2014 ജനുവരി 26, ഞായറാഴ്‌ച

കുനിയുന്നതലകളും വലയ്ക്കുന്ന വലകളും

    കുനിയുന്ന തലകളും വലയ്ക്കുന്ന വലയും....
       ചാറ്റൽ മഴ പെയ്യുന്ന രാവിൽ,തിരക്കില്ലാത്ത പാതയിലൂടെ കാറോടിച്ചുപോവുമ്പോൾ ഞങ്ങൾ വെറുതെ പലതും സംസാരിച്ചു..ശാസ്ത്രത്തോടും  ശാസ്ത്രവിഷയങ്ങളോടും താത്പര്യമേറെയുള്ളയാളാണ് മോൻ..വിഷയം കണ്ടുപിടുത്തങ്ങളെക്കുറിച്ച് ആയപ്പോൾ അവൻ ഏറെ വാചാലനായി..ബാക്കി മൂന്നാളും-ഭാര്യയും മോളും പിന്നെ ഞാനും,കേൾവിക്കാരും..ആ യാത്രയിൽ അച്ചു പറഞ്ഞ ഒരു വസ്തുത ഏറെ ചിന്തിപ്പിച്ചു.പഴയ തലമുറയിലുള്ളവർ ഒറ്റയ്ക്ക് പഠിയ്ക്കുകയും,അതിലൂടെ പുതിയ കാര്യങ്ങൾ കണ്ടുപിടിക്കുകയും ചെയ്തവരാണ്..അത് കാലത്തിന്റെ ആവശ്യമായിരുന്നു.ഇപ്പോൾ,ആ കണ്ടുപിടുത്തങ്ങളുടെ നിഴലിൽ,അടിച്ചേല്പ്പിക്കപ്പെടുന്ന, അഥവാ, കുട്ടികളിലേക്ക് കുത്തിനിറയ്ക്കപ്പെടുന്ന അറിവിന്റെ കാപ്സ്യൂളുകൾ അവരെ മുൻ തലമുറയെപ്പോലെ സ്വതന്ത്രമായി ചിന്തിയ്ക്കാൻ പ്രേരിപ്പിക്കുന്നില്ല...!! ഉള്ളിലിരുന്ന് ആരോ പറഞ്ഞു..‘ഒന്നാലോചിച്ചാൽ സംഭവം ശരിയാണ്..ഒരുതരം  ബൗദ്ധിക അടിമത്തം...മനുഷ്യനിർമ്മിത യന്ത്രങ്ങളാൽ നിയന്ത്രിക്കപ്പെടുന്ന ഒരു യന്ത്രം..അതാണ് ഇന്നത്തെ മനുഷ്യർ, എന്ന തിരിച്ചറിവ്...!!
        പുതിയ കണ്ടുപിടിത്തങ്ങളും  കണ്ടെത്തലുകളും  ജീവിതത്തിന്റെ ഓരോ നിമിഷത്തേയും സ്വാധീനിക്കുന്നുണ്ട്..നമ്മുടെ പരിഷ്കാരത്തിലും സംസ്കാരത്തിലും ദൈനംദിനം മാറ്റങ്ങൾ സംഭവിക്കുന്നുമുണ്ട്...അത്തരമൊരു മാറ്റമാണ് ആധുനിക വാർത്താവിനിമയ മേഖലയിൽ കാണുന്നത്.മനുഷ്യനുൾപ്പടെ പ്രകൃതിയിലെ എല്ലാ ജീവജാലങ്ങളും തങ്ങളുടെ മനോഭാവങ്ങളും വികാരങ്ങളുമെല്ലാം മറ്റൂള്ളവരിലേക്ക് എത്തിക്കുന്നതിനായി,ആംഗികമോ വാചികമോ ആയ മാധ്യമങ്ങൾ ഉപയോഗിക്കുന്നു. ഈ മാധ്യമങ്ങളിൽ കാലാനുസൃതമോ,അതിലും കൂടുതലോ ആയ മാറ്റങ്ങൾ നാം ഇന്നു കാണുന്നു.ഈ മാറ്റങ്ങൾ,നമ്മുടെ വ്യക്തിജീവിതത്തേയും  സാമൂഹിക ജീവിതത്തേയും എത്രത്തോളം സ്വാധീനിച്ചിട്ടുണ്ട് എന്ന ഒരു ചിന്തയാണ് ഇവിടെ പങ്കിടുന്നത്.
       നവ മാധ്യമങ്ങളും ടെലിവിഷൻ ചാനലുകളൂം,ജീവിതത്തിന്റെ  ഓരോ നിമിഷത്തേയും ക്യാൻസർ പോലെ ആക്രമിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് പുതിയ തലമുറ കടന്നു പോവുന്നത്.അത്യന്താധുനികമായ ദൃശ്യാനുഭവവും ശബ്ദപ്രപഞ്ചവും ഒരു പുതിയ തലത്തിലേക്ക് നമ്മുടെ ഇന്ദ്രിയങ്ങളെ കൂട്ടിക്കൊണ്ടുപോവുന്നു.ആ സുഖത്തിൽ നമ്മൾ എല്ലാം മറക്കുന്നു...സ്വയം മറക്കുന്നു...ഒപ്പം ജീവിയ്ക്കാനും...!!! ഒരുകാലത്ത്  ഒരുപാട് കാത്തിരുപ്പിന് പാത്രീഭവിച്ചിരുന്ന അഞ്ചലോട്ടക്കാരനും,പോസ്റ്റ്മാനും,അവർക്കൊപ്പം നെടുവീപ്പായി,സ്വപ്നമായി,പ്രതീക്ഷയായി,പ്രണയമായി,വിരഹമായി,വേർപാടായി അവരുടെ കൈക്കുമ്പിളിലും കക്ഷത്തും ശ്വാസം പിടിച്ചിരുന്ന കത്തുകളും,ടെലിഗ്രാമും എല്ലാം ഓർമ്മപുസ്തകത്തിന്റെ പഴയ താളുകളായി മാറി..!! പക്ഷെ, അലക്സാണ്ടർ ഗ്രഹാംബെൽ വിതച്ച വിത്ത്,ആകാശത്തിനും മേലെ വളർന്ന് തരംഗങ്ങളായി നമ്മുടെ കൈക്കുമ്പിലേക്ക് ഇറങ്ങിവന്നു...!! ഒപ്പം മുഖങ്ങൾ നഷ്ടപ്പെടാനും തുടങ്ങി..അതുവരേയും മുഖാമുഖം നോക്കി,കണ്ണുകളിലൂടെ  ആത്മാവുള്ള വക്കുകൾ പറഞ്ഞവർക്ക്,കാണാപ്പുറത്തിരുന്ന്,കണ്ണിലൊന്ന് ഒളിപ്പിച്ച്,ആത്മാവില്ലാത്ത,ആത്മാർത്ഥതയില്ലാത്ത ജല്പ്പനങ്ങൾ ചെയ്യാമെന്നായി...!!ദിവസങ്ങളുടെ ആയുസ്സുണ്ടായിരുന്ന വാർത്തകളും വിശേഷങ്ങളും എത്ര പെട്ടന്നാണ് നിമിഷജീവികളായത്..??
         
         ഇത്രയും പറഞ്ഞപ്പോൾ,ആധുനിക സാങ്കേതിക വിദ്യകളെ ആക്ഷേപിക്കുന്ന ഒരു പിന്തിരുപ്പനായി കാണരുത്..തൊഴിൽ പരമായും അല്ലാതേയും ഈ മാറ്റങ്ങളിലൂടെ സഞ്ചരിക്കുന്ന,അതിന്റെ എല്ലാ സുഖങ്ങളും അനുഭവിക്കുന്ന ഒരാളാണ് ഞാനും..!!എങ്കിലും ചില നേർക്കാഴ്ച്ചകൾ വേദനിപ്പിക്കുന്നു.. നമ്മുടെ സന്ധ്യകളിലെ ഒരുമയും പെരുമയുമെല്ലാം സീരിയലുകളും വാർത്താ വിശകലനങ്ങളും  കടത്തിക്കൊണ്ടുപോയി... ഒരുമിച്ചുള്ള അത്താഴവും സ്നേഹം  പങ്കിടലും വിരളമായി...എല്ലാവരും  ഓരോ പൊത്തുകളിൽ,വർണ്ണപ്പെട്ടിയിലെ കാഴ്ച്ചയിലും വേഴ്ച്ചയിലും ഒതുങ്ങിക്കൂടുന്നു..!! ഏതു തിരക്കിലും,ഒരു ഇടവേള കിട്ടിയാൽ നമ്മുടെ തല കുനിയുകയാണ്...കൈയ്യിലെ “സ്മാർട് ഫോണിന്റെ വർണ്ണാഭയിലേക്ക്...ലോകത്തിന്റെ ഏതൊക്കൊയോ കോണുകളിൽ നിന്നും ‘വലയിലേക്ക് വീണ സൗഹൃദങ്ങളുടെ ഓരോ നിമിഷത്തേയും നഷ്ടപ്പെടാതെ  അറിയാൻ...ഒപ്പം സ്വയം അറിയിക്കാൻ...!! ഓഫീസിൽ പോയാൽ കുനിഞ്ഞിരിക്കുന്ന തലകൾ..!! ആശുപത്രിയിൽ ഡോക്റ്ററെ കാണാനായി കുനിഞ്ഞിരിക്കുന്ന തലകൾ..!  എവിടെ തിരിഞ്ഞു നോക്കിയാലും അവിടെല്ലാം കുനിഞ്ഞ തലകൾ എന്നു തിരുത്തേണ്ട അവസ്ഥയായി..!! ജീവിതത്തിന്റെ ഓരോ നിമിഷത്തിന്റേയും ‘അപ്ഡേറ്റുകൾ....!! എന്തിനേറെ,സിഗ്നലിൽ ഒരു നിമിഷം വണ്ടി നിർത്തേണ്ടിവന്നാൽ,ആ നിമിഷവും ‘ക്രീയാത്മകമായി ഉപയോഗിക്കുന്ന അപകടകരമായ അവസ്ഥയിലേക്ക് നമ്മുടെ ‘സ്മാർട്നസ് എത്തിയിട്ടുണ്ട്....!
      സ്മാർട് ഫോണുകളും നവ മാധ്യമങ്ങളും തീർക്കുന്ന ഒരു  ‘വിർച്വൽ ലോകത്തേക്ക്  അധിവേഗം കുടിയേറുന്ന തലമുറ,അതിലും വലിയ ആരോഗ്യപൃശ്നങ്ങളേയും അഭിമുഖീകരിക്കേണ്ടിവരുന്നു..ഒരുപാട് സമയം തല കുമ്പിട്ടിരിക്കുന്നത്  “സ്പൊണ്ടിലോസിസ് പൊലുള്ള  അസുഖങ്ങൾക്ക് കാരണമാവുന്നു..ഒപ്പം കാഴ്ച്ചയേയും ചിന്തയേയുമെല്ലാം ഈ  ‘വിർച്വൽ ലോകം  നിയന്ത്രിക്കുന്ന അവസ്ഥയിലേക്ക് എത്തുന്നു..ഈയിടെ നടത്തിയ ഒരു സർവ്വേയിൽ പത്തു വയസ്സിനും പത്തൊൻപത് വയസ്സിനും ഇടയിൽ പ്രായമുള്ളവരിൽ  തൊണ്ണൂറു ശതമാനത്തോളം പേർ ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിലുള്ള നവ മാധ്യമ ശൃംഗലയിൽ കണ്ണികളാണ്..മുതിർന്നവരും ഒട്ടും പിന്നിലല്ല...!!എന്തിനേറെ,സ്കൂളുകളിൽ അധ്യാപകർ പോലും പഠനവിവരങ്ങളും നോട്സുമെല്ലാം ഫേസ് ബുക്ക് പോലുള്ള നവമാധ്യമങ്ങൾ വഴിയാണ് കുട്ടികളിൽ എത്തിക്കുന്നത്...!!സ്വർണ്ണത്തിനു തുരുമ്പ് പിടിച്ചാൽ,ഇരുമ്പിനെ പഴിയ്ക്കാൻ എന്താണ് അർഹത...??
       മുഖമില്ലാതെ, മുഖം മൂടി ഇട്ട ഒരു ആശയവിനിമയത്തിനും ,പലരേയും ഒഴിവാക്കാനും,സ്വയം ഒഴിവാകാനുമെല്ലാം ഇന്നത്തെ മാധ്യമങ്ങളും യന്ത്രങ്ങളും സഹായിക്കുന്നു..!!  ‘ചാറ്റ് കോർണറിലെ പച്ച നിറം  നോക്കി ഓരാൾ ജീവിച്ചിരിപ്പുണ്ടോ ഇല്ലായോ എന്ന് ഉറപ്പിക്കുന്ന കാലം വിദൂരമല്ല...!!    എല്ല്ലാ കണ്ടെത്തലുകളിലൂടേയും ഉണ്ടാവുന്ന സാമൂഹിക മാറ്റങ്ങളെ   സ്വാഗതം ചെയ്യുന്നതോടൊപ്പം അവ ഉണ്ടാക്കുന്ന ദൂരവ്യാപകമായ പാർശ്വ ഫലങ്ങളേക്കുറിച്ചും നമ്മൾ ബോധവാന്മാരാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു...ലോട്ടൊ ഫാജി ദ്വീപിലെ ലഹരിബാധിച്ചവരെപ്പോലെ ജീവിക്കാനുള്ള  ജനതയായി ഒരു തലമുറ  മാറാതിരിയ്ക്കാൻ...!!
(ക്ഷമിക്കണം.. ചില “അപ്ഡേറ്റുകൾ നോക്കാനുള്ളതുകൊണ്ട് തത്ക്കാലം നിർത്തുന്നു...!!!)
----------ഉണ്ണി മടവൂർ-----------------------------------------------------------------------

   


 
  








അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ