2012 ജനുവരി 17, ചൊവ്വാഴ്ച

ഒരു റിപ്പബ്ലിക്‌ ചിന്ത


  ഒരു റിപ്പബ്ലിക് ചിന്ത...
     ------------------------------------

    ലോകം മാറ്റത്തിന്റെ പാതയിലാണ്.ഇന്നലെവരേയും ഉണ്ടായിരുന്ന ലോകക്രമവും വ്യവസ്ഥിതികളും   ഇന്നു മാറ്റത്തിന് വിധേയമാവുന്നു.നാളെ അത് മറ്റൊരു പരിവർത്തനത്തിന് പാത്രമാവുന്നു.ഇതൊരു നിഴൽനാടകം പോലെ,ചക്രം പോലെ തുടരുന്നു..
     2011 കടന്നുപോയത് മാറുന്ന ലോകഭൂപടത്തിന്റെ പുതിയ ചരിത്രം കുറിച്ചുകൊണ്ടാണ്. സാമാന്യജനത്തിന് ഭരണവ്യവസ്ഥകളൊടും,അതു കൈയ്യാളുന്നവരോടുമുള്ള ഈർഷ്യയും വിദ്വേഷവും  സുനാമിത്തിരമാലകളായി ആഞ്ഞടിച്ച്,അധികാരസ്ഥാനങ്ങൾ ഒലിച്ചുപോയ കാഴ്ച്ച നമ്മൾ കണ്ടു.പണ്ട്, ചെക്കൊസ്ലോവാക്ക്യയിലെ വിപ്ളവത്തെ “പ്രാഗ്” വസന്തമെന്നു വാഴ്ത്തിയ ബൗദ്ധികസമൂഹവും മാധ്യമങ്ങളും,ഇതിന്   “മുല്ലപ്പൂവ്” വിപ്ലവമെന്നും അറബ് വസന്തമെന്നുമൊക്കെ വിളിപ്പേരുകളിട്ടു. ഇവിടങ്ങളിലൊന്നും,വയലാർ  പാടിയതുപോലെ,സാംസ്കാരിക അശ്വമേധത്തിന്റെ കുതിരക്കുളമ്പടികളല്ല നമ്മൾ കേട്ടത്. മറിച്ച്,സ്വാതന്ത്ര്യമാണ്‌ ജീവനും അമൃതും എന്നുള്ള ചിന്തയാണ്‌.. ആംഗലേയ കവി പി.ബി.ഷെല്ലി പാടിയതു പോലെ,സ്വാതന്ത്ര്യബോധത്തിന്റെ വിത്തുകൾ ശിശീരത്തിന്റെ കരിയിലപ്പുതപ്പിനുള്ളിൽ മയങ്ങിക്കിടന്ന്,ഒടുവിൽ അനിവാര്യമായ ഘട്ടത്തിൽ മുളപൊട്ടി ഒരു വസന്തമായി മാറുകയായിരുന്നു. ഒരുവേള സാമൂഹിക സുരക്ഷയില്ലായ്മയും രാഷ്ട്രീയ അരക്ഷിതത്വവും നിലനില്ക്കുന്നുവെങ്കിലും,മുറിപ്പാടുകളിൽനിന്നും ചോര    പൊടിയുന്നുവെങ്കിലും,ഒരു ജനത സ്വാതത്ര്യം എന്ന വാക്കിന്റെ അർത്ഥമറിയാൻ തുടങ്ങിയിരിക്കുന്നു..!

     കഴിഞ്ഞ അറുപത്തിരണ്ട് വർഷത്തോളമായി,ജനാധിപത്യപരമാധികാര റിപ്പബ്ലിക്കായ നമ്മുടെ        മാതൃരാജ്യം സ്വാതന്ത്ര്യം എന്ന വാക്കിന് പുതിയ അർത്ഥങ്ങൾ രചിക്കുകയാണോ എന്നു സംശയിച്ചുപോകുന്നു.1947 ആഗസ്ത് 15ന് സ്വതന്ത്രയായിട്ടും,പിന്നീട് 894 ദിവസങ്ങൾകൂടി വേണ്ടിവന്നു,ഭാരതത്തിന് ഒരു   സ്വതന്ത്രപരമാധികാര ജനാധിപത്യ റിപ്പബ്ലിക്കാവാൻ. അതുവരേയും 1935 ലെ ബ്രിട്ടന്റെ ‘കൊളോണിയൽ ഗവേന്മെന്റ് ഓഫ് ഇന്ത്യ ആക്റ്റ്’ പ്രകാരം  ജോർജ് ആറാമന്റെ നിഴലിൽതന്നെയായിരുന്നു നമ്മൾ.1950 ജനുവരി 26 ന്, ഭാരതത്തെ ഒരു സ്വന്തമായ ഭരണഘടനയുള്ള റിപ്പബ്ലിക്കായി മാറ്റുമ്പോൾ,നമ്മുടെ      രാഷ്ട്രശില്പ്പികൾക്കും ഭരണാധിപന്മാർക്കും ഒരു സ്വപ്നമുണ്ടായിരുന്നു..രാമരാജ്യം സ്വപനംകണ്ട രാഷ്ട്രപിതാവിന്റെ   പാതയിലൂടെ മുന്നോട്ടുള്ള യാത്ര. ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളീലാണെന്നും അതിനെ    ഉണർത്തേണ്ടതും ഉയർത്തേണ്ടതും നാടിന്റെ ആവശ്യമാണെന്നുമുള്ള നേരറിവ്..!നമ്മുടെ രാഷ്ട്രശില്പ്പികൾ,ലോകത്തിലെ ഏറ്റവും നീളംകൂടിയ ഭരണഘടനയുടെ ശില്പ്പികൾ,സ്വപ്നംകണ്ട പുരോഗതിയും രാഷ്ട്രനിർമ്മാണവും എത്രത്തോളം ഫലപ്രദമായെന്ന് തിരിഞ്ഞുനോക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

    ഭാരതം പോലെ പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഒരു രാജ്യത്തിന്  അറുപത്തിരണ്ട് വർഷങ്ങൾ വളരെ  കൂടുതലാണ്. രണ്ടാംലോകമഹായുദ്ധം നാശം വിതച്ച ജപ്പാൻ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തികശക്തികളിൽ ഒന്നായി കഴിഞ്ഞു.സുനാമിത്തിരമാലകളിൽനിന്നും തലയുയർത്തിത്തുടങ്ങി.അപ്പോഴും നമ്മൾ ദിശാബോധമില്ലാത്ത,അഥവാ രാഷ്ട്രീയബന്ധനം മുറുകിയ ഭരണകൂടങ്ങൾക്കൊപ്പം ഇഴഞ്ഞു നീങ്ങുന്നു..! അഴിമതിയും സ്വജനപക്ഷപാതവും ഇല്ലാത്ത രാജ്യങ്ങൾ ചുരുക്കമാണ്.എങ്കിലും പൊതുസ്വത്ത് കൊള്ളയടിച്ചിട്ട് നിയമത്തെ വെല്ലുവിളിച്ച് ജനങ്ങളെ നിസ്സാരന്മാരായികണ്ട്,അധികാരക്കൊതിയിൽ തിമിർക്കുന്ന ഒരു രാഷ്ട്രീയ സംസ്കാരം മറ്റൊരിടത്തും ഉണ്ടെന്നു കരുതുന്നില്ല.അഴിമതിയിൽ വെട്ടിച്ച കോടികളേക്കാൾ തുക അതു തെളിയിക്കൻ ചെലവഴിക്കുന്ന ഒരു നിയമവ്യവസ്ഥിതിയിൽ,ഒരു അണ്ണാ ഹസാരേക്കോ ഗോപീകൃഷണനോ ഒന്നും ചെയ്യാൻ ആവുന്നില്ല എന്നതാണ് ദയനീയം..!
   
    ഭരണഘടന അനുശാസിക്കുന്ന സ്വാതന്ത്ര്യം,സ്വജനപക്ഷപാതമായും അതിരുകടന്ന    മാധ്യമസ്വാതന്ത്ര്യമായും രാഷ്ട്രീയ വ്യക്തിപൂജകളായും മാറുകയാണ്.ആദ്യം  രാജ്യബോധവും പിന്നീട് വ്യക്തിയും എന്ന തലത്തിൽനിന്ന്,ആദ്യം സ്വന്തം കാര്യം.. പിന്നീട് മതി ദേശസ്നേഹം എന്ന സങ്കുചിതമായ അവസ്ഥയിലേക്ക് നമ്മുടെ രാഷ്ട്രീയ സംസ്കാരം അധ്:പതിച്ചുപോയി..!രാജപരമ്പരകളുടെ പിന്തുടർച്ചപോലെ,  രാഷ്ട്രീയവും ജന്മാവകാശമായി..വംശപരമ്പരയായി..! സ്വാതന്ത്ര്യം ജന്മാവകാശമാണ് എന്നത് മാറ്റി ‘മന്ത്രിപദം   എന്റെ ജന്മാവകാശമാണെന്നു പറയുന്ന സ്ഥിതിയിലേക്കണ് നമ്മൾ യാത്ര ചെയ്യുന്നത്...! ആദർശവിഗ്രഹങ്ങളായി കണ്ടതൊക്കെയും പൊയ്മുഖങ്ങളാണെന്നുള്ള തിരിച്ചറിവ് ഒരു തരം രാഷ്ട്രീയ നിസ്സംഗതയിലേക്കാണ് ജനത്തെ നയിക്കുന്നത്..എന്നിട്ടും ഇന്ത്യ വളരുകയാണ്..!!
   
 “നിഴൾ ചുള്ളിയൂന്നി ചരിത്രത്തിലെങ്ങോ നടക്കുന്ന” മഹാത്മാവിനെപോലെ ’എന്റെ ജീവിതമാണ് എന്റെ    സന്ദേശം‘ എന്നു പറയാൻ ആർജവമുള്ള ഒരു നേതൃത്വം ഉണ്ടാവും എന്ന സ്വപ്നവുമായി നമ്മുക്ക് ഈ   റിപബ്ലിക്ക് ദിനം ആഘോഷിക്കാം....

---------------ഉണ്ണി മടവൂർ---------------------------

2 അഭിപ്രായങ്ങൾ:

  1. ഉണ്ണിയേട്ടാ,
    തികച്ചും പ്രസക്തമായ ചിന്തകള്‍ ഉള്‍ക്കൊള്ളിച്ച മനോഹരമായ രചനയായി ഈ പോസ്റ്റിനെ കാണുന്നു.
    "സ്വാതന്ത്ര്യം ജന്മാവകാശമാണ് എന്നത് മാറ്റി ‘മന്ത്രിപദം എന്റെ ജന്മാവകാശമാണെന്നു പറയുന്ന സ്ഥിതിയിലേക്കണ് നമ്മൾ യാത്ര ചെയ്യുന്നത്...!"
    ഈ വരികള്‍ തീര്‍ച്ചയായും നമ്മുടെ ജീര്‍ണിച്ച രാഷ്ട്രീയാവസ്ഥയെ നന്നായി മുറിവേല്‍പ്പിക്കുന്നുണ്ട്.
    കൂടുതല്‍ എഴുതുക.
    പോസ്റ്റ്‌ ഇടുമ്പോള്‍ മെയില്‍ അയച്ചാല്‍ നല്ലത്
    ആശംസകള്‍.
    ഇത് കൂടി ഒന്ന് നോക്കൂ...

    മറുപടിഇല്ലാതാക്കൂ
  2. നല്ല ചിന്തകള്‍
    ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളില്‍ തന്നെ .....
    ഇനിയും എഴുതൂ
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ