക്കിങ്ങ് വരെ മാത്രം വരും..അച്ഛനിഷ്ടം ഡെൾഹിയിലെ മോനെ മാത്രം..! “ഞാൻ നൊന്തു പെറ്റതല്ലേ...എനിക്കിവനെ ഉപേക്ഷിക്കാൻ പറ്റുമോ..?” അവരുടെ കണ്ണു നനഞ്ഞു..“എന്റെ കാലം വരെ ഞാൻ നോക്കും..ആരൊക്കെ ഉപേക്ഷിച്ചാലും...! എന്റെ കണ്ണടഞ്ഞാൽ...!” എന്റെ മോൻ എന്റെ കൈയിൽ മുറുകെപിടിച്ചു..അവന്റെ കണ്ണു നിറഞ്ഞിരുന്നു...! എത്രയെത്ര നോവുകൾ..മുറിവുകൾ..നീറ്റലുകൾ..!!
മനോരോഗം ഒരു രോഗമല്ല..ഒരു അവസ്ഥയാണ്..ആർക്കും എപ്പോഴും സംഭവിക്കാവുന്നത്..അതിലേക്ക് എത്തിക്കുന്ന ഒരുപാട് കാരണങ്ങളെ,‘ സൈക്കോളൊജിക്കൽ, ബയോളൊജിക്കൽ,സോഷ്യൽ’ എന്നിങ്ങനെ തരംതിരിച്ച് അപഗ്രഥിക്കാം..പല കാരണങ്ങൾ കണ്ടെത്താം..നിഗമനങ്ങളിൽ എത്താം..!മറ്റു ശാരീരിക രോഗാവസ്ഥകളെല്ലാം കണ്ടെത്താനുള്ള ആധുനിക സാങ്കേതിക വിദ്യകളുണ്ട്..അതിനനുസരിച്ച് മരുന്നും നിർണ്ണയിക്കാം...എന്നാൽ മാനസ്സികാരോഗ്യം ഉപകരണങ്ങൾ ഉപയോഗിച്ച് കണ്ടെത്തി ചികിത്സിക്കാൻ പറ്റുന്നതല്ല..!അവിടെ, അളവുകോലുകൾ പരാചയപ്പെടുന്നു..! അതിനെ അളക്കാൻ മനസ്സെന്ന ഉപകരണത്തിലൂടെ മാത്രമേ സാധിക്കൂ..അതെ,അവരെ മനസ്സിലാക്കാനുള്ള മനസ്സുവേണം..!!പിന്നെ ഔഷധം..! അതും നമ്മളിൽതന്നെയുണ്ട്..ഉപയോഗിക്കണം എന്നു മാത്രം..അളവില്ലാതെ...കലർപ്പില്ലാതെ..!സ്നേഹം..!അത്..അതുമാത്രമാണ് മാസസ്സികാരോഗ്യം നിലനിർത്താനുള്ള ഒരേ ഒരു ഔഷധം...!!
ഗുഡ്
മറുപടിഇല്ലാതാക്കൂശാരീരിക അപാകങ്ങളുടെ ഭാഗമായി കൂടി മനോരോഗങ്ങള് വരാം ഒരുപക്ഷെ അതുകൊണ്ടാണ് ഭൂരിഭാഗം മനോരോഗങ്ങളും സംഭവിക്കുന്നത് എന്നും ശാസ്ത്രലോകത്ത് ഒരു നിരീക്ഷണമുണ്ട്.
മറുപടിഇല്ലാതാക്കൂനല്ല നിരീക്ഷണം.നല്ല പോസ്റ്റ്. മാനസിക ആരോഗ്യത്തെ ബാധിക്കുന്നത് പലപ്പോഴും നമ്മള് അറിയാതെ നമ്മുടെ ശരേരത്തെയും ബാധിക്കുന്നുണ്ട് എന്നതും വലിയ സത്യമാണ്. നമ്മുടെ ചുറ്റുമുള്ളവരെ, പ്രിയപ്പെട്ടവരെ ശരിക്കും , കാണാതെ, അറിയാതെ
മറുപടിഇല്ലാതാക്കൂമനസിലാക്കാതെ ആണ് നമ്മള് പലപ്പോഴും ജീവിതം മുന്നോട്ട് കൊണ്ട് പോകുക. ഒരു കനിവു, ഒരു വാക്ക്, ശ്രദ്ധയോടെ ഉള്ള നിരീക്ഷണം ഒക്കെ കൊണ്ട് പോലും പലരെയും ജീവിതത്തിലെ സന്തോഷത്തിലേക്ക് മടക്കി കൊണ്ടുവരാണ് സാധിക്കുമെന്നത് നമ്മള് തിരിച്ചറിയാതെ പോകുന്നതാണ് വേദന ഉന്ടാക്കുന്നത്
ഗുഡ് പോസ്റ്റ്
മറുപടിഇല്ലാതാക്കൂഗുഡ് പോസ്റ്റ്
മറുപടിഇല്ലാതാക്കൂ